Thursday, September 20, 2007

ആണവ കരാറും ഇറാന്‍ ബന്ധവും

ഇറാനുമായുള്ള സൈനിക ബന്ധങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്ന് "ദക്ഷിണേഷ്യയുടെ ചുമതലക്കാരനായ" അമേരിക്കന്‍ സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നു.

മറ്റു രാജ്യങ്ങളുമായുള്ള സൈനികമോ സൈനികേതരമോ ആയ ഇന്ത്യന്‍ സഹകരണത്തെ ഇതിനു മുന്‍പ് അമേരിക്ക ചോദ്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല. അതെന്തുതന്നെയായാലും, ഇത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമായേ കാണാനാവൂ. ബന്ധം തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ബൗച്ചര്‍ പറഞ്ഞിട്ടില്ല എന്നാണറിയുന്നത്.

ഇന്ത്യക്ക് ആ രാജ്യവുമായി സൗഹൃദ ബന്ധമാണുള്ളതെന്നും, ഇതു തുടരുമെന്നും ഈ സൗഹൃദം മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നുമായിരുന്നു പ്രതിരോധമന്ത്രി ഏ കെ ആന്റണിയുടെ മറുപടി.

അമേരിക്കയും സഖ്യരാജ്യങ്ങളും, അമേരിക്ക നയിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ കമ്മീഷനും ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ഉപരോധങ്ങളും ഭീക്ഷണികളും വഴി ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇതെന്നോര്‍ക്കണം.

ഇന്ത്യയോട് അമേരിക്ക ഇത്തരമൊരാവശ്യം ഇതിനു മുന്‍പ് ഉന്നയിച്ചിട്ടില്ലെങ്കില്‍, അതിനു കാരണം കാലങ്ങളായി നാം പിന്തുടരുന്ന വിദേശനയവും, ചേരിചേരായ്മയും ആയിരിക്കണം.

ഇന്ത്യാ അമേരിക്ക ആണവ കരാര്‍ വഴി ഇന്ത്യയും അമേരിക്കന്‍ പാളയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇനി ഇന്ത്യയുടെ പഴയ വിദേശ നയങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം കല്പിക്കേണ്ട കാര്യമില്ല എന്ന് അമേരിക്കക്കു തോന്നിക്കാണണം.

ഇതു മാത്രമല്ല, രണ്ടു വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി അതുവരെയുള്ള വിദേശനയം അമേരിക്കക്ക് അടിയറ വെച്ച് ഇന്ത്യ ഇറാനെതിരായി വോട്ട് രേഖപ്പെടുത്തി. ഇറാനുമായി കാലങ്ങളായി തുടരുന്ന സാംസ്കാരിക, സാമ്പത്തിക, ഊര്‍ജ്ജ മേഖലകളിലെ സഹകരണം മറന്നായിരുന്നു, മന്മോഹന്‍ സിംഗ് അമേരിക്കന്‍ പാര്‍ട്ണറാവാന്‍ വേണ്ടിയുള്ള ഇത്തരമൊരു നീക്കം നടത്തിയത്. ഹിന്ദുവില്‍ ഇതെക്കുറിച്ച് വന്ന എഡിറ്റോറിയല്‍ ഇവിടെ

ആണവകരാറിനെക്കുറിച്ച് എത്രയും വേഗം അന്തിമതീരുമാനമെടുക്കാന്‍ അമേരിക്ക ഇന്ത്യയുടെ മേല്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കരാര്‍ ഒപ്പിട്ടാല്‍ നാം ഏതൊക്കെ രാജ്യങ്ങളുമായി സഹകരിക്കണമെന്നും ആരൊക്കെയായി സൈനിക ബന്ധങ്ങളിലേര്‍പ്പെടണമെന്നും അമേരിക്ക തീരുമാനിക്കും. എന്തിനും ഏതിനും, ഇപ്പോള്‍ ഇറാനില്‍ ചെയ്യുന്നതുപോലെ "ആണ്വായുധത്തിനു വേണ്ടിയുള്ളത്" എന്നൊരു ലേബലിട്ടാല്‍ മതിയാകും, നമ്മുടെ താല്പര്യങ്ങള്‍ക്കും പരമാധികാരത്തിനും മേല്‍ കടന്നുകയറാന്‍.

ഇപ്പോള്‍ അമേരിക്ക നല്‍കിയിരിക്കുന്നത് ഒരു സൂചന മാത്രമാണ്. വരാനിരിക്കുന്ന പലതിലേക്കുമുള്ള ഒരു വിരല്‍ ചൂണ്ടല്‍. ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, ആണവ കരാറില്‍ നിന്ന് പിന്മാറാനായാല്‍, വരും തലമുറകളെ വീണ്ടുമൊരു അടിമത്തത്തില്‍നിന്നും രക്ഷിക്കാനായേക്കും.

3 comments:

ജിം said...

ഇപ്പോള്‍ അമേരിക്ക നല്‍കിയിരിക്കുന്നത് ഒരു സൂചന മാത്രമാണ്. വരാനിരിക്കുന്ന പലതിലേക്കുമുള്ള ഒരു വിരല്‍ ചൂണ്ടല്‍. ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, ആണവ കരാറില്‍ നിന്ന് പിന്മാറാനായാല്‍, വരും തലമുറകളെ വീണ്ടുമൊരു അടിമത്തത്തില്‍നിന്നും രക്ഷിക്കാനായേക്കും.

മൂര്‍ത്തി said...

കരാറില്‍ അപകടം ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചാല്‍ ചാരനെന്നു മുദ്രകുത്തപ്പെടുന്ന കാലമാണിത്...

myexperimentsandme said...

ഹിന്ദു ആണവ കരാറിനെ ആദ്യം അനുകൂലിച്ചും പിന്നെ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികൂലിച്ചും എഡിറ്റോറിയല്‍ എഴുതിയെന്നും പിന്നെ ആ രണ്ട് എഡിറ്റോറിയലുകളും ഒന്നാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു എന്നും മനോരമയിലെ കഥക്കൂട്ടില്‍ തോമസ് ജേക്കബ്ബ് എഴുതിയിരുന്നു.

ഹിന്ദുവിനെ പരാമര്‍ശിക്കുമ്പോള്‍ ഹിന്ദുവിന്റെ ചായ്‌വും കൂടി കണക്കിലെടുക്കുന്നത് നന്നായിരിക്കും.

അമേരിക്ക പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. ഇന്ത്യ തീരുമാനങ്ങളില്‍ സ്വതന്ത്രയാണോ എന്ന് നോക്കിയാല്‍ മതി.