Sunday, September 30, 2007

20 ട്വന്റി ജയവും ഗുജറാത്ത് രാഷ്ട്രീയവും

ആദ്യ 20 ട്വന്റി ലോകകപ്പ് വിജയത്തിന് എല്ലാ സ്റ്റേറ്റ് ഗവണ്മെന്റുകളും തങ്ങളുടെ താരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളം ശ്രീശാന്തിന് 5 ലക്ഷം പ്രഖ്യാപിച്ചപ്പോള്‍, ഹരിയാന ജോഗിന്ദര്‍ ശര്‍മ്മക്ക് കൊടുത്തതാവട്ടെ 20 ലക്ഷം. വ്യക്തികളുടേയും സഹാറ പരിവാര്‍ പോലെയുള്ള ഗ്രൂപ്പുകളുടെ വക സമ്മാനങ്ങള്‍ വേറെയും. സമ്മാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഗവണ്മെന്റുകള്‍ മത്സരിക്കുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഇതിനുദാഹരണമാണ് കേരളം റോബിന്‍ ഉത്തപ്പക്കു നല്‍കിയ 3 ലക്ഷം. ഉത്തപ്പയുടെ അമ്മ മലയാളിയാണ് എന്നതായിരുന്നു കാരണം.

ഈ പ്രഖ്യാപനങ്ങളൊക്കെ വരുമ്പോഴും മൗനം പാലിക്കുകയായിരുന്നു ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍. ഗുജറാത്ത് സര്‍ക്കാര്‍ പതാന്‍ സഹോദരന്മാരെ അവഗണിക്കുന്നതിനെതിരെ പലരും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വവും ഇതിനെതിരെ രംഗത്തെത്തി. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയ ഇര്‍ഫാനേയും സഹോദരന്‍ യൂസഫിനേയും അവഗണിക്കുകവഴി നരേന്ദ്ര മോഡി തന്റെ തനി സ്വഭാവം കാണിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ്സ് പ്രചാരണം.

ഇതിനിടെയാണ് ഫൈനലില്‍ തോറ്റ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷോയബ് മാലികിന്റെ വിവാദ പ്രസ്ഥാവന. തോറ്റതിന് പാകിസ്ഥാന്‍ ജനതയും ലോകത്തിലെ മുസ്ലിം സമുദായവും തനിക്ക് മാപ്പ് നല്‍കണമെന്നായിരുന്നു അവാര്‍ഡ് സെറിമണിക്കിടയില്‍ മാലിക് പറഞ്ഞത്.

ഇതിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും BJP യുടെ ഭാഗത്തുനിന്ന് വിവാദ പരാമര്‍ശങ്ങളൊന്നും ഉണ്ടായിക്കണ്ടില്ല. VHP യും RSS ഉം ബജ്റംഗ് ദളും നടത്തിയ വിക്ടറി മാര്‍ച്ചിനിടെ ഉണ്ടായ അക്രമണങ്ങളില്‍ ചിലര്‍ക്ക് പരിക്കു പറ്റി. BJP യുടെ മൗനം വാചാലമായത് ഇര്‍ഫാന്‍ പതാന്റെ അമ്മ ഷമിം ബാനു ഇതിനോട് പ്രതികരിച്ചപ്പോഴാണ്. മാലിക്ക് ലോകത്തിലെ എല്ലാ മുസ്ലിങ്ങളുടെയും വക്താവാകേണ്ടെന്നും, തന്റെ മക്കള്‍ ഇന്ത്യക്കു വേണ്ടി കളിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ഷമിം ബാനുവിന്റെ ഈ വാക്കുകള്‍ കേട്ടയുടനെ നരേന്ദ്ര മോഡി അവരെ അനുമോദിച്ചുകൊണ്ട് പ്രസ്ഥാവനയിറക്കി. മാലിക്കിന്റെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ച ബാനു തികച്ചും അഭിനന്ദനീയാര്‍ഹയാണെന്ന് മോഡി വിലയിരുത്തി. ഇതോടൊപ്പം 5 ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ വകയായി പതാന്‍ സഹോദരന്മാര്‍ക്ക് 5 ലക്ഷം രൂപ വീതം സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.

പതാന്‍ സഹോദരന്മാരോടുള്ള അവഗണനക്കെതിരെ രംഗത്തെത്തി കോണ്‍ഗ്രസ്സും, ഷമിം ബാനുവിനെ അഭിനന്ദിച്ച് മോഡിയും രാഷ്ട്രീയമായ മുതലെടുപ്പാണ് നടത്തിയത്. ചുരുക്കത്തില്‍, വര്‍ഗ്ഗീയതയും അതു മുതലെടുക്കുന്ന രാഷ്ട്രീയ നേതൃത്വവും, രാജ്യമൊറ്റക്കെട്ടായി ആഘോഷിക്കുന്ന ഈ വിജയത്തിലും കല്ലുകടിയാവുന്നു.

Tuesday, September 25, 2007

ഔട്ട്സോഴ്സിംഗിന്റെ പുതിയ മുഖം

ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്ന ഐ ടി മേഖലയിലേതടക്കമുള്ള ജോലികള്‍ ബ്രസീല്‍, ചിലി, ചെക്ക് റിപ്പബ്ലിക്ക്, തായ് ലന്റ്, ഉറുഗ്വേ, ചൈന മുതലായ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും ഔട്ട്സോഴ്സ് ചെയ്യുന്നു.

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഔട്ട്സോഴ്സിംഗിന്റെ ഈ പുതിയ ട്രെന്റിനെക്കുറിച്ച് പറയുന്നത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. വാര്‍ത്ത ഇവിടെ

ഇന്ത്യയിലെ കൂടിയ ശമ്പളനിരക്കും, രൂപയുടെ മൂല്യ വര്‍ദ്ധനവും, സാമ്പത്തിക വളര്‍ച്ചയും, ചൈനയും മെക്സിക്കോയും പോലെയുള്ള രാജ്യങ്ങളുമായി ഔട്ട്സോഴ്സിംഗ് മേഖലയില്‍ ഇപ്പോഴുള്ള മത്സരവുമാണത്രേ ഇന്ത്യന്‍ കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇതിനായി മറ്റു വികസ്വര രാജ്യങ്ങളിലും, അമേരിക്കയിലെയും യൂറോപ്പിലെയും താരതമ്യേന ചെലവുകുറഞ്ഞ സ്ഥലങ്ങളിലും ഓഫീസുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണെന്ന് പത്രം പറയുന്നു. ഇതില്‍ പ്രമുഖര്‍ ഐ ടി ഭീമന്മാരായ ഇന്‍ഫോസിസും, വിപ്രോയും, ടി സി എസ്സും ഒക്കെയാണ്. ഇപ്പോള്‍ തീരെ ചെറിയ തോതിലാണെങ്കിലും, ഈ ട്രെന്റ് വളരുകതന്നെയാണെന്ന് പത്രം വിലയിരുത്തുന്നു.

ഇതിനായി മൈസൂറിലെ ഇന്‍ഫോസിസ് കാമ്പസില്‍ പ്രോഗ്രാമിംഗ് പോലെയുള്ള മേഖലകളില്‍ പ്രാവീണ്യം നേടാനെത്തുന്നവരില്‍ അമേരിക്കക്കാരടക്കമുള്ള വിദേശികള്‍ ധാരാളമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

ചുരുക്കത്തില്‍, ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്തുവരുന്ന ജോലികള്‍ ഇതിലും ചെലവുകുറഞ്ഞ ലോകത്തിന്റെ മറ്റു കോണുകളിലേക്ക് വീണ്ടും ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചക്ക് ഇങ്ങനെയും ഒരു മറുവശമുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് ചിന്തിക്കുന്നത്.

Sunday, September 23, 2007

വനിതാ കമ്മീഷനംഗത്തിനെതിരെ പരാതിയുമായി കൊച്ചുമകള്‍

കേരള വനിതാ കമ്മീഷനിനംഗമായ ടി ദേവിയെക്കുറിച്ചാണ് പരാതി. പരാതിക്കാരി മറ്റാരുമല്ല, കൊച്ചുമകള്‍ സജന തന്നെ. അമ്മൂമ്മയായ ദേവിയും അമ്മ പ്രഭയും ചേര്‍ന്ന് ക്യാന്‍സര്‍ രോഗിയായ, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തന്റെ അച്ഛനായ ജയരാജനെയും തന്നെയും പീഢിപ്പിക്കുകയും, സ്വത്തുവകകളിലുള്ള അവകാശം നിഷേധിക്കുകയുമാണ് എന്നാണ് പരാതി.

ഇതിനു മുന്‍പ് പ്രഭ എന്ന ജയരാജന്റെ ഭാര്യ, അഥവാ ടി ദേവിയുടെ മകള്‍, തന്റെ ഭര്‍ത്താവിനെ മറ്റൊരു മകളായ സുധയും സഹോദരനായ മുരളിയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് കോഴിക്കോട് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാമാണ് മകള്‍ക്കൊപ്പം വന്നതെന്നും ജയരാജന്‍ അറിയിച്ചത്രേ.

ഇതൊക്കെ കൂട്ടിവായിക്കുമ്പോഴും, പരാതി ഉയര്‍ന്നിരിക്കുന്നത് സ്വന്തം കുടുംബത്തില്‍നിന്നായതിനാലും, ഇവര്‍ക്കിടയില്‍ ഒരു സ്വത്ത് തര്‍ക്കം ശക്തമായി നിലനില്‍ക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍.

പരാതികളുടെ സത്യാവസ്ഥ മനസ്സിലാക്കി നടപടിയെടുക്കേണ്ടത് കോടതിയാണ്. അതല്ല ഇവിടെ വിഷയം.

സ്വന്തം വീട്ടിലെ സ്വത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത ശ്രീമതി ദേവി ഇപ്പോഴും വനിതാ കമ്മീഷനില്‍ പരാതികള്‍ കേള്‍ക്കുകയും, പരിഹാരം കണ്ടെത്തുകയും, വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്വന്തം കണ്ണിലെ തടിയെടുത്തുമാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്തുമാറ്റുകയാണ് ദേവി ഇപ്പോള്‍.

ഈ കഥയറിയുന്ന, വനിതാ കമ്മീഷനില്‍ പരാതിയുമായി വരുന്ന പാവപ്പെട്ട പരാതിക്കാര്‍, തങ്ങള്‍ക്ക് നീതിയുക്തമായ പരിഹാരം കാണാന്‍ ദേവിക്കു കഴിയുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികം.

മന്ത്രിമാരുടെ പേരില്‍ ആരോപണങ്ങള്‍ വരുമ്പോള്‍, ധാര്‍മ്മികതയുടെ പേരില്‍ അവര്‍ മാറിനിന്ന് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ശഠിക്കുന്നതുപോലെ, ഇക്കാര്യത്തില്‍ ഇങ്ങനെയൊരു ആവശ്യം ആരും ഉന്നയിച്ചതായി അറിയില്ല.

വനിതകളുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സമൂഹത്തിലെ സര്‍വ്വസമ്മതരായ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണെന്ന് കമ്മീഷന്റെ വെബ് സൈറ്റ് അവകാശപ്പെടുന്നു. ഇത്തരം വിശേഷണങ്ങള്‍ക്ക് തങ്ങള്‍ യോഗ്യരാണോ എന്ന് ഓരോ കമ്മീഷനംഗവും സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.

Thursday, September 20, 2007

ആണവ കരാറും ഇറാന്‍ ബന്ധവും

ഇറാനുമായുള്ള സൈനിക ബന്ധങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്ന് "ദക്ഷിണേഷ്യയുടെ ചുമതലക്കാരനായ" അമേരിക്കന്‍ സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നു.

മറ്റു രാജ്യങ്ങളുമായുള്ള സൈനികമോ സൈനികേതരമോ ആയ ഇന്ത്യന്‍ സഹകരണത്തെ ഇതിനു മുന്‍പ് അമേരിക്ക ചോദ്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല. അതെന്തുതന്നെയായാലും, ഇത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമായേ കാണാനാവൂ. ബന്ധം തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ബൗച്ചര്‍ പറഞ്ഞിട്ടില്ല എന്നാണറിയുന്നത്.

ഇന്ത്യക്ക് ആ രാജ്യവുമായി സൗഹൃദ ബന്ധമാണുള്ളതെന്നും, ഇതു തുടരുമെന്നും ഈ സൗഹൃദം മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നുമായിരുന്നു പ്രതിരോധമന്ത്രി ഏ കെ ആന്റണിയുടെ മറുപടി.

അമേരിക്കയും സഖ്യരാജ്യങ്ങളും, അമേരിക്ക നയിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ കമ്മീഷനും ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ഉപരോധങ്ങളും ഭീക്ഷണികളും വഴി ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇതെന്നോര്‍ക്കണം.

ഇന്ത്യയോട് അമേരിക്ക ഇത്തരമൊരാവശ്യം ഇതിനു മുന്‍പ് ഉന്നയിച്ചിട്ടില്ലെങ്കില്‍, അതിനു കാരണം കാലങ്ങളായി നാം പിന്തുടരുന്ന വിദേശനയവും, ചേരിചേരായ്മയും ആയിരിക്കണം.

ഇന്ത്യാ അമേരിക്ക ആണവ കരാര്‍ വഴി ഇന്ത്യയും അമേരിക്കന്‍ പാളയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇനി ഇന്ത്യയുടെ പഴയ വിദേശ നയങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം കല്പിക്കേണ്ട കാര്യമില്ല എന്ന് അമേരിക്കക്കു തോന്നിക്കാണണം.

ഇതു മാത്രമല്ല, രണ്ടു വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി അതുവരെയുള്ള വിദേശനയം അമേരിക്കക്ക് അടിയറ വെച്ച് ഇന്ത്യ ഇറാനെതിരായി വോട്ട് രേഖപ്പെടുത്തി. ഇറാനുമായി കാലങ്ങളായി തുടരുന്ന സാംസ്കാരിക, സാമ്പത്തിക, ഊര്‍ജ്ജ മേഖലകളിലെ സഹകരണം മറന്നായിരുന്നു, മന്മോഹന്‍ സിംഗ് അമേരിക്കന്‍ പാര്‍ട്ണറാവാന്‍ വേണ്ടിയുള്ള ഇത്തരമൊരു നീക്കം നടത്തിയത്. ഹിന്ദുവില്‍ ഇതെക്കുറിച്ച് വന്ന എഡിറ്റോറിയല്‍ ഇവിടെ

ആണവകരാറിനെക്കുറിച്ച് എത്രയും വേഗം അന്തിമതീരുമാനമെടുക്കാന്‍ അമേരിക്ക ഇന്ത്യയുടെ മേല്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കരാര്‍ ഒപ്പിട്ടാല്‍ നാം ഏതൊക്കെ രാജ്യങ്ങളുമായി സഹകരിക്കണമെന്നും ആരൊക്കെയായി സൈനിക ബന്ധങ്ങളിലേര്‍പ്പെടണമെന്നും അമേരിക്ക തീരുമാനിക്കും. എന്തിനും ഏതിനും, ഇപ്പോള്‍ ഇറാനില്‍ ചെയ്യുന്നതുപോലെ "ആണ്വായുധത്തിനു വേണ്ടിയുള്ളത്" എന്നൊരു ലേബലിട്ടാല്‍ മതിയാകും, നമ്മുടെ താല്പര്യങ്ങള്‍ക്കും പരമാധികാരത്തിനും മേല്‍ കടന്നുകയറാന്‍.

ഇപ്പോള്‍ അമേരിക്ക നല്‍കിയിരിക്കുന്നത് ഒരു സൂചന മാത്രമാണ്. വരാനിരിക്കുന്ന പലതിലേക്കുമുള്ള ഒരു വിരല്‍ ചൂണ്ടല്‍. ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, ആണവ കരാറില്‍ നിന്ന് പിന്മാറാനായാല്‍, വരും തലമുറകളെ വീണ്ടുമൊരു അടിമത്തത്തില്‍നിന്നും രക്ഷിക്കാനായേക്കും.

Friday, September 14, 2007

രാമ സേതുവും സേതു സമുദ്രം പ്രോജക്ടും

രാമേശ്വരത്തെ ധനുഷ്കോടി മുതല്‍ തലൈമാന്നാര്‍ വരെ ഏകദേശം 48 കിലോമീറ്റര്‍ നീളത്തില്‍, പാക് സ്റ്റ്റൈറ്റിനും ഗള്‍ഫ് ഓഫ് മാന്നാറിനും ഇടയില്‍ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ലൈംസ്റ്റോണ്‍ ശൃംഖലയാണ് ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന രാമ സേതു.

രാമരാവണ യുദ്ധത്തില്‍ വാനരസേന കടലില്‍ കല്ലിട്ട് പാലം നിര്‍മ്മിച്ചുവെന്നും അതുവഴി ലങ്കയിലെത്തി രാവണനുമായി യുദ്ധം ചെയ്ത് സീതാദേവിയെ മോചിപ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. നാസ പ്രസിദ്ധീകരിച്ച ചില സാറ്റലൈറ്റ് ചിത്രങ്ങളിലും ഈ ചെറുദ്വീപ് ശൃംഖല വ്യക്തമാണ്.
ഈ ഭാഗത്ത് സമുദ്രത്തിന് ആഴം മൂന്നു മുതല്‍ പത്തു മീറ്റര്‍ വരെ മാത്രമാണ്. ഇക്കാരണത്താല്‍ ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതം അസാദ്ധ്യമാണ്. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് കിഴക്ക് ഭാഗത്തേക്ക് കടല്‍ വഴിയുള്ള ചരക്കു ഗതാഗതം (ഉദാ: ബോംബെ, ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈ, വിശാഖപട്ടണം, കല്‍ക്കട്ട, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലേക്ക്) ശ്രീലങ്കയെ പ്രദക്ഷിണം വെച്ചു വേണം പോകേണ്ടത്. ഇത് ഏകദേശം 800 കിലോമീറ്ററിന്റെ അധിക ദൂരവും 30 മണിക്കൂറിന്റെ അധിക സമയവും അപഹരിക്കുന്നു.

ഇതിനൊരു പരിഹാരമായാണ് സേതു സമുദ്രം ഷിപ്പിംഗ് കനാല്‍ പ്രോജക്ട് [SCCP] കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനക്കു വന്നത്. രാമസേതു ഉള്‍പ്പെടുന്ന ഈ ഭാഗം ഏകദേശം 83 കിലോമീറ്റര്‍ ദൂരത്തില്‍ കുഴിച്ച് തടസ്സങ്ങള്‍ നീക്കി ഗതാഗതയോഗ്യമാക്കി പാക് കടലിടുക്കിനേയും മാന്നാര്‍ ഗള്‍ഫിനേയും ബന്ധിപ്പിക്കുന്നതാണ് പ്രോജക്ട്. ഇതുവഴി ഈ പ്രദേശത്ത് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടിരിക്കുന്നു. തമിഴ് നാട്ടിലെ തൂത്തുക്കുടിയെ ഒരു പ്രധാന പോര്‍ട്ടായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.

മന്മോഹന്‍ സര്‍ക്കാര്‍ 2005 ല്‍ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ ഇതിനെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്.

പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന രാമസേതു സംരക്ഷിക്കപ്പെടേണമെന്ന് ഹിന്ദു മത വിശ്വാസികള്‍ ആവശ്യപ്പെടുന്നു. ബി ജെ പി യും ഇതര ഹിന്ദു സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്. അതിനിടെ പ്രോജക്ടിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാമസേതു മനുഷ്യനിര്‍മ്മിതമല്ലെന്ന പ്രസ്ഥാവനയും ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

വിശ്വാസത്തെ തൊട്ടുകളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രതിഷേധത്തിനു കാരണമായ മറ്റു ചില കാരണങ്ങളിലേക്ക്.

ഇതില്‍ പ്രധാനം പരിസ്ഥിതിവാദികളില്‍ നിന്നാണ്. ഏതു പ്രോജക്ടിനെതിരെയും പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടുന്ന കാലമാണ്. എങ്കിലും അവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം, ഇത്തരത്തില്‍ ഒരു കുഴിക്കല്‍ നടത്തുമ്പോള്‍ അത് ഇപ്പോഴത്തെ ഇക്കോ സിസ്റ്റത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. ഈ പ്രദേശത്തെ മത്സ്യസമ്പത്തും വിവിധങ്ങളായ പവിഴപ്പുറ്റുകളുടെ സാന്നിദ്ധ്യവും ഈ പ്രോജക്ട് മൂലം നാമാവശേഷമായേക്കും. രാമസേതു ഒരു പരിധിവരെ തടഞ്ഞിരുന്ന വന്‍ തിരകള്‍ ഇനി ഇന്ത്യയുടേയും ശ്രീലങ്കയുടേയും തീരങ്ങളെ കൂടുതല്‍ കവര്‍ന്നെടുത്തേക്കാം. കഴിഞ്ഞ സുനാമിക്കാലത്ത് വന്‍തിരകളെ കേരളതീരത്ത് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാതെ തടഞ്ഞത് രാമസേതുവിന്റെ സാന്നിദ്ധ്യമാണെന്ന് കരുതപ്പെടുന്നു. ശ്രീലങ്കയില്‍ നടത്തിയ ഒരു പഠനത്തില്‍ ഈ പ്രോജക്ട് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് മാന്നാര്‍ ഗള്‍ഫിലേക്കുള്ള നീരൊഴുക്ക് കൂട്ടുമെന്നും ഇക്കോ സിസ്റ്റം തകരാറിലാക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയിലാവട്ടെ, ഇംപാക്റ്റ് അനാലിസിസ് നടത്താന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ ഒരു പഠനവും നടത്താതെ പ്രോജക്ടിന് ക്ലീന്‍ ചിറ്റും നല്‍കിക്കഴിഞ്ഞു.

കപ്പല്‍ ഗതാഗതം സാദ്ധ്യമായാല്‍ കപ്പലുകളില്‍ നിന്ന് പുറംതള്ളുന്ന എണ്ണയും മറ്റ് മാലിന്യ പദാര്‍ത്ഥങ്ങളും ഈ മേഖലയിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു.

മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഇന്ത്യയിലെയും ശ്രീലങ്കയിലെയും പതിനായിരങ്ങള്‍ക്ക് ദാരിദ്ര്യം സമ്മാനിക്കാനും ഒരു പക്ഷേ ഇതുവഴി കഴിഞ്ഞേക്കും.

ശ്രീലങ്ക ഈ പ്രോജക്ടിനോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഇതുമായി മുന്നോട്ടു പോകുമ്പോള്‍ അത് ഇന്ത്യാ ശ്രീലങ്കാ ബന്ധത്തെ എത്രത്തോളം ബാധിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ഇന്ത്യയുടൊരു വശത്തുനിന്ന് മറുവശത്തേക്കുള്ള ഗതാഗതത്തിനുള്ള സമയലാഭം ഒഴിച്ചു നിര്‍ത്തിയാല്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള കപ്പലുകള്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. കാരണം, അവയ്ക്ക് ഇപ്പോഴുള്ള റൂട്ടിനേക്കാള്‍ 8 മണിക്കൂര്‍ ലാഭം മാത്രമാണ് ഇതിലൂടെ കൈവരുന്നത്. അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാകുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഏതായാലും ഒന്നുറപ്പാണ്. പാരിസ്ഥിതിക സാമ്പത്തിക കണക്കുകളാവില്ല, മറിച്ച് പുരാണവും വിശ്വാസങ്ങളുമാവും ഈ പ്രോജക്ടിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്.

Tuesday, September 04, 2007

മലബാര്‍ 2007 : എന്ത് ? എന്തിന്?

പേരു കേള്‍ക്കുമ്പോള്‍ മലബാര്‍ മഹോത്സവം ഓര്‍മ്മ വരുമെങ്കിലും, ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാന്‍ സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 4 മുതല്‍ നടത്തുന്ന അഞ്ചു ദിവസം നീണ്ട നാവികാഭ്യാസ പ്രകടനമാണ് മലബാര്‍ 2007.

മലബാര്‍ സീരീസ് എന്ന പേരില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നാവികാഭ്യാസം നടത്താറുണ്ടായിരുന്നെങ്കിലും ഇത്തവണത്തേതിന് പ്രത്യേകതകളേറെയാണ്. അതില്‍ പ്രധാനം, ഇതുവരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്നാണ് അഭ്യാസങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ഇത്തവണ മറ്റു മൂന്നു രാജ്യങ്ങള്‍ കൂടി ഇതില്‍ ഭാഗമാവുന്നു എന്നതാണ്.

രണ്ടാമത്തെ കാര്യം, ഇതാദ്യമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരമൊരു പ്രകടനം നടക്കുന്നത്. വിശാഖ പട്ടണം മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ വരെയുള്ള ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലായിരിക്കും ഇത്. ഇതുവരെ നടന്നത് അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായായിരുന്നു. ചൈനയുടെ അപ്രീതി ഭയന്നാവണം, ഇതുവരെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇതിനു നാം മുതിരാതിരുന്നത്.

ഇടതുകക്ഷികളുടെ എതിര്‍പ്പാണ് മറ്റൊരു വസ്തുത. ഇന്ത്യാ യു എസ് ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു നടക്കുന്ന ഈ സമയത്ത് അമേരിക്കയും, മറ്റ് സാമ്രാജ്യത്ത രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ഈ നാവികാഭ്യാസ പ്രകടനം, ഇന്ത്യയുടെ നാളിതു വരെ തുടര്‍ന്നു പോന്ന ചേരിചേരാ നയത്തില്‍ നിന്നുള്ള അകല്‍ച്ചയായും, അമേരിക്കയുടെ ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായും ഇടതു കക്ഷികള്‍ ന്യായീകരിക്കുന്നു. ചൈനക്ക് ഇതിലുള്ള അതൃപ്തി ഏഷ്യയില്‍ പുതിയ സൈനിക കൂട്ടായ്മകള്‍ക്ക് വഴി തെളിക്കുമെന്നും അവര്‍ പറയുന്നു.

അമേരിക്കയുടെ 13 യുദ്ധക്കപ്പലുകളാണ് ഇതിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതു കൂടാതെ ന്യൂക്ലിയാര്‍ സബ് മറൈനുകളും, മിസൈല്‍ ക്രൂയിസറുകളും ഉണ്ട്.

ഇന്ത്യയുടെ വിമാന വാഹിനിയായ INS വിക്രാന്ത് അടക്കം ഏഴ് കപ്പലുകള്‍ പങ്കെടുക്കുന്നു. അസ്ട്രേലിയയുടെയും ജപ്പാന്റെയും രണ്ടു വീതവും, സിംഗപ്പൂരിന്റെ ഒന്നും യുദ്ധക്കപ്പലുകളാണ് ഇതില്‍ പങ്കെടുക്കുക.

ഈ അഭ്യാസ പ്രകടനങ്ങളിലൂടെ ഉദ്ദേശിക്കുന്നത് സൈനിക സഹകരണമല്ലെന്നും മറിച്ച് , നമ്മുടെ നാവിക ക്ഷമത തെളിയിക്കലും പരസ്പരമുള്ള വിലയിരുത്തലുകളും പഠനവുമാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഏ കെ ആന്റണി പറയുന്നു.

എന്തുകൊണ്ട് ഇത്തവണ ബംഗാള്‍ ഉള്‍ക്കടല്‍? എന്തുകൊണ്ട് അമേരിക്കക്കൊപ്പം മറ്റു രാജ്യങ്ങള്‍?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വളരെയധികം തന്ത്രപ്രധാനമായ മേഖലയാണ് ഇപ്പോള്‍ നാവികാഭ്യാസത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ഈ പ്രദേശം. ലോകത്തിലെ തന്നെ തിരക്കേറിയ കപ്പല്‍ ചാനലായ മലാക്ക സ്ട്രൈറ്റ് സ്ഥിതി ചെയ്യുന്നത് ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്തായാണ്. പെട്രോളിയം ഉല്പന്നങ്ങളും മറ്റു ചരക്കു ഗതാഗതവും വളരെയധികം നടക്കുന്ന ഈ മേഖലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതു മാത്രമല്ല, നമ്മുടെ സുരക്ഷക്കു ഭീക്ഷണിയായേക്കാവുന്ന തരത്തില്‍ ശ്രീലങ്കയിലേക്കും പാകിസ്ഥാനിലേക്കുമുള്ള ആയുധ വ്യാപാരവും, കള്ളക്കടത്തും ഈ മേഖലയില്‍ ശക്തിപ്രാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതു കൂടാതെ ചൈന അടുത്തിടെയായി ബംഗ്ലാദേശും ബര്‍മ്മയുമായി ഏര്‍പ്പെട്ട നാവിക കരാറുകളും, ശ്രീലങ്കയുമായി സൈനിക മേഖലയില്‍ വളര്‍ത്തുന്ന ബന്ധവും ഈ മേഖലയില്‍ നാം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സൈനികബലമുണ്ടെങ്കിലും, പരിചയക്കുറവ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ബലഹീനതയാണ്. ഒരു അടിയന്തിര സാഹചര്യത്തില്‍ ഒരു പക്ഷേ നാം പരാജയപ്പെട്ടേക്കാം. അത്തരം ഒരു സന്ദര്‍ഭത്തില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ഇന്ത്യക്കു കൂടിയേ തീരൂ. അതിനായി ഇതര രാജ്യങ്ങളുമായി നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഫലത്തില്‍ സൈനികാഭ്യാസം എന്നു പറയുമ്പോഴും ഇതൊരു ശക്തിപ്രഖ്യാപനവും ആവശ്യമായാല്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കലും കൂടിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

ചേരിചേരാ നയത്തില്‍ നിന്നുള്ള വ്യതിചലനത്തിനും, ഏഷ്യയിലെ അമേരിക്കന്‍ ആധിപത്യത്തിനുമെതിരെയുള്ള ഇടതു കക്ഷികളുടെ സമീപനത്തോട് യോജിക്കുന്നുവെങ്കിലും, രാജ്യ സുരക്ഷയെ സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുതെന്നാണ് എന്റെ അഭിപ്രായം.