രാമരാവണ യുദ്ധത്തില്‍ വാനരസേന കടലില്‍ കല്ലിട്ട് പാലം നിര്‍മ്മിച്ചുവെന്നും അതുവഴി ലങ്കയിലെത്തി രാവണനുമായി യുദ്ധം ചെയ്ത് സീതാദേവിയെ മോചിപ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. നാസ പ്രസിദ്ധീകരിച്ച ചില സാറ്റലൈറ്റ് ചിത്രങ്ങളിലും ഈ ചെറുദ്വീപ് ശൃംഖല വ്യക്തമാണ്.

ഈ ഭാഗത്ത് സമുദ്രത്തിന് ആഴം മൂന്നു മുതല്‍ പത്തു മീറ്റര്‍ വരെ മാത്രമാണ്. ഇക്കാരണത്താല്‍ ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതം അസാദ്ധ്യമാണ്. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് കിഴക്ക് ഭാഗത്തേക്ക് കടല്‍ വഴിയുള്ള ചരക്കു ഗതാഗതം (ഉദാ: ബോംബെ, ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈ, വിശാഖപട്ടണം, കല്‍ക്കട്ട, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലേക്ക്) ശ്രീലങ്കയെ പ്രദക്ഷിണം വെച്ചു വേണം പോകേണ്ടത്. ഇത് ഏകദേശം 800 കിലോമീറ്ററിന്റെ അധിക ദൂരവും 30 മണിക്കൂറിന്റെ അധിക സമയവും അപഹരിക്കുന്നു.
ഇതിനൊരു പരിഹാരമായാണ് സേതു സമുദ്രം ഷിപ്പിംഗ് കനാല്‍ പ്രോജക്ട് [SCCP] കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനക്കു വന്നത്. രാമസേതു ഉള്‍പ്പെടുന്ന ഈ ഭാഗം ഏകദേശം 83 കിലോമീറ്റര്‍ ദൂരത്തില്‍ കുഴിച്ച് തടസ്സങ്ങള്‍ നീക്കി ഗതാഗതയോഗ്യമാക്കി പാക് കടലിടുക്കിനേയും മാന്നാര്‍ ഗള്‍ഫിനേയും ബന്ധിപ്പിക്കുന്നതാണ് പ്രോജക്ട്. ഇതുവഴി ഈ പ്രദേശത്ത് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടിരിക്കുന്നു. തമിഴ് നാട്ടിലെ തൂത്തുക്കുടിയെ ഒരു പ്രധാന പോര്‍ട്ടായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
മന്മോഹന് സര്‍ക്കാര്‍ 2005 ല്‍ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ ഇതിനെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്.
പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന രാമസേതു സംരക്ഷിക്കപ്പെടേണമെന്ന് ഹിന്ദു മത വിശ്വാസികള്‍ ആവശ്യപ്പെടുന്നു. ബി ജെ പി യും ഇതര ഹിന്ദു സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്. അതിനിടെ പ്രോജക്ടിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാമസേതു മനുഷ്യനിര്‍മ്മിതമല്ലെന്ന പ്രസ്ഥാവനയും ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
വിശ്വാസത്തെ തൊട്ടുകളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രതിഷേധത്തിനു കാരണമായ മറ്റു ചില കാരണങ്ങളിലേക്ക്.
ഇതില്‍ പ്രധാനം പരിസ്ഥിതിവാദികളില്‍ നിന്നാണ്. ഏതു പ്രോജക്ടിനെതിരെയും പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടുന്ന കാലമാണ്. എങ്കിലും അവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം, ഇത്തരത്തില്‍ ഒരു കുഴിക്കല്‍ നടത്തുമ്പോള്‍ അത് ഇപ്പോഴത്തെ ഇക്കോ സിസ്റ്റത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. ഈ പ്രദേശത്തെ മത്സ്യസമ്പത്തും വിവിധങ്ങളായ പവിഴപ്പുറ്റുകളുടെ സാന്നിദ്ധ്യവും ഈ പ്രോജക്ട് മൂലം നാമാവശേഷമായേക്കും. രാമസേതു ഒരു പരിധിവരെ തടഞ്ഞിരുന്ന വന്‍ തിരകള്‍ ഇനി ഇന്ത്യയുടേയും ശ്രീലങ്കയുടേയും തീരങ്ങളെ കൂടുതല്‍ കവര്‍ന്നെടുത്തേക്കാം. കഴിഞ്ഞ സുനാമിക്കാലത്ത് വന്‍തിരകളെ കേരളതീരത്ത് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാതെ തടഞ്ഞത് രാമസേതുവിന്റെ സാന്നിദ്ധ്യമാണെന്ന് കരുതപ്പെടുന്നു. ശ്രീലങ്കയില്‍ നടത്തിയ ഒരു പഠനത്തില്‍ ഈ പ്രോജക്ട് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് മാന്നാര്‍ ഗള്‍ഫിലേക്കുള്ള നീരൊഴുക്ക് കൂട്ടുമെന്നും ഇക്കോ സിസ്റ്റം തകരാറിലാക്കുമെന്നും മുന്നറിയിപ്പു നല്കുന്നു. ഇന്ത്യയിലാവട്ടെ, ഇംപാക്റ്റ് അനാലിസിസ് നടത്താന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ ഒരു പഠനവും നടത്താതെ പ്രോജക്ടിന് ക്ലീന്‍ ചിറ്റും നല്‍കിക്കഴിഞ്ഞു.
കപ്പല്‍ ഗതാഗതം സാദ്ധ്യമായാല്‍ കപ്പലുകളില്‍ നിന്ന് പുറംതള്ളുന്ന എണ്ണയും മറ്റ് മാലിന്യ പദാര്‍ത്ഥങ്ങളും ഈ മേഖലയിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു.
മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഇന്ത്യയിലെയും ശ്രീലങ്കയിലെയും പതിനായിരങ്ങള്‍ക്ക് ദാരിദ്ര്യം സമ്മാനിക്കാനും ഒരു പക്ഷേ ഇതുവഴി കഴിഞ്ഞേക്കും.
ശ്രീലങ്ക ഈ പ്രോജക്ടിനോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഇതുമായി മുന്നോട്ടു പോകുമ്പോള്‍ അത് ഇന്ത്യാ ശ്രീലങ്കാ ബന്ധത്തെ എത്രത്തോളം ബാധിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
ഇന്ത്യയുടൊരു വശത്തുനിന്ന് മറുവശത്തേക്കുള്ള ഗതാഗതത്തിനുള്ള സമയലാഭം ഒഴിച്ചു നിര്‍ത്തിയാല്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള കപ്പലുകള്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. കാരണം, അവയ്ക്ക് ഇപ്പോഴുള്ള റൂട്ടിനേക്കാള്‍ 8 മണിക്കൂര്‍ ലാഭം മാത്രമാണ് ഇതിലൂടെ കൈവരുന്നത്. അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാകുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും ഒന്നുറപ്പാണ്. പാരിസ്ഥിതിക സാമ്പത്തിക കണക്കുകളാവില്ല, മറിച്ച് പുരാണവും വിശ്വാസങ്ങളുമാവും ഈ പ്രോജക്ടിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്.
6 comments:
ഇതിനെകുറിച്ചു ഒന്നു വായിക്കണം എന്നു വിചാരിച്ചിരുന്ന സമയത്തു തന്നെ ഈ പോസ്റ്റ്..വളരെ നന്ദി..പിന്നെ ഒരു ജിയോളജി വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ ഒരിക്കലും വിസ്വസിക്കുന്നില്ല ഈ വാനരസേന പണിതു എന്നു പറയപ്പെടുന്ന പാലം പണിതു സീതയെ കൊണ്ടുവന്നു എന്നു.പോയിന്റ് ബാര്‍ (point-bar deposit The accumulation of fluvial sediment )ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ സം ഭവം എങ്ങനെയോ നമ്മുടെ പുരാണങ്ങളില്‍ കടന്നു കൂടുകയും അതുവഴി ഒരുപാടു തലമുറയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തശേഷം ഇനി ഇതു രാമനു വേണ്ടിപണിതതലല് എന്നു പറയുബോള്‍ താങ്കള്‍ പറഞഞ പോലെ
"ഏതായാലും ഒന്നുറപ്പാണ്. പാരിസ്ഥിതിക സാമ്പത്തിക കണക്കുകളാവില്ല, മറിച്ച് പുരാണവും വിശ്വാസങ്ങളുമാവും ഈ പ്രോജക്ടിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്."
മതത്തിന്റെ പേരില്‍ കൊല്ലാനും വഴക്കുണ്ടാക്കാനും ആളുകള്‍ നിരന്നു നില്ക്കുന്ന ഈനാട്ടില്‍ ....ഇതിന്റെ പ്രെത്യാഘാതം വിവരണാതീതമാവും
പ്രദീപ് പറഞ്ഞതുപോലെ മൊത്തത്തില്‍ ഇതിനെക്കുറിച്ച് വായിക്കണമെന്നുണ്ടായിരുന്നു..നന്ദി ജിം.
സേതുസമുദ്രം പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റിയും മാനുഷിക പ്രശ്നങ്ങളെപ്പറ്റിയും മറന്നുകൊണ്ട് രാമായണത്തെപ്പറ്റിയും മറ്റും ചര്‍ച്ച ചെയ്യാന്‍ കാണിക്കുന്ന താത്പര്യം തന്നെ കാണിക്കുന്നത് എന്തോ അത്ര സുഖമുള്ള ഒരു കാര്യമായി തോന്നുന്നില്ല.
ബി.ജെ.പിയും വി.എച്ച്.പിയും മറ്റും എതിര്‍ക്കുന്നതുകൊണ്ട് ഇനി എന്തുവന്നാലും ബാക്കിയുള്ളവര്‍ വാശിപ്പുറത്താണെങ്കിലും ഈ പദ്ധതി നടപ്പാക്കും. ഏതെങ്കിലും പരിസ്ഥിതിവാദിയോ മറ്റോ ഈ പദ്ധതി വേണ്ട എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ അവരെയും ലേബലടിക്കും.
എന്റെ ഒരു ഫീലിംഗ് ഒരു നൂറു കൊല്ലം കൂടി കഴിഞ്ഞാല്‍ തമിഴ്നാട് മിക്കവാറും സ്വതന്ത്ര തമിഴ് രാജ്യത്തിനായുള്ള വാദം തുടങ്ങുമെന്നാണ്. സ്വതന്ത്രമായി നില്‍ക്കാനുള്ള വകുപ്പൊക്കെ അവര്‍ സ്വരുക്കൂട്ടുന്നുണ്ട് :)
നല്ല ലേഖനം. ഈ പദ്ധതിയുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ അവബോധം ആള്‍ക്കാരില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനും മതത്തിനും അതീതമായിത്തന്നെ വേണം ഇത്തരം പദ്ധതികളെ വിലയിരുത്താന്‍.
ആനുകാലിക പ്രാധാന്യമുള്ള വിഷയം.വിവരങ്ങള്‍ക്ക് നന്ദി.നല്ല ലേഖനം.
informative.
അവസരോചിതം. വിജ്ഞാനപ്രദം.
Post a Comment