Wednesday, November 28, 2007

വെളിയത്തിന്റെ വീരകൃത്യങ്ങള്‍

മിക്ക ഷാജി കൈലാസ് ചിത്രങ്ങളിലും നായകന്‍ പോലീസ് സ്റ്റേഷനിലെത്തി, അവിടെയുള്ള SI/CI/കമ്മീഷണര്‍ തുടങ്ങിയവരെ ഇടിവെട്ട് ഡയലോഗുകള്‍ കൊണ്ടും മസില്‍ പവറുകൊണ്ടും വിറപ്പിച്ച്, അറസ്റ്റിലായ തന്റെ സ്വന്തക്കാരെയും കൂട്ടുകാരെയുമൊക്കെ പുല്ലുപോലെ ഇറക്കിക്കൊണ്ടുവരുന്ന സീനുകള്‍ കാണുമ്പോള്‍ പുളകം തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരാള്‍ ശരിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നിപ്പോയിട്ടുണ്ട്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ മാത്രം കണ്ടിരുന്ന ഇത്തരം സീനുകള്‍ നേരില്‍ കാണാന്‍ നമുക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു.

സിനിമാ നായകനെ കടത്തിവെട്ടുന്ന ഈ പ്രകടനം കാഴ്ചവെച്ചത് CPI സംസ്ഥാന സെക്രട്ടറി ശ്രീ വെളിയം ഭാര്‍ഗ്ഗവന്‍. നായകന്റെ ഇടപെടല്‍ വഴി മോചിക്കപ്പെട്ടത് AIYF ന്റെ രണ്ട് വനിതാ പ്രവര്‍ത്തകര്‍; ഇതിനൊക്കെ വേദിയാകാന്‍ ഭാഗ്യം ലഭിച്ചത് തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷന്‍. നായകന്റെ വീരകൃത്യത്തിന് പിന്തുണയുമായി സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും!

സംഭവം ഇങ്ങനെ : CPI യുടെ യുവജന സംഘടനയായ AIYF ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുവരവിനെതിരെ നവംബര്‍ 20ന് സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബിഗ് ബസാറിലേക്കു നടത്തിയ പ്രകടനം അക്രമാസക്തമായി. പോലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചില വനിതാ പ്രവര്‍ത്തകര്‍ വനിതാ പോലീസുകാരെ കൈയേറ്റം ചെയ്തു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് കന്റോണ്മെന്റ് സ്റ്റേഷനിലേക്കു മാറ്റി. എന്നാല്‍ പോലീസിനെ കൈയേറ്റം ചെയ്ത രാഖി രവീന്ദ്രനടക്കമുള്ളവരെ ജാമ്യത്തില്‍ വിടാന്‍ പോലീസ് തയ്യാറായില്ല. ഇതിനെതിരെയായിരുന്നു വെളിയത്തിന്റെ പ്രകടനം. 'പുരുഷന്മാരെ വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളൂ, പക്ഷേ വനിതകളെ വിട്ടുതരണ'മെന്നായിരുന്നു വെളിയം ആവശ്യപ്പെട്ടത്. പോലീസ് വഴങ്ങാതിരുന്നപ്പോള്‍, നാട്ടുകാര്‍ നോക്കി നില്‍കെ പോലീസിനോട് കയര്‍ക്കുകയും ഭീക്ഷണി മുഴക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും ഫോണില്‍ വിളിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ മുണ്ടും മടക്കിക്കുത്തി കുറേനേരം സ്റ്റേഷനു മുന്നില്‍ ഉറഞ്ഞു തുള്ളി. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ അറ്റ കൈ പ്രയോഗമായിരുന്നു. തന്റെ പാര്‍ട്ടിക്കാരായ സംസ്ഥാനത്തെ രണ്ടു മന്ത്രിമാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി, കെ പി രാജേന്ദ്രനേയും സി ദിവാകരനേയും. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ പറഞ്ഞാല്‍ പിന്നെ പോലീസെന്തു ചെയ്യാന്‍? അങ്ങനെ പ്രവര്‍ത്തകരെ മോചിപ്പിച്ച് നേതാവും സംഘവും മടങ്ങി.

രാഷ്ട്രീയ ഇടപെടലുകളിലൂടെ പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. പണ്ടൊക്കെ അത് രഹസ്യമായി ഫോണില്‍ വിളിച്ചും, പോലീസ് ഉന്നതന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയുമൊക്കെയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവും രണ്ടു മന്ത്രിമാരും ചേര്‍ന്ന് സ്റ്റേഷനിലെത്തി ചാനലുകളും നാട്ടുകാരും നോക്കിനില്‍കെ പരസ്യമായി പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യമാണെന്നു തോന്നുന്നു. ഖജനാവില്‍ എത്ര കൈയിട്ടു വാരിയാലും എന്തൊക്കെ അഴിമതി നടത്തിയാലും അത് ജനങ്ങളറിയാതിരിക്കാന്‍ പണ്ടൊക്കെ നേതാക്കന്മാര്‍ ശ്രദ്ധിക്കുമായിരുന്നു. പുറത്തറിഞ്ഞാല്‍ മാനക്കേടാണെന്നും അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നുമൊക്കെ അവര്‍ക്ക് തോന്നിയിരിക്കണം. ഇന്നത്തെ നേതാക്കള്‍ക്ക് പൊതുജനത്തെ പേടിയില്ല. പരിണാമ ഫലമായായിരിക്കണം, നേതാക്കളുടെ 'തൊലിക്കട്ടി' ഇപ്പോള്‍ അനുദിനം കൂടിവരികയാണ്.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രധാന അംഗമായ പാര്‍ട്ടിയുടെ നേതാവിന് ഇത്രയെങ്കിലും ചെയ്യാനുള്ള 'പവറി'ല്ലെങ്കില്‍ പിന്നെ ഇതെന്തോന്ന് ജനാധിപത്യം അല്ലേ? വെളിയം കാണിച്ച മാതൃക പിന്തുടര്‍ന്ന് കേരളമെമ്പാടും നേതാക്കള്‍ സ്റ്റേഷനിലെത്തി പ്രവര്‍ത്തകരെ പരസ്യമായി മോചിപ്പിക്കുന്ന ജനാധിപത്യത്തിന്റെ നല്ല നാളെകള്‍ക്കായി കാത്തിരിക്കാം!

Wednesday, November 07, 2007

നന്ദിഗ്രാമും സിംഗൂരും അങ്ങനെ പലതും

കൊല്‍ക്കത്തയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ, പൂര്‍വ്വ് മിഡ്നാപുര്‍ ജില്ലയുടെ ഭാഗമാണ് നന്ദിഗ്രാം. ഇവിടെയാണ് വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്‍ഡോനേഷ്യയിലെ സുഡോനോ സാലിം കമ്പനിയുമായി ചേര്‍ന്ന് ഒരു കെമിക്കല്‍ സിറ്റിയും സ്പെഷ്യല്‍ എക്കണോമിക് സോണും സ്ഥാപിക്കാന്‍ പ്ലാന്‍ തയ്യാറാക്കിയത്. ഇതിനുവേണ്ടി അക്ക്വയര്‍ ചെയ്യേണ്ടത് 14,000 ഏക്കര്‍ സ്ഥലം. കുടിയൊഴിപ്പിക്കേണ്ടത് കൃഷി മാത്രം ഉപജീവനമാര്‍‍ഗ്ഗമാക്കിയ 40,000 ത്തോളം ഗ്രാമീണ കര്‍ഷകരെ.

ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന കര്‍ഷകരെ ബലം പ്രയോഗിച്ച് കുടിയിറക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍, തങ്ങള്‍ തെരഞ്ഞെടുത്തയച്ച സര്‍ക്കാരിനെതിരെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വക്താക്കളായി അധികാരത്തിലേറിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ജനം തിരിഞ്ഞു. തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ അവര്‍ സംഘം ചേര്‍ന്നു. അതാണ് ഭൂമി ഉച്ഛദ് പ്രതിരോധ് കമ്മറ്റി അഥവാ BUPC. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, ചില നക്സല്‍ ഗ്രൂപ്പുകളും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. 2007 മാര്‍ച്ച് 14 ന് മൂവായിരത്തോളം പോലീസുകാരും പോലീസ് വേഷത്തിലെത്തിയ CPM ഗുണ്ടകളും ചേര്‍ന്ന് നടത്തിയ അക്രമണത്തില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; ധാരാളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.

സംസ്ഥാനത്ത് ഏകദേശം 55 ലക്ഷം ഏക്കര്‍ ഭൂമി ആര്‍ക്കും വേണ്ടാതെ കിടക്കുമ്പോഴാണ് കൃഷിക്കനുയോജ്യമായ, ആയിരക്കണക്കിന് കര്‍ഷകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഈ ബലം പ്രയോഗിച്ചുള്ള ഏറ്റെടുക്കലെന്ന് ഓര്‍ക്കണം. ഈ പ്രൊജക്ടിന് ഇതിലും അനുയോജ്യമായ സ്ഥലം ബംഗാളില്‍ വേറെയില്ലത്രെ. ഇപ്പോള്‍ കെമിക്കല്‍ സിറ്റി മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും, തോക്കും ബോംബും ഉപയോഗിച്ച് CPM ഉം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന BUPC യും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ ദിവസം 3 CPM അനുഭാവികള്‍ കൊല്ലപ്പെട്ടതും ഇതിന്റെ ഭാഗമായാണ്. BUPC അക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് CPM ആരോപിക്കുമ്പോള്‍, ബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാണെന്ന് BUPC യും പറയുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സിംഗൂരിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെ വരുന്നത് ടാറ്റയുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിയായിരുന്നു. അവര്‍ക്കും വേണ്ടത് കൃഷിഭൂമി തന്നെ -1000 ഏക്കര്‍. സാറ്റലൈറ്റ് ഇമേജിംഗ് ഒക്കെ നടത്തി കണ്ടെത്തിയതാണത്രെ ഈ സ്ഥലം. കര്‍ഷകര്‍ ഇവിടെയും പ്രതിഷേധവുമായി രംഗത്തെത്തി. മാരുതി കമ്പനി പണംകൊടുത്ത് ഗ്രാമീണരെക്കൊണ്ട് തങ്ങള്‍ക്കെതിരെ സമരം ചെയ്യിപ്പിക്കുകയാണെന്നാണത്രെ ടാറ്റയുടെ ചെയര്‍മാന്‍ ഇതിനെപ്പറ്റി പറഞ്ഞത്.

വികസനത്തിന്റെ പേരില്‍ പാവങ്ങളെ കുടിയിറക്കുകയും, നഷ്ടപരിഹാരമെന്നു പറഞ്ഞ് നക്കാപ്പിച്ച നല്‍കി അവരെ തെരുവിലിറക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയല്ല. ഭാരതത്തിന്റെ ഭക് ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ച് വാചാലരാവുകയും, അതിന്റെ പേരില്‍ വെട്ടിനിരത്തലുകള്‍ക്കായി മുന്നിട്ടിറങ്ങുകയും ചെയ്യുന്നവര്‍ തന്നെയാണ് തോക്കും ബോംബും കൊടുത്ത് പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമി പിടിച്ചെടുക്കാന്‍ സഖാക്കളെ അയക്കുന്നത് എന്നത് വിരോധാഭാസമായി തോന്നാം.

കേരളത്തിലും ഉണ്ടായി വികസനത്തിന്റെ പേരിലുള്ള ധാരാളം കുടിയിറക്കലുകള്‍. ഗോശ്രീ, വല്ലാര്‍പാടം പദ്ധതികള്‍ക്കായി സ്ഥലം കൊടുക്കേണ്ടി വന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല എന്ന് പരാതികളുയര്‍ന്നിരുന്നു. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായ ഒരു റെയില്‍ പാതയ്ക്കായി സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് സെന്റിന് ഒരു ലക്ഷം രൂപയാണത്രേ. സെന്റിന് പത്തും പതിനഞ്ചും ലക്ഷം രൂപ മാര്‍ക്കറ്റ് വില ഉള്ളപ്പോഴാണ് ഇതെന്നോര്‍ക്കണം. ഒരു ലക്ഷം രൂപക്ക് എറണാകുളം ജില്ലയിലെവിടെയും ഒരു സെന്റു ഭൂമി വാങ്ങാന്‍ കിട്ടാത്ത അവസ്ഥയില്‍ സ്ഥലം ഒഴിയാന്‍ ആളുകള്‍ വിമുഖത കാണിക്കും. പിന്നെ ബലപ്രയോഗവും, സമരവും അക്രമങ്ങളുമൊക്കെയായി അതു മാറുന്നു.

വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ ജനിച്ച മണ്ണു വിട്ടു പോകേണ്ടി വരുന്നവര്‍ക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, മറിച്ച് സമഗ്രമായ പുനരധിവാസ പദ്ധതികളാണ്. പക്ഷേ എങ്ങനെയും ആളുകളെ ഇറക്കിവിട്ട് പൈലിംഗ് തുടങ്ങാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇതിനൊക്കെ എവിടെ സമയം? വാഗ്ദാനം ചെയ്ത പുനരധിവാസപദ്ധതികളാവട്ടെ വാക്കിലും കടലാസിലും ഒതുങ്ങുന്നു.

നമ്മുടെ യഥാര്‍ത്ഥ പ്രശ്നം, കാര്യങ്ങള്‍ വിശദമായി പഠിക്കാനും സമ്പൂര്‍ണ്ണമായ പരിഹാരങ്ങള്‍ കാണാനും കഴിവില്ലാത്ത, അല്ലെങ്കില്‍ അതിനു മനസ്സു വെക്കാത്ത ഒരു രാഷ്ട്രീയ നേതൃത്വമാണ്.

വ്യവസായങ്ങളും വിദേശ നിക്ഷേപങ്ങളുമൊക്കെ രാജ്യപുരോഗതിക്ക് അത്യാവശ്യം തന്നെയാണ്. പക്ഷേ, അത് കുറേ പാവങ്ങളുടെ കിടപ്പാടവും ജീവിതവും ചവിട്ടിമെതിച്ചുകൊണ്ടാവരുത് എന്നു മാത്രം.

ബാംഗ്ലൂരിലായിരുന്നപ്പോള്‍ ഒരു ദിവസം ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ സെക്യൂരിറ്റിക്കാര്‍ ഗേറ്റിനരികില്‍ നിന്ന ഒരു വൃദ്ധനെ തള്ളിമാറ്റുന്നതു കണ്ടു - കമ്പനിയിലേക്കു വന്ന ഏതോ വാഹനത്തിനു വഴിയൊരുക്കാന്‍. താന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ മഹാസൗധങ്ങള്‍ വളര്‍ന്ന കാഴ്ച നോക്കിനിന്ന ഒരു നിസ്സഹായനായ കൃഷിക്കാരനായിരുന്നോ അയാള്‍?