Sunday, July 29, 2007

നമ്പൂരിക്കഥകള്‍

ഇത് എന്റെ സുഹൃത്തായ നമ്പൂരിക്കു പിണഞ്ഞ ചില അമളികള്‍..ചെയ്ത ചില മണ്ടത്തരങ്ങള്‍..
മനസ്സില്‍ നിന്ന് മായും മുന്‍പ് വെറുതെ ഇതൊക്കെ ഇവിടെ കുറിച്ചിടുന്നു.
പിന്നീടെപ്പോഴെങ്കിലും കടന്നുപോയ ആ നല്ല ദിനങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍..!!

സിഗരറ്റ് ലൈറ്റര്‍

ബാംഗ്ലൂരില്‍ ജോലിതപ്പി അലയുന്ന കാലത്താണ് സദ്ഗുണ സമ്പന്നനും സുശീലനുമായ നമ്പൂരിയെ അത്യാവശ്യം വേണ്ട ദുര്‍ഗുണങ്ങള്‍ പഠിപ്പിച്ച് ഒരു മനുഷ്യക്കോലം വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
ഓരോരുത്തരും തനിക്കുള്ള ഏതെങ്കിലും ഒരു ഗുണം അഥവാ കഴിവ് നമ്പൂരിക്കു പകര്‍ന്നു നല്‍കണം എന്നായിരുന്നു ഞങ്ങളുടെ അലിഖിത അജണ്ട.

പലരില്‍ നിന്നായി ചീട്ടുകളി, അല്പസ്വല്പം മദ്യസേവ, മദ്യം കുപ്പിയില്‍ നിന്ന് കൃത്യ അളവില്‍ ഗ്ലാസ്സുകളിലേക്ക് പകരുന്ന വിധം, സിഗരറ്റ് വലി, അങ്ങനെ നാനാവിധമായ കഴിവുകള്‍ നമ്പൂരി സ്വായത്തമാക്കി. എങ്കിലും, അവന്‍ ഏറ്റവും എളുപ്പത്തില്‍ പഠിച്ച വിദ്യ സിഗററ്റ് വലിയായിരുന്നു. ഗുരുക്കന്മാര്‍ പലരുണ്ടായിരുന്നു എന്നതാവാം ഒരുപക്ഷേ കാരണം.
ആദ്യമാദ്യം, ആരെങ്കിലും വലിക്കുമ്പോള്‍ ഒന്നോ രണ്ടോ പുകവിട്ടുകൊണ്ടു തുടങ്ങിയ നമ്പൂരി അതിവേഗം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നേറി ഗുരുക്കന്മാരേക്കാള്‍ മിടുക്കനായി.

സിഗററ്റ് വലി എന്തോ മഹത്തായ കാര്യമാണ്, ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള സാധനമാണ് സിഗരറ്റ് എന്നൊക്കെ ഏതൊരു തുടക്കക്കാരനെയും പോലെ നമ്പൂരിയും പതുക്കെ വിശ്വസിച്ചു തുടങ്ങി. പുറത്തേക്കിറങ്ങിയാല്‍ പുകവിട്ടില്ലെങ്കില്‍ ഒരു അസ്ക്യത എന്ന നിലയിലായി കാര്യങ്ങള്‍. ഏതെങ്കിലും കടയില്‍ കയറി 'ഗോള്‍ഡ് ', 'ഫില്‍റ്റര്‍', അങ്ങനെ വായില്‍ വരുന്നതെന്തെങ്കിലും ഒന്നു പറഞ്ഞ്, അത് വാങ്ങി നാലാള്‍ കാണ്‍കെ സ്റ്റൈലില്‍ കത്തിച്ച്, മുഖത്ത് ലോകത്തോടു തന്നെ ഒരു പുച്ഛഭാവം വരുത്തി പുകവിട്ട് അങ്ങനെ നില്‍ക്കുമായിരുന്നു നമ്പൂരി.

അങ്ങനെയിരിക്കെ ഒരു ദിവസം സത്യം കമ്പനിയുടെ വാക്കിന്‍ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ പോയതായിരുന്നു ഞങ്ങള്‍. ബസ്സിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ പതിവു പോലെ നമ്പൂരിക്ക് ഒരു സിഗരറ്റ് വേണം. റോഡിനപ്പുറത്തെ പെട്ടിക്കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി വേഗം വരാമെന്നു പറഞ്ഞ് അവന്‍ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തേക്കു പോയി. ഞാന്‍ കിട്ടിയ സമയം വേസ്റ്റ് ചെയ്യാതെ ഇന്റര്‍വ്യൂന് വരുന്ന പൈങ്കിളികളുടെ സൗന്ദര്യാസ്വാദനവും തുടങ്ങി.

അങ്ങനെ കുറച്ചു സമയം കഴിഞ്ഞു. നമ്പൂരി വരുന്ന ലക്ഷണമില്ല. ഞാന്‍ നോക്കുമ്പോള്‍ അവന്‍ പെട്ടിക്കടയുടെ ഒരു വശത്തേക്ക് അല്പം കുനിയുന്നു, പിന്നെ നിവര്‍ന്ന് കടക്കാരനെ നോക്കുന്നു. ഒന്നു രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍, കടക്കാരന്‍ ഇറങ്ങിവന്ന് അവിടെ എന്തോ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്തു. പിന്നേയും ഒന്നു രണ്ടു തവണ നമ്പൂരി കുനിയുകയും നിവരുകയും കടക്കാരനെ നോക്കുകയും ചെയ്തു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ വേഗം റോഡ് ക്രോസ് ചെയ്ത് അവനടുത്തേക്കു ചെന്നു.

എന്നെ കണ്ട ആശ്വാസത്തില്‍ നമ്പൂരി പറഞ്ഞു. "എടാ ഇത് വര്‍ക്ക് ചെയ്യുന്നില്ല".

ഏത് എന്ന് എനിക്കു ചോദിക്കേണ്ടി വന്നില്ല. അപ്പോഴേക്കും സിഗരറ്റ് കത്തിക്കാന്‍ വേണ്ടി മാത്രം കടയുടെ വലതു വശത്തായി തൂക്കിയിട്ടിരിക്കുന്ന ഒരു കോയില്‍ ബോക്സ് എന്റെ കണ്ണില്‍ പെട്ടിരുന്നു. ഒരു ചെറിയ സ്വിച്ചും, സ്വിച്ചിട്ടാല്‍ ചൂടാവുന്ന ഒരു ചെറിയ ഹീറ്റിംഗ്കോയിലും, ഒരു ചുവന്ന LED യും ചേര്‍ന്നതായിരുന്നു ആ ബോക്സ്. എന്നത്തേയും പോലെ സിഗരറ്റ് വാങ്ങിയശേഷം തീപ്പെട്ടിക്കായി കൈ നീട്ടിയ നമ്പൂരിക്ക് കടക്കാരന്‍ അത് കാണിച്ചു കൊടുക്കുകയായിരുന്നു.

ഞാന്‍ അതിന്റെ സ്വിച്ച് ഒന്നു ഞെക്കി നോക്കി. LED കത്തി, കോയില്‍ പതുക്കെ ഓറഞ്ച് നിറമാവാന്‍ തുടങ്ങി. ഞാന്‍ അവനോടു പറഞ്ഞു : "ഇതു വര്‍ക്കു ചെയ്യുന്നുണ്ടല്ലോടാ..നീ ഒന്നു കൂടി കത്തിച്ചു നോക്കിയേ.."

വിശ്വാസം വരാതെ അവന്‍ സിഗരറ്റിന്റെ ഒരറ്റം വായില്‍ വെച്ച്, മറ്റേ അറ്റം കോയില്‍ ബോക്സില്‍ മുട്ടിച്ച്, ശ്വാസം ആഞ്ഞു വലിച്ചു - കുറച്ചധികം നേരം. ഇത്ര നേരമായിട്ടും കത്തുന്നില്ലേ എന്നതിശയിച്ച് ഞാന്‍ നോക്കുമ്പോള്‍ സിഗരറ്റിന്റെ അറ്റം അവന്‍ മുട്ടിച്ചു വെച്ചിരിക്കുന്നത് LED യില്‍! അവന്റെ കൈയില്‍ നിന്ന് സിഗരറ്റ് വാങ്ങി കോയിലില്‍ വെച്ച് കത്തിച്ച് തിരിച്ചു നല്‍കുമ്പോള്‍, വാക്കിന്‍ കഴിഞ്ഞ് റൂമിലെത്തി എല്ലാവരോടും പറയാന്‍ പുതിയൊരു നമ്പൂരി ഫലിതം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍.

അനുബന്ധം:
അന്നാദ്യമായിരുന്നു നമ്പൂരി സിഗരറ്റ് കത്തിക്കാനുള്ള ആ കുന്ത്രാണ്ടം കാണുന്നത്.


വയറിളക്കം

നമ്പൂരി ഇന്‍ഫോസിസ് കമ്പനിയുടെ ടെസ്റ്റ് പാസ്സായി ഇന്റര്‍വ്യൂവിന് നാളെണ്ണിയിരിക്കുന്ന സമയം. ഇത്ര കാലം ജോലിതെണ്ടി നടന്ന് അവസാനം കിട്ടിയ ചാന്‍സ്. അതും ഇന്‍ഫോസിസ് . നമ്പൂരി കാര്യമായി പ്രിപ്പറേഷന്‍ തുടങ്ങി. ചോദിക്കാന്‍ സാദ്ധ്യതയുള്ള, സെല്‍ഫ് ഇന്റ്റോ മുതലായ ചോദ്യങ്ങള്‍ക്കുള്ള ഇംഗ്ലീഷ് മറുപടികള്‍ കാണാപ്പാഠം പഠിച്ചു. ഇന്റര്‍വ്യൂ ഹാളില്‍ പെരുമാറേണ്ട വിധവും ബോഡി ലാങ്വേജും കണ്ണാടി നോക്കി പ്രാക്ടീസ് ചെയ്തു. പുതിയ ഷര്‍ട്ടും പാന്റ്സും ടൈയും വാങ്ങി. അങ്ങനെ എല്ലാം റെഡിയായി. നമ്പൂരി ഇത്തവണ ഇന്‍ഫോസിസിന്റെ ഓഫര്‍ ലെറ്ററും കൊണ്ടേ തിരിച്ചു വരൂ എന്ന് ഞങ്ങളെല്ലാം ഉറപ്പിച്ചു.

ഇന്റര്‍വ്യൂവിന്റെ തലേ ദിവസം രാവിലെ എഴുന്നേറ്റ നമ്പൂരിക്ക് ഒരു വല്ലായ്മ. പ്രശ്നം വയറിനാണ്. ചെറിയൊരു വയറിളക്കം. ഞങ്ങള്‍ 7 പേര്‍ക്ക് ആകെക്കൂടിയുണ്ടായിരുന്ന ഒരേയൊരു ടോയ് ലെറ്റ് രാവിലെമുതല്‍ നമ്പൂരി തീറെഴുതിയെടുത്തു. കട്ടന്‍ ചായയില്‍ നാരങ്ങാ നീരു പിഴിഞ്ഞ് കുടിച്ചപ്പോള്‍ അവനു വന്ന ചെറിയ ആശ്വാസം കണ്ട്, കുറഞ്ഞോളും എന്നു കരുതിയാണ് അന്ന് ഞങ്ങള്‍ ജോലി തെണ്ടാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷേ, രാവിലെ ബിനു ഉണ്ടാക്കിവെച്ചിട്ടു പോയ ഉപ്പുമാവു കഴിച്ചതോടു കൂടി പ്രശ്നം ഗുരുതരമായി മാറുകയായിരുന്നു.

അടുത്തുള്ളത് മണിപ്പാല്‍ ഹോസ്പിറ്റലാണ്. അവിടെച്ചെന്നാല്‍ എയ് ഡ്സിനടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുമെന്നു മാത്രമല്ല, വൈകുന്നേരം വരെ അവിടെ ഒബ് സര്‍വേഷനില്‍ കിടത്തുകയും ചെയ്യും. നാളെ ഇന്റര്‍വ്യൂവിന് ഇനിയും എന്തെല്ലാം പ്രിപ്പേര്‍ ചെയ്യാന്‍ കിടക്കുന്നു. ചെലവു കുറവും സമയ ലാഭവും - ഇതു രണ്ടുമാണ് വിവരം പറഞ്ഞ് അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങാമെന്ന് നമ്പൂരി തീരുമാനിച്ചത്.

നടന്ന് മെഡിക്കല്‍ ഷോപ്പിലെത്തിയ നമ്പൂരി കാണുന്നത് അവിടെ നില്‍ക്കുന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ കന്നഡക്കാരി ഫാര്‍മസിസ്റ്റിനെ. എങ്ങനെ അവളോട് കാര്യം പറയും? എങ്ങനെ പറയാതിരിക്കും? ഏതായാലും, ഇന്‍ഫോസിസ് ജോലിയേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന ഉള്‍വിളിയില്‍ നമ്പൂരി മറ്റെല്ലാം മറന്നു. മടിച്ചു മടിച്ച് അവളോട് കാര്യം പറഞ്ഞു:

"ഡൂ യു ഹാവ് മെഡിസിന്‍ ഫോര്‍ മോഷന്‍?"
(അവളുടെ മുന്‍പില്‍ വെയ്റ്റു പോകുമല്ലോ എന്നു കരുതിയാണത്രെ ലൂസ് മോഷന്‍ എന്നു മുഴുവന്‍ അവന്‍ പറയാതിരുന്നത്)

അവള്‍ ഗുളികയെടുത്ത് കവറിലിട്ട്, ഒപ്പം നല്ലൊരു പുഞ്ചിരിയും സമ്മാനിച്ച് നമ്പൂരിക്കു കൊടുത്തു. സന്തോഷവാനായി തിരിച്ച് വീട്ടിലെത്തിയ നമ്പൂരി ഗുളിക കഴിച്ച് ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ പുനരാരംഭിച്ചു. കുറച്ചു സമയത്തേക്ക് നല്ല ആശ്വാസം തോന്നിയെങ്കിലും, ആദ്യത്തേതിലും കഷ്ടമായി പിന്നീടങ്ങോട്ട് കാര്യങ്ങള്‍. ടോയ് ലെറ്റില്‍ നിന്ന് എണീക്കാനാവാത്ത അവസ്ഥ.

രക്ഷയില്ല എന്നായപ്പോള്‍ മണിപ്പാലില്‍ പോകാന്‍ തന്നെ തീരുമാനിച്ചു നമ്പൂരി. എമര്‍ജന്‍സിയിലെ ഡോക്ടറോട് വിവരം പറഞ്ഞു, ഒപ്പം മെഡിക്കല്‍ ഷോപ്പിലെ ഗുളിക കഴിച്ച ശേഷം കൂടുതലായ കാര്യവും. ഡോക്ടര്‍ ചോദിച്ചപ്പോള്‍, അവന്‍ പോക്കറ്റില്‍ നിന്ന് ആ ഗുളികയെടുത്തു കാണിച്ചു.

ഗുളികയുടെ പേരു വായിച്ചപ്പോള്‍ ഞെട്ടിയത് ഡോക്ടറാണ്.
അത് Dulcolax - മോഷനില്ലാത്തവന് മോഷന്‍ കിട്ടാന്‍ മെഡിക്കല്‍ ഷോപ്പിലെ സുന്ദരി കൊടുത്തത് വയറിളകാനുള്ള മരുന്നായിരുന്നു.

അര്‍ദ്ധരാത്രിയിലെ അമളി

കഥ നടക്കുമ്പോള്‍ ഏറ്റുമാനൂരിലെ അപ്പുവേട്ടന്റെ വീട്ടില്‍ ഒരു മുറി മാത്രം വാടകക്കെടുത്തു താമസിക്കുകയായിരുന്നു നമ്പൂരിയടക്കം ഞങ്ങള്‍ മൂന്നു പേര്‍. പഠിപ്പും കിടപ്പും വെപ്പും കഴിപ്പും 'കുടി'യുമെല്ലാം ആ ഒറ്റമുറിയില്‍. കുളിമുറിയും ടോയ് ലെറ്റും വെളിയില്‍ മുറ്റത്തിന്റെ ഒരു കോണിലായിരുന്നു. ചുറ്റും റബ്ബര്‍ തോട്ടമായതുകൊണ്ടും, അല്പം നടക്കാനുള്ളതുകൊണ്ടും രാത്രിയില്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മുറ്റത്തുതന്നെ നിര്‍വഹിക്കുകയായിരുന്നു അന്നത്തെ ഞങ്ങളുടെ പതിവ്.

അങ്ങനെയിരിക്കെ ഒരു രാത്രി, ഐശ്വര്യ റായിയെ സ്വപ്നവും കണ്ട് ഗാഢനിദ്രയിലാണ്ടു കിടന്ന എന്നെ നമ്പൂരി വിളിച്ചെണീപ്പിച്ചു.
"എടാ എനിക്കൊന്നു ടോയ് ലെറ്റില്‍ പോണം...നീയൊന്ന് പുറത്തിറങ്ങി നില്‍ക്ക്.." നമ്പൂരിയുടെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞിരുന്നു.
"നീയാ മുറ്റത്തേക്കു പിടിപ്പിക്കിഷ്ടാ.." കണ്ണു തുറക്കാതെ തന്നെ ഞാന്‍ മറുപടി പറഞ്ഞു.
"എടാ ഇതതല്ല..കക്കൂസില്‍ പോകണം..നീ വേഗം വാ.."
സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ക്ലോക്കിലെ രണ്ടു സൂചികളും അപ്പോള്‍ രണ്ടിനു മുകളിലായിരുന്നു.
"#$@##*..ഞാന്‍ വരാം..നീ നടന്നോ.."
ഞാന്‍ വരുന്നുണ്ടെന്നുള്ള ഉറപ്പും, വയറിന്റെ സമ്മര്‍ദ്ദവും മൂലം നമ്പൂരി എന്നെ കാത്തു നില്‍ക്കാതെ ടോയ് ലെറ്റിലേക്കൊടി.
എണീക്കാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും, ഉറക്കം എന്നെ കട്ടിലിലേക്കു തന്നെ പിടിച്ചു വലിച്ചു. നമ്പൂരിക്കു കൊടുത്ത വാക്കു മറന്ന് ഞാന്‍ വീണ്ടും ഐശ്വര്യക്കൊപ്പം നൃത്തം ചെയ്തു തുടങ്ങി.

പിന്നീട് സംഭവിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.

നമ്പൂരി ടോയ് ലെറ്റില്‍ ചെല്ലുമ്പോള്‍ പൈപ്പിനു കീഴെ വെച്ചിരിക്കുന്ന ബക്കറ്റില്‍ നിറയെ വെള്ളം. പൈപ്പില്‍ നിന്ന് ചെറുതായി വെള്ളം ഇറ്റു വീഴുന്നുമുണ്ട്. എന്നും ചെയ്യുന്നതു പോലെ നമ്പൂരി ആ വെള്ളം മുഴുവന്‍ ക്ലോസെറ്റിലേക്കു മറിച്ച് കാര്യം സാധിച്ചു തുടങ്ങി, പിന്നെ മെല്ലെ പൈപ്പ് തിരിച്ചു. തിരി മാക്സിമത്തിലെത്തിയിട്ടും പൈപ്പില്‍ നിന്ന് വരുന്നത് അപ്പോഴും തുള്ളികള്‍ മാത്രം. നമ്പൂരിക്ക് അബദ്ധം മനസ്സിലായത് അപ്പോഴാണ്. ടാങ്ക് കാലിയായിരിക്കുന്നു. ഇനി വെള്ളം വരണമെങ്കില്‍ അപ്പുവേട്ടനെ വിളിച്ചുണര്‍ത്തി മോട്ടോര്‍ അടിപ്പിക്കണം. അപ്പുവേട്ടനുംമറ്റും കിടക്കുന്നത് വീടിന്റെ മറുവശത്തെ മുറിയിലും. എന്നേയും ദീപക്കിനേയും നമ്പൂരി പലതവണവിളിച്ചുനോക്കി. പക്ഷേ സുഖനിദ്രയിലായിരുന്ന ഞങ്ങളാരും നമ്പൂരിയുടെ ആ ദീനരോദനം കേട്ടില്ല. ചുറ്റുമുള്ള റബ്ബര്‍ മരങ്ങള്‍ പതിവില്ലാത്ത "ജിമ്മേ..ദീപക്കേ.." വിളികള്‍ കേട്ട് അന്തം വിട്ടു കാണണം.

രാവിലെ ആറു മണിക്ക് അപ്പുവേട്ടന്‍ റബ്ബര്‍ വെട്ടാനെഴുന്നേക്കും വരെ നമ്പൂരിക്ക് ആ ഇരുപ്പ് അങ്ങനെതന്നെ തുടരേണ്ടി വന്നു.

Friday, July 27, 2007

ചീഞ്ഞു നാറുന്ന കൊച്ചി

കൊച്ചി നഗരത്തില്‍ മാലിന്യസംസ്കരണം വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. മാലിന്യ നിക്ഷേപണത്തിന് പറ്റിയ സ്ഥലം കണ്ടുപിടിക്കാനാവാത്തതിനാല്‍, മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ കുമിഞ്ഞുകൂടുന്നു. മൂക്കു പൊത്താതെ കൊച്ചി നഗരത്തിലെവിടെയും സഞ്ചരിക്കാനാവില്ല എന്നതാണത്രെ ഇപ്പോഴത്തെ സ്ഥിതി. അതിനിടെ മഴ കൂടിയായപ്പോഴത്തെ സ്ഥിതി പറയുകയും വേണ്ട. മാലിന്യങ്ങള്‍ റോഡുകളില്‍ പരന്നൊഴുകുന്നു. കൊതുകിനും എലിക്കുമെല്ലാം പെറ്റുപെരുകാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു, ഈ മാലിന്യക്കൂമ്പാരങ്ങള്‍.

കൊച്ചിയില്‍ പ്ലേഗ് ഭീക്ഷണി നിലനില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍.

മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലം 5 ദിവസത്തിനകം കണ്ടുപിടിക്കണമെന്ന് കോടതി ജില്ലാ കളക്ടര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് ഇന്ന് വാര്‍ത്തകളില്‍ കണ്ടു.

ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു ചെറിയ സംശയം ബാക്കി നില്‍ക്കുന്നു. നമുക്ക് വേണ്ടത് മാലിന്യ നിക്ഷേപണമൊ അതോ മാലിന്യ സംസ്കരണമോ?

മാലിന്യങ്ങള്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഒരു സ്ഥലം കണ്ടുപിടിച്ചുവെന്നു തന്നെയിരിക്കട്ടെ. അനുദിനം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ എത്ര നാള്‍ ഇങ്ങനെയൊരു ഈ നിക്ഷേപണം തുടരാനാവും? അതു മാത്രമല്ല, നഗരം പുറംതള്ളുന്ന വിവിധങ്ങളായ മാലിന്യങ്ങള്‍ ഇവിടെനിന്ന് മഴയും, കാറ്റും, പക്ഷികളും വഴി വീണ്ടും നഗരത്തില്‍ തന്നെയെത്തുകയും ചെയ്യും. ഈ മാലിന്യങ്ങളില്‍ അത്യന്തം അപകടകാരികളായ സര്‍ജിക്കല്‍ വേസ്റ്റുകളും മറ്റ് കെമിക്കല്‍ വേസ്റ്റുകളും ഉള്‍പ്പെടും.(കേരളത്തില്‍ ഏതെങ്കിലും ആശുപത്രികള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകളുണ്ടോയെന്ന സംശയം എനിക്കുണ്ട്. - കോഴിക്കോട് നഗരത്തിലെ ചില ആശുപത്രികളെങ്കിലും, മാലിന്യങ്ങള്‍ കോര്‍പ്പറേഷന്‍ വെച്ചിട്ടുള്ള മാലിന്യ സംഭരണികളിലാണ് നിക്ഷേപിക്കുന്നത്).

യഥാര്‍ത്ഥത്തില്‍ നമുക്കു വേണ്ടത് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളാണ്. കൊച്ചി നഗരസഭക്ക് മാലിന്യനിക്ഷേപത്തിന് സ്ഥലമന്‍വേഷിച്ച് ഇപ്പോള്‍ നെട്ടോട്ടമോടേണ്ടി വരുമ്പോള്‍ ഇങ്ങനെയൊരു സംവിധാനം നിലവിലില്ല എന്നല്ലേ അതിനര്‍ത്ഥം?

സാക്ഷരരും, വിദ്യാസമ്പന്നരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും, ധാരാളം അന്താരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ഇനിയും വളരെപ്പേര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുങ്ങിയിരിക്കുന്നതുമായ കൊച്ചിയില്‍ ഇങ്ങനെയൊരു പ്ലാന്റിന്റെ ആവശ്യകത ഇതുവരെ നമ്മുടെ ഭരണാധികാരികള്‍ക്ക് തോന്നിയില്ലേ? അതോ അതുണ്ടായിരുന്നോ? ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായതാണോ? കേരളത്തിലെ മറ്റു കോര്‍പ്പറേഷനുകളിലും ഇതു തന്നെയാണോ അവസ്ഥ? ഒരുപാട് ചോദ്യങ്ങള്‍. ആരോടു ചോദിക്കും ഇതൊക്കെ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂറത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച ശേഷമാണ് മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത അവിടുത്തുകാര്‍ക്ക് മനസ്സിലായത് എന്നു കേട്ടിട്ടുണ്ട്. ഏതായാലും അന്നത്തെ പ്ലേഗിനുശേഷം, ഏറ്റവും വൃത്തിഹീനമായിരുന്ന സൂറത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി മാറി.

കൊച്ചിയില്‍ ഒന്നും വരാതിരിക്കട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥന.
ഒപ്പം, മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ക്കും നമുക്കോരോരുത്തര്‍ക്കും മനസ്സിലാവട്ടെയെന്നും!

Wednesday, July 25, 2007

അമ്മ

സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നു. എല്ലാവരുടേയും മുഖത്ത് സന്തോഷം. നിറയെ തോരണങ്ങള്‍, പൂക്കള്‍..ഒരു വലിയ വിശേഷം നടക്കാന്‍ പോകുന്നപോലെ!

കൂടെയുള്ളവരില്‍ ഏറ്റവും പിഞ്ചു കുഞ്ഞ് ദൈവത്തിന്റെ അടുത്തേക്ക് ഓടിവന്നു.ആവന്റെ മുഖത്തു മാത്രം ദു:ഖമായിരുന്നു. അവന്റെ ഭാവം കണ്ട് ദൈവം അവനോടു ചോദിച്ചു:
"എന്താ കുഞ്ഞൂ, എന്തു പറ്റി..?"
വളരെ സങ്കടത്തോടെ കുഞ്ഞു പറഞ്ഞു. "എല്ലാവരും പറയുന്നു, കുഞ്ഞൂനെ നാളെ ഭൂമിയിലേക്കു വിടുകയാണെന്ന്..നേരാണോ.?"
സങ്കടം കൊണ്ടോ, സന്തോഷം കൊണ്ടോ, ദൈവത്തിന്റെ കണ്ണുകളും ഈറനായി. ദൈവം പറഞ്ഞു. "അതേ..എന്താ കുഞ്ഞൂന് ഭൂമിയിലേക്കു പോകാന്‍ ഇഷ്ടമില്ലേ..?"

അവന് ആകെ സങ്കടമായി. നൂറു നൂറു ചോദ്യങ്ങള്‍ കുഞ്ഞുവിന്റെ കുഞ്ഞു മനസ്സില്‍ മുളപൊട്ടി. കുഞ്ഞുവിന്റെ മൗനം കണ്ട ദൈവം അവനെയെടുത്ത് മടിയിലിരുത്തിക്കൊണ്ട് ചോദിച്ചു.
"എന്താ കുഞ്ഞൂ ഇഷ്ടമില്ലേ..?"

അവന്‍ കുഞ്ഞിക്കൈകള്‍കൊണ്ട് ദൈവത്തിന്റെ മുഖത്ത് മെല്ലെ തൊട്ടു. ആ നെഞ്ചിലേക്ക് ചാഞ്ഞിരുന്നുകൊണ്ടു പറഞ്ഞു.
"അത് പിന്നെ...."
"പറയൂ, എന്തിനാ കുഞ്ഞു സങ്കടപ്പെടുന്നത്..?"
"അത്..ഞാന്‍ തീരെ കുഞ്ഞല്ലേ, കൂട്ടിനാരുമില്ലാതെ ഞാനെങ്ങനെയാ ഭൂമിയില്‍ തനിയെ..?"
ദൈവം പറഞ്ഞു:
"ഭൂമിയിലുള്ള മാലാഖമാരില്‍ ഒരാളെ ഞാന്‍ കുഞ്ഞുവിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അവള്‍ കുഞ്ഞൂനെ മാത്രം പ്രതീക്ഷിച്ചിരിക്കുകയാണു ഭൂമിയില്‍. കുഞ്ഞുവിന്റെ എല്ലാ കാര്യങ്ങളും അവള്‍ നോക്കിക്കൊള്ളും."

കുഞ്ഞുവിന്റെ മുഖത്തൊരു കുഞ്ഞുപ്രകാശം തെളിഞ്ഞു.

"പക്ഷേ ഇവിടെ സ്വര്‍ഗ്ഗത്തില്‍ എനിക്ക് പാട്ടുപാടിയും കളിച്ചും ചിരിച്ചും നടന്നാല്‍ മതിയായിരുന്നു. അതായിരുന്നു എനിക്കിഷ്ടം. ഭൂമിയില്‍ പോയാല്‍ ഇതൊക്കെ പറ്റുമോ..?"
ദൈവം പറഞ്ഞു:
"ഭൂമിയിലെ കുഞ്ഞുവിന്റെ മാലാഖ എല്ലാ ദിവസവും കുഞ്ഞൂനു വേണ്ടി പാട്ടു പാടും, അവള്‍ കുഞ്ഞൂന് ഒരുപാട് സ്നേഹം തരും. അങ്ങനെ കുഞ്ഞു ഭൂമിയില്‍ എപ്പോഴും സന്തോഷവാനായിരിക്കും".
കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി കുഞ്ഞു വീണ്ടും ചോദിച്ചു:
"പക്ഷേ, ഭൂമിയിലുള്ള ആളുകളോട് ഞാന്‍ എങ്ങനെ സംസാരിക്കും...? എനിക്കവരുടെ ഭാഷ അറിയില്ലല്ലോ..!"
ദൈവം പറഞ്ഞു: "അതാണോ കാര്യം? ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഭൂമിയിലെ മാലാഖ അവളുടെ മധുരമുള്ള ശബ്ദത്താല്‍, ഒരുപാട് സ്നേഹത്തോടെ കുഞ്ഞുവിനെ സംസാരിക്കാന്‍ പഠിപ്പിച്ചു തരും."
കുഞ്ഞുവിന്റെ മുഖം കൂടുതല്‍ പ്രസന്നമായി. തന്റെ കുഞ്ഞിക്കണ്ണുകളുയര്‍ത്തി അവന്‍ വീണ്ടും ചോദിച്ചു.
"അപ്പോള്‍ ഇനി അങ്ങയോടു സംസാരിക്കാന്‍ ഞാന്‍ എന്തു ചെയ്യും?"
ദൈവം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. "ഭൂമിയിലെ കുഞ്ഞുവിന്റെ മാലാഖ കുഞ്ഞുവിന്റെ രണ്ടുകൈകളും കൂട്ടിപ്പിടിപ്പിച്ച് കുഞ്ഞുവിനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കും. അങ്ങനെ കുഞ്ഞുവിന് എപ്പോള്‍ വേണമെങ്കിലും എന്നോട് സംസാരിക്കാന്‍ സാധിക്കും"
അവന്റെ കണ്ണുകളില്‍ വീണ്ടും സംശയഭാവം.
കുഞ്ഞു വീണ്ടും ചോദിച്ചു. "ഭൂമിയില്‍ ഒരുപാട് ചീത്ത മനുഷ്യരുണ്ടാവില്ലേ..അവരില്‍ നിന്നൊക്കെ എന്നെ ആരു സംരക്ഷിക്കും..?"
ദൈവം അവന്റെ നെറ്റിയിലൊരു മുത്തം നല്‍കിക്കൊണ്ടു പറഞ്ഞു:
"ഭൂമിയിലുള്ള മാലാഖ അവളുടെ ജീവന്‍ കളഞ്ഞും കുഞ്ഞൂനെ എപ്പോഴും കാത്തുകൊള്ളും."
കുഞ്ഞുവിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു. അവന്റെയുള്ളില്‍ തന്നെ മാത്രം കാത്തിരിക്കുന്ന ആ മാലാഖയുടെ വര്‍ണ്ണചിത്രങ്ങള്‍ തെളിഞ്ഞു.
എന്നാലും ദൈവം സ്നേഹിക്കുന്നത്രയും തന്നെ സ്നേഹിക്കാന്‍ ആ മാലാഖക്കു കഴിയുമോ, അവനു വീണ്ടും സംശയം.
"എന്താ കുഞ്ഞൂ വീണ്ടും ആലോചിക്കുന്നത്?" ദൈവം ചോദിച്ചു.
"അങ്ങില്ലാതെ ഞാനെങ്ങനെ ഭൂമിയില്‍ ....?"
ദൈവം കുഞ്ഞുവിനെ കെട്ടിപ്പിടിച്ച് ഇടറിയ ശബ്ദ്ത്തോടെ പറഞ്ഞു. "കുഞ്ഞുവിന്റെ മാലാഖയിലൂടെ കുഞ്ഞുവിന് എപ്പോഴും എന്നെ കാണാം. തിരിച്ച് എന്റെയടുത്തെത്താനുള്ള വഴികളും അവള്‍ കുഞ്ഞുവിനെ പഠിപ്പിക്കും."

കുഞ്ഞുവിന്റെ മനസ്സില്‍ ഭൂമിയിലെ തന്റെ മാലാഖ, അവളുടെ സ്നേഹം, ഭാഷ, സംഗീതം, പ്രാര്‍ത്ഥന, സംരക്ഷണം ഇവയൊക്കെ പുതിയ സ്വപ്നങ്ങളായി നിറഞ്ഞു.

അങ്ങനെ ആ സമയം വന്നു ചേര്‍ന്നു. കുഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു. ഭൂമിയില്‍ നിന്ന് തന്റെ മാലാഖയുടെ തളര്‍ന്ന സ്വരം കുഞ്ഞു കേട്ടു. അവന് സങ്കടം തോന്നി. പാവം മാലാഖ! എത്ര നാളായി അവള്‍ കുഞ്ഞുവിനു വേണ്ടി കാത്തിരിക്കുന്നു. ഇനിയും അവളെ സങ്കടപ്പെടുത്തരുതെന്ന് അവന്‍ മനസ്സിലോര്‍ത്തു. കുഞ്ഞുവിന് ഭൂമിയിലെത്തി തന്റെ മാലാഖയെ കാണാന്‍ ധൃതിയായി. അപ്പോഴാണ് കുഞ്ഞു ആലോചിച്ചത് - ഭൂമിയിലുള്ള തന്റെ മാലാഖയെ താന്‍ എന്തു വിളിക്കും?

കുഞ്ഞു തിരിഞ്ഞ് ദൈവത്തോടു ചോദിച്ചു: "ദൈവമേ ഞാനിതാ ഭൂമിയിലേക്കു പോകാന്‍ തയ്യാറായിക്കഴിഞ്ഞു. അവിടെ എന്നെക്കാത്തിരിക്കുന്ന മാലാഖയെ ഞാന്‍ എന്താണ് വിളിക്കേണ്ടത്?"

ദൈവം പറഞ്ഞു : "വളരെ പരിശുദ്ധമാണ് അവളുടെ പേര്"
"എന്താണത്?" - അവന്‍ ആകാംഷയോടെ ചോദിച്ചു.
"നിനക്കവളെ അമ്മ എന്നു വിളിക്കാം!" - ദൈവം പറഞ്ഞു

അടുത്ത നിമിഷം കുഞ്ഞു ഭൂമിയിലെത്തി.
ഒന്നും കാണാന്‍ പറ്റുന്നില്ല. വല്ലാത്ത അസ്വസ്ഥത. ഇതാണോ ഭൂമി? എവിടെ ദൈവം പറഞ്ഞ തന്റെ മാലാഖ? കുഞ്ഞു ഉറക്കെ തന്റെ മാലാഖയെ വിളിച്ചു:
"അമ്മേ...മ്മേ..."
കുഞ്ഞുവിന്റെ മാലാഖ, കുഞ്ഞുവിന്റെ അമ്മ, അവന്റെ സ്വരം കേട്ട നിര്‍വൃതിയില്‍ മെല്ലെ കണ്ണുകളടച്ചു, എന്നിട്ട് മെല്ലെ മന്ത്രിച്ചു : "എന്റെ കുഞ്ഞൂ..!!"

ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഈ മെയിലിന്റെ സ്വതന്ത്ര പരിഭാഷ.

Friday, July 20, 2007

ഉമ്മന്‍ ചാണ്ടിയുടെ ജനസേവനം

ഇന്ന് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ വയനാട് സന്ദര്‍ശനവും, അതിനുശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനവും കാണിച്ചു. വയനാട്ടിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതിയാലും കൃഷി നാശത്താലും കഷ്ടപ്പെടുന്നെന്നും, അവര്‍ക്കിതുവരെ യാതൊരു വിധ ദുരിതാശ്വാസവും ലഭിച്ചിട്ടില്ല എന്നും, ഇത് സര്‍ക്കാറിന്റെ അലംഭാവമാണെന്നും വികാരഭരിതനായി അദ്ദേഹം പറയുന്നതു കണ്ടു.

ഉമ്മന്‍ ചാണ്ടി പറഞ്ഞത് കാര്യം. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കില്‍ അവിടെ ജനങ്ങളുടെ വക്താവാകുകയെന്നത് ഒരു ജനസേവകന്റെ കടമയാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ടതു തന്നെയാണ് അദ്ദേഹം ചെയ്തത്.

പക്ഷെ, ഒരു ചെറിയ സംശയം.
പ്രതിപക്ഷത്തിരിക്കുമ്പോള്‍, ഭരണ കഷിയുടെ പോരായ്മകള്‍ എടുത്തു പറഞ്ഞു കുറ്റപ്പെടുത്താന്‍ മാത്രം കാണിക്കേണ്ടതാണോ ഈ ജനസ്നേഹം?

ഇതിനേക്കാളൊക്കെ പതിന്മടങ്ങു വലിയ ഒരു പ്രകൃതിക്ഷോഭമുണ്ടായി 2004 ല്‍. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 26 ന്. എന്റെ അറിവു ശരിയാണെങ്കില്‍ -കേരളം കണ്ട ഏറ്റവും വലിയ ദുരന്തം - സുനാമി. അന്ന് സുനാമിത്തിരകളില്‍ നമുക്ക് നഷ്ടമായത് 130 ഓളം ജീവന്‍, ആയിരക്കണക്കിന് വീടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍. ആലപ്പുഴയിലും കൊല്ലത്തും തീരദേശങ്ങളില്‍ താമസിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നുമില്ലാത്തവരായി മാറി.


അന്നും നമുക്കിവിടെ ഒരു സര്‍ക്കാറുണ്ടായിരുന്നു. മുഖ്യന്‍ ഇന്നത്തെ പ്രതിപക്ഷ നേതാവു തന്നെ-ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസത്തിന് പണം സമാഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടായി. അതിലേക്ക് നാട്ടില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് പണവുമത്തി. ഔദ്യോതിക കണക്കുകള്‍ പ്രകാരം ഏകദേശം 40 കോടി രൂപ. പക്ഷേ, ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രം എങ്ങുമത്തിയില്ല.

അന്നു സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്കു നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം. പുതിയ വല, ബോട്ട്, പാര്‍പ്പിടം, കിലോമീറ്ററുകളോളം കടല്‍ഭിത്തി. ഒന്നും നടന്നില്ല. അഴീക്കലും ആലപ്പാട്ടും സര്‍ക്കാര്‍ ഇവര്‍ക്കായി ഇരുമ്പു ഷീറ്റുകള്‍ കൊണ്ട് ഓരോ വലിയ ഷെഡ്ഡുകള്‍ ഉണ്ടാക്കി. പുതിയ വീടുകള്‍ ഇന്നു വരും നാളെ വരും എന്ന് സ്വപ്നം കണ്ട് ഈ പാവങ്ങള്‍, കടല്‍ കൊണ്ടുപോകാന്‍ മറന്ന ചട്ടിയും കലവും പെറുക്കി അവിടേക്കു പോയി. ഈ കാത്തിരിപ്പ് ഇന്നും തുടരുന്നു.

ദുരിതാശ്വാസത്തിന്റെ ഭാഗമായി, സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധി പോലെ പല സംഘടനകളും ധനസമാഹരണം നടത്തി. മലയാള മനോരമയടക്കം പല പ്രസ്ഥാനങ്ങളും വീടുകള്‍ വെച്ചു നല്‍കി. സന്നദ്ധരായി വന്ന മറ്റു ചില സംഘടനകളെ സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഉദാഹരണത്തിന് അമൃതാനന്ദ മയീ മഠം. കേരളത്തിന് വേണ്ടാത്ത മഠത്തിന്റെ സഹായം തമിഴ് നാടും ശ്രീലങ്കയും ഇരു കൈയും നീട്ടി സ്വീകരിച്ചു. അവിടെ കുറേ പാവങ്ങള്‍ക്കെങ്കിലും വീടുകള്‍ കിട്ടി.

ഉമ്മന്‍ ചാണ്ടി നയിച്ച കേരള സര്‍ക്കാര്‍ ഒരു വീടുപോലും വെച്ചില്ല - ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അധികാരത്തില്‍ നിന്നിറങ്ങുന്നതു വരെ. അന്നത്തെ പ്രതിപക്ഷം സഭയില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഈ പണം വകമാറ്റി മറ്റു ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപയോഗിച്ചു എന്നാണത്രെ. ഇപ്പോള്‍ ഈ കേസ് കോടതിയിലാണെന്നാണ് അറിവ്. പക്ഷെ, എപ്പോഴത്തെയും പോലെ എങ്ങുമെത്താതെ പോകാനാണ് സാദ്ധ്യത.

മഴ പെയ്തപ്പോള്‍, ഉമ്മന്‍ ചാണ്ടി വയനാട്ടിലേക്കു പോയത് അവിടുത്തെ ജനങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടൊന്നുമല്ല, പുതിയ മേച്ചില്‍ പുറം തേടിയതാണെന്നു മാത്രം. സഹായിക്കാം എന്നു പറഞ്ഞ് കൊല്ലത്തേക്കോ, ആലപ്പുഴയിലേക്കോ ഇനി ചെല്ലാനാവില്ലല്ലോ!

ചുട്ടുപൊള്ളുന്ന വേനലില്‍, ഇരുമ്പു ഷീറ്റിനു കീഴേ രാവും പകലും മനസ്സും ശരീരവും ഉരുകിക്കഴിയുന്ന ആലപ്പാട്ടെ ആ പാവങ്ങളുടെ ദുരിതങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് അമൃത ടി വി യില്‍ വന്നതോര്‍ക്കുന്നു. ഈ പെരുമഴയില്‍ എന്തായിരിക്കും അവിടുത്തെ സ്ഥിതി എന്നോര്‍ത്ത് കണ്ണു നനയുന്നു!

Wednesday, July 18, 2007

നവോദയ ചരിതം

ക്ലാസ്സ് ടൈം ടേബിളില്‍ കുളിക്കാന്‍ ഒരു പീര്യഡ്, ഒരു പക്ഷേ നവോദയ വിദ്യാലയങ്ങളിലേ ഉണ്ടായിരിക്കൂ. അതും പഴയകാല നവോദയ വിദ്യാലയങ്ങളില്‍.

വടകരക്കടുത്ത് പാലയാട് നട എന്ന ഗ്രാമത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച ആശ്വാസ കേന്ദ്രത്തിലാണ് അന്നത്തെ കോഴിക്കോട് നവോദയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാലോ അഞ്ചോ വലിയ ഹാളുകളായിരുന്നു ആശ്വാസ കേന്ദ്രം. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളും മുപ്പതോളം അദ്ധ്യാപകരും താമസിച്ചിരുന്നതും, ക്ലാസ്സുകള്‍ നടത്തിയിരുന്നതും ഈ പരിമിതമായ സൗകര്യങ്ങളിലാണ്. ജലക്ഷാമമായിരുന്നു അന്നത്തെ വലിയൊരു പ്രശ്നം. പൈപ്പില്‍ വല്ലപ്പോഴുമേ വെള്ളം വന്നിരുന്നുള്ളു. പിന്നെയുള്ള ജലസ്രോതസ്സ് ഒരു കുഴല്‍ക്കിണറാണ്. അതും മിക്കപ്പോഴും പണിമുടക്കും, അതുമല്ലെങ്കില്‍ ഇരുമ്പു ചുവയുള്ള ചെളി കലങ്ങിയ വെള്ളം തരും. എന്നാലും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നീണ്ട നിര എന്നും അതിനടുത്തുണ്ടാകുമായിരുന്നു.

വേനല്‍ക്കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ പുറത്തുനിന്ന് വണ്ടിയില്‍ വെള്ളം കൊണ്ടുവന്ന് മെയിന്‍ ടാങ്കിലടിക്കും. അതു പക്ഷെ, മെസ്സ് ആവശ്യങ്ങള്‍ക്കു പോലും തികയാത്ത സ്ഥിതിയായിരുന്നു. കുളിയെ ദിനചര്യയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നു പലര്‍ക്കും. വരട്ടു ചൊറി പോലെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. അങ്ങനെയാണ് എല്ലാവരേയും എല്ലാ ദിവസവും കുളിപ്പിക്കാന്‍ ഒരു പീര്യഡ് മാറ്റിവെച്ചു തുടങ്ങിയത്. എല്ലാ ബാച്ചിനും ദിവസത്തില്‍ ഒരു തവണ കുളി പീര്യഡ്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ആ പീര്യഡില്‍ ചാര്‍ജ്ജുള്ള ഒരു സാറും ടീച്ചറും എവിടെയെങ്കിലും കൊണ്ടുപോയി കുളിപ്പിച്ചു കൊണ്ടുവരണം. അതു ചിലപ്പോള്‍ ടാങ്കറില്‍ വെള്ളമെത്തിച്ചായിരിക്കും, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കൊണ്ടുപോയി, അതുമല്ലെങ്കില്‍ അടുത്തുള്ള പുഴയിലോ കുളത്തിലോ അങ്ങനെ എവിടെയെങ്കിലും.

അങ്ങനെയൊരു കുളിപ്പീര്യഡിലാണ് ഇബ്രാഹിം കുട്ടി സാര്‍ ഞങ്ങള്‍ ഏഴു ബീയിലെ ആണ്‍‍കുട്ടികളെ മണിയൂരില്‍ ഞങ്ങളുടെ പുതിയ നവോദയ സൈറ്റിനടുത്തുള്ള കുഴല്‍ക്കിണറുകളില്‍ കുളിക്കാന്‍ കൊണ്ടുപോകാം എന്നു തീരുമാനിച്ചത്. നവോദയയുടെ വണ്ടിയില്‍ ഡ്രൈവര്‍ ശശിയേട്ടന്‍ ഞങ്ങളെ സാറിനൊപ്പാം സ്ഥലത്തെത്തിച്ചു. അന്നു ഞങ്ങളെല്ലാവരുടേയും സ്വഭാവം എന്തും ആദ്യം ചെയ്യാന്‍ മത്സരിച്ചോടുകയെന്നതാണ്. അസ്സംബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്കായാലും, ക്ലാസ്സ് വിട്ട് ഡോര്‍മിറ്ററിയിലേക്കായാലും, എന്തിനും ഏതിനും ഓടും. ശശിയേട്ടന്‍ വണ്ടി നിര്‍ത്തിയതും ബക്കറ്റും സോപ്പുപെട്ടിയുമായി എല്ലാവരും ചാടിയിറങ്ങി. ബക്കറ്റ് ലൈനില്‍ വെക്കുന്നതിനനുസരിച്ചാണ് വെള്ളമെടുക്കാനുള്ള ക്രമം തീരുമാനിക്കപ്പെടുന്നത്. ആദ്യമാദ്യം ഇറങ്ങിയവര്‍ വെള്ളമെടുത്തു തുടങ്ങി. ചിലര്‍ കുഴല്‍ക്കിണറടിക്കുന്ന കൂട്ടുകാരുടെ അനുമതിയോടെ അല്പം വെള്ളം കടമെടുത്ത് അത്യാവശ്യം വേണ്ട ഡ്രസ്സുകള്‍ നനക്കാനും, മറ്റുള്ളവര്‍ കുളിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എണ്ണ തേച്ച് ട്രൗസറും ഷര്‍ട്ടും മാറ്റി തോര്‍ത്തുടുത്തും നിന്നു.

അപ്പോഴാണ് അല്പമകലെ, ഞങ്ങളപ്പോള്‍ നില്‍ക്കുന്ന കുന്നിന്റെ താഴെ വേറൊരു കുഴല്‍ക്കിണറുണ്ടെന്നും കുറച്ചുപേര്‍ക്ക് അങ്ങോട്ടു പോകാമെന്നും ഇബ്രാഹിം കുട്ടി സാര്‍ പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്ത പാതി, ലൈനില്‍ പുറകിലുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍ ബക്കറ്റും, അഴിച്ചു വെച്ചിരിക്കുന്ന ഡ്രെസ്സുമെടുത്ത് താഴേക്ക് പറന്നു. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പിലോടിയ ആളായിരുന്നു നവീന്‍. കോഴിക്കോടുകാരന്‍. കുത്തനെയുള്ള ഇറക്കമായിരുന്നു അത്, പോരാത്തതിന് ചരല്‍ നിറഞ്ഞ മണ്‍റോഡും. സ്പീഡിലോടിയാല്‍ താഴെ കുഴല്‍ക്കിണറിനടുത്തു ചെന്നേ നില്‍ക്കാന്‍ പറ്റൂ. ഓടിത്തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കുളിപ്പീര്യഡില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടികളേയും കൊണ്ട് ഗീത മിസ്സ് കയറ്റം കയറി വണ്ടിക്കടുത്തേക്കു വരുന്നതു കണ്ടത്. അപ്പോഴേക്കും ഞങ്ങളുടെ ആക്സിലറേഷന്‍ മാക്സിമത്തിലെത്തിയിരുന്നു. ആ പോക്കില്‍ ഏറ്റവും മുന്നിലോടുന്ന നവീന്റെ തോര്‍ത്തഴിഞ്ഞു റോഡില്‍ വീണു. നാണം മറക്കാന്‍ ഇനി ആ ശരീരത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞങ്ങള്‍ നോക്കുമ്പോള്‍ നവീന്‍ പരിപൂര്‍ണ്ണ നഗ്നനായി അതേ സ്പീഡില്‍ താഴേക്ക്, എതിരെ വരുന്ന പെണ്‍കുട്ടികളുടെ മുന്നിലേക്ക് ഓടിയിറങ്ങുകയാണ്. റോഡു നിറഞ്ഞു നടന്നു വന്ന പെണ്‍കുട്ടികള്‍ നവീന്റെ വരവു കണ്ട് ഒരു വശത്തേക്ക് ഒതുങ്ങിക്കൊടുത്തു. അവരെ കടന്ന ശേഷമാണ് അവന് ഓട്ടം നിര്‍ത്താന്‍ പറ്റിയത്. കയറ്റം കയറി തോര്‍ത്തെടുത്തു തിരിച്ചു വന്നപ്പോഴേക്കും നവീന്‍ ലൈനില്‍ അവസാനക്കാരനായിരുന്നു; ഒപ്പം ആ പ്രകടനത്തിനുള്ള സമ്മാനമായി പുതിയ ചെല്ലപ്പേരും - ആര്‍‍ക്കിമെഡീസ്. പെണ്‍കുട്ടികള്‍ നവീന്റെ നഗ്നത കാണാന്‍ കെല്പില്ലാതെ ഗീതാ മിസ്സിനു പിന്നില്‍ മറഞ്ഞു നിന്നുവെന്നും, അതല്ല, എല്ലാം കണ്ടതിനു ശേഷമാണ് അവര്‍ മിസ്സിനു പുറകിലേക്കു മാറിയതെന്നും പല അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പിന്നീടുയര്‍ന്നു വന്നിരുന്നു. ഏതായാലും അതിനുശേഷം കുറെ നാള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ നവീന്‍ വഴിമാറി നടക്കുമായിരുന്നു.

നവോദയ വിദ്യാലയങ്ങളെപ്പറ്റി

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പു കൈകാര്യം ചെയ്ത പി വി നരസിംഹറാവുവാണ് നവോദയ വിദ്യാലയം എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമീണ മേഖലകളിലുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നതായിര്‍ന്നു ലക്ഷ്യം. എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങള്‍. നൂറു ശതമാനം സൗജന്യമായ വിദ്യാഭ്യാസവും, താമസവും, ഭക്ഷണവും, വിദ്യാര്‍ത്ഥികളോടൊപ്പം ഒരേ കാമ്പസില്‍ തന്നെ താമസിക്കുന്ന അദ്ധ്യാപകര്‍, മൊത്തം സീറ്റില്‍ മൂന്നിലൊന്ന് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കണമെന്ന നിര്‍ബന്ധം, ഇംഗ്ലീഷ് മീഡിയത്തിനൊപ്പം മാതൃഭാഷക്കും ദേശീയ ഭാഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന സിലബസ്, പഠനത്തോടൊപ്പം തന്നെ സ്പോര്‍ട്സിനും കലകള്‍ക്കും നല്‍കുന്ന പ്രാധാന്യം, രാജ്യത്തിന്റെ ഇതര കോണുകളലുള്ള മറ്റു നവോദയ വിദ്യാലയങ്ങളിലേക്കുള്ള മൈഗ്രേഷന്‍ സമ്പ്രദായം, അതുവഴി രൂപപ്പെടുന്ന ദേശീയോദ്ഗ്രഥനം എന്നിവയായിരുന്നു നവോദയ വിദ്യാലയങ്ങളെ മറ്റു സ്കൂളുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ ഘടകങ്ങള്‍. (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ)

1988 ല്‍ ആരംഭിച്ച, വടകരക്കടുത്ത് മണിയൂരിലുള്ള കോഴിക്കോട് ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ രണ്ടാം ബാച്ചായി ആറു വര്‍ഷം പഠിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു.

Monday, July 16, 2007

അവകാശ സംരക്ഷണ സേന

സീറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ ആകെ പരിഭ്രാന്തരാണെന്നു തോന്നുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള കോളേജുകളിലും സ്കൂളുകളിലും സര്‍ക്കാര്‍ 50% അഡ്മിഷന്‍ നടത്തുമെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? വിശ്വാസികള്‍ കാണിക്കയിട്ട കാശുകൊണ്ടു കെട്ടിപ്പൊക്കിയ കോളേജുകളില്‍ അങ്ങനെ വഴിയേ പോകുന്നവനെയൊക്കെ വിളിച്ചു കയറ്റി പഠിപ്പിക്കാന്‍ പറ്റുമോ?

കാര്യങ്ങളിങ്ങനെ മുന്നോട്ടു പോകുമ്പോള്‍, സഭയുടെ അവകാശങ്ങള്‍ സം രക്ഷിക്കാന്‍ ഒരു സേന എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായ മാര്‍ ജോസഫ് പഴയാറ്റില്‍. ഇന്നലെ ഇടയന്‍ തന്റെ കുഞ്ഞാടുകള്‍ക്കയച്ച, കുര്‍ബാനക്കിടെ എല്ലാ പള്ളികളിലും വായിച്ച ഇടയലേഖനത്തിലാണ് ഇതു പരാമര്‍ശിച്ചിരിക്കുന്നത്. സേനയുടെ പേര് അവകാശ സംരക്ഷണ സേന, അഥവാ ഏ എസ് എസ്. (ആര്‍ എസ് എസ് എന്ന വാക്കുമായി തോന്നുന്ന സാമ്യം വെറും യാദൃശ്ചികം മാത്രം)

ഈ സേനയുടെ ലക്ഷ്യം സഭക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെ ചെറുക്കുക എന്നതാണ്. എങ്ങനെ ചെറുക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങള്‍ ഉണ്ടാകുമോ, അതോ യേശു ക്രിസ്തു ചെയ്ത പോലെ സഹനസമരമാകുമോ ഇവര്‍ നടത്തുക എന്നത് വ്യക്തല്ല. രണ്ടായാലും സൈനികര്‍ വിശ്വാസികള്‍ തന്നെ. സമരം ചെയ്യാന്‍ മെത്രാന്‍മാരോ അതിനും മുകളിലേക്കുള്ളവരോ ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇനി മുതല്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞ് പ്രതിരോധ പഠന ക്ലാസ്സുകളും, ആയുധ പരിശീലനവും ഉണ്ടാകുന്നതോര്‍ത്ത് ഉള്‍പ്പുളകം തോന്നുന്നു. സഭയുടെ കോളേജുകളിലും സ്കൂളുകളിലും സേനാംഗങ്ങളുടെ പട്റോളിംഗ്. സക്രാരിയില്‍ വിശുദ്ധ കുര്‍ബ്ബാനക്കൊപ്പം ബോംബും ഗ്രനേഡും. അമ്പത്തിമൂന്നു മണി ജപത്തിന് കൊന്ത പിടിക്കേണ്ട കൈകളില്‍ ഏ കെ നാല്പത്തേഴ്.

യേശുവേ, ഇതൊന്നും കാണാന്‍ നില്ക്കാ‍തെ നീ പോയതെത്ര നന്നായി!

പണ്ട് ദേവാലയത്തെ കച്ചവടകേന്ദ്രമാക്കിയതിന് ചാട്ടവാറെടുത്ത നീ, ഇന്ന് നീ സ്ഥാപിച്ച സഭ നടത്തുന്ന കച്ചവടങ്ങള്‍ക്കെതിരെ എന്തു ചെയ്യുമായിരുന്നു?

സഭാധികാരികള്‍ പറയുന്നതനുസരിച്ച് വാളെടുക്കാനൊരുങ്ങുന്ന വിശ്വാസികളുടെ ശ്രദ്ധക്ക്:

സഭ പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ വിശ്വാസികളായ കുഞ്ഞാടുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നല്ല; മറിച്ച്, അവര്‍ക്ക് തോന്നുന്നവര്‍ക്ക് അഡ്മിഷന്‍ നല്‍കാനുള്ള അധികാരം വേണമെന്നാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങ ള്‍ക്ക് നൂറു ശതമാനം സീറ്റിലും അഡ്മിഷന്‍ നടത്താനുള്ള അനുവാദം കൊടുത്താലും, നിന്റെ മകനോ മകള്‍ക്കൊ ആ കോളെജുകളില്‍ അഡ്മിഷന്‍ വേണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. ഇനി മുടക്കാമെന്നാണെങ്കില്‍ തന്നെ നിന്നേക്കാള്‍ ആസ്തിയുള്ളവന്‍ വേറെ വന്നാല്‍ സീറ്റ് അവനേ കിട്ടൂ.

വാല്‍ക്കഷ്ണം:
എ എസ് എസ് ഇംഗ്ലീഷില്‍ കൂട്ടി വായിച്ചാല്‍ - ASS - കഴുത. സഭക്കുവേണ്ടി വാളെടുക്കുന്ന വിശ്വാസി സൈനികന് സഭ കല്പിച്ചിരിക്കുന്ന യത്ഥാര്‍ത്ഥ പരിവേഷം.

Sunday, July 15, 2007

പുര കത്തുമ്പോള്‍...

നാട്ടിലാകെ പനി പടരുന്നു.
പകര്‍ച്ചപ്പനി..ചിക്കുണ്‍ ഗുനിയ..ഡെങ്കി..
ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത മറ്റനേകം തരം പനികള്‍.
കേന്ദ്ര സംഘം വന്നു..പട്ടാളം വന്നു..ബോധവത്കരണവും മരുന്നു തളിയും തകൃതിയായി നടക്കുന്നു..

എന്നിട്ടും..

രോഗബാധിതര്‍ അന്‍പതിനായിരം കവിയുന്നു..
മരണ സംഖ്യ ഉയരുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുന്നു..
മരുന്നില്ല..ആവശ്യത്തിനു ഡോക്ടര്‍മാരില്ല..കേരളം ഒരു വലിയ മാലിന്യക്കൂമ്പാരമായി മാറുന്നു.

അങ്ങനെ കേരളം പനിയാലും മാലിന്യങ്ങളാലും തളരുമ്പോള്‍...

16 ന് , നാളെ എ ഐ വൈ എഫിന്റെ ട്രെയിന്‍ തടയല്‍..സേലം ഡിവിഷന്‍ പ്രശ്നത്തില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ!
17 ന് കോട്ടയത്ത് ബി ജെ പി യുടെ ഹര്‍ത്താല്‍.!
18 ന് യു ഡി എഫിന്റെ കേരള ഹര്‍ത്താല്‍...പനിക്കെതിരെ!

(കൂടുതല്‍ ഹര്‍ത്താല്‍ ഷെഡ്യൂളുകള്‍ക്ക് ഹര്‍ത്താല്‍.കോം സന്ദര്‍‍ശിക്കുക.)

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിനു വേറെ ഉദാഹരണം തേടിപ്പോകണോ..?
ഇതു സമകാലിക രാഷ്ട്രീയം. ജനസേവനമല്ല..ലക്ഷ്യം സ്വയംസേവനം... അല്പം ജനദ്രോഹപരമായാലും.

പക്ഷെ..

ഹര്‍ത്താലായാലും ബന്ദായാലും ട്രെയിന്‍ തടയലായാലും നമ്മള്‍ കേരള ജനതക്ക് ഒരേ വികാരം.
നിസ്സംഗത.
ഇലക്ഷനാകുമ്പോള്‍, രാവിലെ എണീറ്റ് കുളിച്ച് കുറി തൊട്ട് നാം ഈ കപട ജനസേവകരെ വിജയിപ്പിക്കാന്‍
ബൂത്തുകളിലേക്ക് പരക്കം പായുന്നു.

വീടും പരിസരവും വൃത്തിയാക്കി, തലേന്നത്തെ വേസ്റ്റു മുഴുവന്‍ റോഡിലേക്കൊ, പുഴയിലേക്കോ, അയല്‍ക്കാരന്റെ പറമ്പിലേക്കോ ആരും കാണാതെ നിക്ഷേപിച്ച്, കുടുംബത്തോടൊപ്പം മറ്റൊരു ഹര്‍ത്താല്‍ ആഘോഷിക്കുന്നു.

കേരളമെന്നു കേട്ടാല്‍ തിളക്കണം, ചോര നമുക്കു ഞരമ്പുകളില്‍!

Sunday, July 08, 2007

കുടജാദ്രി

എം ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ വായിച്ചതു മുതല്‍ മനസ്സില്‍ കുടിയേറിയിരുന്നു, കുടജാദ്രി. അദ്ധ്യാപകന്റെയും വിദ്യാര്‍ത്ഥിനിയുടെയും സഫലീകരിക്കാത്ത പ്രേമവും, ജീവിതസായന്തനത്തില്‍ ഇരുവരും മൂകാംബികയില്‍ വെച്ച് കണ്ടുമുട്ടുന്നതുമാണ് ഇതിവൃത്തം. ഈ കഥ പിന്നീട് തീര്‍ത്ഥാടനം എന്ന പേരില്‍ സിനിമയായി. അതില്‍ എം ജെ രാധാകൃഷ്ണന്‍ ക്യാമറയില്‍ പകര്‍‍ത്തിയ കുടജാദ്രിയുടെ ദൃശ്യഭംഗികൂടിയായപ്പോള്‍ കുടജാദ്രി ഒരു അഭിനിവേശമായി മാറിക്കഴിഞ്ഞിരുന്നു.

മോഹം പറഞ്ഞപ്പോള്‍ ശങ്കരന്‍ കൂടെവരാന്‍ തയ്യാര്‍.

ഒരു തയ്യാറെടുപ്പും കൂടാതെയായിരുന്നു യാത്ര. ആകെ അറിയാവുന്നത് കൊല്ലൂരേക്ക് ബംഗ്ലൂരില്‍ നിന്ന് എല്ലാ ദിവസവും രാത്രി ഒമ്പതിന് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി യുടെ ബസ്സ് പുറപ്പെടുമെന്നായിരുന്നു. മറ്റെല്ലാം ദേവി മൂകാംബികയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച്, 2003 സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച രാത്രി ഞങ്ങള്‍ കൊല്ലൂരേക്ക് വണ്ടി കയറി.‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ആദ്യം പോകേണ്ടത്. അവിടെ ദര്‍ശനം കഴിഞ്ഞ് കുടജാദ്രി. ബസ്സിലിരുന്ന് ശങ്കരന്‍ മൂകാംബിക ദേവിയുടെ കഥ പറഞ്ഞു.

മൂകാസുരനെ വധിച്ച ആദി ശക്തി(പാര്‍വതി ദേവി) ഭക്തജനങ്ങള്‍ക്ക് ആരാധിക്കാനായി മൂകാംബിക എന്ന നാമത്തില്‍ സ്വയമേ കുടികൊണ്ടതാണ്(സ്വയംഭൂ) കുടജാദ്രിയില്‍. ശങ്കരാചാര്യര്‍ പിന്നീട് ഇവിടെയെത്തി ദേവിയെ കൊല്ലൂരില്‍ കൊണ്ടുവന്ന് അവിടെ മഹാലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ.

ഉണരുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ബസ് അപ്പോള്‍ ഒരു മലയിറങ്ങുകയായിരുന്നു. ചുറ്റും കനത്ത കാട്. നിട്ടൂര്‍ ആയിരുന്നു സ്ഥലം. ഈ സ്ഥലത്തുനിന്നാണ് കുടജാദ്രിയിലേക്കുള്ള വാഹനങ്ങള്‍ തിരിയേണ്ടത്. ദേവി മൂകാംബികയെ തൊഴുത ശേഷം കുടജാദ്രിയിലേക്ക് കാട്ടിലൂടെ നടക്കാനായിരുന്നൂ ഞങ്ങളുടെ പ്ലാന്‍.

കൊല്ലൂരില്‍ ബസ്സിറങ്ങി ആദ്യം കണ്ട അന്നപൂര്‍ണ്ണ ഹോട്ടലില്‍ മുറിയെടുത്തു. വേഗം കുളിച്ച്, വസ്ത്രം മാറി ക്ഷേത്രത്തിലേക്കു പോയി. ഞങ്ങള്‍ എത്തിയപ്പോഴേക്കും നിര്‍മ്മാല്യം കഴിഞ്ഞിരുന്നു. ശങ്കരനൊപ്പം ക്ഷേത്രം വലം വെച്ച്, സര്‍വൈശ്വര്യദായിനിയായ മൂകാംബികയെ തൊഴുതു. ഭക്തരില്‍ കൂടുതലും മലയാളികളാണെന്നു തോന്നി-എങ്ങും മലയാളം കേള്‍ക്കാമായിരുന്നു. നവരാത്രി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ പലയിടത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. സരസ്വതി മണ്ടപം ശങ്കരന്‍ കാണിച്ചു തന്നു. ഇവിടെയിരുന്നാണ് നവരാത്രി നാളില്‍ യേശുദാസും മറ്റും പാടുന്നത്. അന്നും പലരും അവിടെ പാടുകയും, വിവിധ വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ അതു കണ്ടുനിന്നു. ഉപപ്രതിഷ്ഠകളും തൊഴുത് ഞങ്ങള്‍ മുറിയിലേക്കു മടങ്ങി.

റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ സൗപര്‍ണ്ണികയിലേക്കു പോയി. കുടജാദ്രിയില്‍ ഉദ്ഭവിച്ച്,മൂകാംബിക ദേവി ക്ഷേത്രത്തെ തുഴുകിയൊഴുകുന്ന പുണ്യ നദിയാണ് സൗപര്‍ണ്ണിക. കുടജാദ്രി മലയിലെ ഔഷധ സസ്യങ്ങളെ തഴുകിവരുന്ന സൗപര്‍ണ്ണികാതീര്‍ത്ഥം സര്‍വ്വരോഗ സംഹാരിയാണ് എന്നു പറയപ്പെടുന്നു. ഭരതം സിനിമയില്‍ മോഹന്‍ലാല്‍ മൂകാംബികയെക്കുറിച്ച് പാടുന്ന "സൗപര്‍ണ്ണികാമൃത വീചികള്‍ പാടും..നിന്റെ സഹസ്ര നാമങ്ങള്‍.." എന്ന ഗാനമായിരുന്നു നടക്കുമ്പോള്‍ മനസ്സുനിറയെ, പിന്നെ ഒരുപാടാഗ്രഹിച്ചതെന്തോ കാണാന്‍ പോകുന്നതിന്റെ ഒരു പിടച്ചിലും.

സ്വച്ഛമായി ഒഴുകുന്ന ഒരു കൊച്ചരുവിയായിരുന്നു ഞാന്‍ കണ്ട സൗപര്‍ണ്ണിക. തെളിനീര്‍. കുളിക്കാന്‍ പടവുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നു. പുഴയ്ക്ക് അവിടെ ആഴവും, ഒഴുക്കും കുറവായിരുന്നു-ഭക്തര്‍ക്ക് ദേഹശുദ്ധിവരുത്താന്‍ വേണ്ടിയെന്നപോലെ. തണുത്ത ജലം, ചുറ്റിലും പൂമരങ്ങള്‍, മന്ദമാരുതന്‍-മനസ്സിനും ശരീരത്തിനും കുളിര്‍മ്മ പകരുന്നതായിരുന്നു സൗപര്‍‍ണ്ണികയിലെ ആ കുളി. സമയം പോയതറിഞ്ഞില്ല. എത്ര കുളിച്ചിട്ടും മതിയാവാത്ത പോലെ. ഒടുവില്‍, ശങ്കരന്‍ വസ്ത്രം മാറി തിരിച്ചു നടന്നു തുടങ്ങിയ ശേഷമാണ്, ഞാന്‍ കരയ്ക്കു കയറിയത് - മനസ്സില്ലാ മനസ്സോടെ. ഇത്ര വേഗം മടങ്ങുകയാണോ എന്ന് സൗപര്‍ണ്ണികയിലെ ഓളങ്ങള്‍ എന്നോടു ചോദിക്കും പോലെ.

കൊല്ലൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുടജാദ്രിയിലേക്കു പോകാനുള്ള വഴിയന്വേഷിച്ചു. കൊലൂര് നിന്നും ജീപ്പുണ്ട്. 1500 രൂപക്ക് മല കയറ്റിയിറക്കും. ദൂരം 36 കിലോമീറ്റര്‍. നടന്നും പോകാം. കരഗട്ടെ എന്ന സ്ഥലം വരെ ബസ്സില്‍ പോയി അവിടെ നിന്ന് കാട്ടിലൂടെ 18 കിലോമീറ്റര്‍ നടക്കണം. കാശുചെലവില്ല എന്നു മാത്രമല്ല, കാഴ്ചകള്‍ കാണാം, വേണമെങ്കില്‍ രാത്രി അവിടെ താമസിക്കുകയും ചെയ്യാം. ജീപ്പിനു പോയാല്‍ അവര്‍ക്കൊപ്പം തിരിച്ചിറങ്ങണം. താമസിക്കാമെന്നു വെച്ചാല്‍ പിറ്റേദിവസം തിരിച്ചിറക്കാന്‍ 1500 വേറെ കൊടുക്കണം.

കരഗട്ടെയില്‍ ബസ്സിറങ്ങി, ഞങ്ങള്‍ കുടജാദ്രിയിലേക്ക് നടന്നു തുടങ്ങി. കുറേ ദൂരം ഒരുവിധം വീതിയുള്ള വഴിയുണ്ടായിരുന്നു, പക്ഷെ വാഹനങ്ങളൊന്നും കണ്ടില്ല. അങ്ങകലെ ഞങ്ങള്‍ക്കെത്തേണ്ട കുടജാദ്രിയുടെ ഗിരിശൃംഗങ്ങള്‍ കാണാമായിരുന്നു. തളരുമ്പോള്‍ അല്പം വിശ്രമിച്ചും, കൈയില്‍ കരുതിയ വെള്ളം കുടിച്ചും ഞങ്ങള്‍ ഏകദേശം 2 മണിക്കൂറോളം നടന്നു. ഇടക്കു വെച്ച് വഴി രണ്ടായി പിരിയുന്നു. കന്നഡയില്‍ അവിടെ ഒരു ബോര്‍ഡും ഉണ്ടായിരുന്നു. ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന ആരോ ചൂണ്ടുന്ന ദിശയിലായിരിക്കണം കുടജാദ്രി എന്നൂഹിച്ച് ആ വഴി നടന്നു. അല്പം നടന്നപ്പോള്‍ ഇടതുവശത്തായി ഒരു ഹോട്ടല്‍. ഈ കാട്ടിലും ഹോട്ടലോ എന്നദ്ഭുതപ്പെടുമ്പോഴേക്കും മലയാളത്തില്‍ കുശലാന്വേഷണം. ആലപ്പുഴക്കാരന്‍ തങ്കപ്പന്‍ നായരാണ് കട നടത്തുന്നത്. ആ സ്ഥലത്തിന്റെ പേര് വല്ലൂര്‍. ചായ സമയമായിട്ടില്ല. ഞങ്ങള്‍ക്ക് വഴി തെറ്റിയിട്ടില്ല. കുടജാദ്രിയിലേക്കുള്ള യഥാര്‍‍ത്ഥ കയറ്റം തുടങ്ങുന്നത് അവിടെ നിന്നാണത്രെ. അവിടെ നിന്നും ഏകദേശം 8 കിലോമീറ്റര്‍. എം ടി യെക്കുറിച്ചും തീര്‍ത്ഥാടനം സിനിമയേപ്പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഷൂട്ടിംഗിനു മുന്‍പ് ഒരു തവണ എം ടി അതുവഴി വന്നിരുന്നുവെന്നും, പിന്നീട് അസൗകര്യം നിമിത്തം സിനിമയില്‍ ജീപ്പില്‍ കുടജാദ്രിയിലേക്കു പോകുന്നതായി ചിത്രീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊറോട്ടയും സാമ്പാറും കഴിച്ച് കൈയിലുണ്ടായിരുന്ന ബോട്ടിലില്‍ മലയിടുക്കില്‍ നിന്ന് ഹോസിലൂടെ ഒഴുകിയെത്തുന്ന തണുത്ത വെള്ളവും നിറച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

തങ്കപ്പന്‍ നായര്‍ പറഞ്ഞതിനേക്കാള്‍ കഠിനമായിരുന്നു പിന്നീടുള്ള യാത്ര. കുത്തനെയുള്ള കയറ്റം, ഒറ്റയടിപ്പാത, വഴുക്കലുള്ള പാറകള്‍, എത്ര പറിച്ചെറിഞ്ഞാലും ഷൂവിനിടയിലൂടെ കാലിലേക്ക് കുത്തിയിറങ്ങുന്ന അട്ടകള്‍. അട്ടകളെ പേടിച്ച് വിശ്രമം പോലും വേണ്ടെന്നു വെച്ച് നടക്കേണ്ടി വന്നു. ഞങ്ങള്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് സംരക്ഷിത വനമേഖലയായ മൂകാംബിക നാഷണല്‍ പാര്‍ക്കിലൂടെയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ പുല്‍മേടുകളായി. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കുത്തനെയുള്ള പച്ചപ്പ്. ഒരു പരുന്ത് കുറെ നേരം ഞങ്ങള്‍ക്കു മുകളില്‍ വട്ടമിട്ടു പറന്നു. ആ പുല്‍മേടുകളും പരുന്തും നല്‍കിയ വ്യൂ പകര്‍ത്താന്‍ ഒരു ക്യാമറ അന്നില്ലാതെപോയതിന്റെ ദു:ഖം ഇന്നും മാറിയിട്ടില്ല.

വല്ലൂരില്‍ നിന്നു വീണ്ടും ഏകദേശം രണ്ടു മണിക്കൂറോളം നടക്കേണ്ടി വന്നു ഞങ്ങള്‍ക്ക് മൂലമൂകാംബിക ക്ഷേത്ര സമുച്ചയത്തിലെത്താന്‍. മൂലമൂകാംബിക എന്നറിയപ്പെടുന്ന ആദിശക്തി(ഉമ-പാര്‍വതി) യാണ് പ്രധാന പ്രതിഷ്ഠ. താമസ സൗകര്യത്തിനായി കെ എസ് റ്റി ഡി സി യുടെ ഒരു ചെറിയ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ മുറികള്‍ ഒഴിവുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജാരിയുടെ (അഡിഗ) വീട്ടില്‍ താമസിക്കാന്‍ പറ്റിയേക്കുമെന്ന് ഗസ്റ്റ് ഹൗസിന്റെ വാച്മാനാണ് പറഞ്ഞത്. അന്വേഷിച്ചപ്പോള്‍ അവിടെ ഒരു മുറി തരാമെന്നു സമ്മതിച്ചു. ഭക്ഷണവും അവര്‍ തരും. തീരെ ചെറിയ ഒരു തുക കൊടുത്താല്‍ മതി.

ബാഗ് മുറിയിലെടുത്തു വെച്ച്, അഡിഗയുടെ ഭാര്യ തന്ന ചായ കുടിച്ച്, അവര്‍ പറഞ്ഞതനുസരിച്ച് ഇരുട്ടും മുന്‍പ് ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേക്കു പോയി. വഴിയില്‍ ഗണേശ ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹയും, അഗസ്ത്യ തീര്‍ത്ഥം എന്ന ചെറിയൊരു ജലധാരയും കണ്ടു. ഔഷധ ഗുണമുള്ളതാണത്രെ ഈ ജലം. ഞാന്‍ ഒരല്പം കൈക്കുമ്പിളിലെടുത്ത് കുടിച്ചു.

ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മണ്ടപമാണ് സര്‍വജ്ഞപീഠം. ഈ പുരാതന ക്ഷേത്രത്തിലാണത്രെ ശങ്കരാചാര്യര്‍ ദേവിയുടെ മൂലപ്രതിഷ്ഠ നടത്തിയത്. ശങ്കരപീഠമന്നും ഇതറിയപ്പെടുന്നു. ഒരു കുന്നിന്റെ നെറുകയിലാണ് സര്‍വജ്ഞപീഠം. ഇവിടെനിന്ന് കുന്നിറങ്ങി മറുവശത്തേക്ക് നടന്നാല്‍ പുരാതനമായ ചിത്രമൂല ഗുഹയിലെത്താം. പുരാണങ്ങളില്‍ പറയുന്ന കോലമഹര്‍ഷിയും, പിന്നീട് ശങ്കരാചാര്യരും തപസ്സനുഷ്ഠിച്ചത് ഇവിടെയാണ്. അപ്പോഴും അവിടെ ഒരു സന്യാസി തപസ്സു ചെയ്യുന്നുണ്ടെന്നാണ് ശങ്കരപീഠത്തില്‍ കണ്ട ആളുകള്‍ പറഞ്ഞത്. ചുറ്റും കാട്. ഇടക്കിടെ വഴുക്കലുള്ള പാറകള്‍. കീഴ്ക്കാംതൂകായ ഇറക്കം. മരങ്ങളുടെ വേരുകളില്‍ പിടിച്ചായിരുന്നു താഴേക്കിറങ്ങിയത്. എത്ര ദൂരം അങ്ങനെ പോയെന്നറിയില്ല. കുറെ ദൂരം ചെന്നപ്പോള്‍, പാറയിടുക്കില്‍ അല്പം ഉയരത്തില്‍ ചെത്തിയുണ്ടാക്കിയ ആ ഗുഹ ദൂരെ നിന്ന് ഞങ്ങള്‍ കണ്ടു. മുകളിലേക്ക് കയറാന്‍ രണ്ടു മരക്കഷ്ണങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ ഗോവണിയും. ഇനി തിരിച്ചു പോകാമെന്നായി ശങ്കരന്‍. ഇത്ര ദൂരം വന്ന സ്ഥിതിക്ക് സന്യാസിയെ കാണാതെ മടങ്ങാന്‍ മനസ്സനുവദിച്ചില്ല. ശങ്കരന്‍ താഴെ നിന്നു. കുറച്ച് പേടിയോടെയാണെങ്കിലും ഞാന്‍ മുകളിലേക്കു കയറി. ഒരു കമണ്ടലുവും, കുറെ പൂജാസാധനങ്ങളുമല്ലാതെ സന്യാസിയെ കാണാന്‍ പറ്റിയില്ല. അദ്ദേഹം കുളിക്കാനോ മറ്റോ പോയതായിരിക്കുമെന്നൂഹിച്ചു‍. കുറച്ചു നേരം അവിടെ നിന്ന്, തിരിച്ച് മലകയറി ശങ്കരപീഠത്തിനടുത്തെത്തിയപ്പോഴേക്കും ചുറ്റും ഇരുട്ടു കനത്തിരുന്നു. കുറച്ചു മലയാളികള്‍ അവിടെയുണ്ടായിരുന്നു. അവരോടു സംസാരിച്ച് അല്പ സമയം കൂടി ശങ്കരപീഠത്തിനടുത്തിരുന്ന് ഞങ്ങള്‍ അഡിഗയുടെ വീട്ടിലേക്കു തിരിച്ചു പോയി.

കുളിച്ചു വന്ന ശേഷം അഡിഗ ഞങ്ങള്‍ക്കുവേണ്ടി ദേവീ വിഗ്രഹത്തില്‍ പ്രത്യേകം പുഷ്പാര്‍ച്ചന നടത്തി.
പിറ്റേന്നു രാവിലെ മടങ്ങാനായിരുന്നു പ്ലാന്‍. 18 കിലോമീറ്റര്‍ തിരിച്ചു നടക്കാന്‍ തോന്നിയില്ല. രാവിലെ സന്ദര്‍ശകരേയും കൊണ്ട് ഏതെങ്കിലും ജീപ്പ് വരുമെന്നും അതില്‍ മടങ്ങാമെന്നും അഡിഗ പറഞ്ഞു.

രാവിലെ കുളിച്ച്, ദര്‍ശനം നടത്തി, ഭക്ഷണം കഴിച്ച് ഞങ്ങള്‍ വാഹനം പ്രതീക്ഷിച്ചിരിപ്പു തുടങ്ങി. 9 മണിയായിട്ടും ഒന്നും വരുന്ന ലക്ഷണം കണ്ടില്ല. അവസാനം ജീപ്പ് വരുന്ന വഴിയിലൂടെ തിരിച്ചു നടക്കാമെന്നു തീരുമാനിച്ചു. അഥവ ഏതെങ്കിലും വാഹനം വരുകയാണെങ്കില്‍ അതില്‍ കയറാമല്ലൊ. അഡിഗയോടും, കുടുംബത്തോടും നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ചു നടന്നു. ഇടക്ക് ഒന്നുരണ്ടു ജീപ്പുകള്‍ ആളുകളേയും കൊണ്ട് ക്ഷേത്രത്തിലേക്കു പോകുന്നതു കണ്ടെങ്കിലും ഒന്നും മടങ്ങി വന്നില്ല. ഈ ദൂരമത്രയും ഞങ്ങളെ നടന്നത്തണമെന്നു തന്നെയായിരുന്നിരിക്കണം ദേവിയുടെ അഭീഷ്ടം.

നഗോഡിയിലെത്തിയപ്പോള്‍ ഉഡുപ്പിയിലേക്ക് ഒരു ഓട്ടോ കിട്ടി. അപ്പോഴേക്കും ഏകദേശം 20 കിലോമീറ്ററോളം ഞങ്ങള്‍ പിന്നിട്ടിരുന്നു. നടന്നു തളര്‍ന്നുവെങ്കിലും പ്രകൃതിയുടെ മനോഹാരിത ആവോളം ആസ്വദിച്ച മറ്റൊരു യാത്ര ഇന്നോളം വേറെ ഉണ്ടായിട്ടില്ല.

ഉഡുപ്പിയില്‍ വന്ന് മംഗലാപുരത്തേക്കും അവിടെ നിന്ന് രാത്രി ബാംഗ്ലൂരേക്കും ഞങ്ങള്‍ വണ്ടി കയറി.

Monday, July 02, 2007

കോടീശ്വരന്‍ ലാല്‍

എം ജി യൂണിവേഴ്സിറ്റിയില്‍ എം സി എ ചെയ്യുന്ന കാലം. ഏറ്റുമാനൂരമ്പലത്തിന്റെ കിഴക്കേ നടയ്ക്കരികത്ത് "രാജേഷ് ഭവനി"ല്‍ ഒന്നാം നിലയില്‍ പേയിംഗ് ഗസ്റ്റ് ആയി താമസം. അവിടെ ഞങ്ങള്‍ പതിനഞ്ചോളം ബാച്ച് ലേഴ്സ്. യൂണിവേഴ്സിറ്റിയിലും ഏറ്റുമാനൂരപ്പന്‍ കോളേജിലും കോട്ടയത്തുമൊക്കെ വിവിധ കോഴ്സുകള്‍ പഠിക്കുന്നവര്‍.
നേരമ്പോക്കിന് വാചകമടി, റോഡിലൂടെ പോകുന്നവരെ വായനോട്ടം, രഹസ്യമായി ചീട്ടുകളി, തരം കിട്ടുമ്പോഴൊക്കെ വെള്ളമടി..അങ്ങനെ സംഭവബഹുലമായി കഴിഞ്ഞുപോയ നാളുകള്‍.

ക്ലാസ്സില്‍ പോയാലും ഇല്ലെങ്കിലും, നാലു നേരവും താഴെ കനകാന്റിയുടെ സ്വാദുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവരും ക്രുത്യമായി ഹാജര്‍ വെച്ചിരുന്നു. കൂടെയിരുന്നു നാട്ടുകാര്യങ്ങള്‍ പറഞ്ഞ്, കോളേജ് വിശേഷങ്ങള്‍ കേട്ട്, ഭക്ഷണം വിളമ്പിയിരുന്ന ആന്റി ഞങ്ങള്‍ക്കെല്ലാം അരികത്തുള്ള അമ്മയായിരുന്നു.

അക്കാലത്താണ് സ്റ്റാര്‍ പ്ലസില്‍ അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ ക്രോര്‍പതി തുടങ്ങിയത്. എല്ലാവരുടെയും ദിനചര്യയില്‍ ഒരു അവിഭാജ്യഘടകമായി ആ ഒരു മണിക്കൂര്‍ നേരം. ബച്ചന്റെ ചോദ്യത്തിന്റെ ഉത്തരം അറിയാവുന്നവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം കഴിവു പ്രകടിപ്പിക്കാന്‍ പറ്റിയ ഒരവസരം കൂടിയായിരുന്നു അത്.
ഒന്നാം ക്ലസ്സിലെ കുട്ടികള്‍ കൂടി പറയുന്ന സിമ്പിള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ആളുകള്‍ ലക്ഷങ്ങളും കോടികളും സമ്മാനം വാങ്ങുന്നത് കണ്ട് എല്ലാവര്‍ക്കും, ഒരു കൈ നോക്കിയാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം സ്വാവാഭികമായും ഉണ്ടായിരുന്നു. പക്ഷെ, എയര്‍ടെല്‍ മൊബൈലിലൂടെ അവര്‍ നല്‍കുന്ന നമ്പറിലേക്കു വിളിച്ചാല്‍ മാത്രമേ പ്രാഥമിക റൗണ്ടിലേക്കു പരിഗണിക്കുകയുണ്ടായിരുന്നുള്ളൂ. അന്ന് ഏറ്റുമാനൂരോ കോട്ടയത്തോ ഒന്നും എയര്‍ടെല്‍ ഉണ്ടായിരുന്നുമില്ല.

ക്രോര്‍പതിയുടെ വന്‍ ജനപ്രീതിയാവണം, സൂര്യ ടി വിയില്‍ 'കോടീശ്വരന്‍' എന്ന പേരില്‍ സമാനമായ മറ്റൊരു പരിപാടി തുടങ്ങാന്‍ കാരണം. മുകേഷായിരുന്നു അവതാരകന്‍. മുകേഷ് ഓരോ ദിവസവും അന്നത്തെ എപ്പിസോഡിനു ശേഷം നല്‍കുന്ന ഒരു ചോദ്യത്തിന് ശരിയുത്തരം പോസ്റ്റ് കാര്‍ഡില്‍ എഴുതി അയക്കുന്നവരില്‍ നിന്ന് നറുക്കെടുത്തായിരുന്നു പ്രാഥമിക റൗണ്ടിലേക്കുള്ള പ്രവേശനം. ഈ റൗണ്ടിലെത്തിയവരെ സൂര്യയില്‍ നിന്ന് ടെലഫോണില്‍ വിളിച്ച് വീണ്ടും അഞ്ച് ചോദ്യങ്ങള്‍ നല്‍കും. അവയ്ക് ശരിയുത്തരം എഴുതി അയച്ചാല്‍ മുകേഷിനൊപ്പം സൂര്യയില്‍ പ്രത്യക്ഷപ്പെടാം. ഞങ്ങളൊക്കെ ആവേശത്തോടെ ഉത്തരങ്ങള്‍ അയച്ചു തുടങ്ങിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും സൂര്യയില്‍നിന്നൊരു വിളി വന്നില്ല. ഇതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല എന്നു സമാധാനിച്ച്, വീണ്ടും വെറും കാഴ്ച്ചക്കാരായി മാത്രം മാറി എല്ലാവരും.

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ഊണുകഴിക്കാന്‍ രാജേഷ് ഭവനിലെത്തിയതായിരുന്നു ഞാനും ദീപക്കും. അന്നു ക്ലാസില്ല എന്നു പറഞ്ഞ് കോട്ടയത്ത് മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന അനൂപ് അവിടെയുണ്ടായിരുന്നു. മുണ്ടക്കയം കാരന്‍ അച്ചായന്‍. വീട്ടിലെ കാശ് എങ്ങനെയെങ്കിലും പൊടിച്ചു തീര്‍ക്കാന്‍ മാത്രമായി പഠിക്കാന്‍ വന്നവന്‍. വെള്ളമടി, ചീട്ടുകളി, പാരവെപ്പ് എന്നിവ പ്രധാന ഹോബികള്‍. എന്നാല്‍ പിന്നെ തലേന്നത്തെ റമ്മിയുടെ ബാക്കി കളിച്ചുകളയാമെന്നായി അനൂപ്. ക്ലാസില്‍ പോകുന്നതിനേക്കാള്‍ നല്ലത് അതാണെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങനെ കുറേ നേരം കളിച്ച് ക്ഷീണം തീര്‍ക്കുമ്പോഴാണ് അനൂപിന്റെ തലയില്‍ ആ ബുദ്ധിയുദിച്ചത്.

"ലാലിനിട്ടൊരു പാര പണിതാലോ..?"

ഞങ്ങളുടെ സഹമുറിയനായിരുന്നു കായംകുളം സ്വദേശി ലാല്‍. താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്നു വാദിക്കുന്നവന്‍. തരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പാര പണിയുന്നവന്‍. ആ സമയത്ത് കോളേജിലാണ് ലാല്‍. വെള്ളിയാഴ്ചയായതിനാല്‍ വൈകുന്നേരം അവന്‍ വീട്ടിലേക്ക് പോകും. അനൂപിന്റെ നിര്‍ദ്ദേശത്തിനെ ഞങ്ങള്‍ രണ്ടുപേരും ആവേശത്തോടെ പിന്താങ്ങി. നല്ലയൊരു പാരയ്ക്കായി തലപുകച്ച ഞങ്ങള്‍ക്കു മുന്‍പില്‍ അനൂപ് തന്നെ ഐഡിയയും വെച്ചു - ലാലിനെ 'കോടീശ്വരന്‍' ആക്കുക.

ലാല്‍ പലതവണ സൂര്യയിലേക്ക് ഉത്തരം എഴുതി അയച്ചിട്ടുണ്ട് എന്നുറപ്പാണ്. അപ്പോള്‍ അടുത്തപടി സൂര്യയില്‍ നിന്നു വിളി വരുക എന്നതാണ്. ലാലിന്റെ വീട്ടിലേക്കു വിളിക്കണം, കാരണം വീട്ടിലെ നമ്പറാണ് അവന്‍ ഉത്തരങ്ങള്‍ക്കൊപ്പം പോസ്റ്റ് കാര്‍ഡില്‍ എഴുതിയയച്ചിരിക്കുന്നത്. വിളിച്ചാല്‍ മാത്രം പോര. അഞ്ചു ചോദ്യങ്ങളും നല്‍കണം. അപ്പോള്‍ മനസ്സില്‍ തോന്നിയ അഞ്ചു ചോദ്യങ്ങള്‍ ഞങ്ങള്‍ എഴുതിയുണ്ടാക്കി. മലയാളത്തിലെ ആദ്യത്തെ വെബ് സൈറ്റേത്, ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് ഏത്, അമേരിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ ആയി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോള്‍ താരം..അങ്ങനെ അഞ്ചു ചോദ്യങ്ങള്‍.

ലാലിന്റെ വീട്ടിലെ നമ്പര്‍ താഴെ ആന്റിയുടെ കൈയില്‍ നിന്നു വാങ്ങി, ചോദ്യങ്ങളുമായി ഞങ്ങള്‍ ഏറ്റുമാനൂര്‍ ടൗണില്‍ പരിചയമുള്ള ഒരു ബൂത്തിലേക്കു വെച്ചുപിടിച്ചു. ലാലിന്റെ അച്ഛനും അമ്മക്കും കാര്യമായി ഇംഗ്ലീഷ് അറിയാന്‍ വഴിയില്ല എന്നു തോന്നിയതിനാല്‍, ഇംഗ്ലീഷില്‍ തന്നെ പറയാം എന്നു തീരുമാനിച്ചു. അനൂപ് ആണ് സംസാരിച്ചത്.

"ഹലോ..ദിസ് ഈസ് മുകേഷ് കോളിംഗ് ഫ്രം സൂര്യ ടി വി ചെന്നൈ..മേ ഐ സ്പീക് ടു മിസ്റ്റര്‍ ലാല്‍ പ്ലീസ്..."
അമ്മയായിരിക്കണം ഫോണ്‍ എടുത്തത്. "ഞാന്‍ മോള്‍ക്കു കൊടുക്കാം" എന്നു പറഞ്ഞ് അമ്മ ലാലിന്റെ ചേച്ചിക്ക് ഫോണ്‍ കൈമാറി.
അതു ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ചേച്ചിയാണെങ്കില്‍ വല്ലാത്ത ഇംഗ്ലീഷും. എങ്ങനെയൊക്കെയോ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ച്, അഞ്ചു ചോദ്യങ്ങളും എഴുതിയെടുപ്പിച്ച് , ഉത്തരങ്ങള്‍ അയക്കേണ്ട അഡ്രസ്സും, ആവശ്യമെങ്കില്‍ വിളിക്കാന്‍ മദ്രാസിലെ ഒരു ഫോണ്‍ നമ്പറും കൊടുത്ത് ഫോണ്‍ വെച്ചപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. ഈ നമ്പര്‍ അന്ന് മദ്രാസിലുണ്ടായിരുന്ന എന്റെ ഒരു സുഹ്രുത്തിന്റെയായിരുന്നു!

ഞങ്ങള്‍ മൂന്നു പേരല്ലാതെ മറ്റാരും ഇക്കാര്യം അറിഞ്ഞില്ല.

തിങ്കളാഴ്ച ലോട്ടറിയടിച്ച സന്തോഷത്തിലാണ് ലാല്‍ രാജേഷ് ഭവനിലെത്തിയത്. എല്ലാവരോടും മുകേഷ് വിളിച്ച കാര്യം പറഞ്ഞു; ലഡു വിതരണം ചെയ്തു, കൂടുതല്‍ ചെലവ് മദ്രാസില്‍ പോയി വന്നിട്ടാകാമെന്നു വാഗ്ദാനവും ചെയ്തു.
ലാലിനുവേണ്ടി ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം ചിരിയടക്കി ഞങ്ങളും കൂടി. സത്യാവസ്ഥ മറ്റുള്ളവരോട് പങ്കുവെക്കണമെന്നുണ്ടായിരുന്നെങ്കിലും, കനകാന്റി എങ്ങനെ പ്രതികരിക്കുമെന്നു ഭയന്ന് ആരോടും പറഞ്ഞില്ല.

ഞങ്ങള്‍ പ്രതീക്ഷിക്കാത്ത മറ്റൊരു അനുബന്ധവും ഇതിനുണ്ടായി. മത്സരാര്‍ത്ഥിക്ക് ഒരു സുഹ്രുത്തിനെക്കൂടെ കൂടെ കൊണ്ടുപോകാം എന്നുണ്ടായിരുന്നു. അത് സുഹ്രുത്തായ ജിബിയാവട്ടെ എന്നായി ലാല്‍. ഇതറിഞ്ഞ ജിബിയാവട്ടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ മണിക്കൂറുകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ ചെലവിട്ടുതുടങ്ങി.

ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരങ്ങള്‍ എല്ലാം കിട്ടി. ഞങ്ങളുടെ മനസ്സില്‍ അപ്പോള്‍ തോന്നിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും വിശദീകരണങ്ങളും കേട്ട് ഞങ്ങള്‍ തന്നെ അദ്ഭുതപ്പെട്ടു പോയ സമയം. അവ സൂര്യയുടെ മദ്രാസിലെ അഡ്രസ്സിലേക്ക് അയച്ച്, സെലക്ഷന്‍ അറിയിച്ചുക്കൊണ്ടുള്ള വിളി വരുന്നതും കാത്തിരിപ്പായി ലാല്‍. സെലക്ഷന്‍ കിട്ടുമെന്നുള്ളത് ഉറപ്പായിരുന്നു, കാരണം, ഉത്തരങ്ങളെല്ലാം നൂറു ശതമാനം ശരിയാണ്. പക്ഷെ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ലാലിനെ സൂര്യയില്‍ നിന്ന് ആരും വിളിച്ചില്ല.

പിന്നീട് പലപ്പോഴും ഞങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്തു. ചിരിയടക്കി, കഴിവുള്ളവരെ തഴയുന്ന സൂര്യയുടെ ഇത്തരം വിവേചനത്തെ കുറ്റപ്പെടുത്തി. സത്യം തുറന്നു പറയഞ്ഞാലും ഇനിയാരും വിശ്വസിക്കില്ല എന്ന നിലയിലെത്തിയിരുന്നു അപ്പോഴേക്കും കാര്യങ്ങള്‍.

അങ്ങനെയിരിക്കെ ഒരു ദിവസം, ഞാന്‍ ലാലിനോട് സൂര്യ ടി വിയില്‍ നിന്ന് കൊടുത്ത(മദ്രാസിലെ എന്റെ സുഹ്രുത്തിന്റെ) നമ്പറിലേക്ക് ഒന്നു വിളിച്ചു കാര്യങ്ങള്‍ തിരക്കാന്‍ ഉപദേശിച്ചു. വിളിച്ചു തിരിച്ചു വന്ന ലാല്‍ പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ അന്തം വിട്ടുപോയി.

"ഉത്തരങ്ങള്‍ കിട്ടി. എല്ലാം ശരിയാണ്. അവര്‍ ഉടനെ വിളിക്കും.."

ലാല്‍ പാര തിരിച്ചു വെച്ചോ..?
അതോ ഞങ്ങളുടെ മുന്‍പില്‍ നാണംകെടാതിരിക്കാന്‍ വെറുതെ പറഞ്ഞതോ..?
അതല്ല, ശരിക്കും സൂര്യയിലേക്കാണോ അവന്‍ വിളിച്ചത്..?

ഏതായാലും ഞങ്ങള്‍ രാജേഷ് ഭവന്‍ വിടും വരെ ലാലിനെ സൂര്യയില്‍ നിന്നാരും വിളിച്ചില്ല. പിന്നീടുള്ള കഥ അറിയില്ല.
എന്നെങ്കിലും ലാല്‍ ഇതു വായിക്കുകയാണെങ്കില്‍ ബാക്കി ഭാഗം പൂരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു...