Tuesday, August 28, 2007

ബീഹാറിലെ പോലീസ് കാടത്തം

ബീഹാറിലെ ഭഗത്പൂരില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് സലിം എന്നൊരു യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ കൈരളി വാര്‍ത്തയില്‍ കണ്ടു. ഈ സമയമത്രയും ക്രമസമാധാന പാലകനായ ഒരു പോലീസുകാരന്‍ കൈയും കെട്ടി ഇതു നോക്കി നിന്നു എന്നു മാത്രമല്ല, നാട്ടുകാരുടെ അടിയും തൊഴിയും കൊണ്ട് അവശനായ യുവാവിനെ സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ കയറുകെട്ടി റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. യൂട്യൂബ് വീഡിയോ

വാര്‍ത്ത ഇവിടെ


മാസങ്ങള്‍ക്കു മുന്‍പ് ഇറാക്കില്‍ കുര്‍ദ്ദ് വംശജയായ ഒരു യുവതിയെ അന്യ വിഭാഗക്കാരനായ യുവാവിനെ പ്രണയിച്ചു എന്ന കുറ്റത്തിന് തെരുവില്‍ നഗ്നയാക്കി കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍, ഇത്തരം കാടത്തം ഇറാക്കിലേ നടക്കൂ എന്നു കരുതിയിരുന്നത് ഇപ്പോള്‍ തിരുത്തേണ്ടിവന്നിരിക്കുന്നു.

Friday, August 24, 2007

ഓര്‍മ്മയില്‍ ഒരു ബാംഗ്ലൂര്‍ ഓണം

"എടീ തിങ്കളാഴ്ച ഇവിടെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷമുണ്ട്. നമുക്ക് പോയാലോ?" ചോദിച്ചത് ഞാന്‍, എന്റെ സ്വന്തം ഭാര്യയോട്.

"അതു വേണോ? ഞാന്‍ കൂടി വന്നാല്‍ ബുദ്ധിമുട്ടാവില്ലേ..അതോ ഇത്തവണ ഉര്‍വശീം മേനകേം ഒന്നും ഇല്ലേ.." തമാശയായാണ് അവള്‍ അതു പറഞ്ഞതെങ്കിലും, എന്റെ ഓര്‍മ്മകളില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ഓണക്കാലം നിറഞ്ഞു.

ബാഗ്ലൂരിലെ അന്നത്തെ എന്റെ ഓഫീസില്‍ ഞങ്ങളുടെ ടീമിലെ എല്ലാവരും ഓണാഘോഷങ്ങള്‍ക്കായി ഒരുങ്ങുകയായിരുന്നു. ഞാനുള്‍പ്പെട്ട കോര്‍ ടെക്നോളജി ടീം ഒരു മേജര്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഒക്കെ കഴിഞ്ഞിരിക്കുന്ന സമയം. എല്ലാ ടീമുകള്‍ക്കും മാസത്തില്‍ ഒരു തവണ കമ്പനി അനുവദിച്ചിട്ടുള്ള ഔട്ടിംഗിന് തിരക്കു കാരണം കഴിഞ്ഞ മാസങ്ങളില്‍ ഞങ്ങള്‍ പോയിരുന്നില്ല. അതുകൊണ്ട്, അത്തവണ കമ്പനി ചെലവില്‍ തന്നെ ഓണം കാര്യമായി ആഘോഷിച്ചു കളയാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഓണം എന്താണെന്നറിയാത്ത അന്യ ഭാഷക്കാരും സാരിയും മുണ്ടുമൊക്കെ ഉടുത്ത് നല്ല മലയാളി മങ്കമാരും മങ്കന്മാരും ആയി.

താജ് ഹോട്ടലിലായിരുന്നു ഞങ്ങള്‍ പരിപാടി അറേഞ്ച് ചെയ്തത്. അന്യ നാട്ടിലാണെങ്കിലും ഓണം അതിന്റെ തനിമയോടെ തന്നെ വേണമല്ലോ. ചെറിയൊരു പൂക്കളമൊരുക്കാനും, പിന്നെ നിലവിളക്ക്, പറ, നെല്ല്, പൂക്കുല എന്നിവക്കൊക്കെയായി രാവിലെ മുതല്‍ ഓടി നടക്കുകയായിരുന്നു ഞങ്ങള്‍ . മലയാളികളായ പെണ്‍കുട്ടികളാവട്ടെ, മറ്റു ടീമുകളില്‍ നിന്നും ഹോസ്റ്റലില്‍ നിന്നുമൊക്കെ കൂട്ടുകാരെ സംഘടിപ്പിച്ച് തിരുവാതിര കളി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

ഇടക്കെപ്പോഴോ ദീപ വിളിച്ചു. അവള്‍ക്ക് ഹോസ്പിറ്റലില്‍ പൂക്കളമിടാന്‍ ശിവാജി നഗറില്‍ പോയി കുറച്ച് പൂക്കള്‍ വാങ്ങിക്കൊടുക്കണം. അന്ന് കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഞാന്‍ അത് ചെയ്തു കൊടുക്കുമായിരുന്നു.

"എടീ ഇന്ന് ഞങ്ങള്‍ക്കിവിടെ ഓണപ്പരിപാടികളാ.. വൈകുന്നേരം ഞാന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ മതിയോ..?" ഞാന്‍ ചോദിച്ചു.

"രാവിലെയാ ഇവിടെയും പരിപാടികള്‍. സാരമില്ല, ഞങ്ങള്‍ പോയി വാങ്ങിച്ചോളാം."

എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ഫോണ്‍ കട്ടു ചെയ്ത്, ഓണത്തിനിടക്കാണോ പൂ കച്ചോടം എന്ന് ആത്മഗതം ചെയ്ത് ഞാന്‍ തിരുവാതിര പ്രാക്ടീസ് ചെയ്യുന്നിടത്ത് പോയി വായി നോക്കി നിന്നു.

എല്ലാവരും തയ്യാറായി, താജിലേക്കു പോകാന്‍ തുടങ്ങുമ്പോള്‍ ദാ മൊബൈല്‍ അടിക്കുന്നു. ശ്രീറാം - ഞങ്ങളുടെ പ്രോജക്ട് മാനേജറാണ്. ഓണപ്പരിപാടിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമായിരിക്കുമെന്നു കരുതിയാണ് ഫോണെടുത്തത്.

"ജിം, ഹാവ് യു റിപ്ലൈഡ് റ്റു മത്ത്യാസ്?"

മത്ത്യാസ് അന്നത്തെ ഞങ്ങളുടെ ഓണ്‍സൈറ്റ് പ്രോജക്ട് കോര്‍ഡിനേറ്ററായിരുന്നു. അമേരിക്കയിലുള്ള ഞങ്ങളുടെ ക്ലയന്റുമായി 6 മാസത്തെ ഒരു സപ്പോര്‍ട്ട് കോണ്‍ട്രാക്റ്റിനായുള്ള ശ്രമത്തിലായിരുന്നു മത്ത്യാസ്. ഈ പുതിയ കോണ്‍ട്രാക്റ്റു കൊണ്ട് കസ്റ്റമര്‍ കമ്പനിക്ക് ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങള്‍ വിവരിക്കുന്ന ഒരു പ്രോജക്ട് പ്രപ്പോസല്‍ ഡോക്യുമെന്റ് ഉണ്ടാക്കി അയക്കാന്‍ രണ്ടു ദിവസം മുന്‍പ് മത്ത്യാസിന്റെ ഒരു മെയില്‍ വന്നിരുന്നു. ഓണപ്പരിപാടികള്‍ അറേഞ്ച് ചെയ്യുന്ന തിരക്കില്‍ അത് ഞാന്‍ മറന്നു പോയിരുന്നു.

"ജിം, വീ മസ്റ്റ് സെന്‍ഡ് ഇറ്റ് റ്റുഡേ ഇറ്റ്സെല്‍ഫ്. ഈഫ് യു ഹാവിന്റ് സ്റ്റാര്‍ട്ടഡ് യെറ്റ്, പ്ലീസ് ഡൂ ഇറ്റ് ബിഫോര്‍ യു ഗോ ഫോര്‍ ദ പാര്‍ട്ടി.." - ശ്രീറാം മാനേജറുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി.

സമ്മതിക്കാതെ എനിക്കു വേറെ വഴിയില്ലായിരുന്നു. എല്ലാവരും താജിലേക്ക് പോയി. ഞാന്‍ മുണ്ടും ജുബ്ബയുമൊക്കെയിട്ട് വിധിയെ പഴിച്ചുകൊണ്ട് ഓഫീസിലിരുന്ന് ഡോക്യുമെന്റ് നിര്‍മ്മാണവും തുടങ്ങി. ഏകദേശം ഒരു മണിക്കൂര്‍ അങ്ങനെയിരുന്നു കാണും. പഴയ ഒരു ഡോക്യുമെന്റ് ഇരുന്നതില്‍ അത്യാവശ്യം മാറ്റങ്ങളൊക്കെ വരുത്തി ഞാന്‍ മത്ത്യാസിനയച്ചു കൊടുത്തു. ഓഫീസില്‍ നിന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു. ഭാഗ്യം ഇത്തവണ ശ്രീറാമല്ല, ടീമിലുള്ള ഗായത്രിയാണ്.

ഇവള്‍ക്കേ ഉള്ളൂ എന്നോട് ഇത്തിരിയെങ്കിലും സ്നേഹം, ഞാന്‍ ഇതുവരെ ചെല്ലാത്ത വിഷമത്തില്‍ വിളിക്കുന്നതായിരിക്കും എന്നൊക്കെ മനസ്സിലോര്‍ത്ത് ഞാന്‍ ഫോണെടുത്തു.

"ജിമ്മേ താന്‍ സ്റ്റാര്‍ട്ട് ചെയ്തില്ലല്ലോ..നന്നായി..ഫസ്റ്റ് ഫ്ലോറില്‍ നമ്മുടെ കാമിനി ഉണ്ട്...അതെ ഫ്രഷറായി കഴിഞ്ഞ മാസം ചേര്‍ന്ന...വരുമ്പോള്‍ അവളെക്കൂടി ഒന്നു പിക്ക് ചെയ്യണേ...മറക്കരുതേ.."
അവള്‍ ഫോണ്‍ കട്ട് ചെയ്തു.

കാമിനി! പഴുത്തു തുടുത്ത ചാമ്പക്ക പോലിരിക്കുന്ന ഡ്ല്‍ഹിക്കാരി സുന്ദരി. അവളുമായി ഞാനിതാ ബൈക്കില്‍ ബാഗ്ലൂര്‍ നഗരം ചുറ്റാന്‍ പോകുന്നു. നേരത്തെ പോകാന്‍ പറ്റാത്തതിലുള്ള എന്റെ വിഷമമൊക്കെ എവിടെയോ പോയൊളിച്ചു. ഞാന്‍ മുടിയൊക്കെ ഒന്നുകൂടി ചീകിയൊതുക്കി, മുണ്ട് മുറുക്കിയുടുത്ത് , ഇന്നു കണി കണ്ടവനെ എന്നും കാണണേ എന്നു മനസ്സില്‍ പറഞ്ഞ് താഴേക്കു ചെന്നു.

സെറ്റു സാരിയൊക്കെ ഉടുത്ത് മലയാളി ലുക്കിലായിരുന്നു അവളും. അവളോട് ബൈക്കിന് പോകാം എന്ന് എങ്ങനെ പറയും എന്നായിരുന്നു എന്റെ വിഷമം. ഇതുവരെ ഒരു പെണ്ണിനും ഞാന്‍ അങ്ങോട്ടു കേറി ലിഫ്റ്റ് ഓഫര്‍ ചെയ്തിട്ടില്ല. ഇനി വരുന്നില്ല എന്നെങ്ങാനും അവള്‍ പറഞ്ഞാല്‍ ആകെ നാണക്കേടാകും.

ഏതായാലും ദൈവം എന്റെ കൂടെയായിരുന്നു. എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവള്‍. ഗായത്രി വിളിച്ചു പറഞ്ഞിട്ടുണ്ടാവണം. ഞാന്‍ എന്തെങ്കിലും ചോദിക്കും മുന്‍പേ അവളുടെ ചോദ്യമെത്തി.

"ജിം, ഐ വാസ് വെയ്റ്റിംഗ് ഫോര്‍ യു. ആപ്കാ കാം ഹോഗയാ ക്യാ...?"

"യെസ്.. ആര്‍ യു കമിംഗ് വിത് മീ..? യു നോ, ഐ ആം ഗോയിംഗ് ബൈ ബൈക്..ഈഫ് യു വാണ്ട്, ഐ ക്യാന്‍ അറേഞ്ച് യു എ കാബ്.." ഞാന്‍ മാന്യനായി.

"ആപ് കേ സാത് കോയീ ഓര്‍ തോ നഹീ ന...ദെന്‍ ഐ വില്‍ കം വിത് യു.."

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ എന്റെ ടീ വീ എസ് വിക്ടര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തേക്കോടി. ബൈക്കില്‍ വെച്ചിരുന്ന, എപ്പോഴും തലയില്‍ വെക്കാറുള്ള ഹെല്‍മറ്റെടുത്ത് അടുത്തുകിടന്ന വേറൊരു വണ്ടിയുടെ മേലേക്കിട്ട്, ഒരിക്കലും ഉപയോഗിക്കാറില്ലാത്ത ഒരു കൂളിഗ് ഗ്ലാസ്സെടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് വണ്ടി അവളുടെ മുന്‍പില്‍ കൊണ്ടുവന്ന് നിര്‍ത്തി. എപ്പോഴും എന്തെങ്കിലും കുശലം പറയാറുള്ള പാര്‍ക്കിംഗിലെ സെക്യൂരിറ്റിക്കാരനെ അന്ന് ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവള്‍ വന്ന് ബൈക്കില്‍ കയറി ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. പിന്നെ സാരി നേരെയാക്കി ഒരു കൈ എന്റെ ചുമലില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

"ലെറ്റ്സ് ഗോ..!"

ഞാന്‍ വണ്ടി വിട്ടു. ബൈക്കില്‍ കയറിയാല്‍ ഞാന്‍ നൂറിലേ പോകൂ. അന്നും അങ്ങനെ തന്നെ. ഫോറം മാളിനടുത്തെത്തിയപ്പോള്‍ ഒരു ഓട്ടോ കുറുകെ ചാടി. ഞാന്‍ ബ്രേക്ക് ആഞ്ഞു ചവിട്ടി. അതിന്റെ ആഘാതത്തില്‍ പിന്നിലിരുന്ന കാമിനി മൊത്തമായി എന്റെ പുറത്തേക്കു ചാരി. എന്റെ തലക്കകത്ത് ഒരു ഇടിവാള്‍ മിന്നി. ന്യൂട്ടന്റേതു പോലെ ഒരു ചലന നിയമം ഞാനും കണ്ടുപിടിക്കുകയായിരുന്നു. അല്ലെങ്കിലും ശാസ്ത്ര സത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഇങ്ങനെ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാവണം. ന്യൂട്ടന്റെ കാര്യത്തില്‍ അത് ഒരു ആപ്പിളിന്റെ രൂപത്തില്‍ വന്നുവെങ്കില്‍, ഇവിടെ കാമിനിയുടെ രൂപത്തിലായെന്നു മാത്രം.

ആവശ്യത്തിനും അനാവശ്യത്തിനും ബ്രേക്ക് ചവിട്ടി വളരെ പതുക്കെയായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. അതുവരെ മിണ്ടാതിരുന്ന കാമിനി പതുക്കെ സംസാരിച്ചു തുടങ്ങി. പഠിച്ച ഡല്‍ഹിയിലെ കോളേജിലുണ്ടായിരുന്ന മലയാളി കൂട്ടുകാരെക്കുറിച്ചും, ഓഫീസില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിനെക്കുറിച്ചും ഒക്കെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തേക്കാളുപരി എഫക്ടീവായി ബൈക്ക് ഓടിക്കുന്നതിലായിരുന്നു അപ്പോഴത്തെ എന്റെ ശ്രദ്ധയത്രയും.

ട്രിനിറ്റി സര്‍ക്കിളിലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്തു കിടന്ന ബീയെംടീസി ബസ്സിലെ ആളുകള്‍ എന്നേയും കാമിനിയേയും മാറിമാറി നോക്കുന്നതു കണ്ടു. ഞങ്ങളു തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ കണ്ടിട്ടാവും. അതുവരെഅല്പം പുറകോട്ടു ചാഞ്ഞിരുന്ന ഞാന്‍ അതുകണ്ട് തല നേരെ പിടിച്ച് നിവര്‍‍ന്നിരുന്നു. കാമിനി അതൊന്നും ശ്രദ്ധിച്ചു പോലുമില്ല. വരുന്ന ആഴ്ച അവളെക്കാണാന്‍ മാബാപ്പ് വരുന്നതിനെക്കുറിച്ച് പറയുകയായിരുന്നു അപ്പോഴവള്‍.

ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:

"ഓ..ഐ ഫോര്‍ഗോട്ട് സംതിംഗ്.."

എന്താണെന്നു ചോദിച്ചുകൊണ്ട് ഞാന്‍ വണ്ടി സൈഡിലേക്കൊതുക്കി.

"ഐ ഫോര്‍ഗോട്ട് റ്റു റ്റേക് ദാറ്റ് ജാസ്മിന്‍ ഗാര്‍ലന്റ് ഫ്രം ഓഫീസ്.."

"ഓ റിയലി.? നോ പ്രോബ്സ്..വീ വില്‍ ഗോ ബാക്ക്.."

വീണ്ടും ഓഫീസിലേക്കും തിരിച്ചും വരാന്‍ ഏകദേശം അര മണിക്കൂര്‍ കൂടി ഇങ്ങനെ ബൈക്കില്‍...എന്റെ ചിന്തകള്‍ കാടുകയറി. അതു മനസ്സിലാക്കിയിട്ടോ എന്തോ അവള്‍ ചോദിച്ചു.

"ആര്‍ ദേര്‍ എനി ഫ്ലവര്‍ ഷോപ്സ് നിയര്‍ബൈ..?"

എനിക്കറിയാവുന്ന പൂക്കടകള്‍ ശിവാജി നഗറിലായിരുന്നു. അവിടെ പോകണമെങ്കിലും കുറച്ചു ദൂരം വണ്ടി ഓടിക്കണം. അത്രയെങ്കിലുമായല്ലോ എന്നൊര്‍ത്ത് ഞാന്‍ വണ്ടി ശിവാജി നഗറിലേക്കു വിട്ടു. കഴിഞ്ഞ ദിവസം പൂക്കളത്തിനായി ഞങ്ങള്‍ പൂ വാങ്ങിച്ച കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവള്‍ കടയിലേക്കു കയറി. അവള്‍ തിരിച്ചിറങ്ങി വന്ന് മുല്ലപ്പൂ ചൂടിത്തരാന്‍ പറഞ്ഞേക്കുമോ എന്നൊക്കെ ആലോചിച്ച് വണ്ടിയിലിരിക്കുമ്പോള്‍ അതാ കടയില്‍ നിന്ന് ഇറങ്ങിവരുന്നു, ദീപ. സാരിയുടുത്ത് കടയിലേക്കു കയറിപ്പോയ കാമിനിയിതാ ചുരിദാറിട്ട് ദീപയായി ഇറങ്ങിവരുന്നു. കാണുന്നത് സത്യം തന്നെയാണോ എന്നറിയാന്‍ ഞാനൊന്ന് കണ്ണു തിരുമ്മി വീണ്ടും നോക്കി. അതെ ദീപ തന്നെ. അവിടെ നിന്ന് മുങ്ങാനുള്ള പഴുതു കിട്ടുന്നതിനു മുന്‍പേ അവള്‍ അടുത്തെത്തി.

"വലിയ തിരക്കാണന്നൊക്കെ പറഞ്ഞിട്ട് ഇവിടെക്കിടന്ന് കറങ്ങുവാണോ..നിങ്ങളുടെ പരിപാടി തുടങ്ങിയില്ലേ..പൂവിനൊക്കെ ഇപ്പോള്‍ എന്താ വില.."

"ഞാന്‍..അത്..പിന്നെ..." എന്തുപറയണമെന്നറിയാതെ ഞാനിരുന്ന് വിക്കുമ്പോള്‍ മുല്ലപ്പൂവും വാങ്ങി ചിരിച്ചുംകൊണ്ട് ദാ വരുന്നു കാമിനി. ഭാഗ്യത്തിന് അവള്‍ കടയില്‍ വെച്ചു തന്നെ പൂ ചൂടിയിരുന്നു. ദീപയുടെ മുഖം മങ്ങി. രാവിലെ അവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ തിരക്കഭിനയിച്ചത് ഇതാ ഈ പെണ്ണിനേയും കൊണ്ട് കറങ്ങാനായിരുന്നെന്ന് സ്വാഭാവികമായും അവളൂഹിച്ചു കാണണം.

ചെകുത്താനും കടലിനും നടുവില്‍ പെട്ടപോലായി എന്റെ അവസ്ഥ. പരിഭ്രമം മറച്ചുവെച്ച് ഞാന്‍ ഇരുവരേയും പരസ്പരം പരിചയപ്പെടുത്തി ഒരു വിധത്തില്‍ അവിടെ നിന്ന് തടിയൂരി.

ശിവാജി നഗറില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍, പുറകിലിരുന്ന് കാമിനി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല; റോഡിലെ തിരക്കും ബഹളവും അറിഞ്ഞുമില്ല. ഞാന്‍ ചിന്തിക്കുകയായിരുന്നു - എന്നെ കെട്ടാന്‍ മനസ്സില്ലെന്നെങ്ങാനും ദീപ പറഞ്ഞു കളയുമോ? ഇനി അവളു വഴി ഇക്കാര്യം നാട്ടില്‍ പാട്ടായാല്‍ പിന്നെ ഈ ജന്മം എനിക്കാരെങ്കിലും പെണ്ണു തരുമോ? ദൈവമേ നീ എന്നോടീ ചതി ചെയ്തല്ലോ..!

ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ കോമ്പൗണ്ട് വാളില്‍ എഴുതിവെച്ചിരിക്കുന്ന ബൈബിള്‍ വാക്യത്തിലൂടെ ദൈവം എനിക്കതിനുള്ള ഉത്തരം നല്‍കി. അതിങ്ങനെയായിരുന്നു.

Do not covet your neighbor's wife [Mat 15:19]

വചനം പഠിപ്പിക്കാന്‍ ദൈവം കണ്ടുപിടിക്കുന്ന ഓരോ വഴികളേ!

ഹോട്ടലില്‍ ചെന്നിറങ്ങുമ്പോള്‍ കാമിനി പറഞ്ഞു: "ജിം, ലെറ്റ് മീ നോ വെന്‍ യു ലീവ്. ഐ വില്‍ കം വിത് യു ബാക്ക് ടു ഓഫിസ്"

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, പരിപാടി കഴിയുന്നതിനു മുന്‍പേ ഇറങ്ങി ഹോസ്റ്റലില്‍ ചെന്ന് ദീപയെ കണ്ട് എന്റെ ഭാഗം ക്ലിയര്‍ ചെയ്തു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്നും ഒരു 'ബാച്ചി'യായി നടന്നേനെ.

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!

Friday, August 10, 2007

ഇന്ത്യാ-യു എസ് ആണവ കരാര്‍

ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കാനൊരുങ്ങുന്ന ആണവ സഹകരണ കരാര്‍ ഈ മാസം 14,16 തീയതികളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

കരാറുമായി മുന്നോട്ടു പോയാല്‍ അതിന് രാഷ്ട്രീയമായ വില നല്‍കേണ്ടി വരുമെന്ന ഇടതു സഖ്യത്തിന്റെ മുന്നറിയിപ്പിനെ, പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ ആയിക്കോളൂ എന്നു പുച്ഛിച്ചു തള്ളി, "രാഷ്ട്രത്തിനു ഗുണകരമായ" ഈ കരാറുമായി മന്‍മോഹന്‍ സിംഗും, യു പി എ യും മുന്നോട്ടു പോകുമ്പോള്‍, എന്താണ് ഈ കരാറുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്ന അന്‍വേഷണത്തില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഈ കരാറിന്റെ വിശദാശങ്ങളിലേക്ക് പോകും മുന്‍പ് ചില വസ്തുതകള്‍.

അണ്വായുധ ശേഖരം( ഊര്‍ജ്ജാവശ്യത്തിനുള്ള അണുശക്തി അല്ല ഉദ്ദേശിച്ചത്) ഉണ്ടെന്നു പ്രഖ്യാപിച്ച രാജ്യങ്ങള്‍ ആകെ 8 ആണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍, വടക്കന്‍ കൊറിയ എന്നിവയാണ് അവ.

ഇസ്രായേലിനും അണ്വായുധങ്ങളുണ്ടെന്ന ചില വെളിപ്പെടുത്തലുകളുണ്ടെങ്കിലും ആ രാജ്യം ഇത് പരസ്യമായി അംഗീകരിച്ചിട്ടില്ല.

1968 ല്‍ നിലവില്‍ വന്ന, 189 രാജ്യങ്ങള്‍ അംഗങ്ങളായ ആണവ നിര്‍വ്യാപന കരാര്‍-Non Proliferation Treaty(NPT) പ്രകാരം, അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (International Atomic Energy Agency-IAEA) ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും, ഊര്‍ജ്ജാവശ്യത്തിനുള്ള ആണവ പ്രക്രിയകളെന്ന പേരില്‍ ആണവായുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതുകൂടാതെ അണ്വായുധ ശേഖരം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ആയുധമോ സാങ്കേതിക വിദ്യയൊ ഇവര്‍ വില്‍ക്കാനും പാടില്ല.

ഇന്ത്യയും പാകിസ്താനും ആണവ നിര്‍വ്യാപന കരാറില്‍ അംഗങ്ങളല്ല.
വടക്കന്‍ കൊറിയ അംഗമായിരുന്നു. പിന്നീട് വിലക്ക് മറികടന്ന് പരീക്ഷണം നടത്തി പുറത്തായി;
ഇറാന്‍ അംഗമാണ്. കരാര്‍ മറികടന്ന് അവര്‍ ഒരു ആണവോര്‍ജ്ജ ഉല്പാദന ശാല ആയുധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു എന്നതാണ് ഇപ്പോള്‍ അമേരിക്ക ഇറാന്റെ മേല്‍ നടത്തുന്ന കുറ്റാരോപണം.

തുടര്‍ന്നുണ്ടായ മറ്റൊരു കരാറായ CTBT-Comprehensive Test Ban Treaty പ്രകാരം അംഗരാജ്യങ്ങള്‍ സൈനികമോ, സൈനികേതരമോ ആയ എല്ലാ ആണവ വിസ്ഫോടനങ്ങളും ഉപേക്ഷിക്കണം.
ഇന്ത്യയും പാകിസ്താനും വടക്കന്‍ കൊറിയയും ഇതില്‍ ഒപ്പുവെച്ചിട്ടില്ല.

1975 ല്‍ NSG-Nuclear Suppliers Group നിലവില്‍ വന്നു. NPT അംഗരാജ്യങ്ങള്‍ക്കിടയിലെ സാങ്കേതിക വിദ്യാ കൈമാറ്റം മറ്റു രാജ്യങ്ങളില്‍ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ കലാശിക്കുന്നുവെന്ന കണ്ടെത്തലാണ് ഇതിനു പിന്നിലെ കാരണം. 45 രാജ്യങ്ങള്‍ അംഗങ്ങളായ ഈ കരാര്‍ പ്രകാരം അണ്വായുധ സാങ്കേതിക വിദ്യയുടെയും, ഉപകരണങ്ങളുടെയും കൈമാറ്റം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കര്‍ശന നിരീക്ഷണത്തിനു വിധേയമാണ്. ഇതിലും ഇന്ത്യ അംഗമല്ല; പാകിസ്താനും.

ഈ കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ലെങ്കിലും, ഒരു യുദ്ധത്തിലും ആര്‍ക്കെതിരെയും ആദ്യം തങ്ങള്‍ അണ്വായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല.

1974 മെയ് 18 നു തുടങ്ങിയ അണുപരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നും തുടരുന്നു. തുടക്കത്തില്‍ ചില ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലെ റഷ്യന്‍, ഫ്രഞ്ച്, കനേഡിയന്‍ സഹകരണം ഒഴിവാക്കിയാല്‍ പരസഹായം കൂടാതെ തന്നെയാണ് ഇന്ത്യ അണ്വായുധം വികസിപ്പിച്ചത്. പത്തോളം ആണവ റിയാക്ടറുകളും, യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും, നൂറില്പരം അണ്വായുധ മുനകളും ഉണ്ടെന്നാണ് അനൗദ്യോകിക കണക്ക്. ചുരുക്കത്തില്‍ അണുശക്തി മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു. പക്ഷേ, ആദ്യ പരീക്ഷണം നടത്തി 30 കൊല്ലങ്ങള്‍ക്കു ശേഷവും, മൊത്തം ആവശ്യകതയുടെ വെറും 3 ശതമാനം ഊര്‍ജ്ജം മാത്രമേ അണുശക്തിയിലൂടെ നാം ഉല്പാദിപ്പിക്കുന്നുള്ളൂ. ആണവ റിയക്ടറുകളുടെ പ്രധാന ഇന്ധനമായ യുറേനിയത്തിന്റെ ലഭ്യതക്കുറവാണ് ഇതിന്റെ പ്രധാന കാരണം. NPT കരാര്‍ നിലവിലുള്ളതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇന്ധനമോ സാങ്കേതികവിദ്യയോ ഇന്ത്യക്ക് കൈമാറാനാവില്ല.

ഇനി ഇന്ത്യ അമേരിക്ക ആണവോര്‍ജ്ജ സമാധാന സഹകരണ കരാറിലേക്ക്:

ചുരുക്കത്തില്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിബന്ധനകള്‍ക്കു വിധേയമായി, സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജ ഉല്പാദനത്തിലും ഉപയോഗത്തിലും ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കുകയും അതോടൊപ്പം ഇത് അണ്വായുധ ശേഖരണത്തിനായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഈ കരാര്‍.

40 വര്‍ഷത്തേക്കുള്ള ഈ കരാറിന്റെ വിശദാശങ്ങളടങ്ങിയ 123 അഗ്രീമെന്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ വിദേശ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

ഈ കരാര്‍ പ്രകാരം നമ്മുടെ ആണവ റിയാക്ടറുകള്‍, പരീക്ഷണകേന്ദ്രങ്ങള്‍ എന്നിവ സൈനികം, സൈനികേതരം എന്ന് വ്യക്തമായി തരംതിരിക്കണം. സൈനികേതര കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍‍സിക്ക് പരിശോധനകള്‍ക്കായി തുറന്നു കൊടുക്കുകയും വേണം. ആണ്വായുധ സാങ്കേതിക വിദ്യ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ഇതു നല്‍കുന്നത് മേലില്‍ ഒഴിവാക്കുകയും, മറ്റ് NPT രാജ്യങ്ങളുമായി ആണവ നിര്‍വ്യാപനത്തില്‍ സഹകരിക്കുകയും വേണം.

ഈ കരാര്‍ വഴി, മുന്‍പു പറഞ്ഞ മറ്റ് കരാറുകളില്‍ ഒപ്പുവെക്കാതെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒരു ആണവശക്തിയായി അംഗീകരിക്കപ്പെടും. ഇതിനായുള്ള ബില്ല് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങളും, ആണവ നിര്‍വ്യാപനത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായ ഇന്ത്യയുടെ ഇതുവരെയുള്ള നിലപാടുമാണ് ഇന്ത്യയുമായി ഇങ്ങനെയൊരു സഹകരണത്തിന് കാരണമായി വൈറ്റ് ഹൗസ് പറയുന്നത്. ഇന്ത്യക്ക് മുടക്കമില്ലാതെ ഇന്ധനം നല്‍കാമെന്നും, മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനുള്ള സാഹചര്യമൊരുക്കാമെന്നും, ഇതിനായി മറ്റു NPT രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കരാര്‍ പറയുന്നു. NPT അംഗമല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് സാങ്കേതിക വിദ്യയും ഇന്ധനവും വാങ്ങാനാവില്ല എന്ന പ്രശ്നം ഇതോടെ ഇല്ലാതാവും.
(ഫലത്തില്‍ NPT യുടെ ഉദ്ധേശ്യ ലക്ഷ്യങ്ങള്‍ തന്നെ തകിടം മറിയുന്നു.)

ഇനി, ഇതുവരെ ഒരു ആണവ കരാറിലും ഒപ്പുവെക്കാത്ത ഇന്ത്യ എന്തിനിപ്പോള്‍ ഇങ്ങനെയൊരു കരാറില്‍ ഏര്‍പ്പെടണം?

ഈ കരാറിന്റെ എടുത്തു പറയത്തക്ക ഗുണങ്ങള്‍ ഇവയാണ്:

1. ഈ കരാര്‍ വഴി ഇന്ത്യ ഒരു ആണവ ശക്തിയായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടും.
2. ഈ അംഗീകാരത്തിനൊപ്പം, ആസ്ട്രേലിയ
, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ നിന്ന് ആണവ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം പോലെയുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കു കഴിയും.
3. ഈ മേഖലയില്‍ അന്യമായിരുന്ന സാങ്കേതിക വിദ്യകളും ഇതു വഴി ഇന്ത്യക്കു ലഭിക്കും.

ഇന്ത്യയുടെ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാവണം, ഇതിനെ ശ്രേഷ്ഠമായ ഒരു കരാറായി മന്മോഹന്‍ സര്‍ക്കാര്‍ എടുത്തു പറയുന്നത്. ഇന്ത്യയില്‍ യുറേനിയം ഒരു നുള്ളു പോലും ഇല്ല തന്നെ പറയാം. ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതില്‍ ഇന്ത്യയുടെ പങ്ക്. ഇപ്പോഴുള്ള സാങ്കേതിക വിദ്യ പ്രകാരം, യുറേനിയം വഴിയുള്ള ഊര്‍ജ്ജോല്പാദനമാണ് പ്രധാനം. ആ നിലക്ക് ഇന്ത്യയുടെ വളര്‍ന്നു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഈ കരാര്‍ വഴി കഴിഞ്ഞേക്കും.

ഇനി ഇതിന്റെ ദോഷങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്.

യുറേനിയം വാങ്ങാന്‍ അവസരമൊരുങ്ങുമെന്നല്ലാതെ വളരെ വിലപിടിപ്പുള്ള ഈ ഇന്ധനം വാങ്ങി ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ഇന്ത്യക്കാവുമോ എന്ന കാര്യം സംശയമാണ്. ഇന്ധനം മാത്രമല്ല, ഉല്പാദനവും ചിലവേറിയതാണ്; അപകടകരവും. ഇന്ത്യയേപ്പോലെ, 70 ശതമാനത്തിലധികം ജനങ്ങള്‍ ഗ്രാമങ്ങളില്‍ വസിക്കുകയും, കൃഷി ഒരു പ്രധാന ഉപജീവന മാര്‍ഗ്ഗവുമായ ഒരു രാജ്യം ചെയ്യേണ്ടത് , renewable energy resources ആയ കാറ്റ്, സൗരോര്‍ജ്ജം, ബയോമാസ് എന്നിവയില്‍ നിന്നും ഉല്പാദനത്തിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത് എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു

ഈ കരാര്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒരു ആണവ മത്സരത്തിന് വഴി വെച്ചേക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. ഉദാഹരണത്തിന് പാകിസ്താന്‍ വേറെ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കുകയും, കൂടുതല്‍ അണ്വായുധ ശേഖരം നടത്തുകയും ചെയ്യാന്‍ സാദ്ധ്യതകളുണ്ട്. ഈ കരാര്‍ വഴി NPT യുടെ നിബന്ധനകള്‍ അമേരിക്ക തന്നെ ലംഘിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളും അതു പിന്തുടരാം. പര്‍വേസ് മുഷാറഫ് ചൈനയുമായി ഇങ്ങനെയൊരു സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായും ഇറാനുമായുമുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാവാനും സാദ്ധ്യത കാണുന്നവരുണ്ട്. (ഇറാനില്‍ നിന്ന് പാകിസ്താന്‍ വഴി ഇന്ത്യയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അമേരിക്ക അനുകൂലമായ സമീപനമല്ല കൈക്കൊണ്ടിട്ടുള്ളത്.)

ഇന്ത്യയെ അവരുടെ ഒരു client ആക്കുക വഴി, അമേരിക്ക ഏഷ്യന്‍ മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ആണവ മേഖലയിലെ കരാറിനൊപ്പം, സംയുക്തമായി നടത്തുന്ന നാവിക അഭ്യാസവും മറ്റും ഇങ്ങനെയൊരു ധാരണ ലോകരാജ്യങ്ങള്‍ക്കിടയില്‍ പരത്താന്‍ സഹായകമാകും. ഇത് ചൈന പോലെയുള്ള അയല്‍ രാജ്യങ്ങളുമായുള്ള സഹകരണം കുറയ്ക്കാന്‍ കാരണമായേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വികസിത രാജ്യങ്ങള്‍ ആണവ ഇന്ധനം എന്ന പേരില്‍ വില്‍ക്കുന്നത് അവരുടെ ആണവ റിയാക്ടറുകള്‍ പുറംതള്ളുന്ന waste ആണെന്നൊരു വാദവും നിലവിലുണ്ട്. ഈ waste പണം കൊടുത്തു വാങ്ങുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഈ രാജ്യങ്ങള്‍ക്കു വേണ്ടി സ്വയം ഒരു ആണവ ചവറുകൂന ആയി മാറുകയാണ്.

യുറേനിയം ഇല്ലെങ്കിലും, ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കാവുന്ന മറ്റൊരു ഇന്ധനമായ തോറിയം വലിയ അളവില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ നാലിലൊന്നു വരും ഇത്. തോറിയം ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്പാദനം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഈ കരാര്‍ വഴി, യുറേനിയം മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനും, തോറിയം ഉപയോഗിച്ചുള്ള ഉല്പാദനത്തിന്റെ ഗവേഷണം ഉപേക്ഷിക്കാനുമുള്ള സമ്മര്‍ദ്ദം ഉണ്ടാകുമെന്നും കണക്കു കൂട്ടപ്പെടുന്നു.

കരാര്‍ പ്രകാരം, ആണവ മേഖലയിലെ എല്ലാ ഫെസിലിറ്റികളും നമ്മള്‍ സൈനികം, സൈനികേതരം എന്നിങ്ങനെ തരം തിരിക്കണം. ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ ഇങ്ങനെയൊരു classification ഇതിനു മുന്‍പുണ്ടായിട്ടില്ല. നമ്മുടെ റിയാക്ടറുകളും ആണവ ഗവേഷണങ്ങളും ഇങ്ങനെയൊരു തരംതിരിവില്ലാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനി ഇങ്ങനെയൊന്നുണ്ടാകുമ്പോള്‍, ഇവ രണ്ടിനുമായി വെവ്വേറെ റിയാക്ടറുകള്‍ സ്ഥാപിക്കേണ്ടതായി വരും. അത് ചെലവേറിയതാണ്. മാത്രമല്ല, പുതിയവ ഉണ്ടാക്കിയാല്‍ തന്നെ അവയെ ഇപ്പോള്‍ ഇറാനില്‍ സംഭവിച്ചതുപോലെ സൈനികാവശ്യപരം എന്ന് അന്താരാഷ്ട്ര ആവോര്‍ജ്ജ ഏജന്‍സി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. (കരാര്‍ പ്രകാരം സഹകരണം സൈനികേതര മേഖലയില്‍ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ഇന്ധനവും, സാങ്കേതിക വിദ്യകളും ഇതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ.)

നമ്മുടെ സൈനികേതര ആണവ കേന്ദ്രങ്ങള്‍ (പഴയതും പുതിയവയും) അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷനത്തില്‍ കൊണ്ടുവരണമെന്നതിനോടും വിയോജിപ്പുള്ളവരുണ്ട്. വന്‍ശക്തികളൊന്നും ഇങ്ങനെയൊരു നിരീക്ഷണത്തിന് വഴങ്ങിയിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള ആയിരത്തോളം റിയാക്ടറുകളില്‍ പത്തെണ്ണം മാത്രമാണ് ഈ രാജ്യങ്ങളിലെല്ലാം ചേര്‍ത്ത് ഉള്ളത്. നമ്മുടെ പരമാധികാരത്തിനു മേലുള്ള കൈകടത്തലായി ഇത് കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇപ്പോള്‍ ഇറാന്റെ മേല്‍ അമേരിക്കയും ഇതര രാജ്യങ്ങളും നടത്തുന്ന സമ്മര്‍ദ്ദത്തിനും, ഉപരോധങ്ങള്‍ക്കും ഭാവിയില്‍ നമ്മളും ഇതുവഴി വിധേയരാകേണ്ടി വന്നേക്കാം.


പ്രധാന മന്ത്രി പറയുന്നതു പോലെ അതിശ്രേഷ്ഠമായ ഒരു കരാറായി ഇതിനെ കാണാനാവില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. ഇന്ത്യക്ക് ഈ മേഖലയില്‍ സ്വയം പര്യാപ്തതയും,പുതിയ ശ്രമങ്ങള്‍ക്ക് വിജയ സാദ്ധ്യതയും ഉണ്ടെന്നിരിക്കെ, ചെലവു കുറഞ്ഞ ഊര്‍ജ്ജോല്പാദനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതിനു പകരം, രാജ്യത്തെ വന്‍ശക്തികള്‍ക്ക് അടിയറ വെച്ചുകൊണ്ട്, ചെലവേറിയ ആണവോര്‍ജ്ജം ഉല്പാദിപ്പിക്കാനായി ഇങ്ങനെയൊരു കരാറില്‍ ഒപ്പു വെക്കേണ്ടതുണ്ടോ എന്ന് ആരും ചിന്തിച്ചുപോകും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 60 വയസ്സു തികയുന്ന ഈ വര്‍ഷത്തില്‍, സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നും പിന്നുമുള്ള ദിവസങ്ങളില്‍ പാര്‍ലിമെന്റ് ഇക്കാര്യം ചര്‍ച്ചക്കെടുക്കുന്നത് തികച്ചും യാദൃശ്ചികം മാത്രമാവാം. ഈ കരാര്‍ വഴി നമ്മുടെ സ്വാതന്ത്ര്യവും, പരമാധികാരവും മറ്റാര്‍ക്കും അടിയറ വെക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ ചര്‍ച്ചകള്‍ക്ക് കഴിയും എന്നു പ്രത്യാശിക്കാം. ഒരു കരാറിലും പെട്ട് ഞെരിയാതിരിക്കട്ടെ നമ്മുടെ സ്വാതന്ത്ര്യം!