ആദ്യ 20 ട്വന്റി ലോകകപ്പ് വിജയത്തിന് എല്ലാ സ്റ്റേറ്റ് ഗവണ്മെന്റുകളും തങ്ങളുടെ താരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളം ശ്രീശാന്തിന് 5 ലക്ഷം പ്രഖ്യാപിച്ചപ്പോള്‍, ഹരിയാന ജോഗിന്ദര്‍ ശര്‍മ്മക്ക് കൊടുത്തതാവട്ടെ 20 ലക്ഷം. വ്യക്തികളുടേയും സഹാറ പരിവാര്‍ പോലെയുള്ള ഗ്രൂപ്പുകളുടെ വക സമ്മാനങ്ങള്‍ വേറെയും. സമ്മാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഗവണ്മെന്റുകള്‍ മത്സരിക്കുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഇതിനുദാഹരണമാണ് കേരളം റോബിന്‍ ഉത്തപ്പക്കു നല്‍കിയ 3 ലക്ഷം. ഉത്തപ്പയുടെ അമ്മ മലയാളിയാണ് എന്നതായിരുന്നു കാരണം.
ഈ പ്രഖ്യാപനങ്ങളൊക്കെ വരുമ്പോഴും മൗനം പാലിക്കുകയായിരുന്നു ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍. ഗുജറാത്ത് സര്‍ക്കാര്‍ പതാന്‍ സഹോദരന്മാരെ അവഗണിക്കുന്നതിനെതിരെ പലരും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വവും ഇതിനെതിരെ രംഗത്തെത്തി. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയ ഇര്‍ഫാനേയും സഹോദരന്‍ യൂസഫിനേയും അവഗണിക്കുകവഴി നരേന്ദ്ര മോഡി തന്റെ തനി സ്വഭാവം കാണിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ്സ് പ്രചാരണം.
ഇതിനിടെയാണ് ഫൈനലില്‍ തോറ്റ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷോയബ് മാലികിന്റെ വിവാദ പ്രസ്ഥാവന. തോറ്റതിന് പാകിസ്ഥാന്‍ ജനതയും ലോകത്തിലെ മുസ്ലിം സമുദായവും തനിക്ക് മാപ്പ് നല്‍കണമെന്നായിരുന്നു അവാര്‍ഡ് സെറിമണിക്കിടയില്‍ മാലിക് പറഞ്ഞത്.
ഇതിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും BJP യുടെ ഭാഗത്തുനിന്ന് വിവാദ പരാമര്‍ശങ്ങളൊന്നും ഉണ്ടായിക്കണ്ടില്ല. VHP യും RSS ഉം ബജ്റംഗ് ദളും നടത്തിയ വിക്ടറി മാര്‍ച്ചിനിടെ ഉണ്ടായ അക്രമണങ്ങളില്‍ ചിലര്‍ക്ക് പരിക്കു പറ്റി. BJP യുടെ മൗനം വാചാലമായത് ഇര്‍ഫാന്‍ പതാന്റെ അമ്മ ഷമിം ബാനു ഇതിനോട് പ്രതികരിച്ചപ്പോഴാണ്. മാലിക്ക് ലോകത്തിലെ എല്ലാ മുസ്ലിങ്ങളുടെയും വക്താവാകേണ്ടെന്നും, തന്റെ മക്കള്‍ ഇന്ത്യക്കു വേണ്ടി കളിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ഷമിം ബാനുവിന്റെ ഈ വാക്കുകള്‍ കേട്ടയുടനെ നരേന്ദ്ര മോഡി അവരെ അനുമോദിച്ചുകൊണ്ട് പ്രസ്ഥാവനയിറക്കി. മാലിക്കിന്റെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ച ബാനു തികച്ചും അഭിനന്ദനീയാര്‍ഹയാണെന്ന് മോഡി വിലയിരുത്തി. ഇതോടൊപ്പം 5 ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ വകയായി പതാന്‍ സഹോദരന്മാര്‍ക്ക് 5 ലക്ഷം രൂപ വീതം സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.
പതാന്‍ സഹോദരന്മാരോടുള്ള അവഗണനക്കെതിരെ രംഗത്തെത്തി കോണ്‍ഗ്രസ്സും, ഷമിം ബാനുവിനെ അഭിനന്ദിച്ച് മോഡിയും രാഷ്ട്രീയമായ മുതലെടുപ്പാണ് നടത്തിയത്. ചുരുക്കത്തില്‍, വര്‍ഗ്ഗീയതയും അതു മുതലെടുക്കുന്ന രാഷ്ട്രീയ നേതൃത്വവും, രാജ്യമൊറ്റക്കെട്ടായി ആഘോഷിക്കുന്ന ഈ വിജയത്തിലും കല്ലുകടിയാവുന്നു.
Subscribe to:
Post Comments (Atom)
2 comments:
:) മൊത്തം മുതലെടുപ്പ് തന്നെ...ഈ പോസ്റ്റ് എങ്ങിനെ മിസ്സ് ആയി എന്നറിയില്ല..ഇന്നാണ് കണ്ടത്.
നല്ല ലേഖനം. ഇതു കൂടി ഒന്നു കാണണേ http://www.puzha.com/puzha/magazine/html/sports1_sept30_07.html
Post a Comment