Tuesday, October 02, 2007

P J ജോസഫിന്റെ അപഹാസ്യ രാഷ്ട്രീയം

പി ജെ ജോസഫ്. കേരളം ഭരിക്കുന്ന LDF ന്റെ ഭാഗമായ, നാല് MLA മാരുള്ള കേരള കോണ്‍ഗ്രസ്സ് ജെ യുടെ ചെയര്‍മാന്‍. ജൈവ കൃഷി രീതികള്‍ കര്‍ഷകരെ പഠിപ്പിക്കുകയും അതുവഴി ഉല്പാദനം വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തിക്കുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും ചെയര്‍മാന്‍. പതിവായി കാര്‍ഷികമേളയും ഗജമേളയും നടത്തി തൊടുപുഴക്കാരുടെ കൈയ്യടി വാങ്ങുന്ന കര്‍ഷകപുത്രന്‍. ഗായകന്‍. ഇന്ത്യന്‍ ഫ്ലോറികള്‍ചറിസ്റ്റ്സ് അസോസിയേഷന്റെ അദ്ധ്യക്ഷന്‍. മുന്‍ വിദ്യാഭാസമന്ത്രി, പൊതുമരാമത്തു മന്ത്രി. പി. ജെ ജോസഫിന് വിശേഷണങ്ങള്‍ ഏറെയാണ്.

എന്നാല്‍ ഈ വിശേഷണങ്ങളെയൊക്കെ കടത്തിവെട്ടും വിധമാണ് കുറച്ചുനാളുകളായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക സേവനങ്ങള്‍.

എക്സ്പ്രസ്സ് ഹൈവേ പ്രശ്നത്തില്‍ UDFനെതിരെ ശക്തമായ ജനവികാരം ഇളക്കിവിട്ട് അധികാരത്തില്‍ വന്ന LDF മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായ ജോസഫ് , മൈക്ക് കിട്ടിയിടത്തൊക്കെ ഹൈവേ സര്‍ക്കാറിന്റെ പരിഗണനയിലാണെന്നു പറഞ്ഞുകൊണ്ടിരുന്നു. അവസാനം ജോസഫിനെക്കൊണ്ട് സഹികെട്ട് അങ്ങനെയൊന്ന് മുന്നണി ആലോചിച്ചിട്ടേയില്ലെന്ന് LDF കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിക്കുന്നതുവരെ ഇതു തുടര്‍ന്നു.

ഇതിനുശേഷമായിരുന്നു മൈത്രി വിവാദം. പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കുന്ന മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയില്‍ 340 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നാണ് അക്കൗണ്ട്സ് ജനറല്‍ കണ്ടെത്തിയത്. അന്നത്തെ നായനാര്‍ മന്ത്രി സഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജോസഫ് . സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഇതില്‍ ജോസഫിന്റെ പങ്കിനെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്ന് അറിയിച്ചു. ജോസഫ് ക്ലീന്‍. എങ്കില്‍ 340 കോടി എവിടെ? അതന്വേഷിക്കാന്‍ ആരും മെനക്കെട്ടില്ല എന്നു മാത്രം.

ജോസഫിനു നേരേ അടുത്തെ വെടി P C ജോര്‍ജ്ജിന്റെ തോക്കില്‍ നിന്നായിരുന്നു. ജോര്‍ജ്ജ് അദ്ധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തിയത് , ജോസഫ് അദ്ധ്യക്ഷനായ ഇന്ത്യന്‍ ഫ്ലോറികള്‍ചറിസ്റ്റ്സ് അസോസിയേഷന്‍ പൂകൃഷിക്കായി സര്‍ക്കാറില്‍ നിന്ന് വാങ്ങിയ 41 ലക്ഷം രൂപ ദുര്‍ വിനിയോഗം ചെയ്തു എന്നായിരുന്നു. വിജിലന്‍സ് അന്വേഷണത്തിനുശേഷം കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

പിന്നീട് വന്നതാണ് യഥാര്‍ത്ഥ വിവാദം. വിമാനത്തില്‍ അടുത്തിരുന്നു യാത്ര ചെയ്ത സ്ത്രീയുടെ ദേഹത്ത് ജോസഫ് കയറിപ്പിടിച്ചുവെന്ന് അവര്‍ തന്നെ പരാതികൊടുത്ത സംഭവത്തില്‍ ഐ ജി B സന്ധ്യയാണ് പ്രാഥമികാന്വേഷണം നടത്തിയത്. ആ സംഭവത്തില്‍ ജോസഫിന് മന്ത്രി സ്ഥാനം നഷ്ടമായി. കേസ് ഇപ്പോഴും ചെന്നൈ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ജോസഫ് രാജി വെച്ച ഒഴിവില്‍ പൊതുമരാമത്ത് മന്ത്രിയായത് കോതമംഗലം MLA ആയ ഷെവലിയര്‍ T U കുരുവിള. ജോസഫ് രാജിവെച്ച് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ കുവൈത്തിലെ മലയാളിയായ ബിസിനസ്സ് കാരനെ മൂന്നാറില്‍ സ്ഥലം വില്പന സംബന്ധിച്ച് പണം വാങ്ങി പറ്റിച്ചു എന്ന പരാതിയില്‍ നിന്നുണ്ടായ വിവാദത്തില്‍ കുരുവിളക്കും രാജിവെച്ചൊഴിയേണ്ടി വന്നു.

മൈത്രി, സ്ത്രീ, പൂ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് ജോസഫിനും, സ്ഥലക്കച്ചവടത്തിന്റെ തിരക്കുകളൊഴിഞ്ഞ് കുരുവിളക്കും കേരളത്തിലെ മരാമത്തുപണികള്‍ക്ക് സമയം കണ്ടെത്താനായില്ല എന്നു വേണം മനസ്സിലാക്കാന്‍. മഴയ്ക്കു മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കേണ്ട റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നു. റോഡിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നു, ആളുകള്‍ക്ക് പരിക്കു പറ്റുന്നു, ചിലര്‍ വലിയ വാഹനങ്ങള്‍ക്കിടയില്പ്പെട്ട് മരിക്കുന്നു. ബസ്സ് ഗട്ടറില്‍ വീണ ആഘാതത്തില്‍ സീറ്റില്‍ നിന്ന് തെറിച്ചു വീണവര്‍ നട്ടെല്ലൊടിഞ്ഞ് ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്നു. വാഹനങ്ങള്‍ക്ക് നിത്യേന വേണ്ടിവരുന്ന അറ്റകുറ്റപ്പണികള്‍ സാധാരണ ഇരുചക്രവാഹനക്കാരന്റേയും ഓട്ടോ ടാക്സി തൊഴിലാളികളുടേയും കഞ്ഞികുടി മുട്ടിക്കുന്നു. KSRTC ക്ക് ഈയിനത്തില്‍ നഷ്ടം കോടികള്‍. കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരെ ഒന്നിലധികം തവണ രൂക്ഷ വിമര്‍ശനം നടത്തിയെങ്കിലും കാര്യങ്ങള്‍ തഥൈവ.

കേരളത്തില്‍ പൊതുമരാമത്ത് കൈകാര്യം ചെയ്യാന്‍ മന്ത്രിയില്ലാത്തതാണോ റോഡുകളുടെ ഈ അവസ്ഥയ്ക്കു കാരണം. ഇനി അഥവാ അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് പുതിയൊരു മന്ത്രി ഈ സ്ഥാനത്തേക്കു വരുന്നില്ല? കുരുവിളയും പോയപ്പോള്‍ അടുത്ത മന്ത്രി ആര് എന്ന ചോദ്യത്തിന് രണ്ട് ഓപ്ഷനുകളാണ് ബാക്കി ഉണ്ടായിരുന്നത്. കടുത്തുരുത്തി MLA മോന്‍സ് ജോസഫും, തിരുവനന്തപുരം വെസ്റ്റ് MLA സുരേന്ദ്രന്‍ പിള്ളയും. കുരുവിള രാജിവെച്ച സെപ്റ്റംബര്‍ 2 മുതല്‍ രണ്ടുപേരും പാര്‍ട്ടി ചെയര്‍മാന്‍ P J ജോസഫിനെ വിടാതെ പിന്തുടരുന്നുണ്ട്. ജോസഫാകട്ടെ, മന്ത്രിയെ ഇന്നു പ്രഖ്യാപിക്കും, നാളെ പ്രഖ്യാപിക്കും എന്നു പറയാന്‍ തുടങ്ങിയിട്ട് മാസം ഒന്നു തികഞ്ഞു.

എന്തുകൊണ്ട് പ്രഖ്യാപനം വരുന്നില്ല? ഇവിടെയാണ് ജോസഫിന്റെ മന്ത്രിക്കസേരയോടുള്ള കൊതി വ്യക്തമാകുന്നത്. "പാര്‍ട്ടി അണികള്‍ക്കിടയില്‍ ജോസഫ് തന്നെ മന്ത്രിയാകണം എന്ന ആവശ്യം ശക്തമാണെ" ന്നൊക്കെ വരുത്തിത്തീര്‍ത്താല്‍ തന്നെയും കസേര കിട്ടണമെങ്കില്‍ സ്ത്രീ പീഢനക്കേസില്‍ കുറ്റക്കാരനല്ലെന്നു തെളിയണം. അതിനായി ദിവസമെണ്ണി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഓരോ പാര്‍ട്ടി മീറ്റിംഗുകളിലും ഈയൊരു വിശ്വാസത്തിലാണ് "മന്ത്രിയെ അടുത്ത മീറ്റിംഗില്‍ പ്രഖ്യാപിക്കുന്നതാണ്" എന്ന് പറയുന്നത്. ഏറ്റവും പുതിയ പ്രസ്താവന പ്രകാരം ആ സുദിനം ഈ വരുന്ന ഒക്ടോബര്‍ 10 ആണ്.

ഇനി കസേരയുറപ്പിക്കാന്‍ പെടുന്ന പാടിന്റെ മറ്റു ചില മുഹൂര്‍ത്തങ്ങളിലേക്ക്.

മൂന്നാര്‍ ദൗത്യത്തിന് മുഖ്യമന്ത്രി നിയമിച്ച പൂച്ചകളില്‍ പ്രമുഖനായിരുന്നു ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി. കേരളത്തിലെ ജനങ്ങള്‍ക്കൊക്കെ അറിയുന്നതാണ് സ്വാമിയുടെ പ്രവര്‍ത്തനശൈലിയും കറപുരളാത്ത ഔദ്യോഗിക ജീവിതവും. മുഖ്യമന്ത്രി ഏറ്റവും മിടുക്കനെന്ന് വിശേഷിപ്പിച്ച് ആനയിച്ച സ്വാമിയെ അദ്ദേഹം തന്നെ അശക്തന്‍ എന്നു പറഞ്ഞുകൊണ്ട് പടിയിറക്കി. കാരണം പകല്‍ പോലെ വ്യക്തം. ഭൂമി കയ്യേറ്റങ്ങള്‍ കണ്ടെത്താനയച്ച സ്വാമി കൈയേറിയവന്റെ മുഖം നോക്കാതെ കൈയേറ്റങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു P J ജോസഫ് നേതൃത്വം നല്‍കുന്ന ഗാന്ധിജി സ്റ്റഡി സെന്റര്‍ അദിവാസി ഭൂമി കൈയേറി കെട്ടിടം പണി നടത്തുന്നുവെന്ന കണ്ടെത്തല്‍. ഇതിന് ജോസഫിനെതിരെ കേസെടുക്കാന്‍ സ്വാമി പോലീസിനോടാവശ്യപ്പെട്ടിരുന്നു. ആദിവാസി ഭൂമി കൈയേറ്റം ജാമ്യമനുവദിക്കാത്ത കുറ്റമാണ്. അതുകൊണ്ട് അറസ്റ്റിലായാല്‍ പിന്നെ മന്ത്രിക്കസേരയില്‍ ഇരിക്കുന്നതു പോയിട്ട് നിയമസഭയില്‍ കാലുകുത്താന്‍ പോലും കഴിയില്ല. ഇതുമാത്രമല്ല, ജോസഫിന്റെ അടുത്ത ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിനെതിരെ നടപടിയെടുത്തതിലും ജോസഫിന് സ്വാമിയോട് നീരസമുണ്ട്. അറസ്റ്റ് വരിക്കാതിരിക്കാനുള്ള ഏറ്റവും നല്ല വഴി കളക്ടര്‍ക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു. കളക്ട്രേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും, സ്വാമി തന്റെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍. ജോസഫ് പറയുന്നത് ശുദ്ധനുണയാണെന്ന് മനസ്സിലാക്കാന്‍ ഏതൊരു സാധാരണക്കാരനും കഴിയുമ്പോള്‍, എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സ്വാമിയെ അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് സ്ഥലം മാറ്റേണ്ടി വന്നത്?

അവിടെയാണ് ജോസഫ് ഗ്രൂപ്പിന്റെ സാമുദായിക ശക്തി. ജോസഫ്, കുരുവിള, മോന്‍സ് ജോസഫ് - മൂന്നു പേരും കൃസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ വിവിധ സഭകളിലെ ഉന്നതര്‍. സമുദായവും സഭകളും സ്വാശ്രയ പ്രശ്നത്തില്‍ ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്നു. അതിനൊപ്പം, ഈ മൂന്നു വോട്ടുബാങ്കുകള്‍ കൂടി LDF ന് നഷ്ടപ്പെടുത്താനാവില്ല. മാത്രമല്ല, ഇന്നത്തെ നിലയില്‍ സഭകളെല്ലാം ചേര്‍ന്ന് LDF നെതിരെ ഒരു സംയുക്ത ഇടയലേഖനം ഇറക്കിക്കൂടെന്നും ഇല്ല.

സ്വാമിയെ മാറ്റി കൂടുതല്‍ ശക്തനായ അരുണ്‍ കുമാര്‍ സിന്‍ഹ യെ കൊണ്ടുവന്നപ്പോള്‍ ജോസഫിന് സമാധാനമായിക്കാണണം. ശക്തന്‍ ഏതായാലും ജോസഫിന്റെ കൈയേറ്റത്തിന്റെ ഫയലില്‍ ഇതുവരെ കൈ വെച്ചിട്ടില്ല.

സ്വമിയെ സ്ഥലം മാറ്റിയ ദിവസം പത്രക്കാര്‍ ചോദിച്ചപ്പോള്‍, കളക്ടറെ മാറ്റണമെന്ന് തന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. അതിലും വിചിത്രമായിരുന്നു ജോസഫിന്റെ മറ്റൊരു പ്രസ്താവന. രാജു നാരായണ സ്വാമി പലതവണ തന്നെ ഫോണില്‍ വിളിച്ച് എങ്ങനെയെങ്കിലും ഇടുക്കിയില്‍ നിന്ന് മാറ്റം വാങ്ങിത്തരണമെന്നു ജോസഫിനോട് പറഞ്ഞിട്ടുണ്ടത്രേ!

വിവാദങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന, കേവലം 4 MLA മാരുടെയും 2 MP മാരുടേയും പിന്‍ബലമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്, കേരളത്തിന്റെ ഭരണയന്ത്രത്തില്‍ ഇപ്പോഴും ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് ജോസഫ് കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൈത്രി മുതല്‍ ഭൂമി കൈയേറ്റം വരെയുള്ള ആരോപണങ്ങള്‍ക്കിടയിലും വീണ്ടും മന്ത്രിക്കസേരയിലേക്ക് പിടിച്ചുകയുറുന്ന ജോസഫിന്റെ ഈ തട്ടിപ്പു രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയും, "ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല" എന്നമട്ടില്‍ മറന്നുകളയുന്ന മലയാളിയുടെ മാനസികാവസ്ഥയാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. ഇതു മാറിയാലേ നാടു നന്നാവൂ
വാല്‍ക്കഷ്ണം
ഞാന്‍ ഇങ്ങനെ എഴുതിയാലും ഇല്ലെങ്കിലും ജോസഫ് എല്ലാ കേസുകളില്‍ നിന്നും തടിയൂരും, വീണ്ടും മന്ത്രിയുമാകും. ഛേ...വെറുതെ കുറേ സമയം കളഞ്ഞു...!!

8 comments:

ജിം said...

മൈത്രി മുതല്‍ ഭൂമി കൈയേറ്റം വരെയുള്ള ആരോപണങ്ങള്‍ക്കിടയിലും വീണ്ടും മന്ത്രിക്കസേരയിലേക്ക് പിടിച്ചുകയുറുന്ന ജോസഫിന്റെ ഈ തട്ടിപ്പു രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്.

Joe said...

Ivane okke enna cheyana jim, joseph ne maatiyal vere nalle veroru joseph, kuravilla athanello kanichathu? How much they want to loot thats wht i am not able to understand.....keralathille janagalee angane pootanmar akkan ivarkku pattilla, adutha election varette...

മറ്റൊരാള്‍\GG said...

"ഞാന്‍ ഇങ്ങനെ എഴുതിയാലും ഇല്ലെങ്കിലും ജോസഫ് എല്ലാ കേസുകളില്‍ നിന്നും തടിയൂരും, വീണ്ടും മന്ത്രിയുമാകും. ഛേ...വെറുതെ കുറേ സമയം കളഞ്ഞു...!!"

ഇത് തന്നെയാണ്‍് ജിം എനിയ്ക്കും പറയാനുള്ളത്. ഇങ്ങനെ എത്രയോ ജോസഫുമാര്‍.

മുക്കുവന്‍ said...

"ഞാന്‍ ഇങ്ങനെ എഴുതിയാലും ഇല്ലെങ്കിലും ജോസഫ് എല്ലാ കേസുകളില്‍ നിന്നും തടിയൂരും, വീണ്ടും മന്ത്രിയുമാകും. ഛേ...വെറുതെ കുറേ സമയം കളഞ്ഞു...!!"


നീയാര്‍ സിവാ‍ജിയോ?

ചുമ്മാ എഴുതണ്ണാ‍, ആരേലും വായിക്കും കമെന്റും. നമുക്കൊരു നേരന്‍ബോക്കാവും!

Anonymous said...

Why only Joseph? He is nothing when compared to most others in the same field.

ജിം said...

വീണ്ടും വാക്കു മാറ്റം.
ഇന്ന് മുഖ്യമന്ത്രിയെ കണ്ട് മന്ത്രിയാരാണെന്നുള്ള തീരുമാനം അറിയിക്കും എന്നു പറഞ്ഞ ജോസഫ് വീണ്ടും വാക്കു മാറിയിരിക്കുന്നു.
ചെന്നൈ കോടതി സ്ത്രീപീഢന കേസില്‍ വിധി പറഞ്ഞതിനുശേഷമാവാം തീരുമാനം എന്നാണ് പുതിയ നിലപാട്.
ഇതിനിടയില്‍, ചെന്നൈ കോടതി വിധി എന്തു തന്നെയായാലും ഈ പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകും എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ജോസഫിന് വീണ്ടും തലവേദനയായിരിക്കുന്നു.

ജിം said...

ജോസഫിന്റെ പുതിയ പ്രഖ്യാപനം:
ബോംബേ മുതല്‍ കന്യാകുമാരി വരെ 300 കി മീ വേഗതയില്‍ യാത്ര സാദ്ധ്യമാക്കുന്ന രീതിയില്‍ റെയില്‍ റോഡ് പാതകള്‍ - എക്സ്പ്രസ്സ് കോറിഡോര്‍-6 വരി- നിര്‍മ്മിക്കാന്‍ കേരള കോണ്‍ഗ്രസ് ജെ ശ്രമമാരംഭിക്കുകയാണെന്നാണ് ഇന്ന് കേരളാ കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷവേളയില്‍ ജോസഫ് പറഞ്ഞത്.
കേരളത്തിലെ ഒരു എക്സ് പൊതുമരാമത്ത് മന്ത്രി - സ്വന്തം നാട്ടിലെ റോഡുകള്‍ പൊട്ടിപ്പൊളീഞ്ഞ് താറുമാറായിക്കിടക്കുമ്പോഴാണ് ഇത്തരമൊരു പ്രസ്ഥാവനയുമായി നാട്ടുകാരെ പറ്റിക്കുന്നതെന്നോര്‍ക്കണം. കേരളത്തിലെ ഒരു വരിപ്പാതകള്‍ നന്നാക്കിയിട്ടാവാം ബാക്കി എന്ന് ജോസഫിനെ ആരും തിരുത്തിക്കണ്ടില്ല.

ജിം said...

നറുക്കെടുപ്പിലൂടെയാണെങ്കിലും, അവസാനം കേരളത്തിലെ റോഡുകള്‍ക്ക് മന്ത്രിയായി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മോന്‍സ് ജോസഫ് 18 ന് മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.