Thursday, June 26, 2008

മതമില്ലാതെന്ത് രാഷ്ട്രീയം?

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ബി ജെ പി യും ലീഗും സഭയേയും സമുദായങ്ങളേയും കൂട്ടുപിടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ നടത്തുന്ന രാഷ്ട്രീയ പേക്കൂത്ത് ഇനിയെങ്കിലും അവസാനിപ്പിക്കണം.

പുസ്തകത്തില്‍, കുട്ടികളെ നിരീശ്വരത്വം പഠിപ്പിച്ച് കമ്യൂണിസം കുത്തിവെക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിന് ചൂണ്ടിക്കാട്ടുന്നതാകട്ടെ, പുസ്തകത്തിലെ 24 മത്തെ പേജ്. 'മതമില്ലാത്തെ ജീവന്‍' എന്നു പേരിട്ടിരിക്കുന്ന ഈ പാഠത്തില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ ജീവന്‍ എന്നു പേരുള്ള തങ്ങളുടെ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുന്നതും, ജാതിയുടേയും മതത്തിന്റേയും കോളത്തില്‍ ഒന്നും എഴുതേണ്ട എന്ന് പ്രധാനാദ്ധ്യാപകനോട് ആവശ്യപ്പെടുന്നതുമാണ് വിവരിച്ചിരിക്കുന്നത്. തുടര്‍ന്ന്, പ്രധാനാദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരമായി, വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ എന്നും ഇവര്‍ പറയുന്നു.

ഇതില്‍ മതനിഷേധവും, നിരീശ്വരവാദവും, കമ്യൂണിസവുമല്ല, നമ്മുടെ രാജ്യം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മഹത്തായ ആശയമാണ് പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍, ഇന്ത്യയെന്താണെന്നറിയാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇക്കാലമത്രയും ഇവര്‍ നടത്തിയതെന്നല്ലേ അതിനര്‍ത്ഥം?

ഈ പുസ്തകം പഠിക്കുന്ന കുട്ടികളൊക്കെ നാളെ നിരീശ്വരവാദികളായി മാറുമെന്നും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് മതം ആയുധമാക്കാന്‍ സാധിക്കാതാവുകയും, ചുരുക്കത്തില്‍ നമ്മളൊക്കെ ചൊറിയും കുത്തി ഇരിക്കേണ്ടി വരുകയും ചെയ്യുമന്ന അകാരണമായ ഭീതിയാവണം ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.

27 മത്തെ പേജിലാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്നം. അതില്‍ "അതൊന്നും എന്നെ ബാധിക്കില്ല" എന്ന ശീര്‍ഷകത്തില്‍ കുട്ടികള്‍ക്ക് അന്വേഷിച്ച് കണ്ടെത്താനായുള്ള ഒരു ചോദ്യമുണ്ട്. ചോദ്യം ഇതാണ്: താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏതു മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക? വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ച വ്യാധികള്‍, ഭൂകമ്പം എന്നിവയാണ് പ്രശ്നങ്ങള്‍. ഒറ്റ നോട്ടത്തില്‍ ഈ പ്രശ്നങ്ങളെ എന്തിനാണ് മതങ്ങളുമായി ബന്ധപ്പെടുത്തുന്നതെന്ന് തോന്നാം. ചോദ്യവും അതിനുള്ള ഉത്തരവും കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന പഴയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇങ്ങനെയൊരു ചോദ്യം സങ്കല്പിക്കാനാവില്ലെന്നത് സത്യം. എന്നാല്‍ പുതിയ പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിച്ചും പ്രവര്‍ത്തിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സഹായികളാണ് പാഠപുസ്തകങ്ങള്‍. അതു വഴി, ചിന്താശേഷിയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. ആ നിലക്ക് മുകളില്‍ പറഞ്ഞ ചോദ്യം ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനെ ബാധിക്കുന്നവയാണ് പ്രകൃതി ദുരന്തങ്ങളെന്ന് മനസ്സിലാക്കാനും, ഇത്തരം ദുരന്തങ്ങളില്‍ മതവും ജാതിയും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ബോധം വിദ്യാര്‍ത്ഥിയില്‍ വളര്‍ത്താനും സഹായകമണെന്ന് നിസ്സംശയം പറയാം.

കത്തോലിക്കാ സഭയും ഹിന്ദു മുസ്ലിം സമുദായങ്ങളും സര്‍ക്കാരിനെതിരെ യുദ്ധകാഹളം മുഴക്കാനുള്ള മറ്റു കാര്യങ്ങള്‍, ഗുരുവായൂര്‍ സത്യഗ്രഹവും, പ്രത്യക്ഷ രക്ഷാ സഭ, മുസ്ലിം ഐക്യ സഭ തുടങ്ങിയവയുടെ രൂപീകരണവുമടക്കമുള്ള പാഠഭാഗങ്ങളാണ്. ഒക്കെ മതങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളായിരുന്നു എന്നതു തന്നെ കാരണം. മതത്തിലെ പഴയ അനാചാരങ്ങളുടെ കഥകള്‍ വിശ്വാസികളുടെ പുതു തലമുറ പഠിക്കുന്നത് വിശ്വാസികളുടെ എണ്ണം എങ്ങനെയും കൂട്ടാന്‍ പരിശ്രമിക്കുന്ന ഒരു മതമേലാളനും അത്ര രസിക്കാനിടയില്ല. ഈ അതൃപ്തിയെ രാഷ്ട്രീയവല്‍ക്കരിച്ച് വോട്ട് കൊയ്യാനുള്ള പദ്ദതിയുമായാണ് ചാണ്ടിയും മാണിയുമടക്കമുള്ള രാഷ്ട്രീയക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളല്‍.

ഈ പുസ്തകം ഒരു തവണയെങ്കിലും വായിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
ചിന്തിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ നേതൃത്വം; ഒപ്പം, അല്പം മദ്യവും ഇരുനൂറു രൂപയും നല്‍കിയാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന അണികളും, ഇടയലേഖനങ്ങള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി മതവികാരം ജ്വലിപ്പിച്ച് തെരുവിലിറങ്ങുന്ന കുറെ അല്പ വിശ്വാസികളും!

പുതിയ തലമുറകളെങ്കിലും അല്പം ചിന്താശേഷിയുള്ളവരായി വളരണമെങ്കില്‍, പാഠ്യപദ്ധതികളില്‍ ഇത്തരം സമൂലമായ മാറ്റങ്ങള്‍ കൂടിയേ തീരൂ.

മുകളില്‍ കൊടുത്തിരിക്കുന്ന പാഠഭാഗങ്ങളുടെ കോപ്പികളുടെ ലിങ്കുകള്‍ ഡീക്കന്‍ റൂബിന്‍ തോട്ടുപുറത്തിന്റെ ഈ പോസ്റ്റില്‍ നിന്ന്.

Wednesday, June 18, 2008

പരിശുദ്ദ കമ്മീഷണര്‍ പുണ്യാളന്‍

ആലുവ പോലീസ് സ്റ്റേഷനില്‍ ഭദ്രാനന്ദ സ്വാമി തോക്കും പിടിച്ചു നിന്ന് ഭീക്ഷണി മുഴക്കുമ്പോള്‍, സ്വാമിയെ ഭയഭക്തി ബഹുമാനങ്ങളോടെ പരിചരിച്ച് പഞ്ചപുഛമടക്കി നോക്കി നിന്ന ആലുവ സി ഐ യെ മറക്കാന്‍ സമയമായിട്ടില്ല, അതിനു മുമ്പിതാ കേരള പോലീസിന്റെ നട്ടെല്ലില്ലായ്മക്ക് പുതിയ ഉദാഹരണം - തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില്‍ നിന്ന്.

ഭദ്രാനന്ദന്‍ കാണിച്ചതിലും വലിയ പരാക്രമമായിരുന്നു ഇന്നലെ കന്റോണ്മെന്റ് സ്റ്റേഷനില്‍ ചില SFI ക്കാര്‍ നടത്തിയത്. ട്രാഫിക്ക് നിയമലംഘനത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് സഖാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സഖാക്കളുടെ സ്റ്റേഷനിലെ ഈ വിളയാട്ടം. സ്റ്റേഷന്‍ പരിസരത്തു നിന്ന പോലീസുകാരെ കയ്യേറ്റം ചെയ്ത് സ്റ്റേഷനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്റ്റേഷനിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ രവദ ചന്ദ്രശേഖറിനും കിട്ടി അടി.

കിട്ടിയതും മേടിച്ച് പോക്കറ്റിലിട്ട് ഒന്നും സംഭവിക്കാത്തതുപോലെ നിന്നതല്ലാതെ, കമ്മീഷണരുടെ മുഖത്തൊരു ഭാവഭേദം പോലും കാണാന്‍ കഴിഞ്ഞില്ല. കന്റോണ്മെന്റ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു കപ്പേള പണിയണ്ടതാണെന്നു തോന്നിപ്പോയി.

ലോക്കപ്പില്‍ കിടന്ന സഖാക്കളെ മോചിപ്പിച്ച്, അവരെ കസ്റ്റഡിയിലെടുത്ത പോലീസുകാരനെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ച് സഖാക്കളെ തൃപ്തിപ്പെടുത്തിയാണ് കമ്മീഷണര്‍ മടക്കിയയച്ചത്.

എന്തിനാ കമ്മീഷണറെ ഇങ്ങനെയൊരു ജോലി? അവന്മാര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്തിട്ട് പിടിച്ച് ലോക്കപ്പിലിട്ട്, പണി പോകുന്നെങ്കില്‍ പോകട്ടെയെന്നു വെച്ചിരുന്നെങ്കില്‍ അതിനൊരു അന്തസ്സുണ്ടായേനെ. ഇതൊരുമാതിരി ഐ പി എസ്സിനു ചേരാത്ത പണിയായിപ്പോയി. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

Saturday, June 14, 2008

എല്ലാം ഉദ്യോഗസ്ഥരുടെ പ്രശ്നം!

ഭരണ മുന്നണിയിലെ ചേരിപ്പോര് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. ഇത്രയും വലിയ ഗ്രൂപ്പ് വഴക്ക് കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പോലും ഇതുവരെ കണ്ടിട്ടില്ല. ഭക്‌ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ക്രെഡിറ്റിനെച്ചൊല്ലി നടന്ന തമ്മില്‍തല്ല് തീര്‍ന്നില്ല, അതിന് മുന്‍പ് കിട്ടി അടുത്ത വിഷയം.

തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് തിരിച്ചു പിടിക്കാന്‍ മന്ത്രി സഭ എടുത്ത തീരുമാനം നടപ്പിലാക്കിയതില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നിയമവകുപ്പ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്നും കോടതി അനാവശ്യമായി ഇടപെടുകയാണെന്നും പറഞ്ഞ മുഖ്യമന്ത്രിയും ഇപ്പോള്‍ മൗനം ഭജിക്കുന്നു.

ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വാക്കാല്‍ ആവശ്യപ്പെട്ടത് അറിയിച്ചപ്പോള്‍, രേഖാമൂലമുള്ള അറിയിപ്പില്ലെങ്കില്‍ മുന്നോട്ടു പോകാനാണ് റവന്യൂ മന്ത്രി പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ക്ലബ്ബ് തിരിച്ചു കൊടുക്കാനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് കോടതിയിലെത്തി മാപ്പപേക്ഷ നല്‍കാനും കോടതി ആവശ്യപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. ഗവണ്മെന്റിനു വേണ്ടി ഏറ്റെടുക്കല്‍ നടത്തിയ പാവം ഉദ്യോഗസ്ഥ അവസാനം സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കി വക്കീലിനെ വെച്ച് കേസ് വാദിക്കേണ്ടി വന്നു. അവര്‍ കൊടുത്ത സ.വാ.മൂലത്തില്‍‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ നിയമവകുപ്പ് നല്‍കിയിരിക്കുന്ന പുതിയ സ.വാ.മൂലം

പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് CPI ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആശ്രിതവത്സലനായ എ ജി യെ മാറ്റാന്‍ CPM തയ്യാറായില്ല. എന്നാല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ സ.വാ.മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരോക്ഷമായി അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണങ്ങളാണ് എന്നതാവാം ഇപ്പോള്‍ എതിര്‍ സ.വാ.മൂലവുമായി രംഗത്തെത്താന്‍ നിയമ വകുപ്പിനെ പ്രേരിപ്പിച്ചത്.

എ ജി യുമായി യോജിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് CPI നോമിനിയായ അഡീഷണല്‍ എ ജി യും ഇപ്പോള്‍ പരാതി പറയുന്നു. ചുരുക്കത്തില്‍ മുന്നണിയിലെ ചേരിപ്പോര് ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനത്തിരിക്കേണ്ട, ഗവണ്മെന്റിന് നിയമോപദേശം ന്‍ല്‍കേണ്ട അഡ്വക്കേറ്റ് ജനറലില്‍ വരെയെത്തി നില്‍ക്കുന്നു. ഈ പോരിനി ഏതു ലെവല്‍ വരെ പോകുമെന്ന് കണ്ടറിയണം.

എന്തായാലും, അവസാനം മന്ത്രിസഭാ തീരുമാനം നടപ്പാക്കിയ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ഇപ്പോള്‍ എല്ലാവരും കൈവിട്ടു. ഇതിലും വലിയ തമാശയാണ് നിയമവകുപ്പിന്റെ സ.വാ.മൂലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന നിയമ മന്ത്രി കെ വിജയകുമാറിന്റെ പ്രതികരണം. അതായത്,മന്ത്രി അറിയാതെയാണ് നിയമവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സ.വാ.മൂലം നല്‍കിയതെന്ന് അര്‍ത്ഥം! ഇക്കാര്യത്തിലും ആവശ്യം വന്നാല്‍ കോടതിയില്‍ ഇത് സമര്‍പ്പിച്ച ഉദ്യോഗസ്ഥന്റെ മേല്‍ പഴി ചാരാന്‍ മന്ത്രിക്ക് സ്കോപ്പുണ്ടെന്നും ഇതിനര്‍ത്ഥമുണ്ട് എന്നോര്‍ക്കുക.

മുന്നണിയിലെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥര്‍ ബലി നല്‍കപ്പെടുന്നത് ഇതാദ്യത്തെ സംഭവമല്ല. P J ജോസഫ് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ ശ്രമിച്ചതിന് രാജു നാരായണ സ്വാമിയും, ഹെലിപാഡ് നിര്‍മ്മാണ പ്രശ്നത്തില്‍ ലിസി ജേക്കബും, ഇപ്പോള്‍ മൂന്നാര്‍ പാര്‍ട്ടി ഓഫീസിന്റെ പട്ടയ പ്രശ്നത്തില്‍ അശോക് കുമാര്‍ സിന്‍‌ഹയുമൊക്കെ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി സഭാ തീരുമാനം നടപ്പിലാക്കിയ ഒരുദ്യോഗസ്ഥക്കെതിരെയാണ് നിയമ വകുപ്പിന്റെ ഈ സത്യവാങ്മൂലം. അതായത് മന്ത്രിക്കും മന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലു വിലയാണ് നിയമ വകുപ്പും മുഖ്യമന്ത്രിയുള്‍പ്പെടെ ഗവണ്മെന്റും കല്പിച്ചിരിക്കുന്നത് എന്നര്‍ത്ഥം. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ഇനി ഒരു നിമിഷം പോലും ഈ മന്ത്രി സഭയില്‍ തുടരാന്‍ പാടില്ല.

Monday, June 02, 2008

ഹൈക്കോടതിയുടെ ഗോള്‍ഫ് കളി

കോടതി കയറിയിറങ്ങി ചെരിപ്പു തേഞ്ഞ കാലമൊക്കെ പഴങ്കഥ. നമ്മുടെ കോടതികള്‍ക്കിപ്പോള്‍ കേസിനു തീര്‍‍പ്പുണ്ടാക്കാന്‍ നിമിഷങ്ങള്‍ മതി; വേണമെങ്കില്‍ കേസ് കോടതിയില്‍ വരും മുന്‍പ് ഫോണ്‍ വഴിയും വിധി പറഞ്ഞു കളയും ഈ അത്യാധുനിക കേരള ഹൈക്കോടതി. 'എന്തൊരു ശുഷ്കാന്തി' എന്നു തോന്നുന്നുണ്ടെങ്കില്‍ തെറ്റി - ഇതൊക്കെ നടക്കണമെങ്കില്‍ പരാതിക്കാരന്‍ ജഡ്ജിക്ക് വേണ്ടപ്പെട്ടവനായിരിക്കണം എന്നു മാത്രം.

കോടതികളുടെ താന്തോന്നിത്തതിന്, എന്തുമാകാമെന്നുള്ള ധാര്‍‍ഷ്ട്യത്തിന് ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍, ഗോള്‍ഫ് ക്ലബ്ബ് മാനേജ്മെന്റിന്റെ ഹരജി കോടതി പരിഗണിക്കും മുന്‍പ്, അവധി ദിനത്തില്‍ ഫോണ്‍ വിളിച്ച് ജസ്റ്റിസ് സിരിജഗന്‍ അഡ്വക്കറ്റ് ജനറല്‍ വഴി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതു വക വെക്കാതെ ഏറ്റെടുക്കലുമായി മുന്നോട്ടു പോയ സര്‍ക്കാരിനോട്, ഇന്ന് ഹരജി പരിഗണിച്ച കോടതി, ഏറ്റെടുക്കല്‍ സാങ്കേതികമായി തെറ്റാണെന്നും അതിനാല്‍ ക്ലബ്ബ് നാളെത്തന്നെ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

വിവിധ മാധ്യമങ്ങളില്‍ ഇതുവരെ വന്ന വിവരങ്ങള്‍ വെച്ച് 1967 ലോ മറ്റോ ഗോള്‍ഫ് കളി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കേരള ഗവണ്മെന്റ് പാട്ട വ്യവസ്ഥയില്‍ നല്‍കിയതാണത്രെ 26 ഏക്കറോളം വരുന്ന കോടികള്‍ വിലമതിക്കുന്ന ക്ലബ്ബ് ഉള്‍പ്പെടുന്ന ഈ ഭൂമി. പാട്ടക്കുടിശ്ശികയിനത്തില്‍ സര്‍ക്കാരിലേക്ക് ധാരാളം പണമടക്കാനുള്ളതിനാലും, ഗോള്‍ഫ് കളിക്ക് മാത്രമായി ഉപയോഗിക്കേണ്ട സ്ഥലം വ്യവസ്ഥകള്‍ക്ക് വിപരീതമായി, മറ്റ് പല കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനാലും‍ 1997 ലും, 2005 ലും, 2007 ലും സര്‍ക്കാര്‍ ക്ലബ്ബിന് നോട്ടീസ് നല്‍കിയിട്ടുണ്ടത്രെ. വ്യവസ്ഥയനുസരിച്ച് മുപ്പതു വര്‍ഷത്തെ പാട്ടക്കാലാവധിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാമെന്നും, മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നു കണ്ടാല്‍ നോട്ടീസ് പോലും നല്‍കാതെ തിരിച്ചെടുക്കാമെന്നും പറയപ്പെടുന്നു.

കാര്യങ്ങള്‍ ഈവിധമൊക്കെയാണെങ്കില്‍ പിന്നെ എവിടെയാണ് സാങ്കേതികത്തകരാര്‍ എന്നറിയില്ല. എന്തായാലും, കാര്യങ്ങള്‍ അധികം പഠിക്കാനൊന്നും മെനക്കെടാതെ കോടതി വിധി പറഞ്ഞു. മറ്റു പല കാര്യങ്ങളിലും മുന്‍പ് വിധിച്ചിട്ടുള്ളതു പോലെ കണ്ണുമടച്ചൊരു വിധി.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളൊന്നും സത്യമാകണമെന്നുമില്ല. എങ്കിലും കോടതി ഇക്കാര്യത്തില്‍ കാണിച്ച തിടുക്കവും, കേസ് പരിഗണിക്കും മുന്‍പ് ഫോണ്‍ വിളിച്ച് സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടതുമൊക്കെ, കോടതിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയിലും, നീതി നടപ്പാക്കാനുള്ള കടമയിലും കൂടുതല്‍, ഹരജിക്കാരനോടുള്ള കൂറാണല്ലോ വെളിപ്പെടുത്തുന്നത്.

അതല്ലാതെ അവധി ദിനത്തില്‍ വീട്ടിലിരിപ്പുറക്കാതെ ഫോണ്‍ വഴി പരിഹാരം കാണാന്‍‍ മാത്രം അടിയന്തര സ്വഭാവമുള്ള ഒരു കാര്യമാണോ ഇത്? കുറച്ചു പേരുടെ ഗോള്‍ഫ് കളി കുറച്ചു ദിവസത്തേക്കു മുടങ്ങുമെന്നും, കളി കഴിഞ്ഞ് രണ്ടെണ്ണം വിടാന്‍ സൗകര്യമൊക്കില്ലെന്നതുമൊഴിച്ചാല്‍ മറ്റൊരു അടിയന്തര സ്വഭാവവും ഇക്കാര്യത്തിനുണ്ടെന്ന് തോന്നുന്നുമില്ല.

കോടതികള്‍ നീതിയുക്തമായ വിധികള്‍ പുറപ്പെടുവിക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയിരിക്കുന്നു. അധികാരം കൈയിലുള്ള, വിമര്‍ശനാതീതരായ കുറെപ്പേര്‍, അവര്‍ക്ക് എന്ത് തോന്ന്യാസവും കാണിക്കാനുള്ള വേദികളായി മാറിയിരിക്കുന്നു കോടതികള്‍. കണ്ണും കെട്ടി കൈയില്‍ തുലാസു ബാലന്‍സ് ചെയ്ത് പിടിച്ച് നിന്ന് നീതി ദേവതക്ക് ബോറടിച്ചു തുടങ്ങിക്കാണും. എല്ലാം കച്ചവടമായി മാറുമ്പോള്‍ എന്തിന് നീതി മാത്രം അങ്ങനെ അല്ലാതാവണം? കാശു വെക്കുന്നവര്‍ക്ക് നീതി തൂക്കി നല്‍കാനാണ് ഇപ്പോള്‍ ആ തുലാസ് ഉപയോഗിക്കപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നാട്ടിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍, വേറെ ഇഷ്ടം പോലെ സ്ഥലമുണ്ടായിട്ടും ഞങ്ങളുടെ കളി നിര്‍ത്താന്‍ വേണ്ടി മാത്രം സ്ഥലമുടമസ്ഥന്‍ കപ്പ നട്ടപ്പോള്‍, ദേഷ്യം തീര്‍ക്കാന്‍ കൂട്ടുകാര്‍ ചേര്‍ന്ന് രാത്രിയില്‍ പോയി നട്ട കപ്പത്തണ്ടു മുഴുവന്‍ വലിച്ചു പറിച്ചു കളഞ്ഞതാണ് ഓര്‍മ്മ വരുന്നത്.

ജസ്റ്റിസ് സിരിജഗനും ഇതുപോലൊരവസ്ഥയിലായിരുന്നിരിക്കുമോ എന്തോ! ഗോള്‍ഫ് കളിക്കാന്‍ ബാറ്റും ബോളും കിറ്റുമൊക്കെ വാങ്ങിവെച്ചിരുന്നപ്പോഴായിരിക്കും നാശം പിടിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കലുമായി വന്നത്. സത്യം പറയാമല്ലോ, അങ്ങനെയാണെങ്കില്‍ ആരായാലും ഇതൊക്കെത്തന്നെ ചെയ്തു പോകും.