Tuesday, May 27, 2008

ജനസേവ - ഫിലിംസ് ആന്‍ഡ് ശിശുഭവന്‍

ഒരു സിനിമാ നിര്‍മ്മാതാവും തന്റെ കമ്പനിക്ക് ജനസേവ എന്നൊരു പേരു സ്വീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, സിനിമാ വ്യവസായം ലാഭമുണ്ടാക്കാനുള്ളതാണ്. അതിന് ജനസേവനവുമായി എന്തു ബന്ധം?എന്നാല്‍, ജനസേവനത്തിലൂടെ കാശുണ്ടാക്കിയ ഒരാളാണ് സിനിമ പിടിക്കുന്നതെങ്കിലോ? അങ്ങനെയെങ്കില്‍ ഇതിലും ബെസ്റ്റ് പേര് വേറെ ഇല്ല താനും.

കുറച്ചു ദിവസങ്ങളായി ആലുവയിലെ ജനസേവ ശിശുഭവനെക്കുറിച്ചു ക്കുറിച്ച് വരുന്ന വാര്‍‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നിരാശയാണ് തോന്നിയത്. വര്‍ഷങ്ങളായി അനാഥ ബാല്യങ്ങള്‍ക്ക് തണലൊരുക്കിയിരുന്ന - അങ്ങനെ അറിയപ്പെട്ടിരുന്ന - ജനസേവയും ആ പേരില്‍ തട്ടിപ്പു നടത്തുകയായിരുന്നോ?

തെരുവില്‍ വളരുന്ന അനാഥക്കുട്ടികള്‍ക്ക് സം‌രക്ഷണമേകാനാണ് ജനസേവ ശിശുഭവന്‍ 1996 ല്‍ ആരംഭിച്ചത്. ഒരു പരിധിവരെ ആ ദൗത്യം ഭംഗിയായി അവര്‍ നിര്‍‌വ്വഹിക്കുന്നുമുണ്ടായിരുന്നു എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും കവിയൂര്‍ പൊന്നമ്മയും അടങ്ങുന്ന പ്രമുഖര്‍ ജനസേവയുടെ 'ബ്രാന്‍ഡ് അംബാസഡര്‍' മാരാവുകയും പിഞ്ചു കുഞ്ഞുങ്ങളുടെ ദൈന്യത നിറഞ്ഞ മുഖങ്ങളുമായി പരസ്യങ്ങളും, അവര്‍ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പരസ്യ വാചകങ്ങളും കണ്ട് ധാരാളം പേര്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി.
ധാരാളം മലയാളികള്‍ വര്‍ഷങ്ങളായി ഈ നല്ല സം‌രഭത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്നു - കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അവിടുത്തെ ഒരു കുട്ടിയുടെ വാര്‍ഷിക സ്പോണ്‍സര്‍ഷിപ്പായി മൂവായിരം രൂപവീതം ഈയുള്ളവനും അയക്കുന്നുണ്ട്.

ഇതിനിടയില്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമീപവാസികളും മറ്റും ചെറിയ ചില പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും, ജനസേവയിലെ കുഞ്ഞു മക്കളുടെ മുഖങ്ങളും പ്രസിഡന്റായ ജോസ് മാവേലിയുടെ ആത്മാര്‍‍ത്ഥത തുളുമ്പുന്ന വാക്കുകളും ജനസേവയെക്കുറിച്ച് മറിച്ച് ചിന്തിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇപ്പോഴത്തെ പുതിയ വാര്‍ത്ത, ജോസ് മാവേലി രണ്ടു കോടി രൂപ മുടക്കി ജനസേവ ഫിലിംസ് എന്ന ബാനറില്‍ തമിഴ് സിനിമ നിര്‍മ്മിക്കുന്നു എന്നതാണ്. താന്‍ അരിക്കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണ് ഇത്രയും പണമെന്നാണ് ജോസിന്റെ വാദം. മാത്രമല്ല, സിനിമയിലൂടെ കിട്ടുന്ന ലാഭം ജനസേവയിലെ പ്രവര്‍ത്തനങ്ങള്‍‍ക്കായി ഉപയോഗിക്കുമെന്നും ജോസ് മാവേലി അവകാശപ്പെടുന്നു.

ഈ വാര്‍ത്ത വന്ന ശേഷം ശിശുഭവന്റെ പ്രധാന രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആ സ്ഥാനം രാജി വെച്ചു. മാസങ്ങള്‍ക്ക് മുന്‍പ്, മമ്മൂട്ടി തന്റെ ചിത്രം ശിശുഭവന്റെ പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതും ശിശുഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ജനസേവയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കടബാദ്ധ്യതയും ഇല്ലായ്മയും മാത്രമാണ് ജോസ് മാവേലി എപ്പോഴും പറയാറുള്ളത്. ഇപ്പോഴും ഒന്നരക്കോടിയോളം രൂപയുടെ കടത്തിലാണത്രെ ജനസേവ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികളെ നല്ല സ്കൂളുകളില്‍ പഠിപ്പിക്കാനും, ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍‍ ഒരുക്കാന്‍ പോലും കഴിയുന്നില്ല എന്നു പരിതപിച്ചിരുന്ന ജോസാണ് ഇപ്പോള്‍ രണ്ടുകോടിയുടെ സിനിമ നിര്‍മ്മിക്കാന്‍ പോകുന്നത്.

ജോസ് മാവേലി സിനിമ നിര്‍മ്മിക്കുന്നത് സ്വന്തം കാശുകൊണ്ടായിരിക്കാം. അങ്ങനെയായിരിക്കട്ടെ. എന്നാല്‍, അനാഥക്കുഞ്ഞുങ്ങളുടെ പേരില്‍ ലഭിക്കുന്ന പണം അവര്‍ക്കു വേണ്ടി തന്നെയാണ് ചെലവാക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്താന്‍ ജനസേവയുടെയും ജോസ് മാവേലിയുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ചെയ്യുന്ന പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ജോസ് മാവേലി തന്നെ ഇതിന് മുന്‍‌കൈയെടുക്കണം.

സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം ജനസേവയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു പറയുന്ന ജോസ് മാവേലി, സിനിമ നഷ്ടത്തിലായാല്‍ ആ നഷ്ടം നികത്താന്‍ ജനസേവയുടെ പണം ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം.

ഇല്ലെങ്കില്‍, ജോസ് മാവേലി എന്ന സിനിമാ നിര്‍മ്മാതാവിന്റെ 'സൈഡ് ബിസിനസ്സ്' മാത്രമായി മാറുന്ന ശിശുഭവനി ലേക്കുള്ള ജനങ്ങളുടെ സംഭാവനകള്‍ കുറയും; സംശയങ്ങളിലും വിവാദങ്ങളിലും മുങ്ങി അവിടുത്തെ പിഞ്ചു കുഞ്ഞുങ്ങളുടെ നല്ല ഭാവി എന്ന സ്വപ്നം ഇല്ലാതാവുകയും ചെയ്യും.

Monday, May 19, 2008

സ്വാമിമാരെ തേടുന്നവര്‍ക്ക്..

കേരളത്തിലെ സ്വാമിമാര്‍ക്കൊക്കെ ശനിദശയാണെന്നു തോന്നുന്നു. അമൃത ചൈതന്യ, ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ, ഇപ്പോള്‍ വിശ്വ ചൈതന്യയും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നു. കോഴിക്കോട്ടെ മുരളീ കൃഷ്ണ സ്വാമിയടക്കം പത്തോളം സ്വാമിമാരെ പോലീസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പറഞ്ഞു കേള്‍‍ക്കുന്നത്.

ഈ സ്വാമിമാരൊക്കെ ഇങ്ങനെ കോടതിയും കേസുമായി കറങ്ങി നടന്നാല്‍ കേരളീയരുടെ ആത്മീയ ദാഹം തീര്‍‍ക്കാന്‍ ഇനി ആരുണ്ടാകും എന്ന് ചിന്തിച്ച് വിഷമിക്കുന്നവരുണ്ടെങ്കില്‍, അവര്‍ക്കുള്ളതാണ് ഈ പോസ്റ്റ്. കേരളത്തിലെ ചില ക്രിസ്ത്യന്‍ സ്വാമിമാരും ആശ്രമങ്ങളുമാണ് താഴെ പറഞ്ഞിരിക്കുന്നത്. ഈ സ്വാമിമാര്‍ ന്യൂനപക്ഷക്കാരായതിനാല്‍ പോലീസ് അത്ര വേഗം ഇവരെ കൈ വെക്കുമെന്ന് തോന്നുന്നില്ല. കടന്നു വരൂ, രോഗ ശാന്തി നേടൂ..അത്മീയ വരങ്ങളാല്‍ അനുഗ്രഹീതരാകൂ..!

1. മുല്ലക്കര സ്വാമി

2. കെ.പി യോഹന്നാന്‍ സ്വാമി

3. ജോര്‍ജ്ജ് സാമുവല്‍ സ്വാമി

4. ഡിവൈന്‍ ആശ്രമം

5. ശാലോം ആശ്രമം


തല്‍ക്കാലം ഇത്രയേ കിട്ടിയുള്ളൂ. വെബ് സൈറ്റ് ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഇഷ്ടം പോലെ ഇനിയും ഉണ്ട്. കൊന്തയില്‍ അത്തറു പൂശിയും, മാതാവിന്റെ ഫോട്ടോയില്‍ നിന്ന് ചുവന്ന പെയിന്റൊഴുക്കിയും അദ്ഭുതങ്ങള്‍ കാണിച്ച് ആത്മീയാനന്ദം പകര്‍ന്നു നല്‍കുന്നവര്‍ വേറേയും.

കൂടുതല്‍ ക്രിസ്ത്യന്‍ സ്വാമിമാരെ അറിയാവുന്നവര്‍ ഡീറ്റയില്‍സ് ഷെയര്‍ ചെയ്യുമല്ലോ!

Saturday, May 17, 2008

പീറപ്പോലീസ്

ഇങ്ങനെയുമുണ്ടോ ഒരു പോലീസ്? തോക്കും കൈയില്‍ പിടിച്ച് ആത്മഹത്യ ചെയ്യുമെന്നും കൊല്ലുമെന്നും ഭീക്ഷണിമുഴക്കിയ ഒരുത്തനെ കീഴടക്കാന്‍ കഴിവില്ലാത്ത പന്നപ്പോലീസ്! ഇന്ത്യയിലെ തന്നെ ബെസ്റ്റ് പോലീസെന്നൊക്കെ കേരള പോലീസിനെ വിശേഷിപ്പിച്ചത് ആരാണോ എന്തോ! ഇനി എന്തൊക്കെ ആണെന്നു പറഞ്ഞാലും ആലുവയിലെ DySP മുതല്‍ താഴോട്ടുള്ള ഒരുത്തനും ഒരു പോലീസുകാരനു വേണ്ട മിനിമം ധൈര്യവും ബുദ്ധിയുമുണ്ടെന്ന് വിശ്വസിക്കുക ഇനി പ്രയാസം.

തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീക്ഷണി മുഴക്കിയ ആലുവക്കാരന്‍ സ്വാമിയെ, വീട്ടില്‍ നിന്ന് വിളിച്ചിറക്കി ജീപ്പില്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പോലീസ് 2 മണിക്കൂറോളം ഇയാളെ സ്റ്റേഷനിലിരുത്തി, ഭീക്ഷണികള്‍ കേട്ടു നിന്നതല്ലാതെ ഇയാളുടെ കൈയില്‍ നിന്ന് തോക്ക് തട്ടിയെടുക്കാന്‍ ഒന്നും ചെയ്തില്ല. മൊബൈലില്‍ നിരന്തരം സംസാരിച്ചിരുന്ന സ്വാമിയുടെ തോക്കു പിടിച്ച കൈക്ക് ഒരു ചെറിയ തല്ലു കൊടുത്ത് ആ തോക്ക് തട്ടിതെറിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതു പോലും ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ പോലീസെന്നും പറഞ്ഞ് മീശ പിരിച്ച് നടക്കാന്‍ കുറേപ്പേര്‍? ഇത് ഇവരുടെ ധൈര്യത്തിന്റെ കാര്യം.

ഇനി, ബുദ്ധിയോ? വളരെ ബുദ്ധിപരമായിട്ടായിരുന്നു പോലീസ് ഇത് കൈകാര്യം ചെയ്തത്. തോക്കു ചൂണ്ടി നിന്ന സ്വാമിയെ അനുനയിപ്പിക്കാന്‍ പോലീസ് കണ്ടു പിടിച്ചത് മനോരമയുടെ റിപ്പോര്‍ട്ടര്‍ ലേബിയെ. ഒരു വനിതാ പത്ര പ്രവര്‍ത്തകയെ, തോക്കു ചൂണ്ടി ആത്മഹത്യാ-വധ ഭീക്ഷണികള്‍ മുഴക്കിക്കൊണ്ടിരിക്കുന്ന ഒരു ക്രിമിനലിനു മുന്നിലേക്ക് സന്ധിസംഭാഷണത്തിനു വിടുന്ന ഈ പോലീസ് ബുദ്ധി അപാരം തന്നെ; അതും അന്‍പതോളം ഗഡാഗഡിയന്‍ പോലീസുകാര്‍ സ്റ്റേഷനില്‍ ഈച്ചയാട്ടിയിരിക്കുമ്പോള്‍! ഇനിയുമുണ്ടായി പോലീസിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍. ലേബി അകത്തിരുന്ന് സന്ധി സംഭാഷണം നടത്തുമ്പോള്‍, അകത്തേക്കു കടക്കണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ മറ്റ് മാദ്ധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ തലയില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന സ്വാമിയെ പോലീസ് ദാ പുറത്തേക്കിറക്കി കൊണ്ടു വരുന്നു - സ്വാമിയേയും തോക്കിനേയും കാണിച്ച് ബഹളമുണ്ടാക്കുന്നവരെ പേടിപ്പിക്കാനായിരിക്കണം ഇത്.

പിന്നെ കാണിച്ചതാണ് അതിഭയങ്കര ബുദ്ധി. പുറത്തേക്കിറങ്ങിയ സ്വാമി, 'നിങ്ങളേയും കൊല്ലും ഞാനും ചാവും' എന്ന് പറഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേ തിരിഞ്ഞപ്പോള്‍ സംഗതി അത്ര പന്തിയല്ലെന്നു കണ്ട ഏതോ ഒരു ബുദ്ധിമാന്‍ പോലീസുകാരന്‍ തലയിലേക്ക് തോക്കു ചൂണ്ടി കാഞ്ചിയില്‍ വിരലമര്‍ത്തി നില്‍ക്കുന്ന സ്വാമിയുടെ തോക്കു പിടിച്ച കൈയില്‍ പിടിച്ച് കീഴോട്ടു വലിച്ചു. വെടി പൊട്ടാന്‍ വേറെ എന്തെങ്കിലും കാരണം വേണോ? പൊട്ടി - അതും രണ്ടെണ്ണം. സ്വാമിക്കോ കൂടി നിന്ന മാദ്ധ്യമ പ്രവര്‍ത്തകരിലാര്‍ക്കുമോ വെടി കൊള്ളാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.

ഇതു താന്‍‌ടാ (കേരള) പോലീസ്!

അഭിനന്ദനങ്ങള്‍ സാറന്മാരെ, ഇനിയും പോരട്ടെ ഇത്തരം വീരകൃത്യങ്ങള്‍.

കടപ്പാട്: ഈ നാടകീയ രംഗങ്ങളൊക്കെ അതിന്റെ രസം ഒട്ടും ചോരാതെ രാവിലെ മുതല്‍ കാണിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാവിഷനും മനോരമ വിഷനും.