Wednesday, May 30, 2007

മാതാവിന്റെ രക്തക്കണ്ണീര്‍

ഗൂഗിള്‍ വീഡിയോസില്‍ നിന്നു കിട്ടിയ ഈ ക്ലിപ്പിങ്ങാണ് ഇങ്ങനെ ചിന്തിപ്പിച്ചത്...

കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള സലോമി, സോജന്‍ ദമ്പതികളുടെ വീട്ടിലാണ് ഈ അദ്ഭുതം സംഭവിച്ചിരിക്കുന്നത്.
വീട്ടില്‍ വെച്ചിരുന്ന മാതാവിന്റെ ചിത്രത്തില്‍നിന്നും രക്തം വരുന്നു. ഇവരുടെ കുഞ്ഞുമകനാണ് ഇത് ആദ്യം കണ്ടത്. പിന്നീട് പലപ്പോഴായി, ഈ ചിത്രത്തില്‍ നിന്നും, ഇതേപോലെയുള്ള മറ്റു ചിത്രങ്ങളില്‍ നിന്നും രക്തക്കണ്ണുനീര്‍ വന്നു. മറ്റൊരു തിരുസ്വരൂപത്തില്‍ നിന്നും തേന്‍, പാല്‍ എന്നിവയും ഒഴുകാന്‍ തുടങ്ങി. അതുകൂടാതെ, അവരുടെ വീടും പരിസരവും സുഗന്ധപൂരിതമാവുകയും ചെയ്തു.

ഈ കാര്യങ്ങളൊക്കെ മുകളില്‍ പറഞ്ഞ വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്. കൂടാതെ, വൈദികരുടെയും നാട്ടുകാരുടേയും സാകഷ്യങ്ങളും, അനുഭവസ്ഥരുമായി അഭിമുഖങ്ങളും ഒക്കെയായി, നന്നായി എഡിറ്റ് ചെയ്താണ് ഇതിറക്കിയിരിക്കുന്നത്. നിര്‍മിച്ച കമ്പനിയുടെ പേരുമുണ്ട്.
മൊത്തത്തില്‍ ഒരു "സിനിമാ സ്റ്റൈല്‍".

ഇത്തരം അദ്ഭുതങ്ങള്‍ ഇതിനുമുന്‍പും ഉണ്‍ടായതായി കേട്ടിട്ടുണ്ട്. പാലക്കാടിനടുത്ത് കഞ്ചിക്കോട്ടുള്ള റാണി എന്ന സ്ത്രീയ്ക്കായിരുന്നു അതിലൊന്ന്. അവര്‍ക്ക്, വിശുദ്ധ കുര്‍ബ്ബാന വായിലേക്കു വെക്കുമ്പോള്‍, മാംസക്കഷ്ണമായി മാറുന്ന അദ്ഭുതമാണ് സംഭവിച്ചു‌കൊണ്ടിരുന്നത്. വായിലേക്ക് മാതാവ് പാല്‍ ഒഴിച്ചു കൊടുക്കുന്നതായി അനുഭവപ്പെടുകയും(ഇതിനും വീഡിയോ തെളിവുകളുണ്ട്), വീടും പരിസരവും സുഗന്ധത്താല്‍ നിറയുകയും ചെയതു.

പറഞ്ഞു വരുന്നത് ക്രിസ്തീയ വിശ്വാസത്തെപ്പറ്റിയാണ്.

സത്യത്തില്‍, യേശുക്രിസ്തു തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ച സഹോദരസ്നേഹം, കാരുണ്യം, ത്യാഗം
എന്നിവയേക്കളോക്കെ ജനങ്ങളെ ആകര്‍ഷിച്ചത്, കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിയതു മുതല്‍, മരിച്ച് ഉയിര്‍ത്തെഴുന്നേറ്റതു വരെയുള്ള അദ്ഭുതങ്ങളല്ലേ..?
അപ്പോള്‍ വിശ്വാസത്തിനാധാരം അദ്ഭുതങ്ങളാണ്.
വിശ്വാസം നിലനില്‍ക്കണമെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കണം.

കത്തോലിക്കാ സഭ വിശുദ്ധന്മാരായി പ്രഖ്യാപിച്ചവരുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍ അവയിലൊക്കെ ത്യാഗവും, മനുഷ്യസ്നേഹവും, ലാളിത്യവും കണ്ടെത്താം. ജീവിച്ചിരുന്നപ്പോള്‍ അദ്ഭുതങ്ങളൊന്നും തന്നെ പ്രവര്‍ത്തിക്കാത്ത ഇവര്‍, സഭ വിശുദ്ധപ്രഖ്യാപനം നടത്തുന്നതോടെ ദൈവികവല്കരിക്കപ്പെടുന്നു.
(വിശുദ്ധപ്രഖ്യാപനത്തിനുള്ള സഭയുടെ മാനദണ്‍ഢം, ആ വിശുദ്ധനോട് പ്രാര്‍ത്ഥിച്ച്, അയാളിലൂടെ നല്ക‍പ്പെടുന്ന അദ്ഭുതങ്ങളുടെ സാകഷ്യങ്ങളാണ് - മദര്‍ തെരേസയുടെ കാര്യത്തില്‍ ഇത്തരം ഒരു അദ്ഭുതം സംഭവിച്ചതിനു തെളിവുകള്‍ കിട്ടിയത്രെ.)

ഒരായുസ്സ് മുഴുവന്‍ പാവങ്ങള്‍ക്കും, അനാഥര്‍ക്കും വേണ്‍ടി ജീവച്ച മദര്‍, ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമ്മുടെയൊക്കെ മനസ്സില്‍‍ വിശുദ്ധിയുടെ ആള്‍രൂപമാണ്. പ്രതിഫലേച്ഛയോ, പോപ്പുലാരിറ്റിയോ പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സേവനം.

ഇതല്ലേ യേശുക്രിസ്തു നമ്മോടോക്കെ ആവശ്യപ്പെട്ടത്..?

ഇതല്ലേ യത്ഥാര്‍ത്ഥ വിശ്വാസം..?

വിശുദ്ധരുടെ പേരില്‍ കപ്പേളകളും, പള്ളികളും പണിയുകയും, അവ കച്ചവടകേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും ചെയ്യുന്നതാണൊ ക്രിസ്തീയ ധര്‍മ്മം?
അതോ, നടന്നതോ നടക്കാത്തതോ ആയ അദ്ഭുതങ്ങളും, രോഗശാന്തിയും പ്രചരിപ്പിച്ച്, ആളുകളെ ആകര്‍ഷിച്ച് പണം കൊയ്യുന്നതോ?

അവസാനകാലത്ത്, വ്യാജ പ്രവാചകര്‍ വരുമെന്നും, വ്യാജ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും, ക്രിസ്തു അവിടെ, ക്രിസ്തു ഇവിടെ എന്നൊക്കെ പറഞ്ഞ് അവര്‍ നിങ്ങളെ വഴിതെറ്റിക്കുമെന്നും, ബൈബിളില്‍ പറയുന്നുണ്ട്. (മാര്‍ക്ക് 13:21-25)

എന്തോ, ഈ അദ്ഭുതകഥകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത് ബൈബിളിലെ ഈ ഭാഗമാണ്.

No comments: