Sunday, June 03, 2007

നൊസ്റ്റാള്‍ജിക് ജൂണ്‍

മറ്റൊരു ജൂണ്‍ മാസം കൂടി.

വേനലില്‍ വെന്തുരുകിയ മണ്ണിനും മനസ്സിനും കുളിരേകി മേഘങ്ങളുടെ അമ്രുതവര്‍ഷം - കാലവര്‍ഷം.
പുത്തനുടുപ്പും, പുത്തന്‍ പ്രതീക്ഷകളുമായി മറ്റൊരു അദ്ധ്യയന വര്‍ഷം.
ജൂണിനെ നൊസ്റ്റാള്‍ജിക് ജൂണാക്കുന്നത് ഈ രണ്ട് "വര്‍ഷ" ങ്ങളുടെ ഓര്‍മ്മകളാണ്.

ഓര്‍മ്മകള്‍ കാല്‍ നൂറ്റാണ്ട് പുറകിലേക്ക് പോകുമ്പോള്‍..

മഴയത്തിറങ്ങി നിന്ന്, തുള്ളിക്കൊരുകുടം പെയ്യുന്ന മഴത്തുള്ളികള്‍ ശരീരത്തില്‍ പതിക്കുമ്പോഴുണ്ടാകുന്ന സുഖമുള്ള ചെറിയ വേദന ആസ്വദിക്കാന്‍.. മഴയില്‍ ആടിയുലയുന്ന മരങ്ങളെ നോക്കി വെറുതെയിരിക്കാന്‍...മഴ നനഞ്ഞ് പറന്നു പോകുന്ന പക്ഷിയെ കണ്ട്, അതിനേയും, കാത്തിരിക്കുന്ന അതിന്റെ കുഞ്ഞുങ്ങളെയുമോര്‍ത്ത് ഒരു നിമിഷം വേദനിക്കാന്‍...
മഴ എന്നിലുണ്ടാക്കിയ വികാരങ്ങള്‍ പലതായിരുന്നു..!

മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്, അകത്ത് പളുങ്കു പൂക്കളുള്ള പിടിയും കട്ടി ശീലയുമുള്ള കുട ചൂടി, അലുമിനിയം പെട്ടി (അന്ന് സ്കൂള്‍ ബാഗ് കണ്ടു പിടിച്ചിട്ടില്ല) തൂക്കി മഴയത്ത് കൂട്ടുകാരുമൊത്ത് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളാണ്. കുട വട്ടം കറക്കി, കൂടെ നടക്കുന്നവരുടെ മേല്‍ വെള്ളം തെറിപ്പിച്ച്...തിരിച്ച് ചെയ്യുന്നവര്‍ക്ക് പിടികൊടുക്കാതെ ഓടി..റോഡിലെ ചെളിവെള്ളത്തില്‍ ഉടുപ്പും പെട്ടിക്കുള്ളിലെ പുസ്തകങ്ങളും നനച്ച്...തോട്ടിലും വയല്‍ വരമ്പിലും കാണുന്ന ചെറുമീനിനേയും ഞണ്ടിനേയും പിടിക്കാന്‍ വിഫല ശ്രമം നടത്തി..തെന്നിവീണ്...
ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ താമസിച്ചതിനും, മഴ നനഞ്ഞതിനും ഉടുപ്പില്‍ ചെളിയാക്കിയതിനുമൊക്കെ വഴക്കും കേട്ട്..ചിലപ്പോള്‍ അടിയും വാങ്ങി..

ഞാന്‍ പഠിച്ച ഏറ്റവും വലിയ സര്‍വ്വകലാശാല ഈ യാത്രകളായിരുന്നുവെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

സ്കൂളിലെത്തിയാല്‍ വേഗം ഉച്ചയാകണേ എന്നാവും പ്രാര്‍ത്ഥന. 'ഉച്ചക്കു വിട്ടാല്‍' വേഗം ഭക്ഷണം കഴിച്ചെന്നു വരുത്തി, അന്നത്തെ പ്രധാന കലാപരിപാടികള്‍ ആരംഭിക്കുകയായി.

കള്ളനും പോലീസും കളിയായിരുന്നു പ്രധാനം. ആദ്യം ഒരാള്‍ പോലീസ്, മട്ടുള്ളവരെല്ലാം കള്ളന്‍മാര്‍. പിടിക്കപ്പെടുന്ന കള്ളന്‍ പിന്നീട് പോലീസിന്റെ കൂടെ കൂടി ബാക്കിയുള്ള കള്ളന്‍മാരെ തിരയണം.
കളിയുടെ ത്രില്ലില്‍ കണ്ണുമടച്ച് ഓടി പള്ളിപ്പറമ്പും, സെമിത്തേരിയും കടന്ന് മൊട്ടക്കുന്ന് എന്നറിയപ്പെടുന്ന കശുമാവിന്‍ കാട്ടിലും മറ്റും ചെന്നെത്തി തിരിച്ചുവരാന്‍ വഴിയറിയാത പലതവണ പെട്ടുപോയിട്ടുണ്ട്. ഇതിനിടെയാവും ആരെങ്കിലും എന്തെങ്കിലും അദ്ഭുതക്കാഴ്ച കണ്ടു എന്നു പറയുന്നത്. അതു ചിലപ്പോള്‍ തലയോട്ടിയോ, കൈപ്പത്തിയോ ഒക്കെയാവും..പിന്നെ അതു കണ്ടുപിടിക്കാനുള്ള ശ്രമമായി. തലയോട്ടി ഒരു പേട്ടു തേങ്ങയോ, കൈപ്പത്തി കപ്പയിലയോ ഒക്കെയായിരിക്കുമെന്നു മാത്രം. ബഷീര്‍ എന്ന സുഹ്രുത്ത്, ഒരിക്കല്‍ കളിക്കിടയില്‍ ഒറിജിനല്‍ പ്രേതത്തെ വരെ കണ്ടിട്ടുണ്ടത്രെ.

പള്ളിപ്പറമ്പില്‍, പണ്ട് ടിപ്പു സുല്‍ത്താന്‍ ഒളിച്ചു താമസിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ഗുഹയ്ണ്ട്. കുറേ ദൂരം ഉള്ളിലേക്കു പോയാല്‍ അവിടെ ഒരു കുളവും, കല്‍പടവുകളും ഒക്കെയുണ്ടെന്നാണ് പോയി കണ്ടിട്ടുള്ള ഹൈസ്കൂളിലെ ചേട്ടന്‍മാര്‍‍‍ പറഞ്ഞിട്ടുള്ളത്. എല്‍ പി സ്കൂളിലെ കുട്ടികള്‍ക്ക് ഗുഹക്കുള്ളില്‍ പോകരുതെന്ന് കര്‍ശന നിയമമുണ്ടായിരുന്നു. രഞ്ജിത്തും നൗഫലും പ്രദീപനും ഞാനുമൊക്കെ, പലരും പറഞ്ഞു കേട്ട അദ്ഭുതങ്ങള്‍ പങ്കു വെച്ച്, അകത്തു കയറാന്‍ ധൈര്യം വരാതെ ആ ഗുഹക്കുമുന്‍പില്‍ എത്രയോ തവണ വായും പൊളിച്ച് നിന്നിരിക്കുന്നു...

ഓര്‍മ്മകള്‍ ഇവിടെ തീരുന്നില്ല...

സ്കൂള്‍ ഗ്രൗണ്ടില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചക്കരപ്പട്ട മരങ്ങള്‍...ഏതു വേനലിലും കുളിര്‍മ്മ പകരുന്ന അവയുടെ തണല്‍...മധുരമുള്ള ചക്കരപ്പട്ട...

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്ന തേന്‍ മിഠായി...

പല നിറങ്ങളില്‍, രുചികളില്‍ വരുന്ന ഐസ്സ്റ്റിക്ക് (കോലൈസ്)...

അമേരിക്കന്‍ ഗോതമ്പുകൊണ്ട് കുട്ടിമാളുവേട്ടത്തി ഉണ്ടാക്കിയിരുന്ന ഉപ്പുമാവ്..

ഇടവേളകളിലും, വൈകുന്നേരങ്ങളിലുമുള്ള 'ചടുകുടു' കളി...

മറ്റൊരു ജൂണ്‍ കൂടി കടന്നു പോകുമ്പോള്‍, ഈ മധുരമുള്ള ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തുമ്പോള്‍, വേദനയോടെ ഞാനറിയുന്നു, എല്ലാം വെറും ഓര്‍മ്മകള്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്...
അല്ലെങ്കില്‍, ഈ മധുരാനുഭവങ്ങള്‍ക്കായി ഇനിയൊരു ബാല്യം എനിക്കു ബാക്കിയില്ല എന്ന്...

ഒരിക്കല്‍ കൂടി എനിക്കെന്റെ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍...
ഒരിക്കല്‍ കൂടി എനിക്കാ പഴയ എല്‍ പി സ്കൂളുകാരനാകാന്‍ പറ്റിയെങ്കില്‍...

ഒ എന്‍ വി യെപ്പോലെ ഞാനും അറിയാതെ അതു തന്നെ പാടിപ്പോകുന്നു...

"ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം.."

2 comments:

sunil said...

jim........ swartham......... the word made me think ..........

the same nostalgic feeling... ezhuthu vittittu kaalam kore aayi................

that was a nice piece..........

Anonymous said...

oru nanutha mazha nananja pratheethi! valare nannaayittundu!