"അളിയാ..എന്നാലും അവളീ ചതി എന്നോടു ചെയ്തല്ലോ..."
സജില്‍ ഇതു പറയുമ്പോള്‍ ഞങ്ങള്‍ ബാംഗ്ലൂരിലെ വിജ്ഞാന് നഗറിലുള്ള ഒരു ബാറിലായിരുന്നു. ഒരു ശനിയാഴ്ച ദിവസം.
ഞങ്ങള്‍ എട്ടു പേര് - സജില്‍,ബിനു,ജിജീഷ്,സബീഷ്,ശങ്കരന്,അജീഷ്,ബോബി,ഞാന്‍.
സജില്‍ കഷ്ട്പ്പെട്ട് ലൈനടിച്ചു വെച്ചിരുന്ന കവിത എന്ന കന്നഡക്കാരി പെണ്‍കുട്ടി, അവനെ വിട്ട്, വേറൊരുത്തന്റെ കൂടെ കറങ്ങിനടക്കുന്നതിന്റെ സങ്കടം പങ്കുവെക്കുകയായിരുന്നു അവന്.
ആഴ്ചയില്‍ ഒരു തവണയെങ്കിലും, എന്തെങ്കിലും കാരണമുണ്ടാക്കി ഞങ്ങള്‍ ഈ ബാറില്‍ വന്നു പോയിരുന്നു.
ഒന്നുകില്‍ ആരുടെയെങ്കിലും സ്പോണ്‍സര്‍ഷിപ്പ്...ജോലി കിട്ടിയതിന്റെയോ, കമ്പനി മാറിയതിന്റെയോ സന്തോഷം.
അല്ലെങ്കില്‍, കോമണ്‍വെല്‍ത്ത്...എത്ര ചെലവാകുന്നോ, അതില്‍ തുല്യ പങ്കാളിത്തം.
സജിലൊഴികെ ബാക്കി ഞങ്ങളെല്ലാവരും സഹമുറിയന്മാരായിരുന്നു. സജില്‍, വിനയന് എന്ന മറ്റൊരു സുഹ്രുത്തിനൊപ്പം മഡിവാളയിലായിരുന്നു താമസം.
അന്നത്തെ ചെലവ് ജിജീഷിന്റെ വകയായിരുന്നു...പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ!
ഒരു ബര്‍ക്കാഡി ഫുള്‍ വാങ്ങി, ഞങ്ങള്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോള്‍.
സജിലിന് എവിടെയൊക്കെയോ ചില കൊളുത്തുകള്‍ ഉണ്ടെന്നറിയാമെന്നല്ലാതെ, ഇങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നതായി ആര്‍ക്കും അറിവില്ലായിരുന്നു - അവന് ഒന്നും തുറന്നു പറഞ്ഞിരുന്നില്ല, അതുവരെ.
ഏതായാലും അന്ന്, ബാറിലെ ഇത്തിരി വെട്ടത്തില്‍, ബര്‍ക്കാഡി പതുക്കെ സിരകളില്‍ അലിയുമ്പോള്‍, പുകച്ചുരുളുകളുടെ അകമ്പടിയോടെ സജില്‍ ആ കദന കഥ ഞങ്ങളോട് പറഞ്ഞു.
ആത്മാര്‍ഥമായി അവളെ സ്നേഹിച്ചതും, അവളെ സന്തോഷിപ്പിക്കാന്‍ ഹോട്ടല്‍, സിനിമ, ഷോപ്പിങ് ഒക്കെയായി ഒരുപാട് കാശ് പൊടിച്ചു കളഞ്ഞതും, അവസാനം മറ്റൊരുത്തന് വന്നപ്പോള്‍, ഇതൊക്കെ മറന്ന് അവള് അവനോടൊപ്പം പോയതും...
"അവളെ അങ്ങനെ വെറുതെ വിടരുതെടാ..." ഞങ്ങള്‍ക്കൊക്കെ അതു മനസ്സിലുണ്ടായിരുന്നെങ്കിലും, ബിനുവായിരുന്നു അതു പറഞ്ഞത്.
"നാണമില്ലല്ലൊടാ ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാന്‍..ആണാണെങ്കില്‍ നീ അവളെ വിളിച്ച് നാലു തെറി പറ...വേണെങ്കില്‍ ഇതാ എന്റെ മൊബൈല്‍.."
രണ്ടാമത്തെ പെഗ്ഗ് അകത്താക്കിക്കൊണ്ടിരുന്ന ജിജീഷ്, സര്‍വശക്തിയുമെടുത്ത് ഗ്ലാസ് ടേബിളിലേക്കു വെച്ചുകൊണ്ടു പറഞ്ഞു. സജിലിനോടുള്ള സഹതാപമോ, ഉള്ളില്‍ നുരയുന്ന ബര്ക്കാഡിയോ - സജിലും, ഞങ്ങളെല്ലാവരും കൂടുതല്‍ പുലിവാലുണ്ടാക്കണ്ട എന്നഭിപ്രായപ്പെട്ടെങ്കിലും, അവളെ തെറിപറയണം എന്ന വാശിയിലായിരുന്നു ജിജീഷ്. സജിലിനു അതിനുള്ള ധൈര്യമില്ലെങ്കില്‍, അവന് തന്നെ ആ ദൗത്യം ഏറ്റെടുക്കാം എന്നായി അവന്.
"ഞാന്‍ അവളെ തെറിപറയുന്നതില്‍ നിനക്കു വിഷമമുണ്ടോ..?" - ജിജീഷ്
"എനിക്കൊരു വിഷമവുമില്ല, പക്ഷെ, നീ എന്റെ പേരൊന്നും പറയാന്‍ പോകണ്ട" - സജില്‍
ജിജീഷ്, പുതിയ മൊബൈല്‍ ഫോണെടുക്കുന്നു, സജിലിന്റെ കയ്യില്‍ നിന്നും കവിതയുടെ നമ്പര്‍ വാങ്ങുന്നു, ഡയല് ചെയ്യുന്നു...
"ഹലോ.."
(എടാ..തന്തപ്പടിയാണെന്നു തോന്നുന്നു..)
"ഹലോ.ഈസ് ദിസ് കവിതാസ് ഹൗസ്..?
"യെസ്..ഹൂ ഈസ് ദിസ്..?
"ഐ ആം കവിതാസ് ഫ്രണ്ട്..ക്യാന്‍ ഐ സ്പീക് ടു ഹെര്‍ പ്ലീസ്...?"
"യുവര്‍ നെയിം..?"
"ജിജീഷ്"
"ടെല്‍ മീ വാട്ടെവര്‍ യൂ വാണ്ട് ടു ടെല്‍ ഹെര്‍."
(മുടിഞ്ഞ ഇംഗ്ലീഷ്..)
"നോ..ഐ വാണ്ട് ടു ടോക് ടു ഹെര്‍.."
"ആര് യു സജില്‍..."
(അളിയാ സജിലാണോന്ന്..)
"നോ..ഐ ആം നോട്ട്..ഫോണ്‍ അവള്‍ക്കു കൊടുക്കെടാ..."
"മൈന്‍ഡ് യുവര്‍ വേഡ്സ്.."
"യൂ മൈന്‍ഡ് യുവര്‍ വേഡ്സ്..പോട പട്ടീ..പേടിപ്പിക്കുന്നോ നീ..."
(ഡിസ്കണക്റ്റ്)
കവിതയെക്കിട്ടിയില്ലെങ്കിലും, അവളുടെ തന്തപ്പടിയെ രണ്ടു തെറി വിളിക്കാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു ജിജീഷ്...ഞങ്ങളും!
സജിലിന്റെ മുഖത്ത് സന്തോഷമോ, വിഷാദമോ പ്രകടമായിരുന്നില്ല.
ജിജീഷിന്റെ അപാര ഗട്സിനേപ്പറ്റിയായിരുന്നു വഴിനീളെ ഞാന്‍ ആലോചിച്ചുകോണ്ടിരുന്നത്.
തിങ്കളാഴ്ച ഓഫീസില്‍ പോയ ജിജീഷ് അല്പം ടെന്‍ഷനോടെയാണ് തിരിച്ചെത്തിയത്. സജില്‍ അവനെ വിളിച്ചിരുന്നെന്നും, അന്ന് കവിതയുടെ വീട്ടില്‍ ഫോണെടുത്തത്, അവളുടെ പോലീസുകാരനായ ഒരു അമ്മാവനാണെന്നും പറഞ്ഞു. സജിലിനെ മുന്‍പരിചയമുള്ള അയാള്‍ അവനെ വിളിച്ച്, ഇക്കാര്യം ചോദിച്ചിരുന്നുവത്രെ. സജില്‍ ഒന്നുമറിഞ്ഞിട്ടില്ല എന്ന ഭാവത്തിലാണ് സംസാരിച്ചത്. "ആരായാലും അവനെ ഞാന്‍ പൊക്കും.." എന്നയാള്‍ സജിലിനോടു പറഞ്ഞു.
മുറിയില്‍, ജിജീഷിനെ കുറ്റപ്പെടുത്തിയും അനുകൂലിച്ചും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു.
മൊബൈലില്‍ നിന്നാണ് അവന് വിളിച്ചത് എന്നതിനാല്‍, ആളെ കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ് എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം.
"നീയല്ലാതെ ഇങ്ങനെ വിഡ്ഢിത്തം കാട്ട്വോ..?തെറി പറയാന്‍ നെനക്കു ബൂത്തില്‍ പോയി വിളിക്ക്യായിരുന്നില്ല്യേ..."- ശങ്കരന്
"അതിനവനൊന്നും പറഞ്ഞില്ലല്ലോടാ..അന്നേരത്തെക്കും കട്ടായില്ലെ.." - അജീഷ്
"മോനേ..അയാളു പോലീസാ..അയാളു വിചാരിച്ചാല്‍ എപ്പ പൊക്കീന്നു ചോദിച്ചാ മതി" - സബീഷ്
"എടാ ഐഡിയയുണ്ട്. നീയാ മൊബൈല്‍ എവിടെയെങ്കിലും കൊണ്ടെ കളയ്..എങ്ങാനും നിന്നെ പിടിച്ചാല്‍ ആ മൊബൈല്‍ ഒരാഴ്ച മുന്‍പെ കാണാതെ പോയെന്നു പറ.." - ബിനു.
ഏതായാലും, കൂടുതല്‍ കുഴപ്പങ്ങളൊന്നുമില്ലാതെ ആ ആഴ്ച കടന്നു പോയി.
അടുത്ത ഞായറാഴ്ച. രാത്രി ഏകദേശം പത്തരമണി. പ്രത്യേകിച്ച് പ്രോഗ്രാമുകളൊന്നുമില്ലാത്തതിനാല് എല്ലാവരും നേരത്തെ കിടന്നിരുന്നു. പതുക്കെ മയക്കം പിടിച്ചു വരുമ്പോള്‍ ജിജീഷിന്റെ മൊബൈല്‍ ശബ്ദിച്ചു. ഉറക്കം കളഞ്ഞല്ലോ എന്നോര്‍ത്ത് തിരിഞ്ഞു കിടക്കുമ്പോള്‍ ജിജീഷിന്റെ വിറക്കുന്ന ശബ്ദം ചെവികളിലെത്തി.
"ഐ ആം ഇന്നസെന്റ് സാര്‍....."
"നോ സാര്‍..പ്ലീസ് സാര്‍..."
ഐ ആം സോറി സാര്‍.."
"ഐ ആം ഇന്നസെന്റ് സാര്‍...യെസ് സാര്‍"
"ബസവ നഗര്‍..തേഡ് മെയിന്‍..ഫസ്റ്റ് ക്രോസ്.."
"ത്രീ എയ്റ്റി ടൂ ബാര്‍ സെവന്...."
എന്തോ പന്തികേടു തോന്നിയ ബിനു അപ്പോഴേക്കും എഴുന്നേറ്റ് ലൈറ്റിട്ടിരുന്നു. പേടിച്ചു വിറച്ച്, മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ജിജീഷ്. കുറച്ചു നേരത്തേക്ക് അവനൊന്നും പറയാന്‍ കഴിഞ്ഞില്ല.
അവനെ വിളിച്ചത്, ഇന്ദിരാ നഗര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്നു. അവന്റെ പേരില്‍ അവര്‍ക്ക് ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ടെന്നും, അറസ്റ്റു ചെയ്യാന്‍ അവര്‍ അര മണിക്കൂറിനകം എത്തുമെന്നുമാണ് പറഞ്ഞത്. താമസിക്കുന്ന സ്ഥലവും, വീട്ടു നമ്പറുമൊക്കെ എസ് ഐ അവനോടു തന്നെ ചോദിച്ചറിഞ്ഞു.
അന്തരീക്ഷമാകെ ചൂടുപിടിച്ചു...പേടി ജിജീഷില്‍ നിന്ന് എല്ലാവരിലേക്കും വ്യാപിച്ചു.
ബിനു തലക്കു കൈയും കൊടുത്ത് ഒരു കോണില്‍ തളര്‍ന്നിരുന്നു.
ഞാനും ജിജീഷും സബീഷും ഉടുത്തിരുന്ന മുണ്ടു മാറ്റി പാന്റ്സിട്ടു; അണ്ടര്‍ വെയര്‍ ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തി.
ജിജീഷ് മൊബൈലെടുത്ത് എവിടെങ്കിലും സൂക്ഷിച്ചു വെക്കാന്‍ എന്റെ കൈയില്‍ തന്നു. തൊണ്ടി സാധനമാണ്. അതെടുത്തുവെച്ചാല് നീയും അകത്താകും എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. ഞാന്‍ വേഗം അത് അവനെത്തന്നെ തിരിച്ചേല്‍പ്പിച്ചു.
ഇതിനിടയില്‍ ഞങ്ങള്‍ സജിലിനെ വിളിച്ച് കാര്യം പറഞ്ഞു. അവനു പരിചയമുള്ള ആളാണല്ലോ കവിതയുടെ അമ്മാവന്. അയാളെ വിളിച്ച് കാലുപിടിച്ചിട്ടാണെങ്കിലും അറ്സ്റ്റ് ഒഴിവാക്കിത്തരാന്‍ അഭ്യര്‍ത്ഥിക്കാമെന്ന് അവന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് സജില്‍ തിരിച്ചു വിളിച്ച്, അയാള്‍ അടുക്കുന്ന ലക്ഷണമില്ല എന്നറിയിച്ചു.
ആസന്നമായ അറസ്റ്റിന് ഞങ്ങളൊക്കെ മാനസികമായി തയ്യാറെടുത്തു തുടങ്ങി. ജിജീഷിനെ മാത്രമല്ല, ചോദ്യം ചെയ്യാനും മറ്റുമായി എല്ലാവരേയും അവര്‍ കൊണ്ടുപോയേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു.
മറ്റൊരു പ്രധാന പ്രശ്നം ഞങ്ങളുടെ ഇമേജായിരുന്നു. ആ ചുറ്റുവട്ടത്തില്‍ ഞങ്ങള്‍ക്കുള്ള ഇമേജൊക്കെ ഇതാ തകര്‍ന്നു തരിപ്പണമാകാന്‍ പോകുന്നു. താഴെ താമസിക്കുന്ന ഹൗസ് ഓണര്‍, അടുത്ത് താമസിക്കുന്ന തോമസ് സാര്‍, സാറിന്റെ സുന്ദരികളായ മൂന്നു മക്കള്‍, മറ്റു വീടുകളിലുള്ളവര്‍..ഒരു പക്ഷെ, ഞങ്ങളുടെ ഇവിടുത്തെ താമസത്തെ വരെ ഈ അറസ്റ്റ് ബാധിക്കും. അതിലും നല്ലത്, പോലീസിനെ ഇങ്ങോട്ടു വരുത്താതെ സ്റ്റേഷനില്‍ ചെന്നു കീഴടങ്ങുന്നതാണ്. പക്ഷെ, അര മണിക്കൂറിനകം ഇവിടെയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ ഇവിടെ എത്തിയാല്‍ അത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
അതുകൊണ്ട്, വീട്ടില്‍നിന്നിറങ്ങി ബസവനഗര്‍ ജംഗ്ഷനില്‍ ചെന്നു നില്‍ക്കാമെന്നും, പോലീസു ജീപ്പു വരുമ്പോള്‍ നിര്‍ത്തിച്ച് അവിടെ വെച്ച് അറസ്റ്റു വരിക്കാമെന്നും തീരുമാനിച്ചു.
"ഞാന്‍ വരുന്നില്ല..നിങ്ങള്‍ പൊക്കോ.." ബിനുവായിരുന്നു അതു പറഞ്ഞത്.
"എല്ലാവരും കൂടി പോയാല്‍ എല്ലാത്തിനേം കൊണ്ടുപോകും. ജിജീഷിനെ മാത്രം കൊണ്ടുപോകാനല്ലേ അവര്‍ വരുന്നത്..?" - അവന് തുടര്‍ന്നു.
അതു ശരിയാണെന്നു ഞങ്ങള്‍ക്കൊക്കെ തോന്നി. അതു മാത്രമല്ല, ജിജീഷിനെ അറസ്റ്റു ചെയ്താല്‍ ജാമ്യം മുതലുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാന്‍, ആരെങ്കിലുമൊക്കെ ഇവിടെ ഉണ്ടായേ മതിയാവൂ.
അവസാനം, ജിജീഷ് തനിച്ച് ബസവനഗര്‍ ജംഗ്ഷനില്‍ പോയി പോലീസിനെ കാത്ത് നില്ക്കാമെന്നായി തീരുമാനം.
അറസ്റ്റു വരിക്കാന്‍ സന്നദ്ധനായി വീട്ടില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. വീണ്ടും അതേ നമ്പര്‍..ഇന്ദിരാനഗര്‍ പോലീസ് സ്റ്റേഷനിലെ...
വിറക്കുന്ന കൈകളോടെ ജിജീഷ് പച്ച ബട്ടണില്‍ വിരലമര്‍ത്തി, മൊബൈല്‍ ചെവിയോടു ചേര്‍ത്തു.
ചെവികള്‍ ആവുന്നത്ര മൊബൈലിനോടടുപ്പിച്ച് ഞങ്ങളും നിന്നു. ഇലയനങ്ങിയാല്‍ കേള്‍ക്കാവുന്ന നിശബ്ദത. പരസ്പരം ഹ്രുദയമിടിപ്പുകള്‍ പോലും ഞങ്ങള്‍ക്കപ്പോള്‍ കേള്‍ക്കാമായിരുന്നു.
"ഹ...ലോ.."
"ജിജീഷ്...?"
"യെസ്..സാ...ര്‍.."
"നിന്നെയിതുവരെ പോലീസ് കൊണ്ടുപോയില്ലേ..?"
"ആരാ..എടാ..വിനയാ നീയാണോ..."
"അളിയാ..ഞങ്ങള്‍ നിനക്കിട്ടൊന്നു പണിതതല്ലേ..? പോലീസൊന്നും വരില്ല..നീ പോയി ധൈര്യമായി കിടന്നുറങ്ങ്"
ബാക്ക് ഗ്രൗണ്ടില്‍ സജിലെന്റെ ചിരി മുഴങ്ങുന്നതു കേള്‍ക്കാമായിരുന്നു.
"എടാ ദുഷ്ടാ..."
ജിജീഷിനെ മുഴുമിപ്പിക്കാനനുവദിക്കാതെ ബിനു മൊബൈല്‍ പിടിച്ചുവാങ്ങി വിനയനേയും സജിലിനേയും മതിവരുവോളം തെറി പറഞ്ഞു.
സജിലെങ്ങനെ ഇത്ര വിദഗ്ദ്ധമായി ഇത് ആസൂത്രണം ചെയ്തു എന്നാലോചിക്കുകയായിരുന്നു ഞാനപ്പോള്‍.
Tuesday, June 26, 2007
Subscribe to:
Post Comments (Atom)
4 comments:
aliya kidlilam
eda jimma .. eda njan alle ningal ellavarkkum dhyaryma thannathu..
nee 2 UW itta kaaryam entha vittu kalanjathu.
enthaayalum katha adipoly..
what is UW?
eda pottan maheshe, UW means. athu thanee jim 2 UW ittu policine pedichittu ... he he
Post a Comment