Monday, July 21, 2008

(ജന)കോടികളുടെ വിശ്വാസം

പാര്‍ലമെന്റില്‍ വിശ്വാസം 'നേടിയെടുത്ത്' പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ആണവ കരാറുമായി മുന്നോട്ടു പോകുമ്പോള്‍, പണമൊഴുക്കി ആര്‍ക്കും കൈയിലൊതുക്കാവുന്നതാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന തിരിച്ചറിവാണ് അദ്ദേഹം രാജ്യത്തിന് നല്‍കുന്നത്.

കോണ്‍ഗ്ര്സിന്റെ പ്രധാന സഖ്യകക്ഷിയായ സമാജ് വാദി പാര്‍ട്ടി, BJP യിലെ മൂന്ന് MP മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുകയും, CNN-IBN പകര്‍ത്തിയ ഇതിന്റെ വീഡിയോ ടേപ്പ് സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വോട്ടെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും, സമാജ് വാദി പാര്‍ട്ടീയല്ല, താന്‍ തന്നെ നേരിട്ട് കോഴ നല്‍കുന്ന പടം വന്നാലും രാജിവെക്കില്ല എന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.

നാലര വര്‍ഷത്തെ ഭരണത്തില്‍, ആണവ കരാര്‍ ഒപ്പിടാനുള്ള വ്യഗ്രതയില്‍ "സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള" പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിച്ചത് പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമാണ്.

ഇപ്പോള്‍ രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി കരാറൊപ്പിടാന്‍ തയ്യാറെടുക്കുന്ന പ്രധാന മന്ത്രി രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് കണ്ടു തന്നെ അറിയണം.

പ്രധാനമന്ത്രി നേടിയെടുത്ത വിശ്വാസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അധ:പതനമാണ്. ഈ മൂല്യത്തകര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍, വേദന അറിയിക്കാന്‍ ഒരു കരിങ്കൊടി ഇവിടെ നാട്ടുന്നു.



ഇനി, ഈ വിശ്വാസ വോട്ടില്‍ വിജയിക്കാന്‍ മന്‍‌മോഹന്‍ സിംഗ് നടത്തിയ അവിശുദ്ധ കരു നീക്കങ്ങളില്‍ ചിലത് കൂടി കാണൂ.

കോഴ വാഗ്ദാനങ്ങള്‍

ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് റിബലായി വിജയിച്ച കുല്‍ദീപ് ബിഷോണിക്ക് വാഗ്ദാനം ചെയ്തത് 100 കോടി രൂപ. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗര്‍ MP യും സമാജ് വാദി പാര്‍ട്ടി റിബലുമായ മുനാവര്‍ ഹസ്സന് കിട്ടിയ ഓഫര്‍ 25 കോടി.
കോണ്‍ഗ്രസ്സിന്റെ പ്രധാന കൂട്ടാളിയായ സമാജ് വാദി പാര്‍ട്ടി BJP യിലെ മൂന്ന് MP മാര്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍കാന്‍ വാഗ്ദാനം ചെയ്തത് 9 കോടി രൂപ. ഇതിന്റെ അഡ്വാന്‍സായി ഒരു കോടി വീതം നല്‍കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ CNN-IBN സ്പീക്കര്‍ക്ക് നല്‍കിക്കഴിഞ്ഞു. പറയാത്തതും അറിയാത്തതുമായി വേറെ എത്ര?

വര്‍ഗീയ ചീട്ട്

BJP യെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്ന, BJP ക്കൊപ്പം സര്‍ക്കാരിനെ എതിര്‍ക്കുന്ന ഇടതുകക്ഷികളെ വിമര്‍ശിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ്, പഞ്ചാബിലെ ശിരോമണി അകാലിദളിനോട് അഭ്യര്‍ത്ഥിച്ചത്, സിഖുകാരനായ പ്രധാന മന്ത്രിയെ നിലനിര്‍ത്താന്‍ സിഖുകാരായ നിങ്ങള്‍ സഹായിക്കണം എന്നാണ്. ഇത് വര്‍ഗ്ഗീയതയല്ലേ? അതോ നിലനില്പ്പിന്റെ കാര്യം വരുമ്പോള്‍ ആര്‍ക്കും അല്പം വര്‍ഗ്ഗീയത് ആകാമെന്നോ?

വോട്ടില്ലെങ്കില്‍ വേണ്ട, വരാതിരിക്കുകയെങ്കിലും..

കയ്യാലപ്പുറത്തിരിക്കുന്ന വിമത, സ്വതന്ത്ര MP മാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തത് വോട്ടിനു വേണ്ടി മാത്രമയിരുന്നില്ല, വോട്ടു ചെയ്യാന്‍ സഭയിലെത്താതിരുന്നാലും മതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍, ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ എത്താതിരിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന മന്മോഹന്‍ സിംഗ് എന്ന പ്രധാന മന്ത്രിയുടെ രാജ്യസ്നേഹം മനസ്സിലാക്കാന്‍ ഇതിലും വലിയ ഉദാഹരണം വേറെ വേണോ?

എയര്‍പോര്‍ട്ട് നാമകരണം

അജിത് സിംഗ് നയിക്കുന്ന രാഷ്ട്രീയ ലോക് ദള്‍ (RLD) യിലെ മൂന്ന് MP മാരുടെ വോട്ട് കിട്ടാന്‍, ലഖ്നൗ വിമാനത്താവളത്തിന് അജിത് സിംഗിന്റെ അച്ഛനും, മുന്‍ പ്രധാന മന്ത്രിയുമായ ചൗധരി ചരണ്‍ സിംഗിന്റെ പേരിടാന്‍ തീരുമാനിച്ചത് ജൂലൈ 17 ന്. ഉത്തര്‍ പ്രദേശിന്റെ വളരെക്കാലമായുള്ള, എന്നാല്‍ ചരണ്‍ സിംഗ് നാമാവശേഷനായി 20 വര്‍ഷങ്ങള്‍ക്ക് ശേഷവും അവഗണിക്കപ്പെട്ടിരുന്ന ഈ ആവശ്യം ഇപ്പോള്‍ പരിഗണിച്ചതിന് ലക്‌ഷ്യം ഒന്നേയുണ്ടായിരുന്നുള്ളു - വോട്ട്; ഇതു കൂടാതെ അജിത് സിംഗിന് ക്യാബിനറ്റ് മന്ത്രി പദവും വാഗ്ദാനം ചെയ്യുകയുണ്ടായി.

ഷിബു സോറന്‍

നരസിംഹ റാവു ഗവണ്മെന്റിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് JMM എം പി മാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തെളിവു നശിപ്പിക്കാന്‍ സ്വന്തം സെക്രട്ടറിയെ കൊലപ്പെടുത്തുകയും, ആ കേസില്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്ത ആളാണ് ഷിബു സോറന്‍. കോടതി വിധി വന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ഗവണ്മെന്റില്‍ കല്‍ക്കരി മന്ത്രിയായിരുന്ന സോറനോട് പ്രധാനമന്ത്രി തന്നെ രാജി വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ UPA യുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സോറന്‍. എന്നാല്‍ വോട്ടിന് ആവശ്യം വന്നപ്പോള്‍ ഇതൊക്കെ മറന്ന് പഴയ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മന്മോഹന്‍ സിംഗ് JMM ന്റെ വോട്ടുകള്‍ ഉറപ്പാക്കി.

സഹായിക്കാന്‍ റിലയന്‍സും?

G8 ഉച്ചകോടിയില്‍ പങ്കെടുത്ത് ബുഷുമായി ചര്‍ച്ചകള്‍ നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി, ആണവകരാറിന്റെ വിശദാംശങ്ങള്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ വിമുഖത കാട്ടുമ്പോഴും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്താന്‍ സമയം കണ്ടെത്തി. ചര്‍ച്ച ചെയ്തത് വ്യവസായ മേഖലയിലെ പ്രശ്നങ്ങളാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ പിറ്റേന്നു മുതല്‍ കോഴ വാഗ്ദാനങ്ങളുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായതും, മുകേഷ പ്രസിഡന്റായ മുംബെയിലെ വ്യവസായികളുടെ സംഘടന ആണവകരാറിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രസ്ഥാവനയിറക്കിയതുമൊന്നും വെറും യാദൃശ്ചികം മാത്രമാകാന്‍ വഴിയില്ല.

Tuesday, July 08, 2008

ആത്മഹത്യാപരം, ഈ ധിക്കാരം!

IAEA യുമായി കരാര്‍ ഒപ്പിട്ടാല്‍ പിന്നെ ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധി തീര്‍ത്തുതരാമെന്ന് ജോര്‍ജ്ജ് ബുഷ് തനിക്ക് വാക്കു തന്നിട്ടുണ്ട്, അതിനാല്‍ കരാറുമായി മുന്നോട്ടു പോകാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് G8 ഉച്ചകോടിക്ക് പോകുന്ന വഴി വിമാനത്തിലിരുന്ന് ഇന്ത്യ കണ്ട ഏറ്റവും തിരുമണ്ടന്‍ പ്രധാനമന്ത്രി പറഞ്ഞത്.

നൂറു കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു കരാറാണ് സ്വന്തം വീട്ടുകാര്യം പോലെ നിസ്സാരമായി നമ്മുടെ പ്രധാന മന്ത്രി കാണുന്നത്.

ആണവ കരാറുമായി മുന്നോട്ടു പോകുന്നുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന ഇടതു പക്ഷ നിലപാടിന് ഒരു മറുപടിയും പറയാതെ ഉരുണ്ടു കളിച്ച്, അവസാനം ജപ്പാനില്‍ പോകാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് പ്രധാനമന്ത്രി ബുഷിനോടുള്ള തന്റെ കൂറ് അടിവരയിട്ടു പറഞ്ഞത്.

നാലു വര്‍ഷം സര്‍ക്കാരിനെ പിന്താങ്ങിയ പാര്‍ട്ടിയോട് ഒരു മിനിമം രാഷ്ട്രീയ മര്യാദ പോലും കാണിക്കാന്‍ തയ്യാറാവാതെ, എം പി മാരെ ചാക്കിട്ടുപിടിച്ച് എങ്ങനെയും ഈ കരാറിലൊപ്പിടണമെന്ന മന്മോഹന്‍ സിംഗിന്റെ വാശി, രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി തീര്‍ക്കുക മാത്രം ലക്‌ഷ്യം വെച്ചാണെന്ന് വിശ്വസിക്കാന്‍ വയ്യ. പ്രത്യേകിച്ച്, സര്‍ക്കാരിന്റെ നെറികെട്ട സാമ്പത്തിക നയങ്ങള്‍ മൂലം പണപ്പെരുപ്പത്താലും വിലക്കയറ്റത്താലും ജനങ്ങള്‍ വലയുമ്പോള്‍, അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രധാനമന്ത്രി.

ഈ കരാര്‍ ഒപ്പിട്ടാല്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം കിട്ടുമെന്നും, അമേരിക്കയില്‍ നിന്ന് ടെക്നോളജി കിട്ടുമെന്നുമാണ് വാദം. എന്നാല്‍ NSG യുമായി കരാര്‍ ഒപ്പിടാതെ യുറേനിയം തരുന്ന പ്രശ്നമില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ യുറേനിയം സപ്ലയറായ ഓസ്ട്റേലിയ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി NSG രാജ്യങ്ങള്‍ ഇന്ത്യക്ക് യുറേനിയം തരാന്‍ തയ്യാറാകുമെന്നാണ് ബുഷ് മന്‍‌മോഹന്‍ സിംഗിനെ ധരിപ്പിച്ചിരിക്കുന്നത്. മന്‍‌മോഹന്‍ സിംഗിനെ അമേരിക്കന്‍ ഭരണകൂടം തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന പല കാര്യങ്ങളില്‍ ഒന്നു മാത്രമാണിത്.

മന്മോഹന്‍ സിംഗിന്റെ വ്യഗ്രതക്കും മേലെയാണ് ഇക്കാര്യത്തില്‍ അമേരിക്കക്കുള്ള താത്പര്യം. അതായത് ആണവോര്‍ജ്ജം ഉണ്ടാക്കി എങ്ങനെയും ഇന്ത്യ നന്നായിപ്പൊയ്ക്കോട്ടെ എന്ന അമേരിക്കയുടെ നിഷ്കളങ്കമായ ആഗ്രഹം. ആണവ വിഷയത്തില്‍ ഇസ്രായേലിനോടും ഇറാനോടും കാണിക്കുന്ന ഇരട്ടത്താപ്പ് മാത്രം നോക്കിയാല്‍ അമേരിക്കയുടെ യഥാര്‍ത്ഥ താല്പര്യം എന്താണെന്ന് മനസ്സിലാക്കാം.

ഇതുവരെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ, ഒരു കരാറിലും ഒപ്പിടാതെ സ്വയം ആണവശക്തിയായി വളര്‍ന്ന ഇന്ത്യക്ക് ഒരു കടിഞ്ഞാണ്‍ വേണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യമാണ് മന്മോഹന്‍ സിംഗിലൂടെ അവര്‍ സാധിക്കുന്നത്. ഒപ്പം, സാമ്പത്തികവും വാണിജ്യപരവുമായ മറ്റനേകം താത്പര്യങ്ങളും. അവര്‍ ഈ കരാറിനെ വിളിക്കുന്നതു തന്നെ 'ന്യൂക്ലിയര്‍ ട്രേഡ് അഗ്രിമെന്റ്' എന്നാണ്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വാണിജ്യത്തിനായി വന്ന ബ്രിട്ടീഷുകാര്‍ക്ക് നാം നമ്മുടെ സ്വാതന്ത്ര്യം അടിയറ വെച്ചുവെങ്കില്‍, മന്‍‌മോഹന്‍ സിംഗ് എന്ന വീണ്ടുവിചാരമില്ലാത്ത ഒരു പ്രധാനമന്ത്രിയിലൂടെ ഇപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ നാമം സാമ്രാജ്യത്വ ചരിത്ര പുസ്തകങ്ങളില്‍ തങ്കലിപികളാല്‍ ചേര്‍ക്കപ്പെടട്ടെ.

ഈ കരാറിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ

Thursday, June 26, 2008

മതമില്ലാതെന്ത് രാഷ്ട്രീയം?

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ബി ജെ പി യും ലീഗും സഭയേയും സമുദായങ്ങളേയും കൂട്ടുപിടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ നടത്തുന്ന രാഷ്ട്രീയ പേക്കൂത്ത് ഇനിയെങ്കിലും അവസാനിപ്പിക്കണം.

പുസ്തകത്തില്‍, കുട്ടികളെ നിരീശ്വരത്വം പഠിപ്പിച്ച് കമ്യൂണിസം കുത്തിവെക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിന് ചൂണ്ടിക്കാട്ടുന്നതാകട്ടെ, പുസ്തകത്തിലെ 24 മത്തെ പേജ്. 'മതമില്ലാത്തെ ജീവന്‍' എന്നു പേരിട്ടിരിക്കുന്ന ഈ പാഠത്തില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ ജീവന്‍ എന്നു പേരുള്ള തങ്ങളുടെ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുന്നതും, ജാതിയുടേയും മതത്തിന്റേയും കോളത്തില്‍ ഒന്നും എഴുതേണ്ട എന്ന് പ്രധാനാദ്ധ്യാപകനോട് ആവശ്യപ്പെടുന്നതുമാണ് വിവരിച്ചിരിക്കുന്നത്. തുടര്‍ന്ന്, പ്രധാനാദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരമായി, വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ എന്നും ഇവര്‍ പറയുന്നു.

ഇതില്‍ മതനിഷേധവും, നിരീശ്വരവാദവും, കമ്യൂണിസവുമല്ല, നമ്മുടെ രാജ്യം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മഹത്തായ ആശയമാണ് പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍, ഇന്ത്യയെന്താണെന്നറിയാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇക്കാലമത്രയും ഇവര്‍ നടത്തിയതെന്നല്ലേ അതിനര്‍ത്ഥം?

ഈ പുസ്തകം പഠിക്കുന്ന കുട്ടികളൊക്കെ നാളെ നിരീശ്വരവാദികളായി മാറുമെന്നും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് മതം ആയുധമാക്കാന്‍ സാധിക്കാതാവുകയും, ചുരുക്കത്തില്‍ നമ്മളൊക്കെ ചൊറിയും കുത്തി ഇരിക്കേണ്ടി വരുകയും ചെയ്യുമന്ന അകാരണമായ ഭീതിയാവണം ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.

27 മത്തെ പേജിലാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്നം. അതില്‍ "അതൊന്നും എന്നെ ബാധിക്കില്ല" എന്ന ശീര്‍ഷകത്തില്‍ കുട്ടികള്‍ക്ക് അന്വേഷിച്ച് കണ്ടെത്താനായുള്ള ഒരു ചോദ്യമുണ്ട്. ചോദ്യം ഇതാണ്: താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏതു മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക? വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ച വ്യാധികള്‍, ഭൂകമ്പം എന്നിവയാണ് പ്രശ്നങ്ങള്‍. ഒറ്റ നോട്ടത്തില്‍ ഈ പ്രശ്നങ്ങളെ എന്തിനാണ് മതങ്ങളുമായി ബന്ധപ്പെടുത്തുന്നതെന്ന് തോന്നാം. ചോദ്യവും അതിനുള്ള ഉത്തരവും കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന പഴയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇങ്ങനെയൊരു ചോദ്യം സങ്കല്പിക്കാനാവില്ലെന്നത് സത്യം. എന്നാല്‍ പുതിയ പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിച്ചും പ്രവര്‍ത്തിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സഹായികളാണ് പാഠപുസ്തകങ്ങള്‍. അതു വഴി, ചിന്താശേഷിയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. ആ നിലക്ക് മുകളില്‍ പറഞ്ഞ ചോദ്യം ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനെ ബാധിക്കുന്നവയാണ് പ്രകൃതി ദുരന്തങ്ങളെന്ന് മനസ്സിലാക്കാനും, ഇത്തരം ദുരന്തങ്ങളില്‍ മതവും ജാതിയും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ബോധം വിദ്യാര്‍ത്ഥിയില്‍ വളര്‍ത്താനും സഹായകമണെന്ന് നിസ്സംശയം പറയാം.

കത്തോലിക്കാ സഭയും ഹിന്ദു മുസ്ലിം സമുദായങ്ങളും സര്‍ക്കാരിനെതിരെ യുദ്ധകാഹളം മുഴക്കാനുള്ള മറ്റു കാര്യങ്ങള്‍, ഗുരുവായൂര്‍ സത്യഗ്രഹവും, പ്രത്യക്ഷ രക്ഷാ സഭ, മുസ്ലിം ഐക്യ സഭ തുടങ്ങിയവയുടെ രൂപീകരണവുമടക്കമുള്ള പാഠഭാഗങ്ങളാണ്. ഒക്കെ മതങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളായിരുന്നു എന്നതു തന്നെ കാരണം. മതത്തിലെ പഴയ അനാചാരങ്ങളുടെ കഥകള്‍ വിശ്വാസികളുടെ പുതു തലമുറ പഠിക്കുന്നത് വിശ്വാസികളുടെ എണ്ണം എങ്ങനെയും കൂട്ടാന്‍ പരിശ്രമിക്കുന്ന ഒരു മതമേലാളനും അത്ര രസിക്കാനിടയില്ല. ഈ അതൃപ്തിയെ രാഷ്ട്രീയവല്‍ക്കരിച്ച് വോട്ട് കൊയ്യാനുള്ള പദ്ദതിയുമായാണ് ചാണ്ടിയും മാണിയുമടക്കമുള്ള രാഷ്ട്രീയക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളല്‍.

ഈ പുസ്തകം ഒരു തവണയെങ്കിലും വായിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
ചിന്തിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ നേതൃത്വം; ഒപ്പം, അല്പം മദ്യവും ഇരുനൂറു രൂപയും നല്‍കിയാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന അണികളും, ഇടയലേഖനങ്ങള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി മതവികാരം ജ്വലിപ്പിച്ച് തെരുവിലിറങ്ങുന്ന കുറെ അല്പ വിശ്വാസികളും!

പുതിയ തലമുറകളെങ്കിലും അല്പം ചിന്താശേഷിയുള്ളവരായി വളരണമെങ്കില്‍, പാഠ്യപദ്ധതികളില്‍ ഇത്തരം സമൂലമായ മാറ്റങ്ങള്‍ കൂടിയേ തീരൂ.

മുകളില്‍ കൊടുത്തിരിക്കുന്ന പാഠഭാഗങ്ങളുടെ കോപ്പികളുടെ ലിങ്കുകള്‍ ഡീക്കന്‍ റൂബിന്‍ തോട്ടുപുറത്തിന്റെ ഈ പോസ്റ്റില്‍ നിന്ന്.

Wednesday, June 18, 2008

പരിശുദ്ദ കമ്മീഷണര്‍ പുണ്യാളന്‍

ആലുവ പോലീസ് സ്റ്റേഷനില്‍ ഭദ്രാനന്ദ സ്വാമി തോക്കും പിടിച്ചു നിന്ന് ഭീക്ഷണി മുഴക്കുമ്പോള്‍, സ്വാമിയെ ഭയഭക്തി ബഹുമാനങ്ങളോടെ പരിചരിച്ച് പഞ്ചപുഛമടക്കി നോക്കി നിന്ന ആലുവ സി ഐ യെ മറക്കാന്‍ സമയമായിട്ടില്ല, അതിനു മുമ്പിതാ കേരള പോലീസിന്റെ നട്ടെല്ലില്ലായ്മക്ക് പുതിയ ഉദാഹരണം - തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില്‍ നിന്ന്.

ഭദ്രാനന്ദന്‍ കാണിച്ചതിലും വലിയ പരാക്രമമായിരുന്നു ഇന്നലെ കന്റോണ്മെന്റ് സ്റ്റേഷനില്‍ ചില SFI ക്കാര്‍ നടത്തിയത്. ട്രാഫിക്ക് നിയമലംഘനത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് സഖാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സഖാക്കളുടെ സ്റ്റേഷനിലെ ഈ വിളയാട്ടം. സ്റ്റേഷന്‍ പരിസരത്തു നിന്ന പോലീസുകാരെ കയ്യേറ്റം ചെയ്ത് സ്റ്റേഷനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്റ്റേഷനിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ രവദ ചന്ദ്രശേഖറിനും കിട്ടി അടി.

കിട്ടിയതും മേടിച്ച് പോക്കറ്റിലിട്ട് ഒന്നും സംഭവിക്കാത്തതുപോലെ നിന്നതല്ലാതെ, കമ്മീഷണരുടെ മുഖത്തൊരു ഭാവഭേദം പോലും കാണാന്‍ കഴിഞ്ഞില്ല. കന്റോണ്മെന്റ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു കപ്പേള പണിയണ്ടതാണെന്നു തോന്നിപ്പോയി.

ലോക്കപ്പില്‍ കിടന്ന സഖാക്കളെ മോചിപ്പിച്ച്, അവരെ കസ്റ്റഡിയിലെടുത്ത പോലീസുകാരനെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ച് സഖാക്കളെ തൃപ്തിപ്പെടുത്തിയാണ് കമ്മീഷണര്‍ മടക്കിയയച്ചത്.

എന്തിനാ കമ്മീഷണറെ ഇങ്ങനെയൊരു ജോലി? അവന്മാര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്തിട്ട് പിടിച്ച് ലോക്കപ്പിലിട്ട്, പണി പോകുന്നെങ്കില്‍ പോകട്ടെയെന്നു വെച്ചിരുന്നെങ്കില്‍ അതിനൊരു അന്തസ്സുണ്ടായേനെ. ഇതൊരുമാതിരി ഐ പി എസ്സിനു ചേരാത്ത പണിയായിപ്പോയി. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

Saturday, June 14, 2008

എല്ലാം ഉദ്യോഗസ്ഥരുടെ പ്രശ്നം!

ഭരണ മുന്നണിയിലെ ചേരിപ്പോര് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. ഇത്രയും വലിയ ഗ്രൂപ്പ് വഴക്ക് കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പോലും ഇതുവരെ കണ്ടിട്ടില്ല. ഭക്‌ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ക്രെഡിറ്റിനെച്ചൊല്ലി നടന്ന തമ്മില്‍തല്ല് തീര്‍ന്നില്ല, അതിന് മുന്‍പ് കിട്ടി അടുത്ത വിഷയം.

തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് തിരിച്ചു പിടിക്കാന്‍ മന്ത്രി സഭ എടുത്ത തീരുമാനം നടപ്പിലാക്കിയതില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നിയമവകുപ്പ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്നും കോടതി അനാവശ്യമായി ഇടപെടുകയാണെന്നും പറഞ്ഞ മുഖ്യമന്ത്രിയും ഇപ്പോള്‍ മൗനം ഭജിക്കുന്നു.

ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വാക്കാല്‍ ആവശ്യപ്പെട്ടത് അറിയിച്ചപ്പോള്‍, രേഖാമൂലമുള്ള അറിയിപ്പില്ലെങ്കില്‍ മുന്നോട്ടു പോകാനാണ് റവന്യൂ മന്ത്രി പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ക്ലബ്ബ് തിരിച്ചു കൊടുക്കാനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് കോടതിയിലെത്തി മാപ്പപേക്ഷ നല്‍കാനും കോടതി ആവശ്യപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. ഗവണ്മെന്റിനു വേണ്ടി ഏറ്റെടുക്കല്‍ നടത്തിയ പാവം ഉദ്യോഗസ്ഥ അവസാനം സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കി വക്കീലിനെ വെച്ച് കേസ് വാദിക്കേണ്ടി വന്നു. അവര്‍ കൊടുത്ത സ.വാ.മൂലത്തില്‍‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ നിയമവകുപ്പ് നല്‍കിയിരിക്കുന്ന പുതിയ സ.വാ.മൂലം

പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് CPI ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആശ്രിതവത്സലനായ എ ജി യെ മാറ്റാന്‍ CPM തയ്യാറായില്ല. എന്നാല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ സ.വാ.മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരോക്ഷമായി അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണങ്ങളാണ് എന്നതാവാം ഇപ്പോള്‍ എതിര്‍ സ.വാ.മൂലവുമായി രംഗത്തെത്താന്‍ നിയമ വകുപ്പിനെ പ്രേരിപ്പിച്ചത്.

എ ജി യുമായി യോജിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് CPI നോമിനിയായ അഡീഷണല്‍ എ ജി യും ഇപ്പോള്‍ പരാതി പറയുന്നു. ചുരുക്കത്തില്‍ മുന്നണിയിലെ ചേരിപ്പോര് ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനത്തിരിക്കേണ്ട, ഗവണ്മെന്റിന് നിയമോപദേശം ന്‍ല്‍കേണ്ട അഡ്വക്കേറ്റ് ജനറലില്‍ വരെയെത്തി നില്‍ക്കുന്നു. ഈ പോരിനി ഏതു ലെവല്‍ വരെ പോകുമെന്ന് കണ്ടറിയണം.

എന്തായാലും, അവസാനം മന്ത്രിസഭാ തീരുമാനം നടപ്പാക്കിയ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ഇപ്പോള്‍ എല്ലാവരും കൈവിട്ടു. ഇതിലും വലിയ തമാശയാണ് നിയമവകുപ്പിന്റെ സ.വാ.മൂലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന നിയമ മന്ത്രി കെ വിജയകുമാറിന്റെ പ്രതികരണം. അതായത്,മന്ത്രി അറിയാതെയാണ് നിയമവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സ.വാ.മൂലം നല്‍കിയതെന്ന് അര്‍ത്ഥം! ഇക്കാര്യത്തിലും ആവശ്യം വന്നാല്‍ കോടതിയില്‍ ഇത് സമര്‍പ്പിച്ച ഉദ്യോഗസ്ഥന്റെ മേല്‍ പഴി ചാരാന്‍ മന്ത്രിക്ക് സ്കോപ്പുണ്ടെന്നും ഇതിനര്‍ത്ഥമുണ്ട് എന്നോര്‍ക്കുക.

മുന്നണിയിലെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥര്‍ ബലി നല്‍കപ്പെടുന്നത് ഇതാദ്യത്തെ സംഭവമല്ല. P J ജോസഫ് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ ശ്രമിച്ചതിന് രാജു നാരായണ സ്വാമിയും, ഹെലിപാഡ് നിര്‍മ്മാണ പ്രശ്നത്തില്‍ ലിസി ജേക്കബും, ഇപ്പോള്‍ മൂന്നാര്‍ പാര്‍ട്ടി ഓഫീസിന്റെ പട്ടയ പ്രശ്നത്തില്‍ അശോക് കുമാര്‍ സിന്‍‌ഹയുമൊക്കെ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി സഭാ തീരുമാനം നടപ്പിലാക്കിയ ഒരുദ്യോഗസ്ഥക്കെതിരെയാണ് നിയമ വകുപ്പിന്റെ ഈ സത്യവാങ്മൂലം. അതായത് മന്ത്രിക്കും മന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലു വിലയാണ് നിയമ വകുപ്പും മുഖ്യമന്ത്രിയുള്‍പ്പെടെ ഗവണ്മെന്റും കല്പിച്ചിരിക്കുന്നത് എന്നര്‍ത്ഥം. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ഇനി ഒരു നിമിഷം പോലും ഈ മന്ത്രി സഭയില്‍ തുടരാന്‍ പാടില്ല.

Monday, June 02, 2008

ഹൈക്കോടതിയുടെ ഗോള്‍ഫ് കളി

കോടതി കയറിയിറങ്ങി ചെരിപ്പു തേഞ്ഞ കാലമൊക്കെ പഴങ്കഥ. നമ്മുടെ കോടതികള്‍ക്കിപ്പോള്‍ കേസിനു തീര്‍‍പ്പുണ്ടാക്കാന്‍ നിമിഷങ്ങള്‍ മതി; വേണമെങ്കില്‍ കേസ് കോടതിയില്‍ വരും മുന്‍പ് ഫോണ്‍ വഴിയും വിധി പറഞ്ഞു കളയും ഈ അത്യാധുനിക കേരള ഹൈക്കോടതി. 'എന്തൊരു ശുഷ്കാന്തി' എന്നു തോന്നുന്നുണ്ടെങ്കില്‍ തെറ്റി - ഇതൊക്കെ നടക്കണമെങ്കില്‍ പരാതിക്കാരന്‍ ജഡ്ജിക്ക് വേണ്ടപ്പെട്ടവനായിരിക്കണം എന്നു മാത്രം.

കോടതികളുടെ താന്തോന്നിത്തതിന്, എന്തുമാകാമെന്നുള്ള ധാര്‍‍ഷ്ട്യത്തിന് ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍, ഗോള്‍ഫ് ക്ലബ്ബ് മാനേജ്മെന്റിന്റെ ഹരജി കോടതി പരിഗണിക്കും മുന്‍പ്, അവധി ദിനത്തില്‍ ഫോണ്‍ വിളിച്ച് ജസ്റ്റിസ് സിരിജഗന്‍ അഡ്വക്കറ്റ് ജനറല്‍ വഴി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതു വക വെക്കാതെ ഏറ്റെടുക്കലുമായി മുന്നോട്ടു പോയ സര്‍ക്കാരിനോട്, ഇന്ന് ഹരജി പരിഗണിച്ച കോടതി, ഏറ്റെടുക്കല്‍ സാങ്കേതികമായി തെറ്റാണെന്നും അതിനാല്‍ ക്ലബ്ബ് നാളെത്തന്നെ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

വിവിധ മാധ്യമങ്ങളില്‍ ഇതുവരെ വന്ന വിവരങ്ങള്‍ വെച്ച് 1967 ലോ മറ്റോ ഗോള്‍ഫ് കളി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കേരള ഗവണ്മെന്റ് പാട്ട വ്യവസ്ഥയില്‍ നല്‍കിയതാണത്രെ 26 ഏക്കറോളം വരുന്ന കോടികള്‍ വിലമതിക്കുന്ന ക്ലബ്ബ് ഉള്‍പ്പെടുന്ന ഈ ഭൂമി. പാട്ടക്കുടിശ്ശികയിനത്തില്‍ സര്‍ക്കാരിലേക്ക് ധാരാളം പണമടക്കാനുള്ളതിനാലും, ഗോള്‍ഫ് കളിക്ക് മാത്രമായി ഉപയോഗിക്കേണ്ട സ്ഥലം വ്യവസ്ഥകള്‍ക്ക് വിപരീതമായി, മറ്റ് പല കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനാലും‍ 1997 ലും, 2005 ലും, 2007 ലും സര്‍ക്കാര്‍ ക്ലബ്ബിന് നോട്ടീസ് നല്‍കിയിട്ടുണ്ടത്രെ. വ്യവസ്ഥയനുസരിച്ച് മുപ്പതു വര്‍ഷത്തെ പാട്ടക്കാലാവധിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാമെന്നും, മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നു കണ്ടാല്‍ നോട്ടീസ് പോലും നല്‍കാതെ തിരിച്ചെടുക്കാമെന്നും പറയപ്പെടുന്നു.

കാര്യങ്ങള്‍ ഈവിധമൊക്കെയാണെങ്കില്‍ പിന്നെ എവിടെയാണ് സാങ്കേതികത്തകരാര്‍ എന്നറിയില്ല. എന്തായാലും, കാര്യങ്ങള്‍ അധികം പഠിക്കാനൊന്നും മെനക്കെടാതെ കോടതി വിധി പറഞ്ഞു. മറ്റു പല കാര്യങ്ങളിലും മുന്‍പ് വിധിച്ചിട്ടുള്ളതു പോലെ കണ്ണുമടച്ചൊരു വിധി.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളൊന്നും സത്യമാകണമെന്നുമില്ല. എങ്കിലും കോടതി ഇക്കാര്യത്തില്‍ കാണിച്ച തിടുക്കവും, കേസ് പരിഗണിക്കും മുന്‍പ് ഫോണ്‍ വിളിച്ച് സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടതുമൊക്കെ, കോടതിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയിലും, നീതി നടപ്പാക്കാനുള്ള കടമയിലും കൂടുതല്‍, ഹരജിക്കാരനോടുള്ള കൂറാണല്ലോ വെളിപ്പെടുത്തുന്നത്.

അതല്ലാതെ അവധി ദിനത്തില്‍ വീട്ടിലിരിപ്പുറക്കാതെ ഫോണ്‍ വഴി പരിഹാരം കാണാന്‍‍ മാത്രം അടിയന്തര സ്വഭാവമുള്ള ഒരു കാര്യമാണോ ഇത്? കുറച്ചു പേരുടെ ഗോള്‍ഫ് കളി കുറച്ചു ദിവസത്തേക്കു മുടങ്ങുമെന്നും, കളി കഴിഞ്ഞ് രണ്ടെണ്ണം വിടാന്‍ സൗകര്യമൊക്കില്ലെന്നതുമൊഴിച്ചാല്‍ മറ്റൊരു അടിയന്തര സ്വഭാവവും ഇക്കാര്യത്തിനുണ്ടെന്ന് തോന്നുന്നുമില്ല.

കോടതികള്‍ നീതിയുക്തമായ വിധികള്‍ പുറപ്പെടുവിക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയിരിക്കുന്നു. അധികാരം കൈയിലുള്ള, വിമര്‍ശനാതീതരായ കുറെപ്പേര്‍, അവര്‍ക്ക് എന്ത് തോന്ന്യാസവും കാണിക്കാനുള്ള വേദികളായി മാറിയിരിക്കുന്നു കോടതികള്‍. കണ്ണും കെട്ടി കൈയില്‍ തുലാസു ബാലന്‍സ് ചെയ്ത് പിടിച്ച് നിന്ന് നീതി ദേവതക്ക് ബോറടിച്ചു തുടങ്ങിക്കാണും. എല്ലാം കച്ചവടമായി മാറുമ്പോള്‍ എന്തിന് നീതി മാത്രം അങ്ങനെ അല്ലാതാവണം? കാശു വെക്കുന്നവര്‍ക്ക് നീതി തൂക്കി നല്‍കാനാണ് ഇപ്പോള്‍ ആ തുലാസ് ഉപയോഗിക്കപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നാട്ടിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍, വേറെ ഇഷ്ടം പോലെ സ്ഥലമുണ്ടായിട്ടും ഞങ്ങളുടെ കളി നിര്‍ത്താന്‍ വേണ്ടി മാത്രം സ്ഥലമുടമസ്ഥന്‍ കപ്പ നട്ടപ്പോള്‍, ദേഷ്യം തീര്‍ക്കാന്‍ കൂട്ടുകാര്‍ ചേര്‍ന്ന് രാത്രിയില്‍ പോയി നട്ട കപ്പത്തണ്ടു മുഴുവന്‍ വലിച്ചു പറിച്ചു കളഞ്ഞതാണ് ഓര്‍മ്മ വരുന്നത്.

ജസ്റ്റിസ് സിരിജഗനും ഇതുപോലൊരവസ്ഥയിലായിരുന്നിരിക്കുമോ എന്തോ! ഗോള്‍ഫ് കളിക്കാന്‍ ബാറ്റും ബോളും കിറ്റുമൊക്കെ വാങ്ങിവെച്ചിരുന്നപ്പോഴായിരിക്കും നാശം പിടിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കലുമായി വന്നത്. സത്യം പറയാമല്ലോ, അങ്ങനെയാണെങ്കില്‍ ആരായാലും ഇതൊക്കെത്തന്നെ ചെയ്തു പോകും.

Tuesday, May 27, 2008

ജനസേവ - ഫിലിംസ് ആന്‍ഡ് ശിശുഭവന്‍

ഒരു സിനിമാ നിര്‍മ്മാതാവും തന്റെ കമ്പനിക്ക് ജനസേവ എന്നൊരു പേരു സ്വീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, സിനിമാ വ്യവസായം ലാഭമുണ്ടാക്കാനുള്ളതാണ്. അതിന് ജനസേവനവുമായി എന്തു ബന്ധം?എന്നാല്‍, ജനസേവനത്തിലൂടെ കാശുണ്ടാക്കിയ ഒരാളാണ് സിനിമ പിടിക്കുന്നതെങ്കിലോ? അങ്ങനെയെങ്കില്‍ ഇതിലും ബെസ്റ്റ് പേര് വേറെ ഇല്ല താനും.

കുറച്ചു ദിവസങ്ങളായി ആലുവയിലെ ജനസേവ ശിശുഭവനെക്കുറിച്ചു ക്കുറിച്ച് വരുന്ന വാര്‍‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നിരാശയാണ് തോന്നിയത്. വര്‍ഷങ്ങളായി അനാഥ ബാല്യങ്ങള്‍ക്ക് തണലൊരുക്കിയിരുന്ന - അങ്ങനെ അറിയപ്പെട്ടിരുന്ന - ജനസേവയും ആ പേരില്‍ തട്ടിപ്പു നടത്തുകയായിരുന്നോ?

തെരുവില്‍ വളരുന്ന അനാഥക്കുട്ടികള്‍ക്ക് സം‌രക്ഷണമേകാനാണ് ജനസേവ ശിശുഭവന്‍ 1996 ല്‍ ആരംഭിച്ചത്. ഒരു പരിധിവരെ ആ ദൗത്യം ഭംഗിയായി അവര്‍ നിര്‍‌വ്വഹിക്കുന്നുമുണ്ടായിരുന്നു എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും കവിയൂര്‍ പൊന്നമ്മയും അടങ്ങുന്ന പ്രമുഖര്‍ ജനസേവയുടെ 'ബ്രാന്‍ഡ് അംബാസഡര്‍' മാരാവുകയും പിഞ്ചു കുഞ്ഞുങ്ങളുടെ ദൈന്യത നിറഞ്ഞ മുഖങ്ങളുമായി പരസ്യങ്ങളും, അവര്‍ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പരസ്യ വാചകങ്ങളും കണ്ട് ധാരാളം പേര്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി.
ധാരാളം മലയാളികള്‍ വര്‍ഷങ്ങളായി ഈ നല്ല സം‌രഭത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്നു - കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അവിടുത്തെ ഒരു കുട്ടിയുടെ വാര്‍ഷിക സ്പോണ്‍സര്‍ഷിപ്പായി മൂവായിരം രൂപവീതം ഈയുള്ളവനും അയക്കുന്നുണ്ട്.

ഇതിനിടയില്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമീപവാസികളും മറ്റും ചെറിയ ചില പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും, ജനസേവയിലെ കുഞ്ഞു മക്കളുടെ മുഖങ്ങളും പ്രസിഡന്റായ ജോസ് മാവേലിയുടെ ആത്മാര്‍‍ത്ഥത തുളുമ്പുന്ന വാക്കുകളും ജനസേവയെക്കുറിച്ച് മറിച്ച് ചിന്തിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇപ്പോഴത്തെ പുതിയ വാര്‍ത്ത, ജോസ് മാവേലി രണ്ടു കോടി രൂപ മുടക്കി ജനസേവ ഫിലിംസ് എന്ന ബാനറില്‍ തമിഴ് സിനിമ നിര്‍മ്മിക്കുന്നു എന്നതാണ്. താന്‍ അരിക്കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണ് ഇത്രയും പണമെന്നാണ് ജോസിന്റെ വാദം. മാത്രമല്ല, സിനിമയിലൂടെ കിട്ടുന്ന ലാഭം ജനസേവയിലെ പ്രവര്‍ത്തനങ്ങള്‍‍ക്കായി ഉപയോഗിക്കുമെന്നും ജോസ് മാവേലി അവകാശപ്പെടുന്നു.

ഈ വാര്‍ത്ത വന്ന ശേഷം ശിശുഭവന്റെ പ്രധാന രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആ സ്ഥാനം രാജി വെച്ചു. മാസങ്ങള്‍ക്ക് മുന്‍പ്, മമ്മൂട്ടി തന്റെ ചിത്രം ശിശുഭവന്റെ പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതും ശിശുഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ജനസേവയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കടബാദ്ധ്യതയും ഇല്ലായ്മയും മാത്രമാണ് ജോസ് മാവേലി എപ്പോഴും പറയാറുള്ളത്. ഇപ്പോഴും ഒന്നരക്കോടിയോളം രൂപയുടെ കടത്തിലാണത്രെ ജനസേവ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികളെ നല്ല സ്കൂളുകളില്‍ പഠിപ്പിക്കാനും, ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍‍ ഒരുക്കാന്‍ പോലും കഴിയുന്നില്ല എന്നു പരിതപിച്ചിരുന്ന ജോസാണ് ഇപ്പോള്‍ രണ്ടുകോടിയുടെ സിനിമ നിര്‍മ്മിക്കാന്‍ പോകുന്നത്.

ജോസ് മാവേലി സിനിമ നിര്‍മ്മിക്കുന്നത് സ്വന്തം കാശുകൊണ്ടായിരിക്കാം. അങ്ങനെയായിരിക്കട്ടെ. എന്നാല്‍, അനാഥക്കുഞ്ഞുങ്ങളുടെ പേരില്‍ ലഭിക്കുന്ന പണം അവര്‍ക്കു വേണ്ടി തന്നെയാണ് ചെലവാക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്താന്‍ ജനസേവയുടെയും ജോസ് മാവേലിയുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ചെയ്യുന്ന പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ജോസ് മാവേലി തന്നെ ഇതിന് മുന്‍‌കൈയെടുക്കണം.

സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം ജനസേവയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു പറയുന്ന ജോസ് മാവേലി, സിനിമ നഷ്ടത്തിലായാല്‍ ആ നഷ്ടം നികത്താന്‍ ജനസേവയുടെ പണം ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം.

ഇല്ലെങ്കില്‍, ജോസ് മാവേലി എന്ന സിനിമാ നിര്‍മ്മാതാവിന്റെ 'സൈഡ് ബിസിനസ്സ്' മാത്രമായി മാറുന്ന ശിശുഭവനി ലേക്കുള്ള ജനങ്ങളുടെ സംഭാവനകള്‍ കുറയും; സംശയങ്ങളിലും വിവാദങ്ങളിലും മുങ്ങി അവിടുത്തെ പിഞ്ചു കുഞ്ഞുങ്ങളുടെ നല്ല ഭാവി എന്ന സ്വപ്നം ഇല്ലാതാവുകയും ചെയ്യും.

Monday, May 19, 2008

സ്വാമിമാരെ തേടുന്നവര്‍ക്ക്..

കേരളത്തിലെ സ്വാമിമാര്‍ക്കൊക്കെ ശനിദശയാണെന്നു തോന്നുന്നു. അമൃത ചൈതന്യ, ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ, ഇപ്പോള്‍ വിശ്വ ചൈതന്യയും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നു. കോഴിക്കോട്ടെ മുരളീ കൃഷ്ണ സ്വാമിയടക്കം പത്തോളം സ്വാമിമാരെ പോലീസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പറഞ്ഞു കേള്‍‍ക്കുന്നത്.

ഈ സ്വാമിമാരൊക്കെ ഇങ്ങനെ കോടതിയും കേസുമായി കറങ്ങി നടന്നാല്‍ കേരളീയരുടെ ആത്മീയ ദാഹം തീര്‍‍ക്കാന്‍ ഇനി ആരുണ്ടാകും എന്ന് ചിന്തിച്ച് വിഷമിക്കുന്നവരുണ്ടെങ്കില്‍, അവര്‍ക്കുള്ളതാണ് ഈ പോസ്റ്റ്. കേരളത്തിലെ ചില ക്രിസ്ത്യന്‍ സ്വാമിമാരും ആശ്രമങ്ങളുമാണ് താഴെ പറഞ്ഞിരിക്കുന്നത്. ഈ സ്വാമിമാര്‍ ന്യൂനപക്ഷക്കാരായതിനാല്‍ പോലീസ് അത്ര വേഗം ഇവരെ കൈ വെക്കുമെന്ന് തോന്നുന്നില്ല. കടന്നു വരൂ, രോഗ ശാന്തി നേടൂ..അത്മീയ വരങ്ങളാല്‍ അനുഗ്രഹീതരാകൂ..!

1. മുല്ലക്കര സ്വാമി

2. കെ.പി യോഹന്നാന്‍ സ്വാമി

3. ജോര്‍ജ്ജ് സാമുവല്‍ സ്വാമി

4. ഡിവൈന്‍ ആശ്രമം

5. ശാലോം ആശ്രമം


തല്‍ക്കാലം ഇത്രയേ കിട്ടിയുള്ളൂ. വെബ് സൈറ്റ് ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഇഷ്ടം പോലെ ഇനിയും ഉണ്ട്. കൊന്തയില്‍ അത്തറു പൂശിയും, മാതാവിന്റെ ഫോട്ടോയില്‍ നിന്ന് ചുവന്ന പെയിന്റൊഴുക്കിയും അദ്ഭുതങ്ങള്‍ കാണിച്ച് ആത്മീയാനന്ദം പകര്‍ന്നു നല്‍കുന്നവര്‍ വേറേയും.

കൂടുതല്‍ ക്രിസ്ത്യന്‍ സ്വാമിമാരെ അറിയാവുന്നവര്‍ ഡീറ്റയില്‍സ് ഷെയര്‍ ചെയ്യുമല്ലോ!

Saturday, May 17, 2008

പീറപ്പോലീസ്

ഇങ്ങനെയുമുണ്ടോ ഒരു പോലീസ്? തോക്കും കൈയില്‍ പിടിച്ച് ആത്മഹത്യ ചെയ്യുമെന്നും കൊല്ലുമെന്നും ഭീക്ഷണിമുഴക്കിയ ഒരുത്തനെ കീഴടക്കാന്‍ കഴിവില്ലാത്ത പന്നപ്പോലീസ്! ഇന്ത്യയിലെ തന്നെ ബെസ്റ്റ് പോലീസെന്നൊക്കെ കേരള പോലീസിനെ വിശേഷിപ്പിച്ചത് ആരാണോ എന്തോ! ഇനി എന്തൊക്കെ ആണെന്നു പറഞ്ഞാലും ആലുവയിലെ DySP മുതല്‍ താഴോട്ടുള്ള ഒരുത്തനും ഒരു പോലീസുകാരനു വേണ്ട മിനിമം ധൈര്യവും ബുദ്ധിയുമുണ്ടെന്ന് വിശ്വസിക്കുക ഇനി പ്രയാസം.

തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീക്ഷണി മുഴക്കിയ ആലുവക്കാരന്‍ സ്വാമിയെ, വീട്ടില്‍ നിന്ന് വിളിച്ചിറക്കി ജീപ്പില്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പോലീസ് 2 മണിക്കൂറോളം ഇയാളെ സ്റ്റേഷനിലിരുത്തി, ഭീക്ഷണികള്‍ കേട്ടു നിന്നതല്ലാതെ ഇയാളുടെ കൈയില്‍ നിന്ന് തോക്ക് തട്ടിയെടുക്കാന്‍ ഒന്നും ചെയ്തില്ല. മൊബൈലില്‍ നിരന്തരം സംസാരിച്ചിരുന്ന സ്വാമിയുടെ തോക്കു പിടിച്ച കൈക്ക് ഒരു ചെറിയ തല്ലു കൊടുത്ത് ആ തോക്ക് തട്ടിതെറിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതു പോലും ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ പോലീസെന്നും പറഞ്ഞ് മീശ പിരിച്ച് നടക്കാന്‍ കുറേപ്പേര്‍? ഇത് ഇവരുടെ ധൈര്യത്തിന്റെ കാര്യം.

ഇനി, ബുദ്ധിയോ? വളരെ ബുദ്ധിപരമായിട്ടായിരുന്നു പോലീസ് ഇത് കൈകാര്യം ചെയ്തത്. തോക്കു ചൂണ്ടി നിന്ന സ്വാമിയെ അനുനയിപ്പിക്കാന്‍ പോലീസ് കണ്ടു പിടിച്ചത് മനോരമയുടെ റിപ്പോര്‍ട്ടര്‍ ലേബിയെ. ഒരു വനിതാ പത്ര പ്രവര്‍ത്തകയെ, തോക്കു ചൂണ്ടി ആത്മഹത്യാ-വധ ഭീക്ഷണികള്‍ മുഴക്കിക്കൊണ്ടിരിക്കുന്ന ഒരു ക്രിമിനലിനു മുന്നിലേക്ക് സന്ധിസംഭാഷണത്തിനു വിടുന്ന ഈ പോലീസ് ബുദ്ധി അപാരം തന്നെ; അതും അന്‍പതോളം ഗഡാഗഡിയന്‍ പോലീസുകാര്‍ സ്റ്റേഷനില്‍ ഈച്ചയാട്ടിയിരിക്കുമ്പോള്‍! ഇനിയുമുണ്ടായി പോലീസിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍. ലേബി അകത്തിരുന്ന് സന്ധി സംഭാഷണം നടത്തുമ്പോള്‍, അകത്തേക്കു കടക്കണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ മറ്റ് മാദ്ധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ തലയില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന സ്വാമിയെ പോലീസ് ദാ പുറത്തേക്കിറക്കി കൊണ്ടു വരുന്നു - സ്വാമിയേയും തോക്കിനേയും കാണിച്ച് ബഹളമുണ്ടാക്കുന്നവരെ പേടിപ്പിക്കാനായിരിക്കണം ഇത്.

പിന്നെ കാണിച്ചതാണ് അതിഭയങ്കര ബുദ്ധി. പുറത്തേക്കിറങ്ങിയ സ്വാമി, 'നിങ്ങളേയും കൊല്ലും ഞാനും ചാവും' എന്ന് പറഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേ തിരിഞ്ഞപ്പോള്‍ സംഗതി അത്ര പന്തിയല്ലെന്നു കണ്ട ഏതോ ഒരു ബുദ്ധിമാന്‍ പോലീസുകാരന്‍ തലയിലേക്ക് തോക്കു ചൂണ്ടി കാഞ്ചിയില്‍ വിരലമര്‍ത്തി നില്‍ക്കുന്ന സ്വാമിയുടെ തോക്കു പിടിച്ച കൈയില്‍ പിടിച്ച് കീഴോട്ടു വലിച്ചു. വെടി പൊട്ടാന്‍ വേറെ എന്തെങ്കിലും കാരണം വേണോ? പൊട്ടി - അതും രണ്ടെണ്ണം. സ്വാമിക്കോ കൂടി നിന്ന മാദ്ധ്യമ പ്രവര്‍ത്തകരിലാര്‍ക്കുമോ വെടി കൊള്ളാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.

ഇതു താന്‍‌ടാ (കേരള) പോലീസ്!

അഭിനന്ദനങ്ങള്‍ സാറന്മാരെ, ഇനിയും പോരട്ടെ ഇത്തരം വീരകൃത്യങ്ങള്‍.

കടപ്പാട്: ഈ നാടകീയ രംഗങ്ങളൊക്കെ അതിന്റെ രസം ഒട്ടും ചോരാതെ രാവിലെ മുതല്‍ കാണിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാവിഷനും മനോരമ വിഷനും.

Saturday, April 05, 2008

നിറഞ്ഞു തുളുമ്പുന്ന കര്‍ഷകസ്നേഹം

സ്വന്തം പാടത്ത് ചോര നീരാക്കി അദ്ധ്വാനിച്ച് കൃഷിയിറക്കിയ കര്‍ഷകന് അത് കൊയ്തെടുക്കാന്‍ തൊഴിലാളികളെ കിട്ടണമെങ്കിലും, കൊയ്ത്തു യന്ത്രം ഇറക്കണമെങ്കിലും പാര്‍ട്ടി നേതാക്കന്മാരുടെ അനുവാദം കാത്തിരിക്കേണ്ട ഗതികേടുണ്ടാവുക, അനുവാദം കിട്ടാന്‍ പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരിക. അല്ലെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്‍കി നേതാക്കന്മാരുമായി രമ്യതയിലാവുക. ഇതിനൊന്നും തയ്യാറല്ലെങ്കില്‍ കൊയ്യാനാളില്ലാതെ കൃഷി നശിക്കുന്നത് കണ്ടു നില്‍ക്കുക. ഇനി ഈ വയ്യാവേലിക്കൊന്നും പോകാതെ അടുത്ത തവണ നെല്ലിനു പകരം വല്ല തെങ്ങോ കപ്പയോ മറ്റോ നടാമെന്നു വെച്ചാലോ - അതും പാര്‍ട്ടി അനുവദിക്കില്ല. വെട്ടി നിരത്തിക്കളയും എല്ലാം. ഇത് കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ കര്‍ഷകരുടെ അവസ്ഥ. കര്‍ഷക തൊഴിലാളികളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി- പാര്‍ട്ടി മെംബര്‍ഷിപ്പില്ലാത്ത ആര്‍ക്കും ഒരിടത്തും ഒരു പണിയും കിട്ടുന്നില്ലെന്നും പാര്‍ട്ടി ഉറപ്പു വരുത്തിയിരിക്കും.

ചുരുക്കത്തില്‍ ഇതൊക്കെയാണ് CPM ന്റെ കര്‍ഷക സംഘടനയായ KSKTU വിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍. കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ നെല്‍ പാടങ്ങളില്‍ ഇന്ന് പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. പക്ഷേ പാര്‍ട്ടിയുടെ നയങ്ങള്‍, കൃഷി നശിക്കാതെ കൊയ്തെടുക്കാന്‍ കര്‍ഷകനെ സഹായിക്കാനുള്ളതല്ല, മറിച്ച് ആ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ളതാണെന്നു മാത്രം.

കേരളത്തിലെ വയലേലകളില്‍ ജന്മിത്വത്തിനെതിരെ സമരം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ സ്വയം ജന്മികളായി മാറിയിരിക്കുന്നു.

ഇത്തവണ അപ്രതീക്ഷിതമായി വന്ന കനത്ത വേനല്‍ മഴയാണ് നെല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. വിളഞ്ഞു പാകമായ നെല്‍ക്കതിരുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. മഴ തോര്‍ന്നപ്പോള്‍ കൊയ്യാന്‍ തൊഴിലാളികള്‍ക്കായി ക്ഷാമം. ഇതു നേരിടാന്‍ തമിഴ്നാട്ടില്‍ നിന്നും മറ്റുമായി കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ കൊണ്ടുവന്ന കര്‍‍ഷകരെയാണ് KSKTU തടഞ്ഞത്. കാരണം - തൊഴിലാളികളുടെ ഏക വരുമാന മാര്‍ഗ്ഗം ഇല്ലാതാകുമത്രെ. തൊഴിലാളികളെ കിട്ടാനില്ല എന്നൊന്നും പറഞ്ഞിട്ട് നേതാക്കന്മാരുടെ തലയില്‍ കയറിയില്ല. ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ യന്ത്രം ഉപയോഗിക്കുന്ന ഏക്കറൊന്നിന് 200 ഉം 250 ഉം രൂപ പാര്‍ട്ടി ഓഫീസില്‍ അടച്ച് രസീത് വാങ്ങണമെന്നായി നിബന്ധന. രാഷ്ട്രീയക്കളി കഴിയും വരെ കാത്തു നില്‍ക്കാതെ വെള്ളത്തില്‍ കിടന്ന കതിരുകള്‍ അഴുകിത്തുടങ്ങി; നെന്‍‌മണികള്‍ മുളച്ചു പൊന്തി. ഇങ്ങനെ ആയിരത്തഞ്ഞൂറ് ഏക്കറിലധികം കൃഷി ഇത്തവണ നശിച്ചുവെന്നാണ് കണക്ക്. 30 കോടിയിലധികമാണത്രെ നഷ്ടം. അരിക്കായി ഇപ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് ഈ നഷ്ടം ചെറുതല്ല. അരി വാങ്ങുമ്പോള്‍ ഇനി കൈ പൊള്ളുമെന്ന് ചുരുക്കം. അല്ലെങ്കില്‍, പാര്‍ട്ടി നേതാവായ ഭക്‌ഷ്യ മന്ത്രി പറഞ്ഞതുപോലെ കോഴിമുട്ടയും കോഴിക്കറിയും ഒക്കെ തിന്ന് വിശപ്പടക്കാം.

ലോകം മുഴുവന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ യന്ത്രസം‌വിധാനങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തി അതുകൊണ്ട് നേട്ടമുണ്ടാക്കുമ്പോള്‍, എന്തു കാരണം പറഞ്ഞായാലും യന്ത്രമിറക്കാന്‍ അനുവദിക്കാതെ ഇങ്ങനെ കൃഷി നശിപ്പിക്കുന്നത് കാടത്തമല്ലേ? ഈ അവസ്ഥ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് ഇതെന്നോര്‍ക്കണം. അന്ന് അതിന് നേതൃത്വം നല്‍കിയവരാണ് ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനായി ഓടിനടക്കുന്നത്.

കര്‍ഷക സ്നേഹം ഘോരഘോരം പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍‍ത്ഥ ലക്‌ഷ്യം, കര്‍ഷകരേയും തൊഴിലാളികളേയും തമ്മിലടിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യലാണ്. ഇതു തിരിച്ചറിയുക. ആടുകളെ തമ്മിലിടിപ്പിച്ച് അവയുടെ നെറ്റിയില്‍ പൊടിയുന്ന രക്തം നോക്കി വെള്ളമിറക്കുന്ന ചെന്നായയാണ് ഈ പാര്‍ട്ടി. ആര്‍ത്തി മൂത്ത ചെന്നായ ചോര രുചിക്കാന്‍ ഇടയിലേക്ക് കയറിയപ്പോള്‍ രണ്ടാടുകളുടേയും ഇടി ഒരുമിച്ച് കിട്ടി ചാവുകയാണ് ചെയ്തതെന്ന് പഞ്ചതന്ത്രം പറയുന്നു. അതുപോലെ, കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ കര്‍ഷകര്‍ രാഷ്ട്രീയാതീതമായി സംഘടിക്കുക. നിങ്ങള്‍ നട്ട് നനച്ച് വളര്‍ത്തിയ വിള കൊയ്യുന്നത് തടയാന്‍ വരുന്നവരെ ഒരുമിച്ച് നിന്ന് എതിര്‍ക്കുക.

അനുബന്ധം:

കുട്ടനാട്ടില്‍ കൃഷി നശിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മരണം കര്‍ഷകാത്മഹത്യയായി കണക്കാക്കാനാവില്ലെന്ന് CPM നേതൃത്വം അവകാശപ്പെട്ടത്രെ. കാരണം മറ്റൊന്നുമല്ല, ഇദ്ദേഹം അംഗത്വം രാജിവെച്ച ഒരു പഴയ പാര്‍ട്ടിക്കാരനായിരുന്നു പോലും. പാര്‍ട്ടി വിട്ട കര്‍ഷകനോടും അവന്റെ കുടുംബത്തിനോടും മരണശേഷവും പ്രതികാരം ചെയ്യുന്ന പാര്‍ട്ടി - ഇത്ര ഉദാത്തമായ കര്‍ഷക സ്നേഹം വേറെ എവിടെ കാണാന്‍?

Wednesday, March 26, 2008

അപ്പുഘര്‍ ഓര്‍മ്മയാകുമ്പോള്‍

ഞാന്‍ ആദ്യമായി ഡല്‍ഹി കാണുന്നത് പതിനേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സഹപാഠിയായിരുന്ന ഉത്തര്‍പ്രദേശുകാരനായ കാന്തി പ്രസാദ് യാദവിനൊപ്പം.

ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹര്‍ നവോദയ സ്കൂളില്‍ നിന്ന് ഞങ്ങളുടെ നവോദയയില്‍ പഠിക്കാനെത്തിയ ഓരോ വിദ്യാര്‍‍ത്ഥിക്കുമൊപ്പം സമ്മര്‍ വെക്കേഷനില്‍ ഇവിടെനിന്ന് ഒരാള്‍ പോയി, അവരുടെ വീടുകളില്‍ താമസിച്ച് അവിടുത്തെ ജീവിതരീതികളും മറ്റും മനസ്സിലാക്കുകയും, അതുവഴി ദേശീയോത്ഗ്രഥനം വളര്‍ത്തുകയും ചെയ്യുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായായിരുന്നു എന്റെ യാത്ര.

ബുക്‌ലാന ജില്ലയിലെ ജഹാംഗിര്‍ബാദ് എന്ന സ്ഥലത്തായിരുന്നു കാന്തിയുടെ വീട്. കരിമ്പും മാവും കൃഷി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബമായിരുന്നു അവ്ന്റേത്. കാന്തിയുടേയും അവന്റെ കൂട്ടുകാരുടേയുമൊപ്പം ഉത്തര്‍പ്രദേശിന്റെ ഗ്രാമക്കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കുന്നതിനിടയിലൊരു ദിവസമാണ് കാന്തിയുടെ ഡല്‍ഹിയിലുള്ള അളിയനും പെങ്ങളും വീട്ടില്‍ വന്നത്. മടങ്ങുമ്പോള്‍ ഡല്‍ഹി കാണിക്കാമെന്നു പറഞ്ഞ് അവര്‍ ഞങ്ങളേയും ഒപ്പം കൂട്ടി. പാര്‍ലമെന്റ് മന്ദിരവും, കുത്തബ് മിനാറും ,ചെങ്കോട്ടയും, ലോട്ടസ് ടെമ്പിളും,രാജ് ഘട്ടും, പുരാനാ കിലയും ഒക്കെ കണ്ട് ഞങ്ങള്‍ അപ്പു ഘറിലുമെത്തി.

അദ്ഭുതങ്ങളുടെ ഒരു മായികലോകമായിരുന്നു ഞാന്‍ കണ്ട അപ്പു ഘര്‍. റോളര്‍ കോസ്റ്ററും, മറ്റ് റൈഡുകളും ഒക്കെ ജീവിതത്തില്‍ ആദ്യം കാണുകയായിരുന്നു. പക്ഷേ, കൂടുതലും റൈഡുകള്‍ വെറുതെ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു എന്നു മാത്രം. ഒരു റൈഡിന് അന്ന് പത്തു രൂപയായിരുന്നു ചാര്‍ജ്ജ്. എങ്കിലും ഒന്നു രണ്ടു റൈഡുകളിലും, റോപ് വേയിലും ഒക്കെ കയറിയാണ് അന്ന് ഞങ്ങള്‍ ടങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങും മുന്‍പ് ഒരിക്കല്‍ കൂടി അപ്പു ഘറില്‍ വരണമെന്ന് അന്നു ഞങ്ങളെടുത്ത തീരുമാനം, പക്ഷേ നടന്നില്ല; പിന്നീടൊരിക്കലും.

ഇപ്പോള്‍ ഇതൊക്കെ വീണ്ടുമോര്‍ത്തത്, അപ്പു ഘര്‍ നിര്‍ത്തലാക്കി എന്ന വാര്‍ത്ത കണ്ടപ്പോഴാണ്. തലസ്ഥാന നഗരിയിലെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിനോദത്തിന്റേയും വിസ്മയത്തിന്റേയും മായികലോകം തുറന്നു കൊടുത്ത അപ്പുഘര്‍ എന്ന ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്ക്, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണം ആരംഭിച്ച്, 1984 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രഗതി മൈതാനിയില്‍ കേന്ദ്ര ഗവണ്മെന്റ് ലീസിനു നല്‍കിയ 17 ഏക്കര്‍ സ്ഥലത്താണ് അപ്പു ഘര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലം ഇനി ഡെല്‍ഹി മെട്റോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രീം കോടതിയുടെ ഭാഗമായി പുതിയ കേട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നല്‍കാനുമാണ് തീരുമാനം.

അപ്പു ഘര്‍ ഇല്ലാതാകുമ്പോള്‍ നഷ്ടം ഡല്‍ഹിയിലെ കുട്ടികള്‍ക്കാണ്. അവധിക്കാലവും അവധിദിനങ്ങളും ആര്‍ത്തുല്ലസിച്ച് ആഘോഷിക്കാന്‍ ഇവിടെ എത്തിയിരുന്നവരില്‍ കൂടുതല്‍ അവരായിരുന്നു. ദിവസവും പതിനായിരത്തിലധികം ആളുകളാണ് അപ്പു ഘറില്‍ എത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും കുട്ടികളും.

അപ്പു ഘര്‍ ഒരു പ്രതീകം മാത്രമാണ്. ഗ്രാമങ്ങള്‍ നഗരങ്ങളും നഗരങ്ങള്‍ മഹാനഗരങ്ങളും ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ ഇനിയും എത്രയോ അപ്പു ഘറുകള്‍ വിസ്മൃതിയിലായേക്കും. കമ്പ്യൂട്ട‌ര്‍ ഗെയിമുകളില്‍ മാത്രമൊതുങ്ങുന്ന വിനോദങ്ങളില്‍ ബാല്യം തളയ്ക്കപ്പെടാന്‍ ഇനിയും തലമുറകള്‍ കടന്നുവരും; അവര്‍ക്കുവേണ്ടി മറ്റൊന്നും നാം ബാക്കിവെക്കുന്നില്ലല്ലോ!

Sunday, March 23, 2008

ഇറങ്ങിപ്പോകാന്‍ മാത്രമായി ഒരു പ്രതിപക്ഷം

കേരളത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? ഭരണപക്ഷത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് സഹകരിക്കുകയും, ജനദ്രോഹ നടപടികളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നൂണ്ടോ? പ്രതികരിക്കുക മാത്രമല്ല, ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടോ?

ഒന്നുമില്ല. സഭ കൂടുന്നു. എന്തെങ്കിലും വിഷയത്തില്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ ഒരു എം എല്‍ എ ക്ക് അവതരണാനുമതി നിഷേധിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു. നിത്യേന ഈ പ്രതിഭാസം കേരള നിയമസഭയില്‍ ആവര്‍ത്തിക്കപ്പെടുന്നു. പലപ്പോഴും ബാലിശമായ കാര്യങ്ങള്‍ക്കാവും ഈ ബഹിഷ്കരണം എന്നതാണ് ദൗര്‍ഭാഗ്യകരം. മാര്‍ച്ച് 6 ന് നടന്ന ബജറ്റ് പ്രഖ്യാപനത്തിനു ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും പ്രതിപക്ഷം ഇങ്ങനെ സഭ ബഹിഷ്കരിക്കുകയാണുണ്ടായത്.

പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞുകൂട. വിലക്കയറ്റത്തിനെതിരെ ഹര്‍ത്താലും ഉപവാസവും നടത്തി. എന്നാല്‍ കേരളത്തിന് റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തില്‍ അതിനെതിരെ ഒരു പരാതി പറയാന്‍ ആരും പോയില്ല്. അപ്പോള്‍ ജനങ്ങള്‍ക്ക് ഗുണം വരുത്തുകയല്ല, രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ് ചാണ്ടിയുടേയും കൂട്ടരുടേയും ലക്ഷ്‌യമെന്നു വ്യക്തം.

ഇനി, ആത്മാര്‍ത്ഥമായി വേണമെന്നു വെച്ചാല്‍ തന്നെ പല പ്രശ്നങ്ങളിലും ോരു പരിധിയില്‍ കവിഞ്ഞ് ഇടപെടാന്‍ പ്രതിപക്ഷത്തിനാവില്ല. ഉദാഹരണത്തിന് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് അടിയന്തിരമായി വീട് വെച്ച് നല്‍കണമെന്നാവശ്യപ്പെടാന്‍ സുനാമി ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 40 കോടി രൂപകൊണ്ട് ഒരു വീടു പോലും വെച്ചു നല്‍കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിക്കു കഴിയുമോ? ഇതുകൊണ്ടു തന്നെയാണ് ISRO, HMT തുടങ്ങിയ മറ്റനേകം പ്രശ്നങ്ങളില്‍ അധികം ഇടപെടാതെ പ്രതിപക്ഷം മാറി നില്‍ക്കുന്നത്.

ചെറിയ കാര്യങ്ങള്‍ക്ക് ബഹളമുണ്ടാക്കി സഭ വിട്ടിറങ്ങുന്ന പ്രതിപക്ഷം ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. നിങ്ങളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച ജനങ്ങളുടെ, നാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്; കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും നിയമസഭാസമ്മേളനങ്ങള്‍ക്ക് ചെലവാകുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്തരത്തില്‍ ആര്‍ക്കും ഒരു ഗുണവുമില്ലാതെ വെറുതെ ഒഴുക്കിക്കളയുന്നത്. സഭയില്‍ വന്ന് ഹാജരുവെച്ച് ഇറങ്ങിപ്പോകുന്നവര്‍ക്ക് ബത്ത കൊടുക്കാതിരിക്കാനും ശമ്പളം ആനുപാതികമായി കുറക്കാനും ഒരു നിയമം ഉണ്ടായാല്‍ ഇവര്‍ ഒരു പക്ഷേ സഭയില്‍ ഇരിക്കുകയെങ്കിലും ചെയ്തേക്കും.

വാല്‍ക്കഷ്ണം :

മാര്‍ച്ച് 19 ന് കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ സഭവിട്ടിറങ്ങിയ ഉമ്മന്‍ ചാണ്ടി നേരേ പോയത് ഏഷ്യാനെറ്റ് ക്യാമറാമാനെ അക്രമിച്ച സംഭവത്തില്‍ നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ച് KUWJ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍. സഭ എത്ര വൈകി പിരിഞ്ഞാലും അപ്പോള്‍ ചാണ്ടിയെക്കൊണ്ട് ഉദ്ഘാടിക്കാന്‍ കാത്തിരിക്കുകയായിരുന്നോ KUWJ? അതോ 'മാര്‍ച്ച് 19 വാക്കൗട്ട് ദിവസമാണ്. ഞാനങ്ങെത്തിയേക്കാം' എന്ന് ചാണ്ടി നേരത്തേ KUWJ ക്കാരെ അറിയിച്ചിരുന്നതോ?

Friday, March 14, 2008

ഒരു സെവന്‍‌ത് ഡേ കൃമികടി

വെള്ളിയാഴ്ചകളിലെ SSLC പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റിയ സര്‍‍ക്കാര്‍ നീക്കത്തിനെതിരെ സെവന്‍‌ത് ഡേ അഡ്‌വന്റിസ്റ്റ് മത വിശ്വാസികളായ നാലു വിദ്യാര്‍ത്ഥികളുടെ അപ്പീലിന് കേരള ഹൈക്കോടതിയുടെ മനോഹര പരിഹാരം. ഈ മതവിശ്വാസികളുടെ ആരാധന ശനിയാഴ്ചയായതിനാല്‍ ഈ നാലു കുട്ടികള്‍ക്ക് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം പരീക്ഷ നടത്താനാണ് ഹൈക്കോടതി വിധി.

ബാലിശമായ സര്‍ക്കാര്‍ തീരുമാനങ്ങളുടെയും അര്‍ത്ഥശൂന്യമായ കോടതിവിധികളുടെയും പരമ്പരയിലെ അവസാനത്തേത്.

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ വഴിയും ട്രഷറി വഴിയും വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് SSLC പരീക്ഷകള്‍ ഉച്ചതിരിഞ്ഞ് നടത്താന്‍ തീരുമാനമായത്. ഇത് വെള്ളിയാഴ്ചകളിലെ ജു‌മ്‌അ നമസ്കാരത്തിനെത്താന്‍ മുസ്ലിം വിദ്യാര്‍‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന കാരണത്താലാണ് വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് നോക്കിനടത്തിയപ്പോള്‍ പോലും ഉണ്ടാകാത്ത ഈ തീരുമാനം ‍ മത പ്രീണനത്തിന്റെ ഭാഗം തന്നെയാവണം - ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

ശനിയാഴ്ച മാത്രം ദൈവത്തെ ആരാധിക്കുന്ന വിശ്വാസികള്‍ 40 കൊല്ലം പഴക്കമുള്ള ഒരു വിധിയുമായാണ് കോടതിയിലെത്തിയത്. തങ്ങള്‍‍ക്കും ജൂതന്മാര്‍ക്കും ശനിയാഴ്ച ആറു മണിക്കു മുന്‍പ് ദൈവാരാധനയൊഴിച്ച് മറ്റൊന്നും പാടില്ലെന്ന് അന്ന് കോത്താഴത്തെ ഒരു കോടതി വിധിച്ചിട്ടുണ്ടത്രേ.

കോടതി പിന്നെ അധികം ആലോചിച്ചില്ല. ദാ കിടക്കുന്നു അപ്പീലിന്റെ തീര്‍പ്പ്. ഈ നാലുകുട്ടികള്‍ ശനിയാഴ്ച ആറിനുശേഷം പരീക്ഷയെഴുതും. എങ്ങനെ നടത്തും? ആരു നടത്തും? ഉച്ചക്കു കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വെച്ച് ഈ കുട്ടികള്‍ ആറുമണിക്ക് ശേഷം എഴുതുന്ന പരീക്ഷയുടെ വിശ്വാസ്യത? കോടതിക്കതൊന്നും അറിയണ്ട. വിധി പറയുക മാത്രമാണല്ലോ കോടതിയുടെ കര്‍‍ത്തവ്യം. നടപ്പിലാക്കേണ്ടത് സര്‍‌ക്കാരാണല്ലോ! സാമൂഹ്യപ്രതിബദ്ധതയില്ലാത്ത കോടതിവിധികള്‍ക്ക് മറ്റൊരുദാഹരണം.

മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് നാളെ പുതിയൊരു മതം തുടങ്ങി, അതിന്റെ ആരാധന സമയം തിങ്കളാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണെന്നു പ്രഖ്യാപിച്ചാല്‍ ആര്‍ക്കും ഇത്തരം കോടതിവിധികള്‍ സമ്പാദിക്കാം എന്നു ചുരുക്കും. ഈ വിധി ചൂണ്ടിക്കാണിച്ച് ഇനി ഇത്തരം എത്ര അപ്പീലുകള്‍ വരാനിരിക്കുന്നു.

കോടതി വിധിക്കെതിരെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കാണിച്ച് അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍. ഇനി ഈ അപ്പീലിന്റെ വിധി വന്നിട്ട് നാള പരീക്ഷ നടത്താനാവില്ലല്ലോ. അതിനാല്‍ നാളത്തെ പരീക്ഷ കോടതി പറഞ്ഞതുപോലെ. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് രണ്ടിന്; നാലു പേര്‍ക്ക് വൈകിട്ട് ആറിന്. പക്ഷേ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ നാലുപേരും ഉച്ചക്ക് രണ്ടിനു തന്നെ സ്കൂളില്‍ എത്തിയിരിക്കണം എന്ന് മന്ത്രി. അത് അന്യായമാണെന്നു പറയാന്‍ വയ്യ.

അങ്ങനെയെങ്കില്‍ ഇവര്‍ സ്കൂളില്‍ വന്നിരുന്നാണോ നാളെ ദൈവത്തെ ആരാധിക്കാന്‍ പോകുന്നത്? കുട്ടികള്‍ക്കൊപ്പം അമ്മയും അച്ഛനും പള്ളീലച്ചനുമൊക്കെ ആരാധിക്കാന്‍ സ്കൂളിലെത്തുമോ എന്തോ ? ആറു മണിക്ക് പരീക്ഷയുള്ളപ്പോള്‍ കുട്ടികള്‍ സ്കൂളിലിരുന്ന് പഠിക്കുമോ അതോ ദൈവത്തെ ആരാധിക്കുമോ?

പ്രിയ സെവന്‍‌ത് ഡേ ഭക്തന്മാരെ, അപ്പീലിനു പോയപ്പോള്‍ ഇങ്ങനെയൊരു തീരുമാനമുണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല അല്ലെ? ഇതിപ്പോള്‍ പുലിവാലു പിടിച്ചപോലെ ആയിപ്പോയല്ലോ! ഇതിനൊക്കെ കൃമികടി എന്നല്ലാതെ എന്താ പറയുക? സാരമില്ല, ഭക്തി അതിരുകടന്ന് അതു ചിലപ്പോള്‍ വിവേകത്തെ ഇല്ലാതാക്കുമെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ ചില പാഠങ്ങള്‍ നല്ലതാണ്.

Thursday, March 13, 2008

കണ്ണൂരുകാര്‍ ചെയ്യേണ്ടത്

ഇന്നലെ ഏഷ്യാനെറ്റില്‍ സം‌പ്രേഷണം ചെയ്ത, CPM ന്റെ പി ജയരാജനും, BJP സംസ്ഥാന സെക്രട്ടറി എം ടി രമേഷും കോണ്‍ഗ്രസ് MLA കെ സുധാകരനും പങ്കെടുത്ത കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും, സമാധാന ശ്രമങ്ങളെയും ചര്‍ച്ചചെയ്ത നേര്‍ക്കുനേര്‍ എന്ന പരിപാടിയാണ് ഈ കുറിപ്പിനാധാരം.

കണ്ണൂരില്‍ സമാധാനം ഉണ്ടാകണമെന്ന് മൂവര്‍ക്കും താത്പര്യമുള്ളതായി തോന്നിയില്ല. സദസ്സിലിരുന്ന ചിലര്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് മൂന്ന് നേതാക്കള്‍ക്കും ഒരേ വികാരം. ഞങ്ങളെ മറ്റു പാര്‍ട്ടികാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അണികളെ അക്രമിക്കുന്നു. 'ഞങ്ങളുടെ പ്രവര്‍ത്തകരെ രക്ഷിക്കേണ്ട ചുമതലയുള്ള' പാര്‍ട്ടി അത്തരം ആക്രമണങ്ങളെ ചെറുക്കുന്നു.

ഈ പാര്‍ട്ടികള്‍, അല്ലെങ്കില്‍ ഇവയുടെ നേതാക്കാള്‍ ഇതുവരെ കണ്ണൂരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് എന്ന് ആരും ചോദിച്ചു കേട്ടില്ല. അണികളെ കൊലയ്ക്കു കൊടുക്കാനല്ലാതെ രക്ഷിക്കാനൊന്നും ഒരു പാര്‍ട്ടിയും ശ്രമിക്കില്ല എന്ന സത്യം ആര്‍ക്കാ അറിയാത്തത്? ഇങ്ങനെ ചാവാന്‍ കുറേപ്പേരുണ്ടായില്ലെങ്കില്‍ ' മറ്റേ പാര്‍ട്ടി കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ കൊന്നൊടുക്കിയത് ഞങ്ങളുടെ മുപ്പതോളം പ്രവര്‍ത്തകരെയാണ്' എന്ന് ആവേശത്തോടെ എങ്ങനെ പ്രസംഗിക്കാനാവും?

ഇത്തരത്തില്‍ പാര്‍ട്ടിക്കൊടി പുതച്ച് ചേതനയറ്റ് കിടക്കേണ്ടി വരുന്നരില്‍ എത്ര പേര്‍ യഥാര്‍‍ത്ഥ പാര്‍ട്ടി പ്രവര്‍‍ത്തകരാണ്? പ്രവര്‍ത്തകരാണെങ്കില്‍ തന്നെ അവര്‍ എന്തിന് കൊലചെയ്യപ്പെട്ടു? എതിര്‍ പാര്‍ട്ടിയില്‍ പെട്ട ആരുടെയെങ്കിലും കൊലപാതകത്തിന് ഉത്തരവാദികളായിരുന്നോ ഇവര്‍? തൊണ്ണൂറു ശതമാനവും അങ്ങനെയല്ലെന്നാണ് അറിയുന്നത്. ഒരു 'കണ്ണൂര്‍ സ്റ്റൈല്‍ കൊലപാതകം' നേരില്‍ കണ്ട വ്യക്തി പറഞ്ഞത്, കൊലപാതകം നടത്തുന്നത് മിക്കപ്പോഴും പുറത്തുനിന്ന് വരുന്ന ആളുകളാണ് എന്നാണ്. മംഗലാപുരത്തുനിന്നോ തിരുവനന്തപുരത്തു നിന്നോ ജീപ്പിലോ കാറിലോ എത്തി, നാട്ടുകാര്‍ നോക്കി നില്‍ക്കേ നടുറോഡില്‍ കൊലനടത്തി വന്ന വഴി അവര്‍ മടങ്ങുന്നു. കണ്ണൂരില്‍ ആരും ഇത്തരം കൊലപാതകങ്ങള്‍ക്ക് സാക്ഷിപറയാന്‍ തയ്യാറാവാറില്ല, അഥവാ തയ്യാറായാല്‍ തന്നെ കൊലപാതകികളെ എവിടെ പോയി തിരയാന്‍?

കൊല്ലെപ്പെടുന്നവരില്‍ ഏറെപ്പേരും നിരപരാധികളാണ്. ബസ് കണ്ടക്ടര്‍മാരും ഓട്ടൊ ഡ്രൈവര്‍മാരും ചുമട്ടുകാരുമൊക്കെയായ പാവപ്പെട്ട തൊഴിലാളികള്‍. പാര്‍ട്ടികള്‍ക്ക് ഇവരുടെ മരണം ഒരു മുതല്‍ക്കൂട്ടാകുമ്പോള്‍, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമ്മക്ക് മകനെ, ഭാര്യക്ക് ഭര്‍ത്താവിനെ, കുഞ്ഞുങ്ങള്‍ക്ക് അച്ഛനെ! കൊലപാതകികള്‍ എവിടെനിന്നു വന്നാലും, എങ്ങോട്ടു പോയാലും കൊല്ലപ്പെടുന്നത് കണ്ണൂരിലെ കുറെ നിരപരാധികള്‍.

ഇതെന്തു നീതി എന്ന് കണ്ണൂരുകാര്‍ ഇനിയെങ്കിലും ചിന്തിക്കണം? നിങ്ങളുടെ നാട്ടിലെ നിരപരാധികളെ - അവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും - കൊല്ലാന്‍ ദൂരദേശങ്ങളില്‍ നിന്ന് ആളുകളെത്തുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യേണ്ടത് അവരോടല്ലേ? അതല്ലെങ്കില്‍ അവരെ ഇവിടെ എത്തിക്കുന്നവരോടല്ലേ? എല്ലാത്തിനും കാരണക്കാരായ കുറച്ചുപേര്‍ ഇല്ലാതായാല്‍ കണ്ണൂരില്‍ സമാധാനം പുലരുമെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്?

കാലങ്ങളായി തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ എന്തു നേടി? നിങ്ങളുടെ നേതാക്കള്‍ എന്തു നേടിയില്ല? നിങ്ങള്‍ക്കുവേണ്ടി എന്നു പറഞ്ഞ് നിങ്ങളെത്തന്നെ കൊന്നൊടുക്കുന്നവരുടെ യഥാര്‍ത്ഥ രാഷ്ട്രീയം ഇനിയെങ്കിലും തിരിച്ചറിയുക.

Saturday, March 08, 2008

ലതച്ചേച്ചിയെ വീണ്ടും ഓര്‍‍ത്തപ്പോള്‍

ലത - അതായിരുന്നു അവരുടെ പേര്. ഹോസ്റ്റല്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ അടുത്ത മുറികളിലെ താമസക്കാരെ കാണിച്ചു തരികയായിരുന്നു മാഡം. 'അതൊരു വട്ടു കേസാ..' എന്ന ഉപദേശവുമുണ്ടായിരുന്നു കൂടെ. മനസ്സിലപ്പോള്‍ മറ്റു പലതുമായിരുന്നതിനാല്‍ മേട്രന്‍ പറയുന്നതൊന്നും അപ്പോള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

ആ നഗരത്തില്‍ ഞങ്ങള്‍ നാലു പെണ്‍കുട്ടികള്‍ അന്നെത്തിയത് കോഴ്സിന്റെ ഭാഗമായ ഒരു പ്രോജക്ക്ടിനു വേണ്ടിയാണ്. താമസിക്കാനൊരു മുറിയന്വേഷിച്ച് അലയുകയായിരുന്നു ആ നേരം വരെ. ഞങ്ങളെ കൊണ്ടുവിടാന്‍ വന്ന എന്റെ അച്ഛനും നഗരം അത്ര പരിചിതമായിരുന്നില്ല. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കിട്ടുമെന്നുറപ്പിച്ച മുറി അവസാന നിമിഷം കിട്ടാതെ വരുമെന്ന് തീരെ കരുതിയിരുന്നുമില്ല. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ ദുഖവും ഒരു ദിവസം നീണ്ട യാത്രയുടെ ക്ഷീണവും കാരണം ഞങ്ങള്‍ ആകെ തളര്‍ന്നിരുന്നു. അവസാനം വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ നാലുപേര്‍ക്കും കൂടി കിട്ടിയ ആ ഒറ്റമുറിയാവട്ടെ, ആകെ മാറാലയും പൊടിയും നിറഞ്ഞ് കിടക്കാന്‍ കൊള്ളാത്ത അവസ്ഥയിലും. അത് എങ്ങനെയെങ്കിലും ഒന്നു വൃത്തിയാക്കിയെടുത്ത് ഉറങ്ങണം എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. അപ്പോഴാണ് മേട്രന്റെ പരിചയപ്പെടുത്തല്‍.

'ഇവിടെ ബാത്ത്റൂം..വെള്ളം രാവിലെ എട്ടിനു മുന്‍പും വൈകിട്ട് ആറിനു ശേഷവും..മുറികളില്‍ പത്തുമണിക്ക് ലൈറ്റോഫ് ചെയ്യണം..അതിനുശേഷം വായിക്കേണ്ടവര്‍ റീഡിംഗ് റൂമില്‍‍ പോകണം...'

മാഡം പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന്റെ സമയം ശ്രദ്ധിച്ചു. അത് കഴിഞ്ഞിരിക്കുന്നു. ഇനി മഞ്ജുവിന്റെ ബാഗിലുള്ള പഴം തന്നെ ശരണം.

അച്ഛന്‍ മുറി ശരിയായ ഉടന്‍ തന്നെ മടങ്ങിയിരുന്നു. സമയം വൈകിയതിനാല്‍ ഇനി മലബാര്‍ എക്സ്പ്രസ്സ് കിട്ടില്ല. ബസ്സിനു പോകേണ്ടി വരും. സീസണൊന്നുമല്ലാത്തതിനാല്‍ സീറ്റു കിട്ടിയേക്കും. എന്നാലും ഉറങ്ങാന്‍ പറ്റില്ല. രാവിലെ എത്തിയാലും ഓഫീസില്‍ പോകാനാവുമോ എന്തോ. അമ്മയും അനിയത്തിയും ഇന്നു വീട്ടില്‍ തനിച്ചായിരിക്കും അവരിപ്പോള്‍ തന്നെ ഓര്‍ക്കുന്നുണ്ടാകുമോ?

ചിന്തകള്‍ കാടുകയറി. ഇതിനു മുന്‍പ് വീടുവിട്ട് നിന്നിട്ടുള്ളത് ചെറുപ്പത്തില്‍ ഗൈഡ്സിന്റെയും മറ്റും ക്യാമ്പുകള്‍ക്ക് പോകുമ്പോഴാണ്. അപ്പോഴൊക്കെ കുറേ കൂട്ടുകാരും പാട്ടും കലാപരിപാടികളും മറ്റുമായി വീട്ടിലെ കാര്യങ്ങളൊന്നും ഓര്‍ക്കാറുപോലുമില്ല. പക്ഷേ ഇപ്പോള്‍ എന്തോ വല്ലാത്ത വിഷമം. പിന്നേയും എന്തൊക്കെയോ ഓര്‍ത്ത് അറിയാതെ കണ്ണു നിറഞ്ഞു. അറിയാതൊന്നു തേങ്ങിപ്പോയോ? കണ്ണു തുടക്കുമ്പോള്‍ മുറിക്കു പുറത്ത് കുറെ അപരിചിത മുഖങ്ങള്‍; ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുന്ന കൂട്ടുകാര്‍.

മുറി വൃത്തിയാക്കിയെന്നു വരുത്തി, പെട്ടിയും ബാഗുമൊക്കെയെടുത്തുവെച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് കണ്ടത്, മുറിക്കു പുറത്ത് ഞങ്ങളെ നോക്കിക്കൊണ്ട് ഒരു മുഖം. പുതിയ ആളുകളെ പരിചയപ്പെടാന്‍ വന്നതായിരിക്കുമെന്നു കരുതി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മുഖം മറഞ്ഞു; പുറകേ അടുത്ത് മുറിയുടെ വാതിലടയുന്ന ശബ്ദവുമെത്തി.

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമമായിരുന്നു പിറ്റേന്ന്. എന്‍‌ട്രന്‍സ് കോച്ചിംഗിനു പഠിക്കുന്ന കുറച്ചു കുട്ടികളെ പരിചയപ്പെട്ടു. അവരാണ് ഹോസ്റ്റലിലെ രീതികളും താമസക്കാരേപ്പറ്റിയും ഒക്കെ കൂടുതല്‍ പറഞ്ഞു തന്നത്, കൂടെ അടുത്ത മുറിയിലെ ലതയെക്കുറിച്ചും. ആരോടും ഒന്നും സംസാരിക്കാത്ത 35-40 വയസ്സ് തോന്നിക്കുന്ന ലതക്ക് ഏതോ ഓഫീസില്‍ ജോലിയാണെന്നറിയാമെന്നല്ലാതെ, ആര്‍ക്കും അവരെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. ഇത്തിരി ലൂസാണെന്ന് ഹോസ്റ്റലില്‍ പൊതുവെ അറിയപ്പെട്ടിരുന്നതിനാല്‍ ആരും അവരോടത്ര അടുത്തു പെരുമാറാന്‍ ശ്രമിച്ചിട്ടുമില്ല ഇതേവരെ. തലേന്ന് മുറിയുടെ വാതില്‍ക്കല്‍ വന്ന് മറഞ്ഞ് നിന്നത് ലതയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.

അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് വിളിച്ചപ്പോഴും കത്തയച്ചപ്പോഴുമെല്ലാം അല്പം അതിശയോക്തി കലര്‍ത്തി ഹോസ്റ്റലിലെ ഭ്രാന്തിയെക്കുറിച്ചും പറഞ്ഞതല്ലാതെ ഞങ്ങള്‍ക്കിടയില്‍ ലത ഒരു സംസാരവിഷയമായി പോലും കടന്നുവന്നിരുന്നില്ല. ഞങ്ങള്‍ ഉണരുമ്പോഴേക്ക് ലത പോയിട്ടുണ്ടാവും. വൈകിട്ട് തിരിച്ചെത്തുമ്പോഴേക്കും അവരുടെ മുറിയില്‍ ലൈറ്റണഞ്ഞിരിക്കും. ഇടക്കെപ്പോഴെങ്കിലും കണ്ടെങ്കില്‍ തന്നെ എല്ലാവരും ഒഴിഞ്ഞുമാറാറായിരുന്നു പതിവ്. ഒരുതരത്തില്‍ ഹോസ്റ്റലില്‍ എല്ലാവരും ലതയെ ഒറ്റപ്പെടുത്തുകയായിരുന്നു. വീടുവിട്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയുടെ എത്രയോ മടങ്ങ് ദിവസവും ലത അനുഭവിക്കുന്നുണ്ടാകുമെന്ന് അന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.

നഗരത്തിന്റെ പ്രത്യേകതകളില്‍ ആദ്യം കണ്ണില്‍‌പ്പെട്ടത് അദ്ധ്വാനിച്ചു ജീവിക്കുന്ന സ്ത്രീകളാണ്. മീനും പച്ചക്കറിയും വില്‍ക്കുകയും തലച്ചുമടെടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പുതിയ കാഴ്ചയായിരുന്നു. ഒരു പുരുഷന്‍ ചെയ്യുന്നത്ര, ചിലപ്പോള്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായവര്‍, സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് പരിതപിക്കാത്തവര്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ ജോലിചെയ്യുന്നു; തന്റേടത്തോടെ, ആരുടേയും ശല്യമില്ലാതെ. രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് വനിതാ ദിനത്തില്‍ ജാഥ നടത്തുന്നവര്‍ ഇവരെക്കണ്ട് പഠിക്കട്ടെ - സ്ത്രീ സ്വാതന്ത്ര്യം നേടേണ്ടത് പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന്!

നഗരം കാണാനായി അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പാര്‍ക്കിലേക്കും മ്യൂസിയത്തിലേക്കും ഒക്കെ പോകുമായിരുന്നു. ആ യാത്രകളില്‍ പലപ്പോഴും പാര്‍ക്കിലും മറ്റും വെച്ച് ഞങ്ങള്‍ ലതയെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ കാണാത്ത മട്ടില്‍ പിന്തിരിയാറായിരുന്നു പതിവ്. അവധി ദിവസങ്ങളിലും അവര്‍ രാവിലെ റൂമില്‍ നിന്നിറങ്ങി ഇങ്ങനെ എവിടെയെങ്കിലുമൊക്കെ ചുറ്റിക്കറങ്ങി വൈകിട്ടേ ഹോസ്റ്റലിലെത്തൂ. ഇതിനൊക്കെ വട്ടെന്നല്ലാതെ പിന്നെന്താ പറയുക?

ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കാര്യമായി നടക്കുന്നു. അതിനിടയിലാണ് ഒരു ദിവസം എനിക്ക് പനി പിടിച്ചത്. ഒന്നോ രണ്ടൊ പാരസെറ്റാമോളില്‍ തീരുന്ന കാര്യമേയുള്ളുവെങ്കിലും ക്ഷീണം തോന്നിയതിനാല്‍ അന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ലെന്നു വെച്ചു. കൂട്ടുകാര്‍ മൂന്നു പേരും പോയി. കൂട്ടിരിക്കാമെന്നു പറഞ്ഞ മഞ്ജുവിനേയും ഞാന്‍ തന്നെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു. ഒന്നു മയങ്ങി ഏണീക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന പനി. പിന്നേയും കഴിച്ചു ഒരു പാരസെറ്റമോള്‍. ഡോക്ടറെ കാണുന്നതാവും നല്ലത് എന്നു തോന്നിത്തുടങ്ങി; പക്ഷേ എഴുന്നേറ്റു ചെന്ന് ആരോടെങ്കിലും കാര്യം പറയാനുള്ള ആരോഗ്യം പോലും ഇല്ലായിരുന്നു. പിന്നെ വരുന്നതു വരട്ടെ എന്നു കരുതി മൂടിപ്പുതച്ചു കിടന്നു.

കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. ലത അടുത്തിരുന്ന് തുണി നനച്ച് നെറ്റിയില്‍ വെക്കുന്നുണ്ട്. മുറിയില്‍ കിടന്ന് ഞാന്‍ പിച്ചും പേയും പറയുന്നതു കേട്ടെത്തിയ മാഡം,‍ അപ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന ലതയേയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചതാണ്. ഇടക്കിടെ ലത തലയില്‍ തടവിക്കൊണ്ടിരുന്നു. അപ്പോള്‍ തോന്നിയ സുഖം ഇപ്പോഴും മറന്നിട്ടില്ല. അന്ന് ലതയില്‍ ഞാനെന്റെ അമ്മയെ കണ്ടു; അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലത എന്ന ഞങ്ങളുടെ ലതച്ചേച്ചിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് ആ ആശുപത്രിക്കിടക്കയില്‍ വെച്ചാണ്.

മറ്റെല്ലാവരേയും പോലെ ഒരു സാധാരണ സ്ത്രീയായിരുന്നു ലതച്ചേച്ചിയും. ഡിഗ്രി വരെ പഠിച്ചു, പി എസ് സി ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ജോലി കിട്ടി, വിവാഹം കഴിച്ചു, ഒരു കുഞ്ഞുമുണ്ടായി. അതിനിടക്കെപ്പോഴോ ചേച്ചിയുടെ സംസാരശേഷിയും കേള്‍‌വിയും കുറഞ്ഞുതുടങ്ങി. ഒരു ചികിത്സയും ഫലം കണ്ടില്ല. ഒരു വേള അവ തീര്‍ത്തും നഷ്ടപ്പെട്ടപ്പോള്‍ ഭര്‍‌ത്താവിന് ചേച്ചിയെ വേണ്ടാതായി. അധികപ്പറ്റാണെന്നു തോന്നിപ്പോള്‍, താനുംകൂടി അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്നും ചേച്ചിയിറങ്ങി; കരയാനോ കാലുപിടിക്കാനോ പോകാതെ, ഒരു അവകാശവാദവും ഉന്നയിക്കാതെ. തന്റെ വൈകല്യങ്ങള്‍ ലതച്ചേച്ചിയില്‍ വല്ലാത്ത അപകര്‍ഷതാബോധം വളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ഹോസ്റ്റലില്‍ മറ്റുള്ളവരുമായി കഴിവതും ഇടപഴകാതിരിക്കാന്‍ ചേച്ചി ശ്രമിച്ചതും. തന്റെ നിസ്സഹായാവസ്ഥയും ഒറ്റപ്പെടലും കുഞ്ഞിന്റെ ഓര്‍മ്മകളും ചേച്ചിയില്‍ ഉണ്ടാക്കിയ വികാരങ്ങളാവണം പലപ്പോഴും ഭ്രാന്തിന്റെ ലക്ഷണങ്ങളായിയി തെറ്റിദ്ധരിക്കപ്പെട്ടത്.

ലതച്ചേച്ചിയുമായി ഞങ്ങള്‍ നാലുപേരും വേഗം അടുത്തു. ആംഗ്യത്തിലൂടെയും ചെറിയ കുറിപ്പുകളിലൂടെയുമായിരുന്നു ഞങ്ങളുടെ ആശയവിനിമയം. രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചേച്ചിയുടെ മുറിയിലെത്തും. ഉറക്കം വരുന്നതുവരെ ചേച്ചിയുമായി നിശബ്ദമായി സംസാരിച്ചുകൊണ്ടിരിക്കും. ചേച്ചി ഞങ്ങള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. ചേച്ചിയുമായി അടുത്ത ശേഷം പഴയപോലെ വീടിനെക്കുറിച്ചോര്‍ത്ത് കരയാനൊന്നും സമയം കിട്ടാതായി. വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ സങ്കടമൊക്കെ ഞങ്ങളെ പാടേ വിട്ടുപോയിരുന്നു. രാത്രി ഏറെ വൈകിയാല്‍ 'നാളെ പോകണ്ടതല്ലെ, കിടന്നുറങ്ങിക്കോളൂ' എന്ന് ചേച്ചി ഒരു പേപ്പറിലെഴുതുമ്പോള്‍ ആ മുഖത്ത് ഒരച്ഛന്റെ ഭാവമായിരിക്കും. രാവിലെ വിളിച്ചുണര്‍ത്താനും, വഴക്കു പറഞ്ഞ് ഭക്ഷണം കഴിപ്പിക്കാനും അമ്മയേപ്പോലെ ചേച്ചിയുണ്ടായിരുന്നു. നേരം വൈകി വരുന്ന ദിവസങ്ങളില്‍ ചേച്ചി പരിഭവിക്കുമായിരുന്നു. നിങ്ങള്‍ വൈകുമ്പോള്‍ എനിക്ക് പേടിയാകുമെന്ന് എത്രയോ തവണ ചേച്ചി എഴുതിയിരിക്കുന്നു. ആരുമല്ലാതിരുന്നിട്ടൂം ഞങ്ങള്‍ക്ക് ആരൊക്കെയോ ആവുകയായിരുന്നു ചേച്ചി.

ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കഴിയാറായി. നാട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്. ചേച്ചിക്കായിരുന്നു ഞങ്ങളേക്കാള്‍ സങ്കടം. തനിക്കു വീണ്ടും ആരുമില്ലാതാകുമെന്ന് ചേച്ചിയെഴുതി. ചേച്ചിയെ വീണ്ടും ഇവിടെ തനിച്ചാക്കി പോകണമല്ലോ എന്നതായിരുന്നു ഞങ്ങളെയും ഏറെ വിഷമിപ്പിച്ച കാര്യം.

അവസാനം ആ ദിവസവുമെത്തി. ഞങ്ങള്‍ ആ നഗരത്തോട് വിട പറയുന്ന ദിവസം. സ്റ്റേഷന്‍ വരെ ചേച്ചിയും ഞങ്ങളുടെ കൂടെ വന്നു. ആരും ഒന്നും സംസാരിച്ചില്ല. ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സങ്കടങ്ങള്‍ വരുമ്പോള്‍ ആശ്വസിപ്പിക്കാറുള്ള ചേച്ചിയുടെ കരയുന്ന മുഖം കണ്ട് ഞങ്ങളും വിതുമ്പിപ്പോയി.

ഏഴുമണിക്ക് എത്തേണ്ട ട്രയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ചേച്ചിയോടൊത്ത് കുറച്ചു സമയം കൂടി ചെലവഴിക്കാന്‍ ദൈവം കനിഞ്ഞു നല്‍കിയ നിമിഷങ്ങള്‍. പക്ഷേ ഒരു വാക്കു പോലും പറയാനാവാതെ ആ ഒരു മണിക്കൂറും വേഗം പോയി. അവസാനം വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ചേച്ചിയെ ഇനിയും കണ്ടു പോലും കൊതിതീര്‍ന്നില്ലല്ലോ എന്നായിരുന്നു മനസ്സില്‍. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ ഇടക്കിടെ തുടച്ച് കൈവീശി ചേച്ചി ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു, കണ്ണില്‍ നിന്ന് മറയുവോളം!

ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നീ വനിതാ ദിനത്തില്‍ ലതച്ചേച്ചിയെ ഞാന്‍ വീണ്ടുമോര്‍ത്തു. സ്റ്റാറ്റസ് സിംബലായി സ്ത്രീ സമത്വം പ്രസംഗിക്കുകയും പബ്ലിസിറ്റിക്കു വേണ്ടി ജാഥ നടത്തുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല, ബന്ധുക്കളാലും സമൂഹത്താലും തിരസ്കരിക്കപ്പെട്ടിട്ടും തളരാതെ, തന്റേടത്തോടെ ജീവിക്കുന്ന ലതച്ചേച്ചിയെപ്പോലുള്ള ആയിരങ്ങളുടെ ദിനമാണിത്. അവര്‍ക്കഭിവാദ്യങ്ങള്‍!

Thursday, February 14, 2008

നീതി നിര്‍വ്വഹണമോ നീതി നിഷേധമോ?

"നീതി നിര്‍വ്വഹണത്തിനാധാരം നിയമപുസ്തകങ്ങളല്ല, മറിച്ച് രാജ്യത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ്"

മുന്‍ അമേരിക്കന്‍ പ്രസിഡന്റും, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടറുടേതാണ് ഈ വാക്കുകള്‍. നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കുന്ന ചില വിധികള്‍ കേള്‍ക്കുമ്പോള്‍ നീതിപീഢത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ രാഹിത്യത്തെക്കുറിച്ച് നാം ചിന്തിച്ചു പോകുന്നു. നീതി നടപ്പാക്കുകയല്ല, മറിച്ച് നിയമങ്ങളുടെ നൂലാമാലകളില്‍ കുരുക്കി, സധാരണക്കാരന് നീതി നിഷേധിക്കുകയാണ് പലപ്പോഴും നമ്മുടെ കോടതികള്‍ ചെയ്യുന്നത്.

ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്സി ബോട്ട്ലിംഗ് പ്ലാന്റിനനുകൂലമായി വന്ന സുപ്രീം കോടതി വിധി. പുതുശ്ശേരി പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷ്മായ കുടിവെള്ള ക്ഷാമം കാരണം, ദിനം പ്രതി 18 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തന ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പെപ്സി നല്‍കിയ പരാതിയിലാണ് കോടതിയുടെ അനുകൂല വിധി. ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന് അത് റദ്ദാക്കാനുള്ള അധികാരമില്ലെന്നാണ്, പഴയ ഒരു ഹൈക്കോടതി വിധിയെ ആധാരമാക്കി സുപ്രീം കോടതി കണ്ടെത്തിയത്. കാര്യങ്ങള്‍ അവിടെ കഴിഞ്ഞു.

ഈ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം ആര്‍ക്കാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചാല്‍..? അത് കോടതിയെ സംബന്ധിക്കുന്ന കാര്യമല്ല. That's none of our business എന്നു പറഞ്ഞ് കൈ കഴുകും കോടതികള്‍. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ടെന്നു പറയപ്പെടുന്ന fundamental rights എവിടെ? അതു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന കോടതികള്‍ എവിടെ? ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പുതുശ്ശേരി പഞ്ചായത്തുകാര്‍ ഇനി എവിടെയാണ് പരാതി നല്‍കേണ്ടത്?

ഈ വിധിയുടെ ആനുകൂല്യത്തില്‍, 2004 ല്‍ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കോ കോള പ്ലാന്റും തുറന്നു പ്രവര്‍ത്തിക്കട്ടെ. നമ്മുടെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്ന, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ തൊണ്ട നനക്കാന്‍ ഒരുതുള്ളി വെള്ളം പോലും ബാക്കിവെക്കാതെ കുപ്പിയിലാക്കി വിറ്റ് കാശുവാരുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പിണിയാളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറുന്ന ദു:ഖകരമായ അവസ്ഥ.

പരമോന്നത നീതിപീഢത്തിന്റെ വിശ്വാസ്യതയെത്തന്നെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് കുറെ നാളുകളായി കോടതികളുടെ ചില വിധികളും ഇടപെടലുകളും. സ്വാശ്രയ കോളേജ് പ്രവേശനവും, ജസീക്ക ലാല്‍ വധക്കേസും, തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചതും, പൊതു താല്പര്യ ഹര്‍ജികള്‍ നിര്‍ത്തലാക്കണമെന്ന ആഹ്വാനവുമൊക്കെ അവയില്‍ ചിലതു മാത്രം. ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ സര്‍ക്കാരുകള്‍ക്കും, ഭരണ വ്യവസ്ഥിതികള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന ജഡ്ജിമാര്‍ പക്ഷേ, തങ്ങളുടെ ന്യായവിധികളില്‍ പലതും കണ്ടില്ലെന്നു നടിക്കുന്നു; ചിലത് സൗകര്യപൂര്‍വ്വം സാങ്കേതികത്വത്തിന്റെ മറയ്ക്കുള്ളിലാക്കുന്നു. വിമര്‍ശിക്കുന്നവരെ 'കോടതിയലക്‌ഷ്യം' എന്ന് പറഞ്ഞ് വിരട്ടുന്നു. സുപ്രീം കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ലേഖനമെഴുതി‍യ, മിഡ് ഡേ പത്രത്തിന്റെ നാല് ലേഖകര്‍ക്കാണ് കോടതിയലക്‌ഷ്യത്തിന് അഴിയെണ്ണേണ്ടി വന്നത്.

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"

മലയാളത്തിന്റെ പ്രിയകവി വയലാറിന്റെ ഈ വാക്കുകള്‍, ശുഷ്ക നിയമങ്ങളുടെ പേരില്‍ സാധാരണക്കാരന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നമ്മുടെ നീതിപീഢങ്ങളിലെ വിധികര്‍ത്താക്കള്‍ കേള്‍ക്കാന്‍ വഴിയില്ല. കേട്ടിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു!

Tuesday, February 05, 2008

INS ജലാശ്വ - കോടികള്‍ മുടക്കി വാങ്ങിയ ദുരിതം

2008 ഫെബ്രുവരി 1 ന്, വിശാഖപട്ടണത്തിനടുത്ത് ഇന്ത്യന്‍ നേവിയുടെ പുതിയ യുദ്ധക്കപ്പലായ INS ജലാശ്വ നടത്തിയ നാവികാഭ്യാസത്തിനിടെ അഞ്ച് നാവികര്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.

കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിച്ചാണത്രെ മരണം സംഭവിച്ചത്. പക്ഷേ, 2007 സെപ്റ്റംബറില്‍ ഇന്ത്യന്‍ നേവി സ്വന്തമാക്കിയ, വെറും 4 മാസം പ്രായമുള്ള കപ്പലില്‍ എന്ത് അറ്റകുറ്റപ്പണി എന്ന് ആരും സംശയിച്ചു പോകും.

സത്യത്തില്‍, 5 കോടി ഡോളര്‍ നല്‍കി ഇന്ത്യന്‍ നേവി അമേരിക്കയില്‍ നിന്ന് വാങ്ങിയ INS ജലാശ്വ എന്ന പടക്കപ്പല്‍ അത്ര ചെറുപ്പമല്ല; വയസ്സ് 40 കഴിഞ്ഞിരിക്കുന്നു ഈ കപ്പല്‍ മുത്തശ്ശിക്ക്. 1968 ല്‍ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച്, അമേരിക്കന്‍ നാവികസേന 1971 ല്‍ USS Trenton എന്ന പേരില്‍ കമ്മീഷന്‍ ചെയ്ത്, 35 വര്‍‍ഷത്തെ ഉപയോഗത്തിനു ശേഷം 2006 ല്‍ ഡീകമ്മീഷന്‍ ചെയ്ത് പൊളിച്ചു വില്‍ക്കാനിരുന്ന കപ്പലാണ് കോടികള്‍ നല്‍കി സര്‍ക്കാര്‍ വാങ്ങി INS ജലാശ്വ(നീര്‍ക്കുതിര) എന്ന് നാമകരണം ചെയ്ത്, നേവിക്ക് കൈമാറിയത്.

ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആദ്യത്തെ യുദ്ധക്കപ്പലാണിത്. ഇന്ത്യ അമേരിക്ക ആണവ കരാറിന്റെ മറവില്‍, അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന് ന്യൂക്ലിയര്‍, ആയുധ ചവറുകളില്‍ വെറും ഒരെണ്ണം മാത്രമാണ് ഇത്. ഇനിയും 3 തവണകളായി മറ്റു പല 'ചവര്‍' യുദ്ധോപകരണങ്ങളും ഇന്ത്യയിലേക്ക് വരാനൊരുങ്ങിയിരിക്കുന്നു എന്നും കേള്‍ക്കുന്നു.

അമേരിക്കയുടെ ലക്ഷ്യം ഈ ചവര്‍ എങ്ങനെയും നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്നു മാത്രമായിരുന്നു. കാശ് അങ്ങോട്ടു കൊടുത്ത് ചവറു കളയാന്‍ സ്ഥലം നോക്കി നടന്ന അമേരിക്കക്ക്, കോടികള്‍ നല്‍കി ഇന്ത്യ അത് വാങ്ങിക്കൊണ്ടു പോന്നു.

കപ്പലുകളില്‍ ഉണ്ടാകുന്ന ആസ്ബസ്റ്റോസ്, ലെഡ്, മെര്‍ക്കുറി തുടങ്ങിയ രാസവസ്തുക്കളും, മറ്റ് ടോക്സിക് ദ്രാവകങ്ങളും പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന കാരണത്താല്‍ മിക്ക വികസിത രാജ്യങ്ങളും, ഇന്ത്യയും ബംഗ്ലാദേശും പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിലധികവും കയറ്റിയയക്കുന്നത്.

അന്ധമായ അമേരിക്കന്‍ വിധേയത്വത്തിന്റെ പേരിലും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി, രാജ്യത്തെയും ജനങ്ങളെയും ബലികൊടുക്കാന്‍ മടിയില്ലാതായിരിക്കുന്നു ഇന്നത്തെ ഭരണ നേതൃത്വങ്ങള്‍ക്ക്. റഷ്യയില്‍ നിന്ന് വാങ്ങിക്കൂട്ടിയ 'Flying Coffins' എന്നറിയപ്പെടുന്ന Mig-21 യുദ്ധവിമാനങ്ങള്‍ക്ക് പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 320 ഓളം അപകടങ്ങളില്‍ നമുക്കു നഷ്ടമായത് 160 എയര്‍ഫോഴ്സ് പൈലറ്റുമാരെ.

ഫ്രാന്‍സ് നേവി ഉപയോഗിച്ചിരുന്ന ക്ലമന്‍സ്യൂ എന്ന കപ്പല്‍ 40 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം പൊളിച്ചു കളയാന്‍ മംഗലാപുരത്ത് കൊണ്ടുവന്നതും, അവസാനം, ഗ്രീന്‍പീസ് തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചു കൊണ്ടുപോയതും മറക്കാന്‍ സമയമായിട്ടില്ല.

40 വര്‍ഷം പഴക്കമുള്ള ഈ കപ്പല്‍ വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകമെന്താണ്? സാങ്കേതികമായി എന്തെങ്കിലും പ്രത്യേകതയുള്ളതാണോ ഈ കപ്പല്‍? ഇത്തരമൊന്ന് ഇവിടെ നിര്‍മ്മിക്കാന്‍ സാദ്ധ്യമല്ലേ? അതിനുള്ള ടെക്നോളജി നമുക്കില്ലേ? അഥവാ, നിര്‍മ്മിക്കുകയാണെങ്കില്‍ അതിനായി ഇതിലും കൂടുതല്‍ പണം ചെലവാക്കേണ്ടതുണ്ടോ? ബോംബേ, കല്‍ക്കട്ട, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ഇപ്പോള്‍ പണിയൊന്നും നടക്കുന്നില്ലേ?

ചോദ്യങ്ങള്‍ അനവധി. ഉത്തരങ്ങള്‍ ആരു പറയും?

Sunday, February 03, 2008

ആഗോള താപനവും അമേരിക്കയും

ആഗോള താപനം നിയന്ത്രിക്കാന്‍ ‍ തങ്ങള്‍ പുറംതള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കണമെന്ന് ഹോണോലുലുവില്‍ കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ വികസ്വര രാജ്യങ്ങളോട് അമേരിക്കയുടെ ആഹ്വാനം.

കേട്ടപ്പോള്‍ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്.

അന്തരീക്ഷത്തിലെ ക്രമാതീതമായ താപ വര്‍ദ്ധനവിനും, മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പ് ഉയരാനും, അതുവഴി കൃഷി നാശവും ശുദ്ധജല ക്ഷാമവും മുതല്‍ ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായി തന്നെ വെള്ളത്തിനടിയിലായേക്കാവുന്നതു വരെയുള്ള ഭവിഷ്യത്തുകളാണ് ആഗോള താപനം എന്ന പ്രതിഭാസം വഴി അടുത്ത 30-50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം കാണാന്‍ പോകുന്നത് എന്നാണ് പരിസ്ഥിതി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇതിന് പ്രധാന കാരണം, വികസിത-വികസ്വര രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന ഫോസില്‍ ജന്യ ഇന്ധനങ്ങള്‍ പുറം തള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതാണ്.

1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ആഗോള താപനം നിയന്ത്രണാധീനമാക്കുക എന്ന ലക്ഷ്യത്തൊടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട, ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറം തള്ളല്‍ കേവലം 6% കണ്ട് കുറക്കാന്‍ അമേരിക്കയടക്കം 36 സമ്പന്ന രാജ്യങ്ങളോടാവശ്യപ്പെടുന്ന ക്യോട്ടോ ഉടമ്പടി ഒപ്പുവെയ്ക്കാന്‍, ഉടമ്പടിയുണ്ടായി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്ക തയ്യാറായിട്ടില്ല. ലോക രാജ്യങ്ങളുടെ മൊത്തം ഗ്രീന്‍ ഹൗസ് വാതക നിര്‍ഗ്ഗമനത്തില്‍‍ 25 ശതമാനവും അമേരിക്കയില്‍ നിന്നാണ് എന്ന വസ്തുത നിലനില്‍ക്കെയാണിതെന്നോര്‍ക്കണം. ജര്‍മ്മനിയും ഫ്രാന്‍സുമടക്കം മിക്ക വികസിത രാജ്യങ്ങളും 6 മുതല്‍ 20 ശതമാനം വരെ ഇത് കുറച്ചപ്പോള്‍ അമേരിക്ക ഇത് 16 ശതമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ വ്യവസായ ഭീമന്മാരുടെ താല്പര്യങ്ങളും സമ്മര്‍ദ്ദവുമാണ് ഇതിനുള്ള കാരണം എന്നു വ്യക്തം.

2007 ഡിസംബറില്‍ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലും അമേരിക്ക ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്. ക്യോട്ടോ ഉടമ്പടി 2012 ല്‍ അവസാനിക്കുന്നതിനാല്‍ പുതിയ ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറംതള്ളല്‍ 25 മുതല്‍ 40 ശതമാനം വരെ കുറക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തെ അമേരിക്ക ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പ് മൂലം ബാലിയില്‍അമേരിക്ക ഈ വിഷയത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയും ഉണ്ടായി.

ഹോണോലുലുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ അമേരിക്ക ആഗോള താപന പരിഹാരത്തിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും, എവിടെയുമെത്താതെ പോയ ക്യോട്ടോ ഉടമ്പടിക്ക് പകരമായി പുതിയ ഉടമ്പടിക്ക് 2009 ലെ കോപ്പന്‍ഹേഗന്‍ സമ്മേളനത്തോടെ രൂപം നല്‍കാമെന്നുമാണ് പുതിയ അമേരിക്കന്‍ വാഗ്ദാനം. ബുഷ് ഇതു പറഞ്ഞ് കളമൊഴിയുമ്പോള്‍, പ്രസിഡന്റ് കസേര സ്വപ്നം കണ്ടിരിക്കുന്ന ഹിലാരിയും ഒബാമയും പറയുന്നത് തങ്ങള്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ നിര്‍ഗ്ഗമനം ഗണ്യമായി കുറയ്ക്കുമെന്നു തന്നെയാണ്. പക്ഷേ, ഇത് എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


ബാലിയില്‍ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ അമേരിക്കന്‍ സംഘം പ്രമേയത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍, ബുഷിന്റെ പിന്തുണയോടെ IPCC(InterGovernmental Panel on Climate Change) ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രാജേന്ദ്ര പചൗരി, IPCC യ്ക്കു വേണ്ടി ഓസ്ലോയില്‍ നോബല്‍ സമ്മാനം ഏറ്റുവാങ്ങുകയായിരുന്നു; സമ്മാനം പങ്കിട്ടതാവട്ടെ, പരിസ്ഥിതി പ്രവര്‍ത്തകനും, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും, കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ബുഷിനോട് മത്സരിച്ച് വെറും 5 വോട്ടിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ആല്‍ബര്‍ട്ട് അര്‍നോള്‍ഡ് അല്‍ഗോറും.

പചൗരിയെ IPCC ചെയര്‍മാനായി അവരോധിച്ചതിനെ അല്‍ഗോര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അല്‍ഗോറിന്റെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ പല IPCC റിപ്പോര്‍ട്ടുകളെക്കുറിച്ചും പരാതികളുമുണ്ടായി. വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവെക്കുകയും, ശസ്ത്രീയമായ അടിത്തറയില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ചില രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിധേയമായി ശാസ്ത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നാണ് IPCC ക്കും, പചൗരിക്കുമെതിരായ ആരോപണങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് :

Climate Change Science

Pachauri must Resign...

The UN IPPC's artful bias

Tuesday, January 22, 2008

കേരളത്തിന്റെ സ്വന്തം കേന്ദ്ര മന്ത്രി

പറഞ്ഞു വരുന്നത് ആന്റണി, ഇ അഹമ്മദ്, വയലാര്‍ രവി എന്നിവരേക്കുറിച്ചൊന്നുമല്ല. ഇവരേക്കാളൊക്കെ കേരളത്തോട് കൂറുള്ള ഒരു കേന്ദ്ര മന്ത്രിയുണ്ട് നമുക്ക്. പേര് ജയറാം രമേശ്. ഈ പേരു കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതരാക്കേണ്ടവരാണ് നാം മലയാളികള്‍. കേരളത്തിലെ തോട്ടം മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി എന്ന നിലയില്‍ മാസങ്ങളോളം ഇടുക്കി കോട്ടയം പാലക്കാട് ജില്ലകളില്‍ സ്ഥിരതാമസമായിരുന്നു ആള്‍.

ഇടുക്കി ജില്ലയിലെ ജ്വല്ലറി ഉദ്ഘാടനങ്ങള്‍ മുതല്‍ സകല ചടങ്ങുകള്‍ക്കും സജീവ സാന്നിദ്ധ്യമായിരുന്നു മന്ത്രി അക്കാലത്ത്. മൈക്ക് കിട്ടിയിടത്തൊക്കെ, പൂട്ടിക്കിടക്കുന്ന മുപ്പതോളം തേയിലത്തോട്ടങ്ങള്‍ തുറപ്പിച്ചിട്ടേ താന്‍ മടങ്ങൂ എന്ന് മന്ത്രി ഘോരഘോരം പ്രസംഗിക്കുകയും ചെയ്തിരുന്നു.

പൂട്ടിക്കിടക്കുന്ന കാപ്പി, തേയിലത്തോട്ടങ്ങള്‍ തുറപ്പിക്കുക എന്ന ദൗത്യവുമായാണ് ഈ ചുറ്റിക്കറക്കവും താമസവും എന്നൊക്കെയാണ് ഔദ്യോദിക വിശദീകരണമെങ്കിലും, ചില സ്വാര്‍ത്ഥ താല്പര്യങ്ങളാണ് ഇതിനു പുറകിലെന്ന് അസൂയക്കാര്‍ പറയും. അതിന് അവര്‍ നിരത്തുന്ന കാരണങ്ങളില്‍ പ്രധാനമാണ് പാട്ടക്കാലാവധി കഴിഞ്ഞിട്ടും പോബ്സണ്‍ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന പോബ്സണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചപ്പോള്‍ അത് അവര്‍ക്കു തന്നെ തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞ് മന്ത്രി മുഖ്യമന്ത്രിക്ക് അയച്ച രഹസ്യ സന്ദേശം. പാട്ടത്തിനു കൊടുത്ത ഈ സ്ഥലത്ത് അനധികൃത കെട്ടിട നിര്‍മ്മാണത്തിനും മരം മുറിച്ച് കടത്തിയതിനും മറ്റുമായി ഇരുപതോളം കേസുകള്‍ ഇക്കാലത്ത് പോബ്സണ്‍ ഗ്രൂപ്പിനെതിരെ ഉണ്ടായിരുന്നു. മന്ത്രി ഒപ്പിട്ട് സീലുവെച്ച് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഏതോ ചാനലുകാര്‍ പൊക്കിയെടുത്ത് വിവാദമാക്കിയപ്പോള്‍ ജയറാം രമേശ് അതിനെ ന്യായീകരിച്ചത് 'പോബ്സണ്‍ ഗ്രൂപ്പുകാരുടെ കാപ്പിപ്പൊടിക്ക് നൈജീരിയയിലെ ഒരു കമ്പനി അവാര്‍ഡ് കൊടുത്തിട്ടുണ്ടെന്നും, അതിനാല്‍ ഇനിയും ഇത്തരം അവാര്‍ഡുകള്‍ നേടാനായി എസ്റ്റേറ്റ് വിട്ടുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്' എന്നാണ്. ഒപ്പം, കത്ത് ചോര്‍ത്തിയതിന് മുഖ്യമന്ത്രിയുടെ ഓഫീസിനോടുള്ള നീരസവും അദ്ദേഹം മറച്ചു വെച്ചില്ല.

ഏതായാലും ഈ സംഭവത്തിനു ശേഷം, തോട്ടം മേഖലയിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം മന്ത്രി നിര്‍ത്തിവെച്ച മട്ടാണ്. തോട്ടങ്ങള്‍ തുറന്ന്, പഴയ ജോലി തിരിച്ചു കിട്ടിയാല്‍ വീണ്ടും കഞ്ഞികുടിച്ചു തുടങ്ങാം എന്ന് പാവം തോട്ടം തൊഴിലാളികള്‍ വ്യാമോഹിച്ചത് വെറുതെയായി.

മന്ത്രിയുടെ തോട്ടം തുറക്കല്‍ യജ്ഞം പാവപ്പെട്ട തോട്ടം തൊഴിലാളികളെ മുന്നില്‍ കണ്ടായിരിരുന്നില്ല എന്നതിന് മറ്റൊരു തെളിവാണ് പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രി കാണിച്ച ശുഷ്കാന്തി. കൊച്ചിയും ബേപ്പൂരും വഴിയുള്ള പാമോയില്‍ ഇറക്കുമതി നിരോധനം കേരളത്തിന്റെ വളരെക്കാലമായുള്ള ആവശ്യമാണ്. തേങ്ങയുടെ വില കുറക്കുകയും കേരകര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്ന പാമോയില്‍ ഇറക്കുമതി തടയാന്‍ കേന്ദ്രത്തിന് താല്പര്യമില്ല എന്നു മാത്രമല്ല, പാമോയില്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് (കേരളത്തില്‍ ഇത് കോഴിക്കോടുള്ള പാരിസണ്‍സ് ഫുഡ് പ്രോഡകറ്റ്സ് ആണ്) ASEAN വ്യാപാര കരാര്‍ പ്രകാരം നികുതിയിളവ് നല്‍കാന്‍ ഒരുങ്ങുകയാണ് മന്ത്രിയെന്നാണ് പുതിയ വാര്‍ത്ത. ഹൈക്കോടതി ഇപ്പോള്‍ കൊച്ചി വഴിയുള്ള പാമോയില്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ബേപ്പൂര്‍ തുറമുഖം വഴി പാമോയില്‍ ഇപ്പോഴും നിര്‍ലോഭം കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രോസ് ബോര്‍ഡര്‍ വ്യാപാരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ BSF ഉദ്യോഗസ്ഥരോടൊപ്പം വാഗാ അതിര്‍ത്തി സന്ദര്‍ശിച്ച മന്ത്രി, പ്രത്യേക അനുമതിയൊന്നും കൂടാതെ പാകിസ്ഥാന്‍ മണ്ണിലേക്ക് നടന്നു കയറിയത് വിവാമായിരുന്നു. ഇതത്ര ഗൗരവമുള്ള കാര്യമല്ലെന്നാണ് ഇന്ത്യന്‍ ഭാഷ്യമെങ്കിലും, അന്താരാഷ്ട്ര മര്യാദകള്‍ മറന്ന് പാക് മണ്ണില്‍ ഏകദേശം 120 അടിയോളം കയറിയത് അത്ര ചെറിയ കാര്യമായി പാകിസ്ഥാന്‍ കാണുന്നില്ല. എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്.

ഒക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നത് ഇതാണ്:

"ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നവരെ BSF കാര്‍ വെടിവെച്ചിടുമെന്ന് കേട്ടിട്ടുണ്ട്...,പാകിസ്ഥാനില്‍ അങ്ങനെയൊരു പതിവില്ലേ?.."

Wednesday, January 02, 2008

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

കേരള സര്‍ക്കാര്‍, ജപ്പാനിലെ Japanese Bank for International Co-operation(JBIC) ന്റെ സഹായത്തോടെ 1800 കോടി രൂപ മുതല്‍മുടക്കില്‍, നാലു ജില്ലക്കളിലായി 40 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നറിയപ്പെടുന്നത്.

കോഴിക്കോട് ജില്ലയില്‍ മാത്രം 606 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പെരുവണ്ണാമൂഴി ഡാമില്‍ നിന്നുള്ള ജലം ശുദ്ധീകരിച്ച് കോഴിക്കോട് കോര്‍പ്പറേഷനിലും കുടിവെള്ള ക്ഷാമമുള്ള ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും വിതരണം ചെയ്യാനുള്ള പദ്ധതി, 2008 ഓഗസ്റ്റ് മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കരുതുന്നു. ഇതിനായി പെരുവണ്ണാമൂഴിയിലും, മെഡിക്കല്‍ കോളേജ് ഭാഗത്തും വന്‍ റിസര്‍വോയറുകളുടേയും പൊന്‍മലയില്‍ ഒരു ശുദ്ധീകരണ പ്ലാന്റിന്റേയും പണി നടക്കുന്നു. ഇതു കൂടാതെ ജലസംഭരണത്തിനായി ജില്ലയുടെ പല ഭാഗങ്ങളിലുമായി ഇരുപതോളം വലിയ ടാങ്കുകളും നിര്‍മ്മാണത്തിലിരിക്കുന്നു. 175 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കുടിവെള്ളമായി എത്താന്‍ പോകുന്നത്. ചുരുക്കത്തില്‍ ഒരു ഭീമന്‍ പദ്ധതി തന്നെയാണ് ഇത്.

ഈ ഭീമന്‍ പദ്ധതിക്കായി പെരുവണ്ണാമൂഴിയില്‍ നിന്ന് ചക്കിട്ടപാറ, കൂട്ടാലിട, ബാലുശ്ശേരി വഴി കടന്നു പോകുന്ന പൈപ്പ് ലൈനാണ് ഈ കുറിപ്പിനാധാരം.

ഭീമന്‍ പദ്ധതിക്കുപയോഗിക്കുന്ന ഈ പൈപ്പുകളും ഭീമാകാര്മാണ്.



ഏകദേശം 2 മീറ്റര്‍ വീതിയും 15 മീറ്റര്‍ നീളവുമുള്ള ഈ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് പകുതിഭാഗം കുഴിക്കുകയാണ് ഇപ്പോള്‍. തുരുമ്പെടുക്കില്ല എന്ന് കോണ്ട്രാക്ടര്‍ അവകാശപ്പെടുന്ന കൂറ്റന്‍ പൈപ്പുകള്‍ വരുന്നത് ഗുജറാത്തില്‍ നിന്നാണത്രെ. ഒന്നിന് ഒരു ലക്ഷത്തില്‍ പരം വിലയുള്ള ഈ പൈപ്പുകള്‍ ഇപ്പോള്‍ റോഡിന് ഇരു വശങ്ങളിലുമായി നിരത്തിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് മുഴുവന്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. അസഹനീയമായ പൊടിയും, യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പുകയും മൂലം സമീപവാസികളും വഴിയാത്രക്കാരുമാണ് കഷ്ടപ്പെടന്നത്.



ഇത്രയും വലിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാരണം അറിയില്ലെന്നായിരുന്നു പണി സ്ഥലത്തുണ്ടായിരുന്ന ഒരു കരാറുകാരന്‍ പറഞ്ഞത്. ഭൂമിക്കടിയില്‍ ജലം സംഭരിക്കുകയാണ് ഉദ്ദേശമെന്ന് ഒരു JCB ഡ്രൈവര്‍ പറഞ്ഞു. അപ്പോള്‍ നാടുനീളെ കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുന്നത് എന്തിനാണെന്ന് അയാള്‍‍ക്കുമറിയില്ല.

ലക്ഷങ്ങള്‍ വിലയുള്ള ഈ പൈപ്പുകളുടെ ആവശ്യകതയും നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമാണ്. പൈപ്പുകള്‍ക്കും, ഗുജറാത്തില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യാനുമുള്ള കരാറുകളില്‍ വന്‍ അഴിമതിയുണ്ടെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ചും ഇത്തരം പൈപ്പുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാമെന്നുള്ളപ്പോള്‍. സമീപപ്രദേശമായ കക്കയം ഡാം നിര്‍മ്മാണത്തിനാവശ്യമായിരുന്ന ഇത്തരം വലിയ പൈപ്പുകള്‍ അവിടെത്തന്നെ നിര്‍മ്മിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ പൈപ്പുകളിലൂടെ ജലമൊഴുക്കിയാല്‍ ദിവസങ്ങള്‍ കൊണ്ട് പെരുവണ്ണാമൂഴി ഡാം ശൂന്യമാകില്ലേ എന്നാണ് സാധാരണക്കാരന്റെ ചിന്ത. പെരുവണ്ണാമൂഴി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ ഡാമില്‍ നിന്ന് ഇനി കൃഷിക്കായുള്ള ജലസേചനം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കൃഷിയേക്കാള്‍ പ്രധാനമാണല്ലോ കുടിവെള്ളം എന്നു സമാധാനിച്ച് കഴിയുകയാണ് നാട്ടുകാര്‍; ഒപ്പം കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് നിര്‍മ്മിച്ച്, അവസാനം ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കേണ്ടിവന്ന മറ്റു പല പദ്ധതികളേപ്പോലെ ഇതും ആകരുതേ എന്ന പ്രാര്‍‍ത്ഥനയും!