Saturday, April 05, 2008

നിറഞ്ഞു തുളുമ്പുന്ന കര്‍ഷകസ്നേഹം

സ്വന്തം പാടത്ത് ചോര നീരാക്കി അദ്ധ്വാനിച്ച് കൃഷിയിറക്കിയ കര്‍ഷകന് അത് കൊയ്തെടുക്കാന്‍ തൊഴിലാളികളെ കിട്ടണമെങ്കിലും, കൊയ്ത്തു യന്ത്രം ഇറക്കണമെങ്കിലും പാര്‍ട്ടി നേതാക്കന്മാരുടെ അനുവാദം കാത്തിരിക്കേണ്ട ഗതികേടുണ്ടാവുക, അനുവാദം കിട്ടാന്‍ പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരിക. അല്ലെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്‍കി നേതാക്കന്മാരുമായി രമ്യതയിലാവുക. ഇതിനൊന്നും തയ്യാറല്ലെങ്കില്‍ കൊയ്യാനാളില്ലാതെ കൃഷി നശിക്കുന്നത് കണ്ടു നില്‍ക്കുക. ഇനി ഈ വയ്യാവേലിക്കൊന്നും പോകാതെ അടുത്ത തവണ നെല്ലിനു പകരം വല്ല തെങ്ങോ കപ്പയോ മറ്റോ നടാമെന്നു വെച്ചാലോ - അതും പാര്‍ട്ടി അനുവദിക്കില്ല. വെട്ടി നിരത്തിക്കളയും എല്ലാം. ഇത് കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ കര്‍ഷകരുടെ അവസ്ഥ. കര്‍ഷക തൊഴിലാളികളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി- പാര്‍ട്ടി മെംബര്‍ഷിപ്പില്ലാത്ത ആര്‍ക്കും ഒരിടത്തും ഒരു പണിയും കിട്ടുന്നില്ലെന്നും പാര്‍ട്ടി ഉറപ്പു വരുത്തിയിരിക്കും.

ചുരുക്കത്തില്‍ ഇതൊക്കെയാണ് CPM ന്റെ കര്‍ഷക സംഘടനയായ KSKTU വിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍. കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ നെല്‍ പാടങ്ങളില്‍ ഇന്ന് പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. പക്ഷേ പാര്‍ട്ടിയുടെ നയങ്ങള്‍, കൃഷി നശിക്കാതെ കൊയ്തെടുക്കാന്‍ കര്‍ഷകനെ സഹായിക്കാനുള്ളതല്ല, മറിച്ച് ആ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ളതാണെന്നു മാത്രം.

കേരളത്തിലെ വയലേലകളില്‍ ജന്മിത്വത്തിനെതിരെ സമരം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ സ്വയം ജന്മികളായി മാറിയിരിക്കുന്നു.

ഇത്തവണ അപ്രതീക്ഷിതമായി വന്ന കനത്ത വേനല്‍ മഴയാണ് നെല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. വിളഞ്ഞു പാകമായ നെല്‍ക്കതിരുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. മഴ തോര്‍ന്നപ്പോള്‍ കൊയ്യാന്‍ തൊഴിലാളികള്‍ക്കായി ക്ഷാമം. ഇതു നേരിടാന്‍ തമിഴ്നാട്ടില്‍ നിന്നും മറ്റുമായി കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ കൊണ്ടുവന്ന കര്‍‍ഷകരെയാണ് KSKTU തടഞ്ഞത്. കാരണം - തൊഴിലാളികളുടെ ഏക വരുമാന മാര്‍ഗ്ഗം ഇല്ലാതാകുമത്രെ. തൊഴിലാളികളെ കിട്ടാനില്ല എന്നൊന്നും പറഞ്ഞിട്ട് നേതാക്കന്മാരുടെ തലയില്‍ കയറിയില്ല. ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ യന്ത്രം ഉപയോഗിക്കുന്ന ഏക്കറൊന്നിന് 200 ഉം 250 ഉം രൂപ പാര്‍ട്ടി ഓഫീസില്‍ അടച്ച് രസീത് വാങ്ങണമെന്നായി നിബന്ധന. രാഷ്ട്രീയക്കളി കഴിയും വരെ കാത്തു നില്‍ക്കാതെ വെള്ളത്തില്‍ കിടന്ന കതിരുകള്‍ അഴുകിത്തുടങ്ങി; നെന്‍‌മണികള്‍ മുളച്ചു പൊന്തി. ഇങ്ങനെ ആയിരത്തഞ്ഞൂറ് ഏക്കറിലധികം കൃഷി ഇത്തവണ നശിച്ചുവെന്നാണ് കണക്ക്. 30 കോടിയിലധികമാണത്രെ നഷ്ടം. അരിക്കായി ഇപ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് ഈ നഷ്ടം ചെറുതല്ല. അരി വാങ്ങുമ്പോള്‍ ഇനി കൈ പൊള്ളുമെന്ന് ചുരുക്കം. അല്ലെങ്കില്‍, പാര്‍ട്ടി നേതാവായ ഭക്‌ഷ്യ മന്ത്രി പറഞ്ഞതുപോലെ കോഴിമുട്ടയും കോഴിക്കറിയും ഒക്കെ തിന്ന് വിശപ്പടക്കാം.

ലോകം മുഴുവന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ യന്ത്രസം‌വിധാനങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തി അതുകൊണ്ട് നേട്ടമുണ്ടാക്കുമ്പോള്‍, എന്തു കാരണം പറഞ്ഞായാലും യന്ത്രമിറക്കാന്‍ അനുവദിക്കാതെ ഇങ്ങനെ കൃഷി നശിപ്പിക്കുന്നത് കാടത്തമല്ലേ? ഈ അവസ്ഥ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് ഇതെന്നോര്‍ക്കണം. അന്ന് അതിന് നേതൃത്വം നല്‍കിയവരാണ് ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനായി ഓടിനടക്കുന്നത്.

കര്‍ഷക സ്നേഹം ഘോരഘോരം പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍‍ത്ഥ ലക്‌ഷ്യം, കര്‍ഷകരേയും തൊഴിലാളികളേയും തമ്മിലടിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യലാണ്. ഇതു തിരിച്ചറിയുക. ആടുകളെ തമ്മിലിടിപ്പിച്ച് അവയുടെ നെറ്റിയില്‍ പൊടിയുന്ന രക്തം നോക്കി വെള്ളമിറക്കുന്ന ചെന്നായയാണ് ഈ പാര്‍ട്ടി. ആര്‍ത്തി മൂത്ത ചെന്നായ ചോര രുചിക്കാന്‍ ഇടയിലേക്ക് കയറിയപ്പോള്‍ രണ്ടാടുകളുടേയും ഇടി ഒരുമിച്ച് കിട്ടി ചാവുകയാണ് ചെയ്തതെന്ന് പഞ്ചതന്ത്രം പറയുന്നു. അതുപോലെ, കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ കര്‍ഷകര്‍ രാഷ്ട്രീയാതീതമായി സംഘടിക്കുക. നിങ്ങള്‍ നട്ട് നനച്ച് വളര്‍ത്തിയ വിള കൊയ്യുന്നത് തടയാന്‍ വരുന്നവരെ ഒരുമിച്ച് നിന്ന് എതിര്‍ക്കുക.

അനുബന്ധം:

കുട്ടനാട്ടില്‍ കൃഷി നശിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മരണം കര്‍ഷകാത്മഹത്യയായി കണക്കാക്കാനാവില്ലെന്ന് CPM നേതൃത്വം അവകാശപ്പെട്ടത്രെ. കാരണം മറ്റൊന്നുമല്ല, ഇദ്ദേഹം അംഗത്വം രാജിവെച്ച ഒരു പഴയ പാര്‍ട്ടിക്കാരനായിരുന്നു പോലും. പാര്‍ട്ടി വിട്ട കര്‍ഷകനോടും അവന്റെ കുടുംബത്തിനോടും മരണശേഷവും പ്രതികാരം ചെയ്യുന്ന പാര്‍ട്ടി - ഇത്ര ഉദാത്തമായ കര്‍ഷക സ്നേഹം വേറെ എവിടെ കാണാന്‍?