Tuesday, February 21, 2012

കർദ്ദിനാളിന്റെ കൂറ് ഇന്ത്യക്കോ ഇറ്റലിക്കോ?

റോമിൽ പോയി കർദ്ദിനാൾ പട്ടം വാങ്ങി തിരികെ വരും മുൻപ് സീറോ മലബാർ സഭയുടെ ആർച്ച്ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി അത് വ്യക്തമാക്കിക്കഴിഞ്ഞു.

വത്തിക്കാന്റെ വാർത്താ ഏജൻസിയായ ഫിഡെസിനു നൽകിയ അഭിമുഖത്തിൽ, മത്സ്യത്തൊഴിലാളികളെ അരുംകൊല ചെയ്ത രണ്ട് ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി 'സമാധാനപരമായി' കൈകാര്യം ചെയ്യാൻ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് താൻ പ്രത്യേകം നിർദ്ദേശിച്ചിട്ടൂണ്ടെന്നും, സർക്കാർ ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനമെടുക്കരുതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ഈ സംഭവത്തിൽ കേരളത്തിലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തിവരികയാണെന്നും കർദ്ദിനാൾ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.

ഇറ്റലിയിൽ ഇപ്പോഴുള്ള കേന്ദ്ര മന്ത്രി കെ.വി തോമസ് കേരളത്തിലും കേന്ദ്രത്തിലും വളരെ സ്വാധീനമുള്ള ആളാണന്നും അദ്ദേഹം എല്ലാ സഹകരണവും ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ പറയുന്നു.

ഈ പ്രശ്നത്തിൽ കേരളവും കേന്ദ്ര ഗവണ്മെന്റും നിയമ നടപടികളും നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുമ്പോഴാണ് രാജ്യതാത്പര്യത്തിനു വിരുദ്ധമായ കർദ്ദിനാളിന്റെ ഈ പ്രസ്ഥാവന വന്നിരിക്കുന്നത്.

കർദ്ദിനാൾ പട്ടം സ്വീകരിച്ച് കർത്താവിന്റെ നല്ല ഇടയനായി മാറേണ്ട വേളയിൽ തന്റെ കമ്യൂണിസ്റ്റ് വിദ്വേഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല എന്നതും സ്തുത്യർഹമായ കാര്യം തന്നെ.

കേരളത്തിലെ ചില മന്ത്രിമാര്‍ വെറും മന്ത്രിമാരല്ല, , മറിച്ച് 'കത്തോലിക്കാ' മന്ത്രിമാരാണെന്നാണ് ബിഷപ്പിന്റെ കണ്ടുപിടുത്തം.
ഇന്ത്യയിലെ മതേതരത്വത്തെപറ്റി ഒരുപക്ഷേ കേട്ടിട്ടുപോലുമില്ലാത്ത ഇറ്റാലിയന്‍ സമൂഹം കര്‍ദ്ദിനാളിന്റെ ഈ പ്രസ്ഥാവന കേട്ട് കേരളത്തിലെയും കേന്ദ്രത്തിലെയും 'കത്തോലിക്കാ' മന്ത്രിമാര്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാത്രം ആ സഥാനത്തിരിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കാതിരിക്കില്ല.

ഈ ഇറ്റാലിയന്‍/വത്തിക്കാന്‍ കൂറും ഇത്തരം 'കത്തോലിക്കാ' പ്രസ്ഥാവനകളുമാണോ ഒരാളെ ആര്‍ച്ച് ബിഷപ്പ് / കര്‍ദ്ദിനാള്‍ പദവികള്‍ക്ക് അര്‍ഹനാക്കുന്നത് എന്ന് സംശയിച്ചു പോകുന്നവരെ കുറ്റം പറയാനാവില്ല.

ഇറ്റലിക്കൊലയാളികളുടെ വെടിയേറ്റുമരിച്ച ബിങ്കിയും ജെലസ്റ്റിനും കത്തോലിക്കരായിരുന്നു, പക്ഷേ ഇറ്റലിക്കത്തോലിക്കരായ സൈനികരല്ലേ വെറും കീടങ്ങളായ മത്സ്യത്തൊഴിലാളികളേക്കാൾ കർത്താവിനു പ്രിയപ്പെട്ട കുഞ്ഞാടുകൾ എന്നു് കർദ്ദിനാൾ കുപ്പായമിട്ട് നിൽക്കുമ്പോൾ ബിഷപ്പിനു് തോന്നിയതിൽ എന്തദ്ഭുതം?
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?


ഈ വിഷയത്തിൽ ജാതി മത വിവേചനമില്ലാതെ കേരളീയ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഈ പ്രശ്നത്തെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ഈ മഹാനായ ബിഷപ്പിനെ തിരിച്ചിങ്ങോട്ടൂ വിടാതെ മാർപ്പാപ്പയോ മറ്റോ ആക്കി അവിടെത്തന്നെ കുടിയിരുത്തണമേ എന്നാണ് ഈയുള്ളവന്റെ പ്രാർഥന.

ഫിഡെസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ: