Tuesday, September 04, 2007

മലബാര്‍ 2007 : എന്ത് ? എന്തിന്?

പേരു കേള്‍ക്കുമ്പോള്‍ മലബാര്‍ മഹോത്സവം ഓര്‍മ്മ വരുമെങ്കിലും, ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാന്‍ സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 4 മുതല്‍ നടത്തുന്ന അഞ്ചു ദിവസം നീണ്ട നാവികാഭ്യാസ പ്രകടനമാണ് മലബാര്‍ 2007.

മലബാര്‍ സീരീസ് എന്ന പേരില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നാവികാഭ്യാസം നടത്താറുണ്ടായിരുന്നെങ്കിലും ഇത്തവണത്തേതിന് പ്രത്യേകതകളേറെയാണ്. അതില്‍ പ്രധാനം, ഇതുവരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്നാണ് അഭ്യാസങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ഇത്തവണ മറ്റു മൂന്നു രാജ്യങ്ങള്‍ കൂടി ഇതില്‍ ഭാഗമാവുന്നു എന്നതാണ്.

രണ്ടാമത്തെ കാര്യം, ഇതാദ്യമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരമൊരു പ്രകടനം നടക്കുന്നത്. വിശാഖ പട്ടണം മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ വരെയുള്ള ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലായിരിക്കും ഇത്. ഇതുവരെ നടന്നത് അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായായിരുന്നു. ചൈനയുടെ അപ്രീതി ഭയന്നാവണം, ഇതുവരെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇതിനു നാം മുതിരാതിരുന്നത്.

ഇടതുകക്ഷികളുടെ എതിര്‍പ്പാണ് മറ്റൊരു വസ്തുത. ഇന്ത്യാ യു എസ് ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു നടക്കുന്ന ഈ സമയത്ത് അമേരിക്കയും, മറ്റ് സാമ്രാജ്യത്ത രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ഈ നാവികാഭ്യാസ പ്രകടനം, ഇന്ത്യയുടെ നാളിതു വരെ തുടര്‍ന്നു പോന്ന ചേരിചേരാ നയത്തില്‍ നിന്നുള്ള അകല്‍ച്ചയായും, അമേരിക്കയുടെ ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായും ഇടതു കക്ഷികള്‍ ന്യായീകരിക്കുന്നു. ചൈനക്ക് ഇതിലുള്ള അതൃപ്തി ഏഷ്യയില്‍ പുതിയ സൈനിക കൂട്ടായ്മകള്‍ക്ക് വഴി തെളിക്കുമെന്നും അവര്‍ പറയുന്നു.

അമേരിക്കയുടെ 13 യുദ്ധക്കപ്പലുകളാണ് ഇതിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതു കൂടാതെ ന്യൂക്ലിയാര്‍ സബ് മറൈനുകളും, മിസൈല്‍ ക്രൂയിസറുകളും ഉണ്ട്.

ഇന്ത്യയുടെ വിമാന വാഹിനിയായ INS വിക്രാന്ത് അടക്കം ഏഴ് കപ്പലുകള്‍ പങ്കെടുക്കുന്നു. അസ്ട്രേലിയയുടെയും ജപ്പാന്റെയും രണ്ടു വീതവും, സിംഗപ്പൂരിന്റെ ഒന്നും യുദ്ധക്കപ്പലുകളാണ് ഇതില്‍ പങ്കെടുക്കുക.

ഈ അഭ്യാസ പ്രകടനങ്ങളിലൂടെ ഉദ്ദേശിക്കുന്നത് സൈനിക സഹകരണമല്ലെന്നും മറിച്ച് , നമ്മുടെ നാവിക ക്ഷമത തെളിയിക്കലും പരസ്പരമുള്ള വിലയിരുത്തലുകളും പഠനവുമാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഏ കെ ആന്റണി പറയുന്നു.

എന്തുകൊണ്ട് ഇത്തവണ ബംഗാള്‍ ഉള്‍ക്കടല്‍? എന്തുകൊണ്ട് അമേരിക്കക്കൊപ്പം മറ്റു രാജ്യങ്ങള്‍?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വളരെയധികം തന്ത്രപ്രധാനമായ മേഖലയാണ് ഇപ്പോള്‍ നാവികാഭ്യാസത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ഈ പ്രദേശം. ലോകത്തിലെ തന്നെ തിരക്കേറിയ കപ്പല്‍ ചാനലായ മലാക്ക സ്ട്രൈറ്റ് സ്ഥിതി ചെയ്യുന്നത് ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്തായാണ്. പെട്രോളിയം ഉല്പന്നങ്ങളും മറ്റു ചരക്കു ഗതാഗതവും വളരെയധികം നടക്കുന്ന ഈ മേഖലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതു മാത്രമല്ല, നമ്മുടെ സുരക്ഷക്കു ഭീക്ഷണിയായേക്കാവുന്ന തരത്തില്‍ ശ്രീലങ്കയിലേക്കും പാകിസ്ഥാനിലേക്കുമുള്ള ആയുധ വ്യാപാരവും, കള്ളക്കടത്തും ഈ മേഖലയില്‍ ശക്തിപ്രാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതു കൂടാതെ ചൈന അടുത്തിടെയായി ബംഗ്ലാദേശും ബര്‍മ്മയുമായി ഏര്‍പ്പെട്ട നാവിക കരാറുകളും, ശ്രീലങ്കയുമായി സൈനിക മേഖലയില്‍ വളര്‍ത്തുന്ന ബന്ധവും ഈ മേഖലയില്‍ നാം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സൈനികബലമുണ്ടെങ്കിലും, പരിചയക്കുറവ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ബലഹീനതയാണ്. ഒരു അടിയന്തിര സാഹചര്യത്തില്‍ ഒരു പക്ഷേ നാം പരാജയപ്പെട്ടേക്കാം. അത്തരം ഒരു സന്ദര്‍ഭത്തില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ഇന്ത്യക്കു കൂടിയേ തീരൂ. അതിനായി ഇതര രാജ്യങ്ങളുമായി നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഫലത്തില്‍ സൈനികാഭ്യാസം എന്നു പറയുമ്പോഴും ഇതൊരു ശക്തിപ്രഖ്യാപനവും ആവശ്യമായാല്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കലും കൂടിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

ചേരിചേരാ നയത്തില്‍ നിന്നുള്ള വ്യതിചലനത്തിനും, ഏഷ്യയിലെ അമേരിക്കന്‍ ആധിപത്യത്തിനുമെതിരെയുള്ള ഇടതു കക്ഷികളുടെ സമീപനത്തോട് യോജിക്കുന്നുവെങ്കിലും, രാജ്യ സുരക്ഷയെ സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുതെന്നാണ് എന്റെ അഭിപ്രായം.

1 comment:

ജിം said...

ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാന്‍ സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 4 മുതല്‍ നടത്തുന്ന അഞ്ചു ദിവസം നീണ്ട നാവികാഭ്യാസ പ്രകടനമാണ് മലബാര്‍ 2007.