ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ബി ജെ പി യും ലീഗും സഭയേയും സമുദായങ്ങളേയും കൂട്ടുപിടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ നടത്തുന്ന രാഷ്ട്രീയ പേക്കൂത്ത് ഇനിയെങ്കിലും അവസാനിപ്പിക്കണം.
പുസ്തകത്തില്‍, കുട്ടികളെ നിരീശ്വരത്വം പഠിപ്പിച്ച് കമ്യൂണിസം കുത്തിവെക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിന് ചൂണ്ടിക്കാട്ടുന്നതാകട്ടെ, പുസ്തകത്തിലെ 24 മത്തെ പേജ്. 'മതമില്ലാത്തെ ജീവന്‍' എന്നു പേരിട്ടിരിക്കുന്ന ഈ പാഠത്തില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ ജീവന്‍ എന്നു പേരുള്ള തങ്ങളുടെ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ വരുന്നതും, ജാതിയുടേയും മതത്തിന്റേയും കോളത്തില്‍ ഒന്നും എഴുതേണ്ട എന്ന് പ്രധാനാദ്ധ്യാപകനോട് ആവശ്യപ്പെടുന്നതുമാണ് വിവരിച്ചിരിക്കുന്നത്. തുടര്‍ന്ന്, പ്രധാനാദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരമായി, വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുത്തോട്ടെ എന്നും ഇവര്‍ പറയുന്നു.
ഇതില്‍ മതനിഷേധവും, നിരീശ്വരവാദവും, കമ്യൂണിസവുമല്ല, നമ്മുടെ രാജ്യം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മഹത്തായ ആശയമാണ് പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍, ഇന്ത്യയെന്താണെന്നറിയാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇക്കാലമത്രയും ഇവര്‍ നടത്തിയതെന്നല്ലേ അതിനര്‍ത്ഥം?
ഈ പുസ്തകം പഠിക്കുന്ന കുട്ടികളൊക്കെ നാളെ നിരീശ്വരവാദികളായി മാറുമെന്നും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് മതം ആയുധമാക്കാന്‍ സാധിക്കാതാവുകയും, ചുരുക്കത്തില്‍ നമ്മളൊക്കെ ചൊറിയും കുത്തി ഇരിക്കേണ്ടി വരുകയും ചെയ്യുമന്ന അകാരണമായ ഭീതിയാവണം ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.
27 മത്തെ പേജിലാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്നം. അതില്‍ "അതൊന്നും എന്നെ ബാധിക്കില്ല" എന്ന ശീര്‍ഷകത്തില്‍ കുട്ടികള്‍ക്ക് അന്വേഷിച്ച് കണ്ടെത്താനായുള്ള ഒരു ചോദ്യമുണ്ട്. ചോദ്യം ഇതാണ്: താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏതു മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക? വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ച വ്യാധികള്‍, ഭൂകമ്പം എന്നിവയാണ് പ്രശ്നങ്ങള്‍. ഒറ്റ നോട്ടത്തില്‍ ഈ പ്രശ്നങ്ങളെ എന്തിനാണ് മതങ്ങളുമായി ബന്ധപ്പെടുത്തുന്നതെന്ന് തോന്നാം. ചോദ്യവും അതിനുള്ള ഉത്തരവും കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന പഴയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇങ്ങനെയൊരു ചോദ്യം സങ്കല്പിക്കാനാവില്ലെന്നത് സത്യം. എന്നാല്‍ പുതിയ പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിച്ചും പ്രവര്‍ത്തിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സഹായികളാണ് പാഠപുസ്തകങ്ങള്‍. അതു വഴി, ചിന്താശേഷിയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. ആ നിലക്ക് മുകളില്‍ പറഞ്ഞ ചോദ്യം ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനെ ബാധിക്കുന്നവയാണ് പ്രകൃതി ദുരന്തങ്ങളെന്ന് മനസ്സിലാക്കാനും, ഇത്തരം ദുരന്തങ്ങളില്‍ മതവും ജാതിയും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ബോധം വിദ്യാര്‍ത്ഥിയില്‍ വളര്‍ത്താനും സഹായകമണെന്ന് നിസ്സംശയം പറയാം.
കത്തോലിക്കാ സഭയും ഹിന്ദു മുസ്ലിം സമുദായങ്ങളും സര്‍ക്കാരിനെതിരെ യുദ്ധകാഹളം മുഴക്കാനുള്ള മറ്റു കാര്യങ്ങള്‍, ഗുരുവായൂര്‍ സത്യഗ്രഹവും, പ്രത്യക്ഷ രക്ഷാ സഭ, മുസ്ലിം ഐക്യ സഭ തുടങ്ങിയവയുടെ രൂപീകരണവുമടക്കമുള്ള പാഠഭാഗങ്ങളാണ്. ഒക്കെ മതങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളായിരുന്നു എന്നതു തന്നെ കാരണം. മതത്തിലെ പഴയ അനാചാരങ്ങളുടെ കഥകള്‍ വിശ്വാസികളുടെ പുതു തലമുറ പഠിക്കുന്നത് വിശ്വാസികളുടെ എണ്ണം എങ്ങനെയും കൂട്ടാന്‍ പരിശ്രമിക്കുന്ന ഒരു മതമേലാളനും അത്ര രസിക്കാനിടയില്ല. ഈ അതൃപ്തിയെ രാഷ്ട്രീയവല്‍ക്കരിച്ച് വോട്ട് കൊയ്യാനുള്ള പദ്ദതിയുമായാണ് ചാണ്ടിയും മാണിയുമടക്കമുള്ള രാഷ്ട്രീയക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളല്‍.
ഈ പുസ്തകം ഒരു തവണയെങ്കിലും വായിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
ചിന്തിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ നേതൃത്വം; ഒപ്പം, അല്പം മദ്യവും ഇരുനൂറു രൂപയും നല്‍കിയാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന അണികളും, ഇടയലേഖനങ്ങള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി മതവികാരം ജ്വലിപ്പിച്ച് തെരുവിലിറങ്ങുന്ന കുറെ അല്പ വിശ്വാസികളും!
പുതിയ തലമുറകളെങ്കിലും അല്പം ചിന്താശേഷിയുള്ളവരായി വളരണമെങ്കില്‍, പാഠ്യപദ്ധതികളില്‍ ഇത്തരം സമൂലമായ മാറ്റങ്ങള്‍ കൂടിയേ തീരൂ.
മുകളില്‍ കൊടുത്തിരിക്കുന്ന പാഠഭാഗങ്ങളുടെ കോപ്പികളുടെ ലിങ്കുകള്‍ ഡീക്കന്‍ റൂബിന്‍ തോട്ടുപുറത്തിന്റെ ഈ പോസ്റ്റില്‍ നിന്ന്.
Thursday, June 26, 2008
Subscribe to:
Post Comments (Atom)
1 comment:
ഒരു ഉത്തമ പൌരൻ എങ്ങനെ ആവണമെന്നു പഠിപ്പിക്കുന്നതാണ് ഈ പുസ്തകത്തിലെ ഭാഗങ്ങൾ.
മതം പഠിപ്പിക്കാൻ മത പാഠശാലകളിൽ വിടട്ടെ! എന്നിട്ടു ഇനിയും കുറെ കൂടിയ തരം മത തീർവ്രവാദികളെ ക്കൂടി സ്ര്ഷ്ടിക്ക്ട്ടെ!
Post a Comment