Wednesday, June 18, 2008

പരിശുദ്ദ കമ്മീഷണര്‍ പുണ്യാളന്‍

ആലുവ പോലീസ് സ്റ്റേഷനില്‍ ഭദ്രാനന്ദ സ്വാമി തോക്കും പിടിച്ചു നിന്ന് ഭീക്ഷണി മുഴക്കുമ്പോള്‍, സ്വാമിയെ ഭയഭക്തി ബഹുമാനങ്ങളോടെ പരിചരിച്ച് പഞ്ചപുഛമടക്കി നോക്കി നിന്ന ആലുവ സി ഐ യെ മറക്കാന്‍ സമയമായിട്ടില്ല, അതിനു മുമ്പിതാ കേരള പോലീസിന്റെ നട്ടെല്ലില്ലായ്മക്ക് പുതിയ ഉദാഹരണം - തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില്‍ നിന്ന്.

ഭദ്രാനന്ദന്‍ കാണിച്ചതിലും വലിയ പരാക്രമമായിരുന്നു ഇന്നലെ കന്റോണ്മെന്റ് സ്റ്റേഷനില്‍ ചില SFI ക്കാര്‍ നടത്തിയത്. ട്രാഫിക്ക് നിയമലംഘനത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് സഖാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സഖാക്കളുടെ സ്റ്റേഷനിലെ ഈ വിളയാട്ടം. സ്റ്റേഷന്‍ പരിസരത്തു നിന്ന പോലീസുകാരെ കയ്യേറ്റം ചെയ്ത് സ്റ്റേഷനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്റ്റേഷനിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ രവദ ചന്ദ്രശേഖറിനും കിട്ടി അടി.

കിട്ടിയതും മേടിച്ച് പോക്കറ്റിലിട്ട് ഒന്നും സംഭവിക്കാത്തതുപോലെ നിന്നതല്ലാതെ, കമ്മീഷണരുടെ മുഖത്തൊരു ഭാവഭേദം പോലും കാണാന്‍ കഴിഞ്ഞില്ല. കന്റോണ്മെന്റ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു കപ്പേള പണിയണ്ടതാണെന്നു തോന്നിപ്പോയി.

ലോക്കപ്പില്‍ കിടന്ന സഖാക്കളെ മോചിപ്പിച്ച്, അവരെ കസ്റ്റഡിയിലെടുത്ത പോലീസുകാരനെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ച് സഖാക്കളെ തൃപ്തിപ്പെടുത്തിയാണ് കമ്മീഷണര്‍ മടക്കിയയച്ചത്.

എന്തിനാ കമ്മീഷണറെ ഇങ്ങനെയൊരു ജോലി? അവന്മാര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്തിട്ട് പിടിച്ച് ലോക്കപ്പിലിട്ട്, പണി പോകുന്നെങ്കില്‍ പോകട്ടെയെന്നു വെച്ചിരുന്നെങ്കില്‍ അതിനൊരു അന്തസ്സുണ്ടായേനെ. ഇതൊരുമാതിരി ഐ പി എസ്സിനു ചേരാത്ത പണിയായിപ്പോയി. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

4 comments:

പ്രിയ said...

കേരളത്തിലെ പോലിസിനിതെന്താ പറ്റിയേ? മുന്പ് ആളുകള്‍ക്ക് കുറച്ചു പേടിയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോ മാതൃകാപോലീസ് ഒക്കെ ആയതോടെ എല്ലാവരും അങ്ങ് നെരങ്ങുകയാണല്ലോ.

മീഡിയ ആവശ്യം പോലെ പടം പിടിച്ചു കൂടിയിട്ടുണ്ടല്ലോ. ആ തെളിവുകള്‍ ഒക്കെ വച്ചു ആരെങ്കിലും ഒരു പൊതുതാല്പര്യഹര്ജി ഫയല്‍ ചെയ്യുകയാ വേണ്ടത്

മൂര്‍ത്തി said...

മാതൃഭൂമി വാര്‍ത്ത അനുസരിച്ച് പോലീസിനെ ആക്രമിച്ചതിനു അവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

ak said...

കഷ്ടം സ്വാര്‍ത്ഥതാല്പര്യക്കാരന്‍ ഏത് ലോകത്താണു ജീവിക്കുന്നത്? ജനാധിപത്യത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയുടേതാണു പോലീസും ഭരണവും. അത് അവര്‍ ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യും. അതേറ്റവും നന്നായി അറിയാവുന്നത് IAS/IPS കാര്‍ക്കാണു. അതിന്റെ തഞ്ചത്തിനു അവര്‍ നില്‍ക്കുകയും ചെയ്യും. ഇതിലൊന്നും തലയിടാതെ സ്വന്തം കാര്യം നോക്കി നടന്നാല്‍ ഒരു കുഴപ്പോമില്ല. പക്ഷെ മലയാള്‍ലിക്ക് അത് പറ്റില്ലല്ലോ. അപരന്റെ കാര്യത്തില്‍ തലയിട്ടില്ലെങ്കില്‍ അവനൊരു സുഖമില്ല. ഈ പാര്‍ട്ടിയും, പോലീസും ഭരണവുമൊക്കെ ഒരു ന്യൂനപക്ഷത്തിന്റേതാണെന്നും പാവങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ അന്നന്ന് നയിച്ചുണ്ടാക്കണമെന്ന് ഇനിയും മനസിലായിട്ടില്ലെ?

ജിം said...

ഒന്നും മനസ്സിലായില്ലല്ലോ കര്‍ത്താവേ..!
മലയാളികള്‍ സ്വന്തം കാര്യം നോക്കാതെ അപരന്റെ കാര്യത്തില്‍ തലയിടുന്നതും, കമ്മീഷണര്‍ തല്ലു മേടിച്ചതും തമ്മില്‍ എന്തരാണാവോ ബന്ധം?
ഇനി, ഞാന്‍ കമ്മീഷണറുടെ കാര്യത്തില്‍ ആവശ്യമില്ലാതെ തലയിട്ടെന്നാണോ മാഷ്‌ ഉദ്ദേശിച്ചത്‌? ഒരു പോസ്റ്റിടാനുള്ള ആഗ്രഹത്താല്‍ ചെയ്തുപോയതാണേ, ക്ഷമിക്കണം!