Tuesday, July 08, 2008

ആത്മഹത്യാപരം, ഈ ധിക്കാരം!

IAEA യുമായി കരാര്‍ ഒപ്പിട്ടാല്‍ പിന്നെ ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധി തീര്‍ത്തുതരാമെന്ന് ജോര്‍ജ്ജ് ബുഷ് തനിക്ക് വാക്കു തന്നിട്ടുണ്ട്, അതിനാല്‍ കരാറുമായി മുന്നോട്ടു പോകാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് G8 ഉച്ചകോടിക്ക് പോകുന്ന വഴി വിമാനത്തിലിരുന്ന് ഇന്ത്യ കണ്ട ഏറ്റവും തിരുമണ്ടന്‍ പ്രധാനമന്ത്രി പറഞ്ഞത്.

നൂറു കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു കരാറാണ് സ്വന്തം വീട്ടുകാര്യം പോലെ നിസ്സാരമായി നമ്മുടെ പ്രധാന മന്ത്രി കാണുന്നത്.

ആണവ കരാറുമായി മുന്നോട്ടു പോകുന്നുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന ഇടതു പക്ഷ നിലപാടിന് ഒരു മറുപടിയും പറയാതെ ഉരുണ്ടു കളിച്ച്, അവസാനം ജപ്പാനില്‍ പോകാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് പ്രധാനമന്ത്രി ബുഷിനോടുള്ള തന്റെ കൂറ് അടിവരയിട്ടു പറഞ്ഞത്.

നാലു വര്‍ഷം സര്‍ക്കാരിനെ പിന്താങ്ങിയ പാര്‍ട്ടിയോട് ഒരു മിനിമം രാഷ്ട്രീയ മര്യാദ പോലും കാണിക്കാന്‍ തയ്യാറാവാതെ, എം പി മാരെ ചാക്കിട്ടുപിടിച്ച് എങ്ങനെയും ഈ കരാറിലൊപ്പിടണമെന്ന മന്മോഹന്‍ സിംഗിന്റെ വാശി, രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി തീര്‍ക്കുക മാത്രം ലക്‌ഷ്യം വെച്ചാണെന്ന് വിശ്വസിക്കാന്‍ വയ്യ. പ്രത്യേകിച്ച്, സര്‍ക്കാരിന്റെ നെറികെട്ട സാമ്പത്തിക നയങ്ങള്‍ മൂലം പണപ്പെരുപ്പത്താലും വിലക്കയറ്റത്താലും ജനങ്ങള്‍ വലയുമ്പോള്‍, അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രധാനമന്ത്രി.

ഈ കരാര്‍ ഒപ്പിട്ടാല്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം കിട്ടുമെന്നും, അമേരിക്കയില്‍ നിന്ന് ടെക്നോളജി കിട്ടുമെന്നുമാണ് വാദം. എന്നാല്‍ NSG യുമായി കരാര്‍ ഒപ്പിടാതെ യുറേനിയം തരുന്ന പ്രശ്നമില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ യുറേനിയം സപ്ലയറായ ഓസ്ട്റേലിയ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി NSG രാജ്യങ്ങള്‍ ഇന്ത്യക്ക് യുറേനിയം തരാന്‍ തയ്യാറാകുമെന്നാണ് ബുഷ് മന്‍‌മോഹന്‍ സിംഗിനെ ധരിപ്പിച്ചിരിക്കുന്നത്. മന്‍‌മോഹന്‍ സിംഗിനെ അമേരിക്കന്‍ ഭരണകൂടം തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന പല കാര്യങ്ങളില്‍ ഒന്നു മാത്രമാണിത്.

മന്മോഹന്‍ സിംഗിന്റെ വ്യഗ്രതക്കും മേലെയാണ് ഇക്കാര്യത്തില്‍ അമേരിക്കക്കുള്ള താത്പര്യം. അതായത് ആണവോര്‍ജ്ജം ഉണ്ടാക്കി എങ്ങനെയും ഇന്ത്യ നന്നായിപ്പൊയ്ക്കോട്ടെ എന്ന അമേരിക്കയുടെ നിഷ്കളങ്കമായ ആഗ്രഹം. ആണവ വിഷയത്തില്‍ ഇസ്രായേലിനോടും ഇറാനോടും കാണിക്കുന്ന ഇരട്ടത്താപ്പ് മാത്രം നോക്കിയാല്‍ അമേരിക്കയുടെ യഥാര്‍ത്ഥ താല്പര്യം എന്താണെന്ന് മനസ്സിലാക്കാം.

ഇതുവരെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ, ഒരു കരാറിലും ഒപ്പിടാതെ സ്വയം ആണവശക്തിയായി വളര്‍ന്ന ഇന്ത്യക്ക് ഒരു കടിഞ്ഞാണ്‍ വേണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യമാണ് മന്മോഹന്‍ സിംഗിലൂടെ അവര്‍ സാധിക്കുന്നത്. ഒപ്പം, സാമ്പത്തികവും വാണിജ്യപരവുമായ മറ്റനേകം താത്പര്യങ്ങളും. അവര്‍ ഈ കരാറിനെ വിളിക്കുന്നതു തന്നെ 'ന്യൂക്ലിയര്‍ ട്രേഡ് അഗ്രിമെന്റ്' എന്നാണ്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വാണിജ്യത്തിനായി വന്ന ബ്രിട്ടീഷുകാര്‍ക്ക് നാം നമ്മുടെ സ്വാതന്ത്ര്യം അടിയറ വെച്ചുവെങ്കില്‍, മന്‍‌മോഹന്‍ സിംഗ് എന്ന വീണ്ടുവിചാരമില്ലാത്ത ഒരു പ്രധാനമന്ത്രിയിലൂടെ ഇപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ നാമം സാമ്രാജ്യത്വ ചരിത്ര പുസ്തകങ്ങളില്‍ തങ്കലിപികളാല്‍ ചേര്‍ക്കപ്പെടട്ടെ.

ഈ കരാറിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ

4 comments:

അനോമണി said...

പ്രിയ ജിം,

ഈ കുറിപ്പിന് കീഴെ എന്‍‌റെയും ഒപ്പ്. തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു ലിങ്ക് ഇതാ.. കാണുമെന്നു കരുതുന്നു.

http://youtube.com/watch?v=99qkQIfV6UI&feature=related

മൂര്‍ത്തി said...

പ്രസക്തം.

ജിം said...

ആ ലിങ്കിനു നന്ദി, അനോമണി.

Dr, A Gopalakrishan പറഞ്ഞ്തു കേട്ടില്ലേ, BHEL കല്‍ക്കരിയില്‍ നിന്ന് ദ്രവ ഇന്ധനം ഉത്പാദിപ്പിക്കാന്‍ കണ്ടെത്തിയ ടെക്നോളജി ഒന്നു നോക്കാന്‍ പറഞ്ഞ് രണ്ടു വര്‍ഷമായി ഈ പ്രധാന മന്ത്രിക്കും ഊര്‍ജ്ജ വകുപ്പിനും പുറകേ അവര്‍ നടക്കുകയാണത്രേ. മൈന്‍ഡ് ചെയ്യുന്നില്ലത്രേ പ്രധാനമന്ത്രി.

ഇതൊക്കെ നോക്കാന്‍ അങ്ങേര്‍ക്ക് എവിടെ സമയം കിട്ടാനാ? ജോര്‍ജ്ജ് ബുഷിന്റെ ആസനം താങ്ങാന്‍ തന്നെ ശരിക്ക് സമയം തികയുന്നില്ല, അപ്പഴാ കല്‍ക്കരി.. മാങ്ങാത്തൊലി!

അനോമണി said...

പ്രിയ ജിം,

ഡോ. ഗോപാലകൃഷ്ണന്‍‌റെ പ്രഭാഷണത്തിലെ മൂന്നാം ഭാഗം ആണവ ഊര്‍ജ്ജത്തിന്‍‌റെ സാധ്യതകളെകുറിച്ചാണ്. ഈ മന്‍‌മോഹന്‍ തന്നെ 1991ല്‍ യുറേനിയം ഗവേഷണത്തിനുള്ള സര്‍ക്കാര്‍ ധനസഹായം വെട്ടിക്കുറച്ചതായി വെളിപ്പെടുത്തുന്നുണ്ട്!

ആണവ മേഘലയിലെ വളരെ പ്രശസ്ത ശാസ്ത്രജ്ഞനായ അദ്ദേഹം അമേരിക്കയിലെ ആണവദുരന്ത മുന്‍‌കരുതലുകളെ ഇന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യുന്നതും അതിനെ ഭോപ്പാല്‍ ദുരന്തത്തിലെ സര്‍ക്കാര്‍ നിലപാടുമായി ചേര്‍ത്തുവായിക്കുന്നതും തീര്‍ത്തും ഭയപ്പെടുത്തുന്നു.

Dr. A Gopalakrishaനു പുറമെ Dr AN Prasad,


http://youtube.com/watch?v=azjqYs7ASc8&feature=related


Justice PB Sawant,


http://youtube.com/watch?v=cxbWeCo__Gw&feature=related


എന്നിവരുടെ പ്രഭാഷണങ്ങളും വളരെ പ്രസക്തമായവയാണ്.
Dr. A ഗോപാലകൃഷ്ണനെ പോലെ Dr Prasadഉം ഹോമി ഭാബയുടെ ശിഷ്യനും സഹപ്രവര്‍ത്തകനും ആയിരുന്നു.