Monday, July 21, 2008

(ജന)കോടികളുടെ വിശ്വാസം

പാര്‍ലമെന്റില്‍ വിശ്വാസം 'നേടിയെടുത്ത്' പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ആണവ കരാറുമായി മുന്നോട്ടു പോകുമ്പോള്‍, പണമൊഴുക്കി ആര്‍ക്കും കൈയിലൊതുക്കാവുന്നതാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന തിരിച്ചറിവാണ് അദ്ദേഹം രാജ്യത്തിന് നല്‍കുന്നത്.

കോണ്‍ഗ്ര്സിന്റെ പ്രധാന സഖ്യകക്ഷിയായ സമാജ് വാദി പാര്‍ട്ടി, BJP യിലെ മൂന്ന് MP മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുകയും, CNN-IBN പകര്‍ത്തിയ ഇതിന്റെ വീഡിയോ ടേപ്പ് സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വോട്ടെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും, സമാജ് വാദി പാര്‍ട്ടീയല്ല, താന്‍ തന്നെ നേരിട്ട് കോഴ നല്‍കുന്ന പടം വന്നാലും രാജിവെക്കില്ല എന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.

നാലര വര്‍ഷത്തെ ഭരണത്തില്‍, ആണവ കരാര്‍ ഒപ്പിടാനുള്ള വ്യഗ്രതയില്‍ "സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള" പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിച്ചത് പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമാണ്.

ഇപ്പോള്‍ രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി കരാറൊപ്പിടാന്‍ തയ്യാറെടുക്കുന്ന പ്രധാന മന്ത്രി രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് കണ്ടു തന്നെ അറിയണം.

പ്രധാനമന്ത്രി നേടിയെടുത്ത വിശ്വാസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അധ:പതനമാണ്. ഈ മൂല്യത്തകര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍, വേദന അറിയിക്കാന്‍ ഒരു കരിങ്കൊടി ഇവിടെ നാട്ടുന്നു.ഇനി, ഈ വിശ്വാസ വോട്ടില്‍ വിജയിക്കാന്‍ മന്‍‌മോഹന്‍ സിംഗ് നടത്തിയ അവിശുദ്ധ കരു നീക്കങ്ങളില്‍ ചിലത് കൂടി കാണൂ.

കോഴ വാഗ്ദാനങ്ങള്‍

ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് റിബലായി വിജയിച്ച കുല്‍ദീപ് ബിഷോണിക്ക് വാഗ്ദാനം ചെയ്തത് 100 കോടി രൂപ. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗര്‍ MP യും സമാജ് വാദി പാര്‍ട്ടി റിബലുമായ മുനാവര്‍ ഹസ്സന് കിട്ടിയ ഓഫര്‍ 25 കോടി.
കോണ്‍ഗ്രസ്സിന്റെ പ്രധാന കൂട്ടാളിയായ സമാജ് വാദി പാര്‍ട്ടി BJP യിലെ മൂന്ന് MP മാര്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍കാന്‍ വാഗ്ദാനം ചെയ്തത് 9 കോടി രൂപ. ഇതിന്റെ അഡ്വാന്‍സായി ഒരു കോടി വീതം നല്‍കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ CNN-IBN സ്പീക്കര്‍ക്ക് നല്‍കിക്കഴിഞ്ഞു. പറയാത്തതും അറിയാത്തതുമായി വേറെ എത്ര?

വര്‍ഗീയ ചീട്ട്

BJP യെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്ന, BJP ക്കൊപ്പം സര്‍ക്കാരിനെ എതിര്‍ക്കുന്ന ഇടതുകക്ഷികളെ വിമര്‍ശിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ്, പഞ്ചാബിലെ ശിരോമണി അകാലിദളിനോട് അഭ്യര്‍ത്ഥിച്ചത്, സിഖുകാരനായ പ്രധാന മന്ത്രിയെ നിലനിര്‍ത്താന്‍ സിഖുകാരായ നിങ്ങള്‍ സഹായിക്കണം എന്നാണ്. ഇത് വര്‍ഗ്ഗീയതയല്ലേ? അതോ നിലനില്പ്പിന്റെ കാര്യം വരുമ്പോള്‍ ആര്‍ക്കും അല്പം വര്‍ഗ്ഗീയത് ആകാമെന്നോ?

വോട്ടില്ലെങ്കില്‍ വേണ്ട, വരാതിരിക്കുകയെങ്കിലും..

കയ്യാലപ്പുറത്തിരിക്കുന്ന വിമത, സ്വതന്ത്ര MP മാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തത് വോട്ടിനു വേണ്ടി മാത്രമയിരുന്നില്ല, വോട്ടു ചെയ്യാന്‍ സഭയിലെത്താതിരുന്നാലും മതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍, ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ എത്താതിരിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന മന്മോഹന്‍ സിംഗ് എന്ന പ്രധാന മന്ത്രിയുടെ രാജ്യസ്നേഹം മനസ്സിലാക്കാന്‍ ഇതിലും വലിയ ഉദാഹരണം വേറെ വേണോ?

എയര്‍പോര്‍ട്ട് നാമകരണം

അജിത് സിംഗ് നയിക്കുന്ന രാഷ്ട്രീയ ലോക് ദള്‍ (RLD) യിലെ മൂന്ന് MP മാരുടെ വോട്ട് കിട്ടാന്‍, ലഖ്നൗ വിമാനത്താവളത്തിന് അജിത് സിംഗിന്റെ അച്ഛനും, മുന്‍ പ്രധാന മന്ത്രിയുമായ ചൗധരി ചരണ്‍ സിംഗിന്റെ പേരിടാന്‍ തീരുമാനിച്ചത് ജൂലൈ 17 ന്. ഉത്തര്‍ പ്രദേശിന്റെ വളരെക്കാലമായുള്ള, എന്നാല്‍ ചരണ്‍ സിംഗ് നാമാവശേഷനായി 20 വര്‍ഷങ്ങള്‍ക്ക് ശേഷവും അവഗണിക്കപ്പെട്ടിരുന്ന ഈ ആവശ്യം ഇപ്പോള്‍ പരിഗണിച്ചതിന് ലക്‌ഷ്യം ഒന്നേയുണ്ടായിരുന്നുള്ളു - വോട്ട്; ഇതു കൂടാതെ അജിത് സിംഗിന് ക്യാബിനറ്റ് മന്ത്രി പദവും വാഗ്ദാനം ചെയ്യുകയുണ്ടായി.

ഷിബു സോറന്‍

നരസിംഹ റാവു ഗവണ്മെന്റിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് JMM എം പി മാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തെളിവു നശിപ്പിക്കാന്‍ സ്വന്തം സെക്രട്ടറിയെ കൊലപ്പെടുത്തുകയും, ആ കേസില്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്ത ആളാണ് ഷിബു സോറന്‍. കോടതി വിധി വന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ഗവണ്മെന്റില്‍ കല്‍ക്കരി മന്ത്രിയായിരുന്ന സോറനോട് പ്രധാനമന്ത്രി തന്നെ രാജി വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ UPA യുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സോറന്‍. എന്നാല്‍ വോട്ടിന് ആവശ്യം വന്നപ്പോള്‍ ഇതൊക്കെ മറന്ന് പഴയ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മന്മോഹന്‍ സിംഗ് JMM ന്റെ വോട്ടുകള്‍ ഉറപ്പാക്കി.

സഹായിക്കാന്‍ റിലയന്‍സും?

G8 ഉച്ചകോടിയില്‍ പങ്കെടുത്ത് ബുഷുമായി ചര്‍ച്ചകള്‍ നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി, ആണവകരാറിന്റെ വിശദാംശങ്ങള്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ വിമുഖത കാട്ടുമ്പോഴും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്താന്‍ സമയം കണ്ടെത്തി. ചര്‍ച്ച ചെയ്തത് വ്യവസായ മേഖലയിലെ പ്രശ്നങ്ങളാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ പിറ്റേന്നു മുതല്‍ കോഴ വാഗ്ദാനങ്ങളുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായതും, മുകേഷ പ്രസിഡന്റായ മുംബെയിലെ വ്യവസായികളുടെ സംഘടന ആണവകരാറിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രസ്ഥാവനയിറക്കിയതുമൊന്നും വെറും യാദൃശ്ചികം മാത്രമാകാന്‍ വഴിയില്ല.

2 comments:

റഫീക്ക് കിഴാറ്റൂര്‍ said...

പാര്‍ലമെന്‍റില്‍ നോട്ടുകെട്ടുകള്‍ കൊണ്ട് അമ്മാനമാട്ടം.
ലജ്ജിക്കുക നാം.
നമ്മുടെ രാഷ്ടീയക്കാരെ കുറിച്ച്,
നമ്മെകുറിച്ച്,
നമ്മുടെ രാഷ്ട്രത്തെ കുറിച്ച്.
http://rafeeqkizhattur.blogspot.com/2008/07/blog-post_22.html?

mmrwrites said...

നമുക്കീ പാര്‍ലമെന്റങ്ങോട്ട് ഇടിച്ചു നിരത്തിയാലോ?..മുഴുവന്‍ കോഴക്കാരേയും ഗില്ലറ്റിനില്‍ ഇടുകയും ചെയ്യാം.. ഈ പറച്ചിലില്‍ കവിഞ്ഞ് നമുക്കൊക്കെ എന്തു ചെയ്യാന്‍ കഴിയും..