Tuesday, May 27, 2008

ജനസേവ - ഫിലിംസ് ആന്‍ഡ് ശിശുഭവന്‍

ഒരു സിനിമാ നിര്‍മ്മാതാവും തന്റെ കമ്പനിക്ക് ജനസേവ എന്നൊരു പേരു സ്വീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, സിനിമാ വ്യവസായം ലാഭമുണ്ടാക്കാനുള്ളതാണ്. അതിന് ജനസേവനവുമായി എന്തു ബന്ധം?എന്നാല്‍, ജനസേവനത്തിലൂടെ കാശുണ്ടാക്കിയ ഒരാളാണ് സിനിമ പിടിക്കുന്നതെങ്കിലോ? അങ്ങനെയെങ്കില്‍ ഇതിലും ബെസ്റ്റ് പേര് വേറെ ഇല്ല താനും.

കുറച്ചു ദിവസങ്ങളായി ആലുവയിലെ ജനസേവ ശിശുഭവനെക്കുറിച്ചു ക്കുറിച്ച് വരുന്ന വാര്‍‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നിരാശയാണ് തോന്നിയത്. വര്‍ഷങ്ങളായി അനാഥ ബാല്യങ്ങള്‍ക്ക് തണലൊരുക്കിയിരുന്ന - അങ്ങനെ അറിയപ്പെട്ടിരുന്ന - ജനസേവയും ആ പേരില്‍ തട്ടിപ്പു നടത്തുകയായിരുന്നോ?

തെരുവില്‍ വളരുന്ന അനാഥക്കുട്ടികള്‍ക്ക് സം‌രക്ഷണമേകാനാണ് ജനസേവ ശിശുഭവന്‍ 1996 ല്‍ ആരംഭിച്ചത്. ഒരു പരിധിവരെ ആ ദൗത്യം ഭംഗിയായി അവര്‍ നിര്‍‌വ്വഹിക്കുന്നുമുണ്ടായിരുന്നു എന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും കവിയൂര്‍ പൊന്നമ്മയും അടങ്ങുന്ന പ്രമുഖര്‍ ജനസേവയുടെ 'ബ്രാന്‍ഡ് അംബാസഡര്‍' മാരാവുകയും പിഞ്ചു കുഞ്ഞുങ്ങളുടെ ദൈന്യത നിറഞ്ഞ മുഖങ്ങളുമായി പരസ്യങ്ങളും, അവര്‍ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പരസ്യ വാചകങ്ങളും കണ്ട് ധാരാളം പേര്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി.
ധാരാളം മലയാളികള്‍ വര്‍ഷങ്ങളായി ഈ നല്ല സം‌രഭത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്നു - കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അവിടുത്തെ ഒരു കുട്ടിയുടെ വാര്‍ഷിക സ്പോണ്‍സര്‍ഷിപ്പായി മൂവായിരം രൂപവീതം ഈയുള്ളവനും അയക്കുന്നുണ്ട്.

ഇതിനിടയില്‍ ജനസേവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമീപവാസികളും മറ്റും ചെറിയ ചില പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും, ജനസേവയിലെ കുഞ്ഞു മക്കളുടെ മുഖങ്ങളും പ്രസിഡന്റായ ജോസ് മാവേലിയുടെ ആത്മാര്‍‍ത്ഥത തുളുമ്പുന്ന വാക്കുകളും ജനസേവയെക്കുറിച്ച് മറിച്ച് ചിന്തിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇപ്പോഴത്തെ പുതിയ വാര്‍ത്ത, ജോസ് മാവേലി രണ്ടു കോടി രൂപ മുടക്കി ജനസേവ ഫിലിംസ് എന്ന ബാനറില്‍ തമിഴ് സിനിമ നിര്‍മ്മിക്കുന്നു എന്നതാണ്. താന്‍ അരിക്കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണ് ഇത്രയും പണമെന്നാണ് ജോസിന്റെ വാദം. മാത്രമല്ല, സിനിമയിലൂടെ കിട്ടുന്ന ലാഭം ജനസേവയിലെ പ്രവര്‍ത്തനങ്ങള്‍‍ക്കായി ഉപയോഗിക്കുമെന്നും ജോസ് മാവേലി അവകാശപ്പെടുന്നു.

ഈ വാര്‍ത്ത വന്ന ശേഷം ശിശുഭവന്റെ പ്രധാന രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആ സ്ഥാനം രാജി വെച്ചു. മാസങ്ങള്‍ക്ക് മുന്‍പ്, മമ്മൂട്ടി തന്റെ ചിത്രം ശിശുഭവന്റെ പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതും ശിശുഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ജനസേവയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കടബാദ്ധ്യതയും ഇല്ലായ്മയും മാത്രമാണ് ജോസ് മാവേലി എപ്പോഴും പറയാറുള്ളത്. ഇപ്പോഴും ഒന്നരക്കോടിയോളം രൂപയുടെ കടത്തിലാണത്രെ ജനസേവ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികളെ നല്ല സ്കൂളുകളില്‍ പഠിപ്പിക്കാനും, ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍‍ ഒരുക്കാന്‍ പോലും കഴിയുന്നില്ല എന്നു പരിതപിച്ചിരുന്ന ജോസാണ് ഇപ്പോള്‍ രണ്ടുകോടിയുടെ സിനിമ നിര്‍മ്മിക്കാന്‍ പോകുന്നത്.

ജോസ് മാവേലി സിനിമ നിര്‍മ്മിക്കുന്നത് സ്വന്തം കാശുകൊണ്ടായിരിക്കാം. അങ്ങനെയായിരിക്കട്ടെ. എന്നാല്‍, അനാഥക്കുഞ്ഞുങ്ങളുടെ പേരില്‍ ലഭിക്കുന്ന പണം അവര്‍ക്കു വേണ്ടി തന്നെയാണ് ചെലവാക്കപ്പെടുന്നതെന്ന് ഉറപ്പു വരുത്താന്‍ ജനസേവയുടെയും ജോസ് മാവേലിയുടെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ചെയ്യുന്ന പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ജോസ് മാവേലി തന്നെ ഇതിന് മുന്‍‌കൈയെടുക്കണം.

സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം ജനസേവയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു പറയുന്ന ജോസ് മാവേലി, സിനിമ നഷ്ടത്തിലായാല്‍ ആ നഷ്ടം നികത്താന്‍ ജനസേവയുടെ പണം ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം.

ഇല്ലെങ്കില്‍, ജോസ് മാവേലി എന്ന സിനിമാ നിര്‍മ്മാതാവിന്റെ 'സൈഡ് ബിസിനസ്സ്' മാത്രമായി മാറുന്ന ശിശുഭവനി ലേക്കുള്ള ജനങ്ങളുടെ സംഭാവനകള്‍ കുറയും; സംശയങ്ങളിലും വിവാദങ്ങളിലും മുങ്ങി അവിടുത്തെ പിഞ്ചു കുഞ്ഞുങ്ങളുടെ നല്ല ഭാവി എന്ന സ്വപ്നം ഇല്ലാതാവുകയും ചെയ്യും.

4 comments:

മൂര്‍ത്തി said...

പോസ്റ്റിനേക്കാള്‍ വലിയ കമന്റിടുന്നതിനു സോറി. ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത ഇവിടെ പോസ്റ്റുന്നു.

ജീവകാരുണ്യപ്രവര്‍ത്തനത്തിനു പിരിച്ചെടുത്ത പണം ഉപയോഗിച്ച് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനസേവ ശിശുഭവന്‍ തമിഴ് കച്ചവടസിനിമ പിടിക്കുന്നു. തെരുവുമക്കളുടെ ക്ഷേമത്തിന് എന്നപേരില്‍ വിദേശത്തും സ്വദേശത്തും വന്‍ പണപ്പിരിവു നടത്തുന്ന ജനസേവ ശിശുഭവന്‍ അഞ്ചുകോടിരൂപ മുടക്കിയാണ് സിനിമയെടുക്കുന്നത്. ശിശുഭവന്‍ പ്രസിഡന്റ് ജോസ് മാവേലിയാണ് സിനിമയുടെ നിര്‍മാതാവ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയായ 'ജീവകാരുണ്യസ്ഥാപനം' ആണിത്. 'നാളൈ നമതൈ' എന്നാണ് സിനിമയുടെ പേര്. വിനയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പത്തുദിവസമായി കോയമ്പത്തൂരില്‍ നടന്നുവരികയാണ്. സംവിധായകനുമാത്രം അരക്കോടിയോളമാണ് പ്രതിഫലം. രാം, ശരവണാനന്ദന്‍ എന്നിവരാണ് നായകര്‍. നായിക മലയാളനടി സനൂഷ. സിനിമയുടെ ചിത്രീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച് ചെന്നൈയില്‍ ആര്‍ഭാടപൂര്‍വം പൂജ നടന്നു. തമിഴ് സിനിമ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനസേവയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം മലയാളമാധ്യമങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും സിനിമാനിര്‍മാണത്തിന്റെ വിവരങ്ങള്‍ ശിശുഭവന്‍ അധികൃതര്‍ മറച്ചുവച്ചു. സിനിമാനിര്‍മാണത്തിനു ചെലവഴിക്കുന്ന അഞ്ചുകോടി രൂപയുടെ സ്രോതസ്സ് നിര്‍മാതാവ് ജോസ് മാവേലി വെളിപ്പെടുത്തിയിട്ടില്ല. ജനസേവ ഫിലിംസ് എന്നുതന്നെയാണ് 'നാളൈ നമതൈ'യുടെ ബാനറിന്റെ പേര്. തെരുവില്‍ ജീവിക്കുന്ന കുട്ടികളെക്കുറിച്ചാണ് സിനിമ എന്നാണ് സംവിധായകനും നിര്‍മാതാവും അവകാശപ്പെടുന്നത്. തെരുവില്‍ കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിനെന്ന പേരില്‍ സ്വദേശത്തും വിദേശത്തും വന്‍ പണപ്പിരിവ് നടത്തുന്ന സ്ഥാപനം ആ പണംകൊണ്ട് സിനിമ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ നികുതിയിളവോടെ ജനസേവയിലെത്തുന്ന പണത്തിന്റെ വിനിയോഗം സംബന്ധിച്ച് മുമ്പും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജനസേവയുടെ പേരില്‍ വന്‍ പണപ്പിരിവ് നടക്കുന്നതിന്റെ വിവരങ്ങള്‍ ശിശുഭവന്റെ വെബ്സൈറ്റില്‍ത്തന്നെയുണ്ട്. ഓരോ ഇനത്തിലും നിശ്ചയിച്ച തുകകള്‍ പട്ടികരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. സംഭാവനകള്‍ക്ക് നികുതിയിളവ് ഉണ്ടാകുമെന്നും പറയുന്നു. എന്നാല്‍, സംഭാവന സ്വീകരിച്ചതിന്റെ കണക്കുകളോ നല്‍കിയവരുടെ വിവരങ്ങളോ ഇല്ല. ആലുവയില്‍ ജനസേവ ആരംഭിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ഒരു കുട്ടിയെ ഒരു വര്‍ഷത്തേക്ക് സ്പോസര്‍ ചെയ്യാന്‍ 10,000 രൂപയാണ് വേണ്ടത്. പത്താംക്ളാസുവരെ 50,000 രൂപ. കുട്ടികള്‍ക്ക് ഒരുദിവസം പാല്‍ നല്‍കാന്‍ 500 രൂപ, പ്രാതലിന് 1,500, ഉച്ചഭക്ഷണത്തിന് 2,500, ഒരു കുട്ടിയെ ഒരു വര്‍ഷത്തേക്ക് സ്പോസര്‍ ചെയ്യാന്‍ 3,500 എന്നിങ്ങനെയാണ് നിരക്കുകള്‍. ഇതിനുപുറമേ ശിശുഭവനിലെ ആജീവനാന്ത അംഗത്വത്തിന് 25,000 രൂപയാണെന്നും സൈറ്റില്‍ പറയുന്നു. സ്പോസര്‍ഷിപ്പുകള്‍ക്കും സംഭാവനകള്‍ക്കും നിക്ഷേപങ്ങള്‍ക്കുംപുറമെ സ്കൂളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൂപ്പ നല്‍കിയും ഭണ്ഡാരം സ്ഥാപിച്ചുമുള്ള പിരിവുമുണ്ട്. പണപ്പിരിവിന് ആസൂത്രിതമായ പ്രചാരണമാണ് നടത്തുന്നത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെയും സിനിമാതാരങ്ങളായ മമ്മൂട്ടി, സുരേഷ്ഗോപി, ജയറാം, ദിലീപ്, മഞ്ജുവാര്യര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് ജില്ലയിലെങ്ങും കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ദാരിദ്യ്രവും രോഗവും മറ്റു പീഡനങ്ങളുമേറ്റ കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുന്നു. പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഈ കുഞ്ഞുങ്ങളെ പ്രദര്‍ശനവസ്തുക്കളാക്കി വാര്‍ത്ത സൃഷ്ടിക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍, ചെന്നൈയില്‍ ആഘോഷമായി നടന്ന സിനിമയുടെ പൂജയ്ക്ക് ഇവരെയാരെയും പങ്കെടുപ്പിച്ചില്ല. ബ്രദര്‍ മാവൂരൂസ് 1999ല്‍ രൂപം നല്‍കിയതാണ് ജനസേവാ ശിശുഭവന്‍. ജോസ് മാവേലി പ്രസിഡന്റായതോടെ ശിശുഭവന്‍ സാമ്പത്തികശേഷിയും സ്വാധീനവുമുള്ള പ്രസ്ഥാനമായി വളര്‍ന്നു. മുന്‍ കലക്ടര്‍ കെ ആര്‍ രാജന്‍, ഐജി മുഹമ്മദ് യാസിന്‍, എസ്പി ടി എം സോമരാജന്‍ തുടങ്ങിയ പ്രമുഖര്‍ ശിശുഭവന്റെ ഡയറക്ടര്‍മാരാണ്.

അനംഗാരി said...

ലെവന്‍ ഒരു ഇന്‍‌റ്റര്‍നാഷണല്‍ ഫ്രോഡാണ്...

ബാജി ഓടംവേലി said...

:)

പ്രിയ said...

കഷ്ടം എന്നല്ലാതെ എന്ത് പറയാന്. ഇന്നലെ ന്യൂസില് ഇതു കേട്ടപ്പോള് വല്ലായ്മ തോന്നി. എന്തായാലും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ആ തീരുമാനം സാദാ ജനങ്ങള്ക്ക് ഈ കാര്യത്തില് കുറച്ചു കൂടെ ശ്രദ്ധ നല്കാന് ഇടയാക്കും.

(ഇന്നും ബാല്യം തെരുവുകളില് അലയുന്നു. പലരുടെയും നേട്ടങ്ങള്ക്കായി അവര് അലയണം എന്നത് തന്നെയാണോ പലരും ആഗ്രഹിക്കുന്നതും )