Saturday, May 17, 2008

പീറപ്പോലീസ്

ഇങ്ങനെയുമുണ്ടോ ഒരു പോലീസ്? തോക്കും കൈയില്‍ പിടിച്ച് ആത്മഹത്യ ചെയ്യുമെന്നും കൊല്ലുമെന്നും ഭീക്ഷണിമുഴക്കിയ ഒരുത്തനെ കീഴടക്കാന്‍ കഴിവില്ലാത്ത പന്നപ്പോലീസ്! ഇന്ത്യയിലെ തന്നെ ബെസ്റ്റ് പോലീസെന്നൊക്കെ കേരള പോലീസിനെ വിശേഷിപ്പിച്ചത് ആരാണോ എന്തോ! ഇനി എന്തൊക്കെ ആണെന്നു പറഞ്ഞാലും ആലുവയിലെ DySP മുതല്‍ താഴോട്ടുള്ള ഒരുത്തനും ഒരു പോലീസുകാരനു വേണ്ട മിനിമം ധൈര്യവും ബുദ്ധിയുമുണ്ടെന്ന് വിശ്വസിക്കുക ഇനി പ്രയാസം.

തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീക്ഷണി മുഴക്കിയ ആലുവക്കാരന്‍ സ്വാമിയെ, വീട്ടില്‍ നിന്ന് വിളിച്ചിറക്കി ജീപ്പില്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പോലീസ് 2 മണിക്കൂറോളം ഇയാളെ സ്റ്റേഷനിലിരുത്തി, ഭീക്ഷണികള്‍ കേട്ടു നിന്നതല്ലാതെ ഇയാളുടെ കൈയില്‍ നിന്ന് തോക്ക് തട്ടിയെടുക്കാന്‍ ഒന്നും ചെയ്തില്ല. മൊബൈലില്‍ നിരന്തരം സംസാരിച്ചിരുന്ന സ്വാമിയുടെ തോക്കു പിടിച്ച കൈക്ക് ഒരു ചെറിയ തല്ലു കൊടുത്ത് ആ തോക്ക് തട്ടിതെറിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതു പോലും ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ പോലീസെന്നും പറഞ്ഞ് മീശ പിരിച്ച് നടക്കാന്‍ കുറേപ്പേര്‍? ഇത് ഇവരുടെ ധൈര്യത്തിന്റെ കാര്യം.

ഇനി, ബുദ്ധിയോ? വളരെ ബുദ്ധിപരമായിട്ടായിരുന്നു പോലീസ് ഇത് കൈകാര്യം ചെയ്തത്. തോക്കു ചൂണ്ടി നിന്ന സ്വാമിയെ അനുനയിപ്പിക്കാന്‍ പോലീസ് കണ്ടു പിടിച്ചത് മനോരമയുടെ റിപ്പോര്‍ട്ടര്‍ ലേബിയെ. ഒരു വനിതാ പത്ര പ്രവര്‍ത്തകയെ, തോക്കു ചൂണ്ടി ആത്മഹത്യാ-വധ ഭീക്ഷണികള്‍ മുഴക്കിക്കൊണ്ടിരിക്കുന്ന ഒരു ക്രിമിനലിനു മുന്നിലേക്ക് സന്ധിസംഭാഷണത്തിനു വിടുന്ന ഈ പോലീസ് ബുദ്ധി അപാരം തന്നെ; അതും അന്‍പതോളം ഗഡാഗഡിയന്‍ പോലീസുകാര്‍ സ്റ്റേഷനില്‍ ഈച്ചയാട്ടിയിരിക്കുമ്പോള്‍! ഇനിയുമുണ്ടായി പോലീസിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍. ലേബി അകത്തിരുന്ന് സന്ധി സംഭാഷണം നടത്തുമ്പോള്‍, അകത്തേക്കു കടക്കണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ മറ്റ് മാദ്ധ്യമ പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ തലയില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന സ്വാമിയെ പോലീസ് ദാ പുറത്തേക്കിറക്കി കൊണ്ടു വരുന്നു - സ്വാമിയേയും തോക്കിനേയും കാണിച്ച് ബഹളമുണ്ടാക്കുന്നവരെ പേടിപ്പിക്കാനായിരിക്കണം ഇത്.

പിന്നെ കാണിച്ചതാണ് അതിഭയങ്കര ബുദ്ധി. പുറത്തേക്കിറങ്ങിയ സ്വാമി, 'നിങ്ങളേയും കൊല്ലും ഞാനും ചാവും' എന്ന് പറഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേ തിരിഞ്ഞപ്പോള്‍ സംഗതി അത്ര പന്തിയല്ലെന്നു കണ്ട ഏതോ ഒരു ബുദ്ധിമാന്‍ പോലീസുകാരന്‍ തലയിലേക്ക് തോക്കു ചൂണ്ടി കാഞ്ചിയില്‍ വിരലമര്‍ത്തി നില്‍ക്കുന്ന സ്വാമിയുടെ തോക്കു പിടിച്ച കൈയില്‍ പിടിച്ച് കീഴോട്ടു വലിച്ചു. വെടി പൊട്ടാന്‍ വേറെ എന്തെങ്കിലും കാരണം വേണോ? പൊട്ടി - അതും രണ്ടെണ്ണം. സ്വാമിക്കോ കൂടി നിന്ന മാദ്ധ്യമ പ്രവര്‍ത്തകരിലാര്‍ക്കുമോ വെടി കൊള്ളാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.

ഇതു താന്‍‌ടാ (കേരള) പോലീസ്!

അഭിനന്ദനങ്ങള്‍ സാറന്മാരെ, ഇനിയും പോരട്ടെ ഇത്തരം വീരകൃത്യങ്ങള്‍.

കടപ്പാട്: ഈ നാടകീയ രംഗങ്ങളൊക്കെ അതിന്റെ രസം ഒട്ടും ചോരാതെ രാവിലെ മുതല്‍ കാണിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാവിഷനും മനോരമ വിഷനും.

1 comment:

വക്കാരിമഷ്‌ടാ said...

പണ്ട് തിരുവനന്തപുരത്തെ ഇതിലും ബുദ്ധിയുള്ള പോലീസുകാര്‍ ചെയ്തത് ഏതോ ഒരു ഹോട്ടലില്‍ ഏതോ ഒരു പായ്ക്കറ്റില്‍ ബോംബാണോ എന്ന് സംശയിച്ചതുകാരണം ആ പായ്ക്കറ്റ് എടുത്ത് ഹോട്ടലിന്റെ വെളിയില്‍ വെച്ചിട്ട് ഹോട്ടല്‍ ബോയ് പോലീസിനെ വിവരമറിയിച്ചപ്പോള്‍ പോലീസുകാര്‍ ആ പായ്ക്കറ്റ് കൂളായി എടുത്ത് പോലീസ് ജീപ്പില്‍ സിറ്റി മുഴുവന്‍ കറങ്ങി പിന്നെ സ്റ്റേഷനില്‍ എത്തി ആ പായ്ക്കറ്റ് സ്റ്റേഷനകത്ത് ഏതോ ഒരു മേശയുടെ മേല്‍ കുറച്ച് സമയം വെച്ച് പിന്നെ ആര്‍ക്കോ എന്തോ ഒരു ബുദ്ധി തോന്നി അതെടുത്ത് സ്റ്റേഷനു പുറകിലെ വാട്ടര്‍ ടാങ്കിലോ മറ്റോ വെക്കാന്‍ വേണ്ടി പുറത്തേക്കെടുത്ത് വെച്ചപ്പോള്‍ ആ ബോംബ് പൊട്ടി.

ബോംബാണെന്ന് സംശയിച്ച് അതെടുത്ത് ഉടന്‍ ഹോട്ടലിന് വെളിയില്‍ വെച്ച് പോലീസുകാരെ വിളിക്കാന്‍ ആ ഹോട്ടലുകാരന്‍ കാണിച്ച ബുദ്ധിയുടെ ആയിരത്തിലൊന്ന് പോലുമില്ലായിരുന്നു പോലീസ് ബുദ്ധി (പണ്ടത്തെ വാര്‍ത്ത ഓര്‍മ്മയില്‍നിന്നെഴുതിയത്).

തോക്ക് സ്വാമിയുടെ കഥകളികള്‍ കേട്ടപ്പോള്‍ ചെകുത്താന്റെ വക്കീലായപ്പോള്‍ തോന്നിയത് ധീരമാധ്യമപ്രവര്‍ത്തകരുടെ ധീരതയുമായിരുന്നു. വെടിയൊച്ച കേട്ടപ്പോഴേ ഒരണ്ണന്റെ ബോധം പോയി (കാശ്മീരിലും ഇറാഖിലുമൊക്കെ പത്രപ്രവര്‍ത്തനം നടത്തുന്നവരെ ഓര്‍ത്തു). ബ്രീട്ടീഷുകാര്‍ക്കെതിരെ ധീരധീരം പോരാടിയ പത്രമാണ് ഞങ്ങളുടേത് എന്ന് പറഞ്ഞ് ഹിന്ദു പത്രാധിപര്‍ ജയലളിത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ ബാംഗ്ലൂരില്‍ പോയി ഒളിച്ചു. പണ്ടത്തെ ബ്രിട്ടീഷ് കാര്യമൊക്കെ ആരോ ചോദിച്ചപ്പോള്‍ പത്രം പറഞ്ഞത് തലവന് പ്രായമായി, ജയലളിതയുടെ പോലീസ് എങ്ങാനുമെടുത്തിടിച്ചാലോ എന്നോ മറ്റോ ആണ് (അതിലും പ്രായമായിരുന്നു, പണ്ട് ഗാന്ധിജിക്ക്).