Sunday, March 23, 2008

ഇറങ്ങിപ്പോകാന്‍ മാത്രമായി ഒരു പ്രതിപക്ഷം

കേരളത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? ഭരണപക്ഷത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് സഹകരിക്കുകയും, ജനദ്രോഹ നടപടികളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നൂണ്ടോ? പ്രതികരിക്കുക മാത്രമല്ല, ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടോ?

ഒന്നുമില്ല. സഭ കൂടുന്നു. എന്തെങ്കിലും വിഷയത്തില്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ ഒരു എം എല്‍ എ ക്ക് അവതരണാനുമതി നിഷേധിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു. നിത്യേന ഈ പ്രതിഭാസം കേരള നിയമസഭയില്‍ ആവര്‍ത്തിക്കപ്പെടുന്നു. പലപ്പോഴും ബാലിശമായ കാര്യങ്ങള്‍ക്കാവും ഈ ബഹിഷ്കരണം എന്നതാണ് ദൗര്‍ഭാഗ്യകരം. മാര്‍ച്ച് 6 ന് നടന്ന ബജറ്റ് പ്രഖ്യാപനത്തിനു ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും പ്രതിപക്ഷം ഇങ്ങനെ സഭ ബഹിഷ്കരിക്കുകയാണുണ്ടായത്.

പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞുകൂട. വിലക്കയറ്റത്തിനെതിരെ ഹര്‍ത്താലും ഉപവാസവും നടത്തി. എന്നാല്‍ കേരളത്തിന് റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തില്‍ അതിനെതിരെ ഒരു പരാതി പറയാന്‍ ആരും പോയില്ല്. അപ്പോള്‍ ജനങ്ങള്‍ക്ക് ഗുണം വരുത്തുകയല്ല, രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ് ചാണ്ടിയുടേയും കൂട്ടരുടേയും ലക്ഷ്‌യമെന്നു വ്യക്തം.

ഇനി, ആത്മാര്‍ത്ഥമായി വേണമെന്നു വെച്ചാല്‍ തന്നെ പല പ്രശ്നങ്ങളിലും ോരു പരിധിയില്‍ കവിഞ്ഞ് ഇടപെടാന്‍ പ്രതിപക്ഷത്തിനാവില്ല. ഉദാഹരണത്തിന് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് അടിയന്തിരമായി വീട് വെച്ച് നല്‍കണമെന്നാവശ്യപ്പെടാന്‍ സുനാമി ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 40 കോടി രൂപകൊണ്ട് ഒരു വീടു പോലും വെച്ചു നല്‍കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിക്കു കഴിയുമോ? ഇതുകൊണ്ടു തന്നെയാണ് ISRO, HMT തുടങ്ങിയ മറ്റനേകം പ്രശ്നങ്ങളില്‍ അധികം ഇടപെടാതെ പ്രതിപക്ഷം മാറി നില്‍ക്കുന്നത്.

ചെറിയ കാര്യങ്ങള്‍ക്ക് ബഹളമുണ്ടാക്കി സഭ വിട്ടിറങ്ങുന്ന പ്രതിപക്ഷം ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. നിങ്ങളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച ജനങ്ങളുടെ, നാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്; കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും നിയമസഭാസമ്മേളനങ്ങള്‍ക്ക് ചെലവാകുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്തരത്തില്‍ ആര്‍ക്കും ഒരു ഗുണവുമില്ലാതെ വെറുതെ ഒഴുക്കിക്കളയുന്നത്. സഭയില്‍ വന്ന് ഹാജരുവെച്ച് ഇറങ്ങിപ്പോകുന്നവര്‍ക്ക് ബത്ത കൊടുക്കാതിരിക്കാനും ശമ്പളം ആനുപാതികമായി കുറക്കാനും ഒരു നിയമം ഉണ്ടായാല്‍ ഇവര്‍ ഒരു പക്ഷേ സഭയില്‍ ഇരിക്കുകയെങ്കിലും ചെയ്തേക്കും.

വാല്‍ക്കഷ്ണം :

മാര്‍ച്ച് 19 ന് കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ സഭവിട്ടിറങ്ങിയ ഉമ്മന്‍ ചാണ്ടി നേരേ പോയത് ഏഷ്യാനെറ്റ് ക്യാമറാമാനെ അക്രമിച്ച സംഭവത്തില്‍ നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ച് KUWJ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍. സഭ എത്ര വൈകി പിരിഞ്ഞാലും അപ്പോള്‍ ചാണ്ടിയെക്കൊണ്ട് ഉദ്ഘാടിക്കാന്‍ കാത്തിരിക്കുകയായിരുന്നോ KUWJ? അതോ 'മാര്‍ച്ച് 19 വാക്കൗട്ട് ദിവസമാണ്. ഞാനങ്ങെത്തിയേക്കാം' എന്ന് ചാണ്ടി നേരത്തേ KUWJ ക്കാരെ അറിയിച്ചിരുന്നതോ?

3 comments:

മായാവി.. said...

എല്ലാ പ്രതിപക്ഷവുമ്- ഇങ്ങനെ തന്നെയല്ലെ? അചുമാമനെങ്ങനെയായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പൊ? ഉമ്മന്ചാണ്ടി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയും സിപീയെമ്മുകാര്‍ നിസ്വാര്ഥസേവനവുമാണെന്ന്നാണൊ പറയുന്നത് സഖാവേ? ഈ ഭരണത്തില്‍ നടന്ന കോല്ലരുതായ്കകളുടെ ഒരു പത്ത്ശതമാനമെങ്ങനും യു ഡി എഫ് ഭരണത്തില്‍ നടന്നിരുന്നെങ്കില്‍ കേരളത്തിലെ വഴുഇയിലൂടെ സധാരണക്കരന്‍ നടക്കന്‍ പറ്റുമായിരുന്നോ? എത്ര പൊതു/സ്വകാര്യ സ്ഥാപനങ്ങളുടേ ചില്ലു തകരും, ബസ്സ് കത്തിക്കുമായിരുന്നു? അതേപറ്റി നോക്കുമ്പൊ ഒന്നുമില്ലേറ്ലുംസമാധാനപ്രിയര്‍ തന്നെയല്ലെ യുഡി എഫുകാര്? ആരുടെയും പക്ഷംപിടിച്ചതല്ല യാഥാര്ഥ്യം പറഞ്ഞതാണ്.

മായാവി.. said...

കുഞ്ഞോ, ഞാനുമത് തന്നെ പറയാനിരിക്കുകയായിരുന്നു...എന്തായാലും ന്റെ വോട്ട് ഇങ്ങക്ക് തന്നെ.

ജിം said...

മായാവീ, ഇപ്പോഴത്തെ പ്രതിപക്ഷത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതിന് LDF പ്രതിപക്ഷമായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ അയവിറക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല. LDF അങ്ങനെയായിരുന്നിരിക്കും. അതുകൊണ്ട് UDF ഉം അതുതന്നെ ചെയ്യണമെന്നുണ്ടോ?

പിന്നെ, UDF കാര്‍ സമാധാനപ്രിയരാണെന്ന് മാത്രം പറയരുത്. ഈ സമാധാനപ്രിയര്‍ കഴിഞ്ഞ മാസത്തെ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ അക്രമങ്ങളുടെ പട്ടിക ഇതാ ഇവിടെ കാണാം;ഇവിടേയും!

ഈ കുഞ്ഞന്‍ പറഞ്ഞത് എന്താണാവോ?