വെള്ളിയാഴ്ചകളിലെ SSLC പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ സെവന്‍ത് ഡേ അഡ്‌വന്റിസ്റ്റ് മത വിശ്വാസികളായ നാലു വിദ്യാര്‍ത്ഥികളുടെ അപ്പീലിന് കേരള ഹൈക്കോടതിയുടെ മനോഹര പരിഹാരം. ഈ മതവിശ്വാസികളുടെ ആരാധന ശനിയാഴ്ചയായതിനാല്‍ ഈ നാലു കുട്ടികള്‍ക്ക് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം പരീക്ഷ നടത്താനാണ് ഹൈക്കോടതി വിധി.
ബാലിശമായ സര്‍ക്കാര്‍ തീരുമാനങ്ങളുടെയും അര്‍ത്ഥശൂന്യമായ കോടതിവിധികളുടെയും പരമ്പരയിലെ അവസാനത്തേത്.
പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ വഴിയും ട്രഷറി വഴിയും വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് SSLC പരീക്ഷകള്‍ ഉച്ചതിരിഞ്ഞ് നടത്താന്‍ തീരുമാനമായത്. ഇത് വെള്ളിയാഴ്ചകളിലെ ജുമ്‌അ നമസ്കാരത്തിനെത്താന്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന കാരണത്താലാണ് വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് നോക്കിനടത്തിയപ്പോള്‍ പോലും ഉണ്ടാകാത്ത ഈ തീരുമാനം മത പ്രീണനത്തിന്റെ ഭാഗം തന്നെയാവണം - ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ശനിയാഴ്ച മാത്രം ദൈവത്തെ ആരാധിക്കുന്ന വിശ്വാസികള്‍ 40 കൊല്ലം പഴക്കമുള്ള ഒരു വിധിയുമായാണ് കോടതിയിലെത്തിയത്. തങ്ങള്‍ക്കും ജൂതന്മാര്‍ക്കും ശനിയാഴ്ച ആറു മണിക്കു മുന്‍പ് ദൈവാരാധനയൊഴിച്ച് മറ്റൊന്നും പാടില്ലെന്ന് അന്ന് കോത്താഴത്തെ ഒരു കോടതി വിധിച്ചിട്ടുണ്ടത്രേ.
കോടതി പിന്നെ അധികം ആലോചിച്ചില്ല. ദാ കിടക്കുന്നു അപ്പീലിന്റെ തീര്‍പ്പ്. ഈ നാലുകുട്ടികള്‍ ശനിയാഴ്ച ആറിനുശേഷം പരീക്ഷയെഴുതും. എങ്ങനെ നടത്തും? ആരു നടത്തും? ഉച്ചക്കു കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വെച്ച് ഈ കുട്ടികള്‍ ആറുമണിക്ക് ശേഷം എഴുതുന്ന പരീക്ഷയുടെ വിശ്വാസ്യത? കോടതിക്കതൊന്നും അറിയണ്ട. വിധി പറയുക മാത്രമാണല്ലോ കോടതിയുടെ കര്‍ത്തവ്യം. നടപ്പിലാക്കേണ്ടത് സര്‍ക്കാരാണല്ലോ! സാമൂഹ്യപ്രതിബദ്ധതയില്ലാത്ത കോടതിവിധികള്‍ക്ക് മറ്റൊരുദാഹരണം.
മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് നാളെ പുതിയൊരു മതം തുടങ്ങി, അതിന്റെ ആരാധന സമയം തിങ്കളാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണെന്നു പ്രഖ്യാപിച്ചാല്‍ ആര്‍ക്കും ഇത്തരം കോടതിവിധികള്‍ സമ്പാദിക്കാം എന്നു ചുരുക്കും. ഈ വിധി ചൂണ്ടിക്കാണിച്ച് ഇനി ഇത്തരം എത്ര അപ്പീലുകള്‍ വരാനിരിക്കുന്നു.
കോടതി വിധിക്കെതിരെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കാണിച്ച് അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍. ഇനി ഈ അപ്പീലിന്റെ വിധി വന്നിട്ട് നാള പരീക്ഷ നടത്താനാവില്ലല്ലോ. അതിനാല്‍ നാളത്തെ പരീക്ഷ കോടതി പറഞ്ഞതുപോലെ. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് രണ്ടിന്; നാലു പേര്‍ക്ക് വൈകിട്ട് ആറിന്. പക്ഷേ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ നാലുപേരും ഉച്ചക്ക് രണ്ടിനു തന്നെ സ്കൂളില്‍ എത്തിയിരിക്കണം എന്ന് മന്ത്രി. അത് അന്യായമാണെന്നു പറയാന്‍ വയ്യ.
അങ്ങനെയെങ്കില്‍ ഇവര്‍ സ്കൂളില്‍ വന്നിരുന്നാണോ നാളെ ദൈവത്തെ ആരാധിക്കാന്‍ പോകുന്നത്? കുട്ടികള്‍ക്കൊപ്പം അമ്മയും അച്ഛനും പള്ളീലച്ചനുമൊക്കെ ആരാധിക്കാന്‍ സ്കൂളിലെത്തുമോ എന്തോ ? ആറു മണിക്ക് പരീക്ഷയുള്ളപ്പോള്‍ കുട്ടികള്‍ സ്കൂളിലിരുന്ന് പഠിക്കുമോ അതോ ദൈവത്തെ ആരാധിക്കുമോ?
പ്രിയ സെവന്‍ത് ഡേ ഭക്തന്മാരെ, അപ്പീലിനു പോയപ്പോള്‍ ഇങ്ങനെയൊരു തീരുമാനമുണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല അല്ലെ? ഇതിപ്പോള്‍ പുലിവാലു പിടിച്ചപോലെ ആയിപ്പോയല്ലോ! ഇതിനൊക്കെ കൃമികടി എന്നല്ലാതെ എന്താ പറയുക? സാരമില്ല, ഭക്തി അതിരുകടന്ന് അതു ചിലപ്പോള്‍ വിവേകത്തെ ഇല്ലാതാക്കുമെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ ചില പാഠങ്ങള്‍ നല്ലതാണ്.
Friday, March 14, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment