Friday, August 10, 2007

ഇന്ത്യാ-യു എസ് ആണവ കരാര്‍

ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കാനൊരുങ്ങുന്ന ആണവ സഹകരണ കരാര്‍ ഈ മാസം 14,16 തീയതികളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

കരാറുമായി മുന്നോട്ടു പോയാല്‍ അതിന് രാഷ്ട്രീയമായ വില നല്‍കേണ്ടി വരുമെന്ന ഇടതു സഖ്യത്തിന്റെ മുന്നറിയിപ്പിനെ, പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ ആയിക്കോളൂ എന്നു പുച്ഛിച്ചു തള്ളി, "രാഷ്ട്രത്തിനു ഗുണകരമായ" ഈ കരാറുമായി മന്‍മോഹന്‍ സിംഗും, യു പി എ യും മുന്നോട്ടു പോകുമ്പോള്‍, എന്താണ് ഈ കരാറുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്ന അന്‍വേഷണത്തില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഈ കരാറിന്റെ വിശദാശങ്ങളിലേക്ക് പോകും മുന്‍പ് ചില വസ്തുതകള്‍.

അണ്വായുധ ശേഖരം( ഊര്‍ജ്ജാവശ്യത്തിനുള്ള അണുശക്തി അല്ല ഉദ്ദേശിച്ചത്) ഉണ്ടെന്നു പ്രഖ്യാപിച്ച രാജ്യങ്ങള്‍ ആകെ 8 ആണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍, വടക്കന്‍ കൊറിയ എന്നിവയാണ് അവ.

ഇസ്രായേലിനും അണ്വായുധങ്ങളുണ്ടെന്ന ചില വെളിപ്പെടുത്തലുകളുണ്ടെങ്കിലും ആ രാജ്യം ഇത് പരസ്യമായി അംഗീകരിച്ചിട്ടില്ല.

1968 ല്‍ നിലവില്‍ വന്ന, 189 രാജ്യങ്ങള്‍ അംഗങ്ങളായ ആണവ നിര്‍വ്യാപന കരാര്‍-Non Proliferation Treaty(NPT) പ്രകാരം, അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (International Atomic Energy Agency-IAEA) ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും, ഊര്‍ജ്ജാവശ്യത്തിനുള്ള ആണവ പ്രക്രിയകളെന്ന പേരില്‍ ആണവായുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതുകൂടാതെ അണ്വായുധ ശേഖരം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ആയുധമോ സാങ്കേതിക വിദ്യയൊ ഇവര്‍ വില്‍ക്കാനും പാടില്ല.

ഇന്ത്യയും പാകിസ്താനും ആണവ നിര്‍വ്യാപന കരാറില്‍ അംഗങ്ങളല്ല.
വടക്കന്‍ കൊറിയ അംഗമായിരുന്നു. പിന്നീട് വിലക്ക് മറികടന്ന് പരീക്ഷണം നടത്തി പുറത്തായി;
ഇറാന്‍ അംഗമാണ്. കരാര്‍ മറികടന്ന് അവര്‍ ഒരു ആണവോര്‍ജ്ജ ഉല്പാദന ശാല ആയുധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു എന്നതാണ് ഇപ്പോള്‍ അമേരിക്ക ഇറാന്റെ മേല്‍ നടത്തുന്ന കുറ്റാരോപണം.

തുടര്‍ന്നുണ്ടായ മറ്റൊരു കരാറായ CTBT-Comprehensive Test Ban Treaty പ്രകാരം അംഗരാജ്യങ്ങള്‍ സൈനികമോ, സൈനികേതരമോ ആയ എല്ലാ ആണവ വിസ്ഫോടനങ്ങളും ഉപേക്ഷിക്കണം.
ഇന്ത്യയും പാകിസ്താനും വടക്കന്‍ കൊറിയയും ഇതില്‍ ഒപ്പുവെച്ചിട്ടില്ല.

1975 ല്‍ NSG-Nuclear Suppliers Group നിലവില്‍ വന്നു. NPT അംഗരാജ്യങ്ങള്‍ക്കിടയിലെ സാങ്കേതിക വിദ്യാ കൈമാറ്റം മറ്റു രാജ്യങ്ങളില്‍ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ കലാശിക്കുന്നുവെന്ന കണ്ടെത്തലാണ് ഇതിനു പിന്നിലെ കാരണം. 45 രാജ്യങ്ങള്‍ അംഗങ്ങളായ ഈ കരാര്‍ പ്രകാരം അണ്വായുധ സാങ്കേതിക വിദ്യയുടെയും, ഉപകരണങ്ങളുടെയും കൈമാറ്റം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കര്‍ശന നിരീക്ഷണത്തിനു വിധേയമാണ്. ഇതിലും ഇന്ത്യ അംഗമല്ല; പാകിസ്താനും.

ഈ കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ലെങ്കിലും, ഒരു യുദ്ധത്തിലും ആര്‍ക്കെതിരെയും ആദ്യം തങ്ങള്‍ അണ്വായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല.

1974 മെയ് 18 നു തുടങ്ങിയ അണുപരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നും തുടരുന്നു. തുടക്കത്തില്‍ ചില ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലെ റഷ്യന്‍, ഫ്രഞ്ച്, കനേഡിയന്‍ സഹകരണം ഒഴിവാക്കിയാല്‍ പരസഹായം കൂടാതെ തന്നെയാണ് ഇന്ത്യ അണ്വായുധം വികസിപ്പിച്ചത്. പത്തോളം ആണവ റിയാക്ടറുകളും, യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും, നൂറില്പരം അണ്വായുധ മുനകളും ഉണ്ടെന്നാണ് അനൗദ്യോകിക കണക്ക്. ചുരുക്കത്തില്‍ അണുശക്തി മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു. പക്ഷേ, ആദ്യ പരീക്ഷണം നടത്തി 30 കൊല്ലങ്ങള്‍ക്കു ശേഷവും, മൊത്തം ആവശ്യകതയുടെ വെറും 3 ശതമാനം ഊര്‍ജ്ജം മാത്രമേ അണുശക്തിയിലൂടെ നാം ഉല്പാദിപ്പിക്കുന്നുള്ളൂ. ആണവ റിയക്ടറുകളുടെ പ്രധാന ഇന്ധനമായ യുറേനിയത്തിന്റെ ലഭ്യതക്കുറവാണ് ഇതിന്റെ പ്രധാന കാരണം. NPT കരാര്‍ നിലവിലുള്ളതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇന്ധനമോ സാങ്കേതികവിദ്യയോ ഇന്ത്യക്ക് കൈമാറാനാവില്ല.

ഇനി ഇന്ത്യ അമേരിക്ക ആണവോര്‍ജ്ജ സമാധാന സഹകരണ കരാറിലേക്ക്:

ചുരുക്കത്തില്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിബന്ധനകള്‍ക്കു വിധേയമായി, സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജ ഉല്പാദനത്തിലും ഉപയോഗത്തിലും ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കുകയും അതോടൊപ്പം ഇത് അണ്വായുധ ശേഖരണത്തിനായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഈ കരാര്‍.

40 വര്‍ഷത്തേക്കുള്ള ഈ കരാറിന്റെ വിശദാശങ്ങളടങ്ങിയ 123 അഗ്രീമെന്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ വിദേശ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

ഈ കരാര്‍ പ്രകാരം നമ്മുടെ ആണവ റിയാക്ടറുകള്‍, പരീക്ഷണകേന്ദ്രങ്ങള്‍ എന്നിവ സൈനികം, സൈനികേതരം എന്ന് വ്യക്തമായി തരംതിരിക്കണം. സൈനികേതര കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍‍സിക്ക് പരിശോധനകള്‍ക്കായി തുറന്നു കൊടുക്കുകയും വേണം. ആണ്വായുധ സാങ്കേതിക വിദ്യ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ഇതു നല്‍കുന്നത് മേലില്‍ ഒഴിവാക്കുകയും, മറ്റ് NPT രാജ്യങ്ങളുമായി ആണവ നിര്‍വ്യാപനത്തില്‍ സഹകരിക്കുകയും വേണം.

ഈ കരാര്‍ വഴി, മുന്‍പു പറഞ്ഞ മറ്റ് കരാറുകളില്‍ ഒപ്പുവെക്കാതെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒരു ആണവശക്തിയായി അംഗീകരിക്കപ്പെടും. ഇതിനായുള്ള ബില്ല് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങളും, ആണവ നിര്‍വ്യാപനത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായ ഇന്ത്യയുടെ ഇതുവരെയുള്ള നിലപാടുമാണ് ഇന്ത്യയുമായി ഇങ്ങനെയൊരു സഹകരണത്തിന് കാരണമായി വൈറ്റ് ഹൗസ് പറയുന്നത്. ഇന്ത്യക്ക് മുടക്കമില്ലാതെ ഇന്ധനം നല്‍കാമെന്നും, മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനുള്ള സാഹചര്യമൊരുക്കാമെന്നും, ഇതിനായി മറ്റു NPT രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കരാര്‍ പറയുന്നു. NPT അംഗമല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് സാങ്കേതിക വിദ്യയും ഇന്ധനവും വാങ്ങാനാവില്ല എന്ന പ്രശ്നം ഇതോടെ ഇല്ലാതാവും.
(ഫലത്തില്‍ NPT യുടെ ഉദ്ധേശ്യ ലക്ഷ്യങ്ങള്‍ തന്നെ തകിടം മറിയുന്നു.)

ഇനി, ഇതുവരെ ഒരു ആണവ കരാറിലും ഒപ്പുവെക്കാത്ത ഇന്ത്യ എന്തിനിപ്പോള്‍ ഇങ്ങനെയൊരു കരാറില്‍ ഏര്‍പ്പെടണം?

ഈ കരാറിന്റെ എടുത്തു പറയത്തക്ക ഗുണങ്ങള്‍ ഇവയാണ്:

1. ഈ കരാര്‍ വഴി ഇന്ത്യ ഒരു ആണവ ശക്തിയായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടും.
2. ഈ അംഗീകാരത്തിനൊപ്പം, ആസ്ട്രേലിയ
, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ നിന്ന് ആണവ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം പോലെയുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കു കഴിയും.
3. ഈ മേഖലയില്‍ അന്യമായിരുന്ന സാങ്കേതിക വിദ്യകളും ഇതു വഴി ഇന്ത്യക്കു ലഭിക്കും.

ഇന്ത്യയുടെ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാവണം, ഇതിനെ ശ്രേഷ്ഠമായ ഒരു കരാറായി മന്മോഹന്‍ സര്‍ക്കാര്‍ എടുത്തു പറയുന്നത്. ഇന്ത്യയില്‍ യുറേനിയം ഒരു നുള്ളു പോലും ഇല്ല തന്നെ പറയാം. ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതില്‍ ഇന്ത്യയുടെ പങ്ക്. ഇപ്പോഴുള്ള സാങ്കേതിക വിദ്യ പ്രകാരം, യുറേനിയം വഴിയുള്ള ഊര്‍ജ്ജോല്പാദനമാണ് പ്രധാനം. ആ നിലക്ക് ഇന്ത്യയുടെ വളര്‍ന്നു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഈ കരാര്‍ വഴി കഴിഞ്ഞേക്കും.

ഇനി ഇതിന്റെ ദോഷങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്.

യുറേനിയം വാങ്ങാന്‍ അവസരമൊരുങ്ങുമെന്നല്ലാതെ വളരെ വിലപിടിപ്പുള്ള ഈ ഇന്ധനം വാങ്ങി ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ഇന്ത്യക്കാവുമോ എന്ന കാര്യം സംശയമാണ്. ഇന്ധനം മാത്രമല്ല, ഉല്പാദനവും ചിലവേറിയതാണ്; അപകടകരവും. ഇന്ത്യയേപ്പോലെ, 70 ശതമാനത്തിലധികം ജനങ്ങള്‍ ഗ്രാമങ്ങളില്‍ വസിക്കുകയും, കൃഷി ഒരു പ്രധാന ഉപജീവന മാര്‍ഗ്ഗവുമായ ഒരു രാജ്യം ചെയ്യേണ്ടത് , renewable energy resources ആയ കാറ്റ്, സൗരോര്‍ജ്ജം, ബയോമാസ് എന്നിവയില്‍ നിന്നും ഉല്പാദനത്തിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത് എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു

ഈ കരാര്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒരു ആണവ മത്സരത്തിന് വഴി വെച്ചേക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. ഉദാഹരണത്തിന് പാകിസ്താന്‍ വേറെ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കുകയും, കൂടുതല്‍ അണ്വായുധ ശേഖരം നടത്തുകയും ചെയ്യാന്‍ സാദ്ധ്യതകളുണ്ട്. ഈ കരാര്‍ വഴി NPT യുടെ നിബന്ധനകള്‍ അമേരിക്ക തന്നെ ലംഘിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളും അതു പിന്തുടരാം. പര്‍വേസ് മുഷാറഫ് ചൈനയുമായി ഇങ്ങനെയൊരു സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായും ഇറാനുമായുമുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാവാനും സാദ്ധ്യത കാണുന്നവരുണ്ട്. (ഇറാനില്‍ നിന്ന് പാകിസ്താന്‍ വഴി ഇന്ത്യയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അമേരിക്ക അനുകൂലമായ സമീപനമല്ല കൈക്കൊണ്ടിട്ടുള്ളത്.)

ഇന്ത്യയെ അവരുടെ ഒരു client ആക്കുക വഴി, അമേരിക്ക ഏഷ്യന്‍ മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ആണവ മേഖലയിലെ കരാറിനൊപ്പം, സംയുക്തമായി നടത്തുന്ന നാവിക അഭ്യാസവും മറ്റും ഇങ്ങനെയൊരു ധാരണ ലോകരാജ്യങ്ങള്‍ക്കിടയില്‍ പരത്താന്‍ സഹായകമാകും. ഇത് ചൈന പോലെയുള്ള അയല്‍ രാജ്യങ്ങളുമായുള്ള സഹകരണം കുറയ്ക്കാന്‍ കാരണമായേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വികസിത രാജ്യങ്ങള്‍ ആണവ ഇന്ധനം എന്ന പേരില്‍ വില്‍ക്കുന്നത് അവരുടെ ആണവ റിയാക്ടറുകള്‍ പുറംതള്ളുന്ന waste ആണെന്നൊരു വാദവും നിലവിലുണ്ട്. ഈ waste പണം കൊടുത്തു വാങ്ങുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഈ രാജ്യങ്ങള്‍ക്കു വേണ്ടി സ്വയം ഒരു ആണവ ചവറുകൂന ആയി മാറുകയാണ്.

യുറേനിയം ഇല്ലെങ്കിലും, ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കാവുന്ന മറ്റൊരു ഇന്ധനമായ തോറിയം വലിയ അളവില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ നാലിലൊന്നു വരും ഇത്. തോറിയം ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്പാദനം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഈ കരാര്‍ വഴി, യുറേനിയം മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനും, തോറിയം ഉപയോഗിച്ചുള്ള ഉല്പാദനത്തിന്റെ ഗവേഷണം ഉപേക്ഷിക്കാനുമുള്ള സമ്മര്‍ദ്ദം ഉണ്ടാകുമെന്നും കണക്കു കൂട്ടപ്പെടുന്നു.

കരാര്‍ പ്രകാരം, ആണവ മേഖലയിലെ എല്ലാ ഫെസിലിറ്റികളും നമ്മള്‍ സൈനികം, സൈനികേതരം എന്നിങ്ങനെ തരം തിരിക്കണം. ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ ഇങ്ങനെയൊരു classification ഇതിനു മുന്‍പുണ്ടായിട്ടില്ല. നമ്മുടെ റിയാക്ടറുകളും ആണവ ഗവേഷണങ്ങളും ഇങ്ങനെയൊരു തരംതിരിവില്ലാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനി ഇങ്ങനെയൊന്നുണ്ടാകുമ്പോള്‍, ഇവ രണ്ടിനുമായി വെവ്വേറെ റിയാക്ടറുകള്‍ സ്ഥാപിക്കേണ്ടതായി വരും. അത് ചെലവേറിയതാണ്. മാത്രമല്ല, പുതിയവ ഉണ്ടാക്കിയാല്‍ തന്നെ അവയെ ഇപ്പോള്‍ ഇറാനില്‍ സംഭവിച്ചതുപോലെ സൈനികാവശ്യപരം എന്ന് അന്താരാഷ്ട്ര ആവോര്‍ജ്ജ ഏജന്‍സി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. (കരാര്‍ പ്രകാരം സഹകരണം സൈനികേതര മേഖലയില്‍ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ഇന്ധനവും, സാങ്കേതിക വിദ്യകളും ഇതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ.)

നമ്മുടെ സൈനികേതര ആണവ കേന്ദ്രങ്ങള്‍ (പഴയതും പുതിയവയും) അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷനത്തില്‍ കൊണ്ടുവരണമെന്നതിനോടും വിയോജിപ്പുള്ളവരുണ്ട്. വന്‍ശക്തികളൊന്നും ഇങ്ങനെയൊരു നിരീക്ഷണത്തിന് വഴങ്ങിയിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള ആയിരത്തോളം റിയാക്ടറുകളില്‍ പത്തെണ്ണം മാത്രമാണ് ഈ രാജ്യങ്ങളിലെല്ലാം ചേര്‍ത്ത് ഉള്ളത്. നമ്മുടെ പരമാധികാരത്തിനു മേലുള്ള കൈകടത്തലായി ഇത് കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇപ്പോള്‍ ഇറാന്റെ മേല്‍ അമേരിക്കയും ഇതര രാജ്യങ്ങളും നടത്തുന്ന സമ്മര്‍ദ്ദത്തിനും, ഉപരോധങ്ങള്‍ക്കും ഭാവിയില്‍ നമ്മളും ഇതുവഴി വിധേയരാകേണ്ടി വന്നേക്കാം.


പ്രധാന മന്ത്രി പറയുന്നതു പോലെ അതിശ്രേഷ്ഠമായ ഒരു കരാറായി ഇതിനെ കാണാനാവില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. ഇന്ത്യക്ക് ഈ മേഖലയില്‍ സ്വയം പര്യാപ്തതയും,പുതിയ ശ്രമങ്ങള്‍ക്ക് വിജയ സാദ്ധ്യതയും ഉണ്ടെന്നിരിക്കെ, ചെലവു കുറഞ്ഞ ഊര്‍ജ്ജോല്പാദനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതിനു പകരം, രാജ്യത്തെ വന്‍ശക്തികള്‍ക്ക് അടിയറ വെച്ചുകൊണ്ട്, ചെലവേറിയ ആണവോര്‍ജ്ജം ഉല്പാദിപ്പിക്കാനായി ഇങ്ങനെയൊരു കരാറില്‍ ഒപ്പു വെക്കേണ്ടതുണ്ടോ എന്ന് ആരും ചിന്തിച്ചുപോകും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 60 വയസ്സു തികയുന്ന ഈ വര്‍ഷത്തില്‍, സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നും പിന്നുമുള്ള ദിവസങ്ങളില്‍ പാര്‍ലിമെന്റ് ഇക്കാര്യം ചര്‍ച്ചക്കെടുക്കുന്നത് തികച്ചും യാദൃശ്ചികം മാത്രമാവാം. ഈ കരാര്‍ വഴി നമ്മുടെ സ്വാതന്ത്ര്യവും, പരമാധികാരവും മറ്റാര്‍ക്കും അടിയറ വെക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ ചര്‍ച്ചകള്‍ക്ക് കഴിയും എന്നു പ്രത്യാശിക്കാം. ഒരു കരാറിലും പെട്ട് ഞെരിയാതിരിക്കട്ടെ നമ്മുടെ സ്വാതന്ത്ര്യം!

17 comments:

ജിം said...

ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കാനൊരുങ്ങുന്ന ആണവ സഹകരണ കരാര്‍ ഈ മാസം 14,16 തീയതികളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

മൂര്‍ത്തി said...

നന്ദി വിവരങ്ങള്‍ക്ക്. നല്ല തെളിഞ്ഞ ചിന്തയും അവതരണവും...തികച്ചും പ്രസക്തമായ പോസ്റ്റ്.

Mr. K# said...

നല്ല വിവരണം. വിവരങ്ങളും.

myexperimentsandme said...

ജിം, നല്ല വിവരണം. ജിം പറഞ്ഞ വശങ്ങള്‍ മനസ്സിലായി, വ്യക്തമായിത്തന്നെ.

ഇനി ഇതിന്റെ മറുവശം കൂടി ആരെങ്കിലും ഇതേ വ്യക്തതയോടു കൂടി പറയുകയാണെങ്കില്‍ (തമ്പിയളിയന്റെ മലയാളഭാഗം വളരെ ചുരുക്കി ആണെന്ന് തോന്നുന്നു), ഒരു നിഗമനത്തിലെത്താമായിരുന്നു.

ജിം പറഞ്ഞതൊക്കെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നതെങ്കില്‍ ഈ കരാറിനോട് എനിക്കും സംശയമായി. പിന്നെന്തുകൊണ്ട് മന്‍‌ഹോമഹന്‍ സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുന്നു എന്ന് മനസ്സിലാവുന്നില്ല.

അശോക് said...

Great presentation. You have included all vital points. But I am not sure about your conclusion. Yes, there could be a hidden political reason to it than what can be explained by energy need and a nuclear solution.

But alternatively, in forty years (while we will be using the imported Uranium) if we can come up with feasible breeder reactor technology and be capable of using the thorium which we abundantly have (including in our kerala coasts), wouldn’t the outcome be different.

myexperimentsandme said...

അശോക് ചൂണ്ടിക്കാണിച്ച തോറിയത്തിന്റെ കാര്യം തന്നെയെടുത്താല്‍ യുറേനിയം നമുക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും കിട്ടുന്നു എന്നതുകൊണ്ട് നാട്ടിലെ തോറിയം ഗവേഷണത്തെ അത് എത്രമാത്രം പ്രതികൂലമായി ബാധിക്കും? തോറിയം ഗവേഷണം മറ്റ് രാജ്യങ്ങള്‍ നിരുത്സാഹപ്പെടുത്തും എന്നതില്‍ കോണ്‍സ്പിരസി തിയറി എത്രമാത്രമുണ്ട്? ഏതാണ്ട് സ്വയം പര്യാപ്തമായിത്തന്നെ ആണവ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ഇത്രയും വികസിപ്പിക്കാമെങ്കില്‍ തോറിയം ടെക്‍നോളജിയും (അത് ഫീസിബിളും സയന്റിഫിക്കലി പോസിബിളുമാണെങ്കില്‍) നമുക്ക് വികസിപ്പിക്കാവുന്നതല്ലേ ഉള്ളൂ?

ഇനി നമ്മള്‍ ദൃഢനിശ്ചയത്തോടെ തോറിയം സാങ്കേതിക വിദ്യ വികസിപ്പിച്ചു എന്ന് കരുതുക. അങ്ങിനെയെങ്കില്‍ ഇപ്പോഴുള്ള ആണവ കരാര്‍ തോറിയം ഉപയോഗിച്ചുള്ള ആണവപരീക്ഷണങ്ങള്‍ക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും പ്രതികൂലമാവുമോ? ആവുമെങ്കില്‍ എത്രമാത്രം?

(ജിമ്മേ, തോന്നുന്ന സംശയങ്ങള്‍ അപ്പപ്പോള്‍ എഴുതുന്നു എന്ന് മാത്രം. മൊത്തത്തില്‍ ഈ കരാര്‍ നമുക്ക് ലോങ്ങ് ടേമില്‍ നല്ലതാണോ ചീത്തയാണോ എന്നുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള ചിന്തകള്‍ മാത്രമായി കാണുവാനപേക്ഷ)

ബയാന്‍ said...

യു എസ് ഭരണകൂടം കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തോടുകൂടിയാണു ആണവ കരാര്‍ രൂപപ്പെടുത്തിയതു, നമ്മളാണെങ്കില്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ചചെയ്യാതെ ഒപ്പിട്ടു വന്നിരിക്കുന്നു, ഇതെന്തേ ഇങ്ങനെ വരുന്നതു ? ലോകത്തേറ്റവും വല്യ ജനാധിപത്യ രാഷ്ട്രം എന്നൊക്കെ വെറും പറച്ചിലില്ലേ ഉള്ളൂ അല്ലെ ? ജനവികാരം പ്രതിഫലിക്കാതെ ഇങ്ങനെ ഒരൊരോ കരാര്‍ ഒപ്പിട്ടു വന്നാല്‍ പിന്നെയെന്തായിരുന്നു പാര്‍ലമെന്റിന്റെ ചുമതല ? എക്സിക്യുട്ടിവിനു എന്തു ഉടമ്പടിയിലേര്‍പ്പെടാനുളള സ്വാതന്ത്ര്യം ഉണ്ട് പോലും, പാര്‍ലമെന്റില്‍ വോട്ടിനിട്ടു സര്‍ക്കാര്‍ വീണാല്‍ പോലും ഈ കരാര്‍ നിലനില്‍ക്കും എന്നത് നവ ലോകക്രമത്തില്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. സ്വാതന്ത്ര്യം നേടിയിട്ടു കുന്തവും വടിയുമെല്ലാം താഴെവെച്ചിട്ടു അത്രയല്ലേ ആയിട്ടുള്ളൂ, ഇനിയും ഭാര്യയേയും കുട്ടിയേയും വിട്ടു ഒന്നും കൂടി ഇറങ്ങണമെന്നു വെച്ചാല്‍ ?

വിശാലമായ ജനാധിപത്യ ആശയങ്ങള്‍ക്കിടയിലൂടെ ഒളിച്ചുകടത്തപ്പെടുന്ന ഇത്തരം കള്ളക്കടത്തുകള്‍ എങ്ങിനെ തടയിടാന്‍ കഴിയും - എക്സിക്യുട്ടിവിനും ജൂഡീഷ്യറിക്കും പൊതു മനസ്സാക്ഷിക്കുമിടയില്‍ ഒരു അന്തസ്സാരവിചാരണ ആവശ്യമാണെന്നു ആനുകലികങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Anonymous said...

Before making a big noise about the deal, one should
appreciate Singh for taking a hard decision. If BJP was in power, one must
have seen the same decision and claim. To keep the same economic growth level, India need
more energy. There is no question about choosing nuclear energy. If one is talking about Thorium plants, at least we are
lagging by 20 year. Left is made most of the discussions with many(?) retired
personal from BARC and most of these people worry about loosing goverment control over nuclear industry. Their 'hierarchy' will be questioned and new
share holders will be there if many
private nuclear plants come up.

NB: There are countries/companies which purchase nuclear power, pump water from lower level to upper level and produce clean power and sell to countries/regions.

myexperimentsandme said...

ഇന്നത്തെ ഇന്ത്യന്‍ എക്സ്‌പ്രസ്സ് എഡിറ്റോറിയല്‍ ഇവിടെ. ഇന്ത്യന്‍ എക്സ്‌പ്രസ്സ് ഭയങ്കരമായി കരാറിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പുള്ളി said...

വായിച്ചു. ജിം കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്തിരിക്കുന്നു... വക്കാരി മുകളില്‍ കൊടുത്ത എഡിറ്റോറിയല്‍ ലിങ്ക് അയല്‍‌രാജ്യങ്ങളോടുള്ള സ്പര്‍ദ്ധയിലൂന്നിയ വളരെ വികാരപരമായ എഴുത്തായി തോന്നുന്നു. രാജ്യത്തിന്റെ ദീര്‍ഘകാല താല്പ്പര്യങ്ങളേക്കുറിച്ചൊന്നും അത് വിശദമാക്കുന്നില്ല. മറുഭാഗത്തെ ന്യായീകരിക്കുന്ന, ഈ പോസ്റ്റിന്റെ ടോണിലുള്ള കര്യമാത്രപ്രസക്തമായ എഴുത്തൊന്നും ഇതു വരെ കണ്ടില്ല...

Rasheed Chalil said...

ജിം ഒത്തിരി നന്ദി. നല്ല വിവരണം. കാലിക പ്രസക്തവും.

പുള്ളി said...

"ഊര്‍ജ്ജൊത്പാദനത്തിലും ഉപയോഗത്തിലും ഒന്നാമതാണ് ഏഷ്യ. എന്നാലോ ഈ ഉത്പാദനത്തേയും ഉപഭോഗത്തേയും നിയന്ത്രിക്കുന്ന ചട്ടക്കൂട് ഏഷ്യയ്ക്ക് വെളിയിലാണ് രൂപപ്പെടുന്നത്. നാമിത് മാറ്റേണ്ടിയിരിക്കുന്നു" എന്നു ഏഷ്യ-ആഫ്രികാ സമ്മിറ്റില്‍ പറഞ്ഞ മന്‍‌മോഹന്‍‍ സിങ്ങ് തന്നെ, നാല്പ്പതുവര്‍ഷം മുന്‍പ് ഒപ്പുവെച്ച ആണവ നിര്‍‌വ്യാപന കരാറില്‍നിന്ന് ഒരു സങ്കോചവും കൂടാതെ നടന്നകലുകയും, ഉത്തരവാദിത്വത്തോടെയുള്ള ഉപഭോഗത്തിന് ആഹ്വാനം ചെയ്യുന്ന ക്യോട്ടോ ട്രീറ്റിയില്‍ ഒപ്പുവെയ്ക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത അമേരിക്കയുമായി (അന്ന്ധമായ അമേരിക്കാ വിരോധമോ, വികാരിയാവുന്നതോ അല്ല, പക്ഷേ എങ്ങിനെ പറയാതിരിക്കും) ലോക ഊര്‍ജ്ജോത്പാദന ഉപഭോഗക്രമത്തെ രൂപപ്പെടുത്താന്‍ പുതിയഒരു കരാറൊപ്പിടുന്നത് കണ്ടിട്ട് എന്തോ പൊരുത്തക്കേട് തോന്നുന്നു. ഒന്നുകില്‍ പ്രധാനമന്ത്രിയ്ക്ക് മനം‌മാറ്റം വന്നിരിയ്ക്കും അല്ലെങ്കില്‍ പബ്ലിസൈസ് ചെയ്യാനാവാത്ത എന്തെങ്കിലും നയതന്ത്രപരമായ നേട്ടങ്ങള്‍ ഇതുകൊണ്ട് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കും.

'ഞാന്‍ തുടങ്ങിയതിന്റെ ക്രെഡിറ്റ് നീയെടുത്തോ?' എന്ന സ്മാര്‍റ്റ് സിറ്റി കാര്യത്തില്‍ കോണ്‍ഗ്രസിന് സി. പി. എം. നോടുതോന്നിയ അതേ എതിര്‍പ്പേ ബി.ജെ.പി യ്ക്ക് ഈ കാര്യത്തിലുള്ളതായി അറിയാനാകുന്നുള്ളൂ...

പുള്ളി said...

ഇന്ത്യയും അമേരിക്കയും ഒപ്പിടുന്ന 123 കരാറിന്റെ പൂര്‍ണരൂപം വിദേശകാര്യമന്ത്രാലയത്തിന്റെ ഈ സൈറ്റില്‍ കാണാം

മൂര്‍ത്തി said...

പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ള സി.പി.എം പ്രസ്സ് റിലീസ് ഇവിടെ.

ജിം said...

ആണവകരാര്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
ഡല്‍ഹി സയന്‍സ് ഫോറം വൈസ് പ്രസിഡന്റ് പ്രബിര്‍ പുകായസ്ത് CNN-IBN അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ വായിക്കുക

ജിം said...

കോണ്‍ഗ്രസ്സിന് അവസാനം കടുംപിടുത്തം ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. ആണവ കരാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി ഇന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഇടതുകഷികളെ അറിയിച്ചു.

അനോമണി said...

ജിം,
പുതിയ പോസ്റ്റില്‍ ഇട്ട ലിങ്ക് ഇവിടെ ആവര്‍ത്തിക്കുന്നു. ഇവിടെയാണ് കൂടുതല്‍ യോജിക്കുക എന്നുതോന്നുന്നു.

http://youtube.com/watch?v=99qkQIfV6UI&feature=related

വക്കാരിയുടെ സംശയത്തിന് ഉത്തരം ഇതില്‍നിന്നും വായിച്ചെടുക്കാവുന്നതാണ്. കരാറുകള്‍ വഴി അല്ലാതെതന്നെ നമ്മുടെ ഭരണകൂടം എത്രത്തോളം ഗവേഷണങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ biased ആണ് എന്നു Dr A Gopalakrishnan പറഞ്ഞുതരുന്നു.
ഇനി കരാറുകള്‍ വഴി നിയമങ്ങളെയും സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന തെങ്ങനെയെന്നു വന്ദന ശിവ പറയുന്നതു കേള്‍ക്കാം ഇവിടെ...
http://in.youtube.com/watch?v=Iq6jpkDNxtI