ലത - അതായിരുന്നു അവരുടെ പേര്. ഹോസ്റ്റല്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ അടുത്ത മുറികളിലെ താമസക്കാരെ കാണിച്ചു തരികയായിരുന്നു മാഡം. 'അതൊരു വട്ടു കേസാ..' എന്ന ഉപദേശവുമുണ്ടായിരുന്നു കൂടെ. മനസ്സിലപ്പോള്‍ മറ്റു പലതുമായിരുന്നതിനാല്‍ മേട്രന്‍ പറയുന്നതൊന്നും അപ്പോള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആ നഗരത്തില്‍ ഞങ്ങള്‍ നാലു പെണ്‍കുട്ടികള്‍ അന്നെത്തിയത് കോഴ്സിന്റെ ഭാഗമായ ഒരു പ്രോജക്ക്ടിനു വേണ്ടിയാണ്. താമസിക്കാനൊരു മുറിയന്വേഷിച്ച് അലയുകയായിരുന്നു ആ നേരം വരെ. ഞങ്ങളെ കൊണ്ടുവിടാന്‍ വന്ന എന്റെ അച്ഛനും നഗരം അത്ര പരിചിതമായിരുന്നില്ല. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കിട്ടുമെന്നുറപ്പിച്ച മുറി അവസാന നിമിഷം കിട്ടാതെ വരുമെന്ന് തീരെ കരുതിയിരുന്നുമില്ല. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ ദുഖവും ഒരു ദിവസം നീണ്ട യാത്രയുടെ ക്ഷീണവും കാരണം ഞങ്ങള്‍ ആകെ തളര്‍ന്നിരുന്നു. അവസാനം വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ നാലുപേര്‍ക്കും കൂടി കിട്ടിയ ആ ഒറ്റമുറിയാവട്ടെ, ആകെ മാറാലയും പൊടിയും നിറഞ്ഞ് കിടക്കാന്‍ കൊള്ളാത്ത അവസ്ഥയിലും. അത് എങ്ങനെയെങ്കിലും ഒന്നു വൃത്തിയാക്കിയെടുത്ത് ഉറങ്ങണം എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. അപ്പോഴാണ് മേട്രന്റെ പരിചയപ്പെടുത്തല്‍.
'ഇവിടെ ബാത്ത്റൂം..വെള്ളം രാവിലെ എട്ടിനു മുന്‍പും വൈകിട്ട് ആറിനു ശേഷവും..മുറികളില്‍ പത്തുമണിക്ക് ലൈറ്റോഫ് ചെയ്യണം..അതിനുശേഷം വായിക്കേണ്ടവര്‍ റീഡിംഗ് റൂമില്‍ പോകണം...'
മാഡം പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന്റെ സമയം ശ്രദ്ധിച്ചു. അത് കഴിഞ്ഞിരിക്കുന്നു. ഇനി മഞ്ജുവിന്റെ ബാഗിലുള്ള പഴം തന്നെ ശരണം.
അച്ഛന്‍ മുറി ശരിയായ ഉടന്‍ തന്നെ മടങ്ങിയിരുന്നു. സമയം വൈകിയതിനാല്‍ ഇനി മലബാര്‍ എക്സ്പ്രസ്സ് കിട്ടില്ല. ബസ്സിനു പോകേണ്ടി വരും. സീസണൊന്നുമല്ലാത്തതിനാല്‍ സീറ്റു കിട്ടിയേക്കും. എന്നാലും ഉറങ്ങാന്‍ പറ്റില്ല. രാവിലെ എത്തിയാലും ഓഫീസില്‍ പോകാനാവുമോ എന്തോ. അമ്മയും അനിയത്തിയും ഇന്നു വീട്ടില്‍ തനിച്ചായിരിക്കും അവരിപ്പോള്‍ തന്നെ ഓര്‍ക്കുന്നുണ്ടാകുമോ?
ചിന്തകള്‍ കാടുകയറി. ഇതിനു മുന്‍പ് വീടുവിട്ട് നിന്നിട്ടുള്ളത് ചെറുപ്പത്തില്‍ ഗൈഡ്സിന്റെയും മറ്റും ക്യാമ്പുകള്‍ക്ക് പോകുമ്പോഴാണ്. അപ്പോഴൊക്കെ കുറേ കൂട്ടുകാരും പാട്ടും കലാപരിപാടികളും മറ്റുമായി വീട്ടിലെ കാര്യങ്ങളൊന്നും ഓര്‍ക്കാറുപോലുമില്ല. പക്ഷേ ഇപ്പോള്‍ എന്തോ വല്ലാത്ത വിഷമം. പിന്നേയും എന്തൊക്കെയോ ഓര്‍ത്ത് അറിയാതെ കണ്ണു നിറഞ്ഞു. അറിയാതൊന്നു തേങ്ങിപ്പോയോ? കണ്ണു തുടക്കുമ്പോള്‍ മുറിക്കു പുറത്ത് കുറെ അപരിചിത മുഖങ്ങള്‍; ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുന്ന കൂട്ടുകാര്‍.
മുറി വൃത്തിയാക്കിയെന്നു വരുത്തി, പെട്ടിയും ബാഗുമൊക്കെയെടുത്തുവെച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് കണ്ടത്, മുറിക്കു പുറത്ത് ഞങ്ങളെ നോക്കിക്കൊണ്ട് ഒരു മുഖം. പുതിയ ആളുകളെ പരിചയപ്പെടാന്‍ വന്നതായിരിക്കുമെന്നു കരുതി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മുഖം മറഞ്ഞു; പുറകേ അടുത്ത് മുറിയുടെ വാതിലടയുന്ന ശബ്ദവുമെത്തി.
പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമമായിരുന്നു പിറ്റേന്ന്. എന്‍ട്രന്‍സ് കോച്ചിംഗിനു പഠിക്കുന്ന കുറച്ചു കുട്ടികളെ പരിചയപ്പെട്ടു. അവരാണ് ഹോസ്റ്റലിലെ രീതികളും താമസക്കാരേപ്പറ്റിയും ഒക്കെ കൂടുതല്‍ പറഞ്ഞു തന്നത്, കൂടെ അടുത്ത മുറിയിലെ ലതയെക്കുറിച്ചും. ആരോടും ഒന്നും സംസാരിക്കാത്ത 35-40 വയസ്സ് തോന്നിക്കുന്ന ലതക്ക് ഏതോ ഓഫീസില്‍ ജോലിയാണെന്നറിയാമെന്നല്ലാതെ, ആര്‍ക്കും അവരെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. ഇത്തിരി ലൂസാണെന്ന് ഹോസ്റ്റലില്‍ പൊതുവെ അറിയപ്പെട്ടിരുന്നതിനാല്‍ ആരും അവരോടത്ര അടുത്തു പെരുമാറാന്‍ ശ്രമിച്ചിട്ടുമില്ല ഇതേവരെ. തലേന്ന് മുറിയുടെ വാതില്‍ക്കല്‍ വന്ന് മറഞ്ഞ് നിന്നത് ലതയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് വിളിച്ചപ്പോഴും കത്തയച്ചപ്പോഴുമെല്ലാം അല്പം അതിശയോക്തി കലര്‍ത്തി ഹോസ്റ്റലിലെ ഭ്രാന്തിയെക്കുറിച്ചും പറഞ്ഞതല്ലാതെ ഞങ്ങള്‍ക്കിടയില്‍ ലത ഒരു സംസാരവിഷയമായി പോലും കടന്നുവന്നിരുന്നില്ല. ഞങ്ങള്‍ ഉണരുമ്പോഴേക്ക് ലത പോയിട്ടുണ്ടാവും. വൈകിട്ട് തിരിച്ചെത്തുമ്പോഴേക്കും അവരുടെ മുറിയില്‍ ലൈറ്റണഞ്ഞിരിക്കും. ഇടക്കെപ്പോഴെങ്കിലും കണ്ടെങ്കില്‍ തന്നെ എല്ലാവരും ഒഴിഞ്ഞുമാറാറായിരുന്നു പതിവ്. ഒരുതരത്തില്‍ ഹോസ്റ്റലില്‍ എല്ലാവരും ലതയെ ഒറ്റപ്പെടുത്തുകയായിരുന്നു. വീടുവിട്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയുടെ എത്രയോ മടങ്ങ് ദിവസവും ലത അനുഭവിക്കുന്നുണ്ടാകുമെന്ന് അന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.
നഗരത്തിന്റെ പ്രത്യേകതകളില്‍ ആദ്യം കണ്ണില്‍പ്പെട്ടത് അദ്ധ്വാനിച്ചു ജീവിക്കുന്ന സ്ത്രീകളാണ്. മീനും പച്ചക്കറിയും വില്‍ക്കുകയും തലച്ചുമടെടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പുതിയ കാഴ്ചയായിരുന്നു. ഒരു പുരുഷന്‍ ചെയ്യുന്നത്ര, ചിലപ്പോള്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായവര്‍, സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് പരിതപിക്കാത്തവര്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ ജോലിചെയ്യുന്നു; തന്റേടത്തോടെ, ആരുടേയും ശല്യമില്ലാതെ. രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് വനിതാ ദിനത്തില്‍ ജാഥ നടത്തുന്നവര്‍ ഇവരെക്കണ്ട് പഠിക്കട്ടെ - സ്ത്രീ സ്വാതന്ത്ര്യം നേടേണ്ടത് പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന്!
നഗരം കാണാനായി അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പാര്‍ക്കിലേക്കും മ്യൂസിയത്തിലേക്കും ഒക്കെ പോകുമായിരുന്നു. ആ യാത്രകളില്‍ പലപ്പോഴും പാര്‍ക്കിലും മറ്റും വെച്ച് ഞങ്ങള്‍ ലതയെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ കാണാത്ത മട്ടില്‍ പിന്തിരിയാറായിരുന്നു പതിവ്. അവധി ദിവസങ്ങളിലും അവര്‍ രാവിലെ റൂമില്‍ നിന്നിറങ്ങി ഇങ്ങനെ എവിടെയെങ്കിലുമൊക്കെ ചുറ്റിക്കറങ്ങി വൈകിട്ടേ ഹോസ്റ്റലിലെത്തൂ. ഇതിനൊക്കെ വട്ടെന്നല്ലാതെ പിന്നെന്താ പറയുക?
ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കാര്യമായി നടക്കുന്നു. അതിനിടയിലാണ് ഒരു ദിവസം എനിക്ക് പനി പിടിച്ചത്. ഒന്നോ രണ്ടൊ പാരസെറ്റാമോളില്‍ തീരുന്ന കാര്യമേയുള്ളുവെങ്കിലും ക്ഷീണം തോന്നിയതിനാല്‍ അന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ലെന്നു വെച്ചു. കൂട്ടുകാര്‍ മൂന്നു പേരും പോയി. കൂട്ടിരിക്കാമെന്നു പറഞ്ഞ മഞ്ജുവിനേയും ഞാന്‍ തന്നെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു. ഒന്നു മയങ്ങി ഏണീക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന പനി. പിന്നേയും കഴിച്ചു ഒരു പാരസെറ്റമോള്‍. ഡോക്ടറെ കാണുന്നതാവും നല്ലത് എന്നു തോന്നിത്തുടങ്ങി; പക്ഷേ എഴുന്നേറ്റു ചെന്ന് ആരോടെങ്കിലും കാര്യം പറയാനുള്ള ആരോഗ്യം പോലും ഇല്ലായിരുന്നു. പിന്നെ വരുന്നതു വരട്ടെ എന്നു കരുതി മൂടിപ്പുതച്ചു കിടന്നു.
കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. ലത അടുത്തിരുന്ന് തുണി നനച്ച് നെറ്റിയില്‍ വെക്കുന്നുണ്ട്. മുറിയില്‍ കിടന്ന് ഞാന്‍ പിച്ചും പേയും പറയുന്നതു കേട്ടെത്തിയ മാഡം, അപ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന ലതയേയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചതാണ്. ഇടക്കിടെ ലത തലയില്‍ തടവിക്കൊണ്ടിരുന്നു. അപ്പോള്‍ തോന്നിയ സുഖം ഇപ്പോഴും മറന്നിട്ടില്ല. അന്ന് ലതയില്‍ ഞാനെന്റെ അമ്മയെ കണ്ടു; അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലത എന്ന ഞങ്ങളുടെ ലതച്ചേച്ചിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് ആ ആശുപത്രിക്കിടക്കയില്‍ വെച്ചാണ്.
മറ്റെല്ലാവരേയും പോലെ ഒരു സാധാരണ സ്ത്രീയായിരുന്നു ലതച്ചേച്ചിയും. ഡിഗ്രി വരെ പഠിച്ചു, പി എസ് സി ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ജോലി കിട്ടി, വിവാഹം കഴിച്ചു, ഒരു കുഞ്ഞുമുണ്ടായി. അതിനിടക്കെപ്പോഴോ ചേച്ചിയുടെ സംസാരശേഷിയും കേള്‍വിയും കുറഞ്ഞുതുടങ്ങി. ഒരു ചികിത്സയും ഫലം കണ്ടില്ല. ഒരു വേള അവ തീര്‍ത്തും നഷ്ടപ്പെട്ടപ്പോള്‍ ഭര്‍ത്താവിന് ചേച്ചിയെ വേണ്ടാതായി. അധികപ്പറ്റാണെന്നു തോന്നിപ്പോള്‍, താനുംകൂടി അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്നും ചേച്ചിയിറങ്ങി; കരയാനോ കാലുപിടിക്കാനോ പോകാതെ, ഒരു അവകാശവാദവും ഉന്നയിക്കാതെ. തന്റെ വൈകല്യങ്ങള്‍ ലതച്ചേച്ചിയില്‍ വല്ലാത്ത അപകര്‍ഷതാബോധം വളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ഹോസ്റ്റലില്‍ മറ്റുള്ളവരുമായി കഴിവതും ഇടപഴകാതിരിക്കാന്‍ ചേച്ചി ശ്രമിച്ചതും. തന്റെ നിസ്സഹായാവസ്ഥയും ഒറ്റപ്പെടലും കുഞ്ഞിന്റെ ഓര്‍മ്മകളും ചേച്ചിയില്‍ ഉണ്ടാക്കിയ വികാരങ്ങളാവണം പലപ്പോഴും ഭ്രാന്തിന്റെ ലക്ഷണങ്ങളായിയി തെറ്റിദ്ധരിക്കപ്പെട്ടത്.
ലതച്ചേച്ചിയുമായി ഞങ്ങള്‍ നാലുപേരും വേഗം അടുത്തു. ആംഗ്യത്തിലൂടെയും ചെറിയ കുറിപ്പുകളിലൂടെയുമായിരുന്നു ഞങ്ങളുടെ ആശയവിനിമയം. രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചേച്ചിയുടെ മുറിയിലെത്തും. ഉറക്കം വരുന്നതുവരെ ചേച്ചിയുമായി നിശബ്ദമായി സംസാരിച്ചുകൊണ്ടിരിക്കും. ചേച്ചി ഞങ്ങള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. ചേച്ചിയുമായി അടുത്ത ശേഷം പഴയപോലെ വീടിനെക്കുറിച്ചോര്‍ത്ത് കരയാനൊന്നും സമയം കിട്ടാതായി. വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ സങ്കടമൊക്കെ ഞങ്ങളെ പാടേ വിട്ടുപോയിരുന്നു. രാത്രി ഏറെ വൈകിയാല്‍ 'നാളെ പോകണ്ടതല്ലെ, കിടന്നുറങ്ങിക്കോളൂ' എന്ന് ചേച്ചി ഒരു പേപ്പറിലെഴുതുമ്പോള്‍ ആ മുഖത്ത് ഒരച്ഛന്റെ ഭാവമായിരിക്കും. രാവിലെ വിളിച്ചുണര്‍ത്താനും, വഴക്കു പറഞ്ഞ് ഭക്ഷണം കഴിപ്പിക്കാനും അമ്മയേപ്പോലെ ചേച്ചിയുണ്ടായിരുന്നു. നേരം വൈകി വരുന്ന ദിവസങ്ങളില്‍ ചേച്ചി പരിഭവിക്കുമായിരുന്നു. നിങ്ങള്‍ വൈകുമ്പോള്‍ എനിക്ക് പേടിയാകുമെന്ന് എത്രയോ തവണ ചേച്ചി എഴുതിയിരിക്കുന്നു. ആരുമല്ലാതിരുന്നിട്ടൂം ഞങ്ങള്‍ക്ക് ആരൊക്കെയോ ആവുകയായിരുന്നു ചേച്ചി.
ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കഴിയാറായി. നാട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്. ചേച്ചിക്കായിരുന്നു ഞങ്ങളേക്കാള്‍ സങ്കടം. തനിക്കു വീണ്ടും ആരുമില്ലാതാകുമെന്ന് ചേച്ചിയെഴുതി. ചേച്ചിയെ വീണ്ടും ഇവിടെ തനിച്ചാക്കി പോകണമല്ലോ എന്നതായിരുന്നു ഞങ്ങളെയും ഏറെ വിഷമിപ്പിച്ച കാര്യം.
അവസാനം ആ ദിവസവുമെത്തി. ഞങ്ങള്‍ ആ നഗരത്തോട് വിട പറയുന്ന ദിവസം. സ്റ്റേഷന്‍ വരെ ചേച്ചിയും ഞങ്ങളുടെ കൂടെ വന്നു. ആരും ഒന്നും സംസാരിച്ചില്ല. ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സങ്കടങ്ങള്‍ വരുമ്പോള്‍ ആശ്വസിപ്പിക്കാറുള്ള ചേച്ചിയുടെ കരയുന്ന മുഖം കണ്ട് ഞങ്ങളും വിതുമ്പിപ്പോയി.
ഏഴുമണിക്ക് എത്തേണ്ട ട്രയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ചേച്ചിയോടൊത്ത് കുറച്ചു സമയം കൂടി ചെലവഴിക്കാന്‍ ദൈവം കനിഞ്ഞു നല്‍കിയ നിമിഷങ്ങള്‍. പക്ഷേ ഒരു വാക്കു പോലും പറയാനാവാതെ ആ ഒരു മണിക്കൂറും വേഗം പോയി. അവസാനം വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ചേച്ചിയെ ഇനിയും കണ്ടു പോലും കൊതിതീര്‍ന്നില്ലല്ലോ എന്നായിരുന്നു മനസ്സില്‍. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ ഇടക്കിടെ തുടച്ച് കൈവീശി ചേച്ചി ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു, കണ്ണില്‍ നിന്ന് മറയുവോളം!
ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നീ വനിതാ ദിനത്തില്‍ ലതച്ചേച്ചിയെ ഞാന്‍ വീണ്ടുമോര്‍ത്തു. സ്റ്റാറ്റസ് സിംബലായി സ്ത്രീ സമത്വം പ്രസംഗിക്കുകയും പബ്ലിസിറ്റിക്കു വേണ്ടി ജാഥ നടത്തുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല, ബന്ധുക്കളാലും സമൂഹത്താലും തിരസ്കരിക്കപ്പെട്ടിട്ടും തളരാതെ, തന്റേടത്തോടെ ജീവിക്കുന്ന ലതച്ചേച്ചിയെപ്പോലുള്ള ആയിരങ്ങളുടെ ദിനമാണിത്. അവര്‍ക്കഭിവാദ്യങ്ങള്‍!
Saturday, March 08, 2008
Thursday, February 14, 2008
നീതി നിര്‍വ്വഹണമോ നീതി നിഷേധമോ?
"നീതി നിര്‍വ്വഹണത്തിനാധാരം നിയമപുസ്തകങ്ങളല്ല, മറിച്ച് രാജ്യത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ്"
മുന്‍ അമേരിക്കന്‍ പ്രസിഡന്റും, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടറുടേതാണ് ഈ വാക്കുകള്‍. നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കുന്ന ചില വിധികള്‍ കേള്‍ക്കുമ്പോള്‍ നീതിപീഢത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ രാഹിത്യത്തെക്കുറിച്ച് നാം ചിന്തിച്ചു പോകുന്നു. നീതി നടപ്പാക്കുകയല്ല, മറിച്ച് നിയമങ്ങളുടെ നൂലാമാലകളില്‍ കുരുക്കി, സധാരണക്കാരന് നീതി നിഷേധിക്കുകയാണ് പലപ്പോഴും നമ്മുടെ കോടതികള്‍ ചെയ്യുന്നത്.
ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്സി ബോട്ട്ലിംഗ് പ്ലാന്റിനനുകൂലമായി വന്ന സുപ്രീം കോടതി വിധി. പുതുശ്ശേരി പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷ്മായ കുടിവെള്ള ക്ഷാമം കാരണം, ദിനം പ്രതി 18 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തന ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പെപ്സി നല്‍കിയ പരാതിയിലാണ് കോടതിയുടെ അനുകൂല വിധി. ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന് അത് റദ്ദാക്കാനുള്ള അധികാരമില്ലെന്നാണ്, പഴയ ഒരു ഹൈക്കോടതി വിധിയെ ആധാരമാക്കി സുപ്രീം കോടതി കണ്ടെത്തിയത്. കാര്യങ്ങള്‍ അവിടെ കഴിഞ്ഞു.
ഈ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം ആര്‍ക്കാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചാല്‍..? അത് കോടതിയെ സംബന്ധിക്കുന്ന കാര്യമല്ല. That's none of our business എന്നു പറഞ്ഞ് കൈ കഴുകും കോടതികള്‍. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ടെന്നു പറയപ്പെടുന്ന fundamental rights എവിടെ? അതു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന കോടതികള്‍ എവിടെ? ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പുതുശ്ശേരി പഞ്ചായത്തുകാര്‍ ഇനി എവിടെയാണ് പരാതി നല്‍കേണ്ടത്?
ഈ വിധിയുടെ ആനുകൂല്യത്തില്‍, 2004 ല്‍ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കോ കോള പ്ലാന്റും തുറന്നു പ്രവര്‍ത്തിക്കട്ടെ. നമ്മുടെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്ന, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ തൊണ്ട നനക്കാന്‍ ഒരുതുള്ളി വെള്ളം പോലും ബാക്കിവെക്കാതെ കുപ്പിയിലാക്കി വിറ്റ് കാശുവാരുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പിണിയാളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറുന്ന ദു:ഖകരമായ അവസ്ഥ.
പരമോന്നത നീതിപീഢത്തിന്റെ വിശ്വാസ്യതയെത്തന്നെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് കുറെ നാളുകളായി കോടതികളുടെ ചില വിധികളും ഇടപെടലുകളും. സ്വാശ്രയ കോളേജ് പ്രവേശനവും, ജസീക്ക ലാല്‍ വധക്കേസും, തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചതും, പൊതു താല്പര്യ ഹര്‍ജികള്‍ നിര്‍ത്തലാക്കണമെന്ന ആഹ്വാനവുമൊക്കെ അവയില്‍ ചിലതു മാത്രം. ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ സര്‍ക്കാരുകള്‍ക്കും, ഭരണ വ്യവസ്ഥിതികള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന ജഡ്ജിമാര്‍ പക്ഷേ, തങ്ങളുടെ ന്യായവിധികളില്‍ പലതും കണ്ടില്ലെന്നു നടിക്കുന്നു; ചിലത് സൗകര്യപൂര്‍വ്വം സാങ്കേതികത്വത്തിന്റെ മറയ്ക്കുള്ളിലാക്കുന്നു. വിമര്‍ശിക്കുന്നവരെ 'കോടതിയലക്‌ഷ്യം' എന്ന് പറഞ്ഞ് വിരട്ടുന്നു. സുപ്രീം കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ലേഖനമെഴുതിയ, മിഡ് ഡേ പത്രത്തിന്റെ നാല് ലേഖകര്‍ക്കാണ് കോടതിയലക്‌ഷ്യത്തിന് അഴിയെണ്ണേണ്ടി വന്നത്.
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"
മലയാളത്തിന്റെ പ്രിയകവി വയലാറിന്റെ ഈ വാക്കുകള്‍, ശുഷ്ക നിയമങ്ങളുടെ പേരില്‍ സാധാരണക്കാരന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നമ്മുടെ നീതിപീഢങ്ങളിലെ വിധികര്‍ത്താക്കള്‍ കേള്‍ക്കാന്‍ വഴിയില്ല. കേട്ടിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു!

Tuesday, February 05, 2008
INS ജലാശ്വ - കോടികള്‍ മുടക്കി വാങ്ങിയ ദുരിതം
2008 ഫെബ്രുവരി 1 ന്, വിശാഖപട്ടണത്തിനടുത്ത് ഇന്ത്യന്‍ നേവിയുടെ പുതിയ യുദ്ധക്കപ്പലായ INS ജലാശ്വ നടത്തിയ നാവികാഭ്യാസത്തിനിടെ അഞ്ച് നാവികര്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.
കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിച്ചാണത്രെ മരണം സംഭവിച്ചത്. പക്ഷേ, 2007 സെപ്റ്റംബറില്‍ ഇന്ത്യന്‍ നേവി സ്വന്തമാക്കിയ, വെറും 4 മാസം പ്രായമുള്ള കപ്പലില്‍ എന്ത് അറ്റകുറ്റപ്പണി എന്ന് ആരും സംശയിച്ചു പോകും.
സത്യത്തില്‍, 5 കോടി ഡോളര്‍ നല്‍കി ഇന്ത്യന്‍ നേവി അമേരിക്കയില്‍ നിന്ന് വാങ്ങിയ INS ജലാശ്വ എന്ന പടക്കപ്പല്‍ അത്ര ചെറുപ്പമല്ല; വയസ്സ് 40 കഴിഞ്ഞിരിക്കുന്നു ഈ കപ്പല്‍ മുത്തശ്ശിക്ക്. 1968 ല്‍ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച്, അമേരിക്കന്‍ നാവികസേന 1971 ല്‍ USS Trenton എന്ന പേരില്‍ കമ്മീഷന്‍ ചെയ്ത്, 35 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം 2006 ല്‍ ഡീകമ്മീഷന്‍ ചെയ്ത് പൊളിച്ചു വില്‍ക്കാനിരുന്ന കപ്പലാണ് കോടികള്‍ നല്‍കി സര്‍ക്കാര്‍ വാങ്ങി INS ജലാശ്വ(നീര്‍ക്കുതിര) എന്ന് നാമകരണം ചെയ്ത്, നേവിക്ക് കൈമാറിയത്.
ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആദ്യത്തെ യുദ്ധക്കപ്പലാണിത്. ഇന്ത്യ അമേരിക്ക ആണവ കരാറിന്റെ മറവില്‍, അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന് ന്യൂക്ലിയര്‍, ആയുധ ചവറുകളില്‍ വെറും ഒരെണ്ണം മാത്രമാണ് ഇത്. ഇനിയും 3 തവണകളായി മറ്റു പല 'ചവര്‍' യുദ്ധോപകരണങ്ങളും ഇന്ത്യയിലേക്ക് വരാനൊരുങ്ങിയിരിക്കുന്നു എന്നും കേള്‍ക്കുന്നു.
അമേരിക്കയുടെ ലക്ഷ്യം ഈ ചവര്‍ എങ്ങനെയും നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്നു മാത്രമായിരുന്നു. കാശ് അങ്ങോട്ടു കൊടുത്ത് ചവറു കളയാന്‍ സ്ഥലം നോക്കി നടന്ന അമേരിക്കക്ക്, കോടികള്‍ നല്‍കി ഇന്ത്യ അത് വാങ്ങിക്കൊണ്ടു പോന്നു.
കപ്പലുകളില്‍ ഉണ്ടാകുന്ന ആസ്ബസ്റ്റോസ്, ലെഡ്, മെര്‍ക്കുറി തുടങ്ങിയ രാസവസ്തുക്കളും, മറ്റ് ടോക്സിക് ദ്രാവകങ്ങളും പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന കാരണത്താല്‍ മിക്ക വികസിത രാജ്യങ്ങളും, ഇന്ത്യയും ബംഗ്ലാദേശും പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിലധികവും കയറ്റിയയക്കുന്നത്.
അന്ധമായ അമേരിക്കന്‍ വിധേയത്വത്തിന്റെ പേരിലും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി, രാജ്യത്തെയും ജനങ്ങളെയും ബലികൊടുക്കാന്‍ മടിയില്ലാതായിരിക്കുന്നു ഇന്നത്തെ ഭരണ നേതൃത്വങ്ങള്‍ക്ക്. റഷ്യയില്‍ നിന്ന് വാങ്ങിക്കൂട്ടിയ 'Flying Coffins' എന്നറിയപ്പെടുന്ന Mig-21 യുദ്ധവിമാനങ്ങള്‍ക്ക് പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 320 ഓളം അപകടങ്ങളില്‍ നമുക്കു നഷ്ടമായത് 160 എയര്‍ഫോഴ്സ് പൈലറ്റുമാരെ.
ഫ്രാന്‍സ് നേവി ഉപയോഗിച്ചിരുന്ന ക്ലമന്‍സ്യൂ എന്ന കപ്പല്‍ 40 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം പൊളിച്ചു കളയാന്‍ മംഗലാപുരത്ത് കൊണ്ടുവന്നതും, അവസാനം, ഗ്രീന്‍പീസ് തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചു കൊണ്ടുപോയതും മറക്കാന്‍ സമയമായിട്ടില്ല.
40 വര്‍ഷം പഴക്കമുള്ള ഈ കപ്പല്‍ വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകമെന്താണ്? സാങ്കേതികമായി എന്തെങ്കിലും പ്രത്യേകതയുള്ളതാണോ ഈ കപ്പല്‍? ഇത്തരമൊന്ന് ഇവിടെ നിര്‍മ്മിക്കാന്‍ സാദ്ധ്യമല്ലേ? അതിനുള്ള ടെക്നോളജി നമുക്കില്ലേ? അഥവാ, നിര്‍മ്മിക്കുകയാണെങ്കില്‍ അതിനായി ഇതിലും കൂടുതല്‍ പണം ചെലവാക്കേണ്ടതുണ്ടോ? ബോംബേ, കല്‍ക്കട്ട, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ഇപ്പോള്‍ പണിയൊന്നും നടക്കുന്നില്ലേ?
ചോദ്യങ്ങള്‍ അനവധി. ഉത്തരങ്ങള്‍ ആരു പറയും?

Labels:
അമേരിക്കന്‍ വിധേയത്വം,
ആയുധ കരാര്‍,
കാലികം,
പരിസ്ഥിതി
Sunday, February 03, 2008
ആഗോള താപനവും അമേരിക്കയും
ആഗോള താപനം നിയന്ത്രിക്കാന്‍ തങ്ങള്‍ പുറംതള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കണമെന്ന് ഹോണോലുലുവില്‍ കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ വികസ്വര രാജ്യങ്ങളോട് അമേരിക്കയുടെ ആഹ്വാനം.
കേട്ടപ്പോള്‍ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്.
അന്തരീക്ഷത്തിലെ ക്രമാതീതമായ താപ വര്‍ദ്ധനവിനും, മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പ് ഉയരാനും, അതുവഴി കൃഷി നാശവും ശുദ്ധജല ക്ഷാമവും മുതല്‍ ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായി തന്നെ വെള്ളത്തിനടിയിലായേക്കാവുന്നതു വരെയുള്ള ഭവിഷ്യത്തുകളാണ് ആഗോള താപനം എന്ന പ്രതിഭാസം വഴി അടുത്ത 30-50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം കാണാന്‍ പോകുന്നത് എന്നാണ് പരിസ്ഥിതി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇതിന് പ്രധാന കാരണം, വികസിത-വികസ്വര രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന ഫോസില്‍ ജന്യ ഇന്ധനങ്ങള്‍ പുറം തള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതാണ്.
1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ആഗോള താപനം നിയന്ത്രണാധീനമാക്കുക എന്ന ലക്ഷ്യത്തൊടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട, ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറം തള്ളല്‍ കേവലം 6% കണ്ട് കുറക്കാന്‍ അമേരിക്കയടക്കം 36 സമ്പന്ന രാജ്യങ്ങളോടാവശ്യപ്പെടുന്ന ക്യോട്ടോ ഉടമ്പടി ഒപ്പുവെയ്ക്കാന്‍, ഉടമ്പടിയുണ്ടായി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്ക തയ്യാറായിട്ടില്ല. ലോക രാജ്യങ്ങളുടെ മൊത്തം ഗ്രീന്‍ ഹൗസ് വാതക നിര്‍ഗ്ഗമനത്തില്‍ 25 ശതമാനവും അമേരിക്കയില്‍ നിന്നാണ് എന്ന വസ്തുത നിലനില്‍ക്കെയാണിതെന്നോര്‍ക്കണം. ജര്‍മ്മനിയും ഫ്രാന്‍സുമടക്കം മിക്ക വികസിത രാജ്യങ്ങളും 6 മുതല്‍ 20 ശതമാനം വരെ ഇത് കുറച്ചപ്പോള്‍ അമേരിക്ക ഇത് 16 ശതമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ വ്യവസായ ഭീമന്മാരുടെ താല്പര്യങ്ങളും സമ്മര്‍ദ്ദവുമാണ് ഇതിനുള്ള കാരണം എന്നു വ്യക്തം.
2007 ഡിസംബറില്‍ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലും അമേരിക്ക ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്. ക്യോട്ടോ ഉടമ്പടി 2012 ല്‍ അവസാനിക്കുന്നതിനാല്‍ പുതിയ ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറംതള്ളല്‍ 25 മുതല്‍ 40 ശതമാനം വരെ കുറക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തെ അമേരിക്ക ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പ് മൂലം ബാലിയില്‍അമേരിക്ക ഈ വിഷയത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയും ഉണ്ടായി.
ഹോണോലുലുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ അമേരിക്ക ആഗോള താപന പരിഹാരത്തിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും, എവിടെയുമെത്താതെ പോയ ക്യോട്ടോ ഉടമ്പടിക്ക് പകരമായി പുതിയ ഉടമ്പടിക്ക് 2009 ലെ കോപ്പന്‍ഹേഗന്‍ സമ്മേളനത്തോടെ രൂപം നല്‍കാമെന്നുമാണ് പുതിയ അമേരിക്കന്‍ വാഗ്ദാനം. ബുഷ് ഇതു പറഞ്ഞ് കളമൊഴിയുമ്പോള്‍, പ്രസിഡന്റ് കസേര സ്വപ്നം കണ്ടിരിക്കുന്ന ഹിലാരിയും ഒബാമയും പറയുന്നത് തങ്ങള്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ നിര്‍ഗ്ഗമനം ഗണ്യമായി കുറയ്ക്കുമെന്നു തന്നെയാണ്. പക്ഷേ, ഇത് എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ബാലിയില്‍ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ അമേരിക്കന്‍ സംഘം പ്രമേയത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍, ബുഷിന്റെ പിന്തുണയോടെ IPCC(InterGovernmental Panel on Climate Change) ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രാജേന്ദ്ര പചൗരി, IPCC യ്ക്കു വേണ്ടി ഓസ്ലോയില്‍ നോബല്‍ സമ്മാനം ഏറ്റുവാങ്ങുകയായിരുന്നു; സമ്മാനം പങ്കിട്ടതാവട്ടെ, പരിസ്ഥിതി പ്രവര്‍ത്തകനും, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും, കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ബുഷിനോട് മത്സരിച്ച് വെറും 5 വോട്ടിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ആല്‍ബര്‍ട്ട് അര്‍നോള്‍ഡ് അല്‍ഗോറും.
പചൗരിയെ IPCC ചെയര്‍മാനായി അവരോധിച്ചതിനെ അല്‍ഗോര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അല്‍ഗോറിന്റെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ പല IPCC റിപ്പോര്‍ട്ടുകളെക്കുറിച്ചും പരാതികളുമുണ്ടായി. വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവെക്കുകയും, ശസ്ത്രീയമായ അടിത്തറയില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ചില രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിധേയമായി ശാസ്ത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നാണ് IPCC ക്കും, പചൗരിക്കുമെതിരായ ആരോപണങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് :
Climate Change Science
Pachauri must Resign...
The UN IPPC's artful bias

Subscribe to:
Posts (Atom)