Friday, July 20, 2007

ഉമ്മന്‍ ചാണ്ടിയുടെ ജനസേവനം

ഇന്ന് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ വയനാട് സന്ദര്‍ശനവും, അതിനുശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനവും കാണിച്ചു. വയനാട്ടിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതിയാലും കൃഷി നാശത്താലും കഷ്ടപ്പെടുന്നെന്നും, അവര്‍ക്കിതുവരെ യാതൊരു വിധ ദുരിതാശ്വാസവും ലഭിച്ചിട്ടില്ല എന്നും, ഇത് സര്‍ക്കാറിന്റെ അലംഭാവമാണെന്നും വികാരഭരിതനായി അദ്ദേഹം പറയുന്നതു കണ്ടു.

ഉമ്മന്‍ ചാണ്ടി പറഞ്ഞത് കാര്യം. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കില്‍ അവിടെ ജനങ്ങളുടെ വക്താവാകുകയെന്നത് ഒരു ജനസേവകന്റെ കടമയാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ടതു തന്നെയാണ് അദ്ദേഹം ചെയ്തത്.

പക്ഷെ, ഒരു ചെറിയ സംശയം.
പ്രതിപക്ഷത്തിരിക്കുമ്പോള്‍, ഭരണ കഷിയുടെ പോരായ്മകള്‍ എടുത്തു പറഞ്ഞു കുറ്റപ്പെടുത്താന്‍ മാത്രം കാണിക്കേണ്ടതാണോ ഈ ജനസ്നേഹം?

ഇതിനേക്കാളൊക്കെ പതിന്മടങ്ങു വലിയ ഒരു പ്രകൃതിക്ഷോഭമുണ്ടായി 2004 ല്‍. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 26 ന്. എന്റെ അറിവു ശരിയാണെങ്കില്‍ -കേരളം കണ്ട ഏറ്റവും വലിയ ദുരന്തം - സുനാമി. അന്ന് സുനാമിത്തിരകളില്‍ നമുക്ക് നഷ്ടമായത് 130 ഓളം ജീവന്‍, ആയിരക്കണക്കിന് വീടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍. ആലപ്പുഴയിലും കൊല്ലത്തും തീരദേശങ്ങളില്‍ താമസിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നുമില്ലാത്തവരായി മാറി.


അന്നും നമുക്കിവിടെ ഒരു സര്‍ക്കാറുണ്ടായിരുന്നു. മുഖ്യന്‍ ഇന്നത്തെ പ്രതിപക്ഷ നേതാവു തന്നെ-ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസത്തിന് പണം സമാഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടായി. അതിലേക്ക് നാട്ടില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് പണവുമത്തി. ഔദ്യോതിക കണക്കുകള്‍ പ്രകാരം ഏകദേശം 40 കോടി രൂപ. പക്ഷേ, ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രം എങ്ങുമത്തിയില്ല.

അന്നു സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്കു നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം. പുതിയ വല, ബോട്ട്, പാര്‍പ്പിടം, കിലോമീറ്ററുകളോളം കടല്‍ഭിത്തി. ഒന്നും നടന്നില്ല. അഴീക്കലും ആലപ്പാട്ടും സര്‍ക്കാര്‍ ഇവര്‍ക്കായി ഇരുമ്പു ഷീറ്റുകള്‍ കൊണ്ട് ഓരോ വലിയ ഷെഡ്ഡുകള്‍ ഉണ്ടാക്കി. പുതിയ വീടുകള്‍ ഇന്നു വരും നാളെ വരും എന്ന് സ്വപ്നം കണ്ട് ഈ പാവങ്ങള്‍, കടല്‍ കൊണ്ടുപോകാന്‍ മറന്ന ചട്ടിയും കലവും പെറുക്കി അവിടേക്കു പോയി. ഈ കാത്തിരിപ്പ് ഇന്നും തുടരുന്നു.

ദുരിതാശ്വാസത്തിന്റെ ഭാഗമായി, സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധി പോലെ പല സംഘടനകളും ധനസമാഹരണം നടത്തി. മലയാള മനോരമയടക്കം പല പ്രസ്ഥാനങ്ങളും വീടുകള്‍ വെച്ചു നല്‍കി. സന്നദ്ധരായി വന്ന മറ്റു ചില സംഘടനകളെ സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഉദാഹരണത്തിന് അമൃതാനന്ദ മയീ മഠം. കേരളത്തിന് വേണ്ടാത്ത മഠത്തിന്റെ സഹായം തമിഴ് നാടും ശ്രീലങ്കയും ഇരു കൈയും നീട്ടി സ്വീകരിച്ചു. അവിടെ കുറേ പാവങ്ങള്‍ക്കെങ്കിലും വീടുകള്‍ കിട്ടി.

ഉമ്മന്‍ ചാണ്ടി നയിച്ച കേരള സര്‍ക്കാര്‍ ഒരു വീടുപോലും വെച്ചില്ല - ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അധികാരത്തില്‍ നിന്നിറങ്ങുന്നതു വരെ. അന്നത്തെ പ്രതിപക്ഷം സഭയില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഈ പണം വകമാറ്റി മറ്റു ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപയോഗിച്ചു എന്നാണത്രെ. ഇപ്പോള്‍ ഈ കേസ് കോടതിയിലാണെന്നാണ് അറിവ്. പക്ഷെ, എപ്പോഴത്തെയും പോലെ എങ്ങുമെത്താതെ പോകാനാണ് സാദ്ധ്യത.

മഴ പെയ്തപ്പോള്‍, ഉമ്മന്‍ ചാണ്ടി വയനാട്ടിലേക്കു പോയത് അവിടുത്തെ ജനങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടൊന്നുമല്ല, പുതിയ മേച്ചില്‍ പുറം തേടിയതാണെന്നു മാത്രം. സഹായിക്കാം എന്നു പറഞ്ഞ് കൊല്ലത്തേക്കോ, ആലപ്പുഴയിലേക്കോ ഇനി ചെല്ലാനാവില്ലല്ലോ!

ചുട്ടുപൊള്ളുന്ന വേനലില്‍, ഇരുമ്പു ഷീറ്റിനു കീഴേ രാവും പകലും മനസ്സും ശരീരവും ഉരുകിക്കഴിയുന്ന ആലപ്പാട്ടെ ആ പാവങ്ങളുടെ ദുരിതങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് അമൃത ടി വി യില്‍ വന്നതോര്‍ക്കുന്നു. ഈ പെരുമഴയില്‍ എന്തായിരിക്കും അവിടുത്തെ സ്ഥിതി എന്നോര്‍ത്ത് കണ്ണു നനയുന്നു!

Wednesday, July 18, 2007

നവോദയ ചരിതം

ക്ലാസ്സ് ടൈം ടേബിളില്‍ കുളിക്കാന്‍ ഒരു പീര്യഡ്, ഒരു പക്ഷേ നവോദയ വിദ്യാലയങ്ങളിലേ ഉണ്ടായിരിക്കൂ. അതും പഴയകാല നവോദയ വിദ്യാലയങ്ങളില്‍.

വടകരക്കടുത്ത് പാലയാട് നട എന്ന ഗ്രാമത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച ആശ്വാസ കേന്ദ്രത്തിലാണ് അന്നത്തെ കോഴിക്കോട് നവോദയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാലോ അഞ്ചോ വലിയ ഹാളുകളായിരുന്നു ആശ്വാസ കേന്ദ്രം. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളും മുപ്പതോളം അദ്ധ്യാപകരും താമസിച്ചിരുന്നതും, ക്ലാസ്സുകള്‍ നടത്തിയിരുന്നതും ഈ പരിമിതമായ സൗകര്യങ്ങളിലാണ്. ജലക്ഷാമമായിരുന്നു അന്നത്തെ വലിയൊരു പ്രശ്നം. പൈപ്പില്‍ വല്ലപ്പോഴുമേ വെള്ളം വന്നിരുന്നുള്ളു. പിന്നെയുള്ള ജലസ്രോതസ്സ് ഒരു കുഴല്‍ക്കിണറാണ്. അതും മിക്കപ്പോഴും പണിമുടക്കും, അതുമല്ലെങ്കില്‍ ഇരുമ്പു ചുവയുള്ള ചെളി കലങ്ങിയ വെള്ളം തരും. എന്നാലും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നീണ്ട നിര എന്നും അതിനടുത്തുണ്ടാകുമായിരുന്നു.

വേനല്‍ക്കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ പുറത്തുനിന്ന് വണ്ടിയില്‍ വെള്ളം കൊണ്ടുവന്ന് മെയിന്‍ ടാങ്കിലടിക്കും. അതു പക്ഷെ, മെസ്സ് ആവശ്യങ്ങള്‍ക്കു പോലും തികയാത്ത സ്ഥിതിയായിരുന്നു. കുളിയെ ദിനചര്യയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നു പലര്‍ക്കും. വരട്ടു ചൊറി പോലെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. അങ്ങനെയാണ് എല്ലാവരേയും എല്ലാ ദിവസവും കുളിപ്പിക്കാന്‍ ഒരു പീര്യഡ് മാറ്റിവെച്ചു തുടങ്ങിയത്. എല്ലാ ബാച്ചിനും ദിവസത്തില്‍ ഒരു തവണ കുളി പീര്യഡ്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ആ പീര്യഡില്‍ ചാര്‍ജ്ജുള്ള ഒരു സാറും ടീച്ചറും എവിടെയെങ്കിലും കൊണ്ടുപോയി കുളിപ്പിച്ചു കൊണ്ടുവരണം. അതു ചിലപ്പോള്‍ ടാങ്കറില്‍ വെള്ളമെത്തിച്ചായിരിക്കും, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കൊണ്ടുപോയി, അതുമല്ലെങ്കില്‍ അടുത്തുള്ള പുഴയിലോ കുളത്തിലോ അങ്ങനെ എവിടെയെങ്കിലും.

അങ്ങനെയൊരു കുളിപ്പീര്യഡിലാണ് ഇബ്രാഹിം കുട്ടി സാര്‍ ഞങ്ങള്‍ ഏഴു ബീയിലെ ആണ്‍‍കുട്ടികളെ മണിയൂരില്‍ ഞങ്ങളുടെ പുതിയ നവോദയ സൈറ്റിനടുത്തുള്ള കുഴല്‍ക്കിണറുകളില്‍ കുളിക്കാന്‍ കൊണ്ടുപോകാം എന്നു തീരുമാനിച്ചത്. നവോദയയുടെ വണ്ടിയില്‍ ഡ്രൈവര്‍ ശശിയേട്ടന്‍ ഞങ്ങളെ സാറിനൊപ്പാം സ്ഥലത്തെത്തിച്ചു. അന്നു ഞങ്ങളെല്ലാവരുടേയും സ്വഭാവം എന്തും ആദ്യം ചെയ്യാന്‍ മത്സരിച്ചോടുകയെന്നതാണ്. അസ്സംബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്കായാലും, ക്ലാസ്സ് വിട്ട് ഡോര്‍മിറ്ററിയിലേക്കായാലും, എന്തിനും ഏതിനും ഓടും. ശശിയേട്ടന്‍ വണ്ടി നിര്‍ത്തിയതും ബക്കറ്റും സോപ്പുപെട്ടിയുമായി എല്ലാവരും ചാടിയിറങ്ങി. ബക്കറ്റ് ലൈനില്‍ വെക്കുന്നതിനനുസരിച്ചാണ് വെള്ളമെടുക്കാനുള്ള ക്രമം തീരുമാനിക്കപ്പെടുന്നത്. ആദ്യമാദ്യം ഇറങ്ങിയവര്‍ വെള്ളമെടുത്തു തുടങ്ങി. ചിലര്‍ കുഴല്‍ക്കിണറടിക്കുന്ന കൂട്ടുകാരുടെ അനുമതിയോടെ അല്പം വെള്ളം കടമെടുത്ത് അത്യാവശ്യം വേണ്ട ഡ്രസ്സുകള്‍ നനക്കാനും, മറ്റുള്ളവര്‍ കുളിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എണ്ണ തേച്ച് ട്രൗസറും ഷര്‍ട്ടും മാറ്റി തോര്‍ത്തുടുത്തും നിന്നു.

അപ്പോഴാണ് അല്പമകലെ, ഞങ്ങളപ്പോള്‍ നില്‍ക്കുന്ന കുന്നിന്റെ താഴെ വേറൊരു കുഴല്‍ക്കിണറുണ്ടെന്നും കുറച്ചുപേര്‍ക്ക് അങ്ങോട്ടു പോകാമെന്നും ഇബ്രാഹിം കുട്ടി സാര്‍ പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്ത പാതി, ലൈനില്‍ പുറകിലുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍ ബക്കറ്റും, അഴിച്ചു വെച്ചിരിക്കുന്ന ഡ്രെസ്സുമെടുത്ത് താഴേക്ക് പറന്നു. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പിലോടിയ ആളായിരുന്നു നവീന്‍. കോഴിക്കോടുകാരന്‍. കുത്തനെയുള്ള ഇറക്കമായിരുന്നു അത്, പോരാത്തതിന് ചരല്‍ നിറഞ്ഞ മണ്‍റോഡും. സ്പീഡിലോടിയാല്‍ താഴെ കുഴല്‍ക്കിണറിനടുത്തു ചെന്നേ നില്‍ക്കാന്‍ പറ്റൂ. ഓടിത്തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കുളിപ്പീര്യഡില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടികളേയും കൊണ്ട് ഗീത മിസ്സ് കയറ്റം കയറി വണ്ടിക്കടുത്തേക്കു വരുന്നതു കണ്ടത്. അപ്പോഴേക്കും ഞങ്ങളുടെ ആക്സിലറേഷന്‍ മാക്സിമത്തിലെത്തിയിരുന്നു. ആ പോക്കില്‍ ഏറ്റവും മുന്നിലോടുന്ന നവീന്റെ തോര്‍ത്തഴിഞ്ഞു റോഡില്‍ വീണു. നാണം മറക്കാന്‍ ഇനി ആ ശരീരത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞങ്ങള്‍ നോക്കുമ്പോള്‍ നവീന്‍ പരിപൂര്‍ണ്ണ നഗ്നനായി അതേ സ്പീഡില്‍ താഴേക്ക്, എതിരെ വരുന്ന പെണ്‍കുട്ടികളുടെ മുന്നിലേക്ക് ഓടിയിറങ്ങുകയാണ്. റോഡു നിറഞ്ഞു നടന്നു വന്ന പെണ്‍കുട്ടികള്‍ നവീന്റെ വരവു കണ്ട് ഒരു വശത്തേക്ക് ഒതുങ്ങിക്കൊടുത്തു. അവരെ കടന്ന ശേഷമാണ് അവന് ഓട്ടം നിര്‍ത്താന്‍ പറ്റിയത്. കയറ്റം കയറി തോര്‍ത്തെടുത്തു തിരിച്ചു വന്നപ്പോഴേക്കും നവീന്‍ ലൈനില്‍ അവസാനക്കാരനായിരുന്നു; ഒപ്പം ആ പ്രകടനത്തിനുള്ള സമ്മാനമായി പുതിയ ചെല്ലപ്പേരും - ആര്‍‍ക്കിമെഡീസ്. പെണ്‍കുട്ടികള്‍ നവീന്റെ നഗ്നത കാണാന്‍ കെല്പില്ലാതെ ഗീതാ മിസ്സിനു പിന്നില്‍ മറഞ്ഞു നിന്നുവെന്നും, അതല്ല, എല്ലാം കണ്ടതിനു ശേഷമാണ് അവര്‍ മിസ്സിനു പുറകിലേക്കു മാറിയതെന്നും പല അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പിന്നീടുയര്‍ന്നു വന്നിരുന്നു. ഏതായാലും അതിനുശേഷം കുറെ നാള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ നവീന്‍ വഴിമാറി നടക്കുമായിരുന്നു.

നവോദയ വിദ്യാലയങ്ങളെപ്പറ്റി

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പു കൈകാര്യം ചെയ്ത പി വി നരസിംഹറാവുവാണ് നവോദയ വിദ്യാലയം എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമീണ മേഖലകളിലുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നതായിര്‍ന്നു ലക്ഷ്യം. എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങള്‍. നൂറു ശതമാനം സൗജന്യമായ വിദ്യാഭ്യാസവും, താമസവും, ഭക്ഷണവും, വിദ്യാര്‍ത്ഥികളോടൊപ്പം ഒരേ കാമ്പസില്‍ തന്നെ താമസിക്കുന്ന അദ്ധ്യാപകര്‍, മൊത്തം സീറ്റില്‍ മൂന്നിലൊന്ന് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കണമെന്ന നിര്‍ബന്ധം, ഇംഗ്ലീഷ് മീഡിയത്തിനൊപ്പം മാതൃഭാഷക്കും ദേശീയ ഭാഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന സിലബസ്, പഠനത്തോടൊപ്പം തന്നെ സ്പോര്‍ട്സിനും കലകള്‍ക്കും നല്‍കുന്ന പ്രാധാന്യം, രാജ്യത്തിന്റെ ഇതര കോണുകളലുള്ള മറ്റു നവോദയ വിദ്യാലയങ്ങളിലേക്കുള്ള മൈഗ്രേഷന്‍ സമ്പ്രദായം, അതുവഴി രൂപപ്പെടുന്ന ദേശീയോദ്ഗ്രഥനം എന്നിവയായിരുന്നു നവോദയ വിദ്യാലയങ്ങളെ മറ്റു സ്കൂളുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ ഘടകങ്ങള്‍. (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ)

1988 ല്‍ ആരംഭിച്ച, വടകരക്കടുത്ത് മണിയൂരിലുള്ള കോഴിക്കോട് ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ രണ്ടാം ബാച്ചായി ആറു വര്‍ഷം പഠിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു.

Monday, July 16, 2007

അവകാശ സംരക്ഷണ സേന

സീറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ ആകെ പരിഭ്രാന്തരാണെന്നു തോന്നുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള കോളേജുകളിലും സ്കൂളുകളിലും സര്‍ക്കാര്‍ 50% അഡ്മിഷന്‍ നടത്തുമെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? വിശ്വാസികള്‍ കാണിക്കയിട്ട കാശുകൊണ്ടു കെട്ടിപ്പൊക്കിയ കോളേജുകളില്‍ അങ്ങനെ വഴിയേ പോകുന്നവനെയൊക്കെ വിളിച്ചു കയറ്റി പഠിപ്പിക്കാന്‍ പറ്റുമോ?

കാര്യങ്ങളിങ്ങനെ മുന്നോട്ടു പോകുമ്പോള്‍, സഭയുടെ അവകാശങ്ങള്‍ സം രക്ഷിക്കാന്‍ ഒരു സേന എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായ മാര്‍ ജോസഫ് പഴയാറ്റില്‍. ഇന്നലെ ഇടയന്‍ തന്റെ കുഞ്ഞാടുകള്‍ക്കയച്ച, കുര്‍ബാനക്കിടെ എല്ലാ പള്ളികളിലും വായിച്ച ഇടയലേഖനത്തിലാണ് ഇതു പരാമര്‍ശിച്ചിരിക്കുന്നത്. സേനയുടെ പേര് അവകാശ സംരക്ഷണ സേന, അഥവാ ഏ എസ് എസ്. (ആര്‍ എസ് എസ് എന്ന വാക്കുമായി തോന്നുന്ന സാമ്യം വെറും യാദൃശ്ചികം മാത്രം)

ഈ സേനയുടെ ലക്ഷ്യം സഭക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെ ചെറുക്കുക എന്നതാണ്. എങ്ങനെ ചെറുക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങള്‍ ഉണ്ടാകുമോ, അതോ യേശു ക്രിസ്തു ചെയ്ത പോലെ സഹനസമരമാകുമോ ഇവര്‍ നടത്തുക എന്നത് വ്യക്തല്ല. രണ്ടായാലും സൈനികര്‍ വിശ്വാസികള്‍ തന്നെ. സമരം ചെയ്യാന്‍ മെത്രാന്‍മാരോ അതിനും മുകളിലേക്കുള്ളവരോ ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇനി മുതല്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞ് പ്രതിരോധ പഠന ക്ലാസ്സുകളും, ആയുധ പരിശീലനവും ഉണ്ടാകുന്നതോര്‍ത്ത് ഉള്‍പ്പുളകം തോന്നുന്നു. സഭയുടെ കോളേജുകളിലും സ്കൂളുകളിലും സേനാംഗങ്ങളുടെ പട്റോളിംഗ്. സക്രാരിയില്‍ വിശുദ്ധ കുര്‍ബ്ബാനക്കൊപ്പം ബോംബും ഗ്രനേഡും. അമ്പത്തിമൂന്നു മണി ജപത്തിന് കൊന്ത പിടിക്കേണ്ട കൈകളില്‍ ഏ കെ നാല്പത്തേഴ്.

യേശുവേ, ഇതൊന്നും കാണാന്‍ നില്ക്കാ‍തെ നീ പോയതെത്ര നന്നായി!

പണ്ട് ദേവാലയത്തെ കച്ചവടകേന്ദ്രമാക്കിയതിന് ചാട്ടവാറെടുത്ത നീ, ഇന്ന് നീ സ്ഥാപിച്ച സഭ നടത്തുന്ന കച്ചവടങ്ങള്‍ക്കെതിരെ എന്തു ചെയ്യുമായിരുന്നു?

സഭാധികാരികള്‍ പറയുന്നതനുസരിച്ച് വാളെടുക്കാനൊരുങ്ങുന്ന വിശ്വാസികളുടെ ശ്രദ്ധക്ക്:

സഭ പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ വിശ്വാസികളായ കുഞ്ഞാടുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നല്ല; മറിച്ച്, അവര്‍ക്ക് തോന്നുന്നവര്‍ക്ക് അഡ്മിഷന്‍ നല്‍കാനുള്ള അധികാരം വേണമെന്നാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങ ള്‍ക്ക് നൂറു ശതമാനം സീറ്റിലും അഡ്മിഷന്‍ നടത്താനുള്ള അനുവാദം കൊടുത്താലും, നിന്റെ മകനോ മകള്‍ക്കൊ ആ കോളെജുകളില്‍ അഡ്മിഷന്‍ വേണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. ഇനി മുടക്കാമെന്നാണെങ്കില്‍ തന്നെ നിന്നേക്കാള്‍ ആസ്തിയുള്ളവന്‍ വേറെ വന്നാല്‍ സീറ്റ് അവനേ കിട്ടൂ.

വാല്‍ക്കഷ്ണം:
എ എസ് എസ് ഇംഗ്ലീഷില്‍ കൂട്ടി വായിച്ചാല്‍ - ASS - കഴുത. സഭക്കുവേണ്ടി വാളെടുക്കുന്ന വിശ്വാസി സൈനികന് സഭ കല്പിച്ചിരിക്കുന്ന യത്ഥാര്‍ത്ഥ പരിവേഷം.

Sunday, July 15, 2007

പുര കത്തുമ്പോള്‍...

നാട്ടിലാകെ പനി പടരുന്നു.
പകര്‍ച്ചപ്പനി..ചിക്കുണ്‍ ഗുനിയ..ഡെങ്കി..
ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത മറ്റനേകം തരം പനികള്‍.
കേന്ദ്ര സംഘം വന്നു..പട്ടാളം വന്നു..ബോധവത്കരണവും മരുന്നു തളിയും തകൃതിയായി നടക്കുന്നു..

എന്നിട്ടും..

രോഗബാധിതര്‍ അന്‍പതിനായിരം കവിയുന്നു..
മരണ സംഖ്യ ഉയരുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുന്നു..
മരുന്നില്ല..ആവശ്യത്തിനു ഡോക്ടര്‍മാരില്ല..കേരളം ഒരു വലിയ മാലിന്യക്കൂമ്പാരമായി മാറുന്നു.

അങ്ങനെ കേരളം പനിയാലും മാലിന്യങ്ങളാലും തളരുമ്പോള്‍...

16 ന് , നാളെ എ ഐ വൈ എഫിന്റെ ട്രെയിന്‍ തടയല്‍..സേലം ഡിവിഷന്‍ പ്രശ്നത്തില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ!
17 ന് കോട്ടയത്ത് ബി ജെ പി യുടെ ഹര്‍ത്താല്‍.!
18 ന് യു ഡി എഫിന്റെ കേരള ഹര്‍ത്താല്‍...പനിക്കെതിരെ!

(കൂടുതല്‍ ഹര്‍ത്താല്‍ ഷെഡ്യൂളുകള്‍ക്ക് ഹര്‍ത്താല്‍.കോം സന്ദര്‍‍ശിക്കുക.)

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിനു വേറെ ഉദാഹരണം തേടിപ്പോകണോ..?
ഇതു സമകാലിക രാഷ്ട്രീയം. ജനസേവനമല്ല..ലക്ഷ്യം സ്വയംസേവനം... അല്പം ജനദ്രോഹപരമായാലും.

പക്ഷെ..

ഹര്‍ത്താലായാലും ബന്ദായാലും ട്രെയിന്‍ തടയലായാലും നമ്മള്‍ കേരള ജനതക്ക് ഒരേ വികാരം.
നിസ്സംഗത.
ഇലക്ഷനാകുമ്പോള്‍, രാവിലെ എണീറ്റ് കുളിച്ച് കുറി തൊട്ട് നാം ഈ കപട ജനസേവകരെ വിജയിപ്പിക്കാന്‍
ബൂത്തുകളിലേക്ക് പരക്കം പായുന്നു.

വീടും പരിസരവും വൃത്തിയാക്കി, തലേന്നത്തെ വേസ്റ്റു മുഴുവന്‍ റോഡിലേക്കൊ, പുഴയിലേക്കോ, അയല്‍ക്കാരന്റെ പറമ്പിലേക്കോ ആരും കാണാതെ നിക്ഷേപിച്ച്, കുടുംബത്തോടൊപ്പം മറ്റൊരു ഹര്‍ത്താല്‍ ആഘോഷിക്കുന്നു.

കേരളമെന്നു കേട്ടാല്‍ തിളക്കണം, ചോര നമുക്കു ഞരമ്പുകളില്‍!