Sunday, July 08, 2007

കുടജാദ്രി

എം ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ വായിച്ചതു മുതല്‍ മനസ്സില്‍ കുടിയേറിയിരുന്നു, കുടജാദ്രി. അദ്ധ്യാപകന്റെയും വിദ്യാര്‍ത്ഥിനിയുടെയും സഫലീകരിക്കാത്ത പ്രേമവും, ജീവിതസായന്തനത്തില്‍ ഇരുവരും മൂകാംബികയില്‍ വെച്ച് കണ്ടുമുട്ടുന്നതുമാണ് ഇതിവൃത്തം. ഈ കഥ പിന്നീട് തീര്‍ത്ഥാടനം എന്ന പേരില്‍ സിനിമയായി. അതില്‍ എം ജെ രാധാകൃഷ്ണന്‍ ക്യാമറയില്‍ പകര്‍‍ത്തിയ കുടജാദ്രിയുടെ ദൃശ്യഭംഗികൂടിയായപ്പോള്‍ കുടജാദ്രി ഒരു അഭിനിവേശമായി മാറിക്കഴിഞ്ഞിരുന്നു.

മോഹം പറഞ്ഞപ്പോള്‍ ശങ്കരന്‍ കൂടെവരാന്‍ തയ്യാര്‍.

ഒരു തയ്യാറെടുപ്പും കൂടാതെയായിരുന്നു യാത്ര. ആകെ അറിയാവുന്നത് കൊല്ലൂരേക്ക് ബംഗ്ലൂരില്‍ നിന്ന് എല്ലാ ദിവസവും രാത്രി ഒമ്പതിന് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി യുടെ ബസ്സ് പുറപ്പെടുമെന്നായിരുന്നു. മറ്റെല്ലാം ദേവി മൂകാംബികയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച്, 2003 സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച രാത്രി ഞങ്ങള്‍ കൊല്ലൂരേക്ക് വണ്ടി കയറി.‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ആദ്യം പോകേണ്ടത്. അവിടെ ദര്‍ശനം കഴിഞ്ഞ് കുടജാദ്രി. ബസ്സിലിരുന്ന് ശങ്കരന്‍ മൂകാംബിക ദേവിയുടെ കഥ പറഞ്ഞു.

മൂകാസുരനെ വധിച്ച ആദി ശക്തി(പാര്‍വതി ദേവി) ഭക്തജനങ്ങള്‍ക്ക് ആരാധിക്കാനായി മൂകാംബിക എന്ന നാമത്തില്‍ സ്വയമേ കുടികൊണ്ടതാണ്(സ്വയംഭൂ) കുടജാദ്രിയില്‍. ശങ്കരാചാര്യര്‍ പിന്നീട് ഇവിടെയെത്തി ദേവിയെ കൊല്ലൂരില്‍ കൊണ്ടുവന്ന് അവിടെ മഹാലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ.

ഉണരുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ബസ് അപ്പോള്‍ ഒരു മലയിറങ്ങുകയായിരുന്നു. ചുറ്റും കനത്ത കാട്. നിട്ടൂര്‍ ആയിരുന്നു സ്ഥലം. ഈ സ്ഥലത്തുനിന്നാണ് കുടജാദ്രിയിലേക്കുള്ള വാഹനങ്ങള്‍ തിരിയേണ്ടത്. ദേവി മൂകാംബികയെ തൊഴുത ശേഷം കുടജാദ്രിയിലേക്ക് കാട്ടിലൂടെ നടക്കാനായിരുന്നൂ ഞങ്ങളുടെ പ്ലാന്‍.

കൊല്ലൂരില്‍ ബസ്സിറങ്ങി ആദ്യം കണ്ട അന്നപൂര്‍ണ്ണ ഹോട്ടലില്‍ മുറിയെടുത്തു. വേഗം കുളിച്ച്, വസ്ത്രം മാറി ക്ഷേത്രത്തിലേക്കു പോയി. ഞങ്ങള്‍ എത്തിയപ്പോഴേക്കും നിര്‍മ്മാല്യം കഴിഞ്ഞിരുന്നു. ശങ്കരനൊപ്പം ക്ഷേത്രം വലം വെച്ച്, സര്‍വൈശ്വര്യദായിനിയായ മൂകാംബികയെ തൊഴുതു. ഭക്തരില്‍ കൂടുതലും മലയാളികളാണെന്നു തോന്നി-എങ്ങും മലയാളം കേള്‍ക്കാമായിരുന്നു. നവരാത്രി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ പലയിടത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. സരസ്വതി മണ്ടപം ശങ്കരന്‍ കാണിച്ചു തന്നു. ഇവിടെയിരുന്നാണ് നവരാത്രി നാളില്‍ യേശുദാസും മറ്റും പാടുന്നത്. അന്നും പലരും അവിടെ പാടുകയും, വിവിധ വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ അതു കണ്ടുനിന്നു. ഉപപ്രതിഷ്ഠകളും തൊഴുത് ഞങ്ങള്‍ മുറിയിലേക്കു മടങ്ങി.

റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ സൗപര്‍ണ്ണികയിലേക്കു പോയി. കുടജാദ്രിയില്‍ ഉദ്ഭവിച്ച്,മൂകാംബിക ദേവി ക്ഷേത്രത്തെ തുഴുകിയൊഴുകുന്ന പുണ്യ നദിയാണ് സൗപര്‍ണ്ണിക. കുടജാദ്രി മലയിലെ ഔഷധ സസ്യങ്ങളെ തഴുകിവരുന്ന സൗപര്‍ണ്ണികാതീര്‍ത്ഥം സര്‍വ്വരോഗ സംഹാരിയാണ് എന്നു പറയപ്പെടുന്നു. ഭരതം സിനിമയില്‍ മോഹന്‍ലാല്‍ മൂകാംബികയെക്കുറിച്ച് പാടുന്ന "സൗപര്‍ണ്ണികാമൃത വീചികള്‍ പാടും..നിന്റെ സഹസ്ര നാമങ്ങള്‍.." എന്ന ഗാനമായിരുന്നു നടക്കുമ്പോള്‍ മനസ്സുനിറയെ, പിന്നെ ഒരുപാടാഗ്രഹിച്ചതെന്തോ കാണാന്‍ പോകുന്നതിന്റെ ഒരു പിടച്ചിലും.

സ്വച്ഛമായി ഒഴുകുന്ന ഒരു കൊച്ചരുവിയായിരുന്നു ഞാന്‍ കണ്ട സൗപര്‍ണ്ണിക. തെളിനീര്‍. കുളിക്കാന്‍ പടവുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നു. പുഴയ്ക്ക് അവിടെ ആഴവും, ഒഴുക്കും കുറവായിരുന്നു-ഭക്തര്‍ക്ക് ദേഹശുദ്ധിവരുത്താന്‍ വേണ്ടിയെന്നപോലെ. തണുത്ത ജലം, ചുറ്റിലും പൂമരങ്ങള്‍, മന്ദമാരുതന്‍-മനസ്സിനും ശരീരത്തിനും കുളിര്‍മ്മ പകരുന്നതായിരുന്നു സൗപര്‍‍ണ്ണികയിലെ ആ കുളി. സമയം പോയതറിഞ്ഞില്ല. എത്ര കുളിച്ചിട്ടും മതിയാവാത്ത പോലെ. ഒടുവില്‍, ശങ്കരന്‍ വസ്ത്രം മാറി തിരിച്ചു നടന്നു തുടങ്ങിയ ശേഷമാണ്, ഞാന്‍ കരയ്ക്കു കയറിയത് - മനസ്സില്ലാ മനസ്സോടെ. ഇത്ര വേഗം മടങ്ങുകയാണോ എന്ന് സൗപര്‍ണ്ണികയിലെ ഓളങ്ങള്‍ എന്നോടു ചോദിക്കും പോലെ.

കൊല്ലൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുടജാദ്രിയിലേക്കു പോകാനുള്ള വഴിയന്വേഷിച്ചു. കൊലൂര് നിന്നും ജീപ്പുണ്ട്. 1500 രൂപക്ക് മല കയറ്റിയിറക്കും. ദൂരം 36 കിലോമീറ്റര്‍. നടന്നും പോകാം. കരഗട്ടെ എന്ന സ്ഥലം വരെ ബസ്സില്‍ പോയി അവിടെ നിന്ന് കാട്ടിലൂടെ 18 കിലോമീറ്റര്‍ നടക്കണം. കാശുചെലവില്ല എന്നു മാത്രമല്ല, കാഴ്ചകള്‍ കാണാം, വേണമെങ്കില്‍ രാത്രി അവിടെ താമസിക്കുകയും ചെയ്യാം. ജീപ്പിനു പോയാല്‍ അവര്‍ക്കൊപ്പം തിരിച്ചിറങ്ങണം. താമസിക്കാമെന്നു വെച്ചാല്‍ പിറ്റേദിവസം തിരിച്ചിറക്കാന്‍ 1500 വേറെ കൊടുക്കണം.

കരഗട്ടെയില്‍ ബസ്സിറങ്ങി, ഞങ്ങള്‍ കുടജാദ്രിയിലേക്ക് നടന്നു തുടങ്ങി. കുറേ ദൂരം ഒരുവിധം വീതിയുള്ള വഴിയുണ്ടായിരുന്നു, പക്ഷെ വാഹനങ്ങളൊന്നും കണ്ടില്ല. അങ്ങകലെ ഞങ്ങള്‍ക്കെത്തേണ്ട കുടജാദ്രിയുടെ ഗിരിശൃംഗങ്ങള്‍ കാണാമായിരുന്നു. തളരുമ്പോള്‍ അല്പം വിശ്രമിച്ചും, കൈയില്‍ കരുതിയ വെള്ളം കുടിച്ചും ഞങ്ങള്‍ ഏകദേശം 2 മണിക്കൂറോളം നടന്നു. ഇടക്കു വെച്ച് വഴി രണ്ടായി പിരിയുന്നു. കന്നഡയില്‍ അവിടെ ഒരു ബോര്‍ഡും ഉണ്ടായിരുന്നു. ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന ആരോ ചൂണ്ടുന്ന ദിശയിലായിരിക്കണം കുടജാദ്രി എന്നൂഹിച്ച് ആ വഴി നടന്നു. അല്പം നടന്നപ്പോള്‍ ഇടതുവശത്തായി ഒരു ഹോട്ടല്‍. ഈ കാട്ടിലും ഹോട്ടലോ എന്നദ്ഭുതപ്പെടുമ്പോഴേക്കും മലയാളത്തില്‍ കുശലാന്വേഷണം. ആലപ്പുഴക്കാരന്‍ തങ്കപ്പന്‍ നായരാണ് കട നടത്തുന്നത്. ആ സ്ഥലത്തിന്റെ പേര് വല്ലൂര്‍. ചായ സമയമായിട്ടില്ല. ഞങ്ങള്‍ക്ക് വഴി തെറ്റിയിട്ടില്ല. കുടജാദ്രിയിലേക്കുള്ള യഥാര്‍‍ത്ഥ കയറ്റം തുടങ്ങുന്നത് അവിടെ നിന്നാണത്രെ. അവിടെ നിന്നും ഏകദേശം 8 കിലോമീറ്റര്‍. എം ടി യെക്കുറിച്ചും തീര്‍ത്ഥാടനം സിനിമയേപ്പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഷൂട്ടിംഗിനു മുന്‍പ് ഒരു തവണ എം ടി അതുവഴി വന്നിരുന്നുവെന്നും, പിന്നീട് അസൗകര്യം നിമിത്തം സിനിമയില്‍ ജീപ്പില്‍ കുടജാദ്രിയിലേക്കു പോകുന്നതായി ചിത്രീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊറോട്ടയും സാമ്പാറും കഴിച്ച് കൈയിലുണ്ടായിരുന്ന ബോട്ടിലില്‍ മലയിടുക്കില്‍ നിന്ന് ഹോസിലൂടെ ഒഴുകിയെത്തുന്ന തണുത്ത വെള്ളവും നിറച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

തങ്കപ്പന്‍ നായര്‍ പറഞ്ഞതിനേക്കാള്‍ കഠിനമായിരുന്നു പിന്നീടുള്ള യാത്ര. കുത്തനെയുള്ള കയറ്റം, ഒറ്റയടിപ്പാത, വഴുക്കലുള്ള പാറകള്‍, എത്ര പറിച്ചെറിഞ്ഞാലും ഷൂവിനിടയിലൂടെ കാലിലേക്ക് കുത്തിയിറങ്ങുന്ന അട്ടകള്‍. അട്ടകളെ പേടിച്ച് വിശ്രമം പോലും വേണ്ടെന്നു വെച്ച് നടക്കേണ്ടി വന്നു. ഞങ്ങള്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് സംരക്ഷിത വനമേഖലയായ മൂകാംബിക നാഷണല്‍ പാര്‍ക്കിലൂടെയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ പുല്‍മേടുകളായി. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കുത്തനെയുള്ള പച്ചപ്പ്. ഒരു പരുന്ത് കുറെ നേരം ഞങ്ങള്‍ക്കു മുകളില്‍ വട്ടമിട്ടു പറന്നു. ആ പുല്‍മേടുകളും പരുന്തും നല്‍കിയ വ്യൂ പകര്‍ത്താന്‍ ഒരു ക്യാമറ അന്നില്ലാതെപോയതിന്റെ ദു:ഖം ഇന്നും മാറിയിട്ടില്ല.

വല്ലൂരില്‍ നിന്നു വീണ്ടും ഏകദേശം രണ്ടു മണിക്കൂറോളം നടക്കേണ്ടി വന്നു ഞങ്ങള്‍ക്ക് മൂലമൂകാംബിക ക്ഷേത്ര സമുച്ചയത്തിലെത്താന്‍. മൂലമൂകാംബിക എന്നറിയപ്പെടുന്ന ആദിശക്തി(ഉമ-പാര്‍വതി) യാണ് പ്രധാന പ്രതിഷ്ഠ. താമസ സൗകര്യത്തിനായി കെ എസ് റ്റി ഡി സി യുടെ ഒരു ചെറിയ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ മുറികള്‍ ഒഴിവുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജാരിയുടെ (അഡിഗ) വീട്ടില്‍ താമസിക്കാന്‍ പറ്റിയേക്കുമെന്ന് ഗസ്റ്റ് ഹൗസിന്റെ വാച്മാനാണ് പറഞ്ഞത്. അന്വേഷിച്ചപ്പോള്‍ അവിടെ ഒരു മുറി തരാമെന്നു സമ്മതിച്ചു. ഭക്ഷണവും അവര്‍ തരും. തീരെ ചെറിയ ഒരു തുക കൊടുത്താല്‍ മതി.

ബാഗ് മുറിയിലെടുത്തു വെച്ച്, അഡിഗയുടെ ഭാര്യ തന്ന ചായ കുടിച്ച്, അവര്‍ പറഞ്ഞതനുസരിച്ച് ഇരുട്ടും മുന്‍പ് ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേക്കു പോയി. വഴിയില്‍ ഗണേശ ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹയും, അഗസ്ത്യ തീര്‍ത്ഥം എന്ന ചെറിയൊരു ജലധാരയും കണ്ടു. ഔഷധ ഗുണമുള്ളതാണത്രെ ഈ ജലം. ഞാന്‍ ഒരല്പം കൈക്കുമ്പിളിലെടുത്ത് കുടിച്ചു.

ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മണ്ടപമാണ് സര്‍വജ്ഞപീഠം. ഈ പുരാതന ക്ഷേത്രത്തിലാണത്രെ ശങ്കരാചാര്യര്‍ ദേവിയുടെ മൂലപ്രതിഷ്ഠ നടത്തിയത്. ശങ്കരപീഠമന്നും ഇതറിയപ്പെടുന്നു. ഒരു കുന്നിന്റെ നെറുകയിലാണ് സര്‍വജ്ഞപീഠം. ഇവിടെനിന്ന് കുന്നിറങ്ങി മറുവശത്തേക്ക് നടന്നാല്‍ പുരാതനമായ ചിത്രമൂല ഗുഹയിലെത്താം. പുരാണങ്ങളില്‍ പറയുന്ന കോലമഹര്‍ഷിയും, പിന്നീട് ശങ്കരാചാര്യരും തപസ്സനുഷ്ഠിച്ചത് ഇവിടെയാണ്. അപ്പോഴും അവിടെ ഒരു സന്യാസി തപസ്സു ചെയ്യുന്നുണ്ടെന്നാണ് ശങ്കരപീഠത്തില്‍ കണ്ട ആളുകള്‍ പറഞ്ഞത്. ചുറ്റും കാട്. ഇടക്കിടെ വഴുക്കലുള്ള പാറകള്‍. കീഴ്ക്കാംതൂകായ ഇറക്കം. മരങ്ങളുടെ വേരുകളില്‍ പിടിച്ചായിരുന്നു താഴേക്കിറങ്ങിയത്. എത്ര ദൂരം അങ്ങനെ പോയെന്നറിയില്ല. കുറെ ദൂരം ചെന്നപ്പോള്‍, പാറയിടുക്കില്‍ അല്പം ഉയരത്തില്‍ ചെത്തിയുണ്ടാക്കിയ ആ ഗുഹ ദൂരെ നിന്ന് ഞങ്ങള്‍ കണ്ടു. മുകളിലേക്ക് കയറാന്‍ രണ്ടു മരക്കഷ്ണങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ ഗോവണിയും. ഇനി തിരിച്ചു പോകാമെന്നായി ശങ്കരന്‍. ഇത്ര ദൂരം വന്ന സ്ഥിതിക്ക് സന്യാസിയെ കാണാതെ മടങ്ങാന്‍ മനസ്സനുവദിച്ചില്ല. ശങ്കരന്‍ താഴെ നിന്നു. കുറച്ച് പേടിയോടെയാണെങ്കിലും ഞാന്‍ മുകളിലേക്കു കയറി. ഒരു കമണ്ടലുവും, കുറെ പൂജാസാധനങ്ങളുമല്ലാതെ സന്യാസിയെ കാണാന്‍ പറ്റിയില്ല. അദ്ദേഹം കുളിക്കാനോ മറ്റോ പോയതായിരിക്കുമെന്നൂഹിച്ചു‍. കുറച്ചു നേരം അവിടെ നിന്ന്, തിരിച്ച് മലകയറി ശങ്കരപീഠത്തിനടുത്തെത്തിയപ്പോഴേക്കും ചുറ്റും ഇരുട്ടു കനത്തിരുന്നു. കുറച്ചു മലയാളികള്‍ അവിടെയുണ്ടായിരുന്നു. അവരോടു സംസാരിച്ച് അല്പ സമയം കൂടി ശങ്കരപീഠത്തിനടുത്തിരുന്ന് ഞങ്ങള്‍ അഡിഗയുടെ വീട്ടിലേക്കു തിരിച്ചു പോയി.

കുളിച്ചു വന്ന ശേഷം അഡിഗ ഞങ്ങള്‍ക്കുവേണ്ടി ദേവീ വിഗ്രഹത്തില്‍ പ്രത്യേകം പുഷ്പാര്‍ച്ചന നടത്തി.
പിറ്റേന്നു രാവിലെ മടങ്ങാനായിരുന്നു പ്ലാന്‍. 18 കിലോമീറ്റര്‍ തിരിച്ചു നടക്കാന്‍ തോന്നിയില്ല. രാവിലെ സന്ദര്‍ശകരേയും കൊണ്ട് ഏതെങ്കിലും ജീപ്പ് വരുമെന്നും അതില്‍ മടങ്ങാമെന്നും അഡിഗ പറഞ്ഞു.

രാവിലെ കുളിച്ച്, ദര്‍ശനം നടത്തി, ഭക്ഷണം കഴിച്ച് ഞങ്ങള്‍ വാഹനം പ്രതീക്ഷിച്ചിരിപ്പു തുടങ്ങി. 9 മണിയായിട്ടും ഒന്നും വരുന്ന ലക്ഷണം കണ്ടില്ല. അവസാനം ജീപ്പ് വരുന്ന വഴിയിലൂടെ തിരിച്ചു നടക്കാമെന്നു തീരുമാനിച്ചു. അഥവ ഏതെങ്കിലും വാഹനം വരുകയാണെങ്കില്‍ അതില്‍ കയറാമല്ലൊ. അഡിഗയോടും, കുടുംബത്തോടും നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ചു നടന്നു. ഇടക്ക് ഒന്നുരണ്ടു ജീപ്പുകള്‍ ആളുകളേയും കൊണ്ട് ക്ഷേത്രത്തിലേക്കു പോകുന്നതു കണ്ടെങ്കിലും ഒന്നും മടങ്ങി വന്നില്ല. ഈ ദൂരമത്രയും ഞങ്ങളെ നടന്നത്തണമെന്നു തന്നെയായിരുന്നിരിക്കണം ദേവിയുടെ അഭീഷ്ടം.

നഗോഡിയിലെത്തിയപ്പോള്‍ ഉഡുപ്പിയിലേക്ക് ഒരു ഓട്ടോ കിട്ടി. അപ്പോഴേക്കും ഏകദേശം 20 കിലോമീറ്ററോളം ഞങ്ങള്‍ പിന്നിട്ടിരുന്നു. നടന്നു തളര്‍ന്നുവെങ്കിലും പ്രകൃതിയുടെ മനോഹാരിത ആവോളം ആസ്വദിച്ച മറ്റൊരു യാത്ര ഇന്നോളം വേറെ ഉണ്ടായിട്ടില്ല.

ഉഡുപ്പിയില്‍ വന്ന് മംഗലാപുരത്തേക്കും അവിടെ നിന്ന് രാത്രി ബാംഗ്ലൂരേക്കും ഞങ്ങള്‍ വണ്ടി കയറി.

Monday, July 02, 2007

കോടീശ്വരന്‍ ലാല്‍

എം ജി യൂണിവേഴ്സിറ്റിയില്‍ എം സി എ ചെയ്യുന്ന കാലം. ഏറ്റുമാനൂരമ്പലത്തിന്റെ കിഴക്കേ നടയ്ക്കരികത്ത് "രാജേഷ് ഭവനി"ല്‍ ഒന്നാം നിലയില്‍ പേയിംഗ് ഗസ്റ്റ് ആയി താമസം. അവിടെ ഞങ്ങള്‍ പതിനഞ്ചോളം ബാച്ച് ലേഴ്സ്. യൂണിവേഴ്സിറ്റിയിലും ഏറ്റുമാനൂരപ്പന്‍ കോളേജിലും കോട്ടയത്തുമൊക്കെ വിവിധ കോഴ്സുകള്‍ പഠിക്കുന്നവര്‍.
നേരമ്പോക്കിന് വാചകമടി, റോഡിലൂടെ പോകുന്നവരെ വായനോട്ടം, രഹസ്യമായി ചീട്ടുകളി, തരം കിട്ടുമ്പോഴൊക്കെ വെള്ളമടി..അങ്ങനെ സംഭവബഹുലമായി കഴിഞ്ഞുപോയ നാളുകള്‍.

ക്ലാസ്സില്‍ പോയാലും ഇല്ലെങ്കിലും, നാലു നേരവും താഴെ കനകാന്റിയുടെ സ്വാദുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവരും ക്രുത്യമായി ഹാജര്‍ വെച്ചിരുന്നു. കൂടെയിരുന്നു നാട്ടുകാര്യങ്ങള്‍ പറഞ്ഞ്, കോളേജ് വിശേഷങ്ങള്‍ കേട്ട്, ഭക്ഷണം വിളമ്പിയിരുന്ന ആന്റി ഞങ്ങള്‍ക്കെല്ലാം അരികത്തുള്ള അമ്മയായിരുന്നു.

അക്കാലത്താണ് സ്റ്റാര്‍ പ്ലസില്‍ അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ ക്രോര്‍പതി തുടങ്ങിയത്. എല്ലാവരുടെയും ദിനചര്യയില്‍ ഒരു അവിഭാജ്യഘടകമായി ആ ഒരു മണിക്കൂര്‍ നേരം. ബച്ചന്റെ ചോദ്യത്തിന്റെ ഉത്തരം അറിയാവുന്നവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം കഴിവു പ്രകടിപ്പിക്കാന്‍ പറ്റിയ ഒരവസരം കൂടിയായിരുന്നു അത്.
ഒന്നാം ക്ലസ്സിലെ കുട്ടികള്‍ കൂടി പറയുന്ന സിമ്പിള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ആളുകള്‍ ലക്ഷങ്ങളും കോടികളും സമ്മാനം വാങ്ങുന്നത് കണ്ട് എല്ലാവര്‍ക്കും, ഒരു കൈ നോക്കിയാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം സ്വാവാഭികമായും ഉണ്ടായിരുന്നു. പക്ഷെ, എയര്‍ടെല്‍ മൊബൈലിലൂടെ അവര്‍ നല്‍കുന്ന നമ്പറിലേക്കു വിളിച്ചാല്‍ മാത്രമേ പ്രാഥമിക റൗണ്ടിലേക്കു പരിഗണിക്കുകയുണ്ടായിരുന്നുള്ളൂ. അന്ന് ഏറ്റുമാനൂരോ കോട്ടയത്തോ ഒന്നും എയര്‍ടെല്‍ ഉണ്ടായിരുന്നുമില്ല.

ക്രോര്‍പതിയുടെ വന്‍ ജനപ്രീതിയാവണം, സൂര്യ ടി വിയില്‍ 'കോടീശ്വരന്‍' എന്ന പേരില്‍ സമാനമായ മറ്റൊരു പരിപാടി തുടങ്ങാന്‍ കാരണം. മുകേഷായിരുന്നു അവതാരകന്‍. മുകേഷ് ഓരോ ദിവസവും അന്നത്തെ എപ്പിസോഡിനു ശേഷം നല്‍കുന്ന ഒരു ചോദ്യത്തിന് ശരിയുത്തരം പോസ്റ്റ് കാര്‍ഡില്‍ എഴുതി അയക്കുന്നവരില്‍ നിന്ന് നറുക്കെടുത്തായിരുന്നു പ്രാഥമിക റൗണ്ടിലേക്കുള്ള പ്രവേശനം. ഈ റൗണ്ടിലെത്തിയവരെ സൂര്യയില്‍ നിന്ന് ടെലഫോണില്‍ വിളിച്ച് വീണ്ടും അഞ്ച് ചോദ്യങ്ങള്‍ നല്‍കും. അവയ്ക് ശരിയുത്തരം എഴുതി അയച്ചാല്‍ മുകേഷിനൊപ്പം സൂര്യയില്‍ പ്രത്യക്ഷപ്പെടാം. ഞങ്ങളൊക്കെ ആവേശത്തോടെ ഉത്തരങ്ങള്‍ അയച്ചു തുടങ്ങിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും സൂര്യയില്‍നിന്നൊരു വിളി വന്നില്ല. ഇതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല എന്നു സമാധാനിച്ച്, വീണ്ടും വെറും കാഴ്ച്ചക്കാരായി മാത്രം മാറി എല്ലാവരും.

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ഊണുകഴിക്കാന്‍ രാജേഷ് ഭവനിലെത്തിയതായിരുന്നു ഞാനും ദീപക്കും. അന്നു ക്ലാസില്ല എന്നു പറഞ്ഞ് കോട്ടയത്ത് മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന അനൂപ് അവിടെയുണ്ടായിരുന്നു. മുണ്ടക്കയം കാരന്‍ അച്ചായന്‍. വീട്ടിലെ കാശ് എങ്ങനെയെങ്കിലും പൊടിച്ചു തീര്‍ക്കാന്‍ മാത്രമായി പഠിക്കാന്‍ വന്നവന്‍. വെള്ളമടി, ചീട്ടുകളി, പാരവെപ്പ് എന്നിവ പ്രധാന ഹോബികള്‍. എന്നാല്‍ പിന്നെ തലേന്നത്തെ റമ്മിയുടെ ബാക്കി കളിച്ചുകളയാമെന്നായി അനൂപ്. ക്ലാസില്‍ പോകുന്നതിനേക്കാള്‍ നല്ലത് അതാണെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങനെ കുറേ നേരം കളിച്ച് ക്ഷീണം തീര്‍ക്കുമ്പോഴാണ് അനൂപിന്റെ തലയില്‍ ആ ബുദ്ധിയുദിച്ചത്.

"ലാലിനിട്ടൊരു പാര പണിതാലോ..?"

ഞങ്ങളുടെ സഹമുറിയനായിരുന്നു കായംകുളം സ്വദേശി ലാല്‍. താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്നു വാദിക്കുന്നവന്‍. തരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പാര പണിയുന്നവന്‍. ആ സമയത്ത് കോളേജിലാണ് ലാല്‍. വെള്ളിയാഴ്ചയായതിനാല്‍ വൈകുന്നേരം അവന്‍ വീട്ടിലേക്ക് പോകും. അനൂപിന്റെ നിര്‍ദ്ദേശത്തിനെ ഞങ്ങള്‍ രണ്ടുപേരും ആവേശത്തോടെ പിന്താങ്ങി. നല്ലയൊരു പാരയ്ക്കായി തലപുകച്ച ഞങ്ങള്‍ക്കു മുന്‍പില്‍ അനൂപ് തന്നെ ഐഡിയയും വെച്ചു - ലാലിനെ 'കോടീശ്വരന്‍' ആക്കുക.

ലാല്‍ പലതവണ സൂര്യയിലേക്ക് ഉത്തരം എഴുതി അയച്ചിട്ടുണ്ട് എന്നുറപ്പാണ്. അപ്പോള്‍ അടുത്തപടി സൂര്യയില്‍ നിന്നു വിളി വരുക എന്നതാണ്. ലാലിന്റെ വീട്ടിലേക്കു വിളിക്കണം, കാരണം വീട്ടിലെ നമ്പറാണ് അവന്‍ ഉത്തരങ്ങള്‍ക്കൊപ്പം പോസ്റ്റ് കാര്‍ഡില്‍ എഴുതിയയച്ചിരിക്കുന്നത്. വിളിച്ചാല്‍ മാത്രം പോര. അഞ്ചു ചോദ്യങ്ങളും നല്‍കണം. അപ്പോള്‍ മനസ്സില്‍ തോന്നിയ അഞ്ചു ചോദ്യങ്ങള്‍ ഞങ്ങള്‍ എഴുതിയുണ്ടാക്കി. മലയാളത്തിലെ ആദ്യത്തെ വെബ് സൈറ്റേത്, ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് ഏത്, അമേരിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ ആയി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോള്‍ താരം..അങ്ങനെ അഞ്ചു ചോദ്യങ്ങള്‍.

ലാലിന്റെ വീട്ടിലെ നമ്പര്‍ താഴെ ആന്റിയുടെ കൈയില്‍ നിന്നു വാങ്ങി, ചോദ്യങ്ങളുമായി ഞങ്ങള്‍ ഏറ്റുമാനൂര്‍ ടൗണില്‍ പരിചയമുള്ള ഒരു ബൂത്തിലേക്കു വെച്ചുപിടിച്ചു. ലാലിന്റെ അച്ഛനും അമ്മക്കും കാര്യമായി ഇംഗ്ലീഷ് അറിയാന്‍ വഴിയില്ല എന്നു തോന്നിയതിനാല്‍, ഇംഗ്ലീഷില്‍ തന്നെ പറയാം എന്നു തീരുമാനിച്ചു. അനൂപ് ആണ് സംസാരിച്ചത്.

"ഹലോ..ദിസ് ഈസ് മുകേഷ് കോളിംഗ് ഫ്രം സൂര്യ ടി വി ചെന്നൈ..മേ ഐ സ്പീക് ടു മിസ്റ്റര്‍ ലാല്‍ പ്ലീസ്..."
അമ്മയായിരിക്കണം ഫോണ്‍ എടുത്തത്. "ഞാന്‍ മോള്‍ക്കു കൊടുക്കാം" എന്നു പറഞ്ഞ് അമ്മ ലാലിന്റെ ചേച്ചിക്ക് ഫോണ്‍ കൈമാറി.
അതു ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ചേച്ചിയാണെങ്കില്‍ വല്ലാത്ത ഇംഗ്ലീഷും. എങ്ങനെയൊക്കെയോ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ച്, അഞ്ചു ചോദ്യങ്ങളും എഴുതിയെടുപ്പിച്ച് , ഉത്തരങ്ങള്‍ അയക്കേണ്ട അഡ്രസ്സും, ആവശ്യമെങ്കില്‍ വിളിക്കാന്‍ മദ്രാസിലെ ഒരു ഫോണ്‍ നമ്പറും കൊടുത്ത് ഫോണ്‍ വെച്ചപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. ഈ നമ്പര്‍ അന്ന് മദ്രാസിലുണ്ടായിരുന്ന എന്റെ ഒരു സുഹ്രുത്തിന്റെയായിരുന്നു!

ഞങ്ങള്‍ മൂന്നു പേരല്ലാതെ മറ്റാരും ഇക്കാര്യം അറിഞ്ഞില്ല.

തിങ്കളാഴ്ച ലോട്ടറിയടിച്ച സന്തോഷത്തിലാണ് ലാല്‍ രാജേഷ് ഭവനിലെത്തിയത്. എല്ലാവരോടും മുകേഷ് വിളിച്ച കാര്യം പറഞ്ഞു; ലഡു വിതരണം ചെയ്തു, കൂടുതല്‍ ചെലവ് മദ്രാസില്‍ പോയി വന്നിട്ടാകാമെന്നു വാഗ്ദാനവും ചെയ്തു.
ലാലിനുവേണ്ടി ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം ചിരിയടക്കി ഞങ്ങളും കൂടി. സത്യാവസ്ഥ മറ്റുള്ളവരോട് പങ്കുവെക്കണമെന്നുണ്ടായിരുന്നെങ്കിലും, കനകാന്റി എങ്ങനെ പ്രതികരിക്കുമെന്നു ഭയന്ന് ആരോടും പറഞ്ഞില്ല.

ഞങ്ങള്‍ പ്രതീക്ഷിക്കാത്ത മറ്റൊരു അനുബന്ധവും ഇതിനുണ്ടായി. മത്സരാര്‍ത്ഥിക്ക് ഒരു സുഹ്രുത്തിനെക്കൂടെ കൂടെ കൊണ്ടുപോകാം എന്നുണ്ടായിരുന്നു. അത് സുഹ്രുത്തായ ജിബിയാവട്ടെ എന്നായി ലാല്‍. ഇതറിഞ്ഞ ജിബിയാവട്ടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ മണിക്കൂറുകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ ചെലവിട്ടുതുടങ്ങി.

ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരങ്ങള്‍ എല്ലാം കിട്ടി. ഞങ്ങളുടെ മനസ്സില്‍ അപ്പോള്‍ തോന്നിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും വിശദീകരണങ്ങളും കേട്ട് ഞങ്ങള്‍ തന്നെ അദ്ഭുതപ്പെട്ടു പോയ സമയം. അവ സൂര്യയുടെ മദ്രാസിലെ അഡ്രസ്സിലേക്ക് അയച്ച്, സെലക്ഷന്‍ അറിയിച്ചുക്കൊണ്ടുള്ള വിളി വരുന്നതും കാത്തിരിപ്പായി ലാല്‍. സെലക്ഷന്‍ കിട്ടുമെന്നുള്ളത് ഉറപ്പായിരുന്നു, കാരണം, ഉത്തരങ്ങളെല്ലാം നൂറു ശതമാനം ശരിയാണ്. പക്ഷെ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ലാലിനെ സൂര്യയില്‍ നിന്ന് ആരും വിളിച്ചില്ല.

പിന്നീട് പലപ്പോഴും ഞങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്തു. ചിരിയടക്കി, കഴിവുള്ളവരെ തഴയുന്ന സൂര്യയുടെ ഇത്തരം വിവേചനത്തെ കുറ്റപ്പെടുത്തി. സത്യം തുറന്നു പറയഞ്ഞാലും ഇനിയാരും വിശ്വസിക്കില്ല എന്ന നിലയിലെത്തിയിരുന്നു അപ്പോഴേക്കും കാര്യങ്ങള്‍.

അങ്ങനെയിരിക്കെ ഒരു ദിവസം, ഞാന്‍ ലാലിനോട് സൂര്യ ടി വിയില്‍ നിന്ന് കൊടുത്ത(മദ്രാസിലെ എന്റെ സുഹ്രുത്തിന്റെ) നമ്പറിലേക്ക് ഒന്നു വിളിച്ചു കാര്യങ്ങള്‍ തിരക്കാന്‍ ഉപദേശിച്ചു. വിളിച്ചു തിരിച്ചു വന്ന ലാല്‍ പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ അന്തം വിട്ടുപോയി.

"ഉത്തരങ്ങള്‍ കിട്ടി. എല്ലാം ശരിയാണ്. അവര്‍ ഉടനെ വിളിക്കും.."

ലാല്‍ പാര തിരിച്ചു വെച്ചോ..?
അതോ ഞങ്ങളുടെ മുന്‍പില്‍ നാണംകെടാതിരിക്കാന്‍ വെറുതെ പറഞ്ഞതോ..?
അതല്ല, ശരിക്കും സൂര്യയിലേക്കാണോ അവന്‍ വിളിച്ചത്..?

ഏതായാലും ഞങ്ങള്‍ രാജേഷ് ഭവന്‍ വിടും വരെ ലാലിനെ സൂര്യയില്‍ നിന്നാരും വിളിച്ചില്ല. പിന്നീടുള്ള കഥ അറിയില്ല.
എന്നെങ്കിലും ലാല്‍ ഇതു വായിക്കുകയാണെങ്കില്‍ ബാക്കി ഭാഗം പൂരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു...

Tuesday, June 26, 2007

ഒരു പോലീസ് സ്റ്റോറി

"അളിയാ..എന്നാലും അവളീ ചതി എന്നോടു ചെയ്തല്ലോ..."

സജില്‍ ഇതു പറയുമ്പോള്‍ ഞങ്ങള്‍ ബാംഗ്ലൂരിലെ വിജ്ഞാന്‍ നഗറിലുള്ള ഒരു ബാറിലായിരുന്നു. ഒരു ശനിയാഴ്ച ദിവസം.
ഞങ്ങള്‍ എട്ടു പേര്‍ - സജില്‍,ബിനു,ജിജീഷ്,സബീഷ്,ശങ്കരന്‍,അജീഷ്,ബോബി,ഞാന്‍.
സജില്‍ കഷ്ട്പ്പെട്ട് ലൈനടിച്ചു വെച്ചിരുന്ന കവിത എന്ന കന്നഡക്കാരി പെണ്‍കുട്ടി, അവനെ വിട്ട്, വേറൊരുത്തന്റെ കൂടെ കറങ്ങിനടക്കുന്നതിന്റെ സങ്കടം പങ്കുവെക്കുകയായിരുന്നു അവന്‍.

ആഴ്ചയില്‍ ഒരു തവണയെങ്കിലും, എന്തെങ്കിലും കാരണമുണ്ടാക്കി ഞങ്ങള്‍ ഈ ബാറില്‍ വന്നു പോയിരുന്നു.
ഒന്നുകില്‍ ആരുടെയെങ്കിലും സ്പോണ്‍സര്‍ഷിപ്പ്...ജോലി കിട്ടിയതിന്റെയോ, കമ്പനി മാറിയതിന്റെയോ സന്തോഷം.
അല്ലെങ്കില്‍, കോമണ്‍വെല്‍ത്ത്...എത്ര ചെലവാകുന്നോ, അതില്‍ തുല്യ പങ്കാളിത്തം.
സജിലൊഴികെ ബാക്കി ഞങ്ങളെല്ലാവരും സഹമുറിയന്മാരായിരുന്നു. സജില്‍, വിനയന്‍ എന്ന മറ്റൊരു സുഹ്രുത്തിനൊപ്പം മഡിവാളയിലായിരുന്നു താമസം.

അന്നത്തെ ചെലവ് ജിജീഷിന്റെ വകയായിരുന്നു...പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ!

ഒരു ബര്‍ക്കാഡി ഫുള്‍ വാങ്ങി, ഞങ്ങള്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോള്‍.

സജിലിന് എവിടെയൊക്കെയോ ചില കൊളുത്തുകള്‍ ഉണ്ടെന്നറിയാമെന്നല്ലാതെ, ഇങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നതായി ആര്‍ക്കും അറിവില്ലായിരുന്നു - അവന്‍ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല, അതുവരെ.
ഏതായാലും അന്ന്, ബാറിലെ ഇത്തിരി വെട്ടത്തില്‍, ബര്‍ക്കാഡി പതുക്കെ സിരകളില്‍ അലിയുമ്പോള്‍, പുകച്ചുരുളുകളുടെ അകമ്പടിയോടെ സജില്‍ ആ കദന കഥ ഞങ്ങളോട് പറഞ്ഞു.

ആത്മാര്‍ഥമായി അവളെ സ്നേഹിച്ചതും, അവളെ സന്തോഷിപ്പിക്കാന്‍ ഹോട്ടല്‍, സിനിമ, ഷോപ്പിങ് ഒക്കെയായി ഒരുപാട് കാശ് പൊടിച്ചു കളഞ്ഞതും, അവസാനം മറ്റൊരുത്തന്‍ വന്നപ്പോള്‍, ഇതൊക്കെ മറന്ന് അവള്‍ അവനോടൊപ്പം പോയതും...

"അവളെ അങ്ങനെ വെറുതെ വിടരുതെടാ..." ഞങ്ങള്‍ക്കൊക്കെ അതു മനസ്സിലുണ്ടായിരുന്നെങ്കിലും, ബിനുവായിരുന്നു അതു പറഞ്ഞത്.
"നാണമില്ലല്ലൊടാ ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാന്‍..ആണാണെങ്കില്‍ നീ അവളെ വിളിച്ച് നാലു തെറി പറ...വേണെങ്കില്‍ ഇതാ എന്റെ മൊബൈല്‍.."
രണ്ടാമത്തെ പെഗ്ഗ് അകത്താക്കിക്കൊണ്ടിരുന്ന ജിജീഷ്, സര്‍വശക്തിയുമെടുത്ത് ഗ്ലാസ് ടേബിളിലേക്കു വെച്ചുകൊണ്ടു പറഞ്ഞു. സജിലിനോടുള്ള സഹതാപമോ, ഉള്ളില്‍ നുരയുന്ന ബര്‍ക്കാഡിയോ - സജിലും, ഞങ്ങളെല്ലാവരും കൂടുതല്‍ പുലിവാലുണ്ടാക്കണ്ട എന്നഭിപ്രായപ്പെട്ടെങ്കിലും, അവളെ തെറിപറയണം എന്ന വാശിയിലായിരുന്നു ജിജീഷ്. സജിലിനു അതിനുള്ള ധൈര്യമില്ലെങ്കില്‍, അവന്‍ തന്നെ ആ ദൗത്യം ഏറ്റെടുക്കാം എന്നായി അവന്‍.
"ഞാന്‍ അവളെ തെറിപറയുന്നതില്‍ നിനക്കു വിഷമമുണ്ടോ..?" - ജിജീഷ്
"എനിക്കൊരു വിഷമവുമില്ല, പക്ഷെ, നീ എന്റെ പേരൊന്നും പറയാന്‍ പോകണ്ട" - സജില്‍
ജിജീഷ്, പുതിയ മൊബൈല്‍ ഫോണെടുക്കുന്നു, സജിലിന്റെ കയ്യില്‍ നിന്നും കവിതയുടെ നമ്പര്‍ വാങ്ങുന്നു, ഡയല്‍ ചെയ്യുന്നു...
"ഹലോ.."
(എടാ..തന്തപ്പടിയാണെന്നു തോന്നുന്നു..)
"ഹലോ.ഈസ് ദിസ് കവിതാസ് ഹൗസ്..?
"യെസ്..ഹൂ ഈസ് ദിസ്..?
"ഐ ആം കവിതാസ് ഫ്രണ്ട്..ക്യാന്‍ ഐ സ്പീക് ടു ഹെര്‍ പ്ലീസ്...?"
"യുവര്‍ നെയിം..?"
"ജിജീഷ്"
"ടെല്‍ മീ വാട്ടെവര്‍ യൂ വാണ്ട് ടു ടെല്‍ ഹെര്‍."
(മുടിഞ്ഞ ഇംഗ്ലീഷ്..)
"നോ..ഐ വാണ്ട് ടു ടോക് ടു ഹെര്‍.."
"ആര്‍ യു സജില്‍..."
(അളിയാ സജിലാണോന്ന്..)
"നോ..ഐ ആം നോട്ട്..ഫോണ്‍ അവള്‍ക്കു കൊടുക്കെടാ..."
"മൈന്‍ഡ് യുവര്‍ വേഡ്സ്.."
"യൂ മൈന്‍ഡ് യുവര്‍ വേഡ്സ്..പോട പട്ടീ..പേടിപ്പിക്കുന്നോ നീ..."
(ഡിസ്കണക്റ്റ്)
കവിതയെക്കിട്ടിയില്ലെങ്കിലും, അവളുടെ തന്തപ്പടിയെ രണ്ടു തെറി വിളിക്കാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു ജിജീഷ്...ഞങ്ങളും!
സജിലിന്റെ മുഖത്ത് സന്തോഷമോ, വിഷാദമോ പ്രകടമായിരുന്നില്ല.
ജിജീഷിന്റെ അപാര ഗട്സിനേപ്പറ്റിയായിരുന്നു വഴിനീളെ ഞാന്‍ ആലോചിച്ചുകോണ്ടിരുന്നത്.

തിങ്കളാഴ്ച ഓഫീസില്‍ പോയ ജിജീഷ് അല്പം ടെന്‍ഷനോടെയാണ് തിരിച്ചെത്തിയത്. സജില്‍ അവനെ വിളിച്ചിരുന്നെന്നും, അന്ന് കവിതയുടെ വീട്ടില്‍ ഫോണെടുത്തത്, അവളുടെ പോലീസുകാരനായ ഒരു അമ്മാവനാണെന്നും പറഞ്ഞു. സജിലിനെ മുന്‍പരിചയമുള്ള അയാള്‍ അവനെ വിളിച്ച്, ഇക്കാര്യം ചോദിച്ചിരുന്നുവത്രെ. സജില്‍ ഒന്നുമറിഞ്ഞിട്ടില്ല എന്ന ഭാവത്തിലാണ് സംസാരിച്ചത്. "ആരായാലും അവനെ ഞാന്‍ പൊക്കും.." എന്നയാള്‍ സജിലിനോടു പറഞ്ഞു.

മുറിയില്‍, ജിജീഷിനെ കുറ്റപ്പെടുത്തിയും അനുകൂലിച്ചും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു.
മൊബൈലില്‍ നിന്നാണ് അവന്‍ വിളിച്ചത് എന്നതിനാല്‍, ആളെ കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ് എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം.

"നീയല്ലാതെ ഇങ്ങനെ വിഡ്ഢിത്തം കാട്ട്വോ..?തെറി പറയാന്‍ നെനക്കു ബൂത്തില്‍ പോയി വിളിക്ക്യായിരുന്നില്ല്യേ..."- ശങ്കരന്‍
"അതിനവനൊന്നും പറഞ്ഞില്ലല്ലോടാ..അന്നേരത്തെക്കും കട്ടായില്ലെ.." - അജീഷ്
"മോനേ..അയാളു പോലീസാ..അയാളു വിചാരിച്ചാല്‍ എപ്പ പൊക്കീന്നു ചോദിച്ചാ മതി" - സബീഷ്
"എടാ ഐഡിയയുണ്ട്. നീയാ മൊബൈല്‍ എവിടെയെങ്കിലും കൊണ്ടെ കളയ്..എങ്ങാനും നിന്നെ പിടിച്ചാല്‍ ആ മൊബൈല്‍ ഒരാഴ്ച മുന്‍പെ കാണാതെ പോയെന്നു പറ.." - ബിനു.
ഏതായാലും, കൂടുതല്‍ കുഴപ്പങ്ങളൊന്നുമില്ലാതെ ആ ആഴ്ച കടന്നു പോയി.

അടുത്ത ഞായറാഴ്ച. രാത്രി ഏകദേശം പത്തരമണി. പ്രത്യേകിച്ച് പ്രോഗ്രാമുകളൊന്നുമില്ലാത്തതിനാല്‍ എല്ലാവരും നേരത്തെ കിടന്നിരുന്നു. പതുക്കെ മയക്കം പിടിച്ചു വരുമ്പോള്‍ ജിജീഷിന്റെ മൊബൈല്‍ ശബ്ദിച്ചു. ഉറക്കം കളഞ്ഞല്ലോ എന്നോര്‍ത്ത് തിരിഞ്ഞു കിടക്കുമ്പോള്‍ ജിജീഷിന്റെ വിറക്കുന്ന ശബ്ദം ചെവികളിലെത്തി.
"ഐ ആം ഇന്നസെന്റ് സാര്‍....."
"നോ സാര്‍..പ്ലീസ് സാര്‍..."
ഐ ആം സോറി സാര്‍.."
"ഐ ആം ഇന്നസെന്റ് സാര്‍...യെസ് സാര്‍"
"ബസവ നഗര്‍..തേഡ് മെയിന്‍..ഫസ്റ്റ് ക്രോസ്.."
"ത്രീ എയ്റ്റി ടൂ ബാര്‍ സെവന്‍...."

എന്തോ പന്തികേടു തോന്നിയ ബിനു അപ്പോഴേക്കും എഴുന്നേറ്റ് ലൈറ്റിട്ടിരുന്നു. പേടിച്ചു വിറച്ച്, മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ജിജീഷ്. കുറച്ചു നേരത്തേക്ക് അവനൊന്നും പറയാന്‍ കഴിഞ്ഞില്ല.
അവനെ വിളിച്ചത്, ഇന്ദിരാ നഗര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്നു. അവന്റെ പേരില്‍ അവര്‍ക്ക് ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ടെന്നും, അറസ്റ്റു ചെയ്യാന്‍ അവര്‍ അര മണിക്കൂറിനകം എത്തുമെന്നുമാണ് പറഞ്ഞത്. താമസിക്കുന്ന സ്ഥലവും, വീട്ടു നമ്പറുമൊക്കെ എസ് ഐ അവനോടു തന്നെ ചോദിച്ചറിഞ്ഞു.
അന്തരീക്ഷമാകെ ചൂടുപിടിച്ചു...പേടി ജിജീഷില്‍ നിന്ന് എല്ലാവരിലേക്കും വ്യാപിച്ചു.
ബിനു തലക്കു കൈയും കൊടുത്ത് ഒരു കോണില്‍ തളര്‍ന്നിരുന്നു.
ഞാനും ജിജീഷും സബീഷും ഉടുത്തിരുന്ന മുണ്ടു മാറ്റി പാന്റ്സിട്ടു; അണ്ടര്‍ വെയര്‍ ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തി.

ജിജീഷ് മൊബൈലെടുത്ത് എവിടെങ്കിലും സൂക്ഷിച്ചു വെക്കാന്‍ എന്റെ കൈയില്‍ തന്നു. തൊണ്ടി സാധനമാണ്. അതെടുത്തുവെച്ചാല്‍ നീയും അകത്താകും എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. ഞാന്‍ വേഗം അത് അവനെത്തന്നെ തിരിച്ചേല്പ്പിച്ചു.

ഇതിനിടയില്‍ ഞങ്ങള്‍ സജിലിനെ വിളിച്ച് കാര്യം പറഞ്ഞു. അവനു പരിചയമുള്ള ആളാണല്ലോ കവിതയുടെ അമ്മാവന്‍. അയാളെ വിളിച്ച് കാലുപിടിച്ചിട്ടാണെങ്കിലും അറ്സ്റ്റ് ഒഴിവാക്കിത്തരാന്‍ അഭ്യര്‍ത്ഥിക്കാമെന്ന് അവന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ് സജില്‍ തിരിച്ചു വിളിച്ച്, അയാള്‍ അടുക്കുന്ന ലക്ഷണമില്ല എന്നറിയിച്ചു.

ആസന്നമായ അറസ്റ്റിന് ഞങ്ങളൊക്കെ മാനസികമായി തയ്യാറെടുത്തു തുടങ്ങി. ജിജീഷിനെ മാത്രമല്ല, ചോദ്യം ചെയ്യാനും മറ്റുമായി എല്ലാവരേയും അവര്‍ കൊണ്ടുപോയേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു.

മറ്റൊരു പ്രധാന പ്രശ്നം ഞങ്ങളുടെ ഇമേജായിരുന്നു. ആ ചുറ്റുവട്ടത്തില്‍ ഞങ്ങള്‍ക്കുള്ള ഇമേജൊക്കെ ഇതാ തകര്‍ന്നു തരിപ്പണമാകാന്‍ പോകുന്നു. താഴെ താമസിക്കുന്ന ഹൗസ് ഓണര്‍, അടുത്ത് താമസിക്കുന്ന തോമസ് സാര്‍, സാറിന്റെ സുന്ദരികളായ മൂന്നു മക്കള്‍, മറ്റു വീടുകളിലുള്ളവര്‍..ഒരു പക്ഷെ, ഞങ്ങളുടെ ഇവിടുത്തെ താമസത്തെ വരെ ഈ അറസ്റ്റ് ബാധിക്കും. അതിലും നല്ലത്, പോലീസിനെ ഇങ്ങോട്ടു വരുത്താതെ സ്റ്റേഷനില്‍ ചെന്നു കീഴടങ്ങുന്നതാണ്. പക്ഷെ, അര മണിക്കൂറിനകം ഇവിടെയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ ഇവിടെ എത്തിയാല്‍ അത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
അതുകൊണ്ട്, വീട്ടില്‍നിന്നിറങ്ങി ബസവനഗര്‍ ജംഗ്ഷനില്‍ ചെന്നു നില്‍ക്കാമെന്നും, പോലീസു ജീപ്പു വരുമ്പോള്‍ നിര്‍ത്തിച്ച് അവിടെ വെച്ച് അറസ്റ്റു വരിക്കാമെന്നും തീരുമാനിച്ചു.
"ഞാന്‍ വരുന്നില്ല..നിങ്ങള്‍ പൊക്കോ.." ബിനുവായിരുന്നു അതു പറഞ്ഞത്.
"എല്ലാവരും കൂടി പോയാല്‍ എല്ലാത്തിനേം കൊണ്ടുപോകും. ജിജീഷിനെ മാത്രം കൊണ്ടുപോകാനല്ലേ അവര്‍ വരുന്നത്..?" - അവന്‍ തുടര്‍ന്നു.
അതു ശരിയാണെന്നു ഞങ്ങള്‍ക്കൊക്കെ തോന്നി. അതു മാത്രമല്ല, ജിജീഷിനെ അറസ്റ്റു ചെയ്താല്‍ ജാമ്യം മുതലുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാന്‍, ആരെങ്കിലുമൊക്കെ ഇവിടെ ഉണ്ടായേ മതിയാവൂ.
അവസാനം, ജിജീഷ് തനിച്ച് ബസവനഗര്‍ ജംഗ്ഷനില്‍ പോയി പോലീസിനെ കാത്ത് നില്‍ക്കാമെന്നായി തീരുമാനം.

അറസ്റ്റു വരിക്കാന്‍ സന്നദ്ധനായി വീട്ടില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. വീണ്ടും അതേ നമ്പര്‍..ഇന്ദിരാനഗര്‍ പോലീസ് സ്റ്റേഷനിലെ...
വിറക്കുന്ന കൈകളോടെ ജിജീഷ് പച്ച ബട്ടണില്‍ വിരലമര്‍ത്തി, മൊബൈല്‍ ചെവിയോടു ചേര്‍ത്തു.
ചെവികള്‍ ആവുന്നത്ര മൊബൈലിനോടടുപ്പിച്ച് ഞങ്ങളും നിന്നു. ഇലയനങ്ങിയാല്‍ കേള്‍ക്കാവുന്ന നിശബ്ദത. പരസ്പരം ഹ്രുദയമിടിപ്പുകള്‍ പോലും ഞങ്ങള്‍ക്കപ്പോള്‍ കേള്‍ക്കാമായിരുന്നു.
"ഹ...ലോ.."
"ജിജീഷ്...?"
"യെസ്..സാ...ര്‍.."
"നിന്നെയിതുവരെ പോലീസ് കൊണ്ടുപോയില്ലേ..?"
"ആരാ..എടാ..വിനയാ നീയാണോ..."
"അളിയാ..ഞങ്ങള്‍ നിനക്കിട്ടൊന്നു പണിതതല്ലേ..? പോലീസൊന്നും വരില്ല..നീ പോയി ധൈര്യമായി കിടന്നുറങ്ങ്"
ബാക്ക് ഗ്രൗണ്ടില്‍ സജിലെന്റെ ചിരി മുഴങ്ങുന്നതു കേള്‍ക്കാമായിരുന്നു.
"എടാ ദുഷ്ടാ..."
ജിജീഷിനെ മുഴുമിപ്പിക്കാനനുവദിക്കാതെ ബിനു മൊബൈല്‍ പിടിച്ചുവാങ്ങി വിനയനേയും സജിലിനേയും മതിവരുവോളം തെറി പറഞ്ഞു.

സജിലെങ്ങനെ ഇത്ര വിദഗ്ദ്ധമായി ഇത് ആസൂത്രണം ചെയ്തു എന്നാലോചിക്കുകയായിരുന്നു ഞാനപ്പോള്‍.

Sunday, June 03, 2007

നൊസ്റ്റാള്‍ജിക് ജൂണ്‍

മറ്റൊരു ജൂണ്‍ മാസം കൂടി.

വേനലില്‍ വെന്തുരുകിയ മണ്ണിനും മനസ്സിനും കുളിരേകി മേഘങ്ങളുടെ അമ്രുതവര്‍ഷം - കാലവര്‍ഷം.
പുത്തനുടുപ്പും, പുത്തന്‍ പ്രതീക്ഷകളുമായി മറ്റൊരു അദ്ധ്യയന വര്‍ഷം.
ജൂണിനെ നൊസ്റ്റാള്‍ജിക് ജൂണാക്കുന്നത് ഈ രണ്ട് "വര്‍ഷ" ങ്ങളുടെ ഓര്‍മ്മകളാണ്.

ഓര്‍മ്മകള്‍ കാല്‍ നൂറ്റാണ്ട് പുറകിലേക്ക് പോകുമ്പോള്‍..

മഴയത്തിറങ്ങി നിന്ന്, തുള്ളിക്കൊരുകുടം പെയ്യുന്ന മഴത്തുള്ളികള്‍ ശരീരത്തില്‍ പതിക്കുമ്പോഴുണ്ടാകുന്ന സുഖമുള്ള ചെറിയ വേദന ആസ്വദിക്കാന്‍.. മഴയില്‍ ആടിയുലയുന്ന മരങ്ങളെ നോക്കി വെറുതെയിരിക്കാന്‍...മഴ നനഞ്ഞ് പറന്നു പോകുന്ന പക്ഷിയെ കണ്ട്, അതിനേയും, കാത്തിരിക്കുന്ന അതിന്റെ കുഞ്ഞുങ്ങളെയുമോര്‍ത്ത് ഒരു നിമിഷം വേദനിക്കാന്‍...
മഴ എന്നിലുണ്ടാക്കിയ വികാരങ്ങള്‍ പലതായിരുന്നു..!

മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്, അകത്ത് പളുങ്കു പൂക്കളുള്ള പിടിയും കട്ടി ശീലയുമുള്ള കുട ചൂടി, അലുമിനിയം പെട്ടി (അന്ന് സ്കൂള്‍ ബാഗ് കണ്ടു പിടിച്ചിട്ടില്ല) തൂക്കി മഴയത്ത് കൂട്ടുകാരുമൊത്ത് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളാണ്. കുട വട്ടം കറക്കി, കൂടെ നടക്കുന്നവരുടെ മേല്‍ വെള്ളം തെറിപ്പിച്ച്...തിരിച്ച് ചെയ്യുന്നവര്‍ക്ക് പിടികൊടുക്കാതെ ഓടി..റോഡിലെ ചെളിവെള്ളത്തില്‍ ഉടുപ്പും പെട്ടിക്കുള്ളിലെ പുസ്തകങ്ങളും നനച്ച്...തോട്ടിലും വയല്‍ വരമ്പിലും കാണുന്ന ചെറുമീനിനേയും ഞണ്ടിനേയും പിടിക്കാന്‍ വിഫല ശ്രമം നടത്തി..തെന്നിവീണ്...
ഇതൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ താമസിച്ചതിനും, മഴ നനഞ്ഞതിനും ഉടുപ്പില്‍ ചെളിയാക്കിയതിനുമൊക്കെ വഴക്കും കേട്ട്..ചിലപ്പോള്‍ അടിയും വാങ്ങി..

ഞാന്‍ പഠിച്ച ഏറ്റവും വലിയ സര്‍വ്വകലാശാല ഈ യാത്രകളായിരുന്നുവെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

സ്കൂളിലെത്തിയാല്‍ വേഗം ഉച്ചയാകണേ എന്നാവും പ്രാര്‍ത്ഥന. 'ഉച്ചക്കു വിട്ടാല്‍' വേഗം ഭക്ഷണം കഴിച്ചെന്നു വരുത്തി, അന്നത്തെ പ്രധാന കലാപരിപാടികള്‍ ആരംഭിക്കുകയായി.

കള്ളനും പോലീസും കളിയായിരുന്നു പ്രധാനം. ആദ്യം ഒരാള്‍ പോലീസ്, മട്ടുള്ളവരെല്ലാം കള്ളന്‍മാര്‍. പിടിക്കപ്പെടുന്ന കള്ളന്‍ പിന്നീട് പോലീസിന്റെ കൂടെ കൂടി ബാക്കിയുള്ള കള്ളന്‍മാരെ തിരയണം.
കളിയുടെ ത്രില്ലില്‍ കണ്ണുമടച്ച് ഓടി പള്ളിപ്പറമ്പും, സെമിത്തേരിയും കടന്ന് മൊട്ടക്കുന്ന് എന്നറിയപ്പെടുന്ന കശുമാവിന്‍ കാട്ടിലും മറ്റും ചെന്നെത്തി തിരിച്ചുവരാന്‍ വഴിയറിയാത പലതവണ പെട്ടുപോയിട്ടുണ്ട്. ഇതിനിടെയാവും ആരെങ്കിലും എന്തെങ്കിലും അദ്ഭുതക്കാഴ്ച കണ്ടു എന്നു പറയുന്നത്. അതു ചിലപ്പോള്‍ തലയോട്ടിയോ, കൈപ്പത്തിയോ ഒക്കെയാവും..പിന്നെ അതു കണ്ടുപിടിക്കാനുള്ള ശ്രമമായി. തലയോട്ടി ഒരു പേട്ടു തേങ്ങയോ, കൈപ്പത്തി കപ്പയിലയോ ഒക്കെയായിരിക്കുമെന്നു മാത്രം. ബഷീര്‍ എന്ന സുഹ്രുത്ത്, ഒരിക്കല്‍ കളിക്കിടയില്‍ ഒറിജിനല്‍ പ്രേതത്തെ വരെ കണ്ടിട്ടുണ്ടത്രെ.

പള്ളിപ്പറമ്പില്‍, പണ്ട് ടിപ്പു സുല്‍ത്താന്‍ ഒളിച്ചു താമസിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ഗുഹയ്ണ്ട്. കുറേ ദൂരം ഉള്ളിലേക്കു പോയാല്‍ അവിടെ ഒരു കുളവും, കല്‍പടവുകളും ഒക്കെയുണ്ടെന്നാണ് പോയി കണ്ടിട്ടുള്ള ഹൈസ്കൂളിലെ ചേട്ടന്‍മാര്‍‍‍ പറഞ്ഞിട്ടുള്ളത്. എല്‍ പി സ്കൂളിലെ കുട്ടികള്‍ക്ക് ഗുഹക്കുള്ളില്‍ പോകരുതെന്ന് കര്‍ശന നിയമമുണ്ടായിരുന്നു. രഞ്ജിത്തും നൗഫലും പ്രദീപനും ഞാനുമൊക്കെ, പലരും പറഞ്ഞു കേട്ട അദ്ഭുതങ്ങള്‍ പങ്കു വെച്ച്, അകത്തു കയറാന്‍ ധൈര്യം വരാതെ ആ ഗുഹക്കുമുന്‍പില്‍ എത്രയോ തവണ വായും പൊളിച്ച് നിന്നിരിക്കുന്നു...

ഓര്‍മ്മകള്‍ ഇവിടെ തീരുന്നില്ല...

സ്കൂള്‍ ഗ്രൗണ്ടില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചക്കരപ്പട്ട മരങ്ങള്‍...ഏതു വേനലിലും കുളിര്‍മ്മ പകരുന്ന അവയുടെ തണല്‍...മധുരമുള്ള ചക്കരപ്പട്ട...

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്ന തേന്‍ മിഠായി...

പല നിറങ്ങളില്‍, രുചികളില്‍ വരുന്ന ഐസ്സ്റ്റിക്ക് (കോലൈസ്)...

അമേരിക്കന്‍ ഗോതമ്പുകൊണ്ട് കുട്ടിമാളുവേട്ടത്തി ഉണ്ടാക്കിയിരുന്ന ഉപ്പുമാവ്..

ഇടവേളകളിലും, വൈകുന്നേരങ്ങളിലുമുള്ള 'ചടുകുടു' കളി...

മറ്റൊരു ജൂണ്‍ കൂടി കടന്നു പോകുമ്പോള്‍, ഈ മധുരമുള്ള ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തുമ്പോള്‍, വേദനയോടെ ഞാനറിയുന്നു, എല്ലാം വെറും ഓര്‍മ്മകള്‍ മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്...
അല്ലെങ്കില്‍, ഈ മധുരാനുഭവങ്ങള്‍ക്കായി ഇനിയൊരു ബാല്യം എനിക്കു ബാക്കിയില്ല എന്ന്...

ഒരിക്കല്‍ കൂടി എനിക്കെന്റെ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍...
ഒരിക്കല്‍ കൂടി എനിക്കാ പഴയ എല്‍ പി സ്കൂളുകാരനാകാന്‍ പറ്റിയെങ്കില്‍...

ഒ എന്‍ വി യെപ്പോലെ ഞാനും അറിയാതെ അതു തന്നെ പാടിപ്പോകുന്നു...

"ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം.."