Friday, March 16, 2012

ജെന്‍ഡര്‍ ഫെസ്റ്റ് - കണ്ടതും കേട്ടതും.

കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് ഇക്കഴിഞ്ഞ വനിതാ ദിനം (മാര്‍ച്ച് 8) മുതല്‍ പത്തുനാള്‍ 'സ്ത്രീത്വം ആഘോഷിക്കാ' നായി കോഴിക്കോട് സ്വപ്ന നഗരിയില്‍ നടത്തുന്ന സ്ത്രീകളുടെ ഉത്സവമാണ് 'തന്റേടം' എന്നു പേരിട്ടിരിക്കുന്ന ജെന്‍ഡര്‍ ഫെസ്റ്റ്.

സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ തരംതിരിവുകളില്ലാതെ സ്ത്രീശാസ്തീകരണത്തിനായുള്ള വേദിയൊരുക്കാനും ദൈനംദിന ജീവിതതില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ചചെയ്യാനുമാണ് ഈ 'ഉത്സവം' കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സാമൂഹ്യക്ഷേമവകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നു.

എന്തുകൊണ്ടാണ് ഇതിന് 'തന്റേടം' എന്നു പേരിട്ടിരിക്കുന്നത് എന്നായിരുന്നു ആദ്യം മുതലേയുള്ള ഒരു സംശയം. കാരണം 'തന്റേടം' എന്നത് നമ്മുടെ 'സാംസ്കാരിക പാരമ്പര്യ' പ്രകാരം പുരുഷന് അഭിലക്ഷണീയവും സ്ത്രീക്ക് അനഭിമതവുമായ ഒരു പദമാണല്ലോ! ഈ പേരു കണ്ട് കുറേ തന്റേടിപ്പെണ്ണൂങ്ങളുടെ സംസ്ഥാന സമ്മേളനമാണ് ഇതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ കുറ്റം പറയാനാകില്ല. മാത്രമല്ല, ആദ്യത്തെ കുറേ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ബ്രാന്‍ഡ് അംബാസഡറായ സിനിമാ നടിയുടെ പല പോസിലുള്ള ചിത്രങ്ങളടിച്ച പോസ്റ്ററുകളും, നടിയെ അംബാസഡറാക്കിയതില്‍ ചിലര്‍ പ്രകടിപ്പിച്ച എതിര്‍പ്പും, 'അന്വേഷി' യുടെ 'തന്റേട' വിരുദ്ധ പ്രസ്ഥാവനകളുമൊക്കെയായിരുന്നു താനും.

ബെര്‍ളിത്തരങ്ങളിലാണ്, 'തന്റെ ഇടം' എന്ന അര്‍ഥത്തിലാണ് തന്റേടം എന്ന് ഈ മേളക്ക് പേരിട്ടിരിക്കുന്നത് എന്നു കണ്ടത്.
വേറെ ഒരിടത്തും ഇങ്ങനെയൊരു വിശദീകരണം കണ്ടതുമില്ല.

ഇംഗ്ലീഷില്‍ GRIT അഥവാ FORTITUDE ആണ് തന്റേടം. 'പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള ചങ്കുറപ്പ് 'എന്ന് അര്‍ഥം. ട്രെയിന്‍ യാത്രക്കിടയില്‍ വേട്ടയാടപ്പെട്ട സൗമ്യയും ഈ കഴിഞ്ഞ ദിവസം ഒരു ഓട്ടോ ഡ്രൈവറെ സഹായിക്കാന്‍ സന്മനസ്സു കാണിച്ച കുറ്റത്തിന് മരണം ഏറ്റുവാങ്ങേണ്ടി വന്ന ആര്യയും മുതല്‍ പീഢനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാകേണ്ടി വരുന്ന, പത്രത്താളുകളില്‍ ഒരു വരി വാര്‍ത്ത പോലുമാകാത്ത അനേകായിരം സഹോദരിമാര്‍ക്ക് ഇത്തിരി ചങ്കുറപ്പ് കൂടുതലുണ്ടായിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി നടത്തുന്ന ഒരുത്സവത്തിന് 'തന്റേടം' എന്ന പേര് ചേരും എന്നാണ് എന്റെ അഭിപ്രായം; അല്പം തെറ്റിദ്ധരിക്കപ്പെടാമെങ്കിലും!

സ്ത്രീകള്‍ക്ക് സ്വസ്ഥമായി ഒന്നു മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത നാട്ടില്‍, ഇങ്ങനെയൊരു ഉത്സവം നടത്തിയതു കൊണ്ടോ, സ്ത്രീകള്‍ക്ക് കയറിയിരുന്നു ചര്‍ച്ചകള്‍ നടത്താന്‍ മാത്രമായി പാര്‍ക്കുകള്‍ (Gender Parks) നിര്‍മ്മിക്കുന്നതുകൊണ്ടോ എന്തെങ്കിലും ഗുണമുണ്ടാകാന്‍ പോകുന്നോ എന്ന് കണ്ടറിയണം.
പത്തു നാള്‍ നീണ്ട ഉത്സവവും മാരത്തണും ചര്‍ച്ചകളും സിനിമാ പ്രദര്‍ശനവും വെടിവട്ടവും കഴിഞ്ഞ് പൊടിയും തട്ടി സംഘാടകര്‍ നാലു വഴിക്കു പിരിയുമ്പോള്‍ ഇവിടുത്തെ സാധാരണ സ്ത്രീ ഇതില്‍ നിന്ന് എന്തു നേടും? അവളുടെ ഏതെങ്കിലും പ്രശ്നങ്ങള്‍ക്ക് ഈ ഉത്സവം പരിഹാരം കാണുമോ? അല്ലെങ്കില്‍ അവളെ വേട്ടയാടുന്നവര്‍ ഇതുവഴി ബോധവത്കരിക്കപ്പെടുമോ? അങ്ങനെയൊക്കെ ആവട്ടെ കാര്യങ്ങള്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

അടിക്കുറിപ്പുകള്‍:

1. ജെന്‍ഡര്‍ ഫെസ്റ്റില്‍ സമ്മാനിച്ച 100 'മഹിളാ തിലകം' അവാര്‍ഡുകളില്‍, ക്ലാസ്സിക്കല്‍ ഡാന്‍സ് വിഭാഗത്തില്‍ സമ്മാനിതരായവരില്‍ നവ്യാ നായരും. മഞ്ച് സ്റ്റാര്‍ സിംഗറിലൂടെ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ നവോത്ഥാനം നടത്തുന്നതിനായിരിക്കും ഈ അവാര്‍ഡ്. ഇത് നവ്യ നായര്‍ക്കുള്ള അവാര്‍ഡല്ല, മറിച്ച് പദ്മാ സുബ്രമണ്യവും മല്ലികാ സാരാഭായിയും അടക്കം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റു പ്രഗത്ഭര്‍ക്കുള്ള അവഹേളനമാണ്.

2. ഇന്നത്തെ മനോരമ വാര്‍ത്ത - ജെന്‍ഡര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തില്‍ വനിതകള്‍ക്കുള്ള കൈപ്പുസ്തക വിതരണം. വിതരണോദ്ഘാടനം നിര്‍വ്വഹിക്കുന്നത് പി. കെ കുഞ്ഞാലിക്കുട്ടി സാഹിബ്. ആ കൈപ്പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടിയിരുന്നെങ്കില്‍...!

Tuesday, February 21, 2012

കർദ്ദിനാളിന്റെ കൂറ് ഇന്ത്യക്കോ ഇറ്റലിക്കോ?

റോമിൽ പോയി കർദ്ദിനാൾ പട്ടം വാങ്ങി തിരികെ വരും മുൻപ് സീറോ മലബാർ സഭയുടെ ആർച്ച്ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി അത് വ്യക്തമാക്കിക്കഴിഞ്ഞു.

വത്തിക്കാന്റെ വാർത്താ ഏജൻസിയായ ഫിഡെസിനു നൽകിയ അഭിമുഖത്തിൽ, മത്സ്യത്തൊഴിലാളികളെ അരുംകൊല ചെയ്ത രണ്ട് ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി 'സമാധാനപരമായി' കൈകാര്യം ചെയ്യാൻ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് താൻ പ്രത്യേകം നിർദ്ദേശിച്ചിട്ടൂണ്ടെന്നും, സർക്കാർ ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനമെടുക്കരുതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ഈ സംഭവത്തിൽ കേരളത്തിലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തിവരികയാണെന്നും കർദ്ദിനാൾ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.

ഇറ്റലിയിൽ ഇപ്പോഴുള്ള കേന്ദ്ര മന്ത്രി കെ.വി തോമസ് കേരളത്തിലും കേന്ദ്രത്തിലും വളരെ സ്വാധീനമുള്ള ആളാണന്നും അദ്ദേഹം എല്ലാ സഹകരണവും ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ പറയുന്നു.

ഈ പ്രശ്നത്തിൽ കേരളവും കേന്ദ്ര ഗവണ്മെന്റും നിയമ നടപടികളും നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുമ്പോഴാണ് രാജ്യതാത്പര്യത്തിനു വിരുദ്ധമായ കർദ്ദിനാളിന്റെ ഈ പ്രസ്ഥാവന വന്നിരിക്കുന്നത്.

കർദ്ദിനാൾ പട്ടം സ്വീകരിച്ച് കർത്താവിന്റെ നല്ല ഇടയനായി മാറേണ്ട വേളയിൽ തന്റെ കമ്യൂണിസ്റ്റ് വിദ്വേഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല എന്നതും സ്തുത്യർഹമായ കാര്യം തന്നെ.

കേരളത്തിലെ ചില മന്ത്രിമാര്‍ വെറും മന്ത്രിമാരല്ല, , മറിച്ച് 'കത്തോലിക്കാ' മന്ത്രിമാരാണെന്നാണ് ബിഷപ്പിന്റെ കണ്ടുപിടുത്തം.
ഇന്ത്യയിലെ മതേതരത്വത്തെപറ്റി ഒരുപക്ഷേ കേട്ടിട്ടുപോലുമില്ലാത്ത ഇറ്റാലിയന്‍ സമൂഹം കര്‍ദ്ദിനാളിന്റെ ഈ പ്രസ്ഥാവന കേട്ട് കേരളത്തിലെയും കേന്ദ്രത്തിലെയും 'കത്തോലിക്കാ' മന്ത്രിമാര്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാത്രം ആ സഥാനത്തിരിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കാതിരിക്കില്ല.

ഈ ഇറ്റാലിയന്‍/വത്തിക്കാന്‍ കൂറും ഇത്തരം 'കത്തോലിക്കാ' പ്രസ്ഥാവനകളുമാണോ ഒരാളെ ആര്‍ച്ച് ബിഷപ്പ് / കര്‍ദ്ദിനാള്‍ പദവികള്‍ക്ക് അര്‍ഹനാക്കുന്നത് എന്ന് സംശയിച്ചു പോകുന്നവരെ കുറ്റം പറയാനാവില്ല.

ഇറ്റലിക്കൊലയാളികളുടെ വെടിയേറ്റുമരിച്ച ബിങ്കിയും ജെലസ്റ്റിനും കത്തോലിക്കരായിരുന്നു, പക്ഷേ ഇറ്റലിക്കത്തോലിക്കരായ സൈനികരല്ലേ വെറും കീടങ്ങളായ മത്സ്യത്തൊഴിലാളികളേക്കാൾ കർത്താവിനു പ്രിയപ്പെട്ട കുഞ്ഞാടുകൾ എന്നു് കർദ്ദിനാൾ കുപ്പായമിട്ട് നിൽക്കുമ്പോൾ ബിഷപ്പിനു് തോന്നിയതിൽ എന്തദ്ഭുതം?
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?


ഈ വിഷയത്തിൽ ജാതി മത വിവേചനമില്ലാതെ കേരളീയ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഈ പ്രശ്നത്തെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ഈ മഹാനായ ബിഷപ്പിനെ തിരിച്ചിങ്ങോട്ടൂ വിടാതെ മാർപ്പാപ്പയോ മറ്റോ ആക്കി അവിടെത്തന്നെ കുടിയിരുത്തണമേ എന്നാണ് ഈയുള്ളവന്റെ പ്രാർഥന.

ഫിഡെസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ:




Monday, July 21, 2008

(ജന)കോടികളുടെ വിശ്വാസം

പാര്‍ലമെന്റില്‍ വിശ്വാസം 'നേടിയെടുത്ത്' പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ആണവ കരാറുമായി മുന്നോട്ടു പോകുമ്പോള്‍, പണമൊഴുക്കി ആര്‍ക്കും കൈയിലൊതുക്കാവുന്നതാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന തിരിച്ചറിവാണ് അദ്ദേഹം രാജ്യത്തിന് നല്‍കുന്നത്.

കോണ്‍ഗ്ര്സിന്റെ പ്രധാന സഖ്യകക്ഷിയായ സമാജ് വാദി പാര്‍ട്ടി, BJP യിലെ മൂന്ന് MP മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുകയും, CNN-IBN പകര്‍ത്തിയ ഇതിന്റെ വീഡിയോ ടേപ്പ് സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വോട്ടെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും, സമാജ് വാദി പാര്‍ട്ടീയല്ല, താന്‍ തന്നെ നേരിട്ട് കോഴ നല്‍കുന്ന പടം വന്നാലും രാജിവെക്കില്ല എന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.

നാലര വര്‍ഷത്തെ ഭരണത്തില്‍, ആണവ കരാര്‍ ഒപ്പിടാനുള്ള വ്യഗ്രതയില്‍ "സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള" പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിച്ചത് പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമാണ്.

ഇപ്പോള്‍ രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി കരാറൊപ്പിടാന്‍ തയ്യാറെടുക്കുന്ന പ്രധാന മന്ത്രി രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് കണ്ടു തന്നെ അറിയണം.

പ്രധാനമന്ത്രി നേടിയെടുത്ത വിശ്വാസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അധ:പതനമാണ്. ഈ മൂല്യത്തകര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍, വേദന അറിയിക്കാന്‍ ഒരു കരിങ്കൊടി ഇവിടെ നാട്ടുന്നു.



ഇനി, ഈ വിശ്വാസ വോട്ടില്‍ വിജയിക്കാന്‍ മന്‍‌മോഹന്‍ സിംഗ് നടത്തിയ അവിശുദ്ധ കരു നീക്കങ്ങളില്‍ ചിലത് കൂടി കാണൂ.

കോഴ വാഗ്ദാനങ്ങള്‍

ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് റിബലായി വിജയിച്ച കുല്‍ദീപ് ബിഷോണിക്ക് വാഗ്ദാനം ചെയ്തത് 100 കോടി രൂപ. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗര്‍ MP യും സമാജ് വാദി പാര്‍ട്ടി റിബലുമായ മുനാവര്‍ ഹസ്സന് കിട്ടിയ ഓഫര്‍ 25 കോടി.
കോണ്‍ഗ്രസ്സിന്റെ പ്രധാന കൂട്ടാളിയായ സമാജ് വാദി പാര്‍ട്ടി BJP യിലെ മൂന്ന് MP മാര്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍കാന്‍ വാഗ്ദാനം ചെയ്തത് 9 കോടി രൂപ. ഇതിന്റെ അഡ്വാന്‍സായി ഒരു കോടി വീതം നല്‍കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ CNN-IBN സ്പീക്കര്‍ക്ക് നല്‍കിക്കഴിഞ്ഞു. പറയാത്തതും അറിയാത്തതുമായി വേറെ എത്ര?

വര്‍ഗീയ ചീട്ട്

BJP യെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്ന, BJP ക്കൊപ്പം സര്‍ക്കാരിനെ എതിര്‍ക്കുന്ന ഇടതുകക്ഷികളെ വിമര്‍ശിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ്, പഞ്ചാബിലെ ശിരോമണി അകാലിദളിനോട് അഭ്യര്‍ത്ഥിച്ചത്, സിഖുകാരനായ പ്രധാന മന്ത്രിയെ നിലനിര്‍ത്താന്‍ സിഖുകാരായ നിങ്ങള്‍ സഹായിക്കണം എന്നാണ്. ഇത് വര്‍ഗ്ഗീയതയല്ലേ? അതോ നിലനില്പ്പിന്റെ കാര്യം വരുമ്പോള്‍ ആര്‍ക്കും അല്പം വര്‍ഗ്ഗീയത് ആകാമെന്നോ?

വോട്ടില്ലെങ്കില്‍ വേണ്ട, വരാതിരിക്കുകയെങ്കിലും..

കയ്യാലപ്പുറത്തിരിക്കുന്ന വിമത, സ്വതന്ത്ര MP മാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തത് വോട്ടിനു വേണ്ടി മാത്രമയിരുന്നില്ല, വോട്ടു ചെയ്യാന്‍ സഭയിലെത്താതിരുന്നാലും മതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍, ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ എത്താതിരിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന മന്മോഹന്‍ സിംഗ് എന്ന പ്രധാന മന്ത്രിയുടെ രാജ്യസ്നേഹം മനസ്സിലാക്കാന്‍ ഇതിലും വലിയ ഉദാഹരണം വേറെ വേണോ?

എയര്‍പോര്‍ട്ട് നാമകരണം

അജിത് സിംഗ് നയിക്കുന്ന രാഷ്ട്രീയ ലോക് ദള്‍ (RLD) യിലെ മൂന്ന് MP മാരുടെ വോട്ട് കിട്ടാന്‍, ലഖ്നൗ വിമാനത്താവളത്തിന് അജിത് സിംഗിന്റെ അച്ഛനും, മുന്‍ പ്രധാന മന്ത്രിയുമായ ചൗധരി ചരണ്‍ സിംഗിന്റെ പേരിടാന്‍ തീരുമാനിച്ചത് ജൂലൈ 17 ന്. ഉത്തര്‍ പ്രദേശിന്റെ വളരെക്കാലമായുള്ള, എന്നാല്‍ ചരണ്‍ സിംഗ് നാമാവശേഷനായി 20 വര്‍ഷങ്ങള്‍ക്ക് ശേഷവും അവഗണിക്കപ്പെട്ടിരുന്ന ഈ ആവശ്യം ഇപ്പോള്‍ പരിഗണിച്ചതിന് ലക്‌ഷ്യം ഒന്നേയുണ്ടായിരുന്നുള്ളു - വോട്ട്; ഇതു കൂടാതെ അജിത് സിംഗിന് ക്യാബിനറ്റ് മന്ത്രി പദവും വാഗ്ദാനം ചെയ്യുകയുണ്ടായി.

ഷിബു സോറന്‍

നരസിംഹ റാവു ഗവണ്മെന്റിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് JMM എം പി മാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തെളിവു നശിപ്പിക്കാന്‍ സ്വന്തം സെക്രട്ടറിയെ കൊലപ്പെടുത്തുകയും, ആ കേസില്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്ത ആളാണ് ഷിബു സോറന്‍. കോടതി വിധി വന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ഗവണ്മെന്റില്‍ കല്‍ക്കരി മന്ത്രിയായിരുന്ന സോറനോട് പ്രധാനമന്ത്രി തന്നെ രാജി വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ UPA യുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സോറന്‍. എന്നാല്‍ വോട്ടിന് ആവശ്യം വന്നപ്പോള്‍ ഇതൊക്കെ മറന്ന് പഴയ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മന്മോഹന്‍ സിംഗ് JMM ന്റെ വോട്ടുകള്‍ ഉറപ്പാക്കി.

സഹായിക്കാന്‍ റിലയന്‍സും?

G8 ഉച്ചകോടിയില്‍ പങ്കെടുത്ത് ബുഷുമായി ചര്‍ച്ചകള്‍ നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി, ആണവകരാറിന്റെ വിശദാംശങ്ങള്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ വിമുഖത കാട്ടുമ്പോഴും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്താന്‍ സമയം കണ്ടെത്തി. ചര്‍ച്ച ചെയ്തത് വ്യവസായ മേഖലയിലെ പ്രശ്നങ്ങളാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ പിറ്റേന്നു മുതല്‍ കോഴ വാഗ്ദാനങ്ങളുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായതും, മുകേഷ പ്രസിഡന്റായ മുംബെയിലെ വ്യവസായികളുടെ സംഘടന ആണവകരാറിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രസ്ഥാവനയിറക്കിയതുമൊന്നും വെറും യാദൃശ്ചികം മാത്രമാകാന്‍ വഴിയില്ല.

Tuesday, July 08, 2008

ആത്മഹത്യാപരം, ഈ ധിക്കാരം!

IAEA യുമായി കരാര്‍ ഒപ്പിട്ടാല്‍ പിന്നെ ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധി തീര്‍ത്തുതരാമെന്ന് ജോര്‍ജ്ജ് ബുഷ് തനിക്ക് വാക്കു തന്നിട്ടുണ്ട്, അതിനാല്‍ കരാറുമായി മുന്നോട്ടു പോകാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് G8 ഉച്ചകോടിക്ക് പോകുന്ന വഴി വിമാനത്തിലിരുന്ന് ഇന്ത്യ കണ്ട ഏറ്റവും തിരുമണ്ടന്‍ പ്രധാനമന്ത്രി പറഞ്ഞത്.

നൂറു കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു കരാറാണ് സ്വന്തം വീട്ടുകാര്യം പോലെ നിസ്സാരമായി നമ്മുടെ പ്രധാന മന്ത്രി കാണുന്നത്.

ആണവ കരാറുമായി മുന്നോട്ടു പോകുന്നുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന ഇടതു പക്ഷ നിലപാടിന് ഒരു മറുപടിയും പറയാതെ ഉരുണ്ടു കളിച്ച്, അവസാനം ജപ്പാനില്‍ പോകാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് പ്രധാനമന്ത്രി ബുഷിനോടുള്ള തന്റെ കൂറ് അടിവരയിട്ടു പറഞ്ഞത്.

നാലു വര്‍ഷം സര്‍ക്കാരിനെ പിന്താങ്ങിയ പാര്‍ട്ടിയോട് ഒരു മിനിമം രാഷ്ട്രീയ മര്യാദ പോലും കാണിക്കാന്‍ തയ്യാറാവാതെ, എം പി മാരെ ചാക്കിട്ടുപിടിച്ച് എങ്ങനെയും ഈ കരാറിലൊപ്പിടണമെന്ന മന്മോഹന്‍ സിംഗിന്റെ വാശി, രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി തീര്‍ക്കുക മാത്രം ലക്‌ഷ്യം വെച്ചാണെന്ന് വിശ്വസിക്കാന്‍ വയ്യ. പ്രത്യേകിച്ച്, സര്‍ക്കാരിന്റെ നെറികെട്ട സാമ്പത്തിക നയങ്ങള്‍ മൂലം പണപ്പെരുപ്പത്താലും വിലക്കയറ്റത്താലും ജനങ്ങള്‍ വലയുമ്പോള്‍, അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രധാനമന്ത്രി.

ഈ കരാര്‍ ഒപ്പിട്ടാല്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം കിട്ടുമെന്നും, അമേരിക്കയില്‍ നിന്ന് ടെക്നോളജി കിട്ടുമെന്നുമാണ് വാദം. എന്നാല്‍ NSG യുമായി കരാര്‍ ഒപ്പിടാതെ യുറേനിയം തരുന്ന പ്രശ്നമില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ യുറേനിയം സപ്ലയറായ ഓസ്ട്റേലിയ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി NSG രാജ്യങ്ങള്‍ ഇന്ത്യക്ക് യുറേനിയം തരാന്‍ തയ്യാറാകുമെന്നാണ് ബുഷ് മന്‍‌മോഹന്‍ സിംഗിനെ ധരിപ്പിച്ചിരിക്കുന്നത്. മന്‍‌മോഹന്‍ സിംഗിനെ അമേരിക്കന്‍ ഭരണകൂടം തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന പല കാര്യങ്ങളില്‍ ഒന്നു മാത്രമാണിത്.

മന്മോഹന്‍ സിംഗിന്റെ വ്യഗ്രതക്കും മേലെയാണ് ഇക്കാര്യത്തില്‍ അമേരിക്കക്കുള്ള താത്പര്യം. അതായത് ആണവോര്‍ജ്ജം ഉണ്ടാക്കി എങ്ങനെയും ഇന്ത്യ നന്നായിപ്പൊയ്ക്കോട്ടെ എന്ന അമേരിക്കയുടെ നിഷ്കളങ്കമായ ആഗ്രഹം. ആണവ വിഷയത്തില്‍ ഇസ്രായേലിനോടും ഇറാനോടും കാണിക്കുന്ന ഇരട്ടത്താപ്പ് മാത്രം നോക്കിയാല്‍ അമേരിക്കയുടെ യഥാര്‍ത്ഥ താല്പര്യം എന്താണെന്ന് മനസ്സിലാക്കാം.

ഇതുവരെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ, ഒരു കരാറിലും ഒപ്പിടാതെ സ്വയം ആണവശക്തിയായി വളര്‍ന്ന ഇന്ത്യക്ക് ഒരു കടിഞ്ഞാണ്‍ വേണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യമാണ് മന്മോഹന്‍ സിംഗിലൂടെ അവര്‍ സാധിക്കുന്നത്. ഒപ്പം, സാമ്പത്തികവും വാണിജ്യപരവുമായ മറ്റനേകം താത്പര്യങ്ങളും. അവര്‍ ഈ കരാറിനെ വിളിക്കുന്നതു തന്നെ 'ന്യൂക്ലിയര്‍ ട്രേഡ് അഗ്രിമെന്റ്' എന്നാണ്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വാണിജ്യത്തിനായി വന്ന ബ്രിട്ടീഷുകാര്‍ക്ക് നാം നമ്മുടെ സ്വാതന്ത്ര്യം അടിയറ വെച്ചുവെങ്കില്‍, മന്‍‌മോഹന്‍ സിംഗ് എന്ന വീണ്ടുവിചാരമില്ലാത്ത ഒരു പ്രധാനമന്ത്രിയിലൂടെ ഇപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ നാമം സാമ്രാജ്യത്വ ചരിത്ര പുസ്തകങ്ങളില്‍ തങ്കലിപികളാല്‍ ചേര്‍ക്കപ്പെടട്ടെ.

ഈ കരാറിനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ