Saturday, June 14, 2008

എല്ലാം ഉദ്യോഗസ്ഥരുടെ പ്രശ്നം!

ഭരണ മുന്നണിയിലെ ചേരിപ്പോര് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. ഇത്രയും വലിയ ഗ്രൂപ്പ് വഴക്ക് കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പോലും ഇതുവരെ കണ്ടിട്ടില്ല. ഭക്‌ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ക്രെഡിറ്റിനെച്ചൊല്ലി നടന്ന തമ്മില്‍തല്ല് തീര്‍ന്നില്ല, അതിന് മുന്‍പ് കിട്ടി അടുത്ത വിഷയം.

തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് തിരിച്ചു പിടിക്കാന്‍ മന്ത്രി സഭ എടുത്ത തീരുമാനം നടപ്പിലാക്കിയതില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നിയമവകുപ്പ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്നും കോടതി അനാവശ്യമായി ഇടപെടുകയാണെന്നും പറഞ്ഞ മുഖ്യമന്ത്രിയും ഇപ്പോള്‍ മൗനം ഭജിക്കുന്നു.

ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വാക്കാല്‍ ആവശ്യപ്പെട്ടത് അറിയിച്ചപ്പോള്‍, രേഖാമൂലമുള്ള അറിയിപ്പില്ലെങ്കില്‍ മുന്നോട്ടു പോകാനാണ് റവന്യൂ മന്ത്രി പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ക്ലബ്ബ് തിരിച്ചു കൊടുക്കാനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് കോടതിയിലെത്തി മാപ്പപേക്ഷ നല്‍കാനും കോടതി ആവശ്യപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. ഗവണ്മെന്റിനു വേണ്ടി ഏറ്റെടുക്കല്‍ നടത്തിയ പാവം ഉദ്യോഗസ്ഥ അവസാനം സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കി വക്കീലിനെ വെച്ച് കേസ് വാദിക്കേണ്ടി വന്നു. അവര്‍ കൊടുത്ത സ.വാ.മൂലത്തില്‍‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ നിയമവകുപ്പ് നല്‍കിയിരിക്കുന്ന പുതിയ സ.വാ.മൂലം

പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ അഡ്വക്കറ്റ് ജനറലിനെ മാറ്റണമെന്ന് CPI ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആശ്രിതവത്സലനായ എ ജി യെ മാറ്റാന്‍ CPM തയ്യാറായില്ല. എന്നാല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ സ.വാ.മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരോക്ഷമായി അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണങ്ങളാണ് എന്നതാവാം ഇപ്പോള്‍ എതിര്‍ സ.വാ.മൂലവുമായി രംഗത്തെത്താന്‍ നിയമ വകുപ്പിനെ പ്രേരിപ്പിച്ചത്.

എ ജി യുമായി യോജിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് CPI നോമിനിയായ അഡീഷണല്‍ എ ജി യും ഇപ്പോള്‍ പരാതി പറയുന്നു. ചുരുക്കത്തില്‍ മുന്നണിയിലെ ചേരിപ്പോര് ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനത്തിരിക്കേണ്ട, ഗവണ്മെന്റിന് നിയമോപദേശം ന്‍ല്‍കേണ്ട അഡ്വക്കേറ്റ് ജനറലില്‍ വരെയെത്തി നില്‍ക്കുന്നു. ഈ പോരിനി ഏതു ലെവല്‍ വരെ പോകുമെന്ന് കണ്ടറിയണം.

എന്തായാലും, അവസാനം മന്ത്രിസഭാ തീരുമാനം നടപ്പാക്കിയ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ഇപ്പോള്‍ എല്ലാവരും കൈവിട്ടു. ഇതിലും വലിയ തമാശയാണ് നിയമവകുപ്പിന്റെ സ.വാ.മൂലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന നിയമ മന്ത്രി കെ വിജയകുമാറിന്റെ പ്രതികരണം. അതായത്,മന്ത്രി അറിയാതെയാണ് നിയമവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സ.വാ.മൂലം നല്‍കിയതെന്ന് അര്‍ത്ഥം! ഇക്കാര്യത്തിലും ആവശ്യം വന്നാല്‍ കോടതിയില്‍ ഇത് സമര്‍പ്പിച്ച ഉദ്യോഗസ്ഥന്റെ മേല്‍ പഴി ചാരാന്‍ മന്ത്രിക്ക് സ്കോപ്പുണ്ടെന്നും ഇതിനര്‍ത്ഥമുണ്ട് എന്നോര്‍ക്കുക.

മുന്നണിയിലെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥര്‍ ബലി നല്‍കപ്പെടുന്നത് ഇതാദ്യത്തെ സംഭവമല്ല. P J ജോസഫ് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ ശ്രമിച്ചതിന് രാജു നാരായണ സ്വാമിയും, ഹെലിപാഡ് നിര്‍മ്മാണ പ്രശ്നത്തില്‍ ലിസി ജേക്കബും, ഇപ്പോള്‍ മൂന്നാര്‍ പാര്‍ട്ടി ഓഫീസിന്റെ പട്ടയ പ്രശ്നത്തില്‍ അശോക് കുമാര്‍ സിന്‍‌ഹയുമൊക്കെ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി സഭാ തീരുമാനം നടപ്പിലാക്കിയ ഒരുദ്യോഗസ്ഥക്കെതിരെയാണ് നിയമ വകുപ്പിന്റെ ഈ സത്യവാങ്മൂലം. അതായത് മന്ത്രിക്കും മന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലു വിലയാണ് നിയമ വകുപ്പും മുഖ്യമന്ത്രിയുള്‍പ്പെടെ ഗവണ്മെന്റും കല്പിച്ചിരിക്കുന്നത് എന്നര്‍ത്ഥം. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ഇനി ഒരു നിമിഷം പോലും ഈ മന്ത്രി സഭയില്‍ തുടരാന്‍ പാടില്ല.

2 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ജിമ്മേ ഒന്നു രണ്ട്‌ കാര്യങ്ങള്‍ അറിയിക്കാനുണ്ട്‌. നിവേദിത ഇക്കാര്യത്തില്‍ വലിയ പുണ്യാളത്തി ഒന്നുമല്ല. കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെ ആണ്‌. അഡ്വക്കേറ്റ്‌ ജനറലിന്റ ഓഫിസില്‍ നിന്ന് അഡ്വ: അനില്‍ കുമാര്‍ നിവേദിതയെ വിവരം ഫോണില്‍ അറിയിക്കുന്നു. എന്നാല്‍ തനിക്ക്‌ രേഖാമൂലം ഉത്തരവ്‌ വേണം എന്ന് നിവേദിത വാശിപിടിക്കുകയും അനിലിനോട്‌ തട്ടിക്കയറുകയും ചെയ്യുന്നു. അനില്‍ നിയമ വകുപ്പിനെ ബന്ധപ്പെട്ട്കാര്യം പറയുന്നു. നിയമ വകുപ്പ്‌ സെക്രട്ടറി കുറിപ്പ്‌ തയ്യാറാക്കി നിവേദിതക്കയക്കുന്നു. നിവേദിത ഇത്‌ മാധ്യമംങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുന്നു. ആദ്യ ദിവസത്തെ വാര്‍ത്ത ഇങ്ങനെ AG യും നിയമ വകുപ്പും കൂടി ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുക്കന്‍ തടയാന്‍ ശ്രമിക്കുന്നു എന്ന്. പിന്നീട്‌ അത്‌ സിരിജഗനിലേക്ക്‌ നീങ്ങി. തങ്ങള്‍ക്ക്‌ വാര്‍ത്ത ചോര്‍ത്തി തന്ന് നിവേദിതയെ മാധ്യമങ്ങള്‍ സ്വാഭാവികമായും സംരംക്ഷിക്കും. പക്ഷെ നിവേദിത CPI ക്ക്‌ ഒപ്പം ചേര്‍ന്ന് പ്രതിഛായ ഉണ്ടാക്കാന്‍ നടത്തിയ ചീപ്പ്‌ ശ്രമങ്ങളാണ്‌ സര്‍ക്കാരിനെ ഈ ഗതിയില്‍ എത്തിച്ചത്‌. നിയമവകുപ്പ്‌ പറയുന്നതാണ്‌ ശരി. ആ സത്യവാങ്ങ്‌ മൂലം 100% ശരിയാണ്‌. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം

ജിം said...

കിരണേ, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, ഏഷ്യാനെറ്റ് കാണിച്ചുവെന്നു പറയുന്ന ആ രേഖ, (ജസ്റ്റിസ് സിരിജഗന്റെ നിര്‍ദ്ദേശ പ്രകാരം)കോടതി റ്ജിസ്ട്രാര്‍, നടപടി നിര്‍ത്തിവെക്കാന്‍ സാധിക്കുമോ എന്നാരാഞ്ഞ് അഡ്വക്കറ്റ് ജനറലിനയച്ച കത്താണ്. അതെങ്ങനെ നിവേദിത ഏഷ്യാനെറ്റിനു ചോര്‍ത്തും?

ഇനി, ഈ കത്താണോ അഡ്വക്കറ്റ് ജനറല്‍ ഗവണ്മെന്റ് പ്ലീഡര്‍ക്കും, പ്ലീഡര്‍ നിവേദിതക്കും അയച്ചുകൊടുത്തു എന്നു പറയുന്നത്? അങ്ങനെയെങ്കില്‍ നടപടി നിര്‍ത്തിവെക്കാന്‍ തക്ക എന്തു വിലയാണ് ആ കത്തിനുള്ളത് എന്നു ഒന്നു പറഞ്ഞു തരൂ. ഈ 'ആരായലി' ന്റെ ഫാക്സ് കോപ്പി കിട്ടിയപ്പോള്‍ അത് 'കോടതി ഉത്തരവായി' കണക്കാക്കി നിവേദിത നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നോ വേണ്ടത്?