സ്വന്തം പാടത്ത് ചോര നീരാക്കി അദ്ധ്വാനിച്ച് കൃഷിയിറക്കിയ കര്ഷകന് അത് കൊയ്തെടുക്കാന്‍ തൊഴിലാളികളെ കിട്ടണമെങ്കിലും, കൊയ്ത്തു യന്ത്രം ഇറക്കണമെങ്കിലും പാര്‍ട്ടി നേതാക്കന്മാരുടെ അനുവാദം കാത്തിരിക്കേണ്ട ഗതികേടുണ്ടാവുക, അനുവാദം കിട്ടാന്‍ പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരിക. അല്ലെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്കി നേതാക്കന്മാരുമായി രമ്യതയിലാവുക. ഇതിനൊന്നും തയ്യാറല്ലെങ്കില്‍ കൊയ്യാനാളില്ലാതെ കൃഷി നശിക്കുന്നത് കണ്ടു നില്ക്കുക. ഇനി ഈ വയ്യാവേലിക്കൊന്നും പോകാതെ അടുത്ത തവണ നെല്ലിനു പകരം വല്ല തെങ്ങോ കപ്പയോ മറ്റോ നടാമെന്നു വെച്ചാലോ - അതും പാര്‍ട്ടി അനുവദിക്കില്ല. വെട്ടി നിരത്തിക്കളയും എല്ലാം. ഇത് കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ കര്‍ഷകരുടെ അവസ്ഥ. കര്‍ഷക തൊഴിലാളികളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി- പാര്‍ട്ടി മെംബര്‍ഷിപ്പില്ലാത്ത ആര്‍ക്കും ഒരിടത്തും ഒരു പണിയും കിട്ടുന്നില്ലെന്നും പാര്‍ട്ടി ഉറപ്പു വരുത്തിയിരിക്കും.
ചുരുക്കത്തില്‍ ഇതൊക്കെയാണ് CPM ന്റെ കര്‍ഷക സംഘടനയായ KSKTU വിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍. കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ നെല്‍ പാടങ്ങളില്‍ ഇന്ന് പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. പക്ഷേ പാര്‍ട്ടിയുടെ നയങ്ങള്‍, കൃഷി നശിക്കാതെ കൊയ്തെടുക്കാന്‍ കര്‍ഷകനെ സഹായിക്കാനുള്ളതല്ല, മറിച്ച് ആ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ളതാണെന്നു മാത്രം.
കേരളത്തിലെ വയലേലകളില്‍ ജന്മിത്വത്തിനെതിരെ സമരം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ സ്വയം ജന്മികളായി മാറിയിരിക്കുന്നു.
ഇത്തവണ അപ്രതീക്ഷിതമായി വന്ന കനത്ത വേനല്‍ മഴയാണ് നെല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. വിളഞ്ഞു പാകമായ നെല്‍ക്കതിരുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. മഴ തോര്‍ന്നപ്പോള്‍ കൊയ്യാന്‍ തൊഴിലാളികള്‍ക്കായി ക്ഷാമം. ഇതു നേരിടാന്‍ തമിഴ്നാട്ടില്‍ നിന്നും മറ്റുമായി കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ കൊണ്ടുവന്ന കര്‍ഷകരെയാണ് KSKTU തടഞ്ഞത്. കാരണം - തൊഴിലാളികളുടെ ഏക വരുമാന മാര്‍ഗ്ഗം ഇല്ലാതാകുമത്രെ. തൊഴിലാളികളെ കിട്ടാനില്ല എന്നൊന്നും പറഞ്ഞിട്ട് നേതാക്കന്മാരുടെ തലയില്‍ കയറിയില്ല. ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ യന്ത്രം ഉപയോഗിക്കുന്ന ഏക്കറൊന്നിന് 200 ഉം 250 ഉം രൂപ പാര്‍ട്ടി ഓഫീസില്‍ അടച്ച് രസീത് വാങ്ങണമെന്നായി നിബന്ധന. രാഷ്ട്രീയക്കളി കഴിയും വരെ കാത്തു നില്‍ക്കാതെ വെള്ളത്തില്‍ കിടന്ന കതിരുകള്‍ അഴുകിത്തുടങ്ങി; നെന്മണികള് മുളച്ചു പൊന്തി. ഇങ്ങനെ ആയിരത്തഞ്ഞൂറ് ഏക്കറിലധികം കൃഷി ഇത്തവണ നശിച്ചുവെന്നാണ് കണക്ക്. 30 കോടിയിലധികമാണത്രെ നഷ്ടം. അരിക്കായി ഇപ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് ഈ നഷ്ടം ചെറുതല്ല. അരി വാങ്ങുമ്പോള്‍ ഇനി കൈ പൊള്ളുമെന്ന് ചുരുക്കം. അല്ലെങ്കില്‍, പാര്‍ട്ടി നേതാവായ ഭക്ഷ്യ മന്ത്രി പറഞ്ഞതുപോലെ കോഴിമുട്ടയും കോഴിക്കറിയും ഒക്കെ തിന്ന് വിശപ്പടക്കാം.
ലോകം മുഴുവന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ യന്ത്രസംവിധാനങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തി അതുകൊണ്ട് നേട്ടമുണ്ടാക്കുമ്പോള്‍, എന്തു കാരണം പറഞ്ഞായാലും യന്ത്രമിറക്കാന് അനുവദിക്കാതെ ഇങ്ങനെ കൃഷി നശിപ്പിക്കുന്നത് കാടത്തമല്ലേ? ഈ അവസ്ഥ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് ഇതെന്നോര്‍ക്കണം. അന്ന് അതിന് നേതൃത്വം നല്കിയവരാണ് ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനായി ഓടിനടക്കുന്നത്.
കര്‍ഷക സ്നേഹം ഘോരഘോരം പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ ലക്ഷ്യം, കര്‍ഷകരേയും തൊഴിലാളികളേയും തമ്മിലടിപ്പിച്ച് അതില്‍നിന്ന് ലാഭം കൊയ്യലാണ്. ഇതു തിരിച്ചറിയുക. ആടുകളെ തമ്മിലിടിപ്പിച്ച് അവയുടെ നെറ്റിയില്‍ പൊടിയുന്ന രക്തം നോക്കി വെള്ളമിറക്കുന്ന ചെന്നായയാണ് ഈ പാര്‍ട്ടി. ആര്‍ത്തി മൂത്ത ചെന്നായ ചോര രുചിക്കാന്‍ ഇടയിലേക്ക് കയറിയപ്പോള്‍ രണ്ടാടുകളുടേയും ഇടി ഒരുമിച്ച് കിട്ടി ചാവുകയാണ് ചെയ്തതെന്ന് പഞ്ചതന്ത്രം പറയുന്നു. അതുപോലെ, കുട്ടനാട്ടിലേയും ആലപ്പുഴയിലേയുമൊക്കെ കര്‍ഷകര്‍ രാഷ്ട്രീയാതീതമായി സംഘടിക്കുക. നിങ്ങള്‍ നട്ട് നനച്ച് വളര്‍ത്തിയ വിള കൊയ്യുന്നത് തടയാന്‍ വരുന്നവരെ ഒരുമിച്ച് നിന്ന് എതിര്‍ക്കുക.
അനുബന്ധം:
കുട്ടനാട്ടില്‍ കൃഷി നശിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മരണം കര്‍ഷകാത്മഹത്യയായി കണക്കാക്കാനാവില്ലെന്ന് CPM നേതൃത്വം അവകാശപ്പെട്ടത്രെ. കാരണം മറ്റൊന്നുമല്ല, ഇദ്ദേഹം അംഗത്വം രാജിവെച്ച ഒരു പഴയ പാര്‍ട്ടിക്കാരനായിരുന്നു പോലും. പാര്‍ട്ടി വിട്ട കര്‍ഷകനോടും അവന്റെ കുടുംബത്തിനോടും മരണശേഷവും പ്രതികാരം ചെയ്യുന്ന പാര്‍ട്ടി - ഇത്ര ഉദാത്തമായ കര്‍ഷക സ്നേഹം വേറെ എവിടെ കാണാന്‍?
Saturday, April 05, 2008
Subscribe to:
Post Comments (Atom)
8 comments:
ജിം..
ഒരു വലിയ പ്രശ്നത്തെ വളരെ
ചെറിയ ക്യാന്‍വാസില്‍ കാണുകയാണ് താങ്കള്‍.
സി.പി.ഐ.(എം) കാര്‍ക്ക് തീര്‍ച്ചയായും
ഇതില്‍ മറ്റു താല്പര്യങ്ങളുണ്ട്.
അതു സത്യം.
പക്ഷേ..
അതിനോടുള്ള വിയോജിപ്പിന്റെ പേരില്‍
ഒരു സുപ്രധാന പ്രശ്നത്തെ ക്ണ്ടില്ലെന്നു നടിക്കരുത്
കമ്മ്യു ണിസ്റ്റ് പാര്‍ട്ടിക്ക് തൊഴിലാളി സേനഹം പോലും ഇല്ലാതായിരിക്കുന്നു
പ്രിയ ജിം,
താങ്കളുടെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ പലതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറഞ്ഞ പക്ഷം നേരിട്ടുള്ള അറിവോടെ അന്വേഷിച്ച് എഴുതിയതല്ല.
മാധ്യമങ്ങള്‍ നൂറ്റൊന്നു തവണ ആവര്‍ത്തിച്ചു എന്നു കരുതി നുണകള്‍ സത്യമാകാറില്ലല്ലോ.
ശ്രീ.എന്‍.ജെ.ജോജുവിന്റെ പോസ്റ്റില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. വായിക്കുമല്ലോ.
http://njjoju.blogspot.com/2008/03/blog-post_17.html ഇതാണ് ലിങ്ക്
ബാബുരാജ് പറഞ്ഞ ആ സുപ്രധാന പ്രശ്നം ഏതാണെന്നു മനസ്സിലായില്ല.
ജോജുവിന്റെ പോസ്റ്റ് ഞാന്‍ വായിചിരുന്നില്ല, അനോണീ. ജോജു പറഞ്ഞതു പോലെ, "കൊയ്ത്തുയന്ത്രമിറക്കാനനുവദിയ്ക്കാത്ത പ്രാദേശിക പാര്‍ട്ടി" യുടെ ചെറ്റത്തരത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. കാലാവസ്ഥാ നിരീക്ഷണം പരാജയപ്പെട്ടതും, മാധ്യമങ്ങള്‍ ഒന്നും ചെയ്യാതിരുന്നതും, പ്രതിപക്ഷത്തിന്റെ മുതലെടുപ്പു ശ്രമങ്ങളും ഒക്കെ ശരിയായിരിക്കാം- ശരിയാണ്, പക്ഷേ അവയൊന്നും ഈ ക്രൂരതക്കു മുന്പില് ഒന്നുമല്ല.
പിന്നെ, ആ പോസ്റ്റിന് രാമചന്ദ്രന് എഴുതിയ കമന്റുകളില്‍ പറയുന്നതെല്ലാം സത്യമാണെന്നാണോ കരുതുന്നത്?
സ്വയം പണിയെടുക്കുന്നതിനും പണിയെടുപ്പിക്കുന്നതിനും ഗവര്‍മെന്റിന്റെ അല്ലാതെ സമാന്തര ഗവര്‍മെന്റുകളുടെ അനുമതി വാങ്ങിക്കണമെന്ന അവസ്ഥ മാറണം. അല്ലാതെ ഈ നാടു നന്നാവില്ല. ഞാന്‍ മറ്റൊരിടത്തിട്ട കമെന്ട്ട് താഴെ ചേര്‍ക്കുന്നു.
സ്വന്തം പാടത്ത് കൊയ്ത്തു യന്ത്രമിറക്കാന് പലരുടെയും പെര്മിഷന് വാങ്ങിക്കണം, പടിയും കൊടുക്കണം. സ്വന്തം വീട്ടിലേക്ക് വരുന്ന ലോഡ് തനിക്കിഷ്ടമുള്ളവരെക്കൊണ്ട് ഇറക്കിപ്പിക്കുകയാണെങ്കില്‍ ചിലര്‍ക്ക് നോട്ടക്കൂലി കൊടുക്കണം. ടിപ്പര്‍ ലോറി ഉപയോഗിക്കണമെങ്കില്‍ അതിനും കൊടുക്കണം നോട്ടക്കൂലി. നെല്ലു കൊയ്യാന്‍ ആളില്ലാത്തതുകൊണ്ട് അവിടെ തെങ്ങു വച്ചാല്‍ അവിടെ വെട്ടിനിരത്തല്‍. ഇതിനൊക്കെ പുറമേ നിയമപാലകര്‍ക്ക് തല്ലും തല്ലിക്കൊല്ലലും. കോടതിയെ പുല്ലുവില. എങ്ങനെ ഈ നാടു നന്നാവാനാണ്. :-(
എന്റെ നിലപാട് കൊയ്ത്തുയന്ത്രം കൊണ്ടുവരണമെന്നാണ്.
പക്ഷേ യഥാര്ത്ഥതൊഴിലാളികള് അതിനെതിരാണെങ്കില്
നമ്മുടെ തീരുമാനങ്ങള്‍ അത്ര എളുപ്പമല്ല.
തൊഴിലാളികള്‍ എന്നു പറയുമ്പോള്‍ കെ.എസ്.കെ.ടി.യു. എന്നു വിലയിരുത്തിക്കളയരുത്.
തൊഴില്‍ നഷ്ടപ്പെടുക എന്ന പ്രശ്നമുണ്ടെങ്കില്‍
അതു പരിഹരിക്കേണ്ടതല്ലെ.
അതില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമുണ്ട്.
കിണറ്റിലെ തവളയെപോലെ മുന്നണിരാഷ്ട്രീയത്തിന്റെ ഇത്തിരി വട്ടത്തില്കിടന്നാണു നമ്മുടെ കറക്കമെന്ന് പ്രതികരണങ്ങള്‍ തെളിയിയ്ക്കുന്നു.
എവിടെയാണ് ബാബുരാജ് തൊഴിലില്ലാത്തത്? കൊയ്യാന്‍ ആളില്ലാത്തതുകൊണ്ടല്ലേ യൂണിവേഴ്സിറ്റി പിള്ളേരും ഇപ്പോള്‍ ഒറീസ്സക്കാരും ഒക്കെ വന്നു കൊയ്യുന്നത്? എന്നിട്ടും തീര്‍ന്നോ കൊയ്ത്ത്? കുട്ടനാട്ടില്‍ മാത്രമല്ല, കേരളമൊട്ടാകെ തൊഴിലാളികള്‍ക്ക് ക്ഷാമമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടനാട്ടിലല്ലെങ്കിലും, അല്പം നെല്‍കൃഷി ഞങ്ങളും ചെയ്തിരുന്നു. പണിക്ക് ആളെ കിട്ടാനില്ലാത്തതുകൊണ്ട് മാത്രം മൂന്നാലു വര്‍ഷമായി കൃഷിയിറക്കുന്നില്ല. ഇനി മറ്റു മേഖലകളിലോ? റബ്ബറു വെട്ടാന്‍, തെങ്ങു കയറാന്‍ അങ്ങനെ എല്ലാ പണിക്കും ആളെ കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. കേരളത്തില്‍ എല്ലായിടത്തും കെട്ടിട നിര്‍മ്മാണത്തിനും റോഡുപണിക്കുമെല്ലാം തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് പണിക്കാരെത്തുന്നത്. കേരളത്തിലെ മൊത്തം അവസ്ഥ ഇതാകുമ്പോള്‍ കുട്ടനാട്ടില്‍ മാത്രം ഇത് വ്യത്യസ്ഥമാകുന്നതെങ്ങനെ?
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ചില തൊഴില്‍ രഹിതര്‍ നാട്ടിലുമുണ്ട്. മേല്‍പ്പറഞ്ഞ ഒരു പണിക്കും പോകില്ല. കവലയില്‍ ഒരു ഷെഡ് കിട്ടി, തലയിലൊരു ചുവന്ന തോര്‍ത്ത് കെട്ടി രാവിലെ മുതല്‍ പത്രം വായിച്ചും ബീഡി വലിച്ചും അവിടെയിരിക്കും. ഏതെങ്കിലും ലോഡ് ആ വഴി വന്നാല്‍ അധികാര പ്രകടനങ്ങള്‍ തുടങ്ങുകയായി. കയറ്റാനോ, ഇറക്കാനോ, വെറുതെ നോക്കാനോ ഒക്കെ പറയുന്ന കൂലി കൊടുക്കണം. ഇതിലും ബാബുരാജ് ജീവിക്കാനുള്ള അവകാശം കാണുന്നുണ്ടോ?
Post a Comment