Thursday, March 13, 2008

കണ്ണൂരുകാര്‍ ചെയ്യേണ്ടത്

ഇന്നലെ ഏഷ്യാനെറ്റില്‍ സം‌പ്രേഷണം ചെയ്ത, CPM ന്റെ പി ജയരാജനും, BJP സംസ്ഥാന സെക്രട്ടറി എം ടി രമേഷും കോണ്‍ഗ്രസ് MLA കെ സുധാകരനും പങ്കെടുത്ത കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും, സമാധാന ശ്രമങ്ങളെയും ചര്‍ച്ചചെയ്ത നേര്‍ക്കുനേര്‍ എന്ന പരിപാടിയാണ് ഈ കുറിപ്പിനാധാരം.

കണ്ണൂരില്‍ സമാധാനം ഉണ്ടാകണമെന്ന് മൂവര്‍ക്കും താത്പര്യമുള്ളതായി തോന്നിയില്ല. സദസ്സിലിരുന്ന ചിലര്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് മൂന്ന് നേതാക്കള്‍ക്കും ഒരേ വികാരം. ഞങ്ങളെ മറ്റു പാര്‍ട്ടികാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അണികളെ അക്രമിക്കുന്നു. 'ഞങ്ങളുടെ പ്രവര്‍ത്തകരെ രക്ഷിക്കേണ്ട ചുമതലയുള്ള' പാര്‍ട്ടി അത്തരം ആക്രമണങ്ങളെ ചെറുക്കുന്നു.

ഈ പാര്‍ട്ടികള്‍, അല്ലെങ്കില്‍ ഇവയുടെ നേതാക്കാള്‍ ഇതുവരെ കണ്ണൂരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് എന്ന് ആരും ചോദിച്ചു കേട്ടില്ല. അണികളെ കൊലയ്ക്കു കൊടുക്കാനല്ലാതെ രക്ഷിക്കാനൊന്നും ഒരു പാര്‍ട്ടിയും ശ്രമിക്കില്ല എന്ന സത്യം ആര്‍ക്കാ അറിയാത്തത്? ഇങ്ങനെ ചാവാന്‍ കുറേപ്പേരുണ്ടായില്ലെങ്കില്‍ ' മറ്റേ പാര്‍ട്ടി കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ കൊന്നൊടുക്കിയത് ഞങ്ങളുടെ മുപ്പതോളം പ്രവര്‍ത്തകരെയാണ്' എന്ന് ആവേശത്തോടെ എങ്ങനെ പ്രസംഗിക്കാനാവും?

ഇത്തരത്തില്‍ പാര്‍ട്ടിക്കൊടി പുതച്ച് ചേതനയറ്റ് കിടക്കേണ്ടി വരുന്നരില്‍ എത്ര പേര്‍ യഥാര്‍‍ത്ഥ പാര്‍ട്ടി പ്രവര്‍‍ത്തകരാണ്? പ്രവര്‍ത്തകരാണെങ്കില്‍ തന്നെ അവര്‍ എന്തിന് കൊലചെയ്യപ്പെട്ടു? എതിര്‍ പാര്‍ട്ടിയില്‍ പെട്ട ആരുടെയെങ്കിലും കൊലപാതകത്തിന് ഉത്തരവാദികളായിരുന്നോ ഇവര്‍? തൊണ്ണൂറു ശതമാനവും അങ്ങനെയല്ലെന്നാണ് അറിയുന്നത്. ഒരു 'കണ്ണൂര്‍ സ്റ്റൈല്‍ കൊലപാതകം' നേരില്‍ കണ്ട വ്യക്തി പറഞ്ഞത്, കൊലപാതകം നടത്തുന്നത് മിക്കപ്പോഴും പുറത്തുനിന്ന് വരുന്ന ആളുകളാണ് എന്നാണ്. മംഗലാപുരത്തുനിന്നോ തിരുവനന്തപുരത്തു നിന്നോ ജീപ്പിലോ കാറിലോ എത്തി, നാട്ടുകാര്‍ നോക്കി നില്‍ക്കേ നടുറോഡില്‍ കൊലനടത്തി വന്ന വഴി അവര്‍ മടങ്ങുന്നു. കണ്ണൂരില്‍ ആരും ഇത്തരം കൊലപാതകങ്ങള്‍ക്ക് സാക്ഷിപറയാന്‍ തയ്യാറാവാറില്ല, അഥവാ തയ്യാറായാല്‍ തന്നെ കൊലപാതകികളെ എവിടെ പോയി തിരയാന്‍?

കൊല്ലെപ്പെടുന്നവരില്‍ ഏറെപ്പേരും നിരപരാധികളാണ്. ബസ് കണ്ടക്ടര്‍മാരും ഓട്ടൊ ഡ്രൈവര്‍മാരും ചുമട്ടുകാരുമൊക്കെയായ പാവപ്പെട്ട തൊഴിലാളികള്‍. പാര്‍ട്ടികള്‍ക്ക് ഇവരുടെ മരണം ഒരു മുതല്‍ക്കൂട്ടാകുമ്പോള്‍, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമ്മക്ക് മകനെ, ഭാര്യക്ക് ഭര്‍ത്താവിനെ, കുഞ്ഞുങ്ങള്‍ക്ക് അച്ഛനെ! കൊലപാതകികള്‍ എവിടെനിന്നു വന്നാലും, എങ്ങോട്ടു പോയാലും കൊല്ലപ്പെടുന്നത് കണ്ണൂരിലെ കുറെ നിരപരാധികള്‍.

ഇതെന്തു നീതി എന്ന് കണ്ണൂരുകാര്‍ ഇനിയെങ്കിലും ചിന്തിക്കണം? നിങ്ങളുടെ നാട്ടിലെ നിരപരാധികളെ - അവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും - കൊല്ലാന്‍ ദൂരദേശങ്ങളില്‍ നിന്ന് ആളുകളെത്തുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യേണ്ടത് അവരോടല്ലേ? അതല്ലെങ്കില്‍ അവരെ ഇവിടെ എത്തിക്കുന്നവരോടല്ലേ? എല്ലാത്തിനും കാരണക്കാരായ കുറച്ചുപേര്‍ ഇല്ലാതായാല്‍ കണ്ണൂരില്‍ സമാധാനം പുലരുമെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്?

കാലങ്ങളായി തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ എന്തു നേടി? നിങ്ങളുടെ നേതാക്കള്‍ എന്തു നേടിയില്ല? നിങ്ങള്‍ക്കുവേണ്ടി എന്നു പറഞ്ഞ് നിങ്ങളെത്തന്നെ കൊന്നൊടുക്കുന്നവരുടെ യഥാര്‍ത്ഥ രാഷ്ട്രീയം ഇനിയെങ്കിലും തിരിച്ചറിയുക.

2 comments:

കണ്ണൂരാന്‍ - KANNURAN said...

മാര്‍ച്ച് 13ന്റെ പോസ്റ്റ് ഞാന്‍ കണ്ടത് 27നു. ഇതിനിടെ ഒരാള്‍ പോലും ഇവിടെ കമന്റിയതുമില്ല. വളരെ ശരിയാണ്, ഇവിടുത്തെ കുഴപ്പങ്ങള്‍ക്കു മുഖ്യ കാരണം നേതാക്കള്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ക്കു ശേഷം സ്വിച്ചിട്ടതുപോലെ നിന്നില്ലെ കൊലപാതകങ്ങള്‍. അപ്പൊ പിന്നെ സംശയിക്കേണ്ടതില്ലെ, കുറ്റവാളികള്‍ ആരെന്ന്.

Unknown said...

കുഴപ്പങ്ങളും കൊലപാതകങ്ങളുമൊന്നുമില്ലാതെ കണ്ണൂരിലെ നേതാക്കള്‍ക്ക് നിലനില്‍പ്പില്ല എന്നതാണ് യാഥാര്‍ഥ്യം . ജനങ്ങളെ നന്നാക്കാനൊന്നുമല്ല ഇപ്പോഴൊക്കെ ആളുകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് . മേലനങ്ങാതെ സമ്പാദിക്കാനും , ജനങ്ങളുടെ മേലാളന്മാരായി വിലസാനുമാണ് . ഇവരെയൊക്കെ ജനങ്ങള്‍ അംഗീകരിക്കുന്ന കാലത്തോളം ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും . ക്രിമിനല്‍ മെന്റാലിറ്റിയില്ലാത്ത ആര്‍ക്കും രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയില്ല എന്ന ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ എന്ത് ചെയ്യാനാണ് . പിന്നെ കണ്ണൂരിലെ വലിയ ഹോട്ടലുകളില്‍ പോയി നോക്കണം , പരസ്പരം കൊലവിളി നടത്തുന്ന പാര്‍ട്ടികളിലെ നേതാക്കന്മാര്‍ ഒന്നിച്ചിരുന്ന് സൊറ പറയുന്നതും വിഭവങ്ങങ്ങള്‍ ആസ്വദിച്ച് തിന്നുന്നതും കുടിക്കുന്നതും ഒക്കെ !