Saturday, March 08, 2008

ലതച്ചേച്ചിയെ വീണ്ടും ഓര്‍‍ത്തപ്പോള്‍

ലത - അതായിരുന്നു അവരുടെ പേര്. ഹോസ്റ്റല്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ അടുത്ത മുറികളിലെ താമസക്കാരെ കാണിച്ചു തരികയായിരുന്നു മാഡം. 'അതൊരു വട്ടു കേസാ..' എന്ന ഉപദേശവുമുണ്ടായിരുന്നു കൂടെ. മനസ്സിലപ്പോള്‍ മറ്റു പലതുമായിരുന്നതിനാല്‍ മേട്രന്‍ പറയുന്നതൊന്നും അപ്പോള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

ആ നഗരത്തില്‍ ഞങ്ങള്‍ നാലു പെണ്‍കുട്ടികള്‍ അന്നെത്തിയത് കോഴ്സിന്റെ ഭാഗമായ ഒരു പ്രോജക്ക്ടിനു വേണ്ടിയാണ്. താമസിക്കാനൊരു മുറിയന്വേഷിച്ച് അലയുകയായിരുന്നു ആ നേരം വരെ. ഞങ്ങളെ കൊണ്ടുവിടാന്‍ വന്ന എന്റെ അച്ഛനും നഗരം അത്ര പരിചിതമായിരുന്നില്ല. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കിട്ടുമെന്നുറപ്പിച്ച മുറി അവസാന നിമിഷം കിട്ടാതെ വരുമെന്ന് തീരെ കരുതിയിരുന്നുമില്ല. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ ദുഖവും ഒരു ദിവസം നീണ്ട യാത്രയുടെ ക്ഷീണവും കാരണം ഞങ്ങള്‍ ആകെ തളര്‍ന്നിരുന്നു. അവസാനം വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ നാലുപേര്‍ക്കും കൂടി കിട്ടിയ ആ ഒറ്റമുറിയാവട്ടെ, ആകെ മാറാലയും പൊടിയും നിറഞ്ഞ് കിടക്കാന്‍ കൊള്ളാത്ത അവസ്ഥയിലും. അത് എങ്ങനെയെങ്കിലും ഒന്നു വൃത്തിയാക്കിയെടുത്ത് ഉറങ്ങണം എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. അപ്പോഴാണ് മേട്രന്റെ പരിചയപ്പെടുത്തല്‍.

'ഇവിടെ ബാത്ത്റൂം..വെള്ളം രാവിലെ എട്ടിനു മുന്‍പും വൈകിട്ട് ആറിനു ശേഷവും..മുറികളില്‍ പത്തുമണിക്ക് ലൈറ്റോഫ് ചെയ്യണം..അതിനുശേഷം വായിക്കേണ്ടവര്‍ റീഡിംഗ് റൂമില്‍‍ പോകണം...'

മാഡം പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന്റെ സമയം ശ്രദ്ധിച്ചു. അത് കഴിഞ്ഞിരിക്കുന്നു. ഇനി മഞ്ജുവിന്റെ ബാഗിലുള്ള പഴം തന്നെ ശരണം.

അച്ഛന്‍ മുറി ശരിയായ ഉടന്‍ തന്നെ മടങ്ങിയിരുന്നു. സമയം വൈകിയതിനാല്‍ ഇനി മലബാര്‍ എക്സ്പ്രസ്സ് കിട്ടില്ല. ബസ്സിനു പോകേണ്ടി വരും. സീസണൊന്നുമല്ലാത്തതിനാല്‍ സീറ്റു കിട്ടിയേക്കും. എന്നാലും ഉറങ്ങാന്‍ പറ്റില്ല. രാവിലെ എത്തിയാലും ഓഫീസില്‍ പോകാനാവുമോ എന്തോ. അമ്മയും അനിയത്തിയും ഇന്നു വീട്ടില്‍ തനിച്ചായിരിക്കും അവരിപ്പോള്‍ തന്നെ ഓര്‍ക്കുന്നുണ്ടാകുമോ?

ചിന്തകള്‍ കാടുകയറി. ഇതിനു മുന്‍പ് വീടുവിട്ട് നിന്നിട്ടുള്ളത് ചെറുപ്പത്തില്‍ ഗൈഡ്സിന്റെയും മറ്റും ക്യാമ്പുകള്‍ക്ക് പോകുമ്പോഴാണ്. അപ്പോഴൊക്കെ കുറേ കൂട്ടുകാരും പാട്ടും കലാപരിപാടികളും മറ്റുമായി വീട്ടിലെ കാര്യങ്ങളൊന്നും ഓര്‍ക്കാറുപോലുമില്ല. പക്ഷേ ഇപ്പോള്‍ എന്തോ വല്ലാത്ത വിഷമം. പിന്നേയും എന്തൊക്കെയോ ഓര്‍ത്ത് അറിയാതെ കണ്ണു നിറഞ്ഞു. അറിയാതൊന്നു തേങ്ങിപ്പോയോ? കണ്ണു തുടക്കുമ്പോള്‍ മുറിക്കു പുറത്ത് കുറെ അപരിചിത മുഖങ്ങള്‍; ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുന്ന കൂട്ടുകാര്‍.

മുറി വൃത്തിയാക്കിയെന്നു വരുത്തി, പെട്ടിയും ബാഗുമൊക്കെയെടുത്തുവെച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് കണ്ടത്, മുറിക്കു പുറത്ത് ഞങ്ങളെ നോക്കിക്കൊണ്ട് ഒരു മുഖം. പുതിയ ആളുകളെ പരിചയപ്പെടാന്‍ വന്നതായിരിക്കുമെന്നു കരുതി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മുഖം മറഞ്ഞു; പുറകേ അടുത്ത് മുറിയുടെ വാതിലടയുന്ന ശബ്ദവുമെത്തി.

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമമായിരുന്നു പിറ്റേന്ന്. എന്‍‌ട്രന്‍സ് കോച്ചിംഗിനു പഠിക്കുന്ന കുറച്ചു കുട്ടികളെ പരിചയപ്പെട്ടു. അവരാണ് ഹോസ്റ്റലിലെ രീതികളും താമസക്കാരേപ്പറ്റിയും ഒക്കെ കൂടുതല്‍ പറഞ്ഞു തന്നത്, കൂടെ അടുത്ത മുറിയിലെ ലതയെക്കുറിച്ചും. ആരോടും ഒന്നും സംസാരിക്കാത്ത 35-40 വയസ്സ് തോന്നിക്കുന്ന ലതക്ക് ഏതോ ഓഫീസില്‍ ജോലിയാണെന്നറിയാമെന്നല്ലാതെ, ആര്‍ക്കും അവരെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. ഇത്തിരി ലൂസാണെന്ന് ഹോസ്റ്റലില്‍ പൊതുവെ അറിയപ്പെട്ടിരുന്നതിനാല്‍ ആരും അവരോടത്ര അടുത്തു പെരുമാറാന്‍ ശ്രമിച്ചിട്ടുമില്ല ഇതേവരെ. തലേന്ന് മുറിയുടെ വാതില്‍ക്കല്‍ വന്ന് മറഞ്ഞ് നിന്നത് ലതയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.

അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് വിളിച്ചപ്പോഴും കത്തയച്ചപ്പോഴുമെല്ലാം അല്പം അതിശയോക്തി കലര്‍ത്തി ഹോസ്റ്റലിലെ ഭ്രാന്തിയെക്കുറിച്ചും പറഞ്ഞതല്ലാതെ ഞങ്ങള്‍ക്കിടയില്‍ ലത ഒരു സംസാരവിഷയമായി പോലും കടന്നുവന്നിരുന്നില്ല. ഞങ്ങള്‍ ഉണരുമ്പോഴേക്ക് ലത പോയിട്ടുണ്ടാവും. വൈകിട്ട് തിരിച്ചെത്തുമ്പോഴേക്കും അവരുടെ മുറിയില്‍ ലൈറ്റണഞ്ഞിരിക്കും. ഇടക്കെപ്പോഴെങ്കിലും കണ്ടെങ്കില്‍ തന്നെ എല്ലാവരും ഒഴിഞ്ഞുമാറാറായിരുന്നു പതിവ്. ഒരുതരത്തില്‍ ഹോസ്റ്റലില്‍ എല്ലാവരും ലതയെ ഒറ്റപ്പെടുത്തുകയായിരുന്നു. വീടുവിട്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയുടെ എത്രയോ മടങ്ങ് ദിവസവും ലത അനുഭവിക്കുന്നുണ്ടാകുമെന്ന് അന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.

നഗരത്തിന്റെ പ്രത്യേകതകളില്‍ ആദ്യം കണ്ണില്‍‌പ്പെട്ടത് അദ്ധ്വാനിച്ചു ജീവിക്കുന്ന സ്ത്രീകളാണ്. മീനും പച്ചക്കറിയും വില്‍ക്കുകയും തലച്ചുമടെടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പുതിയ കാഴ്ചയായിരുന്നു. ഒരു പുരുഷന്‍ ചെയ്യുന്നത്ര, ചിലപ്പോള്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായവര്‍, സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് പരിതപിക്കാത്തവര്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ ജോലിചെയ്യുന്നു; തന്റേടത്തോടെ, ആരുടേയും ശല്യമില്ലാതെ. രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് വനിതാ ദിനത്തില്‍ ജാഥ നടത്തുന്നവര്‍ ഇവരെക്കണ്ട് പഠിക്കട്ടെ - സ്ത്രീ സ്വാതന്ത്ര്യം നേടേണ്ടത് പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന്!

നഗരം കാണാനായി അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പാര്‍ക്കിലേക്കും മ്യൂസിയത്തിലേക്കും ഒക്കെ പോകുമായിരുന്നു. ആ യാത്രകളില്‍ പലപ്പോഴും പാര്‍ക്കിലും മറ്റും വെച്ച് ഞങ്ങള്‍ ലതയെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ കാണാത്ത മട്ടില്‍ പിന്തിരിയാറായിരുന്നു പതിവ്. അവധി ദിവസങ്ങളിലും അവര്‍ രാവിലെ റൂമില്‍ നിന്നിറങ്ങി ഇങ്ങനെ എവിടെയെങ്കിലുമൊക്കെ ചുറ്റിക്കറങ്ങി വൈകിട്ടേ ഹോസ്റ്റലിലെത്തൂ. ഇതിനൊക്കെ വട്ടെന്നല്ലാതെ പിന്നെന്താ പറയുക?

ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കാര്യമായി നടക്കുന്നു. അതിനിടയിലാണ് ഒരു ദിവസം എനിക്ക് പനി പിടിച്ചത്. ഒന്നോ രണ്ടൊ പാരസെറ്റാമോളില്‍ തീരുന്ന കാര്യമേയുള്ളുവെങ്കിലും ക്ഷീണം തോന്നിയതിനാല്‍ അന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ലെന്നു വെച്ചു. കൂട്ടുകാര്‍ മൂന്നു പേരും പോയി. കൂട്ടിരിക്കാമെന്നു പറഞ്ഞ മഞ്ജുവിനേയും ഞാന്‍ തന്നെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു. ഒന്നു മയങ്ങി ഏണീക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന പനി. പിന്നേയും കഴിച്ചു ഒരു പാരസെറ്റമോള്‍. ഡോക്ടറെ കാണുന്നതാവും നല്ലത് എന്നു തോന്നിത്തുടങ്ങി; പക്ഷേ എഴുന്നേറ്റു ചെന്ന് ആരോടെങ്കിലും കാര്യം പറയാനുള്ള ആരോഗ്യം പോലും ഇല്ലായിരുന്നു. പിന്നെ വരുന്നതു വരട്ടെ എന്നു കരുതി മൂടിപ്പുതച്ചു കിടന്നു.

കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. ലത അടുത്തിരുന്ന് തുണി നനച്ച് നെറ്റിയില്‍ വെക്കുന്നുണ്ട്. മുറിയില്‍ കിടന്ന് ഞാന്‍ പിച്ചും പേയും പറയുന്നതു കേട്ടെത്തിയ മാഡം,‍ അപ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന ലതയേയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചതാണ്. ഇടക്കിടെ ലത തലയില്‍ തടവിക്കൊണ്ടിരുന്നു. അപ്പോള്‍ തോന്നിയ സുഖം ഇപ്പോഴും മറന്നിട്ടില്ല. അന്ന് ലതയില്‍ ഞാനെന്റെ അമ്മയെ കണ്ടു; അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലത എന്ന ഞങ്ങളുടെ ലതച്ചേച്ചിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് ആ ആശുപത്രിക്കിടക്കയില്‍ വെച്ചാണ്.

മറ്റെല്ലാവരേയും പോലെ ഒരു സാധാരണ സ്ത്രീയായിരുന്നു ലതച്ചേച്ചിയും. ഡിഗ്രി വരെ പഠിച്ചു, പി എസ് സി ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ജോലി കിട്ടി, വിവാഹം കഴിച്ചു, ഒരു കുഞ്ഞുമുണ്ടായി. അതിനിടക്കെപ്പോഴോ ചേച്ചിയുടെ സംസാരശേഷിയും കേള്‍‌വിയും കുറഞ്ഞുതുടങ്ങി. ഒരു ചികിത്സയും ഫലം കണ്ടില്ല. ഒരു വേള അവ തീര്‍ത്തും നഷ്ടപ്പെട്ടപ്പോള്‍ ഭര്‍‌ത്താവിന് ചേച്ചിയെ വേണ്ടാതായി. അധികപ്പറ്റാണെന്നു തോന്നിപ്പോള്‍, താനുംകൂടി അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്നും ചേച്ചിയിറങ്ങി; കരയാനോ കാലുപിടിക്കാനോ പോകാതെ, ഒരു അവകാശവാദവും ഉന്നയിക്കാതെ. തന്റെ വൈകല്യങ്ങള്‍ ലതച്ചേച്ചിയില്‍ വല്ലാത്ത അപകര്‍ഷതാബോധം വളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ഹോസ്റ്റലില്‍ മറ്റുള്ളവരുമായി കഴിവതും ഇടപഴകാതിരിക്കാന്‍ ചേച്ചി ശ്രമിച്ചതും. തന്റെ നിസ്സഹായാവസ്ഥയും ഒറ്റപ്പെടലും കുഞ്ഞിന്റെ ഓര്‍മ്മകളും ചേച്ചിയില്‍ ഉണ്ടാക്കിയ വികാരങ്ങളാവണം പലപ്പോഴും ഭ്രാന്തിന്റെ ലക്ഷണങ്ങളായിയി തെറ്റിദ്ധരിക്കപ്പെട്ടത്.

ലതച്ചേച്ചിയുമായി ഞങ്ങള്‍ നാലുപേരും വേഗം അടുത്തു. ആംഗ്യത്തിലൂടെയും ചെറിയ കുറിപ്പുകളിലൂടെയുമായിരുന്നു ഞങ്ങളുടെ ആശയവിനിമയം. രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചേച്ചിയുടെ മുറിയിലെത്തും. ഉറക്കം വരുന്നതുവരെ ചേച്ചിയുമായി നിശബ്ദമായി സംസാരിച്ചുകൊണ്ടിരിക്കും. ചേച്ചി ഞങ്ങള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. ചേച്ചിയുമായി അടുത്ത ശേഷം പഴയപോലെ വീടിനെക്കുറിച്ചോര്‍ത്ത് കരയാനൊന്നും സമയം കിട്ടാതായി. വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ സങ്കടമൊക്കെ ഞങ്ങളെ പാടേ വിട്ടുപോയിരുന്നു. രാത്രി ഏറെ വൈകിയാല്‍ 'നാളെ പോകണ്ടതല്ലെ, കിടന്നുറങ്ങിക്കോളൂ' എന്ന് ചേച്ചി ഒരു പേപ്പറിലെഴുതുമ്പോള്‍ ആ മുഖത്ത് ഒരച്ഛന്റെ ഭാവമായിരിക്കും. രാവിലെ വിളിച്ചുണര്‍ത്താനും, വഴക്കു പറഞ്ഞ് ഭക്ഷണം കഴിപ്പിക്കാനും അമ്മയേപ്പോലെ ചേച്ചിയുണ്ടായിരുന്നു. നേരം വൈകി വരുന്ന ദിവസങ്ങളില്‍ ചേച്ചി പരിഭവിക്കുമായിരുന്നു. നിങ്ങള്‍ വൈകുമ്പോള്‍ എനിക്ക് പേടിയാകുമെന്ന് എത്രയോ തവണ ചേച്ചി എഴുതിയിരിക്കുന്നു. ആരുമല്ലാതിരുന്നിട്ടൂം ഞങ്ങള്‍ക്ക് ആരൊക്കെയോ ആവുകയായിരുന്നു ചേച്ചി.

ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കഴിയാറായി. നാട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്. ചേച്ചിക്കായിരുന്നു ഞങ്ങളേക്കാള്‍ സങ്കടം. തനിക്കു വീണ്ടും ആരുമില്ലാതാകുമെന്ന് ചേച്ചിയെഴുതി. ചേച്ചിയെ വീണ്ടും ഇവിടെ തനിച്ചാക്കി പോകണമല്ലോ എന്നതായിരുന്നു ഞങ്ങളെയും ഏറെ വിഷമിപ്പിച്ച കാര്യം.

അവസാനം ആ ദിവസവുമെത്തി. ഞങ്ങള്‍ ആ നഗരത്തോട് വിട പറയുന്ന ദിവസം. സ്റ്റേഷന്‍ വരെ ചേച്ചിയും ഞങ്ങളുടെ കൂടെ വന്നു. ആരും ഒന്നും സംസാരിച്ചില്ല. ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സങ്കടങ്ങള്‍ വരുമ്പോള്‍ ആശ്വസിപ്പിക്കാറുള്ള ചേച്ചിയുടെ കരയുന്ന മുഖം കണ്ട് ഞങ്ങളും വിതുമ്പിപ്പോയി.

ഏഴുമണിക്ക് എത്തേണ്ട ട്രയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ചേച്ചിയോടൊത്ത് കുറച്ചു സമയം കൂടി ചെലവഴിക്കാന്‍ ദൈവം കനിഞ്ഞു നല്‍കിയ നിമിഷങ്ങള്‍. പക്ഷേ ഒരു വാക്കു പോലും പറയാനാവാതെ ആ ഒരു മണിക്കൂറും വേഗം പോയി. അവസാനം വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ചേച്ചിയെ ഇനിയും കണ്ടു പോലും കൊതിതീര്‍ന്നില്ലല്ലോ എന്നായിരുന്നു മനസ്സില്‍. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ ഇടക്കിടെ തുടച്ച് കൈവീശി ചേച്ചി ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു, കണ്ണില്‍ നിന്ന് മറയുവോളം!

ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നീ വനിതാ ദിനത്തില്‍ ലതച്ചേച്ചിയെ ഞാന്‍ വീണ്ടുമോര്‍ത്തു. സ്റ്റാറ്റസ് സിംബലായി സ്ത്രീ സമത്വം പ്രസംഗിക്കുകയും പബ്ലിസിറ്റിക്കു വേണ്ടി ജാഥ നടത്തുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല, ബന്ധുക്കളാലും സമൂഹത്താലും തിരസ്കരിക്കപ്പെട്ടിട്ടും തളരാതെ, തന്റേടത്തോടെ ജീവിക്കുന്ന ലതച്ചേച്ചിയെപ്പോലുള്ള ആയിരങ്ങളുടെ ദിനമാണിത്. അവര്‍ക്കഭിവാദ്യങ്ങള്‍!

2 comments:

ജിജ സുബ്രഹ്മണ്യൻ said...

വളരെ നന്നായി..മറ്റുള്ളവര്‍ പറയുന്നതു മാത്രം കേട്ട് നമ്മള്‍ സത്യം മനസ്സിലാക്കാന്‍ പലപ്പോഴും വൈകുന്നു..മനസ്സിലാക്കുമ്പോഴോ..നമ്മള്‍ക്കു പലപ്പോഴും കുറ്റബോധം തോന്നും..ലതചേച്ചിയെ ഞാനും ഇപ്പോള്‍ ബഹുമാനിക്കുന്നു..ഭര്‍ത്താവിന്റെ മുന്നിലും തല കുനിക്കാതെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്ന അവര്‍ ഇന്നിന്റെ ശബ്ദമാണ്..നല്ല പോസ്റ്റ്..

Binu said...

jimmma ee katha kollamallo. good one . keep it up.