Wednesday, January 02, 2008

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

കേരള സര്‍ക്കാര്‍, ജപ്പാനിലെ Japanese Bank for International Co-operation(JBIC) ന്റെ സഹായത്തോടെ 1800 കോടി രൂപ മുതല്‍മുടക്കില്‍, നാലു ജില്ലക്കളിലായി 40 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നറിയപ്പെടുന്നത്.

കോഴിക്കോട് ജില്ലയില്‍ മാത്രം 606 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പെരുവണ്ണാമൂഴി ഡാമില്‍ നിന്നുള്ള ജലം ശുദ്ധീകരിച്ച് കോഴിക്കോട് കോര്‍പ്പറേഷനിലും കുടിവെള്ള ക്ഷാമമുള്ള ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും വിതരണം ചെയ്യാനുള്ള പദ്ധതി, 2008 ഓഗസ്റ്റ് മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കരുതുന്നു. ഇതിനായി പെരുവണ്ണാമൂഴിയിലും, മെഡിക്കല്‍ കോളേജ് ഭാഗത്തും വന്‍ റിസര്‍വോയറുകളുടേയും പൊന്‍മലയില്‍ ഒരു ശുദ്ധീകരണ പ്ലാന്റിന്റേയും പണി നടക്കുന്നു. ഇതു കൂടാതെ ജലസംഭരണത്തിനായി ജില്ലയുടെ പല ഭാഗങ്ങളിലുമായി ഇരുപതോളം വലിയ ടാങ്കുകളും നിര്‍മ്മാണത്തിലിരിക്കുന്നു. 175 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കുടിവെള്ളമായി എത്താന്‍ പോകുന്നത്. ചുരുക്കത്തില്‍ ഒരു ഭീമന്‍ പദ്ധതി തന്നെയാണ് ഇത്.

ഈ ഭീമന്‍ പദ്ധതിക്കായി പെരുവണ്ണാമൂഴിയില്‍ നിന്ന് ചക്കിട്ടപാറ, കൂട്ടാലിട, ബാലുശ്ശേരി വഴി കടന്നു പോകുന്ന പൈപ്പ് ലൈനാണ് ഈ കുറിപ്പിനാധാരം.

ഭീമന്‍ പദ്ധതിക്കുപയോഗിക്കുന്ന ഈ പൈപ്പുകളും ഭീമാകാര്മാണ്.ഏകദേശം 2 മീറ്റര്‍ വീതിയും 15 മീറ്റര്‍ നീളവുമുള്ള ഈ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് പകുതിഭാഗം കുഴിക്കുകയാണ് ഇപ്പോള്‍. തുരുമ്പെടുക്കില്ല എന്ന് കോണ്ട്രാക്ടര്‍ അവകാശപ്പെടുന്ന കൂറ്റന്‍ പൈപ്പുകള്‍ വരുന്നത് ഗുജറാത്തില്‍ നിന്നാണത്രെ. ഒന്നിന് ഒരു ലക്ഷത്തില്‍ പരം വിലയുള്ള ഈ പൈപ്പുകള്‍ ഇപ്പോള്‍ റോഡിന് ഇരു വശങ്ങളിലുമായി നിരത്തിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് മുഴുവന്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. അസഹനീയമായ പൊടിയും, യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പുകയും മൂലം സമീപവാസികളും വഴിയാത്രക്കാരുമാണ് കഷ്ടപ്പെടന്നത്.ഇത്രയും വലിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാരണം അറിയില്ലെന്നായിരുന്നു പണി സ്ഥലത്തുണ്ടായിരുന്ന ഒരു കരാറുകാരന്‍ പറഞ്ഞത്. ഭൂമിക്കടിയില്‍ ജലം സംഭരിക്കുകയാണ് ഉദ്ദേശമെന്ന് ഒരു JCB ഡ്രൈവര്‍ പറഞ്ഞു. അപ്പോള്‍ നാടുനീളെ കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുന്നത് എന്തിനാണെന്ന് അയാള്‍‍ക്കുമറിയില്ല.

ലക്ഷങ്ങള്‍ വിലയുള്ള ഈ പൈപ്പുകളുടെ ആവശ്യകതയും നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമാണ്. പൈപ്പുകള്‍ക്കും, ഗുജറാത്തില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യാനുമുള്ള കരാറുകളില്‍ വന്‍ അഴിമതിയുണ്ടെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ചും ഇത്തരം പൈപ്പുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാമെന്നുള്ളപ്പോള്‍. സമീപപ്രദേശമായ കക്കയം ഡാം നിര്‍മ്മാണത്തിനാവശ്യമായിരുന്ന ഇത്തരം വലിയ പൈപ്പുകള്‍ അവിടെത്തന്നെ നിര്‍മ്മിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ പൈപ്പുകളിലൂടെ ജലമൊഴുക്കിയാല്‍ ദിവസങ്ങള്‍ കൊണ്ട് പെരുവണ്ണാമൂഴി ഡാം ശൂന്യമാകില്ലേ എന്നാണ് സാധാരണക്കാരന്റെ ചിന്ത. പെരുവണ്ണാമൂഴി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ ഡാമില്‍ നിന്ന് ഇനി കൃഷിക്കായുള്ള ജലസേചനം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കൃഷിയേക്കാള്‍ പ്രധാനമാണല്ലോ കുടിവെള്ളം എന്നു സമാധാനിച്ച് കഴിയുകയാണ് നാട്ടുകാര്‍; ഒപ്പം കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് നിര്‍മ്മിച്ച്, അവസാനം ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കേണ്ടിവന്ന മറ്റു പല പദ്ധതികളേപ്പോലെ ഇതും ആകരുതേ എന്ന പ്രാര്‍‍ത്ഥനയും!

1 comment:

ജിം said...

ഈ പൈപ്പുകളിലൂടെ ജലമൊഴുക്കിയാല്‍ ദിവസങ്ങള്‍ കൊണ്ട് പെരുവണ്ണാമൂഴി ഡാം ശൂന്യമാകില്ലേ എന്നാണ് സാധാരണക്കാരന്റെ ചിന്ത. പെരുവണ്ണാമൂഴി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ ഡാമില്‍ നിന്ന് ഇനി കൃഷിക്കായുള്ള ജലസേചനം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.