Wednesday, November 28, 2007

വെളിയത്തിന്റെ വീരകൃത്യങ്ങള്‍

മിക്ക ഷാജി കൈലാസ് ചിത്രങ്ങളിലും നായകന്‍ പോലീസ് സ്റ്റേഷനിലെത്തി, അവിടെയുള്ള SI/CI/കമ്മീഷണര്‍ തുടങ്ങിയവരെ ഇടിവെട്ട് ഡയലോഗുകള്‍ കൊണ്ടും മസില്‍ പവറുകൊണ്ടും വിറപ്പിച്ച്, അറസ്റ്റിലായ തന്റെ സ്വന്തക്കാരെയും കൂട്ടുകാരെയുമൊക്കെ പുല്ലുപോലെ ഇറക്കിക്കൊണ്ടുവരുന്ന സീനുകള്‍ കാണുമ്പോള്‍ പുളകം തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരാള്‍ ശരിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നിപ്പോയിട്ടുണ്ട്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ മാത്രം കണ്ടിരുന്ന ഇത്തരം സീനുകള്‍ നേരില്‍ കാണാന്‍ നമുക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു.

സിനിമാ നായകനെ കടത്തിവെട്ടുന്ന ഈ പ്രകടനം കാഴ്ചവെച്ചത് CPI സംസ്ഥാന സെക്രട്ടറി ശ്രീ വെളിയം ഭാര്‍ഗ്ഗവന്‍. നായകന്റെ ഇടപെടല്‍ വഴി മോചിക്കപ്പെട്ടത് AIYF ന്റെ രണ്ട് വനിതാ പ്രവര്‍ത്തകര്‍; ഇതിനൊക്കെ വേദിയാകാന്‍ ഭാഗ്യം ലഭിച്ചത് തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷന്‍. നായകന്റെ വീരകൃത്യത്തിന് പിന്തുണയുമായി സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും!

സംഭവം ഇങ്ങനെ : CPI യുടെ യുവജന സംഘടനയായ AIYF ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുവരവിനെതിരെ നവംബര്‍ 20ന് സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബിഗ് ബസാറിലേക്കു നടത്തിയ പ്രകടനം അക്രമാസക്തമായി. പോലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചില വനിതാ പ്രവര്‍ത്തകര്‍ വനിതാ പോലീസുകാരെ കൈയേറ്റം ചെയ്തു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് കന്റോണ്മെന്റ് സ്റ്റേഷനിലേക്കു മാറ്റി. എന്നാല്‍ പോലീസിനെ കൈയേറ്റം ചെയ്ത രാഖി രവീന്ദ്രനടക്കമുള്ളവരെ ജാമ്യത്തില്‍ വിടാന്‍ പോലീസ് തയ്യാറായില്ല. ഇതിനെതിരെയായിരുന്നു വെളിയത്തിന്റെ പ്രകടനം. 'പുരുഷന്മാരെ വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളൂ, പക്ഷേ വനിതകളെ വിട്ടുതരണ'മെന്നായിരുന്നു വെളിയം ആവശ്യപ്പെട്ടത്. പോലീസ് വഴങ്ങാതിരുന്നപ്പോള്‍, നാട്ടുകാര്‍ നോക്കി നില്‍കെ പോലീസിനോട് കയര്‍ക്കുകയും ഭീക്ഷണി മുഴക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും ഫോണില്‍ വിളിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ മുണ്ടും മടക്കിക്കുത്തി കുറേനേരം സ്റ്റേഷനു മുന്നില്‍ ഉറഞ്ഞു തുള്ളി. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ അറ്റ കൈ പ്രയോഗമായിരുന്നു. തന്റെ പാര്‍ട്ടിക്കാരായ സംസ്ഥാനത്തെ രണ്ടു മന്ത്രിമാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി, കെ പി രാജേന്ദ്രനേയും സി ദിവാകരനേയും. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ പറഞ്ഞാല്‍ പിന്നെ പോലീസെന്തു ചെയ്യാന്‍? അങ്ങനെ പ്രവര്‍ത്തകരെ മോചിപ്പിച്ച് നേതാവും സംഘവും മടങ്ങി.

രാഷ്ട്രീയ ഇടപെടലുകളിലൂടെ പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. പണ്ടൊക്കെ അത് രഹസ്യമായി ഫോണില്‍ വിളിച്ചും, പോലീസ് ഉന്നതന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയുമൊക്കെയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവും രണ്ടു മന്ത്രിമാരും ചേര്‍ന്ന് സ്റ്റേഷനിലെത്തി ചാനലുകളും നാട്ടുകാരും നോക്കിനില്‍കെ പരസ്യമായി പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യമാണെന്നു തോന്നുന്നു. ഖജനാവില്‍ എത്ര കൈയിട്ടു വാരിയാലും എന്തൊക്കെ അഴിമതി നടത്തിയാലും അത് ജനങ്ങളറിയാതിരിക്കാന്‍ പണ്ടൊക്കെ നേതാക്കന്മാര്‍ ശ്രദ്ധിക്കുമായിരുന്നു. പുറത്തറിഞ്ഞാല്‍ മാനക്കേടാണെന്നും അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നുമൊക്കെ അവര്‍ക്ക് തോന്നിയിരിക്കണം. ഇന്നത്തെ നേതാക്കള്‍ക്ക് പൊതുജനത്തെ പേടിയില്ല. പരിണാമ ഫലമായായിരിക്കണം, നേതാക്കളുടെ 'തൊലിക്കട്ടി' ഇപ്പോള്‍ അനുദിനം കൂടിവരികയാണ്.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രധാന അംഗമായ പാര്‍ട്ടിയുടെ നേതാവിന് ഇത്രയെങ്കിലും ചെയ്യാനുള്ള 'പവറി'ല്ലെങ്കില്‍ പിന്നെ ഇതെന്തോന്ന് ജനാധിപത്യം അല്ലേ? വെളിയം കാണിച്ച മാതൃക പിന്തുടര്‍ന്ന് കേരളമെമ്പാടും നേതാക്കള്‍ സ്റ്റേഷനിലെത്തി പ്രവര്‍ത്തകരെ പരസ്യമായി മോചിപ്പിക്കുന്ന ജനാധിപത്യത്തിന്റെ നല്ല നാളെകള്‍ക്കായി കാത്തിരിക്കാം!

7 comments:

-സു‍-|Sunil said...

നാട്ടില്‍ പോയാല്‍, കിട്ടിയ സൌകര്യം നോക്കി അര്‍മ്മാദിക്കാതെ പരദൂഷണം പറഞ്‌ നടക്കാതെടാ കൊച്ചു കുരുത്തം കെട്ടവനേ :):):)
-സു-

കിരണ്‍ തോമസ് തോമ്പില്‍ said...

ജിം ഈ വിഷയത്തില്‍ മരീചന്‍ ഒരു തകര്‍പ്പന്‍ സാധന്‍ എഴുതിയിട്ടിണ്ട് ഇവിടെ വായിക്കുക

Radheyan said...

കിരണ്‍,അതൊരു തകര്‍പ്പന്‍ സാധനമല്ല,വെറും തറ സാധനമാണ്.അദ്ദേഹത്തിന് സി.പി.ഐയോടുള്ള അനിഷ്ടം കുറേ ഏറെ കാലമായുള്ളതാണ്.സാധനത്തിന് ഒരു മുരളീധരന്‍ നിലവാരം.അദ്ദേഹം തന്നെയാണോ ഈ മായാവേഷധാരി എന്ന് സംശയം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

അദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ ഒര്‍ഗനൈസ്ഡ് ക്രൈമിന്റെ ആസ്ഥാനം എം.എന്‍ സ്മാരകം ആണെന്നു തോന്നും,ഭാഗ്യം അദ്ദേഹം വിവി രാഘവനും ചന്ദ്രശേഖരന്‍ നായര്‍ക്കും നല്ല സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നുണ്ട്.ചന്ദ്രശേഖരന്‍ നായര്‍ ഹൃദയസംബന്ധമായ രോഗം മൂലമാണ് സജീവരാഷ്ട്രീയത്തീല്‍ നിന്നും മാറി നില്‍ക്കുന്നത്.സജീവമായി പാര്‍ട്ടി കമ്മിറിയില്‍ പങ്കെടുക്കുന്നുമുണ്ട്.

ഇനി ഇതു വരെ ആരും ചെയ്യാത്ത ഏതുപാതകമാണ് സി.പി.ഐക്കാര്‍ ചെയ്തത്.
96-2001 കാലത്തെ ഇടതു ഭരണത്തില്‍ സെയില്‍സ് റ്റാക്സുകാ‍രെ ആക്രമിച്ച വ്യാപാരി വ്യവസായികളെ മോചിപ്പിക്കാന്‍ ആലപ്പുഴ എം.എല്‍.എ വേണുഗോപാലും ഇപ്പോഴത്തെ ഡിസിസി അധ്യക്ഷനും അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാനുമായ ഷുക്കൂറും സ്റ്റേഷനിലെത്തുകയും കശപിശ ഉണ്ടാവുകയും അവസാനം മനോരമ തുടങ്ങിയ പത്രങ്ങളുടെ സഹായത്തോടെ അത് പോലീസ് മര്‍ദ്ദനമാക്കുകയും ചെയ്തു.അതേ കാലത്ത് കോട്ടയം സ്റ്റേഷനിലാണ് എന്നു തോന്നുന്നു ഉമ്മന്‍ ചാണ്ടി സത്യാഗ്രഹമിരുന്നു പ്രതികളെ മോചിപ്പിച്ചിട്ടുണ്ട്.കോടിയേരിയും ഇ.പി ജയരാജനും യൂണിവേഴ്സിറ്റി കോളേജിലെ സമരക്കാര്‍ക്ക് വേണ്ടി നിരവധി തവണ ഇതു ചെയ്തിട്ടുണ്ട്.ഈ ഭരണം വന്നതിനു ശേഷം പത്തനംതിട്ടയില്‍ എസ്.എഫ്.ഐക്കാര്‍ മനു എന്ന ജില്ലാ നേതാവിനെ സ്റ്റേഷന്‍ ആക്രമിച്ച് പോലീസിന്റെ അനുവാദമില്ലാതെ കൊണ്ടു പോയിട്ടുണ്ട്.

പിന്നെ വെളിയം ഭാര്‍ഗ്ഗവന്‍ എന്ന സിപിഐ സെക്രട്ടറി പെണ്‍കുട്ടികളെ മാത്രം ജാമ്യത്തില്‍ വിടാന്‍ ശഠിച്ചതില്‍ മാധ്യമലോകം ഇത്ര അസ്വസ്ഥമാകുന്നു.എന്തേ സി.പി.ഐക്കാരെ കൊത്തിപ്പറിക്കുന്നതില്‍ ഇത്ര താല്‍പ്പര്യം എന്നു മനസ്സിലാകുന്നില്ല.സി.പി.ഐ എന്നാല്‍ വലിയ ഒരു ക്രൈം ലോകം മുഖമൂടി അണിഞ്ഞെത്തിയതാണെന്ന മട്ടിലുള്ള വികല ഭാവന നടമാടുന്നു.

ഏതെങ്കിലും മീഡിയാ ക്ലിപ്പിംഗില്‍ മന്ത്രിമാര്‍ പോലീസുകാരോട് എന്തെങ്കിലും,ഒരു കുശലപ്രശ്നമെങ്കിലും നടത്തുന്നത് കാട്ടി തരാമോ?ഒരു മന്ത്രിക്ക് ശുപാര്‍ശ ചെയ്യണമെങ്കില്‍ അത് ആരും അറിയാതെ ഫോണിലൂടെ ആകാമെന്നിരിക്കേ മന്ത്രിമാര്‍ക്ക് ഈ മാധ്യമവിശാരദരുടെയോ പി.പി തങ്കച്ചന്റെ പോലുമോ ബുദ്ധിയില്ല എന്നു ധരിക്കണോ?

ഞാന്‍ ധാരാളം സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.സാധാരണ ഒരു പോലീസ് ബസില്‍ കയറ്റി കുറച്ച് ദൂരത്ത് എവിടെയെങ്കിലും കൊണ്ട് ഇറക്കി വിടുന്ന സംഭവത്തിനെയാണ് അറസ്റ്റ് ചെയ്ത് നീക്കല്‍ എന്ന് പറയുന്നത്.കരുണാകരന്റെ കാലത്ത് ഒരിക്കല്‍ ബസുകളൊന്നു കിട്ടാത്ത ഇടത്ത് കൊണ്ടു വിട്ടത് ഒഴിച്ചാല്‍ സാധാരണ അത്ര പോലും ചെയ്യാറില്ല.പിന്നെ അക്രമ സമരമാണെങ്കില്‍ അക്രമത്തില്‍ പങ്കെടുത്തവരെ ഐഡന്റിഫൈ ചെയ്ത് പിന്നീട് അറസ്റ്റ് ചെയ്യും.അവിടെയും സമരത്തില്‍ പങ്കെടുത്ത സകലരെയും തൂത്തു വാരി അറസ്റ്റു ചെയ്യാറില്ല.പെണ്‍‍കുട്ടികളെയും മറ്റും ഒഴിവാകാറാണ് പതിവ്.സാധാരണ സമരത്തില്‍ നിന്നും പിരിഞ്ഞു പോയാല്‍ ആരെയും അറസ്റ്റ് ചെയ്യാറില്ല.പ്രത്യേകിച്ചും പെണ്‍കുട്ടികളെ.അക്രമത്തില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കാറില്ല എന്ന പൊതു തത്വമാണ് ഇവിടെ സ്വീകരിക്കാറുള്ളത്.

ഇതിനെല്ലാം വിരുദ്ധമായി 2 പെണ്‍കുട്ടികളെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ ഗര്‍ഭിണി ആയ പെണ്‍കുട്ടി എതിര്‍ത്തു.പോലീസുകാര്‍ തെറി അഭിഷേകം നടത്തുകയും ഷാളില്‍ പിടിച്ച് വലിക്കുകയും ചെയ്യുക കൂടി ആയപ്പോള്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി.മനോരമ വായിച്ചാല്‍ സിപി.എം കാ‍രി പോലീസിനെ സിപി.ഐകാരി കൌണ്‍സിലര്‍ ഏതാണ്ട് പൂര്‍വ്വ വൈരാഗ്യം തീര്‍ക്കാന്‍ മര്‍ദ്ദിച്ചു എന്നു തോന്നും.ഏതാണ്ട് ആ ലൈനിലാണ് വെളിയം വിരുദ്ധരെല്ലാം.

ചിലര്‍ക്ക് വെളിയത്തിന്റെ മുഖസൌന്ദര്യവും ശരീരഭാഷയും പിടിക്കുന്നില്ല.(ഇതേ ആരോപണം 7കൊല്ലം മുന്‍പ് വരെ വി.എസിന് എതിരേ ഉന്നയിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് അദ്ദേഹം കോമള കളേബരനാണ്)കല്‍ക്കട്ടാ തീസിസ് കാലത്തെ കഠിനമായ പോലീസ് മര്‍ദ്ദനം ഏല്‍പ്പിച്ച ജീവപര്യന്തം നീളുന്ന വ്യഥകള്‍ ആ വൃദ്ധശരീരത്തില്‍ ഉണ്ട്.അരയില്‍ ഒരു പ്രത്യേക തരം ബല്‍റ്റ് അണിഞ്ഞാണ് അദ്ദേഹം പണ്ട് ക്ഷതമേറ്റ വാരിയെല്ലുകളെ ഇപ്പോള്‍ പരിരക്ഷിക്കുന്നത്ത്.ഒരു തരത്തിലുള്ള പാര്‍ലമെന്ററി മോഹത്തിനും അദ്ദേഹത്തിനെ കീഴ്പ്പെടുത്താനായിട്ടില്ല.1957ല്‍ എം.എല്‍.എ ആയ അദ്ദേഹത്തിന് അതൊക്കെ നിഷ്പ്രയാസം സാധിക്കുമായിരുന്നു.അദ്ദേഹത്തെ പോലുള്ളവരെ ഭര്‍ത്സിക്കുന്നത് ത്യാഗപൂര്‍ണ്ണമായ ഒരു ചരിത്രത്തിനെ കാറി തുപ്പുന്നതിനു സമമാണ്.

പിന്നെ ഒതുക്കിന്റെ രാഷ്ട്രീയം സി.പി.ഐ ചെറുക്കും.അത് കൊണ്ടാണ് ഈര്‍ക്കിലി പാര്‍ട്ടി എന്ന് ചിലര്‍ക്ക് വിളിക്കാനെങ്കിലും ഈ പാര്‍ട്ടി ഇന്നും അവശേഷിക്കുന്നത്.ഈര്‍ക്കിലി അല്ലെന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ് തലക്കകത്ത് ആളു താമസമുള്ളവര്‍ സി.പി.ഐയെ കൂടെ കൊണ്ടു നടക്കുന്നത്.

മുക്കുവന്‍ said...

ആരാ പറഞ്ഞേ വെളിയത്തിനു വിവരം ഇല്ലാന്ന്...

ദേ കണ്ടില്ലേ, അവനവന്റെ കാര്യത്തിനു പോലീസിനെ പോലും പുല്ലാക്കി മാറ്റിയത്!

മുക്കുവന്‍ said...

രാധേയന്‍,

സ്വാര്‍ത്ഥനൊ, മരീചനൊ ഉന്നയിച്ച ഒരു കാര്യത്തിനു പോലും മറുപടി പറയാതെ കുറെ വലിച്ച് വാരിയെഴുതിയിട്ടെന്തു കാര്യം?

സ്പെന്‍സേര്‍സ് അടിച്ചു തകര്‍ത്തതി എന്ത് ന്യായം?

ചാണ്ടി പോലീസില്‍ കേറി ആളെ ഇറക്കി, അതുകൊണ്ട് വെളിയവും ചെയ്തു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ അല്ലേ?

Anonymous said...

രാധെയോ, വെളീയം എന്ന വെളിവില്ലാത്തവന്‍ ബെല്റ്റിട്ട് നടക്കുന്നത് നല്ലകാര്യം ചൈയ്തതിനൊന്നുമല്ലല്ലൊ? ഇതു പോലെ പൊതുമുതലോ സ്വകാര്യമുതലൊ നശിപ്പിക്കാന്‍ ചെന്നതിനായിരിക്കുമല്ലൊ? പിന്നെ അങോര്‍ ബെല്റ്റിട്ട് നടക്കുന്നൂന്നുംകരുതി താങ്കളെപ്പോലെ ഓച്ചാനിച്ച് നില്കാന്‍ എല്ലരെയും കിട്ടൂല, അവിടെ ദുബായില്‍ നല്ല ഫോരിന്‍ കന്പനിയില്‍ താങ്കള്‍ ജോലിനോക്കുന്നത് കാര്‍ ഒണ്ടാക്കിയകമ്പനിയൊന്നുമല്ലല്ലൊ? കിട്ടുന്നത് നക്കി മിണ്ടാതിരി സഖാവെ.. താങ്കളുടെ ബുദ്ധി ജനിച്ചപ്പംതൊട്ട് (മാതാപിതാകള്‍ റ്റ്രേഡ് യൂനിഒങ്കാരാണല്ലൊ)പണയത്തിലാണെന്ന് കരുതി നാട്ടിലുള്ള സകലരെയും ആ ഗണത്തില്‍ പെടുത്തല്ലെ.

-സു‍-|Sunil said...

ഈ ഭരണത്തില്‍ തകര്‍ന്നത് അച്ചുമാമനല്ല. സി.പി.ഐ എന്ന ഊതിവീര്‍പ്പിച്ച ബലൂണാണ്. ബിനോയ് വിശ്വം എന്ന കപട സംന്യാസിയാണ്. ഇസ്മായിലിന്റെ കാര്യം പറയണ്ട. വെളിയവും അതു പോലെ ....
-സു-