Monday, October 15, 2007

വിശ്വാസം ലേലം ചെയ്യപ്പെടുമ്പോള്‍

താമരശ്ശേരി രൂപത തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളൊക്കെ ഈ വരുന്ന ബുധനാഴ്ച അടച്ചിട്ട് പ്രതിഷേധ ദിനമായി ആചരിക്കുന്നു. CPM സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശ്ശേരി രൂപതയുടെ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്കെതിരെ നടത്തിയ "നികൃഷ്ട ജീവി" പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു നീക്കം. പ്രസ്താവന പിന്‍വലിച്ച് പിണറായി മാപ്പു പറയണമെന്നും സഭ ആവശ്യപ്പെടുന്നു. ലത്തീന്‍ അടക്കമുള്ള ഇതര സഭാ മേലദ്ധ്യക്ഷന്മാരും താമരശ്ശേരി രൂപതയുടെ ഈ നീക്കത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു.

തിരുവാമ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന മുന്‍ MLA മത്തായി ചാക്കോ അനുസ്മരണ യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. 'കള്ളം പറയാത്തവരെന്ന് നാം വിശ്വസിക്കുന്ന, മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറയുന്നവര്‍ നികൃഷ്ടജീവികളാണെ' ന്നാണ് പിണറായി പറഞ്ഞത്. ഇത് കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തില്‍, മത്തായി ചാക്കോ MLA മരിക്കുന്നതിനു മുന്‍പ് സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്ന ചിറ്റിലപ്പള്ളി പിതാവിന്റെ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു. പിണറായിയുടെ "നികൃഷ്ടജീവി" പ്രയോഗം കുറിക്കു കൊണ്ടു എന്നതിന്റെ തെളിവാണ് സഭാമേലദ്ധ്യക്ഷന്മാര്‍ ഇതിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന കോലാഹലങ്ങള്‍.

മത്തായി ചാക്കോ എന്ന കമ്യൂണിസ്റ്റുകാരന്‍ ഒരു ദൈവ വിശ്വാസിയായിരുന്നോ എന്നറിയില്ല. അദ്ദേഹം പള്ളിയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റേയും മക്കളെ മാമോദീസ മുക്കിയതിന്റേയുമൊക്കെ രേഖകള്‍ അടുത്ത ദിവസങ്ങളില്‍ ചാനലുകളില്‍ കാണിച്ചിരുന്നു. മത്തായി ചാക്കോ ഇനി അവസാനകാലത്ത് വിശ്വാസത്തിലേക്ക് തിരിഞ്ഞിരുന്നോ എന്ന് പറയാന്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കുമേ സാധിക്കൂ. അവരാകട്ടെ, സഭയേയും പാര്‍ട്ടിയേയും തള്ളിപ്പറയാനാവാത്ത വിഷമവൃത്തത്തിലാണ് ഇപ്പോള്‍. മണ്മറഞ്ഞ മത്തായി ചാക്കോയേയും, ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും നമുക്ക് വെറുതേ വിടാം. അകാലത്തില്‍ പൊലിഞ്ഞ നല്ലവനായ ആ പൊതുപ്രവര്‍ത്തകനോട് കാട്ടുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും ഇത്തരത്തിലൊരു വിവാദം.

പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രമുഖന്‍ ദൈവവിശ്വാസിയായിരുന്നുവെന്ന പ്രചാരണം, അതു സത്യമാണെങ്കില്‍ കൂടി എന്തു വിലയും കൊടുത്ത് എതിര്‍ക്കും; അത് പ്രചരിപ്പിക്കുന്നവര്‍ നുണ പറയുകയാണെന്ന് പറയും - അത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ടാക്റ്റിക്സ് - നിലനില്പിന്റെ പ്രശ്നം. പിന്നെ പിണറായി ബിഷപ്പിനെ വിശേഷിപ്പിച്ച നികൃഷ്ടജീവി പ്രയോഗം അണികളെ ആവേശം കൊള്ളിക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണേണ്ടതുള്ളൂ. ഇതിനു മുന്‍പും പിണറായിയില്‍ നിന്ന് ഇത്തരം പല പ്രയോഗങ്ങളും ഉണ്ടായിട്ടുള്ള സ്ഥിതിക്ക് ഇതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ഇനി ചിറ്റിലപ്പള്ളി ബിഷപ്പിന്റെ പ്രസ്താവനയിലേക്ക്. സര്‍ക്കാരിനെതിരെ സ്വാശ്രയപ്രശ്നത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ സംയുക്തമായി നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണസമ്മേളനത്തിലാണ് ബിഷപ്പ് ഇങ്ങനെയൊരു വിവാദ പ്രസ്താവന നടത്തിയത്. ബിഷപ്പിനേക്കൊണ്ട് ഇത് പറയിപ്പിച്ച ചേതോവികാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയിട്ടുണ്ടെന്നു തന്നെ കരുതുക - അതിങ്ങനെ വിളിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നോ? ഇക്കണക്കിനുപോയാല്‍ അച്ചന്മാര്‍ കുമ്പസാര രഹസ്യങ്ങള്‍ വരെ വിളിച്ചു പറയുന്ന കാലം വിദൂരത്തല്ല എന്നു തോന്നിപ്പോകുന്നു. മത്തായി ചാക്കോ മരിച്ച് മാസങ്ങള്‍ക്കു ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പിതാവിനെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, അതിലൂടെയുള്ള മുതലെടുപ്പു തന്നെ. തങ്ങളുടെ ഒരു MLA വിശ്വാസിയായിരുന്നു എന്നറിയുമ്പോള്‍ ഭരണ നേതൃത്വത്തിനുണ്ടാവുന്ന അങ്കലാപ്പും, അതുവഴി സ്വാശ്രയ പ്രശ്നത്തിലുള്ള സമവായമുമായിരുന്നിരിക്കണം ബിഷപ്പ് ലക്ഷ്യമിട്ടത്. അതോ, എത്ര വലിയ കമ്യൂണിസ്റ്റുകാരനായാലും നീയൊക്കെ അവസാനം ഞങ്ങളുടെയടുത്തു തന്നെ വരും എന്നൊരു ഭീക്ഷണിയോ?

എന്തായാലും പിണറായിയുടെ പ്രസ്താവന വന്നതോടെ വിവാദങ്ങള്‍ക്കായി കാത്തിരിക്കുന്ന ചാനലുകാര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു. മത്തായി ചാക്കോയുടെ സഹോദരന്‍ അന്ത്യകൂദാശ നടന്നിട്ടില്ല എന്നു പറയുന്നത് ജനങ്ങള്‍ ചാനലുകളില്‍ നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ ഭാര്യ, താന്‍ അവസാനം വരെ മത്തായി ചാക്കോ ജീവിതത്തിലേക്ക് മടങ്ങി വരും എന്നാണ് കരുതിയിരുന്നതെന്നും, അതുകൊണ്ട് അന്ത്യകൂദാശയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അറിയിച്ചു.
ബിഷപ്പിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ അന്ത്യകൂദാശ നല്‍കിയെന്ന് അവകാശപ്പെടുന്ന ഫാദര്‍ ജോസ് കോട്ടയില്‍ പറഞ്ഞത് ആ സമയത്ത് ഒരു ഡോക്ടറും ഒരു നേഴ്സും മാത്രമേ ആശൂപത്രി മുറിയിലുണ്ടായിരുന്നുള്ളൂ എന്നും ആ സമയത്ത് മത്തായി ചാക്കോയ്ക്ക് സ്വബോധമുണ്ടായിരുന്നോ എന്ന് അറിയില്ല എന്നുമാണ്.

ഇങ്ങനെ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെ കൈരളി ടി വി പുറത്തുവിട്ട ബിഷപ്പിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെട്ട പ്രസംഗത്തിന്റെ വീഡിയോ ചിത്രങ്ങള്‍ കണ്ട് വിശ്വാസികള്‍ അവിശ്വാസികളായി മാറിയെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനില്ല. പ്രസംഗത്തില്‍ ബിഷപ്പ് പറയുന്നത് മത്തായി ചാക്കോ തന്നെ ഫോണില്‍ വിളിച്ച് കൂദാശ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും സ്വബോധത്തോടെ അദ്ദേഹം കൂദാശ സ്വീകരിച്ചുവെന്നുമാണ്. എന്നാല്‍ പിണറായിയുടെ പരാമര്‍ശം വന്നശേഷം ബിഷപ്പ് പറഞ്ഞത്, മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു. ബിഷപ്പ് ഇക്കാര്യത്തിലെങ്കിലും കള്ളം പറഞ്ഞു എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവ് ആവശ്യമില്ല.

കള്ളം പറയുന്നത് പാപമാണെന്നു പഠിപ്പിക്കുകയും, കുമ്പസാരത്തില്‍ വിശ്വാസികളുടെ പാപങ്ങള്‍ കേട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന, താമരശ്ശേരി രൂപതയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ആത്മീയ നേതാവായ ഒരാള്‍ ചെറുതെങ്കിലും ഇത്തരമൊരു കളവു പറയാന്‍ പാടില്ലായിരുന്നു. പിണറായി സഭയോടല്ല, മറിച്ച് ബിഷപ്പ് വിശ്വാസികളോടും മത്തായി ചാക്കോയുടെ കുടുംബാംഗങ്ങളോടുമാണ് മാപ്പു പറയേണ്ടത്. ഇതിന്റെ പേരില്‍ സഭ ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമര പരിപാടികള്‍ വെറും പ്രഹസനമാണെന്ന് ഓരോ ക്രിസ്ത്യാനിയും തിരിച്ചറിയണം.

പിണറായിയുടെ പദപ്രയോഗമാണോ സഭയെ ഇത്രയധികം ചൊടിപ്പിച്ചത്? ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ മനുഷ്യനായി അവതരിച്ച് ക്രൂശിക്കപ്പെട്ട് മരിച്ച യേശു നാഥന്‍ സഹിച്ച നിന്ദകളും ശാരീരിക പീഢനങ്ങളും സഭാമേലദ്ധ്യക്ഷന്മാര്‍ മറന്നു പോയോ? യേശുക്രിസ്തുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമികളായ നിങ്ങള്‍ക്ക് പിണറായിയുടെ ഈ ചെറിയ അവഹേളനം പോലും സഹിക്കാനുള്ള ശക്തിയില്ലേ?

കുതന്ത്രങ്ങള്‍ മെനയാനും വിശ്വാസത്തേയും വിശ്വാസികളേയും ലേലം ചെയ്തു വിറ്റു നേട്ടങ്ങളുണ്ടാക്കാനും തങ്ങളും മോശക്കാരല്ല എന്ന് സഭാ മേലദ്ധ്യക്ഷന്മാരും ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

8 comments:

Anonymous said...

very good Jim. This is exactly what we shud ask all bishops!

കിരണ്‍ തോമസ് തോമ്പില്‍ said...

ജിം ഇന്ന് പിണറായി വളരെ പ്രൊഫഷണലായി നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടോ ബിഷപ്പിന്റെ പ്രസംഗത്തിന്റെ സി.ഡിയും ബിഷപ്പിന്റെ വക്കീല്‍ നോട്ടീസിന്റെ മറുപടിയും വച്ച് നടത്തിയ വാര്‍ത്ത സമ്മേളനന്ത്തില്‍ പുള്ളി പറഞ്ഞത് പച്ചക്കള്ളം എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട് പക്ഷേ വിശുദ്ധ കള്ളം എന്നു ഒന്നുണ്ടെന്ന് എനിക്കറ്യില്ലാ എന്ന്

vimathan said...

"പിണറായി സഭയോടല്ല, മറിച്ച് ബിഷപ്പ് വിശ്വാസികളോടും മത്തായി ചാക്കോയുടെ കുടുംബാംഗങ്ങളോടുമാണ് മാപ്പു പറയേണ്ടത്. ഇതിന്റെ പേരില്‍ സഭ ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമര പരിപാടികള്‍ വെറും പ്രഹസനമാണെന്ന് ഓരോ ക്രിസ്ത്യാനിയും തിരിച്ചറിയണം." പൂര്‍ണ്ണമായും യോജിക്കുന്നു.

Unknown said...

ജിം , വളരെ വസ്തുനിഷ്ടമായ വിശകലനം !
തികച്ചും യോജിക്കുന്നു . ഇങ്ങിനെയുള്ള പ്രതികരണങ്ങള്‍ ബ്ലോഗില്‍ ഉണ്ടാകുന്നത് ബ്ലോഗിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും !
ആശംസകള്‍ !!

മൂര്‍ത്തി said...

വിദ്ധ്യാര്‍ത്ഥി രാഷ്ട്രീയത്തിനും സമരതിനും എതിരെ സംസാരിക്കുന്നവര്‍ തന്നെ വിദ്ധ്യാര്‍ത്ഥികളുമായി പ്രത്യേകിച്ച് ബന്ധമില്ലാത്ത കാര്യത്തിനു പള്ളിക്കൂടങ്ങള്‍ അടച്ചിടുന്നത് മറ്റൊരു വൈരുദ്ധ്യം..

ജിം said...

"ചാക്കോയോ മക്കളോ ഞാനോ അന്ത്യകൂദാശ നല്‍കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്" - ചാക്കോയുടെ ഭാര്യ മേഴ്സി പറഞ്ഞതായി ദീപികയില്‍ വന്ന വാര്‍ത്തയാണിത്. താന്‍ വിശ്വാസിയാണെന്നു ചാക്കോ പറഞ്ഞിരുന്നെന്ന ജേക്കബ് തൂങ്കുഴിയുടെ വാദം ശരിയല്ലെന്നും, തികഞ്ഞ കമ്യൂണിസ്റ്റുകാരനായി അന്ത്യം വരെ ജീവിച്ച ചാക്കോയെ മതവിശ്വാസിയായി ചിത്രീകരിച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് മേഴ്സി ചാക്കോ ആവശ്യപ്പെട്ടതായും വാര്‍ത്തയില്‍ പറയുന്നു. ദീപിക വാര്‍ത്ത ഇവിടെ വായിക്കുക

ഒരു കള്ളം പറഞ്ഞാല്‍ അതു മറയ്ക്കാന്‍ ആയിരം കള്ളങ്ങള്‍ വേറേ പറയേണ്ടി വരുമെന്നു കുട്ടികളെ ഉദാഹരണ സഹിതം പഠിപ്പിക്കാന്‍ ഈ സംഭവം സഭ സണ്‍ഡേ സ്കൂളിലെ വേദപാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്നു തോന്നുന്നു.

ജിം said...

മുകളില്‍ കൊടുത്ത ദീപികയുടെ ലിങ്ക് ഇപ്പോള്‍ കാണുന്നില്ല.
വായിക്കാത്തവര്‍ക്കായി ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്സ് ഇവിടെ :1        2

ജിം said...

ബിഷപ്പ് കള്ളം പറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ സഭ പുറത്തുവിടുമെന്നു പറഞ്ഞ വീഡിയോ ആരെങ്കിലും കണ്ടോ? അതു പുറത്തിറങ്ങിയോ?