Friday, July 20, 2007

ഉമ്മന്‍ ചാണ്ടിയുടെ ജനസേവനം

ഇന്ന് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ വയനാട് സന്ദര്‍ശനവും, അതിനുശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനവും കാണിച്ചു. വയനാട്ടിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതിയാലും കൃഷി നാശത്താലും കഷ്ടപ്പെടുന്നെന്നും, അവര്‍ക്കിതുവരെ യാതൊരു വിധ ദുരിതാശ്വാസവും ലഭിച്ചിട്ടില്ല എന്നും, ഇത് സര്‍ക്കാറിന്റെ അലംഭാവമാണെന്നും വികാരഭരിതനായി അദ്ദേഹം പറയുന്നതു കണ്ടു.

ഉമ്മന്‍ ചാണ്ടി പറഞ്ഞത് കാര്യം. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കില്‍ അവിടെ ജനങ്ങളുടെ വക്താവാകുകയെന്നത് ഒരു ജനസേവകന്റെ കടമയാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ടതു തന്നെയാണ് അദ്ദേഹം ചെയ്തത്.

പക്ഷെ, ഒരു ചെറിയ സംശയം.
പ്രതിപക്ഷത്തിരിക്കുമ്പോള്‍, ഭരണ കഷിയുടെ പോരായ്മകള്‍ എടുത്തു പറഞ്ഞു കുറ്റപ്പെടുത്താന്‍ മാത്രം കാണിക്കേണ്ടതാണോ ഈ ജനസ്നേഹം?

ഇതിനേക്കാളൊക്കെ പതിന്മടങ്ങു വലിയ ഒരു പ്രകൃതിക്ഷോഭമുണ്ടായി 2004 ല്‍. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 26 ന്. എന്റെ അറിവു ശരിയാണെങ്കില്‍ -കേരളം കണ്ട ഏറ്റവും വലിയ ദുരന്തം - സുനാമി. അന്ന് സുനാമിത്തിരകളില്‍ നമുക്ക് നഷ്ടമായത് 130 ഓളം ജീവന്‍, ആയിരക്കണക്കിന് വീടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍. ആലപ്പുഴയിലും കൊല്ലത്തും തീരദേശങ്ങളില്‍ താമസിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നുമില്ലാത്തവരായി മാറി.


അന്നും നമുക്കിവിടെ ഒരു സര്‍ക്കാറുണ്ടായിരുന്നു. മുഖ്യന്‍ ഇന്നത്തെ പ്രതിപക്ഷ നേതാവു തന്നെ-ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസത്തിന് പണം സമാഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടായി. അതിലേക്ക് നാട്ടില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് പണവുമത്തി. ഔദ്യോതിക കണക്കുകള്‍ പ്രകാരം ഏകദേശം 40 കോടി രൂപ. പക്ഷേ, ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രം എങ്ങുമത്തിയില്ല.

അന്നു സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്കു നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം. പുതിയ വല, ബോട്ട്, പാര്‍പ്പിടം, കിലോമീറ്ററുകളോളം കടല്‍ഭിത്തി. ഒന്നും നടന്നില്ല. അഴീക്കലും ആലപ്പാട്ടും സര്‍ക്കാര്‍ ഇവര്‍ക്കായി ഇരുമ്പു ഷീറ്റുകള്‍ കൊണ്ട് ഓരോ വലിയ ഷെഡ്ഡുകള്‍ ഉണ്ടാക്കി. പുതിയ വീടുകള്‍ ഇന്നു വരും നാളെ വരും എന്ന് സ്വപ്നം കണ്ട് ഈ പാവങ്ങള്‍, കടല്‍ കൊണ്ടുപോകാന്‍ മറന്ന ചട്ടിയും കലവും പെറുക്കി അവിടേക്കു പോയി. ഈ കാത്തിരിപ്പ് ഇന്നും തുടരുന്നു.

ദുരിതാശ്വാസത്തിന്റെ ഭാഗമായി, സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധി പോലെ പല സംഘടനകളും ധനസമാഹരണം നടത്തി. മലയാള മനോരമയടക്കം പല പ്രസ്ഥാനങ്ങളും വീടുകള്‍ വെച്ചു നല്‍കി. സന്നദ്ധരായി വന്ന മറ്റു ചില സംഘടനകളെ സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഉദാഹരണത്തിന് അമൃതാനന്ദ മയീ മഠം. കേരളത്തിന് വേണ്ടാത്ത മഠത്തിന്റെ സഹായം തമിഴ് നാടും ശ്രീലങ്കയും ഇരു കൈയും നീട്ടി സ്വീകരിച്ചു. അവിടെ കുറേ പാവങ്ങള്‍ക്കെങ്കിലും വീടുകള്‍ കിട്ടി.

ഉമ്മന്‍ ചാണ്ടി നയിച്ച കേരള സര്‍ക്കാര്‍ ഒരു വീടുപോലും വെച്ചില്ല - ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അധികാരത്തില്‍ നിന്നിറങ്ങുന്നതു വരെ. അന്നത്തെ പ്രതിപക്ഷം സഭയില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഈ പണം വകമാറ്റി മറ്റു ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപയോഗിച്ചു എന്നാണത്രെ. ഇപ്പോള്‍ ഈ കേസ് കോടതിയിലാണെന്നാണ് അറിവ്. പക്ഷെ, എപ്പോഴത്തെയും പോലെ എങ്ങുമെത്താതെ പോകാനാണ് സാദ്ധ്യത.

മഴ പെയ്തപ്പോള്‍, ഉമ്മന്‍ ചാണ്ടി വയനാട്ടിലേക്കു പോയത് അവിടുത്തെ ജനങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടൊന്നുമല്ല, പുതിയ മേച്ചില്‍ പുറം തേടിയതാണെന്നു മാത്രം. സഹായിക്കാം എന്നു പറഞ്ഞ് കൊല്ലത്തേക്കോ, ആലപ്പുഴയിലേക്കോ ഇനി ചെല്ലാനാവില്ലല്ലോ!

ചുട്ടുപൊള്ളുന്ന വേനലില്‍, ഇരുമ്പു ഷീറ്റിനു കീഴേ രാവും പകലും മനസ്സും ശരീരവും ഉരുകിക്കഴിയുന്ന ആലപ്പാട്ടെ ആ പാവങ്ങളുടെ ദുരിതങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് അമൃത ടി വി യില്‍ വന്നതോര്‍ക്കുന്നു. ഈ പെരുമഴയില്‍ എന്തായിരിക്കും അവിടുത്തെ സ്ഥിതി എന്നോര്‍ത്ത് കണ്ണു നനയുന്നു!

4 comments:

മുക്കുവന്‍ said...

അല്ലാ മാഷെ, ചാണ്ടി പറഞ്ഞില്ലേല്‍ പിന്നെ ആരു പറയണം?

ഇവരുടെ കാര്യം ആരും പറയണ്ടാ‍ എന്നാണൊ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുനാമി ഫണ്ട്‌ വകമാറ്റി ചിലവഴിച്ച്തൊന്നും ആരുമറന്നാലും തീരദേശക്കരെങ്കിലും മറക്കില്ല. ഉമ്മന്‍ സാറിന്റേത്‌ മുതലക്കണ്ണീരാണെന്ന് കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാകും. ഇപ്പോഴത്തെ കാലവര്‍ഷക്കെടുതി എങ്ങനെ മുതലാക്കാമെന്നാണ്‌ നോട്ടം.കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി മാത്രമല്ല ഏറ്റവും മോശം പ്രതിപക്ഷനേതാവും താന്‍ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം.

ഉറുമ്പ്‌ /ANT said...

ഇതെഴുതിയതിന്, അഭിനന്ദനങള്‍.

മുക്കുവനോട്, ഉമ്മന്‍ ചാണ്ടി പറയണം, പറഞേ മതിയാകൂ, വയനാട്ടിലെ ദുരിതത്തിന്റെ കാര്യമല്ല, കടല്‍ കയറി, ചുട്ടുവച്ചതും സ്വപ്നംകണ്ടതും ഒരു ജീവിതകാലം മുഴുവന്‍ ഒരുകൂട്ടിയതും എല്ലാം ഒഴുക്കികൊണ്ടുപോയപ്പോള്‍ അലമുറയിട്ടു കരയാന്‍ മാത്രം കഴിഞവരുടെ കണ്ണീരുകണ്ടു മനമലിഞവര്‍ ഒരുകൂട്ടിയ സഹായധനം വകമാറി ചിലവഴിച്ച, വര്‍ഷങള്‍ കുടിശ്ശികയായ ലംസം ഗ്രന്ട് കുടിശ്ശിക കൊടുത്തു തീര്‍കാനും പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും ഉപയോഗിച്ച ആ യുക്തി ഭദ്രതക്കാണ്, ഊഊഊമ്മന്‍ ചണ്ടി മറുപടി മറുപടി പറയേണ്ടത്.

ഒരു അപേക്ഷയുണ്ട്, ആന്യന്‍റ്റെ അമ്മക്കു ഭ്രാന്തായാല്‍ അതു കാണാനും രസമാണ്. പക്ഷെ സ്വന്തം അമ്മക്കു ഭ്രാന്തായാല്‍ കണ്ടു ചിരിക്കാനാവില്ല. ദയവു ചെയ്ത്, താങ്കള്‍ മുക്കുവന്‍ എന്ന പേരു മാറ്റണം. താങ്കള്‍ ആ വര്‍ഗ്ഗത്തിനു തന്നെ അപമാനമാണ്.

മുക്കുവന്‍ said...

ഞാന്‍ ചാണ്ടിയുടെ ഒരു കിങ്കരനല്ലാ... ഇനി ബൂലോകം മൊത്തം കട്ടുകൊണ്ടിരിക്കുംബൊള്‍ ഒരു കള്ളന്‍ മറ്റൊരു കള്ളനോട് പറഞ്ഞതായിട്ടേ ഈയുള്ളവനു തോന്നിയുള്ളൂ.. അതിനു കാരണം ഇന്ന് എല്ലാവര്‍ക്കുമറിയാം എന്നാണു ഈ മുക്കുവന്റെ വിശ്വാസം.... പാര്‍ട്ടി മൂന്നാറില്‍ കട്ടു. മനോരമ, തിരുവനന്തപുരത്ത് കട്ടു.. പാവം മണ്ടന്‍ മുക്കുവന്‍ :)

പിന്നെ ഞങ്ങള്‍ കട്ടാല്‍ മിണ്ടരുത്. സമരങ്ങള്‍ ന്‍ ഞങ്ങള്‍ക്ക് സ്വന്തം എന്ന് വിചാരിക്കുന്ന ഉറുബിനോട് എതിര്‍ക്കാന്‍ ഞാനാളല്ലാ‍ാ...

എന്റെ കുലത്തൊഴില്‍ മാറ്റണം എന്ന് കല്‍പ്പിച്ച മിസ്റ്റര്‍ ഉറുബ് കുറച്ച് കൂടി മാന്യമായി സംസാരിച്ചാല്‍ ?