Sunday, July 08, 2007

കുടജാദ്രി

എം ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ വായിച്ചതു മുതല്‍ മനസ്സില്‍ കുടിയേറിയിരുന്നു, കുടജാദ്രി. അദ്ധ്യാപകന്റെയും വിദ്യാര്‍ത്ഥിനിയുടെയും സഫലീകരിക്കാത്ത പ്രേമവും, ജീവിതസായന്തനത്തില്‍ ഇരുവരും മൂകാംബികയില്‍ വെച്ച് കണ്ടുമുട്ടുന്നതുമാണ് ഇതിവൃത്തം. ഈ കഥ പിന്നീട് തീര്‍ത്ഥാടനം എന്ന പേരില്‍ സിനിമയായി. അതില്‍ എം ജെ രാധാകൃഷ്ണന്‍ ക്യാമറയില്‍ പകര്‍‍ത്തിയ കുടജാദ്രിയുടെ ദൃശ്യഭംഗികൂടിയായപ്പോള്‍ കുടജാദ്രി ഒരു അഭിനിവേശമായി മാറിക്കഴിഞ്ഞിരുന്നു.

മോഹം പറഞ്ഞപ്പോള്‍ ശങ്കരന്‍ കൂടെവരാന്‍ തയ്യാര്‍.

ഒരു തയ്യാറെടുപ്പും കൂടാതെയായിരുന്നു യാത്ര. ആകെ അറിയാവുന്നത് കൊല്ലൂരേക്ക് ബംഗ്ലൂരില്‍ നിന്ന് എല്ലാ ദിവസവും രാത്രി ഒമ്പതിന് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി യുടെ ബസ്സ് പുറപ്പെടുമെന്നായിരുന്നു. മറ്റെല്ലാം ദേവി മൂകാംബികയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച്, 2003 സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച രാത്രി ഞങ്ങള്‍ കൊല്ലൂരേക്ക് വണ്ടി കയറി.‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ആദ്യം പോകേണ്ടത്. അവിടെ ദര്‍ശനം കഴിഞ്ഞ് കുടജാദ്രി. ബസ്സിലിരുന്ന് ശങ്കരന്‍ മൂകാംബിക ദേവിയുടെ കഥ പറഞ്ഞു.

മൂകാസുരനെ വധിച്ച ആദി ശക്തി(പാര്‍വതി ദേവി) ഭക്തജനങ്ങള്‍ക്ക് ആരാധിക്കാനായി മൂകാംബിക എന്ന നാമത്തില്‍ സ്വയമേ കുടികൊണ്ടതാണ്(സ്വയംഭൂ) കുടജാദ്രിയില്‍. ശങ്കരാചാര്യര്‍ പിന്നീട് ഇവിടെയെത്തി ദേവിയെ കൊല്ലൂരില്‍ കൊണ്ടുവന്ന് അവിടെ മഹാലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ.

ഉണരുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ബസ് അപ്പോള്‍ ഒരു മലയിറങ്ങുകയായിരുന്നു. ചുറ്റും കനത്ത കാട്. നിട്ടൂര്‍ ആയിരുന്നു സ്ഥലം. ഈ സ്ഥലത്തുനിന്നാണ് കുടജാദ്രിയിലേക്കുള്ള വാഹനങ്ങള്‍ തിരിയേണ്ടത്. ദേവി മൂകാംബികയെ തൊഴുത ശേഷം കുടജാദ്രിയിലേക്ക് കാട്ടിലൂടെ നടക്കാനായിരുന്നൂ ഞങ്ങളുടെ പ്ലാന്‍.

കൊല്ലൂരില്‍ ബസ്സിറങ്ങി ആദ്യം കണ്ട അന്നപൂര്‍ണ്ണ ഹോട്ടലില്‍ മുറിയെടുത്തു. വേഗം കുളിച്ച്, വസ്ത്രം മാറി ക്ഷേത്രത്തിലേക്കു പോയി. ഞങ്ങള്‍ എത്തിയപ്പോഴേക്കും നിര്‍മ്മാല്യം കഴിഞ്ഞിരുന്നു. ശങ്കരനൊപ്പം ക്ഷേത്രം വലം വെച്ച്, സര്‍വൈശ്വര്യദായിനിയായ മൂകാംബികയെ തൊഴുതു. ഭക്തരില്‍ കൂടുതലും മലയാളികളാണെന്നു തോന്നി-എങ്ങും മലയാളം കേള്‍ക്കാമായിരുന്നു. നവരാത്രി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ പലയിടത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. സരസ്വതി മണ്ടപം ശങ്കരന്‍ കാണിച്ചു തന്നു. ഇവിടെയിരുന്നാണ് നവരാത്രി നാളില്‍ യേശുദാസും മറ്റും പാടുന്നത്. അന്നും പലരും അവിടെ പാടുകയും, വിവിധ വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ അതു കണ്ടുനിന്നു. ഉപപ്രതിഷ്ഠകളും തൊഴുത് ഞങ്ങള്‍ മുറിയിലേക്കു മടങ്ങി.

റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ സൗപര്‍ണ്ണികയിലേക്കു പോയി. കുടജാദ്രിയില്‍ ഉദ്ഭവിച്ച്,മൂകാംബിക ദേവി ക്ഷേത്രത്തെ തുഴുകിയൊഴുകുന്ന പുണ്യ നദിയാണ് സൗപര്‍ണ്ണിക. കുടജാദ്രി മലയിലെ ഔഷധ സസ്യങ്ങളെ തഴുകിവരുന്ന സൗപര്‍ണ്ണികാതീര്‍ത്ഥം സര്‍വ്വരോഗ സംഹാരിയാണ് എന്നു പറയപ്പെടുന്നു. ഭരതം സിനിമയില്‍ മോഹന്‍ലാല്‍ മൂകാംബികയെക്കുറിച്ച് പാടുന്ന "സൗപര്‍ണ്ണികാമൃത വീചികള്‍ പാടും..നിന്റെ സഹസ്ര നാമങ്ങള്‍.." എന്ന ഗാനമായിരുന്നു നടക്കുമ്പോള്‍ മനസ്സുനിറയെ, പിന്നെ ഒരുപാടാഗ്രഹിച്ചതെന്തോ കാണാന്‍ പോകുന്നതിന്റെ ഒരു പിടച്ചിലും.

സ്വച്ഛമായി ഒഴുകുന്ന ഒരു കൊച്ചരുവിയായിരുന്നു ഞാന്‍ കണ്ട സൗപര്‍ണ്ണിക. തെളിനീര്‍. കുളിക്കാന്‍ പടവുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നു. പുഴയ്ക്ക് അവിടെ ആഴവും, ഒഴുക്കും കുറവായിരുന്നു-ഭക്തര്‍ക്ക് ദേഹശുദ്ധിവരുത്താന്‍ വേണ്ടിയെന്നപോലെ. തണുത്ത ജലം, ചുറ്റിലും പൂമരങ്ങള്‍, മന്ദമാരുതന്‍-മനസ്സിനും ശരീരത്തിനും കുളിര്‍മ്മ പകരുന്നതായിരുന്നു സൗപര്‍‍ണ്ണികയിലെ ആ കുളി. സമയം പോയതറിഞ്ഞില്ല. എത്ര കുളിച്ചിട്ടും മതിയാവാത്ത പോലെ. ഒടുവില്‍, ശങ്കരന്‍ വസ്ത്രം മാറി തിരിച്ചു നടന്നു തുടങ്ങിയ ശേഷമാണ്, ഞാന്‍ കരയ്ക്കു കയറിയത് - മനസ്സില്ലാ മനസ്സോടെ. ഇത്ര വേഗം മടങ്ങുകയാണോ എന്ന് സൗപര്‍ണ്ണികയിലെ ഓളങ്ങള്‍ എന്നോടു ചോദിക്കും പോലെ.

കൊല്ലൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുടജാദ്രിയിലേക്കു പോകാനുള്ള വഴിയന്വേഷിച്ചു. കൊലൂര് നിന്നും ജീപ്പുണ്ട്. 1500 രൂപക്ക് മല കയറ്റിയിറക്കും. ദൂരം 36 കിലോമീറ്റര്‍. നടന്നും പോകാം. കരഗട്ടെ എന്ന സ്ഥലം വരെ ബസ്സില്‍ പോയി അവിടെ നിന്ന് കാട്ടിലൂടെ 18 കിലോമീറ്റര്‍ നടക്കണം. കാശുചെലവില്ല എന്നു മാത്രമല്ല, കാഴ്ചകള്‍ കാണാം, വേണമെങ്കില്‍ രാത്രി അവിടെ താമസിക്കുകയും ചെയ്യാം. ജീപ്പിനു പോയാല്‍ അവര്‍ക്കൊപ്പം തിരിച്ചിറങ്ങണം. താമസിക്കാമെന്നു വെച്ചാല്‍ പിറ്റേദിവസം തിരിച്ചിറക്കാന്‍ 1500 വേറെ കൊടുക്കണം.

കരഗട്ടെയില്‍ ബസ്സിറങ്ങി, ഞങ്ങള്‍ കുടജാദ്രിയിലേക്ക് നടന്നു തുടങ്ങി. കുറേ ദൂരം ഒരുവിധം വീതിയുള്ള വഴിയുണ്ടായിരുന്നു, പക്ഷെ വാഹനങ്ങളൊന്നും കണ്ടില്ല. അങ്ങകലെ ഞങ്ങള്‍ക്കെത്തേണ്ട കുടജാദ്രിയുടെ ഗിരിശൃംഗങ്ങള്‍ കാണാമായിരുന്നു. തളരുമ്പോള്‍ അല്പം വിശ്രമിച്ചും, കൈയില്‍ കരുതിയ വെള്ളം കുടിച്ചും ഞങ്ങള്‍ ഏകദേശം 2 മണിക്കൂറോളം നടന്നു. ഇടക്കു വെച്ച് വഴി രണ്ടായി പിരിയുന്നു. കന്നഡയില്‍ അവിടെ ഒരു ബോര്‍ഡും ഉണ്ടായിരുന്നു. ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന ആരോ ചൂണ്ടുന്ന ദിശയിലായിരിക്കണം കുടജാദ്രി എന്നൂഹിച്ച് ആ വഴി നടന്നു. അല്പം നടന്നപ്പോള്‍ ഇടതുവശത്തായി ഒരു ഹോട്ടല്‍. ഈ കാട്ടിലും ഹോട്ടലോ എന്നദ്ഭുതപ്പെടുമ്പോഴേക്കും മലയാളത്തില്‍ കുശലാന്വേഷണം. ആലപ്പുഴക്കാരന്‍ തങ്കപ്പന്‍ നായരാണ് കട നടത്തുന്നത്. ആ സ്ഥലത്തിന്റെ പേര് വല്ലൂര്‍. ചായ സമയമായിട്ടില്ല. ഞങ്ങള്‍ക്ക് വഴി തെറ്റിയിട്ടില്ല. കുടജാദ്രിയിലേക്കുള്ള യഥാര്‍‍ത്ഥ കയറ്റം തുടങ്ങുന്നത് അവിടെ നിന്നാണത്രെ. അവിടെ നിന്നും ഏകദേശം 8 കിലോമീറ്റര്‍. എം ടി യെക്കുറിച്ചും തീര്‍ത്ഥാടനം സിനിമയേപ്പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഷൂട്ടിംഗിനു മുന്‍പ് ഒരു തവണ എം ടി അതുവഴി വന്നിരുന്നുവെന്നും, പിന്നീട് അസൗകര്യം നിമിത്തം സിനിമയില്‍ ജീപ്പില്‍ കുടജാദ്രിയിലേക്കു പോകുന്നതായി ചിത്രീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊറോട്ടയും സാമ്പാറും കഴിച്ച് കൈയിലുണ്ടായിരുന്ന ബോട്ടിലില്‍ മലയിടുക്കില്‍ നിന്ന് ഹോസിലൂടെ ഒഴുകിയെത്തുന്ന തണുത്ത വെള്ളവും നിറച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

തങ്കപ്പന്‍ നായര്‍ പറഞ്ഞതിനേക്കാള്‍ കഠിനമായിരുന്നു പിന്നീടുള്ള യാത്ര. കുത്തനെയുള്ള കയറ്റം, ഒറ്റയടിപ്പാത, വഴുക്കലുള്ള പാറകള്‍, എത്ര പറിച്ചെറിഞ്ഞാലും ഷൂവിനിടയിലൂടെ കാലിലേക്ക് കുത്തിയിറങ്ങുന്ന അട്ടകള്‍. അട്ടകളെ പേടിച്ച് വിശ്രമം പോലും വേണ്ടെന്നു വെച്ച് നടക്കേണ്ടി വന്നു. ഞങ്ങള്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് സംരക്ഷിത വനമേഖലയായ മൂകാംബിക നാഷണല്‍ പാര്‍ക്കിലൂടെയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ പുല്‍മേടുകളായി. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കുത്തനെയുള്ള പച്ചപ്പ്. ഒരു പരുന്ത് കുറെ നേരം ഞങ്ങള്‍ക്കു മുകളില്‍ വട്ടമിട്ടു പറന്നു. ആ പുല്‍മേടുകളും പരുന്തും നല്‍കിയ വ്യൂ പകര്‍ത്താന്‍ ഒരു ക്യാമറ അന്നില്ലാതെപോയതിന്റെ ദു:ഖം ഇന്നും മാറിയിട്ടില്ല.

വല്ലൂരില്‍ നിന്നു വീണ്ടും ഏകദേശം രണ്ടു മണിക്കൂറോളം നടക്കേണ്ടി വന്നു ഞങ്ങള്‍ക്ക് മൂലമൂകാംബിക ക്ഷേത്ര സമുച്ചയത്തിലെത്താന്‍. മൂലമൂകാംബിക എന്നറിയപ്പെടുന്ന ആദിശക്തി(ഉമ-പാര്‍വതി) യാണ് പ്രധാന പ്രതിഷ്ഠ. താമസ സൗകര്യത്തിനായി കെ എസ് റ്റി ഡി സി യുടെ ഒരു ചെറിയ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ മുറികള്‍ ഒഴിവുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജാരിയുടെ (അഡിഗ) വീട്ടില്‍ താമസിക്കാന്‍ പറ്റിയേക്കുമെന്ന് ഗസ്റ്റ് ഹൗസിന്റെ വാച്മാനാണ് പറഞ്ഞത്. അന്വേഷിച്ചപ്പോള്‍ അവിടെ ഒരു മുറി തരാമെന്നു സമ്മതിച്ചു. ഭക്ഷണവും അവര്‍ തരും. തീരെ ചെറിയ ഒരു തുക കൊടുത്താല്‍ മതി.

ബാഗ് മുറിയിലെടുത്തു വെച്ച്, അഡിഗയുടെ ഭാര്യ തന്ന ചായ കുടിച്ച്, അവര്‍ പറഞ്ഞതനുസരിച്ച് ഇരുട്ടും മുന്‍പ് ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേക്കു പോയി. വഴിയില്‍ ഗണേശ ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹയും, അഗസ്ത്യ തീര്‍ത്ഥം എന്ന ചെറിയൊരു ജലധാരയും കണ്ടു. ഔഷധ ഗുണമുള്ളതാണത്രെ ഈ ജലം. ഞാന്‍ ഒരല്പം കൈക്കുമ്പിളിലെടുത്ത് കുടിച്ചു.

ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മണ്ടപമാണ് സര്‍വജ്ഞപീഠം. ഈ പുരാതന ക്ഷേത്രത്തിലാണത്രെ ശങ്കരാചാര്യര്‍ ദേവിയുടെ മൂലപ്രതിഷ്ഠ നടത്തിയത്. ശങ്കരപീഠമന്നും ഇതറിയപ്പെടുന്നു. ഒരു കുന്നിന്റെ നെറുകയിലാണ് സര്‍വജ്ഞപീഠം. ഇവിടെനിന്ന് കുന്നിറങ്ങി മറുവശത്തേക്ക് നടന്നാല്‍ പുരാതനമായ ചിത്രമൂല ഗുഹയിലെത്താം. പുരാണങ്ങളില്‍ പറയുന്ന കോലമഹര്‍ഷിയും, പിന്നീട് ശങ്കരാചാര്യരും തപസ്സനുഷ്ഠിച്ചത് ഇവിടെയാണ്. അപ്പോഴും അവിടെ ഒരു സന്യാസി തപസ്സു ചെയ്യുന്നുണ്ടെന്നാണ് ശങ്കരപീഠത്തില്‍ കണ്ട ആളുകള്‍ പറഞ്ഞത്. ചുറ്റും കാട്. ഇടക്കിടെ വഴുക്കലുള്ള പാറകള്‍. കീഴ്ക്കാംതൂകായ ഇറക്കം. മരങ്ങളുടെ വേരുകളില്‍ പിടിച്ചായിരുന്നു താഴേക്കിറങ്ങിയത്. എത്ര ദൂരം അങ്ങനെ പോയെന്നറിയില്ല. കുറെ ദൂരം ചെന്നപ്പോള്‍, പാറയിടുക്കില്‍ അല്പം ഉയരത്തില്‍ ചെത്തിയുണ്ടാക്കിയ ആ ഗുഹ ദൂരെ നിന്ന് ഞങ്ങള്‍ കണ്ടു. മുകളിലേക്ക് കയറാന്‍ രണ്ടു മരക്കഷ്ണങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ ഗോവണിയും. ഇനി തിരിച്ചു പോകാമെന്നായി ശങ്കരന്‍. ഇത്ര ദൂരം വന്ന സ്ഥിതിക്ക് സന്യാസിയെ കാണാതെ മടങ്ങാന്‍ മനസ്സനുവദിച്ചില്ല. ശങ്കരന്‍ താഴെ നിന്നു. കുറച്ച് പേടിയോടെയാണെങ്കിലും ഞാന്‍ മുകളിലേക്കു കയറി. ഒരു കമണ്ടലുവും, കുറെ പൂജാസാധനങ്ങളുമല്ലാതെ സന്യാസിയെ കാണാന്‍ പറ്റിയില്ല. അദ്ദേഹം കുളിക്കാനോ മറ്റോ പോയതായിരിക്കുമെന്നൂഹിച്ചു‍. കുറച്ചു നേരം അവിടെ നിന്ന്, തിരിച്ച് മലകയറി ശങ്കരപീഠത്തിനടുത്തെത്തിയപ്പോഴേക്കും ചുറ്റും ഇരുട്ടു കനത്തിരുന്നു. കുറച്ചു മലയാളികള്‍ അവിടെയുണ്ടായിരുന്നു. അവരോടു സംസാരിച്ച് അല്പ സമയം കൂടി ശങ്കരപീഠത്തിനടുത്തിരുന്ന് ഞങ്ങള്‍ അഡിഗയുടെ വീട്ടിലേക്കു തിരിച്ചു പോയി.

കുളിച്ചു വന്ന ശേഷം അഡിഗ ഞങ്ങള്‍ക്കുവേണ്ടി ദേവീ വിഗ്രഹത്തില്‍ പ്രത്യേകം പുഷ്പാര്‍ച്ചന നടത്തി.
പിറ്റേന്നു രാവിലെ മടങ്ങാനായിരുന്നു പ്ലാന്‍. 18 കിലോമീറ്റര്‍ തിരിച്ചു നടക്കാന്‍ തോന്നിയില്ല. രാവിലെ സന്ദര്‍ശകരേയും കൊണ്ട് ഏതെങ്കിലും ജീപ്പ് വരുമെന്നും അതില്‍ മടങ്ങാമെന്നും അഡിഗ പറഞ്ഞു.

രാവിലെ കുളിച്ച്, ദര്‍ശനം നടത്തി, ഭക്ഷണം കഴിച്ച് ഞങ്ങള്‍ വാഹനം പ്രതീക്ഷിച്ചിരിപ്പു തുടങ്ങി. 9 മണിയായിട്ടും ഒന്നും വരുന്ന ലക്ഷണം കണ്ടില്ല. അവസാനം ജീപ്പ് വരുന്ന വഴിയിലൂടെ തിരിച്ചു നടക്കാമെന്നു തീരുമാനിച്ചു. അഥവ ഏതെങ്കിലും വാഹനം വരുകയാണെങ്കില്‍ അതില്‍ കയറാമല്ലൊ. അഡിഗയോടും, കുടുംബത്തോടും നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ചു നടന്നു. ഇടക്ക് ഒന്നുരണ്ടു ജീപ്പുകള്‍ ആളുകളേയും കൊണ്ട് ക്ഷേത്രത്തിലേക്കു പോകുന്നതു കണ്ടെങ്കിലും ഒന്നും മടങ്ങി വന്നില്ല. ഈ ദൂരമത്രയും ഞങ്ങളെ നടന്നത്തണമെന്നു തന്നെയായിരുന്നിരിക്കണം ദേവിയുടെ അഭീഷ്ടം.

നഗോഡിയിലെത്തിയപ്പോള്‍ ഉഡുപ്പിയിലേക്ക് ഒരു ഓട്ടോ കിട്ടി. അപ്പോഴേക്കും ഏകദേശം 20 കിലോമീറ്ററോളം ഞങ്ങള്‍ പിന്നിട്ടിരുന്നു. നടന്നു തളര്‍ന്നുവെങ്കിലും പ്രകൃതിയുടെ മനോഹാരിത ആവോളം ആസ്വദിച്ച മറ്റൊരു യാത്ര ഇന്നോളം വേറെ ഉണ്ടായിട്ടില്ല.

ഉഡുപ്പിയില്‍ വന്ന് മംഗലാപുരത്തേക്കും അവിടെ നിന്ന് രാത്രി ബാംഗ്ലൂരേക്കും ഞങ്ങള്‍ വണ്ടി കയറി.

No comments: