Wednesday, July 18, 2007

നവോദയ ചരിതം

ക്ലാസ്സ് ടൈം ടേബിളില്‍ കുളിക്കാന്‍ ഒരു പീര്യഡ്, ഒരു പക്ഷേ നവോദയ വിദ്യാലയങ്ങളിലേ ഉണ്ടായിരിക്കൂ. അതും പഴയകാല നവോദയ വിദ്യാലയങ്ങളില്‍.

വടകരക്കടുത്ത് പാലയാട് നട എന്ന ഗ്രാമത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച ആശ്വാസ കേന്ദ്രത്തിലാണ് അന്നത്തെ കോഴിക്കോട് നവോദയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാലോ അഞ്ചോ വലിയ ഹാളുകളായിരുന്നു ആശ്വാസ കേന്ദ്രം. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളും മുപ്പതോളം അദ്ധ്യാപകരും താമസിച്ചിരുന്നതും, ക്ലാസ്സുകള്‍ നടത്തിയിരുന്നതും ഈ പരിമിതമായ സൗകര്യങ്ങളിലാണ്. ജലക്ഷാമമായിരുന്നു അന്നത്തെ വലിയൊരു പ്രശ്നം. പൈപ്പില്‍ വല്ലപ്പോഴുമേ വെള്ളം വന്നിരുന്നുള്ളു. പിന്നെയുള്ള ജലസ്രോതസ്സ് ഒരു കുഴല്‍ക്കിണറാണ്. അതും മിക്കപ്പോഴും പണിമുടക്കും, അതുമല്ലെങ്കില്‍ ഇരുമ്പു ചുവയുള്ള ചെളി കലങ്ങിയ വെള്ളം തരും. എന്നാലും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നീണ്ട നിര എന്നും അതിനടുത്തുണ്ടാകുമായിരുന്നു.

വേനല്‍ക്കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ പുറത്തുനിന്ന് വണ്ടിയില്‍ വെള്ളം കൊണ്ടുവന്ന് മെയിന്‍ ടാങ്കിലടിക്കും. അതു പക്ഷെ, മെസ്സ് ആവശ്യങ്ങള്‍ക്കു പോലും തികയാത്ത സ്ഥിതിയായിരുന്നു. കുളിയെ ദിനചര്യയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നു പലര്‍ക്കും. വരട്ടു ചൊറി പോലെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. അങ്ങനെയാണ് എല്ലാവരേയും എല്ലാ ദിവസവും കുളിപ്പിക്കാന്‍ ഒരു പീര്യഡ് മാറ്റിവെച്ചു തുടങ്ങിയത്. എല്ലാ ബാച്ചിനും ദിവസത്തില്‍ ഒരു തവണ കുളി പീര്യഡ്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ആ പീര്യഡില്‍ ചാര്‍ജ്ജുള്ള ഒരു സാറും ടീച്ചറും എവിടെയെങ്കിലും കൊണ്ടുപോയി കുളിപ്പിച്ചു കൊണ്ടുവരണം. അതു ചിലപ്പോള്‍ ടാങ്കറില്‍ വെള്ളമെത്തിച്ചായിരിക്കും, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കൊണ്ടുപോയി, അതുമല്ലെങ്കില്‍ അടുത്തുള്ള പുഴയിലോ കുളത്തിലോ അങ്ങനെ എവിടെയെങ്കിലും.

അങ്ങനെയൊരു കുളിപ്പീര്യഡിലാണ് ഇബ്രാഹിം കുട്ടി സാര്‍ ഞങ്ങള്‍ ഏഴു ബീയിലെ ആണ്‍‍കുട്ടികളെ മണിയൂരില്‍ ഞങ്ങളുടെ പുതിയ നവോദയ സൈറ്റിനടുത്തുള്ള കുഴല്‍ക്കിണറുകളില്‍ കുളിക്കാന്‍ കൊണ്ടുപോകാം എന്നു തീരുമാനിച്ചത്. നവോദയയുടെ വണ്ടിയില്‍ ഡ്രൈവര്‍ ശശിയേട്ടന്‍ ഞങ്ങളെ സാറിനൊപ്പാം സ്ഥലത്തെത്തിച്ചു. അന്നു ഞങ്ങളെല്ലാവരുടേയും സ്വഭാവം എന്തും ആദ്യം ചെയ്യാന്‍ മത്സരിച്ചോടുകയെന്നതാണ്. അസ്സംബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്കായാലും, ക്ലാസ്സ് വിട്ട് ഡോര്‍മിറ്ററിയിലേക്കായാലും, എന്തിനും ഏതിനും ഓടും. ശശിയേട്ടന്‍ വണ്ടി നിര്‍ത്തിയതും ബക്കറ്റും സോപ്പുപെട്ടിയുമായി എല്ലാവരും ചാടിയിറങ്ങി. ബക്കറ്റ് ലൈനില്‍ വെക്കുന്നതിനനുസരിച്ചാണ് വെള്ളമെടുക്കാനുള്ള ക്രമം തീരുമാനിക്കപ്പെടുന്നത്. ആദ്യമാദ്യം ഇറങ്ങിയവര്‍ വെള്ളമെടുത്തു തുടങ്ങി. ചിലര്‍ കുഴല്‍ക്കിണറടിക്കുന്ന കൂട്ടുകാരുടെ അനുമതിയോടെ അല്പം വെള്ളം കടമെടുത്ത് അത്യാവശ്യം വേണ്ട ഡ്രസ്സുകള്‍ നനക്കാനും, മറ്റുള്ളവര്‍ കുളിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എണ്ണ തേച്ച് ട്രൗസറും ഷര്‍ട്ടും മാറ്റി തോര്‍ത്തുടുത്തും നിന്നു.

അപ്പോഴാണ് അല്പമകലെ, ഞങ്ങളപ്പോള്‍ നില്‍ക്കുന്ന കുന്നിന്റെ താഴെ വേറൊരു കുഴല്‍ക്കിണറുണ്ടെന്നും കുറച്ചുപേര്‍ക്ക് അങ്ങോട്ടു പോകാമെന്നും ഇബ്രാഹിം കുട്ടി സാര്‍ പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്ത പാതി, ലൈനില്‍ പുറകിലുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍ ബക്കറ്റും, അഴിച്ചു വെച്ചിരിക്കുന്ന ഡ്രെസ്സുമെടുത്ത് താഴേക്ക് പറന്നു. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പിലോടിയ ആളായിരുന്നു നവീന്‍. കോഴിക്കോടുകാരന്‍. കുത്തനെയുള്ള ഇറക്കമായിരുന്നു അത്, പോരാത്തതിന് ചരല്‍ നിറഞ്ഞ മണ്‍റോഡും. സ്പീഡിലോടിയാല്‍ താഴെ കുഴല്‍ക്കിണറിനടുത്തു ചെന്നേ നില്‍ക്കാന്‍ പറ്റൂ. ഓടിത്തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കുളിപ്പീര്യഡില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടികളേയും കൊണ്ട് ഗീത മിസ്സ് കയറ്റം കയറി വണ്ടിക്കടുത്തേക്കു വരുന്നതു കണ്ടത്. അപ്പോഴേക്കും ഞങ്ങളുടെ ആക്സിലറേഷന്‍ മാക്സിമത്തിലെത്തിയിരുന്നു. ആ പോക്കില്‍ ഏറ്റവും മുന്നിലോടുന്ന നവീന്റെ തോര്‍ത്തഴിഞ്ഞു റോഡില്‍ വീണു. നാണം മറക്കാന്‍ ഇനി ആ ശരീരത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞങ്ങള്‍ നോക്കുമ്പോള്‍ നവീന്‍ പരിപൂര്‍ണ്ണ നഗ്നനായി അതേ സ്പീഡില്‍ താഴേക്ക്, എതിരെ വരുന്ന പെണ്‍കുട്ടികളുടെ മുന്നിലേക്ക് ഓടിയിറങ്ങുകയാണ്. റോഡു നിറഞ്ഞു നടന്നു വന്ന പെണ്‍കുട്ടികള്‍ നവീന്റെ വരവു കണ്ട് ഒരു വശത്തേക്ക് ഒതുങ്ങിക്കൊടുത്തു. അവരെ കടന്ന ശേഷമാണ് അവന് ഓട്ടം നിര്‍ത്താന്‍ പറ്റിയത്. കയറ്റം കയറി തോര്‍ത്തെടുത്തു തിരിച്ചു വന്നപ്പോഴേക്കും നവീന്‍ ലൈനില്‍ അവസാനക്കാരനായിരുന്നു; ഒപ്പം ആ പ്രകടനത്തിനുള്ള സമ്മാനമായി പുതിയ ചെല്ലപ്പേരും - ആര്‍‍ക്കിമെഡീസ്. പെണ്‍കുട്ടികള്‍ നവീന്റെ നഗ്നത കാണാന്‍ കെല്പില്ലാതെ ഗീതാ മിസ്സിനു പിന്നില്‍ മറഞ്ഞു നിന്നുവെന്നും, അതല്ല, എല്ലാം കണ്ടതിനു ശേഷമാണ് അവര്‍ മിസ്സിനു പുറകിലേക്കു മാറിയതെന്നും പല അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പിന്നീടുയര്‍ന്നു വന്നിരുന്നു. ഏതായാലും അതിനുശേഷം കുറെ നാള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ നവീന്‍ വഴിമാറി നടക്കുമായിരുന്നു.

നവോദയ വിദ്യാലയങ്ങളെപ്പറ്റി

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പു കൈകാര്യം ചെയ്ത പി വി നരസിംഹറാവുവാണ് നവോദയ വിദ്യാലയം എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമീണ മേഖലകളിലുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നതായിര്‍ന്നു ലക്ഷ്യം. എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങള്‍. നൂറു ശതമാനം സൗജന്യമായ വിദ്യാഭ്യാസവും, താമസവും, ഭക്ഷണവും, വിദ്യാര്‍ത്ഥികളോടൊപ്പം ഒരേ കാമ്പസില്‍ തന്നെ താമസിക്കുന്ന അദ്ധ്യാപകര്‍, മൊത്തം സീറ്റില്‍ മൂന്നിലൊന്ന് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കണമെന്ന നിര്‍ബന്ധം, ഇംഗ്ലീഷ് മീഡിയത്തിനൊപ്പം മാതൃഭാഷക്കും ദേശീയ ഭാഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന സിലബസ്, പഠനത്തോടൊപ്പം തന്നെ സ്പോര്‍ട്സിനും കലകള്‍ക്കും നല്‍കുന്ന പ്രാധാന്യം, രാജ്യത്തിന്റെ ഇതര കോണുകളലുള്ള മറ്റു നവോദയ വിദ്യാലയങ്ങളിലേക്കുള്ള മൈഗ്രേഷന്‍ സമ്പ്രദായം, അതുവഴി രൂപപ്പെടുന്ന ദേശീയോദ്ഗ്രഥനം എന്നിവയായിരുന്നു നവോദയ വിദ്യാലയങ്ങളെ മറ്റു സ്കൂളുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ ഘടകങ്ങള്‍. (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ)

1988 ല്‍ ആരംഭിച്ച, വടകരക്കടുത്ത് മണിയൂരിലുള്ള കോഴിക്കോട് ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ രണ്ടാം ബാച്ചായി ആറു വര്‍ഷം പഠിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു.

9 comments:

സാല്‍ജോҐsaljo said...

ഇടുക്കി ജില്ല്ലാ നവോദയ വിശേഷങ്ങള്‍ എഴുതണമെന്ന് ഇപ്പോ‍ ദാ കരുതിയേ ഉള്ളൂ!


:)

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരവിന്ദേട്ടന്‍,ജിം,സാല്‍ജോ..
ദ് ന്താ നവൊദയക്കാരേക്കൊണ്ടിവിടെ അടിയാണല്ലോ...:)
നല്ല പോസ്റ്റ് മാഷേ...

Praju and Stella Kattuveettil said...

കോട്ടയം നവോദയായില്‍ വെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ഞങ്ങളെ () 2-3 ആഴചത്തേക്കു വീട്ടില്‍ വിടാറുന്ടായിരുന്നു. പക്ഷെ കുളീപീരീഡ് ഇല്ലായിരുന്നു..:)


ഓ. ടൊ. കുട്ടന്സെ...അരവിന്ദേട്ടന്‍,ജിം,സാല്‍ജോ, പെരിങോടന്, ജാസുകുട്ടി, പിന്നെ ഈ ഞാന്‍ അങനെ നവോദയന്സ് ലിസ്റ്റ് നീളുന്നു. ഇനി വല്ലോരും ഉന്ടൊ എന്നറിയില്ല.:)

ജാസൂട്ടി said...
This comment has been removed by the author.
ജാസൂട്ടി said...

കൊള്ളാം...പാവം നവീന്‍...ഇനിയും പോരട്ടെ നവോദയ കഥകള്‍..

ഞാനും ഒരു നവോദയ സന്തതിയാണേ....ഇടുക്കി നവോദയ...
ഞങ്ങളുടെ സമീപത്ത് പ്രശസ്തമായ കുളമാവു ഡാം ഉണ്ടായിരുന്നിട്ടും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെള്ള ക്ഷാമം കണ്ടത് അവിടെയാണു...
സാല്‍ജോ ചേട്ടായി ഞാനും നവോദയ കുറിപ്പ് ഭാഗമ്-2 എഴുതണമെന്ന് കരുതിയിരിക്കുകയായിരുന്നു...
തരികിടെ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനു നന്ദി...

Sanyal Sunil said...

Nice da.........


Ingane oru karyam enikku ormaye illallo..........

Sanyal Sunil said...

Nice da.........

Ingane oru kaaryam njhan orkkunne illalo.

ശ്രീ said...

:)

jinsbond007 said...

നവോദയരുടെ ലിസ്റ്റ് തീരുമോ...

ഈ ഞാനും ഒരു നവോദയന്‍ തന്നെ, തനി പാലക്കാടന്‍...

മലമ്പുഴയിലായിരുന്നതു കൊണ്ട്, കനാലും വറ്റിയാലും പുഴയിലേക്കായിരുന്നു ഞങ്ങളുടെ കുളി യാത്ര!!!