Monday, July 16, 2007

അവകാശ സംരക്ഷണ സേന

സീറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ ആകെ പരിഭ്രാന്തരാണെന്നു തോന്നുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള കോളേജുകളിലും സ്കൂളുകളിലും സര്‍ക്കാര്‍ 50% അഡ്മിഷന്‍ നടത്തുമെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? വിശ്വാസികള്‍ കാണിക്കയിട്ട കാശുകൊണ്ടു കെട്ടിപ്പൊക്കിയ കോളേജുകളില്‍ അങ്ങനെ വഴിയേ പോകുന്നവനെയൊക്കെ വിളിച്ചു കയറ്റി പഠിപ്പിക്കാന്‍ പറ്റുമോ?

കാര്യങ്ങളിങ്ങനെ മുന്നോട്ടു പോകുമ്പോള്‍, സഭയുടെ അവകാശങ്ങള്‍ സം രക്ഷിക്കാന്‍ ഒരു സേന എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായ മാര്‍ ജോസഫ് പഴയാറ്റില്‍. ഇന്നലെ ഇടയന്‍ തന്റെ കുഞ്ഞാടുകള്‍ക്കയച്ച, കുര്‍ബാനക്കിടെ എല്ലാ പള്ളികളിലും വായിച്ച ഇടയലേഖനത്തിലാണ് ഇതു പരാമര്‍ശിച്ചിരിക്കുന്നത്. സേനയുടെ പേര് അവകാശ സംരക്ഷണ സേന, അഥവാ ഏ എസ് എസ്. (ആര്‍ എസ് എസ് എന്ന വാക്കുമായി തോന്നുന്ന സാമ്യം വെറും യാദൃശ്ചികം മാത്രം)

ഈ സേനയുടെ ലക്ഷ്യം സഭക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെ ചെറുക്കുക എന്നതാണ്. എങ്ങനെ ചെറുക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങള്‍ ഉണ്ടാകുമോ, അതോ യേശു ക്രിസ്തു ചെയ്ത പോലെ സഹനസമരമാകുമോ ഇവര്‍ നടത്തുക എന്നത് വ്യക്തല്ല. രണ്ടായാലും സൈനികര്‍ വിശ്വാസികള്‍ തന്നെ. സമരം ചെയ്യാന്‍ മെത്രാന്‍മാരോ അതിനും മുകളിലേക്കുള്ളവരോ ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇനി മുതല്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞ് പ്രതിരോധ പഠന ക്ലാസ്സുകളും, ആയുധ പരിശീലനവും ഉണ്ടാകുന്നതോര്‍ത്ത് ഉള്‍പ്പുളകം തോന്നുന്നു. സഭയുടെ കോളേജുകളിലും സ്കൂളുകളിലും സേനാംഗങ്ങളുടെ പട്റോളിംഗ്. സക്രാരിയില്‍ വിശുദ്ധ കുര്‍ബ്ബാനക്കൊപ്പം ബോംബും ഗ്രനേഡും. അമ്പത്തിമൂന്നു മണി ജപത്തിന് കൊന്ത പിടിക്കേണ്ട കൈകളില്‍ ഏ കെ നാല്പത്തേഴ്.

യേശുവേ, ഇതൊന്നും കാണാന്‍ നില്ക്കാ‍തെ നീ പോയതെത്ര നന്നായി!

പണ്ട് ദേവാലയത്തെ കച്ചവടകേന്ദ്രമാക്കിയതിന് ചാട്ടവാറെടുത്ത നീ, ഇന്ന് നീ സ്ഥാപിച്ച സഭ നടത്തുന്ന കച്ചവടങ്ങള്‍ക്കെതിരെ എന്തു ചെയ്യുമായിരുന്നു?

സഭാധികാരികള്‍ പറയുന്നതനുസരിച്ച് വാളെടുക്കാനൊരുങ്ങുന്ന വിശ്വാസികളുടെ ശ്രദ്ധക്ക്:

സഭ പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ വിശ്വാസികളായ കുഞ്ഞാടുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നല്ല; മറിച്ച്, അവര്‍ക്ക് തോന്നുന്നവര്‍ക്ക് അഡ്മിഷന്‍ നല്‍കാനുള്ള അധികാരം വേണമെന്നാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങ ള്‍ക്ക് നൂറു ശതമാനം സീറ്റിലും അഡ്മിഷന്‍ നടത്താനുള്ള അനുവാദം കൊടുത്താലും, നിന്റെ മകനോ മകള്‍ക്കൊ ആ കോളെജുകളില്‍ അഡ്മിഷന്‍ വേണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. ഇനി മുടക്കാമെന്നാണെങ്കില്‍ തന്നെ നിന്നേക്കാള്‍ ആസ്തിയുള്ളവന്‍ വേറെ വന്നാല്‍ സീറ്റ് അവനേ കിട്ടൂ.

വാല്‍ക്കഷ്ണം:
എ എസ് എസ് ഇംഗ്ലീഷില്‍ കൂട്ടി വായിച്ചാല്‍ - ASS - കഴുത. സഭക്കുവേണ്ടി വാളെടുക്കുന്ന വിശ്വാസി സൈനികന് സഭ കല്പിച്ചിരിക്കുന്ന യത്ഥാര്‍ത്ഥ പരിവേഷം.

8 comments:

Kaithamullu said...

ഇനി മുതല്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞ് പ്രതിരോധ പഠന ക്ലാസ്സുകളും, ആയുധ പരിശീലനവും ഉണ്ടാകുന്നതോര്‍ത്ത് ഉള്‍പ്പുളകം തോന്നുന്നു. സഭയുടെ കോളേജുകളിലും സ്കൂളുകളിലും സേനാംഗങ്ങളുടെ പട്റോളിംഗ്. സക്രാരിയില്‍ വിശുദ്ധ കുര്‍ബ്ബാനക്കൊപ്പം ബോംബും ഗ്രനേഡും. അമ്പത്തിമൂന്നു മണി ജപത്തിന് കൊന്ത പിടിക്കേണ്ട കൈകളില്‍ ഏ കെ നാല്പത്തേഴ്.


വാല്‍ക്കഷ്ണം:
എ എസ് എസ് ഇംഗ്ലീഷില്‍ കൂട്ടി വായിച്ചാല്‍ - ASS - കഴുത. സഭക്കുവേണ്ടി വാളെടുക്കുന്ന വിശ്വാസി സൈനികന് സഭ കല്പിച്ചിരിക്കുന്ന യത്ഥാര്‍ത്ഥ പരിവേഷം.

-ദേ, ഇദല്ലാതെ ഞാനിനി എന്തൂട്ടാ ഷ്ടാ പറയ്യാ?

പതാലി said...

ജിം കൊള്ളാം....
സഭയുടെ വിഢിത്തത്തിനെതിരെ ശക്തമായ പ്രതികരണം ഈ ഭൂലോകത്തുതന്നെയാണെന്നു തോന്നു. വികാരിമാരും ബിഷപ്പുമാരും ആഹ്വാനം ചെയ്യും, വിശ്വാസികള്‍ അവര്‍ പറയുന്നതുപോലെ ചെയ്തുകൊള്ളുക. കാലം മാറിയത് ഈ മഹാത്മാക്കള്‍ അറിഞ്ഞില്ലെന്നു തോന്നുന്നു.

Anonymous said...

അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും ഇവിടെ വരിക, കൈയ്യില്‍ കാശുള്ളവന്‍ മാത്രം അപ്പുറത്ത് കോളേജ് മാനേജര്‍ അച്ചനെ കാണുക, എന്നതായിരിക്കട്ടേ സേനയുടെ ആപ്തവാക്യം.

Anonymous said...

kaalam ithu kalikaalam........

Anonymous said...

"ആസ്ഥി"അക്ഷര പിശാച് -സു-

ജിം said...

ആസ്തി ആണല്ലേ ശരി..? ശരിയാക്കിയെഴുതിയിട്ടുണ്ട്.
വായിച്ചതിനും പിശാചിനെ ചൂണ്ടിക്കാട്ടിയതിനും നന്ദി -സു-.

Anonymous said...

ഈ -സു- ആണ് ആ -സു-. മനസ്സിലായോ? ദാ ഇങനേം എഴുതാറുണ്ട്‌ -S- സകുടുബം എഴുതുമ്പോള്‍
-4S-.
സുനില്‍, സോയ, സിദ്ധാര്‍ത്ഥ്, സിതാര

ജിം said...

മനസ്സിലായേ...!!