Sunday, May 27, 2007

ഞാനും എന്റെയൊരു പേരും

കോര്‍ബറ്റ് ദേശീയ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിന് ആ പേരു വരാന്‍ കാരണക്കാരന്‍ ഒരു Jim Corbett ആണത്രേ. എന്റെ അറിവു ശരിയാണെങ്കില്‍, കോര്‍ബറ്റ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് ഇന്ത്യയില്‍ താമസിച്ചിരുന്ന ഒരു ബ്രിട്ടീഷുകാരനായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഗ്രാമവാസികളുടെ പേടിസ്വപ്നമായിരുന്ന, നരഭോജികളായ കടുവകളെ അതിസാഹസികമായി വെടിവെച്ചു കൊന്നു കൊണ്ടാണ് കോര്‍ബറ്റ് ഇന്ത്യന് മനസ്സുകളില്‍ കുടിയേറിയത്. ഏതായാലും, അവിടെ ഒരു വന്യ ജീവി കേന്ദ്രം വന്നപ്പോള്‍, കോര്‍ബറ്റിന്റെ പേരു തന്നെ നല്കിക്കൊണ്ട് നാം ആ പേര് അനശ്വരമാക്കി.
കോര്‍ബറ്റ് ദേശീയ വന്യ ജീവി സംരക്ഷണ കേന്ദ്രം ഇന്ന് കടുവകളുടെ സംരക്ഷണത്തില്‍ ഒരു മുഖ്യ പങ്കു വഹിക്കുന്നു എന്നുള്ളത് തികച്ചും യാദ്രുശ്ചികം മാത്രമാവാം.

ഈ കോര്‍ബറ്റിന്റെ പേരില്‍ നിന്നുമാണത്രെ എന്റ അപ്പച്ചന്‍ എനിക്കിടാന്‍ പേരു കണ്ടെത്തിയത്.

പേരിന്റെ പങ്കപ്പാടുകള്‍ എല്‍ പീ സ്കൂള് കഴിയുവോളം ഞാന്‍ അറിഞ്ഞില്ല. കാരണങ്ങള്‍ പലതാണ്.
ചെറുപ്പത്തില്‍ എല്ലാവരും സ്നേഹത്തോടെ എന്നെ 'ജിമ്മോനേ..' എന്നാണ് വിളിച്ചിരുന്നത്. നാലാം തരം വരെ എന്റെ അപ്പച്ചനും അമ്മച്ചിയും പഠിപ്പിച്ച സ്കൂളില്‍ തന്നെയാണ് ഞാന്‍ പഠിച്ചത്. സാറിന്റെയും ടീച്ചറിന്റെയും മോനെ ഇരട്ടപ്പേരു വിളിക്കാന്‍ അവിടെ ആരും ധൈര്യപ്പെട്ടില്ല.

പക്ഷെ, യു പി ക്ലാസ്സിലെത്തിയപ്പോള്‍ കഥ മാറി. 'വിം' എന്നായിരുന്നു എനിക്കു വീണ ആദ്യ ഇരട്ടപ്പേര്. സ്കൂളില്‍ പുതുതായി വന്ന ടീച്ചര്‍, എല്ലാവരേയും പേരു പറയിപ്പിച്ച് പരിചയപ്പെട്ടപ്പോഴാണ് അതുണ്‍ടായത്.
"എന്താ വിമ്മോ..?" എന്നായിരുന്നു എന്റെ പേരു കേട്ടപ്പോഴുണ്ടായ ടീച്ചറുടെ ആദ്യ പ്രതികരണം. കുട്ടികളൊക്കെ അത് ഏറ്റുപിടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. അതൊരു തുടക്കം മാത്രമായിരുന്നു..

പിന്നീട് നവോദയയില്‍ എത്തിയപ്പോള്‍ 'ജാം' എന്നായി എന്റെ ഇരട്ടപ്പേര്. ജിമ്മിനേക്കാള്‍ അവിടെ പോപ്പുലറായത് ജാം ആയിരുന്നു. ആ നാളുകളില്‍ കേരളത്തില്‍ ജിംനേഷ്യങ്ങള്‍ കുറവായിരുന്നതുകൊണ്‍ടാവാം, ആ പേരു കിട്ടാന്‍ കോളേജിലെത്തും വരെ എനിക്കു കാത്തിരിക്കേണ്‍ടി വന്നത്. പേരു ചോദിക്കുന്നവരൊക്കെ 'ബോഡി അത്ര പോരല്ലൊ..' , 'പേരും ആളും തമ്മിലൊരു ചേര്‍ച്ചയില്ലല്ലോ' എന്നൊക്കെ ചോദിച്ചു തുടങ്ങി. റാഗിംഗിന് വരുന്ന സീനിയേഴ്സ്, പേരു കേള്‍ക്കുംബോള്‍, 'മസില്‍ കാണിക്ക്', 'വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്തു കാണിക്ക്' എന്നൊക്കെ പറഞ്ഞപ്പോള്‍, എന്നാലും എന്റെ അപ്പച്ചന്‍ ഈ ചതി എന്നോടു ചെയ്തല്ലൊ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി.

ഒരു ഫ്ലാഷ് ബാക്ക്..

അപ്പച്ചന്‍ പറഞ്ഞറിഞ്ഞതാണ്. ഞങ്ങളൊക്കെ ചാച്ചായി എന്നു വിളിക്കുന്ന വല്യപ്പന്‍ - അപ്പച്ചന്റെ അപ്പന്‍ പണ്ട് മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയിരുന്ന കഥ.

ഹെഡ് മാസ്റ്റര്‍ പേരു ചോദിക്കുംബൊള്‍, ചാച്ചായി വായില്‍ തോന്നുന്ന പേരു പറയും - ചാക്കൊ, ചിന്നമ്മ, കുഞ്ഞമ്മ, തോമ്മാച്ചന്‍ അങ്ങനെ എന്തെങ്കിലും. ഇതില്‍ പേരു സ്വീകരിക്കുന്ന മക്കള്‍ക്കൊ, ഭാര്യയായ വല്യമ്മച്ചിക്കോ, ഒരു പങ്കുമില്ലായിരുന്നു. അങ്ങനെ ആറു മക്കളില്‍ ഇളയവനായ മാനു(വിളിപ്പേര്)വിനേയും കൊണ്‍ട് ചാച്ചായി സ്കൂളില്‍ ചെല്ലുന്നു. പേരു പറയാന്‍ നേരം ചാച്ചായിക്ക് വായില്‍ വന്നത് മത്തായി എന്ന്.
ഇത് നടക്കുന്നത് 1940 കളിലാണ്. ഏതായാലും, പരിഷ്കാരം രക്തത്തിലുണ്ടായിരുന്ന ആ മകന് തനിക്കിട്ട പേര് അശേഷം ഇഷ്ടമായില്ല. പുതിയ പേരിനു വേണ്ടി ആഹാരം ഉപേക്ഷിച്ചും, സ്കൂളില്‍ പോകാതെയും സമരം ചെയ്തതിന്റെ ഫലമായി, മൂത്ത മകളുടെ ഭര്‍ത്താവായ അദ്ധ്യാപകന്റെ നിര്‍ദേശപ്രകാരം, പുതിയ പേരു കണ്ടു പിടിക്കേണ്ടി വന്നു, ചാച്ചായിക്ക് - അങ്ങനെ മത്തായി ചാക്കോ, മാത്യു ജേക്കബ് ആയി മാറി.

ഇഷ്ടമില്ലാതിരുന്നിട്ടും, അപ്പന്‍ ചാര്‍ത്തിത്തന്ന അപരിഷ്ക്രുത പേരു വഹിക്കേണടിവന്ന ഗതികേട് തന്റെ മകനുണ്ടാകരുതെന്നു കരുതിയാവണം, എനിക്കീ അത്യാധുനികന്‍ പേരിടാന്‍ അപ്പച്ചന്‍ തീരുമാനച്ചത്.

എന്തായാലും, എനിക്കിപ്പോള്‍ എന്റെ പേര് ഇഷ്ടമാണ്. പണ്ടുണ്ടായിരുന്ന ചെറിയ സങ്കടമൊന്നും ഇപ്പോഴില്ല.
ഒരു വറൈറ്റി പേര് അല്ലേ ഇത്?
പിന്നെ ഈ പേരില്‍ എത്രയെത്ര മഹാന്മാര്‍ വേറേ..
അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്താ ഇത്ര വല്യ കാര്യം..?

5 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്ങനെ എന്റെ ഒരു സുഹൃത്ത്‌ ബ്ലോഗിലെത്തി . സ്വാഗതം . ഞാനും ഇവിടെയൊക്കെയുണ്ട്‌

Areekkodan | അരീക്കോടന്‍ said...

ഐക്യമുന്നണി സര്‍ക്കാര്‍ നടത്തിയ ജിമ്മും ഈ ജിമ്മും തമ്മില്‍ ബന്ധമുണ്ടോ?

SunilKumar Elamkulam Muthukurussi said...

ഡേയ്, മിണ്ടാതെ തോന്ന്യാസം ചെയ്യാ? ആ ചുള്ളന്‍ ഫോട്ടോ കണ്ടിട്ടാ ദീപ വീണ്?
-സു-

Unknown said...

What about the names Futrooze, Jimmon Chimpancy.. etc. If I am correct, the list never ends!!!

Binu said...

eda jimmmaaaaaa your blogs are tooo good...