Wednesday, March 26, 2008

അപ്പുഘര്‍ ഓര്‍മ്മയാകുമ്പോള്‍

ഞാന്‍ ആദ്യമായി ഡല്‍ഹി കാണുന്നത് പതിനേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സഹപാഠിയായിരുന്ന ഉത്തര്‍പ്രദേശുകാരനായ കാന്തി പ്രസാദ് യാദവിനൊപ്പം.

ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹര്‍ നവോദയ സ്കൂളില്‍ നിന്ന് ഞങ്ങളുടെ നവോദയയില്‍ പഠിക്കാനെത്തിയ ഓരോ വിദ്യാര്‍‍ത്ഥിക്കുമൊപ്പം സമ്മര്‍ വെക്കേഷനില്‍ ഇവിടെനിന്ന് ഒരാള്‍ പോയി, അവരുടെ വീടുകളില്‍ താമസിച്ച് അവിടുത്തെ ജീവിതരീതികളും മറ്റും മനസ്സിലാക്കുകയും, അതുവഴി ദേശീയോത്ഗ്രഥനം വളര്‍ത്തുകയും ചെയ്യുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായായിരുന്നു എന്റെ യാത്ര.

ബുക്‌ലാന ജില്ലയിലെ ജഹാംഗിര്‍ബാദ് എന്ന സ്ഥലത്തായിരുന്നു കാന്തിയുടെ വീട്. കരിമ്പും മാവും കൃഷി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബമായിരുന്നു അവ്ന്റേത്. കാന്തിയുടേയും അവന്റെ കൂട്ടുകാരുടേയുമൊപ്പം ഉത്തര്‍പ്രദേശിന്റെ ഗ്രാമക്കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കുന്നതിനിടയിലൊരു ദിവസമാണ് കാന്തിയുടെ ഡല്‍ഹിയിലുള്ള അളിയനും പെങ്ങളും വീട്ടില്‍ വന്നത്. മടങ്ങുമ്പോള്‍ ഡല്‍ഹി കാണിക്കാമെന്നു പറഞ്ഞ് അവര്‍ ഞങ്ങളേയും ഒപ്പം കൂട്ടി. പാര്‍ലമെന്റ് മന്ദിരവും, കുത്തബ് മിനാറും ,ചെങ്കോട്ടയും, ലോട്ടസ് ടെമ്പിളും,രാജ് ഘട്ടും, പുരാനാ കിലയും ഒക്കെ കണ്ട് ഞങ്ങള്‍ അപ്പു ഘറിലുമെത്തി.

അദ്ഭുതങ്ങളുടെ ഒരു മായികലോകമായിരുന്നു ഞാന്‍ കണ്ട അപ്പു ഘര്‍. റോളര്‍ കോസ്റ്ററും, മറ്റ് റൈഡുകളും ഒക്കെ ജീവിതത്തില്‍ ആദ്യം കാണുകയായിരുന്നു. പക്ഷേ, കൂടുതലും റൈഡുകള്‍ വെറുതെ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു എന്നു മാത്രം. ഒരു റൈഡിന് അന്ന് പത്തു രൂപയായിരുന്നു ചാര്‍ജ്ജ്. എങ്കിലും ഒന്നു രണ്ടു റൈഡുകളിലും, റോപ് വേയിലും ഒക്കെ കയറിയാണ് അന്ന് ഞങ്ങള്‍ ടങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങും മുന്‍പ് ഒരിക്കല്‍ കൂടി അപ്പു ഘറില്‍ വരണമെന്ന് അന്നു ഞങ്ങളെടുത്ത തീരുമാനം, പക്ഷേ നടന്നില്ല; പിന്നീടൊരിക്കലും.

ഇപ്പോള്‍ ഇതൊക്കെ വീണ്ടുമോര്‍ത്തത്, അപ്പു ഘര്‍ നിര്‍ത്തലാക്കി എന്ന വാര്‍ത്ത കണ്ടപ്പോഴാണ്. തലസ്ഥാന നഗരിയിലെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിനോദത്തിന്റേയും വിസ്മയത്തിന്റേയും മായികലോകം തുറന്നു കൊടുത്ത അപ്പുഘര്‍ എന്ന ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്ക്, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണം ആരംഭിച്ച്, 1984 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രഗതി മൈതാനിയില്‍ കേന്ദ്ര ഗവണ്മെന്റ് ലീസിനു നല്‍കിയ 17 ഏക്കര്‍ സ്ഥലത്താണ് അപ്പു ഘര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലം ഇനി ഡെല്‍ഹി മെട്റോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രീം കോടതിയുടെ ഭാഗമായി പുതിയ കേട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നല്‍കാനുമാണ് തീരുമാനം.

അപ്പു ഘര്‍ ഇല്ലാതാകുമ്പോള്‍ നഷ്ടം ഡല്‍ഹിയിലെ കുട്ടികള്‍ക്കാണ്. അവധിക്കാലവും അവധിദിനങ്ങളും ആര്‍ത്തുല്ലസിച്ച് ആഘോഷിക്കാന്‍ ഇവിടെ എത്തിയിരുന്നവരില്‍ കൂടുതല്‍ അവരായിരുന്നു. ദിവസവും പതിനായിരത്തിലധികം ആളുകളാണ് അപ്പു ഘറില്‍ എത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും കുട്ടികളും.

അപ്പു ഘര്‍ ഒരു പ്രതീകം മാത്രമാണ്. ഗ്രാമങ്ങള്‍ നഗരങ്ങളും നഗരങ്ങള്‍ മഹാനഗരങ്ങളും ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ ഇനിയും എത്രയോ അപ്പു ഘറുകള്‍ വിസ്മൃതിയിലായേക്കും. കമ്പ്യൂട്ട‌ര്‍ ഗെയിമുകളില്‍ മാത്രമൊതുങ്ങുന്ന വിനോദങ്ങളില്‍ ബാല്യം തളയ്ക്കപ്പെടാന്‍ ഇനിയും തലമുറകള്‍ കടന്നുവരും; അവര്‍ക്കുവേണ്ടി മറ്റൊന്നും നാം ബാക്കിവെക്കുന്നില്ലല്ലോ!

Sunday, March 23, 2008

ഇറങ്ങിപ്പോകാന്‍ മാത്രമായി ഒരു പ്രതിപക്ഷം

കേരളത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? ഭരണപക്ഷത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് സഹകരിക്കുകയും, ജനദ്രോഹ നടപടികളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നൂണ്ടോ? പ്രതികരിക്കുക മാത്രമല്ല, ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടോ?

ഒന്നുമില്ല. സഭ കൂടുന്നു. എന്തെങ്കിലും വിഷയത്തില്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ ഒരു എം എല്‍ എ ക്ക് അവതരണാനുമതി നിഷേധിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു. നിത്യേന ഈ പ്രതിഭാസം കേരള നിയമസഭയില്‍ ആവര്‍ത്തിക്കപ്പെടുന്നു. പലപ്പോഴും ബാലിശമായ കാര്യങ്ങള്‍ക്കാവും ഈ ബഹിഷ്കരണം എന്നതാണ് ദൗര്‍ഭാഗ്യകരം. മാര്‍ച്ച് 6 ന് നടന്ന ബജറ്റ് പ്രഖ്യാപനത്തിനു ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും പ്രതിപക്ഷം ഇങ്ങനെ സഭ ബഹിഷ്കരിക്കുകയാണുണ്ടായത്.

പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞുകൂട. വിലക്കയറ്റത്തിനെതിരെ ഹര്‍ത്താലും ഉപവാസവും നടത്തി. എന്നാല്‍ കേരളത്തിന് റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തില്‍ അതിനെതിരെ ഒരു പരാതി പറയാന്‍ ആരും പോയില്ല്. അപ്പോള്‍ ജനങ്ങള്‍ക്ക് ഗുണം വരുത്തുകയല്ല, രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ് ചാണ്ടിയുടേയും കൂട്ടരുടേയും ലക്ഷ്‌യമെന്നു വ്യക്തം.

ഇനി, ആത്മാര്‍ത്ഥമായി വേണമെന്നു വെച്ചാല്‍ തന്നെ പല പ്രശ്നങ്ങളിലും ോരു പരിധിയില്‍ കവിഞ്ഞ് ഇടപെടാന്‍ പ്രതിപക്ഷത്തിനാവില്ല. ഉദാഹരണത്തിന് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് അടിയന്തിരമായി വീട് വെച്ച് നല്‍കണമെന്നാവശ്യപ്പെടാന്‍ സുനാമി ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 40 കോടി രൂപകൊണ്ട് ഒരു വീടു പോലും വെച്ചു നല്‍കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിക്കു കഴിയുമോ? ഇതുകൊണ്ടു തന്നെയാണ് ISRO, HMT തുടങ്ങിയ മറ്റനേകം പ്രശ്നങ്ങളില്‍ അധികം ഇടപെടാതെ പ്രതിപക്ഷം മാറി നില്‍ക്കുന്നത്.

ചെറിയ കാര്യങ്ങള്‍ക്ക് ബഹളമുണ്ടാക്കി സഭ വിട്ടിറങ്ങുന്ന പ്രതിപക്ഷം ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. നിങ്ങളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച ജനങ്ങളുടെ, നാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്; കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും നിയമസഭാസമ്മേളനങ്ങള്‍ക്ക് ചെലവാകുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്തരത്തില്‍ ആര്‍ക്കും ഒരു ഗുണവുമില്ലാതെ വെറുതെ ഒഴുക്കിക്കളയുന്നത്. സഭയില്‍ വന്ന് ഹാജരുവെച്ച് ഇറങ്ങിപ്പോകുന്നവര്‍ക്ക് ബത്ത കൊടുക്കാതിരിക്കാനും ശമ്പളം ആനുപാതികമായി കുറക്കാനും ഒരു നിയമം ഉണ്ടായാല്‍ ഇവര്‍ ഒരു പക്ഷേ സഭയില്‍ ഇരിക്കുകയെങ്കിലും ചെയ്തേക്കും.

വാല്‍ക്കഷ്ണം :

മാര്‍ച്ച് 19 ന് കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ സഭവിട്ടിറങ്ങിയ ഉമ്മന്‍ ചാണ്ടി നേരേ പോയത് ഏഷ്യാനെറ്റ് ക്യാമറാമാനെ അക്രമിച്ച സംഭവത്തില്‍ നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ച് KUWJ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍. സഭ എത്ര വൈകി പിരിഞ്ഞാലും അപ്പോള്‍ ചാണ്ടിയെക്കൊണ്ട് ഉദ്ഘാടിക്കാന്‍ കാത്തിരിക്കുകയായിരുന്നോ KUWJ? അതോ 'മാര്‍ച്ച് 19 വാക്കൗട്ട് ദിവസമാണ്. ഞാനങ്ങെത്തിയേക്കാം' എന്ന് ചാണ്ടി നേരത്തേ KUWJ ക്കാരെ അറിയിച്ചിരുന്നതോ?

Friday, March 14, 2008

ഒരു സെവന്‍‌ത് ഡേ കൃമികടി

വെള്ളിയാഴ്ചകളിലെ SSLC പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റിയ സര്‍‍ക്കാര്‍ നീക്കത്തിനെതിരെ സെവന്‍‌ത് ഡേ അഡ്‌വന്റിസ്റ്റ് മത വിശ്വാസികളായ നാലു വിദ്യാര്‍ത്ഥികളുടെ അപ്പീലിന് കേരള ഹൈക്കോടതിയുടെ മനോഹര പരിഹാരം. ഈ മതവിശ്വാസികളുടെ ആരാധന ശനിയാഴ്ചയായതിനാല്‍ ഈ നാലു കുട്ടികള്‍ക്ക് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം പരീക്ഷ നടത്താനാണ് ഹൈക്കോടതി വിധി.

ബാലിശമായ സര്‍ക്കാര്‍ തീരുമാനങ്ങളുടെയും അര്‍ത്ഥശൂന്യമായ കോടതിവിധികളുടെയും പരമ്പരയിലെ അവസാനത്തേത്.

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ വഴിയും ട്രഷറി വഴിയും വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് SSLC പരീക്ഷകള്‍ ഉച്ചതിരിഞ്ഞ് നടത്താന്‍ തീരുമാനമായത്. ഇത് വെള്ളിയാഴ്ചകളിലെ ജു‌മ്‌അ നമസ്കാരത്തിനെത്താന്‍ മുസ്ലിം വിദ്യാര്‍‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന കാരണത്താലാണ് വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് നോക്കിനടത്തിയപ്പോള്‍ പോലും ഉണ്ടാകാത്ത ഈ തീരുമാനം ‍ മത പ്രീണനത്തിന്റെ ഭാഗം തന്നെയാവണം - ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

ശനിയാഴ്ച മാത്രം ദൈവത്തെ ആരാധിക്കുന്ന വിശ്വാസികള്‍ 40 കൊല്ലം പഴക്കമുള്ള ഒരു വിധിയുമായാണ് കോടതിയിലെത്തിയത്. തങ്ങള്‍‍ക്കും ജൂതന്മാര്‍ക്കും ശനിയാഴ്ച ആറു മണിക്കു മുന്‍പ് ദൈവാരാധനയൊഴിച്ച് മറ്റൊന്നും പാടില്ലെന്ന് അന്ന് കോത്താഴത്തെ ഒരു കോടതി വിധിച്ചിട്ടുണ്ടത്രേ.

കോടതി പിന്നെ അധികം ആലോചിച്ചില്ല. ദാ കിടക്കുന്നു അപ്പീലിന്റെ തീര്‍പ്പ്. ഈ നാലുകുട്ടികള്‍ ശനിയാഴ്ച ആറിനുശേഷം പരീക്ഷയെഴുതും. എങ്ങനെ നടത്തും? ആരു നടത്തും? ഉച്ചക്കു കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വെച്ച് ഈ കുട്ടികള്‍ ആറുമണിക്ക് ശേഷം എഴുതുന്ന പരീക്ഷയുടെ വിശ്വാസ്യത? കോടതിക്കതൊന്നും അറിയണ്ട. വിധി പറയുക മാത്രമാണല്ലോ കോടതിയുടെ കര്‍‍ത്തവ്യം. നടപ്പിലാക്കേണ്ടത് സര്‍‌ക്കാരാണല്ലോ! സാമൂഹ്യപ്രതിബദ്ധതയില്ലാത്ത കോടതിവിധികള്‍ക്ക് മറ്റൊരുദാഹരണം.

മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് നാളെ പുതിയൊരു മതം തുടങ്ങി, അതിന്റെ ആരാധന സമയം തിങ്കളാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണെന്നു പ്രഖ്യാപിച്ചാല്‍ ആര്‍ക്കും ഇത്തരം കോടതിവിധികള്‍ സമ്പാദിക്കാം എന്നു ചുരുക്കും. ഈ വിധി ചൂണ്ടിക്കാണിച്ച് ഇനി ഇത്തരം എത്ര അപ്പീലുകള്‍ വരാനിരിക്കുന്നു.

കോടതി വിധിക്കെതിരെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കാണിച്ച് അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍. ഇനി ഈ അപ്പീലിന്റെ വിധി വന്നിട്ട് നാള പരീക്ഷ നടത്താനാവില്ലല്ലോ. അതിനാല്‍ നാളത്തെ പരീക്ഷ കോടതി പറഞ്ഞതുപോലെ. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് രണ്ടിന്; നാലു പേര്‍ക്ക് വൈകിട്ട് ആറിന്. പക്ഷേ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ നാലുപേരും ഉച്ചക്ക് രണ്ടിനു തന്നെ സ്കൂളില്‍ എത്തിയിരിക്കണം എന്ന് മന്ത്രി. അത് അന്യായമാണെന്നു പറയാന്‍ വയ്യ.

അങ്ങനെയെങ്കില്‍ ഇവര്‍ സ്കൂളില്‍ വന്നിരുന്നാണോ നാളെ ദൈവത്തെ ആരാധിക്കാന്‍ പോകുന്നത്? കുട്ടികള്‍ക്കൊപ്പം അമ്മയും അച്ഛനും പള്ളീലച്ചനുമൊക്കെ ആരാധിക്കാന്‍ സ്കൂളിലെത്തുമോ എന്തോ ? ആറു മണിക്ക് പരീക്ഷയുള്ളപ്പോള്‍ കുട്ടികള്‍ സ്കൂളിലിരുന്ന് പഠിക്കുമോ അതോ ദൈവത്തെ ആരാധിക്കുമോ?

പ്രിയ സെവന്‍‌ത് ഡേ ഭക്തന്മാരെ, അപ്പീലിനു പോയപ്പോള്‍ ഇങ്ങനെയൊരു തീരുമാനമുണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല അല്ലെ? ഇതിപ്പോള്‍ പുലിവാലു പിടിച്ചപോലെ ആയിപ്പോയല്ലോ! ഇതിനൊക്കെ കൃമികടി എന്നല്ലാതെ എന്താ പറയുക? സാരമില്ല, ഭക്തി അതിരുകടന്ന് അതു ചിലപ്പോള്‍ വിവേകത്തെ ഇല്ലാതാക്കുമെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ ചില പാഠങ്ങള്‍ നല്ലതാണ്.

Thursday, March 13, 2008

കണ്ണൂരുകാര്‍ ചെയ്യേണ്ടത്

ഇന്നലെ ഏഷ്യാനെറ്റില്‍ സം‌പ്രേഷണം ചെയ്ത, CPM ന്റെ പി ജയരാജനും, BJP സംസ്ഥാന സെക്രട്ടറി എം ടി രമേഷും കോണ്‍ഗ്രസ് MLA കെ സുധാകരനും പങ്കെടുത്ത കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും, സമാധാന ശ്രമങ്ങളെയും ചര്‍ച്ചചെയ്ത നേര്‍ക്കുനേര്‍ എന്ന പരിപാടിയാണ് ഈ കുറിപ്പിനാധാരം.

കണ്ണൂരില്‍ സമാധാനം ഉണ്ടാകണമെന്ന് മൂവര്‍ക്കും താത്പര്യമുള്ളതായി തോന്നിയില്ല. സദസ്സിലിരുന്ന ചിലര്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് മൂന്ന് നേതാക്കള്‍ക്കും ഒരേ വികാരം. ഞങ്ങളെ മറ്റു പാര്‍ട്ടികാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അണികളെ അക്രമിക്കുന്നു. 'ഞങ്ങളുടെ പ്രവര്‍ത്തകരെ രക്ഷിക്കേണ്ട ചുമതലയുള്ള' പാര്‍ട്ടി അത്തരം ആക്രമണങ്ങളെ ചെറുക്കുന്നു.

ഈ പാര്‍ട്ടികള്‍, അല്ലെങ്കില്‍ ഇവയുടെ നേതാക്കാള്‍ ഇതുവരെ കണ്ണൂരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് എന്ന് ആരും ചോദിച്ചു കേട്ടില്ല. അണികളെ കൊലയ്ക്കു കൊടുക്കാനല്ലാതെ രക്ഷിക്കാനൊന്നും ഒരു പാര്‍ട്ടിയും ശ്രമിക്കില്ല എന്ന സത്യം ആര്‍ക്കാ അറിയാത്തത്? ഇങ്ങനെ ചാവാന്‍ കുറേപ്പേരുണ്ടായില്ലെങ്കില്‍ ' മറ്റേ പാര്‍ട്ടി കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ കൊന്നൊടുക്കിയത് ഞങ്ങളുടെ മുപ്പതോളം പ്രവര്‍ത്തകരെയാണ്' എന്ന് ആവേശത്തോടെ എങ്ങനെ പ്രസംഗിക്കാനാവും?

ഇത്തരത്തില്‍ പാര്‍ട്ടിക്കൊടി പുതച്ച് ചേതനയറ്റ് കിടക്കേണ്ടി വരുന്നരില്‍ എത്ര പേര്‍ യഥാര്‍‍ത്ഥ പാര്‍ട്ടി പ്രവര്‍‍ത്തകരാണ്? പ്രവര്‍ത്തകരാണെങ്കില്‍ തന്നെ അവര്‍ എന്തിന് കൊലചെയ്യപ്പെട്ടു? എതിര്‍ പാര്‍ട്ടിയില്‍ പെട്ട ആരുടെയെങ്കിലും കൊലപാതകത്തിന് ഉത്തരവാദികളായിരുന്നോ ഇവര്‍? തൊണ്ണൂറു ശതമാനവും അങ്ങനെയല്ലെന്നാണ് അറിയുന്നത്. ഒരു 'കണ്ണൂര്‍ സ്റ്റൈല്‍ കൊലപാതകം' നേരില്‍ കണ്ട വ്യക്തി പറഞ്ഞത്, കൊലപാതകം നടത്തുന്നത് മിക്കപ്പോഴും പുറത്തുനിന്ന് വരുന്ന ആളുകളാണ് എന്നാണ്. മംഗലാപുരത്തുനിന്നോ തിരുവനന്തപുരത്തു നിന്നോ ജീപ്പിലോ കാറിലോ എത്തി, നാട്ടുകാര്‍ നോക്കി നില്‍ക്കേ നടുറോഡില്‍ കൊലനടത്തി വന്ന വഴി അവര്‍ മടങ്ങുന്നു. കണ്ണൂരില്‍ ആരും ഇത്തരം കൊലപാതകങ്ങള്‍ക്ക് സാക്ഷിപറയാന്‍ തയ്യാറാവാറില്ല, അഥവാ തയ്യാറായാല്‍ തന്നെ കൊലപാതകികളെ എവിടെ പോയി തിരയാന്‍?

കൊല്ലെപ്പെടുന്നവരില്‍ ഏറെപ്പേരും നിരപരാധികളാണ്. ബസ് കണ്ടക്ടര്‍മാരും ഓട്ടൊ ഡ്രൈവര്‍മാരും ചുമട്ടുകാരുമൊക്കെയായ പാവപ്പെട്ട തൊഴിലാളികള്‍. പാര്‍ട്ടികള്‍ക്ക് ഇവരുടെ മരണം ഒരു മുതല്‍ക്കൂട്ടാകുമ്പോള്‍, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമ്മക്ക് മകനെ, ഭാര്യക്ക് ഭര്‍ത്താവിനെ, കുഞ്ഞുങ്ങള്‍ക്ക് അച്ഛനെ! കൊലപാതകികള്‍ എവിടെനിന്നു വന്നാലും, എങ്ങോട്ടു പോയാലും കൊല്ലപ്പെടുന്നത് കണ്ണൂരിലെ കുറെ നിരപരാധികള്‍.

ഇതെന്തു നീതി എന്ന് കണ്ണൂരുകാര്‍ ഇനിയെങ്കിലും ചിന്തിക്കണം? നിങ്ങളുടെ നാട്ടിലെ നിരപരാധികളെ - അവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും - കൊല്ലാന്‍ ദൂരദേശങ്ങളില്‍ നിന്ന് ആളുകളെത്തുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യേണ്ടത് അവരോടല്ലേ? അതല്ലെങ്കില്‍ അവരെ ഇവിടെ എത്തിക്കുന്നവരോടല്ലേ? എല്ലാത്തിനും കാരണക്കാരായ കുറച്ചുപേര്‍ ഇല്ലാതായാല്‍ കണ്ണൂരില്‍ സമാധാനം പുലരുമെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്?

കാലങ്ങളായി തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ എന്തു നേടി? നിങ്ങളുടെ നേതാക്കള്‍ എന്തു നേടിയില്ല? നിങ്ങള്‍ക്കുവേണ്ടി എന്നു പറഞ്ഞ് നിങ്ങളെത്തന്നെ കൊന്നൊടുക്കുന്നവരുടെ യഥാര്‍ത്ഥ രാഷ്ട്രീയം ഇനിയെങ്കിലും തിരിച്ചറിയുക.

Saturday, March 08, 2008

ലതച്ചേച്ചിയെ വീണ്ടും ഓര്‍‍ത്തപ്പോള്‍

ലത - അതായിരുന്നു അവരുടെ പേര്. ഹോസ്റ്റല്‍ പരിചയപ്പെടുത്തുന്നതിനിടയില്‍ അടുത്ത മുറികളിലെ താമസക്കാരെ കാണിച്ചു തരികയായിരുന്നു മാഡം. 'അതൊരു വട്ടു കേസാ..' എന്ന ഉപദേശവുമുണ്ടായിരുന്നു കൂടെ. മനസ്സിലപ്പോള്‍ മറ്റു പലതുമായിരുന്നതിനാല്‍ മേട്രന്‍ പറയുന്നതൊന്നും അപ്പോള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

ആ നഗരത്തില്‍ ഞങ്ങള്‍ നാലു പെണ്‍കുട്ടികള്‍ അന്നെത്തിയത് കോഴ്സിന്റെ ഭാഗമായ ഒരു പ്രോജക്ക്ടിനു വേണ്ടിയാണ്. താമസിക്കാനൊരു മുറിയന്വേഷിച്ച് അലയുകയായിരുന്നു ആ നേരം വരെ. ഞങ്ങളെ കൊണ്ടുവിടാന്‍ വന്ന എന്റെ അച്ഛനും നഗരം അത്ര പരിചിതമായിരുന്നില്ല. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കിട്ടുമെന്നുറപ്പിച്ച മുറി അവസാന നിമിഷം കിട്ടാതെ വരുമെന്ന് തീരെ കരുതിയിരുന്നുമില്ല. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ ദുഖവും ഒരു ദിവസം നീണ്ട യാത്രയുടെ ക്ഷീണവും കാരണം ഞങ്ങള്‍ ആകെ തളര്‍ന്നിരുന്നു. അവസാനം വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ നാലുപേര്‍ക്കും കൂടി കിട്ടിയ ആ ഒറ്റമുറിയാവട്ടെ, ആകെ മാറാലയും പൊടിയും നിറഞ്ഞ് കിടക്കാന്‍ കൊള്ളാത്ത അവസ്ഥയിലും. അത് എങ്ങനെയെങ്കിലും ഒന്നു വൃത്തിയാക്കിയെടുത്ത് ഉറങ്ങണം എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. അപ്പോഴാണ് മേട്രന്റെ പരിചയപ്പെടുത്തല്‍.

'ഇവിടെ ബാത്ത്റൂം..വെള്ളം രാവിലെ എട്ടിനു മുന്‍പും വൈകിട്ട് ആറിനു ശേഷവും..മുറികളില്‍ പത്തുമണിക്ക് ലൈറ്റോഫ് ചെയ്യണം..അതിനുശേഷം വായിക്കേണ്ടവര്‍ റീഡിംഗ് റൂമില്‍‍ പോകണം...'

മാഡം പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിന്റെ സമയം ശ്രദ്ധിച്ചു. അത് കഴിഞ്ഞിരിക്കുന്നു. ഇനി മഞ്ജുവിന്റെ ബാഗിലുള്ള പഴം തന്നെ ശരണം.

അച്ഛന്‍ മുറി ശരിയായ ഉടന്‍ തന്നെ മടങ്ങിയിരുന്നു. സമയം വൈകിയതിനാല്‍ ഇനി മലബാര്‍ എക്സ്പ്രസ്സ് കിട്ടില്ല. ബസ്സിനു പോകേണ്ടി വരും. സീസണൊന്നുമല്ലാത്തതിനാല്‍ സീറ്റു കിട്ടിയേക്കും. എന്നാലും ഉറങ്ങാന്‍ പറ്റില്ല. രാവിലെ എത്തിയാലും ഓഫീസില്‍ പോകാനാവുമോ എന്തോ. അമ്മയും അനിയത്തിയും ഇന്നു വീട്ടില്‍ തനിച്ചായിരിക്കും അവരിപ്പോള്‍ തന്നെ ഓര്‍ക്കുന്നുണ്ടാകുമോ?

ചിന്തകള്‍ കാടുകയറി. ഇതിനു മുന്‍പ് വീടുവിട്ട് നിന്നിട്ടുള്ളത് ചെറുപ്പത്തില്‍ ഗൈഡ്സിന്റെയും മറ്റും ക്യാമ്പുകള്‍ക്ക് പോകുമ്പോഴാണ്. അപ്പോഴൊക്കെ കുറേ കൂട്ടുകാരും പാട്ടും കലാപരിപാടികളും മറ്റുമായി വീട്ടിലെ കാര്യങ്ങളൊന്നും ഓര്‍ക്കാറുപോലുമില്ല. പക്ഷേ ഇപ്പോള്‍ എന്തോ വല്ലാത്ത വിഷമം. പിന്നേയും എന്തൊക്കെയോ ഓര്‍ത്ത് അറിയാതെ കണ്ണു നിറഞ്ഞു. അറിയാതൊന്നു തേങ്ങിപ്പോയോ? കണ്ണു തുടക്കുമ്പോള്‍ മുറിക്കു പുറത്ത് കുറെ അപരിചിത മുഖങ്ങള്‍; ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുന്ന കൂട്ടുകാര്‍.

മുറി വൃത്തിയാക്കിയെന്നു വരുത്തി, പെട്ടിയും ബാഗുമൊക്കെയെടുത്തുവെച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് കണ്ടത്, മുറിക്കു പുറത്ത് ഞങ്ങളെ നോക്കിക്കൊണ്ട് ഒരു മുഖം. പുതിയ ആളുകളെ പരിചയപ്പെടാന്‍ വന്നതായിരിക്കുമെന്നു കരുതി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മുഖം മറഞ്ഞു; പുറകേ അടുത്ത് മുറിയുടെ വാതിലടയുന്ന ശബ്ദവുമെത്തി.

പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള ശ്രമമായിരുന്നു പിറ്റേന്ന്. എന്‍‌ട്രന്‍സ് കോച്ചിംഗിനു പഠിക്കുന്ന കുറച്ചു കുട്ടികളെ പരിചയപ്പെട്ടു. അവരാണ് ഹോസ്റ്റലിലെ രീതികളും താമസക്കാരേപ്പറ്റിയും ഒക്കെ കൂടുതല്‍ പറഞ്ഞു തന്നത്, കൂടെ അടുത്ത മുറിയിലെ ലതയെക്കുറിച്ചും. ആരോടും ഒന്നും സംസാരിക്കാത്ത 35-40 വയസ്സ് തോന്നിക്കുന്ന ലതക്ക് ഏതോ ഓഫീസില്‍ ജോലിയാണെന്നറിയാമെന്നല്ലാതെ, ആര്‍ക്കും അവരെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. ഇത്തിരി ലൂസാണെന്ന് ഹോസ്റ്റലില്‍ പൊതുവെ അറിയപ്പെട്ടിരുന്നതിനാല്‍ ആരും അവരോടത്ര അടുത്തു പെരുമാറാന്‍ ശ്രമിച്ചിട്ടുമില്ല ഇതേവരെ. തലേന്ന് മുറിയുടെ വാതില്‍ക്കല്‍ വന്ന് മറഞ്ഞ് നിന്നത് ലതയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.

അടുത്ത ദിവസങ്ങളില്‍ വീട്ടിലേക്ക് വിളിച്ചപ്പോഴും കത്തയച്ചപ്പോഴുമെല്ലാം അല്പം അതിശയോക്തി കലര്‍ത്തി ഹോസ്റ്റലിലെ ഭ്രാന്തിയെക്കുറിച്ചും പറഞ്ഞതല്ലാതെ ഞങ്ങള്‍ക്കിടയില്‍ ലത ഒരു സംസാരവിഷയമായി പോലും കടന്നുവന്നിരുന്നില്ല. ഞങ്ങള്‍ ഉണരുമ്പോഴേക്ക് ലത പോയിട്ടുണ്ടാവും. വൈകിട്ട് തിരിച്ചെത്തുമ്പോഴേക്കും അവരുടെ മുറിയില്‍ ലൈറ്റണഞ്ഞിരിക്കും. ഇടക്കെപ്പോഴെങ്കിലും കണ്ടെങ്കില്‍ തന്നെ എല്ലാവരും ഒഴിഞ്ഞുമാറാറായിരുന്നു പതിവ്. ഒരുതരത്തില്‍ ഹോസ്റ്റലില്‍ എല്ലാവരും ലതയെ ഒറ്റപ്പെടുത്തുകയായിരുന്നു. വീടുവിട്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയുടെ എത്രയോ മടങ്ങ് ദിവസവും ലത അനുഭവിക്കുന്നുണ്ടാകുമെന്ന് അന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.

നഗരത്തിന്റെ പ്രത്യേകതകളില്‍ ആദ്യം കണ്ണില്‍‌പ്പെട്ടത് അദ്ധ്വാനിച്ചു ജീവിക്കുന്ന സ്ത്രീകളാണ്. മീനും പച്ചക്കറിയും വില്‍ക്കുകയും തലച്ചുമടെടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പുതിയ കാഴ്ചയായിരുന്നു. ഒരു പുരുഷന്‍ ചെയ്യുന്നത്ര, ചിലപ്പോള്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായവര്‍, സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് പരിതപിക്കാത്തവര്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ ജോലിചെയ്യുന്നു; തന്റേടത്തോടെ, ആരുടേയും ശല്യമില്ലാതെ. രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് വനിതാ ദിനത്തില്‍ ജാഥ നടത്തുന്നവര്‍ ഇവരെക്കണ്ട് പഠിക്കട്ടെ - സ്ത്രീ സ്വാതന്ത്ര്യം നേടേണ്ടത് പ്രസംഗത്തിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന്!

നഗരം കാണാനായി അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പാര്‍ക്കിലേക്കും മ്യൂസിയത്തിലേക്കും ഒക്കെ പോകുമായിരുന്നു. ആ യാത്രകളില്‍ പലപ്പോഴും പാര്‍ക്കിലും മറ്റും വെച്ച് ഞങ്ങള്‍ ലതയെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ കാണാത്ത മട്ടില്‍ പിന്തിരിയാറായിരുന്നു പതിവ്. അവധി ദിവസങ്ങളിലും അവര്‍ രാവിലെ റൂമില്‍ നിന്നിറങ്ങി ഇങ്ങനെ എവിടെയെങ്കിലുമൊക്കെ ചുറ്റിക്കറങ്ങി വൈകിട്ടേ ഹോസ്റ്റലിലെത്തൂ. ഇതിനൊക്കെ വട്ടെന്നല്ലാതെ പിന്നെന്താ പറയുക?

ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കാര്യമായി നടക്കുന്നു. അതിനിടയിലാണ് ഒരു ദിവസം എനിക്ക് പനി പിടിച്ചത്. ഒന്നോ രണ്ടൊ പാരസെറ്റാമോളില്‍ തീരുന്ന കാര്യമേയുള്ളുവെങ്കിലും ക്ഷീണം തോന്നിയതിനാല്‍ അന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ലെന്നു വെച്ചു. കൂട്ടുകാര്‍ മൂന്നു പേരും പോയി. കൂട്ടിരിക്കാമെന്നു പറഞ്ഞ മഞ്ജുവിനേയും ഞാന്‍ തന്നെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു. ഒന്നു മയങ്ങി ഏണീക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന പനി. പിന്നേയും കഴിച്ചു ഒരു പാരസെറ്റമോള്‍. ഡോക്ടറെ കാണുന്നതാവും നല്ലത് എന്നു തോന്നിത്തുടങ്ങി; പക്ഷേ എഴുന്നേറ്റു ചെന്ന് ആരോടെങ്കിലും കാര്യം പറയാനുള്ള ആരോഗ്യം പോലും ഇല്ലായിരുന്നു. പിന്നെ വരുന്നതു വരട്ടെ എന്നു കരുതി മൂടിപ്പുതച്ചു കിടന്നു.

കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. ലത അടുത്തിരുന്ന് തുണി നനച്ച് നെറ്റിയില്‍ വെക്കുന്നുണ്ട്. മുറിയില്‍ കിടന്ന് ഞാന്‍ പിച്ചും പേയും പറയുന്നതു കേട്ടെത്തിയ മാഡം,‍ അപ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന ലതയേയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചതാണ്. ഇടക്കിടെ ലത തലയില്‍ തടവിക്കൊണ്ടിരുന്നു. അപ്പോള്‍ തോന്നിയ സുഖം ഇപ്പോഴും മറന്നിട്ടില്ല. അന്ന് ലതയില്‍ ഞാനെന്റെ അമ്മയെ കണ്ടു; അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലത എന്ന ഞങ്ങളുടെ ലതച്ചേച്ചിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് ആ ആശുപത്രിക്കിടക്കയില്‍ വെച്ചാണ്.

മറ്റെല്ലാവരേയും പോലെ ഒരു സാധാരണ സ്ത്രീയായിരുന്നു ലതച്ചേച്ചിയും. ഡിഗ്രി വരെ പഠിച്ചു, പി എസ് സി ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ജോലി കിട്ടി, വിവാഹം കഴിച്ചു, ഒരു കുഞ്ഞുമുണ്ടായി. അതിനിടക്കെപ്പോഴോ ചേച്ചിയുടെ സംസാരശേഷിയും കേള്‍‌വിയും കുറഞ്ഞുതുടങ്ങി. ഒരു ചികിത്സയും ഫലം കണ്ടില്ല. ഒരു വേള അവ തീര്‍ത്തും നഷ്ടപ്പെട്ടപ്പോള്‍ ഭര്‍‌ത്താവിന് ചേച്ചിയെ വേണ്ടാതായി. അധികപ്പറ്റാണെന്നു തോന്നിപ്പോള്‍, താനുംകൂടി അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്നും ചേച്ചിയിറങ്ങി; കരയാനോ കാലുപിടിക്കാനോ പോകാതെ, ഒരു അവകാശവാദവും ഉന്നയിക്കാതെ. തന്റെ വൈകല്യങ്ങള്‍ ലതച്ചേച്ചിയില്‍ വല്ലാത്ത അപകര്‍ഷതാബോധം വളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ഹോസ്റ്റലില്‍ മറ്റുള്ളവരുമായി കഴിവതും ഇടപഴകാതിരിക്കാന്‍ ചേച്ചി ശ്രമിച്ചതും. തന്റെ നിസ്സഹായാവസ്ഥയും ഒറ്റപ്പെടലും കുഞ്ഞിന്റെ ഓര്‍മ്മകളും ചേച്ചിയില്‍ ഉണ്ടാക്കിയ വികാരങ്ങളാവണം പലപ്പോഴും ഭ്രാന്തിന്റെ ലക്ഷണങ്ങളായിയി തെറ്റിദ്ധരിക്കപ്പെട്ടത്.

ലതച്ചേച്ചിയുമായി ഞങ്ങള്‍ നാലുപേരും വേഗം അടുത്തു. ആംഗ്യത്തിലൂടെയും ചെറിയ കുറിപ്പുകളിലൂടെയുമായിരുന്നു ഞങ്ങളുടെ ആശയവിനിമയം. രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചേച്ചിയുടെ മുറിയിലെത്തും. ഉറക്കം വരുന്നതുവരെ ചേച്ചിയുമായി നിശബ്ദമായി സംസാരിച്ചുകൊണ്ടിരിക്കും. ചേച്ചി ഞങ്ങള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. ചേച്ചിയുമായി അടുത്ത ശേഷം പഴയപോലെ വീടിനെക്കുറിച്ചോര്‍ത്ത് കരയാനൊന്നും സമയം കിട്ടാതായി. വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ സങ്കടമൊക്കെ ഞങ്ങളെ പാടേ വിട്ടുപോയിരുന്നു. രാത്രി ഏറെ വൈകിയാല്‍ 'നാളെ പോകണ്ടതല്ലെ, കിടന്നുറങ്ങിക്കോളൂ' എന്ന് ചേച്ചി ഒരു പേപ്പറിലെഴുതുമ്പോള്‍ ആ മുഖത്ത് ഒരച്ഛന്റെ ഭാവമായിരിക്കും. രാവിലെ വിളിച്ചുണര്‍ത്താനും, വഴക്കു പറഞ്ഞ് ഭക്ഷണം കഴിപ്പിക്കാനും അമ്മയേപ്പോലെ ചേച്ചിയുണ്ടായിരുന്നു. നേരം വൈകി വരുന്ന ദിവസങ്ങളില്‍ ചേച്ചി പരിഭവിക്കുമായിരുന്നു. നിങ്ങള്‍ വൈകുമ്പോള്‍ എനിക്ക് പേടിയാകുമെന്ന് എത്രയോ തവണ ചേച്ചി എഴുതിയിരിക്കുന്നു. ആരുമല്ലാതിരുന്നിട്ടൂം ഞങ്ങള്‍ക്ക് ആരൊക്കെയോ ആവുകയായിരുന്നു ചേച്ചി.

ദിവസങ്ങള്‍ കടന്നു പോയി. പ്രോജക്ട് കഴിയാറായി. നാട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്. ചേച്ചിക്കായിരുന്നു ഞങ്ങളേക്കാള്‍ സങ്കടം. തനിക്കു വീണ്ടും ആരുമില്ലാതാകുമെന്ന് ചേച്ചിയെഴുതി. ചേച്ചിയെ വീണ്ടും ഇവിടെ തനിച്ചാക്കി പോകണമല്ലോ എന്നതായിരുന്നു ഞങ്ങളെയും ഏറെ വിഷമിപ്പിച്ച കാര്യം.

അവസാനം ആ ദിവസവുമെത്തി. ഞങ്ങള്‍ ആ നഗരത്തോട് വിട പറയുന്ന ദിവസം. സ്റ്റേഷന്‍ വരെ ചേച്ചിയും ഞങ്ങളുടെ കൂടെ വന്നു. ആരും ഒന്നും സംസാരിച്ചില്ല. ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സങ്കടങ്ങള്‍ വരുമ്പോള്‍ ആശ്വസിപ്പിക്കാറുള്ള ചേച്ചിയുടെ കരയുന്ന മുഖം കണ്ട് ഞങ്ങളും വിതുമ്പിപ്പോയി.

ഏഴുമണിക്ക് എത്തേണ്ട ട്രയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ചേച്ചിയോടൊത്ത് കുറച്ചു സമയം കൂടി ചെലവഴിക്കാന്‍ ദൈവം കനിഞ്ഞു നല്‍കിയ നിമിഷങ്ങള്‍. പക്ഷേ ഒരു വാക്കു പോലും പറയാനാവാതെ ആ ഒരു മണിക്കൂറും വേഗം പോയി. അവസാനം വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ചേച്ചിയെ ഇനിയും കണ്ടു പോലും കൊതിതീര്‍ന്നില്ലല്ലോ എന്നായിരുന്നു മനസ്സില്‍. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ ഇടക്കിടെ തുടച്ച് കൈവീശി ചേച്ചി ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നുണ്ടായിരുന്നു, കണ്ണില്‍ നിന്ന് മറയുവോളം!

ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നീ വനിതാ ദിനത്തില്‍ ലതച്ചേച്ചിയെ ഞാന്‍ വീണ്ടുമോര്‍ത്തു. സ്റ്റാറ്റസ് സിംബലായി സ്ത്രീ സമത്വം പ്രസംഗിക്കുകയും പബ്ലിസിറ്റിക്കു വേണ്ടി ജാഥ നടത്തുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല, ബന്ധുക്കളാലും സമൂഹത്താലും തിരസ്കരിക്കപ്പെട്ടിട്ടും തളരാതെ, തന്റേടത്തോടെ ജീവിക്കുന്ന ലതച്ചേച്ചിയെപ്പോലുള്ള ആയിരങ്ങളുടെ ദിനമാണിത്. അവര്‍ക്കഭിവാദ്യങ്ങള്‍!