Monday, July 02, 2007

കോടീശ്വരന്‍ ലാല്‍

എം ജി യൂണിവേഴ്സിറ്റിയില്‍ എം സി എ ചെയ്യുന്ന കാലം. ഏറ്റുമാനൂരമ്പലത്തിന്റെ കിഴക്കേ നടയ്ക്കരികത്ത് "രാജേഷ് ഭവനി"ല്‍ ഒന്നാം നിലയില്‍ പേയിംഗ് ഗസ്റ്റ് ആയി താമസം. അവിടെ ഞങ്ങള്‍ പതിനഞ്ചോളം ബാച്ച് ലേഴ്സ്. യൂണിവേഴ്സിറ്റിയിലും ഏറ്റുമാനൂരപ്പന്‍ കോളേജിലും കോട്ടയത്തുമൊക്കെ വിവിധ കോഴ്സുകള്‍ പഠിക്കുന്നവര്‍.
നേരമ്പോക്കിന് വാചകമടി, റോഡിലൂടെ പോകുന്നവരെ വായനോട്ടം, രഹസ്യമായി ചീട്ടുകളി, തരം കിട്ടുമ്പോഴൊക്കെ വെള്ളമടി..അങ്ങനെ സംഭവബഹുലമായി കഴിഞ്ഞുപോയ നാളുകള്‍.

ക്ലാസ്സില്‍ പോയാലും ഇല്ലെങ്കിലും, നാലു നേരവും താഴെ കനകാന്റിയുടെ സ്വാദുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവരും ക്രുത്യമായി ഹാജര്‍ വെച്ചിരുന്നു. കൂടെയിരുന്നു നാട്ടുകാര്യങ്ങള്‍ പറഞ്ഞ്, കോളേജ് വിശേഷങ്ങള്‍ കേട്ട്, ഭക്ഷണം വിളമ്പിയിരുന്ന ആന്റി ഞങ്ങള്‍ക്കെല്ലാം അരികത്തുള്ള അമ്മയായിരുന്നു.

അക്കാലത്താണ് സ്റ്റാര്‍ പ്ലസില്‍ അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ ക്രോര്‍പതി തുടങ്ങിയത്. എല്ലാവരുടെയും ദിനചര്യയില്‍ ഒരു അവിഭാജ്യഘടകമായി ആ ഒരു മണിക്കൂര്‍ നേരം. ബച്ചന്റെ ചോദ്യത്തിന്റെ ഉത്തരം അറിയാവുന്നവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം കഴിവു പ്രകടിപ്പിക്കാന്‍ പറ്റിയ ഒരവസരം കൂടിയായിരുന്നു അത്.
ഒന്നാം ക്ലസ്സിലെ കുട്ടികള്‍ കൂടി പറയുന്ന സിമ്പിള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ആളുകള്‍ ലക്ഷങ്ങളും കോടികളും സമ്മാനം വാങ്ങുന്നത് കണ്ട് എല്ലാവര്‍ക്കും, ഒരു കൈ നോക്കിയാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം സ്വാവാഭികമായും ഉണ്ടായിരുന്നു. പക്ഷെ, എയര്‍ടെല്‍ മൊബൈലിലൂടെ അവര്‍ നല്‍കുന്ന നമ്പറിലേക്കു വിളിച്ചാല്‍ മാത്രമേ പ്രാഥമിക റൗണ്ടിലേക്കു പരിഗണിക്കുകയുണ്ടായിരുന്നുള്ളൂ. അന്ന് ഏറ്റുമാനൂരോ കോട്ടയത്തോ ഒന്നും എയര്‍ടെല്‍ ഉണ്ടായിരുന്നുമില്ല.

ക്രോര്‍പതിയുടെ വന്‍ ജനപ്രീതിയാവണം, സൂര്യ ടി വിയില്‍ 'കോടീശ്വരന്‍' എന്ന പേരില്‍ സമാനമായ മറ്റൊരു പരിപാടി തുടങ്ങാന്‍ കാരണം. മുകേഷായിരുന്നു അവതാരകന്‍. മുകേഷ് ഓരോ ദിവസവും അന്നത്തെ എപ്പിസോഡിനു ശേഷം നല്‍കുന്ന ഒരു ചോദ്യത്തിന് ശരിയുത്തരം പോസ്റ്റ് കാര്‍ഡില്‍ എഴുതി അയക്കുന്നവരില്‍ നിന്ന് നറുക്കെടുത്തായിരുന്നു പ്രാഥമിക റൗണ്ടിലേക്കുള്ള പ്രവേശനം. ഈ റൗണ്ടിലെത്തിയവരെ സൂര്യയില്‍ നിന്ന് ടെലഫോണില്‍ വിളിച്ച് വീണ്ടും അഞ്ച് ചോദ്യങ്ങള്‍ നല്‍കും. അവയ്ക് ശരിയുത്തരം എഴുതി അയച്ചാല്‍ മുകേഷിനൊപ്പം സൂര്യയില്‍ പ്രത്യക്ഷപ്പെടാം. ഞങ്ങളൊക്കെ ആവേശത്തോടെ ഉത്തരങ്ങള്‍ അയച്ചു തുടങ്ങിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും സൂര്യയില്‍നിന്നൊരു വിളി വന്നില്ല. ഇതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല എന്നു സമാധാനിച്ച്, വീണ്ടും വെറും കാഴ്ച്ചക്കാരായി മാത്രം മാറി എല്ലാവരും.

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ഊണുകഴിക്കാന്‍ രാജേഷ് ഭവനിലെത്തിയതായിരുന്നു ഞാനും ദീപക്കും. അന്നു ക്ലാസില്ല എന്നു പറഞ്ഞ് കോട്ടയത്ത് മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന അനൂപ് അവിടെയുണ്ടായിരുന്നു. മുണ്ടക്കയം കാരന്‍ അച്ചായന്‍. വീട്ടിലെ കാശ് എങ്ങനെയെങ്കിലും പൊടിച്ചു തീര്‍ക്കാന്‍ മാത്രമായി പഠിക്കാന്‍ വന്നവന്‍. വെള്ളമടി, ചീട്ടുകളി, പാരവെപ്പ് എന്നിവ പ്രധാന ഹോബികള്‍. എന്നാല്‍ പിന്നെ തലേന്നത്തെ റമ്മിയുടെ ബാക്കി കളിച്ചുകളയാമെന്നായി അനൂപ്. ക്ലാസില്‍ പോകുന്നതിനേക്കാള്‍ നല്ലത് അതാണെന്ന് ഞങ്ങള്‍ക്കും തോന്നി. അങ്ങനെ കുറേ നേരം കളിച്ച് ക്ഷീണം തീര്‍ക്കുമ്പോഴാണ് അനൂപിന്റെ തലയില്‍ ആ ബുദ്ധിയുദിച്ചത്.

"ലാലിനിട്ടൊരു പാര പണിതാലോ..?"

ഞങ്ങളുടെ സഹമുറിയനായിരുന്നു കായംകുളം സ്വദേശി ലാല്‍. താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്നു വാദിക്കുന്നവന്‍. തരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പാര പണിയുന്നവന്‍. ആ സമയത്ത് കോളേജിലാണ് ലാല്‍. വെള്ളിയാഴ്ചയായതിനാല്‍ വൈകുന്നേരം അവന്‍ വീട്ടിലേക്ക് പോകും. അനൂപിന്റെ നിര്‍ദ്ദേശത്തിനെ ഞങ്ങള്‍ രണ്ടുപേരും ആവേശത്തോടെ പിന്താങ്ങി. നല്ലയൊരു പാരയ്ക്കായി തലപുകച്ച ഞങ്ങള്‍ക്കു മുന്‍പില്‍ അനൂപ് തന്നെ ഐഡിയയും വെച്ചു - ലാലിനെ 'കോടീശ്വരന്‍' ആക്കുക.

ലാല്‍ പലതവണ സൂര്യയിലേക്ക് ഉത്തരം എഴുതി അയച്ചിട്ടുണ്ട് എന്നുറപ്പാണ്. അപ്പോള്‍ അടുത്തപടി സൂര്യയില്‍ നിന്നു വിളി വരുക എന്നതാണ്. ലാലിന്റെ വീട്ടിലേക്കു വിളിക്കണം, കാരണം വീട്ടിലെ നമ്പറാണ് അവന്‍ ഉത്തരങ്ങള്‍ക്കൊപ്പം പോസ്റ്റ് കാര്‍ഡില്‍ എഴുതിയയച്ചിരിക്കുന്നത്. വിളിച്ചാല്‍ മാത്രം പോര. അഞ്ചു ചോദ്യങ്ങളും നല്‍കണം. അപ്പോള്‍ മനസ്സില്‍ തോന്നിയ അഞ്ചു ചോദ്യങ്ങള്‍ ഞങ്ങള്‍ എഴുതിയുണ്ടാക്കി. മലയാളത്തിലെ ആദ്യത്തെ വെബ് സൈറ്റേത്, ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് ഏത്, അമേരിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ ആയി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോള്‍ താരം..അങ്ങനെ അഞ്ചു ചോദ്യങ്ങള്‍.

ലാലിന്റെ വീട്ടിലെ നമ്പര്‍ താഴെ ആന്റിയുടെ കൈയില്‍ നിന്നു വാങ്ങി, ചോദ്യങ്ങളുമായി ഞങ്ങള്‍ ഏറ്റുമാനൂര്‍ ടൗണില്‍ പരിചയമുള്ള ഒരു ബൂത്തിലേക്കു വെച്ചുപിടിച്ചു. ലാലിന്റെ അച്ഛനും അമ്മക്കും കാര്യമായി ഇംഗ്ലീഷ് അറിയാന്‍ വഴിയില്ല എന്നു തോന്നിയതിനാല്‍, ഇംഗ്ലീഷില്‍ തന്നെ പറയാം എന്നു തീരുമാനിച്ചു. അനൂപ് ആണ് സംസാരിച്ചത്.

"ഹലോ..ദിസ് ഈസ് മുകേഷ് കോളിംഗ് ഫ്രം സൂര്യ ടി വി ചെന്നൈ..മേ ഐ സ്പീക് ടു മിസ്റ്റര്‍ ലാല്‍ പ്ലീസ്..."
അമ്മയായിരിക്കണം ഫോണ്‍ എടുത്തത്. "ഞാന്‍ മോള്‍ക്കു കൊടുക്കാം" എന്നു പറഞ്ഞ് അമ്മ ലാലിന്റെ ചേച്ചിക്ക് ഫോണ്‍ കൈമാറി.
അതു ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ചേച്ചിയാണെങ്കില്‍ വല്ലാത്ത ഇംഗ്ലീഷും. എങ്ങനെയൊക്കെയോ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ച്, അഞ്ചു ചോദ്യങ്ങളും എഴുതിയെടുപ്പിച്ച് , ഉത്തരങ്ങള്‍ അയക്കേണ്ട അഡ്രസ്സും, ആവശ്യമെങ്കില്‍ വിളിക്കാന്‍ മദ്രാസിലെ ഒരു ഫോണ്‍ നമ്പറും കൊടുത്ത് ഫോണ്‍ വെച്ചപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. ഈ നമ്പര്‍ അന്ന് മദ്രാസിലുണ്ടായിരുന്ന എന്റെ ഒരു സുഹ്രുത്തിന്റെയായിരുന്നു!

ഞങ്ങള്‍ മൂന്നു പേരല്ലാതെ മറ്റാരും ഇക്കാര്യം അറിഞ്ഞില്ല.

തിങ്കളാഴ്ച ലോട്ടറിയടിച്ച സന്തോഷത്തിലാണ് ലാല്‍ രാജേഷ് ഭവനിലെത്തിയത്. എല്ലാവരോടും മുകേഷ് വിളിച്ച കാര്യം പറഞ്ഞു; ലഡു വിതരണം ചെയ്തു, കൂടുതല്‍ ചെലവ് മദ്രാസില്‍ പോയി വന്നിട്ടാകാമെന്നു വാഗ്ദാനവും ചെയ്തു.
ലാലിനുവേണ്ടി ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം ചിരിയടക്കി ഞങ്ങളും കൂടി. സത്യാവസ്ഥ മറ്റുള്ളവരോട് പങ്കുവെക്കണമെന്നുണ്ടായിരുന്നെങ്കിലും, കനകാന്റി എങ്ങനെ പ്രതികരിക്കുമെന്നു ഭയന്ന് ആരോടും പറഞ്ഞില്ല.

ഞങ്ങള്‍ പ്രതീക്ഷിക്കാത്ത മറ്റൊരു അനുബന്ധവും ഇതിനുണ്ടായി. മത്സരാര്‍ത്ഥിക്ക് ഒരു സുഹ്രുത്തിനെക്കൂടെ കൂടെ കൊണ്ടുപോകാം എന്നുണ്ടായിരുന്നു. അത് സുഹ്രുത്തായ ജിബിയാവട്ടെ എന്നായി ലാല്‍. ഇതറിഞ്ഞ ജിബിയാവട്ടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ മണിക്കൂറുകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ ചെലവിട്ടുതുടങ്ങി.

ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരങ്ങള്‍ എല്ലാം കിട്ടി. ഞങ്ങളുടെ മനസ്സില്‍ അപ്പോള്‍ തോന്നിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും വിശദീകരണങ്ങളും കേട്ട് ഞങ്ങള്‍ തന്നെ അദ്ഭുതപ്പെട്ടു പോയ സമയം. അവ സൂര്യയുടെ മദ്രാസിലെ അഡ്രസ്സിലേക്ക് അയച്ച്, സെലക്ഷന്‍ അറിയിച്ചുക്കൊണ്ടുള്ള വിളി വരുന്നതും കാത്തിരിപ്പായി ലാല്‍. സെലക്ഷന്‍ കിട്ടുമെന്നുള്ളത് ഉറപ്പായിരുന്നു, കാരണം, ഉത്തരങ്ങളെല്ലാം നൂറു ശതമാനം ശരിയാണ്. പക്ഷെ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ലാലിനെ സൂര്യയില്‍ നിന്ന് ആരും വിളിച്ചില്ല.

പിന്നീട് പലപ്പോഴും ഞങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്തു. ചിരിയടക്കി, കഴിവുള്ളവരെ തഴയുന്ന സൂര്യയുടെ ഇത്തരം വിവേചനത്തെ കുറ്റപ്പെടുത്തി. സത്യം തുറന്നു പറയഞ്ഞാലും ഇനിയാരും വിശ്വസിക്കില്ല എന്ന നിലയിലെത്തിയിരുന്നു അപ്പോഴേക്കും കാര്യങ്ങള്‍.

അങ്ങനെയിരിക്കെ ഒരു ദിവസം, ഞാന്‍ ലാലിനോട് സൂര്യ ടി വിയില്‍ നിന്ന് കൊടുത്ത(മദ്രാസിലെ എന്റെ സുഹ്രുത്തിന്റെ) നമ്പറിലേക്ക് ഒന്നു വിളിച്ചു കാര്യങ്ങള്‍ തിരക്കാന്‍ ഉപദേശിച്ചു. വിളിച്ചു തിരിച്ചു വന്ന ലാല്‍ പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ അന്തം വിട്ടുപോയി.

"ഉത്തരങ്ങള്‍ കിട്ടി. എല്ലാം ശരിയാണ്. അവര്‍ ഉടനെ വിളിക്കും.."

ലാല്‍ പാര തിരിച്ചു വെച്ചോ..?
അതോ ഞങ്ങളുടെ മുന്‍പില്‍ നാണംകെടാതിരിക്കാന്‍ വെറുതെ പറഞ്ഞതോ..?
അതല്ല, ശരിക്കും സൂര്യയിലേക്കാണോ അവന്‍ വിളിച്ചത്..?

ഏതായാലും ഞങ്ങള്‍ രാജേഷ് ഭവന്‍ വിടും വരെ ലാലിനെ സൂര്യയില്‍ നിന്നാരും വിളിച്ചില്ല. പിന്നീടുള്ള കഥ അറിയില്ല.
എന്നെങ്കിലും ലാല്‍ ഇതു വായിക്കുകയാണെങ്കില്‍ ബാക്കി ഭാഗം പൂരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു...

No comments: